Sunday, 31 March 2013

കുഞ്ഞുണ്ണിക്കവിതയും കാമ്പിശ്ശേരിയും


       കവിതകളെ തിരിച്ചറിയാനും ബഹുമാനിക്കാനും അടയാളപ്പെടുത്താനും കഴിവുള്ള പത്രാധിപന്മാര്‍, അപൂര്‍വമായിട്ടെങ്കിലും മലയാള സാഹിത്യപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉണ്ട്. അധികം നീളമില്ല ആ പട്ടികയ്ക്ക്.

ആദ്യം മനസ്സില്‍ തെളിയുന്നത് കേസരി ബാലകൃഷ്ണപിള്ളയാണ്. യുവകവികളിലാരെങ്കിലും അദ്ദേഹത്തെ കാണാന്‍ ചെന്നാല്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ആദരിക്കുകയും യുവകവിയുടെ പ്രസിദ്ധീകൃതമായ കവിതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. മലയാളത്തിലെ പുതുകവിതാ ചലനങ്ങളെക്കുറിച്ച് കേസരിക്ക് അത്ര ശ്രദ്ധയുണ്ടായിരുന്നു. നിരൂപകരെയും പത്രാധിപരെയുമൊക്കെ കവികള്‍ ശ്രദ്ധിക്കുമെങ്കിലും അവരെക്കുറിച്ച് അനുസ്മരണ കവിതകള്‍ എഴുതാറില്ല. എന്നാല്‍ കേസരിയുടെ മരണം വലയാര്‍ രാമവര്‍മ്മയില്‍ ദുഃഖതരംഗങ്ങള്‍ സൃഷ്ടിക്കുകയും അദ്ദേഹം മാടവനപ്പറമ്പിലെ ചിതയെന്ന കവിത എഴുതുകയും ചെയ്തു. യുവകവികളോടുള്ള കേസരിയുടെ വാത്സല്യമാണ് കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതയെക്കുറിച്ച് പഠിക്കാന്‍ ഇടയാക്കിയത്.

പിന്നൊരു പത്രാധിപമുഖം എം ഗോവിന്ദന്റേതാണ്. കഥയും കവിതയും നാടകവും നോവലുമൊക്കെയെഴുതിയ എം ഗോവിന്ദന്‍ പുതിയ എഴുത്തുകാരെ കണ്ടെത്തി തീപ്പിടിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലു ആയിരുന്നു. മദിരാശിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രം. എം ഗോവിന്ദന്റെ പ്രത്യേക ശ്രദ്ധയില്‍ മലയാളത്തിന് ലഭിച്ച കാവ്യമഹാപ്രവാഹമായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍.. എം ഗോവിന്ദന്റെ ധൈഷണിക പ്രകാശം കടമ്മനിട്ടയിലെ കവിതയെ തിരിച്ചറിവിന്റെ കരുത്തിലേയ്ക്കു കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്.

മറ്റൊരു പ്രതിഭ കൗമുദി പത്രാധിപര്‍ കെ ബാലകൃഷ്ണനാണ്. കെ സുരേന്ദ്രനും എം കൃഷ്ണന്‍ നായരും കെ പി അപ്പനും വയലാറുമടക്കമുള്ള ഒരു വന്‍നിര, കൗമുദി പത്രാധിപരുടെ വാത്സല്യമറിഞ്ഞവരാണ്. സാഹിത്യ സൃഷ്ടികള്‍ വാങ്ങി പ്രസിദ്ധീകരിക്കുകയും അതിനു പ്രതിഫലം നല്‍കുകയും ചെയ്യുന്നതില്‍ കൗമുദി വാരിക കുലീനമായ മാതൃക പ്രകടിപ്പിച്ചു.

സാഹിത്യ പ്രതാധിപന്മാരുടെ ഈ ചെറുനിരയില്‍ ഏറ്റവും പ്രകാശിക്കുന്ന മുഖം കാമ്പിശ്ശേരി കരുണാകരന്റേതാണ്. ആരും പ്രസിദ്ധീകരിക്കാതെ ചവറ്റുകുട്ടയില്‍ തള്ളിയിരുന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകള്‍ കുഞ്ഞുണ്ണിക്കവിത എന്നപേരില്‍ ചരിത്രപ്പെടുത്തിയത് കാമ്പിശ്ശേരിയാണ്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കൂട്ടായ്മയില്‍ സ്വന്തം കവിത സ്ഫുടമായും ദൃഢമായും ചൊല്ലി ശ്രദ്ധിക്കപ്പെട്ട കവിയാണ് കുഞ്ഞുണ്ണി. എന്നാല്‍ കവിതകള്‍ അച്ചടിച്ചു വന്നില്ല. ഇതിനൊരു കാരണം അദ്ദേഹത്തിന്റെ കയ്യക്ഷരമാണെന്ന് ഞങ്ങള്‍ തമാശപറഞ്ഞിട്ടുണ്ട്. മരുന്നുകടക്കാര്‍ക്കുപോലും വായിക്കാന്‍ കഴിയാത്തതായിരുന്നല്ലൊ കുഞ്ഞുണ്ണി മാഷിന്റെ കയ്യക്ഷരം. അല്‍പം പരിചയമുള്ളവര്‍ക്ക് വളരെ വേഗത്തില്‍ ആ അക്ഷരങ്ങള്‍ വായിക്കാനും കഴിഞ്ഞിരുന്നു. വലിപ്പവും വ്യക്തതയും ഇല്ലെങ്കിലും വ്യക്തിത്വമുള്ളതായിരുന്നു കുഞ്ഞുണ്ണിമാഷിന്റെ കൈപ്പട.

