Wednesday, 28 December 2016

ചലച്ചിത്ര മേളയിലെ മാവോയിസ്റ്റ്‌ സിനിമകൾ


അപൂർവം നല്ല ചിത്രങ്ങളാൽ വളരെ ശ്രദ്ധേയമായിരുന്നു ഇരുപത്തൊന്നാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേള. വലിയ പിഴവുകളില്ലാത്ത സംഘാടനം ഈ മേളയുടെ പ്രത്യേകതയായിരുന്നു. പ്രേക്ഷകരിൽ ഒരാളായി നിന്ന്‌ കാര്യങ്ങൾ നിയന്ത്രിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

വിശ്വവിപ്ലവമഹാകവി പാബ്ലോനെരൂദയെക്കുറിച്ച്‌ തീവ്രകാവ്യഭംഗി തുളുമ്പുന്ന ഒരു ചിത്രം കാണാൻ കഴിഞ്ഞത്‌ ഈ മേളയിലെ നല്ല അനുഭവമായി. വടക്കൻ കൊറിയയിലായാലും തെക്കൻ കൊറിയയിലായാലും പീഡിപ്പിക്കപ്പെടുന്ന മനുഷ്യനോടൊപ്പം വേണം കലാകാരൻ നിലയുറപ്പിക്കുവാൻ എന്ന്‌ നെറ്റ്‌ എന്ന ചിത്രത്തിലൂടെ പറഞ്ഞു കിംകിഡുക്ക്‌. ഇത്ര പച്ചയായി മനുഷ്യപക്ഷ രാഷ്ട്രീയം പറയുന്ന ഒരു കിംകിഡുക്ക്‌ ചിത്രം ചലച്ചിത്രമേളയിൽ മുമ്പു കണ്ടിട്ടില്ല. ബുദ്ധശിരസിനു കീഴിൽ കൊലക്കത്തി ഒളിപ്പിച്ചു വയ്ക്കുന്ന ചില സൗന്ദര്യാത്മക രാഷ്ട്രീയം കിംകിഡുക്കിന്റെ ചിത്രങ്ങളിൽ നേരത്തെ കണ്ടിട്ടുണ്ട്‌, എന്നാൽ തുറന്ന രാഷ്ട്രീയപക്ഷം ഇതാദ്യം.

വിധു വിൻസെന്റിന്റെയും ജയൻ ചെറിയാന്റെയും മലയാള ചിത്രങ്ങൾക്ക്‌ വലിയ പ്രേക്ഷക സാന്നിധ്യമുണ്ടായി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരു വിശ്വചലച്ചിത്ര പ്രതിഭ മിക്ക  ദിവസങ്ങളിലും സിനിമ കാണാനെത്തിയതും ഒരു പ്രത്യേകതയായിരുന്നു.

പൊലീസ്‌ വേട്ടകളിലൂടെ അടുത്ത കാലത്ത്‌ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട മാവോയിസ്റ്റു സാന്നിധ്യം ഓർമിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം. മാവോയിസ്റ്റു സാന്നിധ്യം ഉണ്ട്‌ എന്ന സംശയത്താൽ കാട്ടിലെത്തുന്ന പൊലീസ്‌ സംഘം ഒരു ആദിവാസി സ്കൂളിൽ താമസമുറപ്പിക്കുന്നു. നിസഹായരായ അധ്യാപകർക്കും വിദ്യാർഥികൾക്കും വഴങ്ങിക്കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ചില കുട്ടികൾ ക്ലാസ്‌ റൂം പിടിച്ചെടുത്ത പൊലീസിനു നേരെ ഒന്നോരണ്ടോ കല്ലുകൾ പെറുക്കിയെറിയുകയും ചെയ്തു. അവിടെ പ്രത്യക്ഷപ്പെട്ട പൊലീസ്‌ വിരുദ്ധവും പോരാട്ടം വിജയിക്കട്ടെ എന്നെഴുതിയതുമായ പോസ്റ്ററുകൾ പൊലീസിന്റെ സംശയത്തെ ഉറപ്പിക്കുന്നു.

മാവോയിസ്റ്റിൻ തേടി കാട്ടിലെത്തിയ ഒരു പൊലീസ്‌ സേനാംഗം സൈനിക വേഷം ധരിച്ച ഒരു സ്ത്രീയെ പിന്തുടരുന്നു. അവർ പൊലീസ്‌ സേനാംഗത്തെ കാട്ടിനുള്ളിൽ വഴി തെറ്റിക്കുന്നു. അവരുടേയും വനവാസികളുടെയും സ്നേഹപൂർണവും ഔദാര്യപൂർണവുമായ സമീപനം പൊലീസുകാരനിൽ മാനുഷിക ബോധത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നു.

ക്യാമ്പിൽ തിരിച്ചെത്തുമ്പോഴേയ്ക്കും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു കരുതിയ ഈ പൊലീസുകാരന്‌ മറ്റൊരു വാർത്തയാണ്‌ കേൾക്കാൻ കഴിഞ്ഞത്‌. തന്നെ ‘വധിച്ച’ മാവോവാദികളെയെല്ലാം അകത്താക്കിയിരിക്കുന്നു.

മറ്റൊരു വനത്തിലേക്ക്‌ മാവോവാദികളെ തേടിപ്പോകുന്ന പൊലീസുകാർ നീലവണ്ടിയിലിരുന്ന്‌ കടലിനക്കെ പോണോരേ എന്ന സലിൽ ചൗധരിയുടെ പാട്ടുപാടുന്നു. റിമാ കല്ലിങ്കലിന്റെ സംയമനത്തോടെയുള്ള അഭിനയം, ഇന്ദ്രജിത്തിന്റെ നിസഹായതയും മിത്വവും ഫലിപ്പിക്കുന്ന അഭിനയം, എം ജെ രാധാകൃഷ്ണന്റെ കവിത തുളുമ്പുന്ന ഛായാഗ്രഹണം ഇതെല്ലാം ഈ ചിത്രത്തിന്റെ തിളക്കങ്ങളാണ്‌. നിരവധി നല്ലചിത്രങ്ങൾ നമുക്കു തന്ന ഡോ. ബിജു മറ്റൊരു നല്ല ചിത്രം കൂടി തന്ന്‌ നമ്മളെ ധന്യരാക്കിയിരിക്കുന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സമുന്നത നേതാക്കളായ പന്ന്യൻ രവീന്ദ്രന്റെയും കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലാണ്‌ കാടുപൂക്കുന്ന കാലം പ്രദർശിപ്പിച്ചത്‌.

മാവോയിസ്റ്റ്‌ പ്രസ്ഥാനം അധികാരത്തിലെത്തിയ നേപ്പാളിൽ ആ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ദീപക്‌ റൗണിയാർ സംവിധാനം ചെയ്ത വെളുത്ത സൂര്യൻ. പ്രചണ്ഡ എന്ന പേരു കൊണ്ടുതന്നെ ആളുകളിൽ പ്രകമ്പനം സൃഷ്ടിച്ച പുഷ്പകമൽ ദഹൽ പ്രധാനമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ വിമോചന സംഘടനയിൽ പോരാളിയായിരുന്ന അഗ്നി എന്ന സഖാവ്‌ പിതാവിന്റെ മരണത്തെത്തുടർന്ന്‌ വീട്ടിലെത്തുന്നതോടെ സിനിമ തുടങ്ങുന്നു. രാജാവിനെ അനുകൂലിക്കുന്ന സഹോദരനും അഗ്നിയും തമ്മിൽ കയ്യേറ്റമുണ്ടാകുന്നു. ശവശരീരം ജാതി വ്യവസ്ഥയുടെയും ദുരാചരണത്തിന്റെയും ഇടപെടലുകൾ അനുഭവിച്ച്‌ വഴിയിൽ വീണുകിടക്കുന്നു. മുതിർന്നവർ വഴക്കിട്ട്‌ അകലുമ്പോൾ കുട്ടികൾ മൃതശരീരം സംസ്കരിക്കുന്നു.

പാർലമെന്റംഗമായ ഒരു മാവോയിസ്റ്റ്‌ നേതാവിനെ സിനിമയിൽ കാണാം. അനാർഭാടമായി നടത്തുന്ന ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച്‌ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മാവോവാദി നേതാവ്‌. ബസ്‌ സ്റ്റാൻഡിൽ ഉറങ്ങുന്ന ഒരു കുട്ടിയുണ്ട്‌ ഈ സിനിമയിൽ. ഞാൻ മനുഷ്യനല്ല ചുമട്ടുതൊഴിലാളിയാണ്‌ എന്ന്‌ പറയുമ്പോൾ കാണികളിലേക്ക്‌ ഒരു വിങ്ങൽ പടർന്നുകയറും. നിങ്ങൾ മാവോയിസ്റ്റാണോ, നിങ്ങളാണോ എന്റെ അച്ഛനമ്മമാരെ കൊന്നത്‌ എന്ന്‌ പറഞ്ഞ്‌ ഈ കുട്ടി അഗ്നി സഖാവിനെ നിരന്തരം തല്ലുമ്പോൾ ആ വിങ്ങൽ ഒരു ജ്വാലയായി കാണികളിൽ പടരുന്നുണ്ട്‌.

മാവോയിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അപചയം ചൂണ്ടിക്കാണിക്കുന്നതാണ്‌ നേപ്പാളിൽ നിന്നു വന്ന വെളുത്ത സൂര്യൻ എന്ന ഈ സിനിമ. കാടുപൂക്കുന്ന നേരവും വെളുത്ത സൂര്യനും വിവിധ ചിന്തകളെ കാണികളിൽ ഉണർത്തുവാൻ പ്രേരിപ്പിക്കുന്നുണ്ട്‌.

Friday, 23 December 2016

ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളുംആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ആശയം സംവാദവും വിവാദവുമൊക്കെയായി വളര്‍ന്നത് 1980-കളിലാണ്. പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് പാത്രമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്‌സാണ് ഈ നാടകം അരങ്ങിലെത്തിച്ചത്. മതമില്ലാത്ത ജീവന് എന്ന മതേതരപാഠത്തിന്റെ പേരില്‍ സമീപകാലത്ത് സംഘടിത-വര്‍ഗീയശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നത്തേക്കാളും തീവ്രമായിരുന്നു അത്. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും വിമോചന സമരകാലത്തെന്ന പോലെ കുഞ്ഞാടുകളെയും നയിച്ച് പാതപ്രകടനം നടത്തി. ഇവരിലാരും തന്നെ ആ നാടകം കണ്ടിട്ടുണ്ടായിരുന്നില്ല.

നാടകത്തിന് പലസ്ഥലങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയം ഉയര്‍ന്നുവന്നു. നാടകം കളിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് സൂര്യകാന്തി തിയേറ്റേഴ്‌സിലെ അംഗങ്ങള്‍, സ്വയം വിലങ്ങണിഞ്ഞു നടത്തിയ പ്രകടനം കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയെ തട്ടിയുണര്‍ത്തി. നാടകസംഘാംഗങ്ങള്‍ അറസ്റ്റുചെയ്യപ്പെട്ടു. സ്വാതന്ത്ര്യദാഹികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വമ്പിച്ച കൂട്ടായ്മ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുണ്ടായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ അട്ടിമറിച്ച മഹാനായ തോപ്പില്‍ഭാസി അടക്കമുള്ളവര്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. കേരളത്തിലെവിടെയും പ്രതിഷേധയോഗങ്ങളും അറസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിയായുള്ള കേസുകളുമുണ്ടായി.

 തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്മാര്‍ക്ക് തണലായി നിന്ന വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടു. ഒരു പ്രത്യേകസമിതിയുടെ ശുപാര്‍ശ പ്രകാരം 1987ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കേരളത്തില്‍ നിരോധിച്ചു.

വാസ്തവത്തില്‍ എന്തായിരുന്നു ആ നാടകം? റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുകയായിരുന്നു ആ നാടകം. ചില സന്ദര്‍ഭങ്ങളില്‍ ആ നാടകം വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയോട് ചേര്‍ന്നുനിന്നു. വലിയ പഠനങ്ങള്‍ ഒരു നാടകകൃത്ത് നടത്തിയതിന്റെ ഫലമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ്.

പി എം ആന്റണി ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല നാടകമായി കേരളസര്‍ക്കാരിന്റെ സമ്മാനം നേടിയ കടലിന്റെ മക്കളുടെ രചയിതാവായിട്ടാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയെന്നത് ഏതു കമ്മ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലുള്ളതാണ്. പി എം ആന്റണിയെന്ന കമ്മ്യൂണിസ്റ്റ് നാടകകൃത്ത് ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയില്‍ ഉന്മൂലനം നടക്കുമ്പോള്‍ ആന്റണി, കിലോമീറ്ററുകള്‍ അകലെയുള്ള അരങ്ങില്‍ നാടകം കളിക്കുകയായിരുന്നു! ശിക്ഷക്കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയ മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡു നേടി. വിശുദ്ധ പാപങ്ങള്‍, ടെററിസ്റ്റ്, അയ്യന്‍കാളി, സ്റ്റാലിന്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഇന്‍ക്വിലാബിന്റെ പുത്രന്‍ തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തിനു തന്ന നാടകങ്ങള്‍. എല്ലാ നാടകങ്ങളുടെയും പഞ്ചാത്തലം ലോകചരിത്രമായിരുന്നു.

 നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഉപേക്ഷിച്ച് അമേച്വര്‍ നാടകവഴിയിലൂടെ സ്വന്തം സൈക്കിള്‍ ഓടിച്ചുപോയി പി എം ആന്റണി. സംഘാടകരെയോ സന്ദര്‍ഭങ്ങളെയോ കാത്തുനില്‍ക്കാതെ വീട്ടുമുറ്റത്തും തെരുവിലും കടന്നുചെന്ന് നാടകം അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തി. 'സ്പാര്‍ട്ടക്കസ്' എന്ന നാടകം അതിവിദഗ്ധമായി സംവിധാനം ചെയ്ത ആന്റണിക്ക് അതു സാധിക്കുമായിരുന്നു. ഉജ്വലനിഷേധി ആയിരുന്ന പി ജെ ആന്റണി ആയിരുന്നല്ലോ പി എം ആന്റണിയുടെ മനസ്സില്‍. അരങ്ങില്‍ നിന്നും അടുക്കളയിലെത്തി നാടകം കളിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം തിയേറ്റര്‍ ഗറില്ലകള്‍ എന്നു വിളിച്ചു.

പള്ളിയോടും പള്ളിത്വമുള്ള വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു പി എം ആന്റണി മകളുടെ വിവാഹം വീട്ടുമുറ്റത്ത് നടത്തി. വധൂവരന്മാര്‍ക്ക് മുല്ലനേഴിയും ഞാനും മാലയെടുത്ത് കൊടുത്തു. ശിഷ്യന്‍ പ്രിയനന്ദനന്‍ ആശംസാപ്രസംഗം നടത്തി.

മരണാനന്തരവും ആന്റണി പള്ളിയില്‍ പോയില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇരു കണ്ണുകളും ദാനം ചെയ്തു. മൃതദേഹം തുമ്പോളിക്കടപ്പുറത്തെ വീട്ടുമുറ്റത്ത് ദഹിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സദസ്സിലെ രക്തനക്ഷത്രമായി മാറി പി എം ആന്റണി.

Saturday, 17 December 2016

വടക്കൻ കാറ്റ്


മത്തിവിറ്റും
മണ്ണുകിളച്ചും
ചായയടിച്ചും
എച്ചിൽപാത്രം മോറിയും
നീ മിച്ചംപിടിച്ച നോട്ടുകൾ
എന്റെ പാദത്തിൽ വയ്ക്കൂ
ഒരു കഷണം കാൽനഖം
പകരം വാങ്ങൂ.
ചോരനീരാക്കി
തങ്കമോളെ അണിയിക്കാൻ
നീ കാത്തുവച്ച പൊന്ന്
എന്റെ മുന്നിൽ വയ്ക്കൂ
ഒരു കഷണം കൈനഖം
പകരം വാങ്ങൂ.
നിന്റെ മണ്ണ്
പെണ്ണ്,വീട്,വാഹനം
വയ്ക്കൂ
ഒരു ചെറുരോമം
പകരം വാങ്ങൂ.
നിന്റെ സ്വപ്നം
ജീവിതം , സ്വാതന്ത്ര്യം
പ്രണയം സങ്കല്പം
മഷിയും പേനയും
ഇവിടെ വയ്ക്കൂ
പകരം
ഒരു മുടിനാരു വാങ്ങൂ.
വടക്കുനിന്നും വീശിയ
ഭ്രാന്തൻകാറ്റ്
വന്മരങ്ങളെ തൊട്ടില്ല.
തുമ്പയും തുളസിയും
മുക്കുറ്റിയും കണ്ണാന്തളിയും
വേരുപറിഞ്ഞ്
പറന്നൊടുങ്ങി.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Friday, 16 December 2016

ഫിഡൽ കാസ്ട്രോയും മാജിക്കൽ റിയലിസവുംപ്രിയപ്പെട്ട ഫിഡൽ
ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു. അസംഖ്യം വധശ്രമങ്ങളെ അതിജീവിച്ച അങ്ങ്‌ ലോക വിപ്ലവാകാശത്തിലെ രക്തനക്ഷത്രമായി മാറിയിരിക്കുന്നു.

ഫിദൽ, പലവട്ടം സഖാവ്‌ ഞങ്ങളെ തോൽപിച്ചിട്ടുണ്ട്‌. ഏകാന്തതയുടെ നൂറുവർഷങ്ങൾ ലോകത്തിനു സമ്മാനിച്ച നോബൽ സമ്മാന ജേതാവ്‌ ഗബ്രിയേൽ ഗാർഷിയ മാർക്ക്വേസ്‌ മുന്നോട്ടുവച്ച മാജിക്കൽ റിയലിസത്തെ ആശ്ലേഷിച്ചുകൊണ്ടാണ്‌ ഫിഡൽ നമ്മളെ വിസ്മയിപ്പിച്ചത്‌. മാജിക്കൽ റിയലിസം യാഥാർഥ്യത്തിനു മുകളിൽ പടുത്തുയർത്തിയ വിഭ്രാന്ത സങ്കൽപങ്ങളുടെ കെട്ടുകാഴ്ചയാണ്‌. ആ സാഹിത്യസങ്കേതത്തി ൽ പടുകൂറ്റൻ ശവശരീരങ്ങൾ ഉണ്ടാകും. കാതങ്ങൾ താണ്ടിവരുന്ന ചോര, മറ്റൊരു കഥാപാത്രത്തിന്റെ പാദങ്ങളിൽ ചുംബിക്കും. സെമിത്തേരിയിൽ അടക്കം ചെയ്ത പെൺകുഞ്ഞിന്റെ ശവശരീരം വർഷങ്ങൾക്കുശേഷവും ജീർണിക്കാതെയിരിക്കും.

ഞങ്ങൾ ഇന്ത്യാക്കാർക്ക്‌ മാജിക്കൽ റിയലിസം അത്ര പുതുമയുള്ളതൊന്നുമല്ല. വിശ്വമഹാകവി വേദവ്യാസന്റെ മഹാഭാരതത്തിൽ പക്ഷികളും സർപ്പങ്ങളും മൃഗങ്ങളും വൃക്ഷങ്ങളും പർവതങ്ങളും സാഗരവും കഥാപാത്രങ്ങളാണ്‌. ആദികവി വാത്മീകിയുടെ രാമായണത്തി ൽ ഒരു സാധാകുരങ്ങനായിരുന്ന ഹനുമാൻ ലങ്കയിലേക്ക്‌ ചാടുമ്പോൾ ആകാശം മുട്ടെ വളരുന്നതും ലങ്കയുടെ കാവൽക്കാരി ഹനുമാനെ വിഴുങ്ങുന്നതും കുഞ്ഞിക്കുരങ്ങനാഴി മാറിയ ഹനുമാൻ രാക്ഷസിയുടെ ചെവിയിലൂടെ പുറത്തുവരുന്നതും ഞങ്ങൾ കണ്ടതാണ്‌.

കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച ഭർത്താക്കന്മാരെ കാണുവാൻ ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക്‌ ഒരു സമ്മേളന രാത്രി ഗംഗാതീരത്തുണ്ടാക്കിക്കൊടുക്കുന്നും ഞങ്ങൾ കണ്ടതാണ്‌. ഒറ്റയസ്ത്രം ആയിരവും പതിനായിരവും ലക്ഷവുമായി പൊട്ടിപ്പടരുന്നത്‌ ഞങ്ങൾ കണ്ടതാണ്‌.

പുലിമറഞ്ഞ തൊണ്ടച്ചനേയും മരങ്ങളായി മാറുന്ന ഒടിവിദ്യക്കാരേയും ഞങ്ങൾക്ക്‌ പരിചയമുണ്ട്‌. പക്ഷേ ഇതെങ്ങനെ തൊഴിലാളി വർഗ സൗന്ദര്യശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഫിഡലിന്‌ ബോധ്യപ്പെട്ടു? മാജിക്കൽ റിയലിസക്കാരനായിരുന്ന മാർക്ക്വേസിനെ അംഗീകരിക്കാൻ എങ്ങനെ കഴിഞ്ഞു?

മാജിക്കൽ റിയലിസമായാലും മിസ്റ്റിസിസമായാലും ആത്മീയതയായാലും അതെല്ലാംതന്നെ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ സങ്കൽപശേഷിക്ക്‌ ഉദാഹരണമാണ്‌. ഇത്തരം ചിന്താപദ്ധതികളുടെയെല്ലാം അടിസ്ഥാനം ജീവിച്ചിരിക്കുന്ന മനുഷ്യനാണ്‌. പ്രയത്ന സൗന്ദര്യശാസ്ത്രം സമഗ്രമാകണമെങ്കിൽ ഈ തിരിച്ചറിവ്‌ ഉണ്ടായേ കഴിയൂ. വിപ്ലവകവിതകൾ എഴുതിയ പാബ്ലോനെരൂദ തന്നെയാണ്‌ വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത്‌ എനിക്ക്‌ നീയുമായി ചെയ്യണം എന്നെഴുതിയത്‌. ആ നെരൂദകൂടി ഉൾപ്പെടുന്നതാണ്‌ തൊഴിലാളിവർഗ സൗന്ദര്യശാസ്ത്രം. വിശാലമായ ഈ കാഴ്ചപ്പാടാണ്‌ മാർക്ക്വേസിനെ സുഹൃത്താക്കാൻ ഫിഡലിനെ പ്രേരിപ്പിച്ചത്‌. വിപ്ലവസാഹിത്യമെന്നാൽ പ്രണയരഹിതവും ഭാവനാശൂന്യവുമായ പരുപരുത്തപാറപ്പുറം അല്ലെന്ന്‌ ഫിഡൽ ജീവിതം കൊണ്ട്‌ കാട്ടിത്തന്നു.

