Wednesday 30 September 2020

ഉണ്ണിയാര്‍ച്ചമാരുടെ പ്രതികരണം


പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവരുടെ സഖാക്കളായ ദിയ, സന ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ചേര്‍ന്നു നടത്തിയ  സ്വാഭിമാന പ്രതികരണം    കൂടുതല്‍ കേസുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയായിരിക്കുകയാണല്ലോ. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതു സമൂഹത്തിന്‍റെ ആരോഗ്യത്തിനു പ്രയോജനപ്പെടുമെന്നാണ് തോന്നുന്നത്.

സിനിമയിലഭിനയിച്ചതിന് ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട രാജമ്മയെന്ന റോസമ്മയുടെ നാടാണ് കേരളം.അരങ്ങിലേക്ക് പാഞ്ഞു വന്ന വെടിയുണ്ടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിലമ്പൂര്‍ ആയിഷയുടെ നാടാണ് കേരളം.ആ രംഗത്തേക്ക് ആളിക്കത്തിയ അഗ്നിജീവിതത്തില്‍ നിന്നും എത്തിയ പ്രതിഭയാണ് ഭാഗ്യലക്ഷ്മി.  

സിനിമയില്‍ കാണാമറയത്തിരുന്നു അവര്‍ തേങ്ങിയപ്പോള്‍ കേരളവും തേങ്ങി. അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കേരളവും ചിരിച്ചു. അവര്‍ ശബ്ദം കൊണ്ടു പ്രണയിച്ചപ്പോള്‍ കേരളവും പ്രണയിച്ചു.   തീര്‍ച്ചയായും ഭാഗ്യലക്ഷ്മിയെ  കേരളീയര്‍ക്ക് വിശ്വാസമാണ്. അവരാണ്,  അപമാനിതരായ യുവതികള്‍ക്കൊപ്പം തെറ്റു ചെയ്ത പുരുഷനെതിരെ പ്രതികരിച്ചത്.

ആ വനിതാ സംഘത്തെ പ്രകോപിതരാക്കിയ സംഭവം പ്രബുദ്ധ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. സ്ത്രീകളെ ലൈംഗികമായി ആക്ഷേപിക്കുകയും അതിനായി ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സാമൂഹ്യമാധ്യമത്തെ ദുരുപയോഗപ്പെടുത്തുകയുമാണല്ലോ കുറ്റവാളികള്‍ ചെയ്തിരിക്കുന്നത്. ഡോ.വിജയ് പി നായരെന്ന  ആളിനെയാണ് വനിതാസംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്തവര്‍ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമധ്യത്തിലെത്തിക്കുകയും ചെയ്തു.

ഒളിഞ്ഞുള്ള ഒരു ആക്രമണം ആയിരുന്നില്ല അതെന്നര്‍ത്ഥം  ബോംബെറിഞ്ഞിട്ടു മതഭീകരരെ പോലെ   ഒളിച്ചോടാതെ ഭഗത്സിങ്ങിനെ പോലെ അവര്‍ നിന്നു.  കാരണങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചു.

പോലീസില്‍ പരാതി കൊടുത്താല്‍, ശക്തമായ വനിതാ പോലീസ് സംഘം പോലുമുള്ള കേരളത്തില്‍ അത് പരിഗണിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ട്? 

 അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനികളായ  യുവസഖാക്കളെ രാത്രിയിലും വിടാഞ്ഞതിനാല്‍    ഒരു രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്വത്തോടു കൂടി തമ്പാന്നൂര്‍ സ്റ്റേഷനില്‍ പോയി കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ മോചിപ്പിച്ച സംഭവം ഓര്‍മ്മ വരുന്നു. അക്കാലം പോയെന്നല്ലേ കരുതിയത്..

വണ്ടിക്കൂലിയും ഫീസും വര്‍ദ്ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് 
തെരുവിലിറങ്ങേണ്ടി വന്നിട്ടുള്ളതു പോലെ നീതി ലഭിക്കുന്നില്ലെന്നു കാണുമ്പോള്‍ സ്ത്രീകള്‍ക്ക് വിചാരണ നടത്തേണ്ടി വരും. മണിപ്പൂരിലെ അമ്മമാര്‍ ചെയ്തതു പോലെ. പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ പാട്ടു കേട്ടു വളര്‍ന്ന  കേരളമാണല്ലോ ഇത്.