കുഞ്ഞുണ്ണിമാഷ് അമ്പതിലധികം കവിതകള്‍ പകര്‍ത്തിയെഴുതി ജനയുഗത്തിനയച്ചു. ജനയുഗം വാരികയുടെ പത്രാധിപര്‍ കാമ്പിശ്ശേരി, ഉറുമ്പിന്റെ കണ്ണുപോലുള്ള അക്ഷരങ്ങള്‍ ഭൂതക്കണ്ണാടി വച്ചുവായിച്ചു. കു......ഞ്ഞുണ്ണിക്ക.....വിത എന്ന് കുത്തിട്ടു വിടര്‍ത്തിയ ശീര്‍ഷകത്തിന്‍ കീഴില്‍ കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ജനയുഗത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. കറന്‍സികളുടെ രൂപത്തിലുള്ള പ്രതിഫലത്തെക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു അന്ന് ജനയുഗത്തിലെ പ്രകാശനം. അങ്ങനെയാണ് കുഞ്ഞുണ്ണിക്കവിതയെന്ന പ്രയോഗം നിലവില്‍ വന്നത്.

മൂക്കില്‍ കെറുവും മുന്‍കോപവുമല്ല, വിനയവും സമര്‍പ്പിത ബുദ്ധിയുമാണ്
സാഹിത്യപത്രാധിപന്മാര്‍ക്കുവേണ്ടതെന്ന് ഈ പ്രതിഭകള്‍ പറയാതെ പറയുന്നു.

Friday, 15 March 2013

ഭാരതരത്‌നവും കേരളമക്കളും


   ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയാണ് ഭാരതരത്‌നം. ഈ ബഹുമതി ഇന്നേവരെ കേരള മക്കളിലാര്‍ക്കും ലഭിച്ചിട്ടില്ല. അര്‍ഹതയുള്ളവര്‍ ഇല്ലാത്തതുകൊണ്ടാണോ?

ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത് ആകാശവാണിയാണ്. ആകാശവാണി ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. അവിടെ പരിപാടി നടത്താനുള്ള കരാര്‍ അയയ്ക്കുന്നതുപോലും രാഷ്ട്രപതിയെ മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന് അതൃപ്തി തോന്നുന്ന ഒരു വാക്കുപോലും ആകാശവാണിയിലൂടെ പറയാന്‍ കഴിയില്ല. 

തെലുങ്കിലെ വിപ്ലവ കവി ഗദ്ദറിനെ കുറിച്ചുള്ള കവിത ആകാശവാണി റിക്കാര്‍ഡ് ചെയ്‌തെങ്കിലും പ്രക്ഷേപണം ചെയ്തില്ല. അതിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ എഴുത്തുകാരനായ ആകാശവാണി ഉദ്യോഗസ്ഥന്‍ പറഞ്ഞത് വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത്- എന്ന പ്രശസ്തമായ പ്രയോഗമാണ്.ഉദയപ്രഭാകരന്‍ നേരത്തേ പ്രത്യക്ഷപ്പെടുന്ന ആന്‍ഡമാന്‍ ദ്വീപിലേക്കുള്ള സ്ഥലംമാറ്റം വീടും കുടിയുമായി കഴിയുന്ന ഒരു ഉദ്യോഗസ്ഥനും ആഗ്രഹിക്കുകയില്ലല്ലൊ.

എന്നാല്‍ ആകാശവാണിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഒരു പരിപാടിയുണ്ട്. അതാണ് പ്രഭാതഭേരി. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ളത് ഇപ്പോള്‍ ചലച്ചിത്രഗാന പരിപാടികള്‍ക്കല്ല. പുലര്‍ച്ചയിലുള്ള പ്രഭാതഭേരിക്കാണ്.

പ്രഭാതഭേരിയിലൂടെയാണ്, ഭാരതരത്‌നമാകാന്‍ യോഗ്യതയുള്ളവര്‍ കേരളത്തിലില്ലേ എന്ന ചോദ്യമുണ്ടായത്?

ഇതുവരെ നാല്‍പത്തിയൊന്ന് വിശിഷ്ട വ്യക്തികള്‍ക്കാണ് ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടുപേര്‍  തമിഴ്‌നാട്ടുകാരും ഏഴുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും നിന്നുള്ള ആറുപേര്‍ക്ക് വീതവും ബിഹാറില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും അസം, പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ പൗരത്വമുണ്ടായിരുന്ന ആദരണീയനായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും ദക്ഷിണാഫ്രിക്കന്‍ പൗരനായ സമുന്നത പ്രതിഭ നെല്‍സണ്‍മണ്ടേലയ്ക്കും ഭാരതരത്‌ന ബഹുമതി നല്‍കിയിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിനാലുമുതല്‍ നല്‍കിവരുന്ന ഈ ബഹുമതിപാദത്തില്‍സമര്‍പ്പിക്കേണ്ടിയിരുന്നചിലമലയാളികളെങ്കിലുമുണ്ട്.