പ്രിയപ്പെട്ട ഫിദൽ, ചെ ഗുവേര എന്ന സുഹൃത്തിനെ ബൊളീവിയയിലേക്ക്‌ പോകാൻ അനുവദിച്ചതിലൂടെ പിന്നെയും സഖാവ്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഗ്രാൻമയിൽ ഒപ്പമുണ്ടായിരുന്ന സഖാവ്‌, വിപ്ലവാനന്തര ക്യൂബയുടെ സെൻട്രൽ ബാങ്കുമേധാവി, മന്ത്രി. ഇങ്ങനെയൊക്കെയായിട്ടും മറ്റൊരുസമരരംഗത്തേക്ക്‌ പോകുവാനുള്ള ഗുവേരയുടെ ആഗ്രഹത്തെ ഫിഡൽ അംഗീകരിച്ചു. ലോകയുവത്വത്തിന്റെ രക്തമുദ്രയായി മാറിയ ചെയെ ഞങ്ങൾക്ക്‌ സമ്മാനിച്ചത്‌ ഫിഡൽ ആയിരുന്നു.

ഫിഡൽ, പിന്നെയും ഞങ്ങളെ വിസ്മയപ്പെടുത്തിയല്ലോ. വിരുദ്ധ ഭരണകൂടത്തിൽ ജോലി സ്വീകരിച്ച സ്വന്തം ഭാര്യ മിർത്തയെ ഉപേക്ഷിച്ചുകൊണ്ട്‌. പ്രണയ വിവാഹമായിരുന്നിട്ടുപോലും ഭാര്യയെ ഉപേക്ഷിക്കുവാൻ കാസ്ട്രോ മടിച്ചില്ല. ബാറ്റിസ്റ്റാ ഭരണത്തിൽ ഉദ്യോഗം സ്വീകരിച്ചതിനെക്കുറിച്ച്‌ ഫിദൽ പറഞ്ഞത്‌ എന്നെ ആയിരം വട്ടം കൊല്ലുന്നതിനു തുല്യമായിപ്പോയി എന്നായിരുന്നല്ലോ. ലക്ഷ്യബോധവും നിശ്ചയദാർഢ്യവും സന്ധിരഹിത ജീവിതവും വിപ്ലവകാരിക്ക്‌ ആവശ്യമാണെന്ന്‌ ഫിഡൽ തെളിയിച്ചു.

പ്രിയപ്പെട്ട ഫിഡൽ, തൊണ്ണൂറു വയസുവരെ അങ്ങു ജീവിച്ചിരുന്നത്‌ ക്യൂബയിലെ ആതുരസേവന വിഭാഗത്തിന്റെ ശ്രദ്ധകൊണ്ട്‌ കൂടിയാണ്‌. ലോകത്തിനു മുഴുവൻ മാതൃകയായ 108 ആംബുലൻസ്‌ സർവീസ്‌ അടക്കം ക്യൂബയുടെ ആരോഗ്യരംഗത്തെ മികവുറ്റതാക്കിയെടുക്കുന്നതിൽ ഫിഡൽ വിജയിച്ചു.

പ്രിയപ്പെട്ട ഫിഡൽ,
കരീബിയൻ കടലോരത്ത്‌ അങ്ങ്‌ വിശ്രമിക്കുമ്പോൾ ഇവിടെ അറേബ്യൻ കടലോരത്തുനിന്ന്‌ കേരളത്തിലെ മനുഷ്യസ്നേഹികൾ ഒന്നിച്ചു പറയുന്നു, ഫിഡൽ, ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു.

Saturday, 3 December 2016

വയനാട്ടിലെ ഡാലിയാപ്പൂക്കൾശ്രീനാരായണ ഗ്ലോബൽ മിഷന്റേയും കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നമുക്കു ജാതിയില്ല സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. എൺപതുകളിൽ വന്നപ്പോൾ വയനാട്ടിൽ വ്യാപകമായി കണ്ടിരുന്നു വലിയ ഡാലിയാപ്പൂക്കൾ അപ്രത്യക്ഷമായിരിക്കുന്നു.

എൺപതുകളിലെ വയനാടിന്‌ ഇത്രയും ചൂടില്ലായിരുന്നു. അടിവാരത്തുനിന്നും ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ്‌ അരിച്ചുകയറുമായിരുന്നു. ചങ്ങലമരത്തിനടുത്തെത്തുമ്പോൾ കൊടും തണുപ്പിന്റെ കാണാപ്പുതപ്പ്‌ നമ്മളെ വന്നു മൂടുമായിരുന്നു. പ്രണയിയുടെ ചുംബനം പോലെ കടുത്തതും ആപത്തില്ലാത്തതുമായ ശീതചുംബനം. ഇന്നാകട്ടെ ഹേമന്തത്തിലും ശിശിരത്തിലും ഒരേപോലെ ചൂട്‌. തണുപ്പ്‌ മനോരോഗിയെപ്പോലെ മെലിഞ്ഞുപോയിരിക്കുന്നു. മാനന്തവാടിയിലും തിരുനെല്ലിയിലും മുച്ചിറകൻ പങ്കകളുടെ വിജയകരമായ വിൽപ്പന. എയർകണ്ടീഷന്റ്‌ ജില്ലയായിരുന്ന വയനാട്ടിൽ തണുപ്പൻ യന്ത്രങ്ങൾക്കും ഡിമാന്റ്‌. വയനാടിന്‌ എന്തു സംഭവിച്ചു?

വയനാട്ടിലെ സ്ഥലനാമങ്ങളിലധികവും വയൽ എന്ന വാക്കിനാൽ പരിഗ്രഹിക്കപ്പെട്ടതാണ്‌. വയനാട്‌ തന്നെ വയൽനാട്‌ ആണല്ലോ. ഗന്ധകശാലയും മറ്റും വിളഞ്ഞുനിന്ന വയൽനാട്‌. പശുക്കൾ മേയുന്നതുപോലെ ശാന്തതയോടെ ആനകൾ മേഞ്ഞിരുന്ന വയനാട്‌. വിപ്ലവബോധമുള്ള കേരളീയർ സ്വന്തം പെൺകുട്ടികൾക്ക്‌ പേരായി തിരഞ്ഞെടുത്ത കബനിയുടെ വയനാട്‌. വെള്ളവും കൃഷിയും ആപൽക്കരമായി കുറഞ്ഞുപോയ വയനാടാണ്‌ ഇപ്പോഴുള്ളത്‌.

ഗദ്ദികയെക്കുറിച്ച്‌ കേരളത്തോടു പറഞ്ഞത്‌ പി കെ കാളൻ ആണെങ്കിലും വളരെ മുമ്പുതന്നെ നാട്ടുഗദ്ദിക എന്ന തെരുവു നാടകത്തിലൂടെ ആ പേര്‌ കേരളത്തിന്‌ സുപരിചിതമാക്കിയ കനവിന്റെ കാലവും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. സംരക്ഷിക്കപ്പെടാതെപോയ ജനകീയ കലാരൂപങ്ങളുടെ ശ്മശാന ഭൂമിയാണ്‌ വയനാട്‌.

മുത്തങ്ങ, മേപ്പാടി ഭൂസമരങ്ങൾ വയനാടിന്റെ നിലവിളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. അച്ഛനില്ലാത്ത കുട്ടികളുമായി ലോകശ്രദ്ധയിലേയ്ക്ക്‌ കയറിപ്പറ്റിയ വയനാട്‌ പീഢാനുഭവങ്ങളുടെ തിക്തഭൂമിയാണ്‌. പുൽപ്പള്ളിയിലെ സുരഭി ക്ലബിൽ ഒത്തുചേർന്ന കുട്ടികളോട്‌ അടിയോരുടെ പെരുമൻ ആരാണെന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം.

വയനാടിന്റെ വിളർച്ച സാഹിത്യത്തിന്‌ വളർച്ചയാകുന്നുണ്ട്‌. നെല്ലും കൂമൻകൊല്ലിയും മാവേലി മൻട്രവും ബെസ്‌ പുർക്കാനയും നമുക്കു ലഭിച്ചു. ടി സി ജോണിന്റെ രചനകൾ വയനാടൻ ജീവിതത്തിന്റെ കണ്ണാടികളായി. അർഷാദ്‌ ബത്തേരിയുടെ കഥകൾ മലയാളത്തിന്‌ ഊർജ്ജമായി.
മനോജ്‌ കാനയുടെ ഉറാട്ടി മലയാള നാടകത്തെ മുന്നോട്ടു കൊണ്ടുപോയി. സാദിർ തലപ്പുഴയും സുൽത്താന നസൃനും ജിത്തു തമ്പുരാനും കവിതയുടെ പുതുമുഖങ്ങളായി. മാനന്തവാടിയിൽ ഫീനിക്സ്‌ പുസ്തകശാല മിഴിയടച്ചെങ്കിലും നീർമാതളം ബുക്സ്‌ മുളപൊട്ടിവന്നു.

വലിയ പ്രകൃതിനശീകരണമാണ്‌ വയനാട്ടിൽ സംഭവിച്ചത്‌. മരം മുറിച്ചുമാറ്റിയതടക്കം നിരവധി ദുഷ്കൃത്യങ്ങൾ. മുളകൾ പൂത്തുമറഞ്ഞതും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു ക്ഷതമേൽപ്പിച്ചു. വാഹനപ്പുകയും കീടനാശിനി പ്രയോഗവും വയനാടിന്റെ വിശുദ്ധാന്തരീക്ഷത്തെ മലിനമാക്കി. വളമില്ലാതെ തലയുയർത്തി സന്ദർശകരെ കൗതുകത്തോടെ നോക്കിനിന്ന സൂര്യതേജസുള്ള ഡാലിയപ്പൂക്കളെ നിങ്ങളെന്നാണ്‌ വയനാടൻ വേലിപ്പടർപ്പിലേയ്ക്ക്‌ തിരിച്ചുവരുന്നത്‌?

Friday, 18 November 2016

ലൈബ്രറി കൗൺസിലും ഗ്രന്ഥശാലാ സംഘവും


കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ വളരെ ശ്രദ്ധേയമായ ഒരു പൊതുജന സമ്പർക്ക പരിപാടിയിലാണ്‌. ഉണർവ്വ്‌ എന്ന്‌ പേരിട്ടിട്ടുള്ള ഒരു സാംസ്കാരിക യാത്ര. കാസർകോട്‌ നിന്നും തിരുവനന്തപുരത്തുനിന്നും ഒരുപോലെ ആരംഭിച്ച്‌ തൃശൂരിൽ സംഗമിക്കുന്ന ഈ യാത്ര മതേതരത്വവും മലയാളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കേരളീയരെ ബോധ്യപ്പെടുത്തുന്നു.

മതേതരത്വം, മലയാളം എന്നിവ നമ്മൾ മനഃപൂർവം മറന്ന്‌ ഉറക്കം നടിച്ച്‌ കിടക്കുന്ന ഒരുകാലത്താണ്‌ ലൈബ്രറി കൗൺസിൽ ഉണർവ്വ്‌ യാത്ര നടത്തുന്നത്‌. മതേതരം എന്നാൽ മതബദ്ധം അല്ലാത്തത്‌. മതവുമായി ബന്ധിപ്പിക്കാതെ മനുഷ്യരെയെല്ലാം ഒറ്റ സമൂഹമായി കാണുക എന്ന വിശാലമായ അർഥമാണ്‌ ആ വാക്കിനുളളത്‌. ആ വിശാലമായ അർഥത്തെ അംഗീകരിക്കുകയാണെങ്കിൽ മതതീവ്രവാദത്തേയും മതം മനസിൽ കുത്തിവയ്ക്കുന്ന അബദ്ധധാരണകളെയും ഒഴിവാക്കാൻ കഴിയും. മഹത്തായ ഈ ആശയം പൊലിപ്പിക്കുന്ന നിരവധി പുസ്തകങ്ങൾ നമ്മുടെ ഗ്രന്ഥശാലകളിൽ ഉണ്ട്‌. മലയാളത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുന്ന പുസ്തകങ്ങളുടെ നിറഞ്ഞ അലമാരകളാണ്‌ എല്ലാ ഗ്രന്ഥശാലകളിലും ഉള്ളത്‌. അങ്ങോട്ടേക്ക്‌ കടന്നുവരുന്ന വായനക്കാരെ കാത്തിരിക്കുന്നതിനു പകരം ഗ്രന്ഥശാലാ പ്രവർത്തകർ ജനങ്ങളിലേക്ക്‌ ചെന്ന്‌ ഈ ആശയം പ്രചരിപ്പിക്കുകയാണ്‌. ഞാൻ കവിത ചൊല്ലിയ കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും യോഗങ്ങൾ ജനസാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. അഡ്വ. വേണുഗോപാൽ, ജെ സി അനിൽ എന്നിവരുടെ നേതൃത്വത്തിലാണ്‌ ആ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്‌.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിന്‌ മുമ്പ്‌ ദീർഘദർശിയായ പി എൻ പണിക്കർ എന്ന അധ്യാപകനാണ്‌ ഗ്രന്ഥശാലകളെ സംഘടിപ്പിച്ചുകൊണ്ട്‌ ഗ്രന്ഥശാലാസംഘം ആരംഭിച്ചത്‌. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരാണ്‌ ഗ്രന്ഥശാലാസംഘത്തിന്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്തത്‌. 1989 ൽ കേരള പബ്ലിക്‌ ലൈബ്രറീസ്‌ (കേരള ഗ്രന്ഥശാലാ സംഘം) ആക്ട്‌ ഉണ്ടാവുകയും 1991 ൽ കവി കടമ്മനിട്ട രാമകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി നിലവിൽ വരികയും ചെയ്തു. അന്നു മുതൽ കേരള ഗ്രന്ഥശാലാ സംഘത്തെ കേരളാ സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ എന്നു പറഞ്ഞുതുടങ്ങി. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ഒരു ചുവടുമാറ്റമായിരുന്നു അത്‌. മലയാളത്തെ സംരക്ഷിക്കാനാണ്‌ ലൈബ്രറി കൗൺസിൽ പരിശ്രമിക്കുന്നതെങ്കിൽ കേരള ഗ്രന്ഥശാലാസംഘം എന്ന മലയാളത്തനിമയുള്ള പേരിനേയും സംരക്ഷിക്കേണ്ടതാണ്‌.

മലയാളികൾക്ക്‌ ഇംഗ്ലീഷിനോടാണ്‌ കമ്പം. നമ്മുടെ രാഷ്ട്രീയപ്പാർട്ടികളുടെ പേരുകളെല്ലാം ഇംഗ്ലീഷിലാണ്‌. പച്ചമലയാളത്തിലുള്ള ജനാധിപത്യ സംരക്ഷണസമിതിയാവട്ടെ ചുരുക്കപ്പേരായി ജെഎസ്‌എസ്‌ എന്നാണുപയോഗിക്കുന്നത്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ കെഎസ്‌എസ്പി എന്ന്‌ ഉപയോഗിക്കാറുണ്ട്‌. വിശ്വഹിന്ദുപരിഷത്താകട്ടെ വിഎച്ച്പി എന്നാണ്‌ ഉപയോഗിക്കുന്നത്‌. ചുരുക്കപ്പേര്‌ ഇംഗ്ലീഷിൽ എച്ച്‌ഐവി എന്നാകുന്നതുകൊണ്ടാകാം ഹിന്ദുഐക്യവേദി അതുപയോഗിക്കാറില്ല. യുവകലാസാഹിതി പേരുനീണ്ടതാണെങ്കിലും ചുരുക്കപ്പേരുപയോഗിക്കാറില്ല. മലയാളത്തിൽ ചുരുക്കപ്പേരുപയോഗിക്കുന്ന ഒരു സംഘടന പു ക സ ആണ്‌.
തമിഴ്‌നാട്ടിലാണെങ്കിൽ പേരിന്റെ ഇനിഷ്യൽപോലും തമിഴിൽത്തന്നെയാണ്‌. മു കരുണാനിധി കാ നാ സുബ്രഹ്മണ്യം, മീ രാജേന്ദ്രൻ എന്നിങ്ങനെയാണ്‌ പേരുകൾ. പാർട്ടികളുടെ പേരും ചുരുക്കപ്പേരും തമഴിൽത്തന്നെ. ദ്രാവിഡ മുന്നേറ്റ കഴകം (തി മു ക) എന്നാണല്ലോ അവർ എഴതുന്നതും പറയുന്നതും. മദ്രാസ്‌ എന്ന സംസ്ഥാനപ്പേര്‌ അവർ തമിഴ്‌നാട്‌ എന്നാക്കി. മദ്രാസ്‌ എന്ന തലസ്ഥാനപ്പേര്‌ ചെന്നൈ എന്നാക്കി. മൈസൂർ കർണാടക ആയി. ബാംഗ്ലൂർ ബംഗളൂരു ആയി. ഒറീസ ഒഡീഷ ആയി. അവിടെയുള്ള ജനങ്ങൾ ഈ പേരുമാറ്റം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്‌ ഇപ്പോൾ മൂന്നു പേരുകളാണുള്ളത്‌. കേരളം, കേരള, കേരൾ. ഇതിൽ ഏതാണ്‌ നമ്മുടെ സ്വന്തം മലയാളനാട്‌.

സ്ഥലപ്പേരുകളെല്ലാം ഔദ്യോഗികമായി മലയാളമാക്കിയിട്ടുണ്ട്‌. എങ്കിലും നമ്മൾ അത്‌ ഉപയോഗിക്കുന്നതിൽ വിമുഖത കാട്ടുകയാണ്‌. ക്വയിലോൺ, കൊല്ലമായ കാര്യം ഇതുവരെയും കൊല്ലത്തെ ശ്രീനാരായണ കോളജുകാർ അറിഞ്ഞിട്ടേയില്ല. പ്രവേശന കവാടത്തിൽ ക്വയിലോൺ എന്നുതന്നെയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. സഞ്ചാരികളായ വെള്ളക്കാർപോലും കൊച്ചി എന്നു പറയുവാൻ ശ്രമിക്കുമ്പോൾ നമ്മൾ കൊച്ചിൻ എന്നു പ്രയോഗിക്കുവാൻ താൽപര്യം കാട്ടുകയാണ്‌. സർവകലാശാലകൾ ഇപ്പോഴും കൊച്ചിനും കാലിക്കട്ടും കേരളായുമായി തുടരുകയാണല്ലോ.

മലയാളവും മതേതരത്വവും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന ഉണർവ്വ്‌ യാത്രയ്ക്ക്‌ അഭിവാദ്യങ്ങൾ.

Tuesday, 8 November 2016

നവോത്ഥാനസദസും തലശേരി ചിന്തകളും

കേരളത്തിൽ നടന്ന നവോത്ഥാന സദസുകളിൽ സദസ്യരുടെ ബാഹുല്യംകൊണ്ടും അതിഥികളുടെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായിരുന്നു തലശേരിയിലെ നവോത്ഥാന സദസ്‌. ആബാലവൃദ്ധം ജനങ്ങൾ തിങ്ങിനിറഞ്ഞതായിരുന്നു സദസ്‌. അവർ പ്രസംഗങ്ങളെല്ലാം കഴിയുന്നതുവരെ ശ്രദ്ധയോടെ ഇരുന്നു.

ജനനം തന്നെ മരണകാരണമായ ഹൈദരാബാദിലെ വിദ്യാർഥി രോഹിത്‌ വെമുലയുടെ അമ്മയും സഹോദരനുമായിരുന്നു പ്രധാനപ്പെട്ട അതിഥികൾ. ഘനീഭവിച്ച ദുഃഖംപോലെയുളള അമ്മ പറഞ്ഞ ഓരോ വാക്കുകളും സദസ്യർ ഹൃദയത്തിൽ കുറിച്ചിട്ടു. തെലങ്കാനയിലെ അമ്മ അവരുടെ മാതൃഭാഷയിലാണ്‌ സംസാരിച്ചത്‌. എന്റെ മകനെ അവർ കൊന്നു എന്ന്‌ സവർണമേധാവിത്വത്തിന്റെ മുഖത്തേക്ക്‌ വിരൽചൂണ്ടി രോഹിതിന്റെ അമ്മ പറഞ്ഞപ്പോൾ ആത്മഹത്യ എങ്ങനെ കൊലപാതകവും രക്തസാക്ഷിത്വവുമാകുമെന്ന്‌ സദസ്യർ തിരിച്ചറിഞ്ഞു. രോഹിതിന്റെ സഹോദരന്റെ വാക്കുകളും തലശേരിയിലെ ജനങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു.

വാഗ്ഭടാനന്ദൻ, ആനന്ദതീർഥൻ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവർത്തനമണ്ഡലമായിരുന്നല്ലോ തലശേരി. നാരായണഗുരു കണ്ട ഏക സ്വന്തം പ്രതിമയും തലശേരിയിലാണല്ലോ ഉള്ളത്‌. ആ പ്രതിമ സ്ഥിതിചെയ്യുന്നിടത്താണ്‌ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രം.
നാരായണഗുരുവിന്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ജഗന്നാഥക്ഷേത്രത്തിലെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രൊഫസർ നബീസാ ഉമ്മാളിനെ ക്ഷണിച്ചു. പുരോഗമന ചിന്തയുടെ തെളിഞ്ഞ മുഖം മതാന്ധതയുടെ പർദ്ദകൊണ്ട്‌ മറയ്ക്കാത്ത നബീസാ ഉമ്മാൾ അവിടെ എത്തി പ്രഭാഷണം നടത്തി.

കേരള നിയമസഭാംഗമായും നെടുമങ്ങാട്‌ നഗരസഭാധ്യക്ഷയായും യൂണിവേഴ്സിറ്റി കോളജ്‌ പ്രിൻസിപ്പലായും ശോഭിച്ച നബീസാ ഉമ്മാളിന്റെ പ്രസംഗം വിജ്ഞാനപ്രദവും അത്യാകർഷകവുമാണ്‌. വിവിധ മതങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ പ്രസംഗിക്കുവാനുള്ള നബീസാ ഉമ്മാളിന്റെ പ്രാഗത്ഭ്യം പ്രസിദ്ധവുമാണ്‌. എന്നാൽ ജഗന്നാഥക്ഷേത്രത്തിലെ പ്രസംഗം നന്നായിരുന്നെങ്കിൽ കൂടിയും ഹിന്ദുവർഗീയ വാദികളെ ചൊടിപ്പിക്കാൻ അത്‌ പര്യാപ്തമായി. മതവിമർശനമൊന്നും നബീസാ ഉമ്മാളിന്റെ പ്രസംഗത്തിൽ അധികമുണ്ടാവാറില്ല. മതഗ്രന്ഥങ്ങളിലെ നന്മകൾ മാത്രമാണ്‌ അവർ എപ്പോഴും ഉയർത്തിക്കാട്ടാറുള്ളത്‌. മറ്റ്‌ മതങ്ങളിൽ നന്മയുണ്ട്‌ എന്ന്‌ പറഞ്ഞാൽപോലും തിളച്ച വെള്ളം ശരീരത്തിൽ വീണതായേ മതാന്ധവിശ്വാസികൾക്ക്‌ തോന്നൂ. അവർ ക്ഷേത്രപരിസരത്ത്‌ പ്രവേശനം ഹിന്ദുക്കൾക്ക്‌ മാത്രം എന്നു രേഖപ്പെടുത്തിയ ഒരു ഫലകം സ്ഥാപിച്ചു. പണ്ട്‌ മുഹമ്മദീയർക്ക്‌ പ്രവേശനമില്ലെന്ന ഒരു ഫലകം അവിടെയുണ്ടായിരുന്നത്രെ. ആനന്ദതീർഥൻ ഉപവാസമാരംഭിച്ചു. അതിനെ തുടർന്ന്‌ ഹിന്ദുവർഗീയവാദികൾ സ്ഥാപിച്ച മനുഷ്യവിരുദ്ധ ഫലകം എടുത്തുമാറ്റുകയാണുണ്ടായത്‌.
മുസ്ലിം ആരാധനാലയങ്ങളിൽ പ്രവേശനം നിസ്കാരമുള്ളവർക്ക്‌ മാത്രം എന്ന്‌ പലയിടത്തും എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ അർഥം ചരിത്രവും ശിൽപചാതുരിയും ആശ്ലേഷിച്ചു നിൽക്കുന്ന ആരാധനാലയത്തിൽ മറ്റ്‌ മതവിശ്വാസികൾക്ക്‌ പ്രവേശനമില്ലെന്നുതന്നെയാണ്‌.