ഇത്തരം സംഭവങ്ങള്‍ പൊതു സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്.
സിനിമാ ജേര്‍ണലിസത്തെ കുറിച്ചു പണ്ടേ ഇത്തരം പരാതികളുണ്ട്. സീരിയസ്സായ ഒരു സിനിമാ പ്രസിദ്ധീകരണം നമുക്കില്ലല്ലോ. 

നമ്മുടെ സിനിമാ മേഖല എന്താണ് ഇങ്ങനെയായിപ്പോകുന്നത്?
നടി ആക്രമിക്കപ്പെടുന്നു. മയക്കു മരുന്നു കേസുകളില്‍ നടിമാര്‍ പ്രതികളാവുന്നു, പേരിനോടൊപ്പം നവോത്ഥാന വിരുദ്ധമായ ജാതിവാല്‍ ചുമ്മുന്നതില്‍     നടികള്‍ ഉത്സുകരാവുന്നു. ഒരു വശത്ത് ഈ സീനുകളും മറുവശത്ത് നികുതി വെട്ടിപ്പ്, അക്രമ ഗൂഡാലോചന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു നടന്മാരും കലയെ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടതരമാക്കുന്നു. 

സ്ത്രീകളെ പൊതു സമൂഹത്തില്‍ കരി തേച്ചു കാണിക്കുന്ന പ്രവണത അന്തസ്സുള്ള പുരുഷ സമൂഹത്തിനു നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ നീതി യുക്തമായ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക്   നമുക്ക് വിശ്വസിക്കാം.

Thursday 24 September 2020

കടല്‍ക്കണ്ണ്


കാട്ടെരിക്കു പൂത്തുലഞ്ഞ 
ഡിസംബര്‍ മാനം
നോക്കിനില്‍ക്കേ രാക്കടലിന്‍
മനസ്സിലൂടെ 
പണ്ടു താഴ്ന്ന കപ്പലിലെ
കറുത്ത പെണ്ണിന്‍
കണ്ണു രണ്ടും തിളങ്ങുന്ന 
രത്നമായ് നീങ്ങി  
ഉഷ്ണവെള്ള പ്രവാഹത്തില്‍
മുങ്ങി  നീര്‍ന്നപ്പോള്‍
കണ്ണൊരെണ്ണം തെളിമാന-
ചന്ദ്രനായ് മാറി 
മറ്റൊരെണ്ണം സൂര്യനായി 
കുട നീര്‍ത്തപ്പോള്‍ 
കാട്ടെരിക്കിന്‍ പൂക്കളെല്ലാം 
ഭൂമിയിലെത്തി.

Wednesday 23 September 2020

നാടകം


ദ്രവിച്ച വടവൃക്ഷം
വറ്റുന്ന ജലാശയം
ഹൃദയം വരണ്ടപ്പോൾ
എത്തിയ തന്തച്ചെന്നായ്
തൊട്ടടുത്താട്ടിൻകുട്ടി
ധിക്കാരി
രാപ്പാതയിൽ ഒറ്റയ്ക്കു കാടും നാടും
കണ്ടുകണ്ടലഞ്ഞവൻ
പണ്ടത്തെ അതേ ചോദ്യം
ഉത്തരം:തയ്യാർ
എന്നെ തിന്നുകൊള്ളുക
വിശപ്പിത്തിരിയടങ്ങട്ടെ
തെറ്റുന്നു സംഭാഷണം
നാടകം തുടരുവാൻ
ഒക്കാതെ ചെന്നായ്
കർട്ടനിടുവാനാജ്ഞാപിക്കെ
ബുദ്ധവൃക്ഷത്തിൽ
തളിർനാക്കു പൊന്തുന്നു
ദാഹം വറ്റിയ തടാകത്തിൽ
വിസ്മയം നിറയുന്നു
ഒറ്റയാൾ മാത്രം
രംഗം വഷളായപ്പോൾ കൂവി
ഒറ്റയാൾ, ഒരേയൊരു കുറുക്കൻ
നിരൂപകൻ

Tuesday 15 September 2020

ഗംഗാതീരത്തെ പൂച്ചസന്യാസി


കോവിഡ് കാലം ബൃഹദ് ഗ്രന്ഥങ്ങളുടെ വായനക്കാലം കൂടിയാണല്ലോ. ഇന്ത്യന്‍ പുസ്തകങ്ങളില്‍ വായിക്കാനെടുക്കാവുന്ന വലിയ പുസ്തകം മഹാഭാരതം തന്നെയാണ്.