ഒന്നാമത് മനസില്‍ തെളിയുന്നത് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖമാണ്. സിങ്കപ്പൂരില്‍വച്ച് സ്വന്തം ക്ലിനിക്കടച്ച്, നേതാജി സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നിറങ്ങിയ ക്യാപ്റ്റന്‍ ലക്ഷ്മി. 98-ാം വയസ്സില്‍ മരിക്കുന്നതുവരെ പ്രവര്‍ത്തനനിരതയായിരുന്നു. മരണാനന്തരം അവരുടെ മൃതശരീരംപോലും കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കി. ത്യാഗോജ്ജ്വലജീവിതം നയിച്ച ഈ ധീര മലയാളിമകള്‍ക്ക് ഏതു ബഹുമതിക്കുമുള്ള അര്‍ഹതയുണ്ടായിരുന്നു. പത്മവിഭൂഷന്‍വരെ ആലോചിക്കാനേ അധികൃതര്‍ക്കു കഴിഞ്ഞുള്ളൂ.

ഇനിയുമുണ്ട്, ഇംഗ്ലണ്ടില്‍ നിന്നുള്ള മോചനത്തിനായി ഇംഗ്ലണ്ടില്‍ നിന്നുതന്നെ പോരാടിയ മഹാനായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാളി വി കെ കൃഷ്ണമേനോന്‍.. ചേരിചേരാപ്രസ്ഥാനത്തിന്റെ പതാകാവാഹകന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിച്ച് ലോക്‌സഭയിലെത്തിയ വിശ്രുത മലയാളി. ഐക്യരാഷ്ട്രസഭയില്‍, ഇന്ത്യക്കുവേണ്ടി നടത്തിയ എട്ടു മണിക്കൂര്‍ പ്രസംഗം ഇന്നും ലംഘിക്കപ്പെടാത്ത സുവര്‍ണരേഖയാണല്ലൊ. ഭാരതത്തിന്റെ പ്രഭചൊരിയുന്ന രത്‌നമായിരുന്നു ഈ വിശ്വമലയാളി.

മറ്റൊരു രത്‌നം കെ ആര്‍ നാരായണന്‍. കോട്ടയത്തെ ഒരു കീഴാള കുടുംബത്തില്‍ ജനിച്ച്, പഠിക്കാന്‍ മിടുക്കനായിട്ടും ഭരണകൂടത്തിന്റെ അവഗണന ഏറ്റുവാങ്ങി വിദേശത്തുപോയി വിദ്യാഭ്യാസം നേടി രാഷ്ട്രപതി ഭവനിലിരുന്ന് ഇന്ത്യയെ നിയന്ത്രിച്ച കെ ആര്‍ നാരായണന്‍.

ഇനിയുമുണ്ട്, ഒന്‍പതുതവണ നോബല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ട ഇ സി ജി സുദര്‍ശനന്‍, നീതിനിര്‍വഹണത്തിന്റെയും മനുഷ്യാവകാശസംരക്ഷണത്തിന്റെയും വജ്രനക്ഷത്രം മുന്‍ സുപ്രിംകോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍, ഇന്ത്യന്‍ ചിത്രകലയെ മാറ്റിയെഴുതിയ കെ സി എസ് പണിക്കര്‍, ലോകസിനിമാമുറ്റത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ശ്രീലങ്ക ആസ്ഥാനമാക്കി ലോകത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പട നയിച്ച ഡോ.എ.ടി.കോവൂര്‍ഇങ്ങനെ ഭാരതരത്‌നങ്ങളായ മലയാളിമക്കള്‍ അനവധി.

Wednesday, 13 March 2013

ജെസ്സി

 

ജെസ്സീ നിനക്കെന്തു തോന്നി?.
പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ത്ഥങ്ങളില്‍ പാപനാശത്തിന്‍റെ 
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്‍റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍
‍മൂളാത്തതെന്തു നീ ജെസ്സി, മനസ്സിന്‍റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ ?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തു മൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്‍റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവേ,
നിദ്രാടനത്തിന്‍റെ സങ്കീര്‍ണസായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പിന്നെ  നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ട കൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
എങ്ങും  മുഖം മൂടി നിന്നെ നോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

നിന്‍റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമ 

തെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോ 
കണ്ണീരുറഞ്ഞ നിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
സ്നേഹം  പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധസമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീങ്ങീടവേ
കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
അസ്ഥികൂടങ്ങളെ മജ്ജയില്ലാത്തോരാ 

ദുഃഖ കീടങ്ങളെ , തെറ്റിന്‍തരങ്ങളെ?

താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ, എന്‍റെ
ജെസ്സീ നിനക്കെന്തു തോന്നി ???

നഗ്ന കവിത

പാരായണം 
-----------------
ഏഴുദിവസം
തുടര്‍ച്ചയായി
ദേവീഭാഗവതം 
പാരായണം ചെയ്തു.
ദേവീക്ഷേത്ര-
നടയില്‍തന്നെ.
ഫലം ഉടനെകിട്ടി
തൊണ്ട പോയിക്കിട്ടി. 