കമലാസുരയ്യയുടെ മൃതശരീരം പാളയം പള്ളിക്കുള്ളിൽ വച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു. വാതിലിൽ നിന്ന ഒരു സഹോദരൻ മയ്യത്തു നമസ്കാരത്തിനു വന്നതാണോ എന്ന്‌ ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഖബർ സ്ഥാനിലേക്ക്‌ വിരൽചൂണ്ടിയിട്ട്‌ അവിടെ പോയി നിൽക്കൂ ഇപ്പോൾ അങ്ങോട്ടുകൊണ്ടുവരും എന്ന്‌ പറഞ്ഞ്‌ എന്നെ തിരിച്ചയച്ചു. കോളജ്‌ വിദ്യാർഥിയായിരുന്നപ്പോൾ സഹപാഠികളോടൊപ്പം വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്‌. ഒരു വിലക്കും അന്നില്ലായിരുന്നു. മാപ്പിള രാമായണം പിറന്ന കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ സാരമായ പരിക്ക്‌ പറ്റിയിട്ടുണ്ട്‌.

കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്രം ഉള്ളതായിരുന്നില്ല. അന്ധവിശ്വാസങ്ങൾ, വിദ്യാവിഹീനത, വഴിനിരോധനം തുടങ്ങി അനവധി അനീതികൾക്കെതിരെയുള്ള സാംസ്കാരിക സമരമായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്നത്‌ ജാതിയായിരുന്നു.

ജാതീയത മനുഷ്യവിരുദ്ധമാണ്‌. അത്‌ മനുഷ്യനിൽ അനീതിയും അപകർഷതയും കുത്തിവയ്ക്കുന്നു.പുതിയ കാലം വർണക്കുപ്പായമണിഞ്ഞ്‌ ജാതീയത തിരിച്ചുവരുന്നുണ്ട്‌ എന്ന ആശങ്കയുണ്ടാക്കുന്നതാണ്‌. അന്ധതയുടെ ഇരുട്ട്‌ വ്യാപിക്കുന്നതിനെതിര ജാഗ്രതയോടെ ഇരിക്കാൻ നവോത്ഥാന സദസുകൾ കേരളീയരെ ഓർമിപ്പിച്ചു.

Wednesday, 19 October 2016

വാൽനരനിൽനിന്നും നരനിലേയ്ക്ക്‌മറ്റു മനുഷ്യരോട്‌ നിന്ദ്യമായി പെരുമാറാനും അവരെ മനുഷ്യരായി ജീവിക്കുന്നതിൽ നിന്നും തടയാനും സമൂഹത്തെ പഠിപ്പിച്ചത്‌ ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയാണ്‌. ഒരു വിഭാഗം ആളുകൾക്ക്‌ പണിയെടുക്കാതെ ജീവിക്കാൻ വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ കുതന്ത്രമാണ്‌ ജാതി വ്യവസ്ഥ. അതിന്റെ വൈഷമ്യങ്ങൾ ഇന്നും തുടരുകയാണല്ലോ.

ജാതിവാൽ അഭിമാനമല്ല. അപമാനമാണ്‌.

മാതാപിതാക്കൾ പേരിനോടൊപ്പം വിളക്കിച്ചേർത്തുവച്ച ജാതിവാൽ ഉപേക്ഷിക്കാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. പേരുമാറ്റുവാനുള്ള നടപടികൾക്കായി ഗസറ്റിൽ പരസ്യപ്പെടുത്തുകയും പരസ്യപ്പെടുത്തിയ ഗസറ്റിന്റെ കോപ്പി എസ്‌എസ്‌എൽസി ബുക്കിൽ ഒട്ടിച്ചുവയ്ക്കുകയും ചെയ്യണം. പിന്നീട്‌ ഒരു രേഖയിലും ജാതിപ്പേര്‌ എഴുതേണ്ട ആവശ്യം ഇല്ല. പേരുമാറ്റുന്നതിലൂടെയാണ്‌ ജാതിവാൽ ചുട്ടുകളയുന്നത്‌.

കൃഷ്ണൻ എന്നത്‌ നിരുപദ്രവകരമായ ഒരു പേരാണ്‌. ആ പേര്‌ ഇന്ത്യൻ പുരാണത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ഓർമിപ്പിക്കും. പ്രണയാസക്തിയും കള്ളവും ചതിയും ഒക്കെയുള്ള ഒരു കഥാപാത്രമാണ്‌ കൃഷ്ണൻ. കൃഷ്ണൻ ഒരു ഹിന്ദുമത ആത്മീയാചാര്യനല്ല. എന്നാൽ കൃഷ്ണൻ എന്ന നാമത്തിനോടൊപ്പം നമ്പൂതിരി, നമ്പ്യാർ, നായർ, വാര്യർ, കൈമൾ, തിരുമുൽപ്പാട്‌, വർമ, ശർമ, കുറുപ്പ്‌ തുടങ്ങിയ ജാതിപ്പേരുകൾ ചേർത്താൽ ചിത്രം മാറും. അത്‌ ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി വ്യവസ്ഥയെ ഓർമിപ്പിക്കും.

ജാതി വാൽ പേരിനോടൊപ്പമുളളവർ ജാത്യാഭിമാനികളല്ലെങ്കിൽപ്പോലും ജാതിപ്പേര്‌ ചരിത്രത്തിലെ നിന്ദ്യമുഹൂർത്തങ്ങളെ ഓർമിപ്പിക്കും.

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയോ മതമോ ചേർക്കേണ്ടതില്ല. അതിന്‌ നിയമപരമായ പരിരക്ഷയുണ്ട്‌. ഇതിനെക്കുറിച്ച്‌ അറിഞ്ഞുകൂടാത്ത സ്കൂൾ അധികൃതർ കുട്ടികൾക്ക്‌ ജാതിപ്പേര്‌ അടിച്ചേൽപ്പിക്കുന്നുണ്ട്‌. നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസിലും ശരീരത്തിലും പുരട്ടുന്ന മാലിന്യമാണത്‌. എല്ലാ മെയ്‌ മാസങ്ങളിലും സ്കൂൾ പ്രവേശനത്തിന്‌ ജാതി ചേർക്കേണ്ടതില്ല എന്ന അറിയിപ്പ്‌ സ്കൂൾ അധികൃതർക്ക്‌ നൽകാൻ വിദ്യാഭ്യാസ വകുപ്പ്‌ ശ്രദ്ധിക്കണം. സ്കൂൾ പ്രവേശനകാലത്ത്‌ ഇതുസംബന്ധിച്ചുള്ള അറിയിപ്പ്‌ രക്ഷകർത്താക്കൾ ശ്രദ്ധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം.

എസ്‌എസ്‌എൽസി ബുക്കിൽ നിന്ന്‌ ജാതി എടുത്തുമാറ്റുവാനുള്ള സംവിധാനം ഇപ്പോൾ ഇല്ല. മതം മാറ്റവും മറ്റും അനുവദനീയമാണ്‌. ഒരു വ്യക്തി ഏതെങ്കിലും മതത്തിൽ നിന്ന്‌ ഹിന്ദുമതത്തിലേക്ക്‌ പോവുകയാണെങ്കിൽ അത്‌ അംഗീകരിക്കപ്പെടുന്നതിനായി കേരള ഹിന്ദു മിഷൻ, ഓൾ ഇന്ത്യ ദയാനന്ദ സാൽവേഷൻ മിഷൻ, ആര്യസമാജം, അഖിലഭാരത അയ്യപ്പ സേവാ സംഘം, ശ്രീരാമദാസ മിഷൻ എന്നിവയുടെ സാക്ഷ്യപത്രം വേണ്ടതാണ്‌. ഇസ്ലാം മതത്തിലേക്കാണ്‌ പോവുന്നതെങ്കിൽ പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം അസോസിയേഷൻ, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്ലാം എന്നീ സംഘടനകളുടെ സാക്ഷ്യപത്രം വേണം. ക്രിസ്തുമതത്തിലേക്കാണ്‌ പോകുന്നതെങ്കിൽ ക്രിസ്ത്യൻ ദേവാലയ സഭകളിൽ നിന്നുമുള്ള മാമോദീസ സർട്ടിഫിക്കറ്റ്‌ വേണം.

സെക്കുലർ ഭരണഘടനയുള്ള ഒരു രാജ്യത്ത്‌ ജാതിയും മതവും നിയമപരമായിത്തന്നെ ഉപേക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടാകേണ്ടതാണ്‌. തഹസീൽദാരുടേയോ വില്ലേജാഫീസറുടേയോ മുൻപാകെ ജാതിമതങ്ങൾ ഉപേക്ഷിച്ചതായുള്ള സത്യവാങ്മൂലം നൽകി വർഗീയതയിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ ഒരുക്കേണ്ടതാണ്‌. മതസംഘടനകൾക്ക്‌ മതത്തിൽ ചേർക്കാനുള്ള അംഗീകാരം നൽകിയിട്ടുള്ളതുപോലെ മതരാഹിത്യം രേഖപ്പെടുത്തി സാക്ഷ്യപത്രം നൽകാനുളള നിയമപരമായ അംഗീകാരം യുക്തിവാദിസംഘടനകൾക്കോ ലൈബ്രറി കൗൺസിലിനോ നൽകാവുന്നതാണ്‌.

ജാതിയിൽ നിന്നും പുറത്തുകടക്കുവാനുള്ള വാതിലുകൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ സമൂഹത്തെ മനുഷ്യസമൂഹമാക്കി മാറ്റാൻ സാധിക്കുകയുള്ളു.

നൂറ്റാണ്ടുകളായി പീഡനത്തിനിരയായിട്ടുള്ള ദളിത്‌ സമൂഹത്തെ ഭരണത്തിൽ പങ്കാളികളാക്കുകയും സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിൽ എത്തിക്കുകയും വേണം. ഹിന്ദുമതം ചെയ്ത പാപപരിഹാരത്തിനായി അവരുടെ ജാതിസംബന്ധിച്ച വിശദവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും സംവരണാനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. ദളിതർ മുൻപന്തിയിൽ എത്തിയാലുടൻ അംബേദ്ക്കർ വിഭാവന ചെയ്തതുപോലെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കുകയും വേണം.

ജാതിവാൽ ഒഴിവാക്കി പേര്‌ ഗസറ്റിൽ പരസ്യം ചെയ്യുവാൻ 1500 രൂപയാണ്‌ ഫീസായി ഒടുക്കേണ്ടത്‌. അപേക്ഷാഫാറങ്ങൾ തിരുവനന്തപുരത്തെ ഗവൺമെന്റ്‌ സെൻട്രൽ പ്രസിലും എല്ലാ ജില്ലാ ഫാറം സ്റ്റോറുകളിലും ലഭ്യമാണ്‌. ജാതിവാലിനോട്‌ പ്രതിപത്തിയില്ലാത്ത ഒരു നിലപാടാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുളളത്‌ എന്നതും വാൽമുറിക്കുന്നതിന്‌ പ്രേരണയാകേണ്ടതാണ്‌.

ജാതിവാൽ മുറിച്ചെന്നു കരുതി ജാതിയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല. ആ മാലിന്യം മനസിൽ നിന്നും കുടുംബജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ സമൂഹത്തിൽ നിന്നും വർഗീയ വൃത്തികേടുകളേയും മൗലികവാദത്തിൽ നിന്നും ഉയിർക്കൊള്ളുന്ന ഭീകരതയേയും ഒഴിവാക്കാൻ കഴിയൂ.

Friday, 7 October 2016

വായനാശീലം പൂജ വയ്ക്കരുത്‌ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ്‌ ദുർഗാപൂജ. കേരളത്തിലുള്ളതിനേക്കാൾ സവിശേഷമായ ആഘോഷരീതികളാണ്‌ കർണാടകത്തിലും ബംഗാളിലും മറ്റുമുളളത്‌. ഹിന്ദുമത വിശ്വാസികളുടെ ആഘോഷമെന്നാൽ സവർണഹിന്ദുവിന്റെ ആഘോഷം എന്നേ അർഥമുള്ളു. ദുർഗാപൂജക്കാലത്ത്‌ കൃഷിക്കാർ അവരുടെ പണിയായുധങ്ങളും യോദ്ധാക്കൾ യുദ്ധോപകരണങ്ങളും സാഹിത്യ പ്രവർത്തകർ പുസ്തകങ്ങളും പേനയും പൂജവയ്ക്കുന്നതാണ്‌ ഒരു ആചാരം. ഈ ദിവസങ്ങളിൽ വായിക്കാൻ പാടില്ല.

മഹാനവമി ദിവസം വീടുകളിൽ പത്രം വരുന്ന നാടാണ്‌ കേരളം. അതിനാൽ വായിക്കാതിരിക്കാൻ കഴിയില്ല. എന്നിലെ സന്ദേഹി രൂപപ്പെട്ടുവന്നകാലത്ത്‌ പൂജവച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ റഷ്യയിൽ അച്ചടിച്ച കമ്യൂണിസ്റ്റു മാനിഫെസ്റ്റോയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. പൂജിച്ച പുസ്തകപ്പൊതി തിരിച്ചുകിട്ടിയപ്പോൾ ഞാനാദ്യം നോക്കിയത്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അതിൽത്തന്നെ ഉണ്ടോ എന്നായിരുന്നു. ദൈവം അത്‌ എടുത്ത്‌ കത്തിച്ചുകളഞ്ഞിട്ടില്ലായിരുന്നു.

മഹാനവമി ദിവസം പുസ്തകം ഉറക്കെ വായിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. പുസ്തകങ്ങൾ പൂജവച്ചിരിക്കുന്ന ദിവസം എഴുതാനും വായിക്കാനും ഏറ്റവും പറ്റിയ ദിവസമാണ്‌ എന്ന എന്റെ നിലപാട്‌ നടപ്പിലാക്കാൻ ശ്രമിച്ച ഒരു കൂട്ടുകാരനെ അയാളുടെ പിതാവ്‌ തല്ലിയത്‌ ഓർക്കുന്നു.

വിചിത്രമായ കുമാരീ പൂജ ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്‌. കാര്യസാധ്യത്തിനായി ബ്രാഹ്മണ കന്യകയേയും വിജയത്തിനായി ക്ഷത്രിയ കന്യകയേയും ലാഭത്തിനായി വൈശ്യ ശൂദ്രകന്യകമാരേയും പൂജിക്കാം. പത്തു വയസുള്ള ഉന്നതകുലജാതരായ പെൺകുട്ടികളെയാണ്‌ പൂജിക്കുന്നത്‌. ശൂദ്രനും വൈശ്യനും ക്ഷത്രിയനും തങ്ങളുടെ ജാതിയിൽപ്പെടുന്നതും ബ്രാഹ്മണകുലത്തിൽപ്പെടുന്നതുമായ കന്യകമാരെ പൂജിക്കാം. എന്നാൽ ബ്രാഹ്മണർക്ക്‌ ബ്രാഹ്മണ കന്യകയെ ഒഴിച്ച്‌ മറ്റാരേയും പൂജിക്കാൻ പാടില്ല. ഈ പൂജാവിധികളിലൊന്നും ദളിതർ പെടുന്നില്ല.

വിദ്യാരംഭത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്‌. സവർണ ഹിന്ദുക്കളിലെ ആൺകുട്ടികളെയാണ്‌ ഹരിശ്രീഗണപതയേ നമഃ എന്ന ഹൈന്ദവ മന്ത്രം എഴുതിപ്പിക്കുന്നത്‌. അവിടെയും ദളിതർ ഇല്ലായിരുന്നു. വിദ്യാരംഭത്തിന്റെ ഏറ്റവും വലിയ അയുക്തി നിർബന്ധപൂർവം എഴുത്തിനിരുത്തിന്‌ ഇരയാകുന്ന കുട്ടികൾക്ക്‌ അതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ്‌.

പോളിയോ വരാതിരിക്കാനുള്ള തുള്ളിമരുന്ന്‌ സ്വീകരിക്കേണ്ടി വരുന്ന കുട്ടികൾക്ക്‌ അതിന്റെ പ്രയോജനമുണ്ട്‌. എന്നാൽ വിദ്യാരംഭം കൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. താൽക്കാലിക എഴുത്താശാന്മാരുടെ മടിയിലിരുന്ന്‌ അലറിക്കരയുന്ന കുഞ്ഞുങ്ങൾ പിറ്റേ ദിവസം പത്രങ്ങളിലെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രങ്ങളാണ്‌. പത്രമാപ്പീസുകളുടെ മുന്നിലും അമ്പലപ്പറമ്പുകളിലും പിഞ്ചുകുഞ്ഞുങ്ങളെ പരസ്യമായി പീഡിപ്പിക്കുന്ന എഴുത്താശാന്മാർക്ക്‌ വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയേ ഉണ്ടാകാൻ തരമുള്ളു.

മലയാളത്തിൽ അക്ഷരം എഴുതിപ്പിച്ചിട്ട്‌ ഇംഗ്ലീഷ്‌ മീഡിയം ശിശുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ചേർക്കാൻ കൊണ്ടുപോകുന്ന രക്ഷകർത്താക്കൾ മറ്റൊരു ഫലിതമാണ്‌. വിദ്യാരംഭം വേറെ, വിദ്യാഭ്യാസം വേറെ എന്ന നിലപാടാണ്‌ അവർക്കുള്ളത്‌.

എന്തായാലും നവമാധ്യമങ്ങളിലെ വായന മുടങ്ങുന്നില്ല. പുസ്തകം പൂജ വച്ചിട്ടുള്ളവർ പോലും ഇന്റർനെറ്റിനു മുന്നിൽ വായിക്കാൻ വേണ്ടി ഇരിക്കുന്നുണ്ട്‌. നമ്മുടെ വായനാശീലം പൂജ വയ്ക്കാനുള്ളതല്ല. കൂടുതൽ കൂടുതൽ ഉത്തേജിപ്പിക്കാനുള്ളതാണ്‌.

വിദ്യാരംഭത്തിലെ സവർണഹിന്ദു ചരിത്രം കീഴാള ജനത തിരിച്ചറിയേണ്ടതാണ്‌. ബ്രാഹ്മണ്യത്തിനു പിന്നാലെ പോകുന്നത്‌ അഭികാമ്യം അല്ല.

Saturday, 1 October 2016

ക്ഷയചന്ദ്രന്‍


കരയ്ക്കില്ല,കായലിന്‍റെ
അക്കരേമില്ല
നടുക്കില്ല, പായലിന്‍റെ
പുതപ്പിലില്ല
എവിടെപ്പോയ് ക്ഷയരോഗി
മെലിഞ്ഞ ചന്ദ്രന്‍ ?

പടിഞ്ഞാറെ രക്തലാബിന്‍
വരാന്തേലില്ല
കിഴക്കത്തെ ആശുപത്രി-
ക്കിടക്കേലില്ല
എവിടെപ്പോയ് ക്ഷയരോഗി
വിളര്‍ത്ത ചന്ദ്രന്‍?

തിരക്കേണ്ട മനുഷ്യാ നീ
രോഹിണിത്താരം
കിടക്കുന്ന മുറിക്കുള്ളില്‍
അവനെ കാണാം.

പ്രണയത്തിന്‍ ശൃംഗമാകും
രതിക്കു മുന്നില്‍
ക്ഷയക്ഷീണം ഫലിക്കാത്ത
ഫലിതം മാത്രം.
- കുരീപ്പുഴ ശ്രീകുമാര്‍ 

Friday, 23 September 2016

ധീര രക്തസാക്ഷി നങ്ങേലിയുടെ സ്മാരക ശിൽപ്പം വേണം


പുരുഷമേൽക്കോയ്മയുടെ പതാക പാറുന്ന കേരളീയ സമൂഹത്തിൽ സ്ത്രീശരീരം എക്കാലവും ഒരു വിചാരണവസ്തു ആയിരുന്നു. മേൽവസ്ത്രം ധരിക്കാമോ മറക്കുടയില്ലാതെ നടക്കാമോ, പൊതുസ്ഥലങ്ങളിൽ ഇടപെടാമോ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാമോ തുടങ്ങി അനേകം വിചാരണകളാണ്‌ സ്ത്രീസമൂഹം നേരിട്ടത്‌.

കീഴാള സ്ത്രീകൾക്കാണെങ്കിൽ കൂടുതൽ വിലക്കുകൾ പൊതുസമൂഹം കൽപ്പിക്കുകയുണ്ടായി. മറക്കുടയോ പുതപ്പോ ഉപയോഗിച്ച്‌ പുറത്തിറങ്ങാൻ പാടില്ലായിരുന്നു. മേൽവസ്ത്രം ധരിക്കാൻ ഒരു കാരണവശാലും പാടില്ലായിരുന്നു. പണിയെടുത്താൽ കൂലിയില്ലായിരുന്നു. തമ്പുരാക്കന്മാരുടെ ലൈംഗികാക്രമണവും സാധാരണയായിരുന്നു.
മണ്ണാപ്പേടി, പുലപ്പേടി എന്നിവ സവർണ കുടുംബങ്ങളിൽ പിറന്നുപോയ സ്ത്രീകൾക്കെതിരെ പ്രയോഗിച്ച നെറികേടുകൾ ആയിരുന്നു. ഉത്തരകേരളത്തിൽ ഉണ്ടായിരുന്ന പഴുക്കയേറും പിറന്ന വീട്ടിൽ നിന്നും പെണ്ണിനെ പുറത്താക്കാനുള്ള അടവായിരുന്നു.

ഇതിൽ ഏറ്റവും നീചമായി കണക്കാക്കേണ്ടത്‌ കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള മുലകൾക്ക്‌ നികുതി കൊടുക്കണം എന്നുള്ളതായിരുന്നു. സവർണവിഭാഗത്തിൽപ്പെടുന്ന സ്ത്രീകളെ ഈ വിചിത്ര നികുതിയിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു. അടിസ്ഥാനവർഗത്തിൽപ്പെട്ട സ്ത്രീകൾക്ക്‌ മാത്രം നൽകേണ്ടിയിരുന്ന ഈ നികുതിക്കെതിരെ പെൺമനസുകളിൽ രോഷം ആളിക്കത്തിയിരുന്നു.