മഹാഭാരതം ഒരു മതഗ്രന്ഥമല്ല ഒരു മതപ്പേരും അതിലില്ല. .  അന്നു നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥയും ജാതി ലംഘനങ്ങളും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. യുദ്ധം നടക്കുന്ന കുരുക്ഷേത്രം ഒരു ക്ഷേതമേയല്ല. അവിടെ ഭജനയും പൂജാരിയുന്നുമില്ല. വലിയൊരു ആള്‍ക്കൂട്ടത്തിനു നില്‍ക്കാന്‍ പാകത്തിലുള്ള ഒരു മൈതാനമാണത് വ്യാസന്‍റെ അതി വിപുലമായ സൈന്യസങ്കല്‍പ്പത്തെ ഗണിതശാസ്ത്രപരമായി ഉള്‍ക്കൊള്ളാനുള്ള 
വ്യാപ്തിയും ആ മൈതാനത്തിനില്ല. ക്ഷേത്രരഹിതമായ  ആ ചെറു മൈതാനം കുരു മഹാരാജാവ് ഉഴുതുമറിക്കുന്നതുപോലുമുണ്ട്.

മഹാഭാരതം മനുഷ്യരുടെ മാത്രം കഥയല്ല. ഗരുഡ സങ്കല്‍പ്പം പോലെയുള്ള പടുകൂറ്റന്‍ പക്ഷികളും പരുന്തും കുരുവിയും തത്തയും  ശാര്‍ങ്ങകക്കിളികളെ പോലെയുള്ള കുഞ്ഞിക്കിളികളും എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകളും ചേരയും   ആനയും കുതിരയും കാളയും പശുവും കൂറ്റന്‍ ഓന്തും കീരിയും കുരങ്ങും പുഴുവും    മീനുകളും എല്ലാം ഉണ്ട്. ഇലവും  ആലും കണിക്കൊന്നയുമടക്കം നിരവധി മരങ്ങളുമുണ്ട്.

കൃഷ്ണനെ ഒരു വനവേടനെ കൊണ്ടു കൊല്ലിക്കാനും ഗാന്ധാരിയെക്കൊണ്ടു വിമര്‍ശിപ്പിക്കാനും  സ്വന്തം മകനായ സാംബനെ അഗമ്യഗമനത്തിന്റെ പേരില്‍ കൃഷ്ണനെ കൊണ്ടു ശപിപ്പിക്കാനും ധീരനായ വ്യാസ മഹാകവിക്കു കഴിയുന്നുണ്ട്. പില്‍ക്കാല കവികളുടെ മഹാ പാഠശാലയാണ് മഹാഭാരതം.  

കൊല,ഭവനഭേദനം., ബലാല്‍ഭോഗം, മോഷണം, ചതി തുടങ്ങിയ ഇരുണ്ട ഇടങ്ങളും ത്യാഗം, സ്നേഹം, കരുണ,പ്രണയം,രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ തെളിഞ്ഞ   ഇടങ്ങളും മഹാഭാരതത്തിലുണ്ട്. 

മഹാഭാരതത്തില്‍, മനുഷ്യരറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉപ കഥകളായി മഹാകവി പറയുന്നുണ്ട്. രാമായണവും ശാകുന്തളവും നളചരിതവുമൊക്കെ അത്തരത്തിലുള്ള കേവലം ഉപകഥകള്‍ മാത്രമാണ്. വ്യാസനും മാര്‍ക്കണ്ഡേയനും ലോമശനും ഭീഷ്മരുമൊക്കെയാണ് ഈ സാരോപദേശ കഥകള്‍ പറയുന്നതു.

അതില്‍ രസകരമായ രണ്ടു കഥകള്‍ ഗംഗാതീരത്തെത്തിയ പൂച്ച സന്യാസിയെയും  വലയറുത്ത എലിയെയും കുറിച്ചുള്ളതാണ്
നാരദന്‍ ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞു കൊടുത്ത ഈ കഥ ദൂതുമായി പോകുന്ന ഉലൂകനോടു ദുര്യോധനന്‍ ആവര്‍ത്തിക്കുന്നതാണ്.