ഒരു പോങ്ങ ബിസായവും പൊഞ്ഞാറുംലസ്ഥാന നഗരത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസ്. പണിക്കിടയില്‍ വീണുകിട്ടിയ കുശല നേരത്തു ലേഡി ടൈപ്പിസ്റ്റ് പറഞ്ഞു. രാത്രിയായാല്‍ ഹോസ്റ്റലിലേക്കു പോകാന്‍ വയ്യ, എത്ര പട്ടികളാ വഴിയില്‍. കേട്ടിരുന്നയാള്‍ പ്രതിവചിച്ചു. ശരിയാ, എന്തോരം പട്ടികളാ! അടുത്തയാള്‍ പറഞ്ഞു. അതെ എന്തുട്ടുപട്ടികളാ. അടുത്തയാള്‍ അതുശരിയെന്നു സമ്മതിച്ചുകൊണ്ടു പറഞ്ഞു. അതെയതെ. റോട്ടിലൊക്കെ എന്താ പട്ടികള്! പിന്നെയും ഒരാള്‍ ഇടപെട്ടു. എന്നാ പട്ടികളാ!നായകളുടെ ആധിക്യം സൂചിപ്പിക്കാനായി എത്ര, എന്തോരം, എന്തുട്ട്, എന്താ, എന്നാ എന്നീ വാക്കുകളാണ് ഉപയോഗിക്കപ്പെട്ടത്. തലസ്ഥാന നഗരത്തിലെ സര്‍ക്കാര്‍ ഓഫീസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിയമിക്കപ്പെട്ട ജീവനക്കാരായിരുന്നു അവര്‍. അവരുടെ ചര്‍ച്ചയ്ക്ക് ഒരു തിരുവനന്തപുരത്തുകാരന്‍ വന്ന് എന്തര് പട്ടികള് എന്നുപറഞ്ഞ് വിരാമമിടുകയും ചെയ്തു.ഇതില്‍ ഏതാണ് ശരിയായ ഭാഷ? കോട്ടയത്തുകാര്‍ പറയുന്നതോ കണ്ണൂരുകാര്‍ പറയുന്നതോ? തമിഴ് ആലാപനസുഖമുള്ള തിരുവനന്തപുരം ഭാഷയാണോ ശരി? കാല്‍പനിക സംഗീത സൗന്ദര്യമുള്ള തൃശൂര്‍ മൊഴിയാണോ ശരി?ചാതുര്‍വര്‍ണ്യകാലത്ത് ദലിതര്‍ക്ക് പ്രത്യേക മലയാളമുണ്ടായിരുന്നു. കുപ്പാടവും കരിക്കാടിയും ഏനും തമ്പ്രാനും നിറഞ്ഞതായിരുന്നു ആ മലയാളം. ഭരണാധികാരികള്‍ക്കും പ്രത്യേക ഭാഷയുണ്ടായിരുന്നു. അമൃതേത്തും മുഖം കാണിക്കലും തിരുവയറൊഴിയലും ആ സര്‍ക്കാര്‍ ഭാഷയിലേതാണ്. ചാതുര്‍വര്‍ണ്യം പൂര്‍ണമായി തകര്‍ന്നില്ലെങ്കിലും ഭാഷയുടെ അതിര്‍വരമ്പുകള്‍ മലയാളി തകര്‍ക്കുക തന്നെ ചെയ്തു. കരിക്കാടിക്കാരും തിരുവയറൊഴിയലുകാരും പൊതുഭക്ഷണശാലയിലേയ്ക്കും ആശുപത്രിയിലേയ്ക്കും പ്രവേശിച്ചു തുടങ്ങി. ഈ ഭാഷാവൈരുദ്ധ്യങ്ങള്‍ തകര്‍ക്കാന്‍ സഹായകമായത് ഒരു പരിധിവരെ സംവരണ നിയമങ്ങളും പൊതുവിദ്യാഭ്യാസ സൗകര്യങ്ങളുമാണ്.

ജാതീയമായ വ്യത്യാസങ്ങള്‍ ഭാഷയില്‍ പ്രതിഫലിച്ചതുപോലെ മതപരമായ ഭാഷാ വ്യതിയാനങ്ങളുമുണ്ടായി. മാപ്പിളഭാഷ പ്രത്യേക തേജസ്സോടെ കേരളത്തില്‍ വേരോടി. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കവിതകള്‍ തമിഴും അറബിയും ഉറുദുവും ഒക്കെചേര്‍ന്ന മറ്റൊരു മലയാളത്തെ അടയാളപ്പെടുത്തി. സാറാജോസഫിന്റെ കഥകളില്‍ കാണുന്ന തൃശ്ശിവപേരൂരിലെ കുര്യചിറ ഭാഷ മറ്റൊരു സൗന്ദര്യസങ്കേതമായി നിലകൊള്ളുന്നു.

ഏതാണു ശരി എന്ന അന്വേഷണത്തിനു പ്രസക്തിയില്ല. ആറുമലയാളിക്കു നൂറുമലയാളം എന്ന കുഞ്ഞുണ്ണിക്കണ്ടെത്തല്‍ തന്നെ ശരി. എല്ലാ മലയാളവും കൂടിചേര്‍ന്നതാണ് കേരളന്റെ അമ്മമലയാളം.