മേൽവസ്ത്രം ധരിക്കാൻ പാടില്ല എന്ന ദുരാചാരം ഒരു സദാചാരമായിത്തന്നെ കുടുംബങ്ങളിൽ നടപ്പാക്കുവാൻ മുതിർന്ന സ്ത്രീകൾ തന്നെ ശ്രദ്ധിച്ചിരുന്നു. സി വി കുഞ്ഞിരാമന്റെ ഭാര്യ പകൽസമയത്ത്‌ റൗക്കയിട്ടതിന്‌ അവരുടെ അമ്മ തല്ലിയത്‌ സദാചാരത്തിന്റെ വനിതാ പൊലീസായി സ്ത്രീകൾ പ്രവർത്തിച്ചുവെന്നതിന്‌ തെളിവാണ്‌. ഭർത്താവിനോടൊപ്പം ചിലവഴിക്കേണ്ട രാത്രികാലങ്ങളിലായിരുന്നു അവർ മാറുമറയ്ക്കാനുള്ള വസ്ത്രം ധരിച്ചിരുന്നത്‌.

മേൽക്കുപ്പായവും ആഭരണവും ധരിക്കാൻ വേണ്ടി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലത്തുതന്നെ പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്‌ ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക്‌ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു. ഉടുപ്പിടാൻ വേണ്ടി നടത്തിയ പെരിനാട്‌ കലാപവും ആ കലാപഭൂമിയിൽ വച്ച്‌ നഷ്ടപ്പെട്ടുപോയ ഗോപാലദാസും കീഴാളചരിത്രത്തിലെ പ്രധാന ഏടുകളാണ്‌. വെങ്ങാനൂരിൽ നിന്നും അയ്യങ്കാളി വില്ലുവണ്ടിയിൽ റൗക്കകളുമായി വന്നാണ്‌ പെരിനാട്‌ കലാപം വിജയകരമായി അവസാനിപ്പിച്ചത്‌.

ചേർത്തലയിലെ നങ്ങേലിയാണ്‌ മുലക്കരത്തിനെതിരെ പ്രതിഷേധിച്ച്‌ രക്തസാക്ഷിത്വം വരിച്ചത്‌. കരംപിരിക്കാൻ വന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുന്നിൽ നിലവിളക്ക്‌ കത്തിച്ചുവച്ച്‌ തൂശനിലയും ഇട്ടു. നങ്ങേലി സ്വന്തം മാറ്‌ അരിവാൾകൊണ്ട്‌ അറുത്ത്‌ ആ ഇലയിൽ വയ്ക്കുകയും പിന്നോട്ട്‌ മറിഞ്ഞുവീണ്‌ മരിക്കുകയും ചെയ്തു. അവരുടെ ഭർത്താവ്‌ കണ്ടൻ നങ്ങേലിയുടെ ചിതയിൽ ചാടി മരിച്ചു.

മനക്കേടം കേശവൻ വൈദ്യരുടെ വൈദ്യശാലയുടെ പിറകിലായിരുന്നു നങ്ങേലിയുടെ വീട്‌. കേരളചരിത്രത്തിൽ ചോരകൊണ്ടെഴുതിയ ഈ സംഭവം അവിടെയാണുണ്ടായത്‌. പിന്നീട്‌ ഈ സ്ഥലം മുലച്ചിപ്പറമ്പ്‌ എന്ന്‌ അറിയപ്പെട്ടു. 1803ൽ ആയിരുന്നു ഈ സംഭവം. നങ്ങേലിയുടെ കൊച്ചുമകൾ ലീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. മുലച്ചിപ്പറമ്പ്‌ ക്രമേണ മനോരമക്കവലയായി.

സ്ത്രീകളുടെ മാനം രക്ഷിക്കാൻ വേണ്ടി നങ്ങേലി ചെയ്ത ഈ ധീരപ്രവർത്തനത്തിന്‌ സമാനതകൾ ഇല്ല. അന്ന്‌ തിരുവിതാംകൂർ ഭരിച്ചിരുന്നത്‌ സേതു പാർവതിഭായി എന്ന സ്ത്രീയായിരുന്നിട്ടും മുലക്കരം നീക്കം ചെയ്തില്ല. ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത ഈ നികുതിയും നങ്ങേലിയുടെ രക്തസാക്ഷി
ത്വവും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂലം തിരുനാൾ രാമവർമ രാജാവാണ്‌ മുലക്കരം പിൻവലിച്ചത്‌.

സ്ത്രീശാക്തീകരണ ചരിത്രത്തിൽ ചോരച്ചിത്രമെഴുതിയ ഈ സംഭവം നടന്ന സ്ഥലത്ത്‌ നങ്ങേലിയുടെ പ്രവൃത്തിയെ ആസ്പദമാക്കിയുള്ള ശിൽപ്പം സ്ഥാപിക്കണമെന്നാണ്‌ പുരോഗമനവാദികൾ ആവശ്യപ്പെടുന്നത്‌. അഞ്ച്‌ ചതുരശ്രമീറ്റർ സ്ഥലം മാത്രമേ ഇതിനാവശ്യമായിട്ടുള്ളൂ. നങ്ങേലിയുടെ ഈ ധീരപ്രവൃത്തിയെ ടി മുരളിയെന്ന ചിത്രകാരൻ കാൻവാസിലാക്കിയിട്ടുണ്ട്‌. അതിനെ ആസ്പദമാക്കി ശിൽപ്പം നിർമിക്കാവുന്നതാണ്‌. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള എന്‍ എം ശശിയുടെ നിവേദനം സ്ഥലത്തെ നിയമസഭാംഗം കൂടിയായ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ മേശപ്പുറത്തുണ്ട്‌. സമരത്തിന്റെ തീനാളങ്ങളിലൂടെ നടന്നുവന്ന മന്ത്രി അനുകൂലമായി പരിഗണിക്കുമെന്നുതന്നെ കരുതുന്നു.

നങ്ങേലിക്ക്‌ സ്മാരകം വേണമെന്ന ആവശ്യത്തിന്‌ നവമാധ്യമങ്ങളിൽ വലിയ സ്വീകാ
ര്യത ലഭിച്ചിട്ടുണ്ട്‌. ഒറ്റദിവസം കൊണ്ടുതന്നെ ആയിരത്തോളം ആളുകൾ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ ലൈക്ക്‌ ചെയ്യുകയും നാനൂറിലധികം ആളുകൾ സ്വന്തം പേജുകളിലേയ്ക്ക്‌ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. അഭിമാനികളായ മലയാളികൾ നങ്ങേലിയോട്‌ കടപ്പെട്ടിരിക്കുന്നു.

Sunday, 11 September 2016

ഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രമല്ല


ഗുരുമന്ദിരത്തെ ക്ഷേത്രമായി കാണാനാവില്ലെന്ന്‌ കേരള ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നു. നാരായണഗുരു സാമൂഹികപരിഷ്കർത്താവും വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തയാളുമാണെന്നും ദൈവത്തിന്റെ അവതാരമല്ലെന്നുമുള്ള മുൻ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.ആലപ്പുഴ ജില്ലയിലെ കരുമാടിയിലെ നാലു സെന്റ്‌ വസ്തു ലേലത്തിൽ പിടിച്ചവർക്ക്‌ വിട്ടുകൊടുക്കണം എന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌ ഹൈക്കോടതി ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടുള്ളത്‌.

ഭാവികേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വഴിവികസനതടസം നാരായണഗുരു ക്ഷേത്രങ്ങളായിരിക്കും. ഒരു സാധാരണ ഹിന്ദുക്ഷേത്രത്തിന്റെ എല്ലാ പകിട്ടുകളോടും കൂടിയാണ്‌ ഗുരുക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്‌. അമാനുഷികമായ ഒരു കഴിവും ഇല്ലാതിരുന്ന, മലയാളത്തിലെ പ്രമുഖ ബഹുഭാഷാകവിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു നാരായണഗുരു. ഗുരുവിനെത്തന്നെ ദൈവമാക്കി സാധാരണ ഹിന്ദുക്ഷേത്രങ്ങളിലെ വഴിപാടുകളും നേർച്ചപ്പെട്ടിയും സ്ഥാപിച്ച്‌ അദ്ദേഹത്തെ നിന്ദിക്കുകയാണല്ലോ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന്‌ ഉദ്ഘോഷിച്ച അദ്ദേഹത്തിന്റെ അനുയായികൾ എന്ന്‌ അവകാശപ്പെടുന്നവർ നമ്പൂതിരി മുതൽ നായാടിവരെയുള്ളവരെ ജാതീയമായി സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ ഏറ്റവും വലിയ ഗുരുനിന്ദ ആയിരുന്നു. അവർ തന്നെയാണ്‌ ഗുരുക്ഷേത്രങ്ങളുണ്ടാക്കി അവിടെ ചതയദിന പൂജയും മറ്റും ഏർപ്പെടുത്തിയിട്ടുള്ളത്‌.

പൊതുവഴികൾക്കരികിലുള്ള ക്ഷേത്രങ്ങൾ ഒഴിവാക്കണമെന്ന സുപ്രിം കോടതിയുടെ നിർദേശം പോലും പാലിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല. എത്ര വഴികളാണ്‌ പുറമ്പോക്കു ദൈവങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ അടയപ്പെട്ടിരിക്കുന്നത്‌. തലസ്ഥാന നഗരിയിലെ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ ഹാളിനടുത്തുള്ള ഒരൊറ്റ ക്ഷേത്രം മാറ്റിസ്ഥാപിച്ചാൽ പ്രധാന റോഡിലെ വലിയ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ കഴിയും. അതുപോലും സാധിക്കാത്ത കേരളത്തിലാണ്‌ വഴിയരികിൽ നാരായണഗുരു ക്ഷേത്രങ്ങൾ ഉണ്ടായിവരുന്നത്‌.

കൊല്ലം നഗരത്തിൽ കപ്പലണ്ടി മുക്കിൽ ഉണ്ടായിരുന്ന ക്ഷേത്രം മേയറുടെ ഇടപെടൽ മൂലം മാറ്റി സ്ഥാപിച്ചു. അതോടുകൂടി അവിടെ വലിയ വികസനമാണ്‌ ഉണ്ടായത്‌. കടുംപിടുത്തം ഉപേക്ഷിച്ച്‌ ക്ഷേത്രം മാറ്റാൻ തയാറായ ക്ഷേത്രഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നു.

1917 ൽ നാരായണഗുരു നൽകിയ സന്ദേശത്തിൽ ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്‌ എന്ന്‌ കൃത്യമായും പറഞ്ഞിട്ടുണ്ട്‌. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചുചേർക്കുവാൻ ക്ഷേത്രങ്ങൾ വഴി കഴിയുമെന്ന്‌ കരുതിയിരുന്നുവെന്നും അനുഭവം നേരേമറിച്ചാണെന്നും ആ സന്ദേശത്തിലുണ്ട്‌. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നുവെന്ന്‌ ഈ സന്ദേശത്തിൽ നാരായണഗുരു നിരീക്ഷിക്കുന്നു. ജനങ്ങൾക്ക്‌ നിർബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ നിർമിച്ചുകൊള്ളാൻ അദ്ദേഹം അനുവദിക്കുന്നുമുണ്ട്‌. അങ്ങനെയാണെങ്കിൽ നാരായണഗുരുവിന്റെ അനുയായികൾ എന്നു പറഞ്ഞുനടക്കുന്നവർ നേതൃത്വം കൊടുക്കുന്ന വമ്പൻ അമ്പലങ്ങളെ എങ്ങനെയാണ്‌ സാധൂകരിക്കാൻ കഴിയുക!

ക്ഷേത്രങ്ങളുണ്ടാക്കി അതിൽ തന്റെ പ്രതിമതന്നെ സ്ഥാപിച്ച്‌ കർപ്പൂരം കൊളുത്തി പൂജിക്കണമെന്ന്‌ അടുത്ത അനുയായികളോടുപോലും ഗുരുപറഞ്ഞിട്ടില്ല. നാരായണഗുരു കണ്ടിട്ടുള്ള ഒറ്റ പ്രതിമയേ അദ്ദേഹത്തിന്റേതായി കേരളത്തിലുള്ളു. അത്‌ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്രതിമയാണ്‌. ആ പ്രതിമ കണ്ടപ്പോൾ സരസനായ ഗുരു പറഞ്ഞത്‌, ഇത്‌ കൊള്ളാമല്ലോ ആഹാരമൊന്നും വേണ്ടല്ലോ എന്നായിരുന്നു. പ്രതിമാ നിർമാണത്തെ നർമബോധത്തോടെ കണ്ട ഗുരുവിനെയാണ്‌ ഇപ്പോൾ ദൈവമാക്കിയിരിക്കുന്നത്‌.

ക്ഷേത്രങ്ങൾക്ക്‌ പകരം വിദ്യാലയങ്ങളാണ്‌ ഉണ്ടാക്കേണ്ടത്‌. മനുഷ്യനെ നന്നാക്കാനുള്ള മരുന്ന്‌ അറിവുമാത്രമാണെന്ന്‌ പറഞ്ഞ നാരായണഗുരുവിന്റെ അനുയായികൾ സ്വന്തം പേരിൽ വമ്പൻ ഫീസു വാങ്ങുന്ന ഹൈടെക്‌ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതാണല്ലോ പിൽക്കാലത്ത്‌ കേരളം കണ്ടത്‌. നാരായണഗുരുവിന്റെ സങ്കൽപത്തിൽ കോഴപ്പള്ളിക്കൂടങ്ങൾ ഇല്ലായിരുന്നു.

ഗുരുവിന്റെ പ്രിയ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പറഞ്ഞതുപോലെ ജാതിയും മതവും ദൈവവും മനുഷ്യന്‌ ആവശ്യമില്ലാത്തതാണെങ്കിൽ നാരായണഗുരുവിന്റെ പേരിൽ സ്ഥാപിക്കുന്ന ഗുരുക്ഷേത്രങ്ങൾക്ക്‌ അർഥമില്ലാതെയാകും.
ഗുരുക്ഷേത്രങ്ങൾ മുന്നോട്ടല്ല, പിന്നോട്ടാണ്‌ ജനങ്ങളെ നയിക്കുന്നത്‌. ഗുരുവും ശിഷ്യനും പോരാടിത്തോൽപ്പിച്ച അന്ധവിശ്വാസങ്ങളെ പുനഃസ്ഥാപിക്കുവാനേ ഈ ക്ഷേത്രനിർമാണം ഉതകുകയുള്ളു.

Friday, 26 August 2016

കോണത്തുപുഴയെ കുളിപ്പിച്ചൊരുക്കുമ്പോൾ

പുഴയിൽ കളിക്കുകയല്ലാതെ പുഴയെ കുളിപ്പിക്കാറുണ്ടോ? ഏഴര വെളുപ്പിന്‌ ഉണർന്ന്‌ പുഴയിൽ കുളിച്ച്‌ ഒരുങ്ങി പുറത്തേയ്ക്ക്‌ പോകുന്നയാളുകളുടെ ചിത്രങ്ങ ൾ ഭൂതകാല കേരളത്തിൽ സാധാരണമായിരുന്നു. എന്നാൽ ഇവിടെ പുഴയെത്തന്നെ കുളിപ്പിച്ചൊരുക്കുകയാണ്‌. തുളസിച്ചെടിയെ കരിങ്കല്ലിന്‌ കെട്ടിച്ചുകൊടുക്കുന്ന നാട്ടിൽ അന്ധവിശ്വാസത്തിന്റെ ഭാഗമായി ചില പുഴപൂജകളൊക്കെ നടക്കാറുണ്ട്‌. ഈ അന്ധവിശ്വാസത്തിന്റെ ഉന്നതാവസ്ഥയിലാണ്‌ ശവങ്ങൾ നിറഞ്ഞ ഗംഗാനദി രൂപപ്പെടുന്നത്‌.
കേരളത്തിൽ മലിനമാക്കപ്പെട്ട ഒരു ജലപ്രവാഹത്തെ ശുദ്ധീകരിച്ച്‌, സൗന്ദര്യം വീണ്ടെടുത്ത്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുകയാണ്‌. എറണാകുളം ജില്ലയിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരാണ്‌ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഈ സദുദ്ദ്യമത്തിന്‌ നേതൃത്വം നൽകുന്നത്‌.
എറണാകുളം ജില്ലയുടെ തെക്കേ അതിർത്തിയായ പൂത്തോട്ടയിൽ നിന്നാരംഭിച്ച്‌ പതിനേഴ്‌ കിലോ മീറ്റർ സഞ്ചരിച്ച്‌ ഇരുമ്പനം വെട്ടുവേലിക്കടവു വരെ എത്തിയിരുന്ന പുഴയായിരുന്നു കോണത്തുപുഴ. മുഖം നോക്കാവുന്ന കണ്ണാടിത്തെളിച്ചമുള്ള വെള്ളം ഈ പുഴയിലും ഉണ്ടായിരുന്നു. കുട്ടികൾ നീന്തിത്തുടിക്കുകയും വെള്ളം കുടിക്കുകയും മുതിർന്നവർ കുളി ച്ചു ശുദ്ധരാകുകയും ചെയ്തിരുന്ന പുഴ. ആലുവാപ്പുഴയടക്കം വലിയ രക്തധമനികളുള്ള എറണാകുളം ജില്ലയിലെ സൂക്ഷ്മ ധമനിയായിരുന്നു കോണത്തുപുഴ.
കോണത്തുപുഴയുടെ ഇരുവശത്തും നാലരമീറ്റർ ചുറ്റളവു വരെ എഴുപതിനങ്ങളിൽപ്പെടുന്ന വൻവൃക്ഷങ്ങളും വിവിധതരം ജലപുഷ്പങ്ങളും ഔഷധ സസ്യങ്ങളും നൂറിലധികം ഇനത്തിൽപ്പെടുന്ന ജലജീവികളും മൂന്നു പൂവ്‌ കൃഷി ചെയ്യുന്ന വയലുകളും ഉണ്ടായിരുന്നു. നൂറ്റിനാൽപതോളം പൊതുകുളിക്കടവുകളും ഗ്രാമീണ നടപ്പാതകളും സമൃദ്ധമായ മത്സ്യസമ്പത്തും ഇവിടെ ഉണ്ടായിരുന്നു.
മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകൾ മൂലം പ്ലാസ്റ്റിക്‌ മാലിന്യവും മനുഷ്യമാലിന്യവും പോളപ്പായലുമടക്കം നിറഞ്ഞ്‌ കോണത്തുപുഴ നിശ്ചലയായി. കൃഷിക്കെന്ന പേരിൽ നിർമിച്ച ബണ്ടുകളും പാലങ്ങളും കയ്യേറ്റവും കൂടിയായപ്പോൾ പുഴയുടെ ഒഴുക്ക്‌ പൂർണമായും നിലച്ചു. ഇതിനുപുറമേ ഇന്ത്യ ൻ ഓയിൽ കമ്പനിയിൽനിന്നും പുറത്തേയ്ക്ക്‌ വിടുന്ന മാലിന്യങ്ങളും കോണത്തുപുഴയുടെ ശ്വാസോച്ഛ്വാസം തകർത്തു.
ഈ സാഹചര്യത്തിലാണ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ കോണത്തുപുഴ സംരക്ഷണ സമിതി രൂപീകരിക്കുകയും പുഴശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തത്‌. ആ സഖാക്കളെ അനുമോദിക്കാൻ ചെന്നപ്പോൾ കേട്ടത്‌ കുളിപ്പിച്ചൊരുക്കിയ കോണത്തുപുഴയുടെ സന്തോഷം സംബന്ധിച്ച വാർത്തകളാണ്‌. പുഴവെള്ളത്തിൽ അക്ക്വാമീറ്റർ വച്ച്‌ പരിശോധിച്ച സംഘത്തിന്‌ നേതൃത്വം നൽകിയ റഹിം ആപ്പാഞ്ചിറ പറഞ്ഞത്‌ ഗണ്യമായ തോതിൽ മാലിന്യം കുറഞ്ഞതിനെക്കുറിച്ചാണ്‌. ശുദ്ധീകരിക്കപ്പെട്ട ഇടങ്ങളിൽ ഉള്ളതിനേക്കാൾ നൂറ്‌ മടങ്ങിലധികം മാലിന്യമാണ്‌ ഇനിയും ഈ പുഴയിൽ അവശേഷിക്കുന്നത്‌ എന്നാണ്‌. ഓഗസ്റ്റ്‌ അവസാനിക്കുന്നതോടെ ശുചീകരണ നടപടികൾ പൂർത്തീകരിക്കാനാണ്‌ പി വി ചന്ദ്രബോസിന്റേയും എൻ എൻ സോമരാജന്റേയും നേതൃത്വത്തിലുള്ള സഖാക്കൾ തീരുമാനിച്ചിട്ടുള്ളത്‌. ഓണനിലാവ്‌ നീന്തിത്തുടിക്കുന്ന കോണത്തുപുഴയെ ഇക്കുറി കാണാൻ കഴിഞ്ഞേക്കും. കേരളത്തിന്‌ മുഴുവൻ മാതൃകയാക്കാവുന്ന ഒരു പ്രവർത്തനമാണ്‌ കോണത്തുപുഴ സംരക്ഷണ സമിതി നടത്തുന്നതെന്ന്‌ കവി മണർകാട്‌ ശശികുമാർ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ നദികളും മാലിന്യങ്ങളാലും വിധ്വംസക പ്രവർത്തനങ്ങളാലും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ട്‌ നശിച്ചുകൊണ്ടിരിക്കുകയാണ്‌. പു ഴസംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ ഉണ്ടായേ മതിയാകൂ.

Saturday, 20 August 2016

ഗറില്ലകള്‍വാനവിസ്മയങ്ങല്‍ക്കേതു നേരവും 
പൂവുകൊണ്ടാണഭിവാദ്യമെങ്കിലും 
പൂമരത്തിനു ദൂരരാജ്യങ്ങളില്‍ 
വേരുകൊണ്ടേ ഗറില്ലാ പ്രവര്‍ത്തനം.

പോണ പോക്കില്‍ സുഗന്ധം ചുരത്തുന്ന 
കൂവയെ, നറുനീണ്ടിയെ നോക്കാതെ 
തേനൊളിപ്പിച്ച ചക്കരക്കുട്ടിയെ 
ഏറുകണ്ണിനാല്‍ തൊട്ടുരിയാടാതെ 
വന്‍ കിണറ്റില്‍ മനുഷ്യമാലിന്യം
കണ്ടു കീയാതറച്ചും പകച്ചും 
മാര്‍ഗവിഘ്നകന്‍ പാറക്കരുത്തനെ 
തോക്കു ചൂണ്ടിക്കവച്ചു കടന്നും 
വേരുകള്‍, ഒളിപ്പോരാളികള്‍ ജല-
ജ്വാല തേടിത്തുരന്നു പോകുന്നു.

അപ്പുറത്തേതു ഭാഷയാണെങ്കിലും 
വസ്ത്രധാരണം വേറെയാണെങ്കിലും 
അന്നവും മതപ്രേമവും ജാതിയും 
അന്ധദൈവ വഴക്കവും നീതിയും 
ഭിന്നമെങ്കിലും, ജീവജലത്തിന്റെ 
വര്‍ണ്ണമെന്നും അഭിന്നം ആശാമൃതം.

മണ്ണുടുപ്പുകള്‍ക്കൊക്കെയും കീഴെ 
മുന്നുപാധിയില്ലാതെ ജലാശയം
വന്നു മുത്തുവിന്‍ പ്രാണനാലെന്ന 
വന്ദനത്താല്‍ വിനീതയാകുമ്പോള്‍
ദൂരസൈനികര്‍ വറ്റാജലത്തിന്‍റെ
വീരമദ്യം സ്വദിച്ചുയിര്‍ക്കുന്നു.