ഒരു പൂച്ച ഒരിക്കല്‍ ഗംഗാ തീരത്ത് വന്നു രണ്ടു കയ്യും പൊക്കി തപസ്സു തുടങ്ങി. ഇന്ന് ആള്‍ദൈവത്തിനു മുന്നില്‍ ആളുകൂടുന്നതു
പോലെ ജീവികളൊക്കെ പൂച്ച സന്യാസിയുടെ അനുഗ്രഹത്തിനായി എത്തിത്തുടങ്ങി. എലിക്കൂട്ടം വന്നപ്പോള്‍ പൂച്ച സന്യാസി ഒരു പ്രധാനകാര്യം അരുളിച്ചെയ്തു.   ആത്മീയവും
ഭൌതികവുമായ കാര്യങ്ങള്‍  ഒന്നിച്ചു നോക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ നിങ്ങളുടെ ആത്മീയ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്‍റെ ചില   ഭൌതിക കാര്യങ്ങള്‍  
നിങ്ങള്‍ ശ്രദ്ധിക്കണം. സ്നാനത്തിനായി എന്നെ ഗംഗയില്‍ കൊണ്ടു പോകണം. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും ഓരോ എലി സന്യാസിയെ നീരാടിക്കാന്‍ കൊണ്ടുപോയി. പൂച്ചസന്യാസി മാത്രം തിരിച്ചു വന്നു.

മൂഷികസംഖ്യ കുറഞ്ഞു വരുന്നതില്‍ സംശയം തോന്നിയ ഡിണ്ടികന്‍ എന്ന എലി, കൂട്ടരോടു പറഞ്ഞിട്ട് ഒരു ദിവസം  പൂച്ചയ്ക്ക് എസ്കോര്‍ട്ട് പോയി.
ആ ധീരന്‍ മടങ്ങി വന്നില്ല. മറ്റു എലികള്‍ സന്യാസിയുടെ മല പരിശോധന നടത്തുകയും എലിരോമം കണ്ടെത്തുകയും ചെയ്തതിനാല്‍ ആരാധന അവസാനിപ്പിച്ചു. കോകിലന്‍ എലിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ഈ തീരുമാനം നടപ്പിലാക്കി.   പട്ടിണിയില്‍ പെട്ട പൂച്ചസന്യാസി അങ്ങനെ ഗംഗാതീരം വിട്ടുപോയി യുധിഷ്ഠിരനെ പൂച്ചസന്യാസിയോട് ഉപമിക്കുകയായിരുന്നു ദുര്യോധനന്‍.

മറ്റൊരു പൂച്ചക്കഥ ശരാശയ്യാവലംബിയായ ഭീഷ്മര്‍ യുധിഷ്ഠിരന് പറഞ്ഞു കൊടുക്കുന്നതാണ്. 

പലിതന്‍ എന്ന  എലി കാട്ടിലൂടെ പോകുമ്പോള്‍ വലയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പൂച്ചയെ കണ്ടു. ലോമശന്‍ എന്ന പൂച്ച. ചരിത്രപരമായ ശത്രുത അവര്‍ക്കുണ്ടല്ലോ.പക്ഷേ എലി നോക്കിയപ്പോള്‍ ആ കാട്ടുപാതയ്ക്കരികില്‍ ഒരു കീരിയെയും മരക്കൊമ്പില്‍ ഒരു മൂങ്ങയെയും കണ്ടു. ഹരിതന്‍ കീരിയും ചന്ദ്രകന്‍ മൂങ്ങയും. രണ്ടുപേരും എലിയെ നോട്ടമിട്ടിരിക്കുകയാണ്. പൂച്ച വലയിലാണെങ്കില്‍ മറ്റു രണ്ടു ശത്രുക്കളും സ്വതന്ത്രരാണ്. തന്ത്രജ്ഞനായ എലി പൂച്ചയുടെ വല അല്‍പ്പം മുറിക്കുകയും അതിനുള്ളില്‍ കയറി പൂച്ചയ്ക്കടുത്ത് സുരക്ഷിതനായി ഇരിക്കുകയും ചെയ്തു. ബാക്കി വല കൂടി മുറിക്കുന്നതുവരെ പൂച്ച എലിയെ കൊല്ലുകയില്ല.