ഏതുഭാഷയുടെയും ചോരയായി പ്രവഹിക്കുന്നത് വ്യാകരണമല്ല. നാട്ടുമൊഴിവഴക്കങ്ങളാണ്. ഒരേ വസ്തുവിനു തന്നെ കൊച്ചുകേരളത്തില്‍ എത്ര വാക്കുകളാണുള്ളത്. തങ്കനിറമുള്ള ചെറുപൂക്കളെ തെക്കന്‍ കേരളത്തിലുള്ളവര്‍ കനകാംബരം എന്നു വിളിക്കുമ്പോള്‍ വടക്കന്‍ കേരളത്തിലുള്ളവര്‍ അമ്പിളിപ്പൂവെന്നു വിളിക്കുന്നു. പപ്പായ, കപ്പക്കാ, ഓമക്കാ, കുറുമൂസ, കപ്ലങ്ങ എന്നീ പേരുകളെല്ലാം ഒരേ ഫലത്തിനുള്ളതാണ്. ആറുമാസത്തോളം ചെറു പൂക്കള്‍ ഒറ്റക്കുലയില്‍ വിടര്‍ത്താറുള്ള ചെടിയാണ് വലുപ്പവും ഇരുണ്ട പച്ചനിറവുമുള്ള ഇലകളോടുകൂടിയ ചെടി. കേരള വ്യാപകമായി ഈ സസ്യം കാണുന്നുണ്ട്. വിസ്മയപ്പെടുത്തുന്ന പേരുകളാണ് ഈ ചെടിയുടെ പൂക്കുലയ്ക്കുള്ളത്. ആറുമാസപ്പൂവ്, കര്‍ക്കിടകപ്പൂവ്, കൃഷ്ണകിരീടം, ഹനുമാന്‍ കിരീടം, വിഷ്ണുകിരീടം, പഗോഡപ്പൂവ് ഇങ്ങനെ നിരവധി പേരുകള്‍. പൂവിനു സുഗന്ധമില്ലെങ്കിലും പേരുകള്‍ക്ക് സുഗന്ധമുള്ളതുതന്നെ. തെച്ചിപ്പഴം, തെറ്റിപ്പഴമായും ചില സ്ഥലങ്ങളില്‍ അമ്മുമ്മപ്പഴമായും പേരുമാറുന്നു.താംബൂല ചര്‍വണ ശീലമുള്ളവര്‍ക്ക് അതുലഭിക്കുവാന്‍ കേരളത്തില്‍ ഒരു സാദൃശ്യവുമില്ലാത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. മുറുക്കാന്‍, ചവയ്ക്കാന്‍, തുമ്മാന്‍, വെറ്റിലപാക്ക്, വെറ്റിലടയ്ക്ക, ബീഡ ഇങ്ങനെ നിരവധി വാക്കുകള്‍.നാട്ടുമൊഴിയും വീട്ടുമൊഴിയും ചേരുന്നതാണ് ദേശമൊഴി. അതുകൊണ്ടാണ് യുവകലാസാഹിതിയുടെ അധ്യക്ഷനായിരുന്ന ഡോ ടി പി സുകുമാരന്‍, നാട്ടുഭാഷാ നിഘണ്ടുവിനെക്കുറിച്ച് മരിക്കുവോളം സംസാരിച്ചുകൊണ്ടിരുന്നത്. മാധവിക്കുട്ടിയുടെ വന്നേരി മലയാളവും യു എ ഖാദറിന്റെ തൃക്കോട്ടൂര്‍ മലയാളവും കെ ടി മുഹമ്മദിന്റെ കോഴിക്കോടന്‍ മലയാളവും പാറപ്പുറത്തിന്റെ മധ്യതിരുവിതാംകൂര്‍ മലയാളവും പി എ ഉത്തമന്റെ നെടുമങ്ങാടന്‍ കീഴാള മലയാളവും എല്ലാം നമുക്ക് ഒരു നാട്ടുഭാഷാ വന്‍ നിഘണ്ടു ഉണ്ടാകേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുന്നു. കൈലാസന്‍ എന്ന കവിതയിലെ ചിമ്മാനി എന്ന വാക്കിന്റെ അര്‍ഥം നിഘണ്ടുവില്‍ നോക്കിക്കുഴഞ്ഞ ഒരു വായനക്കാരന്‍ എന്നെ വിളിക്കുകയുണ്ടായി. ചിമ്മാനിയുടെ ചെറുമഴ നനയാന്‍ കടത്തനാട്ടുപോയേ കഴിയൂ. അല്ലെങ്കില്‍ ചിമ്മാനിയുടെ ധൂളി വാനമോ തൂവാനമോ പെശറോ അറിയണമെങ്കില്‍ ഒരു നാട്ടുഭാഷാ നിഘണ്ടുവേണ്ടിവരും.