പൂമരത്തിന്റെ കുട്ടിപ്പട്ടാളം
സൂര്യതേജസ്സിലേക്ക് പൊന്തുന്നു.

എത്രകാലമീ ഭൂഗര്‍ഭദൃശ്യം 
ഉള്‍ക്കവിയുടെ കല്ലിച്ച ചോദ്യം.

Saturday, 13 August 2016

സാഹിത്യ അക്കാദമിയിലെ ദളിതനും പ്രവാസിയും


കേരളത്തിലെ ദളിത്‌ എഴുത്തുകാർ സ്വത്വചിഹ്നങ്ങൾ കാട്ടിക്കൊണ്ടുതന്നെ പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌. തൊഴിലന്വേഷിച്ച്‌ കേരളം വിടേണ്ടിവന്നവർ എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒരിടം നൽകിക്കൊണ്ട്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌. ഈ രണ്ടു വിഭാഗക്കാരുടെയും ശബ്ദങ്ങൾക്ക്‌ കേരള സാഹിത്യ അക്കാദമി വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല.

ചങ്ക്‌രാന്തി അട പോലുള്ള കഥകളെഴുതിയ ടി കെ ചാത്തൻ എന്ന ടി കെ സി വടുതലയെ കേരള സാഹിത്യ അക്കാദമി വേണ്ടവിധം ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല എന്നത്‌ ചരിത്രപരമായ കുറ്റകൃത്യമാണ്‌. കേരളത്തിലെ ദളിത്‌ എഴുത്തിനെ പൊലിപ്പിച്ചുകാട്ടിയ മഹത്‌വ്യക്തിയായിരുന്നു അദ്ദേഹം.

ദളിതർക്ക്‌ സുവിശേഷമെഴുതുകയും പൂക്കൈത മറപറ്റി എന്ന പ്രസിദ്ധമായ നാട്ടിപ്പാട്ട്‌ ഡോ. അയ്യപ്പപ്പണിക്കർ തെറ്റായാണ്‌ നിരീക്ഷിച്ചത്‌ എന്ന്‌ സ്ഥാപിക്കുകയും വയൽച്ചുള്ളിപോലുള്ള കവിതകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കവിയൂർ മുരളിയെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.

ഇന്ന്‌ യുവകേരളം ആവേശത്തോടെ പാടുന്ന പല നാട്ടറിവു പാട്ടുകളും നഷ്ടപ്പെടാതെ കരുതിവച്ച വെട്ടിയാർ പ്രേംനാഥിനെ, ഭവാനി പ്രേംനാഥിനെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.

പെരുമാൾ പാറ എന്ന ഒറ്റ നോവലിലൂടെ ശ്രദ്ധേയനായ കവിയും ശിൽപിയുമായിരുന്ന മാങ്ങാനം കുട്ടപ്പന്റെ ചിത്രം അക്കാദമിയിൽ വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. കല്ലേൻ പൊക്കുടനേയും അക്കാദമി കണ്ടില്ല.

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ പുറത്തുകൊണ്ടുവന്ന ടി എച്ച്‌ പി ചെന്താരശേരിയും നിരവധി പുസ്തകങ്ങളിലൂടെ ദളിത്‌ വീര്യം സ്ഥാപിച്ചെടുത്ത ദളിത്‌ ബന്ധു എൻ കെ ജോസും മലയാള സിനിമയിലെ ആദ്യ നായികയായ ദളിത്‌ യുവതി പി കെ റോസിയുടെ ജീവിതത്തെക്കുറിച്ച്‌ ആധികാരിക രേഖകൾ സമ്പാദിച്ച കുന്നുകുഴി എസ്‌ മണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. കേരള സാഹിത്യ അക്കാദമി അവരെ കണ്ടിട്ടില്ല.

പത്മിനി എന്ന ഒറ്റ കൃതിയിലൂടെ ഒരുകാലത്ത്‌ കേരളമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരണം എം പി കേശവനെ കേരള സാഹിത്യ അക്കാദമി മറന്നുപോയി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ പുതിയ തലമുറ ഇപ്പോൾ ഒരു സ്വകാര്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്‌.

ശ്രീപത്മനാഭസ്വാമി സമ്മാനം ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ പേരിനോടൊപ്പം സവർണജാതിപ്പേരുള്ള പല എഴുത്തുകാർക്കും അത്‌ ഉൾക്കൊള്ളാൻ സാധിച്ചില്ല. കേരള സാഹിത്യ അക്കാദമിയിൽ നിന്നുപോലും അതിന്‌ വിയോജിപ്പുകളുണ്ടായി.

ദളിത്‌ പക്ഷത്തുനിന്നുള്ള ശക്തമായ രചനകൾ ഇന്നു മലയാള ഭാഷയിലുണ്ട്‌. സി അയ്യപ്പൻ, കെ കെ കൊച്ച്‌, കെ ടി ബാബുരാജ്‌, എസ്‌ ജോസഫ്‌, പ്രദീപൻ പാമ്പിരിക്കുന്ന്‌, രാജേഷ്‌ ചിറപ്പാട്‌, എം ബി മനോജ്‌, എം ആർ രേണുകുമാർ, രാജേഷ്‌ കെ എരുമേലി, രേഖാ രാജ്‌, സതി അങ്കമാലി, വിജില ചിറപ്പാട്‌, സി എസ്‌ രാജേ ഷ്‌, സുധീർരാജ്‌ തുടങ്ങിയവരും തൃശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒന്നിപ്പ്‌ മാസികയിലെഴുതുന്ന നിരവധി എഴുത്തുകാരും കൈവെള്ളയിലെ ദളിത്‌ ആണിപ്പഴുത്‌ കാട്ടിയിട്ടുള്ളവരാണ്‌. കേരള സാഹിത്യ അക്കാദമിയിലെ നിർവാഹക സമിതിയിലും ജനറൽ കൗൺസിലിലും ദളിത്‌ പ്രാമുഖ്യം ഉണ്ടാവേണ്ടതാണ്‌.

കുടുംബം പുലർത്താൻ വേണ്ടി കേരളം വിട്ടുപോന്നവരാണ്‌ പ്രവാസികൾ. അവർ അവിടെ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാഹിത്യ രചനകൾക്കും പ്രാതിനിധ്യത്തിലൂടെ കേരള സാഹിത്യ അക്കാദമിയിൽ അംഗീകാരം നൽകേണ്ടതുണ്ട്‌.

ചെറുകഥയ്ക്ക്‌ ഒരിക്കൽ സാഹിത്യ അക്കാദമി അവാർഡു നേടിയ മാനസിയും സിത്താരയും സഹീറാ തങ്ങളും ഇ കെ ദിനേശനും ആർ ബി പ്രമോദും എൻ എസ്‌ ജ്യോതികുമാറും കെ സി ജയനും കെ കെ ജോൺസനും ഇ ജി മധുവും സി പി കൃഷ്ണകുമാറും കെ ബാലകൃഷ്ണനും രവി പാലൂരും ഒക്കെ പ്രവാസികളാണ്‌. ബന്യാമിനും കുഴൂർ വിത്സനും സുറാബും ബാലൻ തളിയിലും അഹമ്മദ്‌ മൂന്നാം കൈയും രാജീവ്‌ ജി ഇടവയും അടക്കം നിരവധി എഴുത്തുകാർ പ്രവാസ ജീവിതത്തിന്റെ തീഷ്ണ സ്മരണകളുമായി നാട്ടിലുണ്ട്‌.

പ്രവാസി ശബ്ദത്തിന്‌ കേരള സാഹിത്യ അക്കാദമിയിൽ ഒരു ഇടം ഉണ്ടാകേണ്ടതുണ്ട്‌.

Saturday, 30 July 2016

അക്കാദമി അധ്യക്ഷപദം എഴുത്തുകാരിക്ക്‌ നൽകണം

മലയാളഭാഷാ സാഹിത്യചരിത്രം സ്ത്രീവിരുദ്ധതയുടെ ചരിത്രം കൂടിയാണ്‌. ദളിതരോടെന്ന പോലെ സ്ത്രീകളോടും അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ കേരളത്തിലെ സവർണസമൂഹം ആജ്ഞാപിച്ചു. സവർണ സമൂഹത്തിൽപ്പെട്ട അപൂർവം വനിതകൾക്കുമാത്രമേ അക്ഷരം പഠിക്കുവാൻ കഴിഞ്ഞിട്ടുള്ളു.

മലയാളത്തിന്‌ എഴുത്തച്ഛൻ മാത്രമേയുള്ളു എഴുത്തമ്മയില്ല. ഔവയാറിനേയും അക്കമഹാദേവിയേയും പൊൻതൂവലായി നെറുകയിൽ തിരുകിയ അയൽഭാഷകൾ നമുക്കുണ്ട്‌. അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാൻ മലയാളത്തിനാകില്ല.

കടത്തനാട്ടുനിന്നും നമുക്കു ലഭിച്ചിട്ടുള്ള നീണ്ട പാട്ടുകളൊക്കെ അമ്മമനസിൽ പിറന്നതാണെങ്കിലും അവരുടെ പേരോ മറ്റു വിവരങ്ങളോ നമുക്ക്‌ അറിയില്ല. കുലത്തൊഴിൽ എന്ന പേരിൽ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുളള ഒരു ജീവിതരീതി അടിച്ചേൽപിച്ചതുകൊണ്ടാണ്‌ കടത്തനാടൻ വീരഗാഥകൾ പകർന്നുതന്നവരെ നമുക്കറിയാത്തത്‌.

കേരള സാഹിത്യ അക്കാദമിയുടെ പുതുതായി രൂപീകരിക്കാൻ പോകുന്ന ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്‌ ആദരണീയയായ ഒരു എഴുത്തുകാരിയെ അവരോധിക്കുന്ന കാര്യം പരിഗണിക്കേണ്ടിയിരിക്കുന്നു.
കേരള സാഹിത്യ അക്കാദമിക്ക്‌ ഇതുവരെ ഇരുപത്തൊന്ന്‌ പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്‌. അതിൽ ഏതാനും ദിവസങ്ങൾ ആ കസേരയിലിരുന്ന ലളിതാംബിക അന്തർജനവും ഒന്നേകാൽ വർഷം മാത്രം അവിടെ ഇരിക്കാൻ കഴിഞ്ഞ പി വത്സലയുമൊഴിച്ചാൽ മറ്റൊരു എഴുത്തുകാരിയും ഇല്ല.

ഇന്ദിരാഗാന്ധിക്കാലത്ത്‌ ദേവകാന്ത ബറുവ എന്ന ഒരു കോൺഗ്രസ്‌ പ്രസിഡന്റുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടുളള വിധേയത്വത്തിന്റെയും അനുസരണാശീലത്തിന്റെയും എവറസ്റ്റു കീഴടക്കിയ അദ്ദേഹം ഇന്ത്യയെന്നാൽ ഇന്ദിരയെന്നു പറഞ്ഞുകളഞ്ഞു. അങ്ങനെയുളള ഒരു എഴുത്താളിയെ അക്കാദമി അധ്യക്ഷസ്ഥാനത്തു കാണുന്നത്‌ അരോചകമാണ്‌.

അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ ജനറൽ കൗൺസിലിന്റെ അംഗീകാരം നേടേണ്ടതുണ്ട്‌. വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്താനായി മന്ത്രി പാഞ്ഞുവരുന്നുണ്ട്‌ എന്ന്‌ വിലപിച്ച്‌ ഇതൊന്ന്‌ അംഗീകരിച്ചുതരണേ എന്ന്‌ യാചിച്ച്‌ നിറകണ്ണും വിറകയ്യുമായി നിൽക്കുന്ന ഭാരവാഹികളുടെ ദൃശ്യം ഭംഗിയുള്ളതല്ല.

അഭിപ്രായദാർഢ്യവും ചിന്താശേഷിയും ഉള്ള ധാരാളം എഴുത്തുകാരികൾ നമുക്കുണ്ട്‌.

മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത സുഗതകുമാരി, കവിതാസാഹിത്യത്തെ ചരിത്രപ്പെടുത്തിയ എം ലീലാവതി, പോരാട്ട മനസുള്ള സാറാ ജോസഫ,്‌ ബർസയിലൂടെ മലയാള മനസിൽ കടന്നിരുന്ന ഡോ. ഖദീജാ മുംതാസ്‌, പുരാണസാഗരം മനസിലൊതുക്കിയ സുമംഗല, അത്യാകർഷകമായി കഥ പറയുന്ന കെ ആർ മീര, അങ്കത്തട്ടുകളിലെങ്ങും കാണാത്ത നാർമടിപ്പുടവയുടെ സാറാ തോമസ്‌…

കവിയും ഗ്രന്ഥശാലാ ശാസ്ത്രവിദഗ്ധയുമായ ലളിതാ ലെനിൻ, കഥയും കവിതയുമായി മനസിൽ നിവർന്നു കത്തുന്ന അഷിത, കഥാകാരികളായ ചന്ദ്രമതിയും മാനസിയും ഗ്രേസിയും. കവിതയുടെ കനൽ വഴിയിലൂടെ നടന്നുവന്ന വിജയലക്ഷ്മി, അനിതാ തമ്പി ,മുൻപാർലമെന്റംഗവും കവിയുമായ ടി എൻ സീമ ഉജ്ജ്വലപ്രസംഗകയും സാഹിത്യ നിരീക്ഷകയുമായ പ്രൊഫ. സുബൈദ, മേധാശക്തിയും കവിതയും ഒരുപോലെയുള്ള ഡോ.ബി സന്ധ്യ, അധ്യാപകരും സാഹിത്യതൽപരരുമായ എ ജി ഒലീനയും മിനിപ്രസാദും ഡോ. എസ്‌ ശാരദക്കുട്ടിയും…

മലയാള കവിതയിൽ ഇച്ഛാശക്തിക്ക്‌ ചിറകുമുളപ്പിച്ച മ്യൂസ്‌ മേരി, കവികളായ സുജാസൂസൻ ജോർജ്ജ്‌, കണിമോൾ, സീതാദേവി കര്യാട്ട്‌, എസ്‌ സരോജം, ശാന്താതുളസീധരൻ, ജാനമ്മാ കുഞ്ഞുണ്ണി, വി എസ്‌ ബിന്ദു… ഇങ്ങനെ എത്രയോ വനിതകളാണ്‌ അധ്യക്ഷ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ളവരായി കേരളത്തിലുള്ളത്‌.

വിമാനക്കൂലി കൊടുത്താൽ പറന്നിറങ്ങി അക്കാദമിയെ നയിച്ചുതരാൻ കെൽപുള്ള എഴുത്തുകാർ അഞ്ചു വർഷത്തേക്ക്‌ വനിത നയിക്കുന്ന അക്കാദമിയിൽ അംഗങ്ങളായിരിക്കട്ടെ.

നിരവധി വർഷങ്ങളായി പരിപാടികൾ സംഘടിപ്പിച്ചും അക്കാദമിയുടെ കൃത്യനിർവഹണത്തിൽ ജാഗ്രതയോടെ ജീവിച്ചും ന മ്മുടെ ആദരവു നേടിയ സാഹിത്യ അക്കാദമി ജീവനക്കാരുടെ ഒരു പ്രതിനിധിയെക്കൂടി നിർവാഹകസമിതിയിൽ ഉൾപ്പെടുത്തുന്നത്‌ നന്നായിരിക്കും.

Thursday, 28 July 2016

പടിയിറക്കം

മറികടക്കുന്നു മണം
വെയിൽക്കുന്നിനെ
മറികടക്കുന്നു വെയിൽ
കടൽക്രോധത്തെ
മറികടക്കുന്നു കടൽ
കരക്കോട്ടയെ
മറികടക്കുന്നു കര
മഞ്ഞുനായ്ക്കളെ
മറികടക്കുന്നില്ല ഞാൻ
ആഗ്രഹങ്ങളെ
പടിയിറക്കത്തിന്റെ
മഴകനക്കുന്നു.

Tuesday, 26 July 2016

പോലീസ്.


റോന്തു ചുറ്റിത്തളര്‍ന്നപ്പോള്‍
കടല്‍ച്ചായക്കടയ്ക്കുള്ളില്‍ 
പാ വിരിച്ചു കിടക്കുന്നു
സൂര്യപ്പോലീസ്.
മയങ്ങുമ്പോള്‍ സ്വപ്നനായ്ക്കള്‍
കുരച്ചിട്ടും മോങ്ങിയിട്ടും
പാറുവലിച്ചുറങ്ങുന്നു.
സൂര്യപ്പോലീസ്.
മരം വന്നെ,ന്നടുക്കള
പൂട്ടിയില്ല പചിച്ചില്ല
ഉണരെന്നു കെഞ്ചിയിട്ടും
ഗൌനമില്ലാതെ
തുടയ്ക്കുള്ളില്‍ രശ്മിക്കൈകള്‍
കടത്തിക്കൂട്ടിപ്പിടിച്ച്
കൊടും ഹര്‍ത്താല്‍ ദിനം പോലെ
സൂര്യപ്പോലീസ്.
ഉറങ്ങൂ നീ ഉപ്പുകല്ലില്‍
നൂലുകെട്ടി ചുണ്ടില്‍ വച്ച്
ഉണര്‍ത്താന്‍ ഞാന്‍ വരുന്നുണ്ട്
വീര്യപ്പോലീസേ
കരിങ്കുപ്പായം ധരിച്ച്
ഉപ്പുനക്ഷത്രം പെറുക്കി
നിലാവിന്റെ നൂലു ചീന്തി
ഞാന്‍ വരുന്നുണ്ട്.

ജപ്തി


മുകില്‍ട്രാക്റ്റര്‍ ഓട്ടി വന്ന
പുലരിക്കാറ്റ്
ഒരു മണ്‍സൂണ്‍ പ്രസാദത്താല്‍
കുളിര്‍ത്തിരുന്നു.

മഴവിത്ത് വാരിവാരി
എറിഞ്ഞു പോകെ
നിറചിരി മിന്നലായി
പടര്‍ന്നിരുന്നു.

അടുത്ത കൊയ്ത്തു കാലത്തു
നരിബാങ്കുകള്‍
പ്രളയ ജപ്തിയുമായി
പക പോക്കുന്നു.

Sunday, 17 July 2016

ഭൗമംമരത്തില്‍ ഈര്‍ച്ചവാള്‍ തീര്‍ക്കും
കടും സംഗീതം 
കറണ്ട് കമ്പിയില്‍ കാറ്റിന്‍
കഠിന രാഗം
നഗര സൈറന്‍ വമിക്കും
ഭയത്തിന്‍ ഭാവം
വനത്തില്‍ നീരൊഴുക്കിന്റെ
നനുത്ത ഗീതം
എനിക്കിഷ്ടം നീ തരുന്ന
മൌനസംഗീതം
പ്രണയ ജീവിതത്തിന്‍റെ
ഭൗമ സംഗീതം

നാരായണഗുരുവിനോടെങ്കിലും ജാതി ചോദിക്കരുത്‌
തൈക്കാട്‌ അയ്യാസ്വാമികൾ അയ്യാവൈകുണ്ഠരുടെ മഹത്വം മനസിലാക്കിയ ആളായിരുന്നു. സ്വാമിമാർഗം തേടുന്നതിനു മുമ്പ്‌ അദ്ദേഹം രാജാവുമായി അടുപ്പമുണ്ടായിരുന്ന റസിഡന്റ്‌ സൂപ്രണ്ട്‌ സുബ്ബരായൻ ആയിരുന്നു. അയ്യാസ്വാമികളുടെ സ്വാധീന പ്രഭാവലയത്തിൽപ്പെട്ടവരിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും പീരുമുഹമ്മദും ഒക്കെ ഉൾപ്പെടും. ജാതി-മത അന്ധവിശ്വാസങ്ങളെ നിരാകരിച്ച മഹാഗുരുവായിരുന്നു അദ്ദേഹം.

തൈക്കാട്‌ അയ്യാസ്വാമികളുടെ ജാതിയെ സംബന്ധിച്ച്‌ ഒരു രസകരമായ സംവാദം സാംസ്കാരിക മേഖലയിൽ നടക്കുന്നുണ്ട്‌. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക പ്രവർത്തകരിൽ ചിലരൊക്കെയാണ്‌ ഈ ജാതി കണ്ടെത്തൽ സംവാദത്തിൽ പങ്കെടുത്തിട്ടുള്ളത്‌.

അയ്യാസ്വാമികൾ ബ്രാഹ്മണനാണെന്നും പാണ്ടിപ്പറയനോ വെള്ളാളച്ചെട്ടിയോ മലയാളപ്പറയനോ ആണെന്നും തർക്കമുണ്ടായിരിക്കുന്നു. ജാതിയും മതവും ഉപേക്ഷിച്ച ചരിത്ര പുരുഷന്മാരുടെ പിന്നാലെ കൂടി അവർ വലിച്ചെറിഞ്ഞ ജാതിമാലിന്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിത്‌.

പയ്യന്നൂരെ ആനന്ദതീർത്ഥനോട്‌ ജാതിയേതെന്ന്‌ മഹാത്മാഗാന്ധി ചോദിച്ചപ്പോൾ ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല എന്നാണ്‌ ഉത്തരം പറഞ്ഞത്‌. ഈ വിഷയം ഒരു യോഗത്തിൽ പറഞ്ഞപ്പോൾ നാരായണ ഗുരുശിഷ്യനായ ഒരു സ്വാമി ആനന്ദതീർത്ഥന്റെ ജാതി വെളിപ്പെടുത്തിക്കൊണ്ടാണ്‌ അതിന്‌ മറുപടി പറഞ്ഞത്‌. മഹാപ്രതിഭകൾ ഉപേക്ഷിച്ച ജാതി തിരിച്ചുപിടിക്കേണ്ടതുണ്ടോ?
ഈഴവശിവൻ എന്ന പ്രയോഗം നാരായണഗുരുവിന്റേതല്ലെന്ന്‌ നിത്യചൈതന്യയതി പറഞ്ഞിട്ടുണ്ടല്ലോ. നാരായണഗുരുതന്നെ ചുട്ടെരിച്ച സ്വന്തം ജാതി നമ്മൾ ഊതിത്തെളിക്കേണ്ടതുണ്ടോ?

പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുന്ന ഒരു പ്രതിഭാസംഗമത്തിൽ പങ്കെടുത്തപ്പോൾ അവിടെ എസ്‌എൻഡിപി യോഗവുമായി ബന്ധപ്പെട്ട രക്ഷകർത്താക്കളുടെ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. അതായത്‌ സ്കൂൾ രേഖകളിൽ ഈഴവ എന്ന്‌ എഴുതിയിട്ടുള്ള കുട്ടികളിൽ മികച്ച മാർക്ക്‌ വാങ്ങിയവർക്കു മാത്രമേ സമ്മാനമുണ്ടായിരുന്നുള്ളൂ. ഇത്‌ ശ്രീനാരായണ ധർമ്മത്തിന്‌ വിരുദ്ധമാണ്‌ എന്ന്‌ വിനയപൂർവം സൂചിപ്പിക്കേണ്ടിവന്നു. കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ മകനായിരുന്നു അധ്യക്ഷൻ. ഗുരുമന്ദിരങ്ങളിൽ ആരാധിക്കുവാനെത്തുന്നത്‌ ഈഴവ സുമദായത്തിലുള്ളവർ മാത്രമാണെന്നും അതിനാൽ ഗുരുവിനെ ഈഴവ സമുദായത്തിൽ നിന്നും വേർപെടുത്തിക്കാണാൻ കഴിയില്ലെന്നുമുള്ള രീതിയിലാണ്‌ പ്രസംഗങ്ങൾ വികസിച്ചത്‌.