വിദ്യാര്‍ഥി സമൂഹത്തിന്റെ ഉത്സാഹമുണ്ടെങ്കില്‍ ഓരോ പ്രദേശത്തെയും മൊഴികള്‍ ശേഖരിച്ചു ചെറു പുസ്തകങ്ങള്‍ ആക്കാവുന്നതേയുള്ളു. ആ ചെറുപുസ്തകങ്ങള്‍ ഒന്നിച്ചു തുന്നിക്കെട്ടാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തീരുമാനിച്ചാല്‍ മലയാള നാട്ടുഭാഷാ നിഘണ്ടു ആയി.കുട്ടികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. പ്രമുഖ കഥാകൃത്ത് ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ കുട്ടികള്‍ പൊഞ്ഞാറ് എന്നപേരില്‍ ഒരു നാട്ടുമൊഴിപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളീയതയുടെ ഹൃദയത്തിലേയ്ക്കുള്ള ശരിയായ ഒരു വിരല്‍ചൂണ്ടാണത്. സഫലമായ ഈ പരിശ്രമത്തിലൂടെയാണ് കമ്പര്‍ചുള്ളിയെന്നാല്‍ പാദസരമാണെന്നും കതമ്പപ്പൂവെന്നാല്‍ കാട്ടുമുല്ലയാണെന്നും സ്രാണ്ടിയെന്നാല്‍ ഓവുചാലാണെന്നും കേരളമറിഞ്ഞത്.പൊന്നാനി ടി ഐ യു പി സ്‌കൂളിലെ കുഞ്ഞുമക്കള്‍ അധ്യാപകരുടെ സഹായത്തോടെ നാട്ടുമൊഴികള്‍ ശേഖരിച്ച് ഒരു പോങ്ങബിസായം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പൊതുമലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്താല്‍ ഒരുപിടി വിശേഷങ്ങള്‍ എന്നുകിട്ടും.അമ്പത്താറു താളുകള്‍ മാത്രമേ ഉള്ളു എങ്കിലും ഒല്ലിയെന്നാല്‍ പര്‍ദയാണെന്നും പാക്കട്ടയെന്നാല്‍ പോക്കറ്റ് ആണെന്നും ഈറ്റുമ്മ എന്നാല്‍ വയറ്റാട്ടിയെന്നാണെന്നും വട്ടക്കാരന്‍ അയല്‍ക്കാരനാണെന്നും ചക്കരമത്തയെന്നാല്‍ തണ്ണിമത്തന്‍ എന്നാണെന്നും പൗത്താങ്ങ എന്നാല്‍ മാമ്പഴം എന്നാണെന്നും ഈ ചെറുപുസ്തകം കേരളത്തോടു പറയുന്നു.എത്രമനോഹരമാണ് നമ്മുടെ മലയാളമെന്ന് അറിയണമെങ്കില്‍ നാട്ടുമൊഴിത്തോട്ടങ്ങളിലൂടെ നടക്കുക തന്നെവേണം

Sunday, 10 March 2013

ഖേദപൂര്‍വ്വം.കപട സ്നേഹിതാ നിന്നോടു ജീവിത 
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ  കാണുമ്പൊഴൊക്കെയും 
കുശലമെയ്യുന്നു.
മുന്‍വരിപ്പല്ലിനാല്‍   ചിരി വിരിക്കുന്നു.
കീശയില്‍ കയ്യിട്ടു 
കുരുതി ചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖംമൂടി.
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുരമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടു വിദ്യയും
സുഖദമാത്മ പ്രകാശനം,നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും.

കപട സ്നേഹിതാ,നിന്നോടു വാസ്തവ-
ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്‍

വളരെ നാളായ് കൊതിക്കുന്നു ഞാന്‍, നാട്ടു-
പുളി മരങ്ങളേ പൂക്കുക,പൂക്കുക
കൊടികള്‍ കായ്ക്കും കവുങ്ങുകള്‍ പൂക്കുക
തൊടികള്‍ ചൂടും കിനാക്കളേ പൂക്കുക.

വിഫലമാകുന്നു വിശ്വാസധാരകള്‍
പതിയെ നില്‍ക്കുന്നു പ്രാര്‍ത്ഥനാഗീതികള്‍
മുളകള്‍ പൂക്കുന്ന കാലം.
മനസ്സിലും മുനകള്‍ കൊണ്ടു
പഴുക്കുന്ന വേദന.
നിലവിളിക്കുന്നു ഞാന്‍,തീവ്ര ദുഃഖങ്ങള്‍ 
അലറിയെത്തിക്കഴുത്തില്‍ കടിക്കുന്നു.

തടവുപാളയം ജന്മഗൃഹം 
മതില്‍പ്പഴുതിലൂടെ ഞാന്‍ 
രക്ഷപ്പെട്ടോടുന്നു.
ഒരു സുഹൃത്തിന്‍റെ സാന്ത്വനച്ഛായയില്‍
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു.
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതി രഹസ്യമായ് പൊട്ടിച്ചിരിച്ചു നീ.

കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ-
ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.

മറുപുറത്തൊരാള്‍  നില്‍ക്കുമെല്ലായ്പ്പൊഴും  
ഹൃദയഹസ്തങ്ങള്‍ നീട്ടി രക്ഷിക്കുവാന്‍ 
മറുപുറം.... ധ്രുവദൂരം,വിരല്‍ത്തുമ്പി-
നഭയമേകുവാനാവാത്ത  കൌതുകം.
പുകമറയ്ക്കു പിന്നാമ്പുറം നിന്നു  നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും 
പ്രിയ സഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ 
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍ 
കപട സ്നേഹിതാ,കൌരവാലിംഗന-
ച്ചതിയില്‍ ഞാന്‍ കാരിരുമ്പിന്‍റെ  വിഗ്രഹം.