ജാതിക്കെതിരെ പോരാടിയ മഹാഗുരുവായ ശ്രീനാരായണൻ അദ്ദേഹത്തിന്റെ പക്വതയാർന്ന അവസാനകാലത്ത്‌ നമുക്ക്‌ ജാതിയില്ല എന്ന്‌ പറഞ്ഞിരുന്നല്ലോ. പറയുക മാത്രമല്ല, നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന്‌ എഴുതി ഒപ്പിട്ട്‌ പ്രബുദ്ധ കേരളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മനുഷ്യ ജ്ഞാനസ്നാനം നടത്തി ജാതിമത മാലിന്യങ്ങളെ അകറ്റി മനസും ശരീരവും ശുദ്ധമാക്കിയ നാരായണഗുരുവിനോടെങ്കിലും ജാതിയേതെന്നു ചോദിക്കാതിരിക്കാൻ നമുക്ക്‌ കഴിയണം.
ജാതി ചോദിച്ചവരോട്‌ കണ്ടാലറിയില്ലേ എന്നും കണ്ടിട്ടുമറിയില്ലെങ്കിൽ കേട്ടാലെങ്ങനെ അറിയുമെന്നുമാണ്‌ ഗുരു ചോദിച്ചത്‌.

നാരായണഗുരുവിനും മുമ്പേ സഞ്ചരിച്ച അയ്യാ വൈകുണ്ഠർ ആണെങ്കിൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ലോകം, ഒരു മൊഴി, ഒരു നീതി എന്നാണ്‌ പറഞ്ഞത്‌. യോഗാസനത്തിന്റെയോ ക്ഷേത്രസ്ഥാപനങ്ങളുടെയോ പിന്നാലെ പോകാതിരുന്ന അയ്യങ്കാളിയാണെങ്കിൽ പാവപ്പെട്ടവരുടെ മുഴുവൻ ഉന്നമനത്തെ ലക്ഷ്യമാക്കി സാധുജന പരിപാലന സംഘമാണ്‌ സ്ഥാപിച്ചത്‌. ബ്രഹ്മാനന്ദ ശിവയോഗിയാണെങ്കിൽ ജയിലായി സങ്കൽപ്പിച്ച ജാതിയിൽ നിന്നും പുറത്തുവരാൻ പഠിപ്പിക്കുകയായിരുന്നു.

ഇവരുടെയൊക്കെ അനുയായികളാകാൻ കഴിഞ്ഞില്ലെങ്കിലും ഇവരുടെ ജാതി ചോദിക്കാതിരിക്കാനെങ്കിലും നമുക്ക്‌ കഴിയണം.

Tuesday, 12 July 2016

ചെർഗീസ്


വൈതരണിക്കരയിൽ
വൈകുന്നേരത്തൊരു നാളിൽ
രണ്ടു സഖാക്കൾ ആശ്ളേഷിച്ചത്
കണ്ടതു മിന്നൽപെൺകൊടികൾ

ചില്ലു തറച്ച ശരീരം തമ്മിൽ
കല്ലിനു ജീവൻ വച്ചതുപോലെ
പുണരുമ്പോൾ
നരകമരങ്ങൾ പൊടുന്നനെ പൂത്തു
തിരികളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു
നിലവിളിയുജ്വല സിംഫണിയായി
ഫണികൾ മലർക്കൂമ്പായി

ചുമലിൽ തട്ടിയൊരാൾ പറയുന്നു
തിരുനെല്ലിയിലൊരു പകൽ ഞാൻ വന്നു
പെരുമനെയോർത്തു കലങ്ങിയ മിഴികൾ
നിരവധി കണ്ടു
കദനാദ്രികളിൽ
സിരയായൊഴുകിയ ചുടുകണ്ണീരിൻ
കവിതകൾ കേട്ടു
കിനാവും നാവും
പ്രണയിച്ചെഴുതിയ വെയിലും വയലും
ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു

വിരലിൽ സ്പർശിച്ചപരൻ ചൊല്ലി
അരികിലിരുന്നു ബൊളീവിയയിൽ ഞാൻ
മലകളിറങ്ങിയിരമ്പിവരുമ്പോൾ
പണിയരെയനവധി കണ്ടു

കണ്ണിൽ കൊടിയും തുടിയും
തുരുതുരെയുടയും ഉടലും
തുടലും വെടിയൊച്ചകളും
പടയുമറിഞ്ഞു നിറഞ്ഞു
ജീവിതസമരത്തിൻ
മഴയാണ്ടു നനഞ്ഞു

രണ്ടു സഖാക്കളുമപ്രത്യക്ഷം
കണ്ടതു പിന്നൊരു കിരണം മാത്രം
ഒറ്റമനസ്സൊരു ദേഹം
ചൊല്ലിയതൊറ്റമൊഴി
ഒരു സാക്ഷ്യം രക്തം

Friday, 1 July 2016

നാടകാന്തം കവിത്വം കാവാലത്തിന്‌ സ്വന്തം


സഫല ജീവിതത്തിന്റെ പതാക താഴ്ത്തി കാവാലം നാരായണപ്പണിക്കർ യാത്രയായി. നാടകാന്തം കവിത്വം എന്ന സൂര്യപ്രയോഗം മലയാളത്തിൽ കാവാലം നാരായണപ്പണിക്കരുടെ തൊപ്പിയിൽ മാത്രം വയ്ക്കാവുന്ന തൂവലാണ്‌. മറ്റുചില കവികൾ നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്‌ എങ്കിലും കാവാലത്തിന്‌ കിട്ടിയ സ്വീകാര്യത കവി, നാടകകൃത്ത്‌ എന്നീ നിലകളിൽ അവർക്കാർക്കും കിട്ടിയിട്ടില്ല.

സംസ്കൃത സാഹിത്യത്തിൽ കാളിദാസന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ഉജ്ജയിനിയിലെ കാളിദാസ നാടകോത്സവത്തിൽ സഹൃദയരുടെ പ്രശംസയ്ക്ക്‌ പാത്രമായ കാവാലം നാരായണപ്പണിക്കർക്ക്‌ മലയാളത്തിൽ ലഭിച്ചത്‌.
അദ്ദേഹത്തന്റെ കവിതകൾ എല്ലാം തന്നെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ ആവിഷ്ക്കരിച്ച താളവ്യവസ്ഥയുമായി ഇഴപ്പൊരുത്തമുള്ളവയാണ്‌. കാവാലം രംഭയും മറ്റും പൊതുവേദികളിൽ ആടിപ്പാടിയിരുന്ന കുട്ടനാടൻ പാട്ടുകളുടെ നിഴലും നിലാവും ആദിത്യ വെളിച്ചവും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്‌.

കുട്ടനാടൻ പണിയാളപ്പാട്ടുകളുടെ ചന്തം ആദ്യം തിരിച്ചറിഞ്ഞത്‌ വള്ളുവനാട്ടിൽ നിന്നും അമ്പലപ്പുഴയിലെത്തിയ മഹാകവി കുഞ്ചൻ നമ്പ്യാരായിരുന്നു. അത്‌ അദ്ദേഹം ഫലപ്രദമായി പ്രയോഗിക്കുകയും വിവർത്തനം ചെയ്യാൻപോലും സാധിക്കാത്ത വിധത്തിൽ തനിമകൊണ്ട്‌ ശ്രദ്ധേയമാവുകയും ചെയ്തു. കാവാലം വിശ്വനാഥ കുറുപ്പും അയ്യപ്പപ്പണിക്കരും ഈ വഴിയേ ഏറെ സഞ്ചരിച്ചവരാണ്‌. എന്നാൽ നാടകത്തിലും കവിതയിലും ഒരുപോലെ കുട്ടനാടൻ തനിമ സൂക്ഷിച്ചുകൊണ്ട്‌ കലാസാഹിത്യ പ്രവർത്തനം നടത്തി ലോക ശ്രദ്ധയാകർഷിച്ച പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ.

അദ്ദേഹത്തിന്റെ ഗണപതിത്താളം, മണ്ണ്‌, ചൂട്ടുപടേണി, വേലൻ വേലു എല്ലാം കുട്ടനാടിന്റെ സൗന്ദര്യമാണെങ്കിൽ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള നാട്ടുരീതികളെ അദ്ദേഹം സ്വായത്തമാക്കിയതിന്റെ തെളിവാണ്‌ കോതാമൂരി, കുമ്മാട്ടിക്കഥയിലെ മുത്തശി തുടങ്ങിയ കവിതകൾ.

ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്‌ 1977 ൽ കേരള സാഹിത്യ അക്കാദമി നടത്തിയ യുവസാഹിത്യ ക്യാമ്പിൽ വച്ചായിരുന്നു. പി കേശവദേവും ഒഎൻവിയുമൊക്കെയായിരുന്നു സാരഥികൾ, ക്യാമ്പിന്റെ സമാപന ദിവസം കാവാലം, അവനവൻ കടമ്പ എന്ന നാടകം വൃക്ഷങ്ങൾ നിറഞ്ഞ തുറന്ന വേദിയിൽ അവതരിപ്പിച്ചു. സംവിധായകനായി ജി അരവിന്ദനും പാട്ടുപരിഷയ്ക്കും ആട്ടപ്പണ്ടാരത്തിനും നേതൃത്വം നൽകിക്കൊണ്ട്‌ നെടുമുടി വേണുവും ഗോപിയും. അവനവൻ കടമ്പ മുറിച്ച്‌ സംഘശക്തി വാലടിക്കാവിലെ പൂരം കാണാൻ ഒന്നിച്ച്‌ ഓടിപ്പോകുന്ന കൂട്ടത്തിൽ ഇലത്താളവുമായി കാണികൾക്കിടയിലേയ്ക്ക്‌ ഓടിയിറങ്ങിയവരിൽ വെളുത്തുനീണ്ടു മെലിഞ്ഞ കാവാലം നാരായണപ്പണിക്കരുമുണ്ടായിരുന്നു. അടുത്തിരുന്ന്‌ നാടകം കണ്ട നവാബ്‌ രാജേന്ദ്രൻ അവനവൻ കടമ്പയെക്കുറിച്ച്‌ അത്ഭുതത്തോടെ സംസാരിക്കുകയും ചെയ്തു.

കുട്ടനാട്‌ ഗവൺമെന്റ്‌ യുപിഎസിൽ കവിത ചൊല്ലാൻ പോയപ്പോൾ ചാലയിൽ തറവാട്ടിലും അയ്യപ്പപ്പണിക്കരെ സംസ്കരിച്ച സ്ഥലത്തും ഞാൻ പോയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ കാവാലം സുരേഷ്ബാബുവായിരുന്നു വഴികാട്ടി. ചാലയിൽ തറവാട്ടിലേയ്ക്ക്‌ എന്നെ നയിച്ചത്‌ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷനായ സർദാർ കെ എം പണിക്കരുടെ വീട്‌ എന്നതായിരുന്നില്ല. കാവാലം നാരായണപ്പണിക്കരുടെ വിൽക്കുന്നില്ലിവിടം എന്ന കവിതയാണ്‌ എന്നെ അങ്ങോട്ട്‌ നയിച്ചത്‌. എന്തുകൊണ്ട്‌ തറവാട്‌ വിൽക്കുന്നില്ല എന്ന്‌ ഹൃദയ കോടതിയിലെ സർഗവിചാരണയിൽ വാദിക്കുന്നതാണല്ലോ ആ കവിത.

മലയാളത്തിലെ ഗാന രചയിതാക്കളിൽ ചങ്ങമ്പുഴ സ്പർശമില്ലാത്ത ഏക പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ. എം ജി രാധാകൃഷ്ണനുമായി ചേർന്ന്‌ ആകാശവാണിയിലൂടെ അദ്ദേഹം പിറവികൊടുത്ത ഗാനങ്ങൾ മലയാള ഗാനശാഖയിലെ സുവർണ അധ്യായമാണ്‌. ഘനശ്യാമ സന്ധ്യാഹൃദയവും അക്കരെ നിന്നിക്കരെയ്ക്കൊരു പാലവും മുത്തുകൊണ്ട്‌ നിറഞ്ഞ മുറവും പൂക്കൈതയാറും പുതുപുത്തൻ പൂമാരനും ശ്രീഗണപതിയും ആർക്കാണ്‌ മറക്കാൻ കഴിയുക. അവസാനം ഞാനദ്ദേഹത്തെ കണ്ടത്‌ തീവണ്ടിയിലെ വാതിലിനടുത്തുള്ള ഇടനാഴിയിൽ വച്ചായിരുന്നു. അന്ന്‌ ശാകുന്തളം അടക്കമുള്ള പുതിയ ആവിഷ്ക്കാര പരിശ്രമങ്ങളെ കുറിച്ച്‌ അദ്ദേഹം പറയുകയും ഒറ്റയാൾക്കുവേണ്ടിയും ഞങ്ങൾ നാടകം കളിക്കാറുണ്ട്‌ അതിനാൽ സോപാനത്തിലേയ്ക്ക്‌ വരണമെന്ന്‌ ക്ഷണിക്കുകയും ചെയ്തു. എനിക്കൊരിക്കലും സോപാനത്തിൽ പോകാൻ കഴിഞ്ഞതേയില്ല.

കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം രാവിലെ കാവാലം നാരായണപ്പണിക്കർ ഫോൺ ചെയ്തു. വയ്യ എന്നും ശ്രീകുമാറിനെ ഓർത്തപ്പോൾ വിളിക്കണമെന്നു തോന്നി വിളിച്ചതാണെന്നും പറഞ്ഞ്‌ ഫോൺ വച്ചു. പ്രമുഖരുടെ കുശലാന്വേഷണങ്ങൾക്ക്‌ ഒരിക്കലും വിധേയനായിട്ടില്ലാത്ത എന്നെ ഉന്നത ശീർഷനായ കാവാലം വെറുതെ വിളിച്ചതിലുള്ള അമ്പരപ്പ്‌ എന്റെ കണ്ണു നിറച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലായിരുന്നല്ലോ എല്ലാക്കാലത്തും കാവാലത്തിന്റെ ശ്രദ്ധ.

കവിതയുടെ പതാക പകുതി താഴ്ത്തി നിറകണ്ണുകളോടെ തലകുനിച്ചു നിൽക്കുന്നു. കാവാലം നാരായണപ്പണിക്കർ എന്ന മഹാ പ്രതിഭയ്ക്ക്‌ പ്രണാമം.

Sunday, 19 June 2016

സ്കൂൾ ലൈബ്രറികളും വായനാവാരവുംഒരു വാരംകൊണ്ട്‌ അവസാനിപ്പിക്കേണ്ടതല്ല വായന. വായനയ്ക്ക്‌ മനസും വെളിച്ചവുമാണ്‌ ആവശ്യമായിട്ടുള്ളത്‌. എന്നാൽ പുസ്തകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന ആശങ്കയുള്ള ഇക്കാലത്ത്‌ വായനാവാരം ഗുണം ചെയ്യും.

കേരളത്തിൽ വായനയുടെ വസന്തം വിടർത്തിയത്‌ ഗ്രന്ഥശാലാ പ്രസ്ഥാനമാണ്‌. കേരളത്തിലെ ഗ്രന്ഥശാലകൾക്ക്‌ ജീവനും ദിശാബോധവും നൽകാൻ വേണ്ടി പി എൻ പണിക്കർ ഒരു ജീവിതം മുഴുവൻ സമർപ്പിച്ചു. പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ലാതിരുന്ന തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്‌ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. ബ്രിട്ടീഷുകാരാണ്‌ അതിനു മുൻകയ്യെടുത്തത്‌. സാമാന്യജനങ്ങളെ ഉദ്ദേശിച്ച്‌ സ്ഥാപിക്കപ്പെട്ടതോ സംരക്ഷിക്കപ്പെട്ടതോ അല്ല തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി. ജനകീയ ഭരണമുണ്ടായിനുശേഷം മാത്രമാണ്‌ തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയിൽ എല്ലാ വായനക്കാർക്കും പ്രവേശനമുണ്ടായത്‌. അതിനാൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കണക്കാക്കാൻ പാടില്ല. പി എൻ പണിക്കരുടെ ചിത്രമാണ്‌ അവിടെ തൂക്കേണ്ടത്‌.

പ്രവർത്തനനിരതമല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്കൂൾ ലൈബ്രറികളെക്കുറിച്ച്‌ ഈ വായനാവാരത്തിലെങ്കിലും ഒരു ചിന്തയുണ്ടാകുന്നത്‌ നല്ലതാണ്‌.

കഥയും കവിതയും ചെറുലേഖനങ്ങളുമൊക്കെ വായിച്ചു വളരേണ്ടവരാണ്‌ നമ്മുടെ കുഞ്ഞുങ്ങൾ. ബുദ്ധിവികാസത്തിന്‌ പാഠപുസ്തകങ്ങൾ മാത്രമല്ല മറ്റു പുസ്തകങ്ങളുടെ വായനയും അത്യാവശ്യമാണ്‌.

ഇതിഹാസങ്ങളിലേക്ക്‌ ആകർഷിക്കുന്ന ചെറുകവിതകളും കഥകളും വായനാവാരത്തിലെങ്കിലും കുട്ടികൾക്ക്‌ നൽകേണ്ടതാണ്‌. പുരാണ കഥാപാത്രങ്ങളെ മതത്തിന്റെ തടവറയിൽ നിന്നും മോചിപ്പിച്ച്‌ കാവ്യഭാവനയുടെ ഫലങ്ങളാണ്‌ എന്ന്‌ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. വായനാവാരം ഈ ദിശയിലേക്കുള്ള വെളിച്ചമായി മാറുന്നത്‌ നന്നായിരിക്കും.

വിവർത്തനപുസ്തകങ്ങൾ മലയാള സാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്‌. മഹാഭാരതവും രാമായണവും ശാകുന്തളവും മേഘസന്ദേശവുമെല്ലാം വിവർത്തനങ്ങളിലൂടെയാണ്‌ മലയാളി വായിച്ചത്‌. ഇംഗ്ലീഷ്‌, റഷ്യൻ, സ്പാനിഷ്‌, ജാപ്പനീസ്‌, ചൈനീസ്‌ ഭാഷകളിലുള്ള മഹത്തായ കൃതികളെല്ലാം വിവർത്തനങ്ങളിലൂടെയാണ്‌ നമ്മുടെ സ്വന്തമായത്‌. ടോൾസ്റ്റോയിയുടെയും ബിമൽ മിത്രയുടേയും മറ്റും കഥാപാത്രങ്ങളുടെ പേരുകൾ മലയാളികൾ സ്വന്തം കുട്ടികൾക്ക്‌ ചാർത്തിക്കൊടുത്തു. വായനാവാരം, മറ്റു ഭാഷാകൃതികൾ വായിക്കാൻ വേണ്ടിയും പ്രയോജനപ്പെടുത്താവുന്നതാണ്‌.

ശാസ്ത്രലേഖനങ്ങൾ, കുട്ടികളെക്കൊണ്ട്‌ വായിപ്പിക്കുവാൻ പി ടി ഭാസ്കരപ്പണിക്കർ നടത്തിയ പരിശ്രമങ്ങൾ ഓർമിക്കപ്പെടേണ്ടതാണ്‌. ലളിതമായ ഭാഷയിൽ രചിച്ചിട്ടുളള ശാസ്ത്രപുസ്തകങ്ങൾ വായനാവാരത്തിൽ കുട്ടികൾക്ക്‌ പരിചയപ്പെടുത്തേണ്ടതുണ്ട്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും പുസ്തകങ്ങൾ കുട്ടികളുടെ അന്വേഷണ ബുദ്ധിയെ പ്രചോദിപ്പിക്കുന്നതാണ്‌. അവയും ഇക്കാലത്ത്‌ പരിചയപ്പെടുത്താവുന്നതാണ്‌. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള ലളിതഗ്രന്ഥങ്ങൾ ഇന്ന്‌ ലഭ്യമാണ്‌. അവ കുട്ടികളുടെ കൈകളിൽ എത്തിക്കേണ്ടതുണ്ട്‌.

എല്ലാ സ്കൂൾ ലൈബ്രറികളിലും ലൈബ്രേറിയന്മാരെ നിയമിക്കുകയും ലൈബ്രറി പ്രവർത്തനം പ്രധാനപ്പെട്ട ഒരു കാര്യമായി മാറ്റിയെടുക്കുകയും വേണം. സ്കൂൾ ലൈബ്രറികൾ വിദ്യാർഥികളുടെ വിജ്ഞാന മേഖല വർധിപ്പിക്കും എന്നതുപോലെ അധ്യാപകർക്കും പ്രയോജനപ്പെടുത്താവുന്നതാണ്‌.

വിദ്യാർഥികളെ ആകർഷിക്കുന്നതിനുവേണ്ടി വൃത്തിയുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലകളിൽ എത്തിക്കണം. ഉള്ളടക്കം എത്രമേൽ വിശിഷ്ടമായിരുന്നാലും കൈകഴുകിത്തൊടേണ്ട പുസ്തകങ്ങൾ മാത്രമേ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപ്പെടൂ. പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനുള്ള പരിശീലനവും വായനാവാരത്തിൽ നൽകാവുന്നതാണ്‌.

Friday, 10 June 2016

പോസ്റ്റുമോർട്ടം

തുടിയും കലപ്പയും
ശബ്ദിച്ചപ്പോൾ
ദളിതമൃതദേഹം
പിന്നെയും
പോസ്റ്റുമോർട്ടം ചെയ്യപ്പെട്ടു
ഉദരത്തിൽനിന്നും
കണ്ടെടുത്തത്
ആദ്യത്തെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Thursday, 9 June 2016

ശിൽപ്പി


കളിമണ്ണിൽ ഒളിപാർക്കും
കുതിരക്കൂട്ടം
കരിങ്കല്ലിൽ കാത്തു നിൽക്കും
ഭരതനാട്യം

മരത്തിൽ പാത്തിരിക്കുന്ന
പരുന്തിൻ നോട്ടം
മണലിൽ ധ്യാനിച്ചിരിക്കും
മഹാത്മാ ഗാന്ധി

സിമന്റിൽ പത്മാസനസ്ഥൻ
അഹിംസാ ബുദ്ധൻ
ചിരട്ടയിൽ സൂര്യകാന്തി
ബഷീർക്കോളാമ്പി

ഇവ കാണാൻ അകക്കണ്ണിൽ
തിരി കത്തുന്ന
മഹാ ശില്പശാലികൾക്കെൻ
പ്രണാമപത്മം. 

Monday, 6 June 2016

കലാഭവൻ മണിയും ദലേർ മെഹന്തിയും


മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഗായകനുമായ കലാഭവൻ മണിയും പഞ്ചാബി ഗായകനായ ദലേർ മെഹന്തിയും തമ്മിൽ വളരെ വളരെ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു കാര്യത്തിൽ അസാധാരണമായ ഒരു സാമ്യമുണ്ട്‌. അത്‌ പാട്ടിന്റെ കാര്യത്തിലാണ്‌.