തുടലിമുള്‍ക്കാടു തിങ്ങിയ ലൌകിക-
ക്കൊതികള്‍ വിങ്ങുന്ന വേനല്‍ക്കടല്‍ക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്‌ 
മണലുതിന്നുന്ന മക്കളെ കണ്ടു ഞാന്‍ 
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ-
മൊഴികളൂതി നിറച്ച ബലൂണുമായ്
മിഴികളില്‍ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങള്‍ വിസ്തരിച്ചീടവേ 

കപട സ്നേഹിതാ,നിന്‍റെ തേന്‍ വാക്കുകള്‍
കുളിരുപെയ്തെന്‍ രഹസ്യരോമങ്ങളില്‍ 

ഒരു മുഖം മാത്രമുള്ള ഞാനും നൂറു
മുഖപടങ്ങള്‍ തന്‍ ജന്മിയാം നീയുമായ് 
അകലമേറെയുണ്ടാവശ്യമില്ലെനിക്ക് 
അഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ട്,ഓര്‍ക്കുക, ജീവിത-
വ്യഥകള്‍ നീയുമായ് പങ്കു വെയ്ക്കില്ലിനി.

കപട സ്നേഹിതാ,നിന്‍ നാട്യ വൈഭവം 
കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍ 
(1990)

Saturday, 9 March 2013

വിധി കുഴിയില്‍, മൈക്ക് കൊമ്പില്‍

      ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് അതിപ്രധാനമായ ഒരു വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ശ്രദ്ധേയവും പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതവുമായ ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്.

പത്തനംതിട്ട മാക്കാംകുന്നു സ്വദേശി റോബിന്‍ ചാക്കോ സമര്‍പ്പിച്ച പരാതിയിലാണ് വിധിയുണ്ടായത്. സമീപത്തെ ഹിന്ദു ക്ഷേത്രത്തിലും ക്രിസ്തീയ സഭാവിഭാഗത്തിന്റെ കൂട്ടായ്മയിലും ഭക്തിഗാനമിടാനും പ്രാര്‍ഥനയ്ക്കും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിനു കാരണമാകുന്നു എന്നായിരുന്നു പരാതി. ഈ പരാതി പരിഗണിച്ച കോടതി, പരിസ്ഥിതി-പൊലീസ് നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ എന്ന സുപ്രിം കോടതിവിധി ചൂണ്ടിക്കാട്ടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഈ വിഷയത്തിലൊരുവിധി ആദ്യമായി ഉണ്ടാകുന്നത് കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയിലാണ്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയാറില്‍. പിന്നെയാണ് ആലപ്പുഴ സ്വദേശി പി പി സുമനന്‍ ശബ്ദമലിനീകരണത്തിനെതിരേ കോടതി കയറിയത്. സുപ്രിം കോടതിയും ഹൈക്കോടതിയും മറ്റുകോടതികളും ഉച്ചഭാഷിണിയുടെ അമിത ഉപയോഗത്തിനെതിരേ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതുനടപ്പിലാകാത്തതെന്തുകൊണ്ടാണ്? വിധി പ്രസ്താവിച്ചവര്‍ വിധിയെ നിരന്തരം ലംഘിക്കുന്ന കാര്യം അറിയുന്നില്ലെന്നുണ്ടോ?

മനുഷ്യാരോഗ്യത്തിലും പരിസ്ഥിതിക്കാര്യത്തിലും ശ്രദ്ധയുള്ളവര്‍ അമിതമായ ഉച്ചഭാഷിണി പ്രയോഗത്തിന്റെ ദോഷഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും വൃക്ഷസസ്യലതാദികളുടെയും സ്വസ്ഥജീവിതം തകര്‍ക്കാന്‍ അമിത ശബ്ദത്തിനു കഴിയും. കേള്‍വിശക്തി ക്രമേണ ഇല്ലാതാക്കും. തൊഴിലിലെ കാര്യക്ഷമത കുറയും രക്തസമ്മര്‍ദ്ദം വര്‍ധിക്കും. കുട്ടികള്‍ നിര്‍ത്താതെ കരയും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഹൃദയസ്പന്ദന നിരക്കും ശ്വാസോച്ഛ്വാസ നിരക്കും വര്‍ധിക്കും. ഇങ്ങനെ നിരവധി ജീവിത വിഷയങ്ങള്‍.....

ശബ്ദമലിനീകരണം സംബന്ധിച്ച നിയമം നിലവിലുണ്ട്. നിയമം ധിക്കരിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും അനുശാസിച്ചിട്ടുണ്ട്. പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെയും തുല്യകുറ്റം ചെയ്തവരായി പരിഗണിക്കും. ക്രൈം സ്റ്റോപ്പര്‍ നമ്പറില്‍ (1090) വിളിച്ചു പറഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. പിന്നെന്തു കൊണ്ടാണ് എല്ലായിടത്തും ഉച്ചഭാഷിണി വച്ചു അലറി വിളിക്കുന്നത്? നിയമം നടപ്പിലാക്കേണ്ടവരുടെ മതവിശ്വാസവും മറ്റ് അന്ധവിശ്വാസങ്ങളും ഒരു കാരണമാണ്.

കൊല്ലത്തെ പൊലീസ് സൂപ്രണ്ട് ഓഫീസിനുമുന്നില്‍ പൊതുവഴിയില്‍ത്തന്നെ ഒരു ഹിന്ദുക്ഷേത്രമുണ്ട്. പൊതുവഴിയിലെ ക്ഷേത്രം ഗതാഗത തടസ്സമുണ്ടാക്കുകയും ഭക്തരുടെ ശ്രദ്ധ വികേന്ദ്രീകരിക്കുകയും ചെയ്യും. എങ്കിലും മൈക്ക് ഉപയോഗിക്കുന്നതില്‍ മാതൃകയാണ് ആ ക്ഷേത്രം. എസ് പി ഓഫീസിനു നേര്‍ക്ക് ഉച്ചഭാഷിണി വച്ചിട്ടേയില്ല. മറ്റു ചെറുകോളാമ്പികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിയണമെങ്കില്‍ കോളാമ്പിയില്‍ ചെവി വയ്ക്കണം. അപ്പോള്‍ നിയമം പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യം വന്നാല്‍ ശബ്ദം കുറയും.

പുതിയ ഹൈക്കോടതി വിധിയില്‍ രാവിലെ ആറുമണിക്കുമുമ്പും രാത്രി പത്തുമണിക്കുശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന നിയമം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഈ വിധികളെല്ലാം കുഴിയിലേയ്‌ക്കെറിയുകയും ആളോളം വലിപ്പമുള്ള ഹോണുകള്‍ കൊമ്പില്‍ കെട്ടുകയുമാണ് ചെയ്യുന്നത്. 

മതവിശ്വാസത്തിന്റെ പേരിലാണ് ഏറ്റവും വലിയ ശബ്ദമലിനീകരണം നടക്കുന്നത്. കൊച്ചുവെളുപ്പാന്‍ കാലത്തുതന്നെ ഉച്ചത്തിലുള്ള പ്രാര്‍ഥനാലര്‍ച്ച കേള്‍ക്കുമ്പോള്‍ അത്ര അകലെയാണോ ദൈവമുറങ്ങുന്നതെന്ന് ചിന്തിച്ചുപോകും.

Thursday, 7 March 2013

ഏകലവ്യന്‍......അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു,
തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-
വിരല്‍? എനി-
യ്ക്കുള്ളതെന്‍ ഹൃദയപ-
ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ,
വരുന്ന മൃഗങ്ങളെ,
വെല്ലുവാനാണെന്‍റെ
ജന്മം .

Friday, 1 March 2013

അറേബ്യന്‍ രാത്രി


പ്രണയനോവിന്‍റെ  വില്പ്പനക്കാരിയാം 
യുവതി,സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍


വിമുഖി മീനം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു 
എയര്‍ അറേബ്യയില്‍ കേറുമീ രാത്രിയില്‍


കടലിനക്കരെ കാറ്റ് തീ കൂട്ടിയ 
കനല്‍മണല്‍ ചെമ്പുവട്ടളം  പൊള്ളുന്നു.


ഒരു യുവാവ് പൊടിക്കാറ്റില്‍ഏകനായ് 
കവിത പോലുമില്ലാതെയലയുന്നു.    
 
അകലെറബ്ബറും  മണ്ഡരിത്തെങ്ങുമായ്  
പുഴകള്‍ വറ്റിയജന്മനാടെങ്കിലും 
അതി മനോഹരം
വൈദ്യുതീ   ഛെദനം 
മികവുയര്തുന്ന മിന്നാമിനുങ്ങ് പോല്‍ .
 
ഒരുവളുണ്ട് നിറം പോയ മാക്സിയാല്‍ 
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി ചുമ ദുസ്സഹം
കഠിന ജീവിതം നെയ്തു തീര്‍ക്കുന്നവള്‍.
ഇരുളിലുണ്ട് കിടപ്പ് മുറിയിലെ 
മുകുള ബള്‍ബില്‍ പ്രകാശ പ്രതീക്ഷകള്‍.
 
ഇമയടക്കുവാനാകാപ്പണി 
അതിന്നിടയിലിട്ടൊരു കോമയില്‍ വിശ്രമം.
 
 സോക്സ്‌  പാരിജാതം പോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്‌.
സുഹൃത്തിന്‍ ഖരാനയില്‍ 
ഘോരമാരി.
നനച്ചുനങ്ങാനിട്ട 
മേഘമെല്ലാം പറന്നതെളിമാനം.
 
കുളിവരുത്തിപ്പുറത്തിറങ്ങുമ്പൊഴോ 
വലിയ പ്ലേറ്റില്‍ ഖുബൂസ് പോല്‍ അമ്പിളി 
ഉപമയെ മരുക്കാട്‌ കേറാന്‍ വിട്ടു
തിരികെയെത്തി ഞാന്‍ കൈഫോണ്‍ എടുക്കുന്നു.
 
അകലെയെന്‍റെ പെണ്ണ്
ഓമലെ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണ ചന്ദ്രനെ?
 
കഴിയുമല്ലോ.
 
ശരി,എങ്കിലിത്തിരി
ഇടതു മാറി മുന്നോട്ടേക്ക് നില്‍ക്കുക.


അടിപൊളി
എന്‍റെ പെണ്ണേ വെണ്തിങ്കളില്‍
വളരെ നന്നായ് 
തെളിഞ്ഞു കാണാം നിന്നെ.
 
അതുശരി.
അത്ഭുതം തന്നെ,യേട്ടനെ
ഇവിടെ നിന്നു  ഞാന്‍ കാണുന്നു ചന്ദ്രനില്‍.
 
വാക്കു മുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും 
ഇരുവരങ്ങനെ കണ്ടു നില്ക്കുന്നുണ്ട്
കടലിനക്കരെ ഇക്കരെ സ്തബ്ധരായ്.