ദലേർ മെഹന്ദി ആര്യനും കലാഭവൻ മണി ദ്രാവിഡനും. ദെലേർ മെഹന്തി ഗായകരുടെ കുടുംബത്തിൽ ജനിച്ചയാളും കലാഭവൻ മണി കീഴാള സംഗീതം കേട്ടുപഠിച്ചു വളർന്നയാളുമാണ്‌. ദെലേർ മെഹന്തിക്ക്‌ മിമിക്രിയിൽ തീരെ പ്രാഗത്ഭ്യം ഇല്ല. കലാഭവൻ മണിയാകട്ടെ അനുകരണ കലയിലൂടെയാണ്‌ ആദ്യം ശ്രദ്ധിക്കപ്പെട്ടത്‌. ഇവർ രണ്ടുപേരും പാട്ടിന്റെ ജീവനായി സ്വീകരിച്ചത്‌ ഗ്രാമീണസംഗീതം.

മലയാളനാട്ടിൽ ജനശ്രദ്ധയാകർഷിക്കുന്ന ഗാനമേള ഒരു മിമിക്സ്‌ പരേഡുതന്നെയാണ്‌. യേശുദാസിനെയും എസ്‌ ജാനകിയെയും അനുകരിച്ച്‌ കയ്യടിനേടുന്ന ഗായകർ മലയാള സംഗീതശാഖയ്ക്ക്‌ തനതായ ഒരു സംഭാവനയും നൽകുന്നില്ല. യേശുദാസിനെ വേഷത്തിൽപ്പോലും അനുകരിക്കുന്ന ഗായകർ പ്രബുദ്ധരായ സഹൃദയരിൽ ചിരിയാണ്‌ സൃഷ്ടിക്കുന്നത്‌. ചലച്ചിത്രഗാനങ്ങൾ ഏറ്റുപാടുന്നതിൽ ഒരു പുതുമയും ഇല്ല. മിമിക്രി ആർട്ടിസ്റ്റ്‌ ആയിരുന്നിട്ടുകൂടിയും കലാഭവൻ മണി സിനിമാപ്പാട്ടുകളെ അപ്പടി അനുകരിച്ച്‌ സ്റ്റേജിൽ അവതരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു കയ്യടി ജന്മനാ കലാകാരനായിരുന്ന കലാഭവൻ മണിക്ക്‌ ആവശ്യമില്ലായിരുന്നു.

ലോക പ്രസിദ്ധ ഗായകരായ ബോബ്‌ മാർലി, മൈക്കൽ ജാക്സൻ, ഷക്കീറ, അലീഷാ ചിനോയ്‌, ദെലേർ മെഹന്തി, ഉഷാഉതുപ്പ്‌ എന്നിവരാരും സിനിമാപ്പാട്ടുപാടിയല്ല ശ്രദ്ധേയരായത്‌. അവർ സ്വന്തമായി പാട്ടുണ്ടാക്കുകയായിരുന്നു.
ദെലേർ മെഹന്തിയും കലാഭവൻ മണിയും പഞ്ചാബിലേയും മലയാളത്തിലേയും ഗ്രാമീണ സംഗീതത്തെ വരികളിൽ ആവാഹിച്ച്‌ ഗാനമേളകളെ അസാധാരണമായ അനുഭൂതിതലത്തിലേക്ക്‌ ഉയർത്തി. ജനങ്ങൾ അവരോടൊപ്പം പാടുകയും ആടുകയും ചെയ്തു.

കലാഭവൻ മണി പാടിയ പാട്ടുകളിൽ അധികവും എഴുതിയത്‌ അറുമുഖൻ വെങ്കിടങ്ങ്  ആയിരുന്നല്ലോ. മലയാളത്തിന്റെ വരേണ്യഗാനസാഹിത്യം ഓരങ്ങളിലേക്ക്‌ മാറ്റിനിർത്തിയ ഓടപ്പഴവും കണ്ണിമാങ്ങയും ശീമക്കൊന്നയും വേലായുധനും പെൺപൊലീസും കുയ്യാന കുത്തിമരിച്ച ആളുകളും ആലത്തൂരങ്ങാടിയും കലാഭവൻ മണി പൊതുവേദിയിലേക്ക്‌ ആനയിച്ച്‌ അത്ഭുതപ്പെടുത്തി.

വീടിന്നടയാളം ശീമക്കൊന്ന എന്നുപറയുന്നിടത്ത്‌ കണിക്കൊന്നയെയാണ്‌ കലാഭവൻ മണി മാറ്റിനിർത്തിയത്‌. കണിക്കൊന്ന കണികാണാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന സ്വർണനിറമുള്ള പൂക്കൾ തരുന്ന മരമാണ്‌. എന്നാൽ ശീമക്കൊന്നയാകട്ടെ കണികാണാൻ പാകത്തിനുളള സ്വർണപ്പൂവൊന്നും തരുന്നില്ലെങ്കിലും വ്യത്യസ്ത നിറവും അഴകുമുളള പൂക്കളെയാണ്‌ കാഴ്ചവയ്ക്കുന്നത്‌. കൊന്നപ്പൂവിന്‌ പ്രവേശനമുള്ള പൂമുഖത്തോ പൂജാമുറിയിലോ ശീമക്കൊന്നയ്ക്ക്‌ പ്രവേശമില്ല. ശീമക്കൊന്നയുടെ ഇലകളാകട്ടെ ചാണകവുമായി ചേർത്ത്‌ വളമാക്കി കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യും. കണിക്കൊന്നയ്ക്ക്‌ ഒരു ആഭിജാത്യ സ്വഭാവവും ശീമക്കൊന്നയ്ക്ക്‌ ഒരു അടിയാളസ്വഭാവവും ആരോ കൽപിച്ചു നൽകിയിട്ടുണ്ട്‌.

രണ്ടും  മരങ്ങളാണെങ്കിലും രണ്ടു മരങ്ങളും നമ്മൾക്ക്‌ തരുന്നത്‌ പ്രാണവായുവാണെങ്കിലും ഒരു വ്യത്യാസം ഈ മരങ്ങളിൽ പ്രകടമാണ്‌. മനുഷ്യനെ ഭിന്നിപ്പിച്ചത്‌ മനുഷ്യൻ തന്നെയാണല്ലോ. അതേ മനുഷ്യൻ തന്നെയാണ്‌ വൃക്ഷങ്ങളിലും ഭിന്നിപ്പുകൾ സൃഷ്ടിച്ചത്‌. ആലും ഈന്തപ്പനയും ഒലീവും ഇപ്പോൾ ആരുടെയൊക്കെയോ മരങ്ങളാണ്‌. പശു ആരുടെയോ വിശുദ്ധമൃഗമാണ്‌ എന്ന്‌ പറയുന്നതുപോലെ.

കലാഭവൻ മണിയുടെ ശബ്ദത്തിനും ഗ്രാമീണമായ ഒരു ആർഷകത്വം ഉണ്ടായിരുന്നു. നിരന്തര സാധകത്തിലൂടെ ശുദ്ധീകരിച്ചെടുക്കാത്ത സ്വാഭാവികമായ നാദസവിശേഷതയായിരുന്നു അത്‌. ദെലേർ മെഹന്തിയും പരിശീലിക്കപ്പെട്ട ശുദ്ധനാദത്തിൽ നിന്നും പരുക്കൻ ഗ്രാമീണതയിലേക്ക്‌ തൊണ്ടയെ തിരിച്ചുവിട്ട ഗായകനാണല്ലോ.

ആരെങ്കിലും പാടിയ സിനിമാപ്പാട്ടുകൾ ആ ഗായകരുടെ ഇടർച്ചകളും വെള്ളിയും കഫക്കെട്ടും സഹിതം അനുകരിക്കുന്നതിനുപകരം പുതിയ ഒരു ഗാനസംസ്കാരം കലാഭവൻ മണി ആവിഷ്കരിച്ചു. കേരളീയതയുടെ അരിവാളും നെൽക്കതിരും ഓണവും കുട്ടേട്ടനും കൂടെപ്പിറപ്പും തണ്ടും തടിയും തണ്ടെല്ലും ആ പാട്ടുകളിൽ നിറഞ്ഞുനിന്നു. ചുള്ളിച്ചെറിയ പെണ്ണും പട്ടാമ്പിയിൽ പഠിച്ച കുട്ടിയും വട്ടം കറങ്ങണ തോമാച്ചനും പാട്ടരങ്ങിലേക്ക്‌ മണിയോടൊപ്പം വന്നു.

സഹജീവികൾക്ക്‌ സ്നേഹത്തിന്റെ നറുമുത്തങ്ങൾ നൽകിയ വലിയ മനുഷ്യസ്നേഹിയായിരുന്നു കലാഭവൻ മണി. കീഴാളക്കരുത്തോടെ മണ്ണിൽ കുരുത്ത മണി ജാതീയമായി അപമാനിക്കപ്പെട്ടപ്പോൾ പുലിക്കുട്ടിയായി. വിജാതീയ വിവാഹത്തിലൂടെ ജാതിവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട്‌ ഡോ. അംബേദ്ക്കറെപ്പോലെ മനുഷ്യൻ എന്ന മഹത്തായ ആശയത്തിലേക്ക്‌ നടന്നു കയറി.

സ്നേഹവും ഗാനവും കലയുമായിരുന്നു കലാഭവൻ മണി. അദ്ദേഹം മരിച്ചപ്പോൾ മലയാളം കരഞ്ഞു. രണ്ടുമാസം കഴിഞ്ഞിട്ടും മണിയുടെ വീട്ടിലേക്കുള്ള ജനപ്രവാഹം നിലച്ചിട്ടില്ല. ഒരു സംഘടനാ നിർദേശവും ഇല്ലാതെതന്നെ മലയാളികൾ സ്വന്തം കവലകളിൽ കലാഭവൻ മണിക്ക്‌ ആദരാഞ്ജലികൾ എന്ന്‌ എഴുതിവച്ചു. ഏഴഴകുമായി മണി മലയാളിയുടെ മനസിൽ സ്ഥിരവാസം തുടങ്ങി.

Friday, 20 May 2016

പ്രഭാതച്ചോപ്പ്


കുഞ്ഞിക്കറുകയില്‍
ആനച്ചുവടിയില്‍
മഞ്ഞുമ്മ വയ്ക്കും പ്രഭാതം.
ഏതോ പരീക്ഷണപേടകം
മാനത്ത്
നേര്‍വരയിട്ട പ്രഭാതം
ദൂരത്തെ കുന്നുമ്മല്‍ക്കോട്ടയില്‍
സൂര്യന്‍റെ
മോതിരം വീണ പ്രഭാതം
കൂടു വെടിഞ്ഞ കരിങ്കാക്ക
ജീവിതം
തേടിപ്പറക്കും പ്രഭാതം
രാവില്‍ രതിപ്പുഴ
നീന്തിക്കടന്നവര്‍
സ്നേഹിച്ചുറങ്ങും പ്രഭാതം
നമ്മള്‍ പരസ്പരം
ചുംബിച്ചതു കൊണ്ട്
നന്നായ് ചുവന്ന പ്രഭാതം.

ഭൂപടം


കുഴിയാന കോറിയ
ഭൂപടം കണ്ടുഞാൻ
കുരുതിത്തറയിൽ
കുനിഞ്ഞുനിൽക്കുമ്പോൾ

ഇടിയേറ്റു വിണ്ട-
മനസ്സിന്റെ ഭിത്തിയിൽ
അതിരുകളില്ലാത്ത
ഭൂപടം വിരിയുന്നു.

അതിലാകമാനം
മനുഷ്യസ്നേഹത്തിന്റെ
കൊടികൾ പാറുന്നു.
കൊടിത്തോറ്റമായെന്റെ
വിരലുകൾ
വീഥിയന്വേഷിച്ചു നീളുന്നു.

സൂര്യത്തി


മിഴിയാലുഴിഞ്ഞു തലോടാൻ
അതിരാവിലെ ഞാൻ വരുമ്പോൾ
ആയിരംമുത്തുമണിഞ്ഞ്
രാമഴ നനഞ്ഞ മൈലാഞ്ചി
ഇവളെൻ ഇടങ്കൈ നഖത്തിൽ
ഉദയത്തിൻ തീ നിറം ചാർത്തി
പച്ചയും ചോപ്പുമുയർത്തി
തൊട്ടടുത്തുണ്ടു കാന്താരി
രക്തസമ്മർദം കഴിച്ച്
ഭദ്രമാക്കുന്നെൻ ദിനങ്ങൾ
രണ്ടു സഹായികളെയും
നന്ദിപൂർവം ഞാൻ നമിച്ചു
ഹൃദയപക്ഷത്തു മൈലാഞ്ചി
വലതുമുറ്റത്തു കാന്താരി
പ്രതിഭാപ്രകാശം ചുരത്തി
ഉയരത്തിലുണ്ട് സൂര്യത്തി

കടലിന്റെ കുട്ടി


തിരിച്ചെന്നു വരുമെന്നു
കടൽ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി
മഴവില്ലാൽ കരയിട്ട
മുകിൽമുണ്ടായി
വിശാലാകാശപഥത്തിൽ
രസിച്ചുപാറി.
ഗിരികൂടച്ചുമലിൽ
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി.
മണൽക്കുണ്ടിൽ തലകുത്തി
മരിച്ചുപോയി
തിരക്കയ്യാൽ കടൽ
നെഞ്ചത്തിടിച്ചലറി.

ഗവേഷണം - നഗ്നകവിതആത്മാർത്ഥ സുഹൃത്തായിട്ടും
മദനൻ രമണനോടൊപ്പം
ആത്മഹത്യ ചെയ്യാത്തതെന്ത്?
മദനൻ
മറ്റൊരു പ്രണയത്തിൽപ്പെട്ട്
നേരത്തെ ആത്മഹത്യ ചെയ്തിരുന്നു
ചങ്ങമ്പുഴയുടെ
രമണനിൽ
ഇതിനു തെളിവില്ലല്ലോ
അതിന്, ആശാന്റെ
ലീലാകാവ്യം വായിക്കുക.
കണ്ടെത്തലിങ്ങനെ
ഒരാൾക്ക് രണ്ടു തവണ
ആത്മഹത്യ ചെയ്യുക
സാധ്യമല്ല.

വയലിൻ


ഇടവരാവും
പേക്കിനാക്കളും കേൾക്കവേ
ഹൃദയത്തിലോരോ-
ഞരമ്പും കൊരുത്തൊരെൻ
വയലിനിൽ
മരണരാഗം വിളമ്പുന്നു ഞാൻ
ഒരു രേഖയുംവേണ്ട
വർഷപ്രഹർഷമേ
വയലിൻ തിരിച്ചെടുത്തെന്നെ വിട്ടേക്കുക.

ലിഫ്റ്റ്


മരിച്ച വൈദ്യുതി
പുനർജ്ജനിപ്പോളം
ഉരുക്കു കൂടിതിൽ
കുടുങ്ങിയോർ നമ്മൾ
നിലച്ചുപോയ് പങ്ക
വിയർപ്പിൽ മുങ്ങിനാം
മരിച്ചുപോയേക്കാം
ഒരിക്കലുമിത് ചലിച്ചില്ലെങ്കിലോ
ഭയച്ചിതൽ കാലിൽ
പിടിച്ചു കേറുന്നു.
പൊടുന്നനെ
എന്റെ വിരൽ ഞെരിച്ചു നീ
അമർന്നു നിൽക്കുന്നു.
വിറച്ചു കൊണ്ടുഞാൻ
ഇഴുകിച്ചേരുന്നു.
ഉരുക്കു കൂടിതിൽ
കയറിയപ്പോൾ നാം
പരസ്പരം
കണ്ടിട്ടറിയാഞ്ഞോരെന്നാൽ
മരണഭീതിതൻ
കുരുക്കിൽപ്പെട്ടു നാം
വെറും മനുഷ്യരായ്
തിരിച്ചറിയുന്നു

രാപ്പനി


ഇനിയൊരു ജന്മമുണ്ടെങ്കിൽ
കാമുകീ
അതിൽ നിന്റെ പെണ്ണു ഞാൻ
നീയെന്റെ ആൺകൊടി.
ഇവിടെയീ കായലോരം മതി
നമ്മൾക്ക്
ഒരുവട്ടംകൂടി തിളയ്കാൻ തണുക്കാൻ
ഒരു മകൾ
ദാരിദ്ര്യഭാരവും രോഗവും
വിരഹവുമില്ലാത്ത നാസ്തികജീവിതം
പൂക്കൾ വിടർത്തി നീയെഴുതും
അതിൽ എന്റെ പാട്ടുകൾ
പ്രണയവും മധുവുമായ് തുള്ളിടും
രാത്രിയിലങ്ങനെ
ക്നാക്കണ്ടു നീങ്ങവേ
ചീറ്റുന്നു സൈറൻ
തുടങ്ങി ദു:ഖായനം.

ഛായാഗ്രഹണം


വെള്ളിമീൻ തുള്ളുന്ന
രാക്കായൽ കാണുന്നു 
പുള്ളിയുടുപ്പിട്ട മാനം
മാനത്തു കായലും
കായലിൽ മാനവും
കാണുന്നു തീരത്തെ കൈത
കൈതയ്ക്കു കാവലായ് മൂങ്ങ
ഇരുവരും
വൈകിട്ടേ കണ്ടതാണല്ലോ
മാനവും കായലും
കൈതയും മൂങ്ങയും
ഞാനും ത്രസിക്കുന്ന കാലം
ഫ്ലാഷിട്ടെടുത്തു
പൊടുന്നനെ മായുന്നു
മേഘപ്പുറത്തൊരജ്ഞാത.

പ്രവേശനോത്സവഗാനവും ഈശ്വരപ്രാർഥനയുംകേരള വിദ്യാഭ്യാസ ചട്ടങ്ങൾ സംബന്ധിക്കുന്ന പുസ്തകത്തിൽ ഈശ്വരപ്രാർഥനയെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ ദിവസവും ഈശ്വരപ്രാർഥനയോടുകൂടിയാണ്‌ നമ്മുടെ വിദ്യാലയങ്ങൾ പ്രവർത്തനം തുടങ്ങുന്നത്‌.

മഹാകവി കുമാരനാശാന്റെ ചന്തമേറിയ പൂവിലും പന്തളം കെ പി രാമൻപിള്ളയുടെ അഖിലാണ്ഡമണ്ഡലവും ആണ്‌ മുമ്പൊക്കെ ആലപിച്ചിരുന്നതെങ്കിൽ ഇന്ന്‌ പല പാട്ടുകൾ പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്‌. പന്തളം കേരളവർമയുടെ ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം ഇപ്പോഴും അപൂർവമായിട്ടെങ്കിലും ആലപിക്കുന്നുണ്ട്‌.

വിവിധ മതങ്ങൾക്ക്‌ വിവിധ ദൈവങ്ങളും വ്യത്യസ്തമായ പ്രാർഥനാരീതികളുമാണുള്ളത്‌. ഒരു മതവിശ്വാസി അന്യമത ദൈവങ്ങളെയോ ആചാരങ്ങളെയോ ആരാധിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യുകയില്ല. ശാസ്ത്രബോധത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഒരു പാഠ്യപദ്ധതിയാണ്‌ ലോകത്തെവിടെയുമുള്ളത്‌. നമ്മുടെ പാഠപുസ്തകത്തിലും പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌ ദൈവമല്ല. പ്രകൃതിയെയും മനുഷ്യനെയും സൃഷ്ടിച്ചത്‌ ഈശ്വരനാണെന്ന്‌ കേരളത്തിലെ ഒരു പാഠപുസ്തകത്തിലും പറയുന്നില്ല. അതിനാൽ പാഠങ്ങളുടെ ആമുഖമായി ഒരു അബദ്ധപാഠം ആലപിച്ചുകൊണ്ട്‌ വിദ്യാലയ പ്രവർത്തനം ആരംഭിക്കുന്നത്‌ ശരിയല്ല.

വിദ്യാർഥികളിൽ ദേശാഭിമാനവും ഭാഷാഭിമാനവും പരിസ്ഥിതി സംരക്ഷണ ബോധവും പഠനം ലളിതമാണ്‌ എന്ന ചിന്തയുമൊക്കെയുണ്ടാക്കുവാൻ കഴിയുന്ന രീതിയിലുളള ഒരു ഗീതത്തോടുകൂടി പഠന ദിവസം ആരംഭിക്കുന്നത്‌ നന്നായിരിക്കും.

മദിരാശി കേരള സമാജത്തിന്റെ മലയാളം മാധ്യമമായുള്ള സ്കൂളിൽ വിദ്വാൻ പി കേളുനായരുടെ സ്മരിപ്പിൻ ഭാരതീയരെ എന്ന ദേശഭക്തിഗാനമാണ്‌ പ്രാർഥനയായി ആലപിക്കുന്നത്‌. കേരളീയ സംസ്കാരത്തിന്റെ മഹനീയത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഗീതമാണ്‌ നമുക്കാവശ്യം.

മനസുനന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന ഗാനം കുട്ടികളിൽ മതാതീതമായ സ്നേഹം വിതയ്ക്കുന്നതാണ്‌. സ്കൂളുകളിൽ പ്രാർഥനയായി ഈ പാട്ട്‌ പരിഗണിക്കാവുന്നതാണ്‌. അല്ലെങ്കിൽ മലയാള ഭാഷയെ പ്രകീർത്തിക്കുന്ന ഒഎൻവിക്കവിതയോ പ്രകൃതിയെ പ്രകീർത്തിക്കുന്ന സുഗതകുമാരിക്കവിതയോ പ്രഭാതഗീതമായി ആലപിക്കാവുന്നതാണ്‌.
വിവിധ മത ഭവനങ്ങളിൽ നിന്നും മതരഹിത ഭവനങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക്‌ മനഃപ്രയാസമില്ലാതെ തന്നെ ഈ പ്രഭാതഗീതാലാപനത്തിൽ പങ്കെടുക്കാവുന്നതാണ്‌.

ഇത്തവണ പ്രവേശനോത്സവത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്‌ ശ്രദ്ധേയനായ യുവകവിയും മുണ്ടശേരി അവാർഡ്‌ ജേതാവുമായ ശിവദാസ്‌ പുറമേരിയുടെ രചനയാണ്‌. ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സ്വരസംവിധാനത്തിൽ പി ജയചന്ദ്രൻ ഈ പാട്ട്‌ ഭംഗിയായി പാടിയിട്ടുമുണ്ട്‌.

അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിൻ ഉത്സവഘോഷം/ പുസ്തകമധുരം നുകരാമിനിയും പൂമ്പാറ്റകളായ്‌ പാറാം/ കളിചിരിനിറയും തിരുമുറ്റങ്ങളിലാടിപ്പാടി രസിക്കാം/ അറിയാക്കഥയുടെ ചെപ്പുതുറക്കാനാവഴിയീവഴിവായോ- ഈ പാട്ടിലെ അടുത്ത രണ്ടു ഖണ്ഡങ്ങൾ ഇതുപോലെ തന്നെ മധുരതരവും ഉത്സാഹഭരിതവുമാണ്‌. കുട്ടികളിൽ ഭയരഹിതമായ ഒരു പഠനബോധം സൃഷ്ടിക്കാൻ ഈ രചനയ്ക്കു സാധിക്കും. അന്ധവിശ്വാസത്തിന്റെ അണുപോലും പുതിയ പ്രവേശനോത്സവ ഗീതത്തിലില്ല. സ്നേഹത്തെക്കുറിച്ചും നന്മയെക്കുറിച്ചും മനുഷ്യരെല്ലാം ഒന്നാണെന്ന മഹനീയ ചിന്തയെക്കുറിച്ചും ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്‌. കണ്ടു നടന്ന കിനാവുകളെ കൈകൾ കൊണ്ട്‌ വരയ്ക്കാം എന്ന ഇച്ഛാശക്തി സമ്മാനിക്കുന്ന മനുഷ്യപക്ഷ നിലപാടും ഈ ഗീതത്തിലുണ്ട്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച അഞ്ഞൂറോളം രചനകളിൽ നിന്നും ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സമിതിയാണ്‌ ഈ രചനയുടെ മഹത്വം കണ്ടെത്തിയത്‌.

ഒറ്റ പ്രഭാതം കൊണ്ട്‌ അവസാനിപ്പിക്കാതെ കേരളത്തിലെ എല്ലാ സ്കൂളുകളിലേയും പ്രഭാതഗീതമായി ഈ ഗാനം എല്ലാ പ്രവൃത്തിദിവസവും ആലപിക്കുന്നത്‌ നന്നായിരിക്കും.

മതങ്ങളുടെ മുന്നിൽ പരാജയപ്പെട്ട്‌ മതമില്ലാത്ത ജീവൻ പിൻവലിക്കേണ്ടിവന്നതുപോലെയുള്ള അനുഭവം പുതിയ സർക്കാരിന്‌ ഉണ്ടാകാതെയിരിക്കണമെങ്കിൽ കുട്ടികളിൽ മതാതീത സംസ്കാരത്തിന്റെ വിത്തുകൾ വിതയ്ക്കേണ്ടതുണ്ട്‌. വിദ്യാലയങ്ങളിൽ നിന്നു മാത്രമേ ഈ മനുഷ്യാവബോധം ലഭിക്കുകയുള്ളു.

Tuesday, 10 May 2016

പെൺകുട്ടികൾക്കുമുണ്ട്‌ ജീവിക്കാനുള്ള അവകാശംപിന്നെയും ഒരു പെൺവേട്ടയുടെ വാർത്തയിൽ കേരളം ഞെട്ടിത്തെറിച്ചിരിക്കുന്നു. സൗമ്യ സംഭവം അടക്കം കേരളം കണ്ട ക്രൂരമായ പെൺവേട്ടകൾക്കുശേഷം ഇതാ പെരുമ്പാവൂരിലും ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നു.

ജിഷ എന്ന ദളിത്‌ പെൺകുട്ടിയെ നരാധമന്മാർ പട്ടാപ്പകലാണ്‌ കൊലപ്പെടുത്തിയത്‌. ഇരുപതിലധികം മുറിവുകൾ ഏൽപ്പിച്ചാണ്‌ ആ കൂട്ടിയെ കൊന്നത്‌. സംഭവത്തിൽ അയൽവാസികൾ പോലും നിസംഗതയോടെയാണ്‌ പെരുമാറിയതത്രെ. നിയമ വിദ്യാർഥിയായിരുന്ന ജിഷ വിദ്യാഭ്യാസാനന്തരം പാവങ്ങൾക്ക്‌ നിയമസഹായം നൽകുക എന്ന ലക്ഷ്യത്തിലായിരുന്നു.
സംസ്കാരസമ്പന്നരും സമ്പൂർണ സാക്ഷരരും എന്ന്‌ കീർത്തികേട്ട കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്‌ എന്തുകൊണ്ട്‌? സംസ്കാരത്തിന്റെയും അക്ഷരജ്ഞാനത്തിന്റെയും അർഥം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം ഏത്‌ രാത്രികളിലും സ്ത്രീകൾക്ക്‌ സഞ്ചരിക്കാൻ സാധിക്കും. നാലു മണിക്കു തന്നെ ഉണർന്ന്‌ പത്രക്കെട്ടുകൾ ഏറ്റുവാങ്ങി എണ്ണി തിട്ടപ്പെടുത്തി സഹപ്രവർത്തകരെ ഏൽപ്പിക്കുന്ന സ്ത്രീകൾ കൽക്കത്തയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്‌. പലവിധ ജോലികളിൽ ഏർപ്പെട്ടിട്ട്‌ തിരിച്ച്‌ വീടുകളിലേയ്ക്ക്‌ ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളെ ബംഗളൂരുവിലും ഹൈദരാബാദിലും ബോംബെയിലുമൊക്കെ നമുക്ക്‌ കാണാവുന്നതാണ്‌. ഇവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ തീർത്തും വിരളം. ഡൽഹി പെൺകുട്ടിയുടെ ദാരുണമായ അന്ത്യമാണ്‌ ഇന്ത്യയെ ഞെട്ടിച്ച അറിയപ്പെട്ട ഒരു കൊലപാതകം. അറിയപ്പെടാത്ത കൊലപാതകങ്ങൾ ധാരാളമായി നടക്കുന്നുണ്ട്‌ എന്ന്‌ വിവിധ സർക്കാരുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ടല്ലോ.

സ്ത്രീകൾക്ക്‌ വീട്ടിൽപ്പോലും രക്ഷയില്ല എന്നാണ്‌ ജിഷയുടെ മരണം നമ്മോട്‌ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ കേരളം മുഴുവൻ ഉണർന്നിരിക്കുന്ന സമയത്താണ്‌ ഈ ക്രൂരകൃത്യം നടത്തിയിട്ടുള്ളത്‌.
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും അടിയന്തരമായി കായിക പരിശീലനം നൽകേണ്ടതാണ്‌. കൂട്ടമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഈ പരിശീലനം സഹായകരം അല്ലെങ്കിൽകൂടിയും അക്രമികളെ നേരിടാനുള്ള മാനസിക ബലം നൽകാൻ ഇത്‌ സഹായിക്കും. കേരളത്തിലെ പല കുടുംബശ്രീ യൂണിറ്റുകളും പെൺകുട്ടികൾക്ക്‌ കായിക പരിശീലനം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്‌.

ഒരു പെൺകുട്ടിയെ വീടുകയറി ആക്രമിച്ച്‌ കൊല്ലുമ്പോൾ ജീവിക്കുവാനുള്ള അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. കൃത്യമായ നിയമവ്യവസ്ഥകൾ നിലവിലുള്ള ഒരു രാജ്യത്ത്‌ നിയമമോ നിയമലംഘനമോ കയ്യാളുവാൻ ആരെയും അനുവദിക്കരുത്‌.

ഒരു നിയമവിദ്യാർഥിനി സ്വന്തം കുടുംബത്തിനു മാത്രമല്ല ഒരു സമൂഹത്തിനാകെ വിലപ്പെട്ട സേവനം നൽകുവാനുള്ള വാഗ്ദാനമാണ്‌. ആ വാഗ്ദാനത്തെയാണ്‌ നശിപ്പിച്ചുകളഞ്ഞത്‌. പരിഷ്കൃത സമൂഹത്തിന്റെ മുഖത്ത്‌ പറ്റിയ കടുത്ത ചോരപ്പാടാണ്‌ ജിഷയുടെ കൊലപാതകം.

എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി വസിക്കുവാനും സഞ്ചരിക്കുവാനുമുള്ള അവകാശം പാലിക്കപ്പെടേണ്ടതാണ്‌. സഹദുഃഖത്തിന്റെയും അമർഷത്തിന്റെയും അഗ്നിലായനിയിൽ കൈമുക്കി ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുമെന്ന്‌ കേരളീയസമൂഹം തീരുമാനിക്കേണ്ടതുണ്ട്‌. എത്രയും പെട്ടെന്ന്‌ കുറ്റവാളികളെ പിടികൂടി നിയമപാലകർ അവരുടെ ഉത്തരവാദിത്തവും നിർവഹിക്കേണ്ടതാണ്‌.

Tuesday, 26 April 2016

മറഞ്ഞൊരാൾ


കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കീ
മുന്തിരിക്കള്ളു മോന്തീ

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റടുക്കെന്തിയേടീ
എന്റെ പാട്ടെന്തിയേടീ

ഏപ്പിൽ പിടിച്ചുകൊണ്ടേ
ഏങ്ങലടിച്ചുകൊണ്ടേ
ഏഴിലം പാലമൂട്ടിൽ
ഏറ്റിരിക്കുന്നതാര്

എന്റെ തെങ്ങെന്തിയേടീ
എന്റെ തേറെന്തിയേടീ
എന്റെ ക്ടാവെന്തിയേടീ
എന്റെ ന്ലാവെന്തിയേടീ

മുണ്ടകൻ ചുണ്ടു ചോന്നോ
മൂവാണ്ടൻ മാവു പൂത്തോ
വേറ്റേമ്മാനെന്തിയേടീ
കറ്റകെട്ടെന്തിയേടീ

ആറ്റെറമ്പത്തിരുന്ന്
കാറ്റുകൊള്ളുന്ന കല്ലേ
എന്റെയാറെന്തിയേടീ
എന്റെ മീനെന്തിയേടീ

നെഞ്ചത്തു കൈപിണച്ചേ
കൊങ്ങയിൽ വാക്കുടഞ്ഞേ
കന്നാരക്കാട്ടിൽ നിന്ന്
കോട്ടുവായിട്ടതാര്

മൺകൂജയെന്തിയേടീ
കൺമഷിയെന്തിയേടീ
മെത്തപ്പായെന്തിയേടീ
പുത്തരിയെന്തിയേടീ

രാമച്ചമെന്തിയേടീ
രാപ്പാടിയെന്തിയേടീ
കാവുകളെന്തിയേടീ
മാവുകളെന്തിയേടീ

ചുറ്റുമതിൽപ്പുറത്ത്
ചുറ്റിനടന്നുകൊണ്ട്
തെക്കെപ്പുറത്തുവന്ന്
ചൂളമടിച്ചതാര്?..

ചാണകമെന്തിയേടീ
ചാരവുമെന്തിയേടീ
നഞ്ചില്ലാത്തക്കാളിയും
വെണ്ടയുമെന്തിയേടീ

വഴുതനയെന്തിയെടീ
പയർവള്ളിയെന്തിയേടീ
ചെഞ്ചീരയെന്തിയേടീ
കാന്താരിയെന്തിയേടീ

പുളിമരമെന്തിയേടീ
തണുവെള്ളമെന്തിയേടീ
കളിവള്ളമെന്തിയേടീ
മഴമേഘമെന്തിയേടീ

മുറ്റത്തുവന്നുനിന്ന്
മൂത്രമൊഴിച്ചതാര്
കാണാമറ ചമച്ച്
കാര്യം പറഞ്ഞതാര്.

Friday, 22 April 2016

പ്രകൃതിക്കൊരു കൂട്ട്‌; പ്രസാദിന്‌ ഒരു വോട്ട്‌തെരഞ്ഞെടുപ്പുകാലത്ത്‌ കേരളത്തിലൂടെ സഞ്ചരിക്കുന്നത്‌ കൗതുകകരമാണ്‌. ചുമരായ ചുമരുകളിലെല്ലാം സ്ഥാനാർഥികൾ ചിരിച്ചുല്ലസിച്ച്‌ ഇരിക്കുന്നത്‌ കാണാം. ജീവിതത്തിലൊരിക്കലും ചിരിച്ചിട്ടില്ലാത്തവർ പോലും സ്ഥാനാർഥിയായാൽ ചിരിക്കും. ക്യാമറയ്ക്ക്‌ മുന്നിൽ ഇവരെങ്ങനെയാണ്‌ ചിരി അഭിനയിക്കുന്നത്‌. ഒരുപക്ഷേ ടൂത്ത്‌ ബ്രഷിന്റെ നാരുകൾക്കിടയിൽ ചെറിയ ക്യാമറ ഒളിപ്പിച്ചുവച്ച്‌  പല്ല് തേക്കുമ്പോൾ ക്ലിക്ക്‌ ചെയ്യുന്നതാകാം.

ചില സ്ഥാനാർഥികളുടെ ചുമരെഴുത്തുകൾ കണ്ടാൽ ഇവർ ജനിച്ചതുതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ എന്നു തോന്നിപ്പോകും. പത്തിലധികം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച്‌ പതിവായി തോറ്റവരും ഇക്കുറി ഭാഗ്യപരീക്ഷണത്തിനുണ്ട്‌.

പുതുമയുള്ള ഒരു കാര്യവും ചുമരുകളിലെങ്ങും എഴുതിക്കാണാറില്ല. കലാഭവൻമണിയുടെ പാട്ടുകൾക്കുവരെ ഇക്കുറി പാരഡികൾ ഇറങ്ങിയിട്ടുണ്ട്‌. അഭ്യർഥിക്കുകയാണ്‌, അപേക്ഷിക്കുകയാണ്‌ എന്ന്‌ ഉച്ചഭാഷിണിയിലൂടെ അലറിവിളിക്കാനും തുടങ്ങിയിട്ടുണ്ട്‌.

ആലപ്പുഴയിൽ ഒരു മതാതീത വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്‌ വളരെ വ്യത്യസ്തമായ മുദ്രാവാക്യം ശ്രദ്ധയിൽപ്പെട്ടത്‌. മുഖത്തും മുടിയിലും പെയിന്റടിക്കാത്ത സ്ഥാനാർഥി. ചൂണ്ടുവിരൽ ഉയർത്തിനിൽക്കുന്ന ആകർഷകമായ ചിത്രം. അതിനോടൊപ്പം എഴുതിയിട്ടുള്ളതാണ്‌ വളരെ വ്യത്യസ്തമായി തോന്നിയത്‌. പ്രകൃതിക്ക്‌ ഒരു കൂട്ട്‌, പ്രസാദിന്‌ ഒരു വോട്ട്‌. ഹരിപ്പാട്‌ വച്ചാണ്‌ ഈ മനോഹര മുദ്രാവാക്യം ഞാൻ കണ്ടത്‌.

എല്ലാ പ്രസംഗവേദികളിലും കോഴയും സരിതയും വർഗീയതയും അലറിവിളിക്കുമ്പോൾ പാരിസ്ഥിതിക അവബോധം മുന്നോട്ടുവയ്ക്കുകയാണ്‌ ഈ മുദ്രാവാക്യത്തിലൂടെ. പ്രകൃതിക്ക്‌ കൂട്ടായി നിന്ന്‌ അതിനെ സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്ത്‌ വളരെ വലുതായിരിക്കും. ആഗോളതാപനത്തിന്‌ മരംകൊണ്ടു മാത്രമേ മറുപടി പറയാൻ കഴിയൂ എന്ന്‌ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

പണ്ടെങ്ങുമില്ലാത്തതുപോലെ കേരളം വറചട്ടിയിൽ നിന്നും അടുപ്പിലേക്ക്‌ വീണിരിക്കുകയാണ്‌. പുഴയായ പുഴയെല്ലാം വറ്റിത്തുടങ്ങിയിരിക്കുന്നു. കിളികൾ ചത്തുവീഴുന്നു. പനകൾ തനിയെ കത്താൻ തുടങ്ങുന്നു. മരുവൽക്കരണത്തിന്റെ നാന്ദിയായി കേരളത്തിൽ ഈന്തപ്പനകൾ കുലച്ചുതുടങ്ങിയിരിക്കുന്നു. ഇനിയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലാംതന്നെ പ്രകൃതിയെ സംരക്ഷിക്കണം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്‌ ആയിരിക്കണം.

കുടിവെള്ളം ശേഖരിക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തെ തുടർന്നാണ്‌ ലാത്തൂരിൽ 144 പ്രഖ്യാപിച്ചത്‌ എന്നത്‌ വരാൻ പോകുന്ന വലിയ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും സൂചനയാണ്‌.

പ്രകൃതി സ്നേഹിയായ സ്ഥാനാർഥി പ്രസാദിന്റെ ചിഹ്നത്തിലേയ്ക്ക്‌ കുറേനേരം ഞാൻ നോക്കി നിന്നു. ചിഹ്നങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പഴക്കം അവകാശപ്പെടാവുന്നത്‌ അരിവാളും ധാന്യക്കതിരും. ഈ ചിഹ്നത്തോടൊപ്പം ഉണ്ടായിരുന്ന നുകം വച്ച കാള, കുടിൽ, ആൽമരം, ദീപം ഇവയൊന്നും ഇപ്പോഴില്ല. എ കെ ഗോപാലൻ ലോക്സഭയിലെ പ്രതിപക്ഷ നേതാവായതും ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായതും ഈ ചിഹ്നത്തിൽ ജനങ്ങൾ വോട്ടുചെയ്തതുകൊണ്ട്‌ ആയിരുന്നല്ലോ.

Saturday, 9 April 2016

ന്യൂനപക്ഷക്കണ്ണുകളിൽ ഭയത്തിന്റെ പതാകകൾ


മതാതീത സാംസ്കാരിക യാത്ര മലപ്പുറത്തെത്തിയപ്പോൾ ചില ആശങ്കകളൊക്കെയുണ്ടായിരുന്നു. മതാതീത സംസ്കാരം എന്ന ആശയത്തെ അനുകൂലിക്കുവാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷ സമൂഹത്തിന്‌ ഭൂരിപക്ഷമുള്ള പ്രദേശമാണല്ലോ മലപ്പുറം.

ഇവിടെയുള്ളവരിൽ നിന്ന്‌ മതാതീത സംസ്കാരത്തിന്റെ വിളംബര ചിത്രങ്ങൾ ആലേഖനം ചെയ്ത വാഹനത്തിന്‌ ഇന്ധനം വാങ്ങി ഒഴിക്കുവാനുള്ള പണം ശേഖരിക്കാൻ പറ്റുമോ? ഞങ്ങൾ ലഘുലേഖകളും ശബ്ദകങ്ങളും നൽകി സംഭാവനകൾ സ്വീകരിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞ ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ നിശ്ചയദാർഢ്യത്തോടെ നിന്നു.

അത്ഭുതകരമായിരുന്നു ജനങ്ങളുടെ പ്രതികരണം. അവർ ആവശ്യത്തിന്‌ പണം തന്ന്‌ ഞങ്ങളെ സഹായിച്ചു. അവരുടെ കണ്ണുകളിൽ ഞങ്ങൾ വായിച്ചെടുത്തത്‌ ഭയത്തിന്റെയും നിസഹായതയുടെയും സഹകരണ മനോഭാവത്തിന്റെയും കവിതകളായിരുന്നു. പലരുമായും ഞങ്ങൾ സ്വകാര്യ സംവാദങ്ങൾ നടത്തി.

ഹിന്ദുവർഗീയതയെ എന്നതുപോലെ ഇസ്ലാം-ക്രൈസ്തവ വർഗീയതയേയും പ്രതിസ്ഥാനത്ത്‌ നിർത്തിക്കൊണ്ടായിരുന്നല്ലോ ഞങ്ങളുടെ പ്രസംഗങ്ങളും പ്രയാണങ്ങളും. ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും ഞങ്ങൾ മനസിലാക്കിയത്‌ ഹിന്ദുമത വർഗീയവാദികൾക്ക്‌ കേരള രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞാൽ ന്യൂനപക്ഷ സമൂഹങ്ങൾ ശാരീരികമായി ആക്രമിക്കപ്പെടും എന്ന ഭയം നിലനിൽക്കുന്നു എന്നതാണ്‌.

ഈ ഭയത്തിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വംശഹത്യ ലക്ഷ്യമാക്കി ഗുജറാത്തിൽ നടന്ന നരനായാട്ടും ഇപ്പോൾ ഭരണകൂടത്തിന്റെ കുടക്കീഴിൽ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ഈ ഭയത്തിന്‌ അടിസ്ഥാനമുണ്ടെന്ന്‌ നമ്മളോട്‌ പറയുന്നുണ്ട്‌. അതിനാൽ ന്യൂനപക്ഷസമൂഹങ്ങളുടെ രക്ഷയ്ക്ക്‌ മതാതീത സംസ്കാരം എന്ന ആശയം പ്രയോജനപ്പെടും എന്ന്‌ അവർ പറഞ്ഞു. മനുഷ്യസംഗമ സംഘാടകരുടെ കൈയിൽ ചുവന്ന ഗാന്ധിനോട്ടുകൾ വച്ചു കൊടുത്തുകൊണ്ട്‌ നിസ്കാരത്തഴമ്പുള്ള ഒരു വന്ദ്യ വയോധികൻ പറഞ്ഞത്‌ ഈ ആശയം കൂടി കേരളത്തിൽ ഉണ്ടെങ്കിലേ ഞങ്ങൾക്കും കൂടി ഇവിടെ ജീവിക്കാൻ കഴിയൂ എന്നതാണ്‌.

ഹിന്ദുമത ഭീകരതയ്ക്ക്‌ ഉദാഹരണമായി രോഹിത്‌ വെമുല ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷിത്വം മാത്രമല്ല ചേകന്നൂർ മൗലവിയുടെ വധം, കൈവെട്ടുകേസ്‌, മുടിപ്പള്ളി വിവാദം, മദ്രസകളിലെ ബാലപീഡനം തുടങ്ങിയ ഇസ്ലാമിക വിഷയങ്ങളും ഞങ്ങൾ ഉന്നയിച്ചിട്ടും ന്യൂനപക്ഷ സമൂഹം ഞങ്ങളെ അഭിവാദ്യം ചെയ്തു.

ആ അഭിവാദ്യത്തിനു പിന്നിൽ പ്രവർത്തിച്ച ചേതോവികാരം, മതാതീതമായി മനുഷ്യനെ സ്നേഹിക്കണമെന്ന ശ്രേഷ്ഠമായ ആശയമായിരുന്നു. ഹിന്ദുമത വർഗീയതയ്ക്ക്‌ മേൽക്കൈ ലഭിച്ചിടത്തെല്ലാം അവിശ്വാസികൾ മാത്രമല്ല ഇസ്ലാം, ക്രൈസ്തവ മത വിശ്വാസികളും വേട്ടയാടപ്പെടുകയാണ്‌. നരേന്ദ്ര ധബോൽക്കറേയും ഗോവിന്ദ്‌ പൻസാരെയെയും എം എം കൽബുർഗിയേയും വെടിവച്ചുകൊന്ന അതേ കൈകൾ തന്നേയാണ്‌ ഒഡിഷയിൽ പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും ആക്രമിച്ചതും ഗുജറാത്തിലേയും മറ്റും ഇസ്ലാമിക സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും. കേരളത്തിൽ നിന്നും ന്യൂനപക്ഷ സമൂഹത്തിന്റെ ഭയവിഹ്വലതകൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്‌.

യഥാർഥത്തിൽ ഹിന്ദു വർഗീയതയ്ക്ക്‌ മേൽക്കൈ ഉണ്ടായാൽ വേട്ടയാടപ്പെടുന്നത്‌ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല, യഥാർഥ ഇരകൾ കേരളത്തിലെ ദളിതർ തന്നെ ആയിരിക്കും. അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്ക്‌ ചാടിക്കൊണ്ടിരിക്കുന്ന ഗോത്രമഹാസഭാ നേതാവടക്കം കേരളത്തിലെ എല്ലാ കീഴാളരും ഈ വിപത്ത്‌ തിരിച്ചറിയേണ്ടതുണ്ട്‌.