കുറച്ചു കഴിഞ്ഞു വേട്ടക്കാരന്‍ വന്നു. അയാളുടെ അമ്പും വില്ലും കണ്ട മൂങ്ങയും കീരിയും   പൊടുന്നനെ രക്ഷപ്പെട്ടു.  എലി ഉടന്‍ തന്നെ മറ്റ് ചരടുകള്‍ കൂടി അറുത്തു ഓടി രക്ഷപ്പെട്ടു. പൂച്ചയും രക്ഷപ്പെട്ടു.

മൂന്നു ശത്രുക്കളെ ഒന്നിച്ചു നേരിടാനുള്ള ഒരു തന്ത്രമാണ് ഭീഷ്മര്‍ പറയുന്നതു. ഒരു ശത്രുവുമായി താല്‍ക്കാലിക സഖ്യമുണ്ടാക്കുക.

ഗംഗാതീരത്തെ പീഡിതരായ മൂഷികസമൂഹത്തോട് എന്തായിരിക്കാം കോകിലന്‍ എന്ന പുതിയ നേതാവ് പറഞ്ഞത്?
ഇങ്ങനെയാവാം.
"മൂഷികരാജന്റെ കല്‍പ്പന കേള്‍ക്കൂ 

പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍ 

കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു

രാമനാമങ്ങളുരുവിട്ടു കൊണ്ട് 

നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-

സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം"


പിന്നൊരിക്കല്‍ എലിക്കു മന്ത്രിപദം വച്ചുനീട്ടുകയും എലി അതു നിരസിക്കുകയും ചെയ്യുന്നുണ്ട്.


മഹാഭാരതം ഉത്തമ സാഹിത്യകൃതി എന്ന നിലയില്‍ വീണ്ടും വായിക്കാവുന്നതാണ്.

Friday 11 September 2020

അവന്‍

 വേദന ജ്വലിക്കുന്ന 

കണ്ണുകളോടൊരാള്‍ 

റാസയ്ക്കു മുന്നിലെത്തുന്നു 


പൊന്‍ കുരിശു

ബലമായ് പിടിച്ചു വാങ്ങുന്നു 

പെണ്ണിനും കുഷ്ഠരോഗിക്കും കൊടുക്കുന്നു.


ഭക്തരുടെ കല്ലേറു കൊണ്ടു വീഴുന്നു 

ഹസ്തത്തിലാണിപ്പഴുതില്‍ നിന്നും 

രക്തമിറ്റിറ്റു വീഴുന്നു.

Tuesday 8 September 2020

രാത്രികാലത്തെ ചാനൽചന്തകൾ


രാത്രി എട്ടു മണിക്ക് വിവിധ ചാനലുകളിൽ, പല ശീർഷകങ്ങളിൽ
അരങ്ങേറുന്ന ചർച്ചകൾ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.
എന്നാൽ ചില പ്രേക്ഷകരാകട്ടെ റിമോട്ട് കയ്യിലെടുത്തു
ചർച്ചയില്ലാ ചാനലുകൾ തേടിപ്പോവുകയോ ഓഫാക്കുകയോ
ചെയ്യാറുണ്ട്. അത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒഴിവാകുന്നവർ
കൃത്യമായി വോട്ടു ചെയ്യുന്നവരും മാസ്ക്ക് ധരിക്കുന്നവരുമൊക്കെയാണല്ലോ.

ചാനൽ ചർച്ചയുടെ അവതാരകർ വിഷയങ്ങൾ പഠിച്ചു
അവതരിപ്പിക്കുന്നവരും നല്ല ഓർമ്മശക്തിയുള്ളവരും
ഒക്കെയാണ്. ചാനൽ ഉടമസ്ഥരുടെ താല്പര്യമനുസരിച്ച്
ചിലപ്പോഴെങ്കിലും അവർക്ക് അവരുടെ കഴിവുകളെ
വഴി തിരിച്ചു വിടേണ്ടിവരും. സ്വദേശാഭിമാനി രാമകൃഷ്ണ
പിള്ളയ്ക്ക് ഒത്ത ഒരു വക്കം അബ്ദുൽ ഖാദർ മൗലവിയെ
എപ്പോഴും കിട്ടണമെന്നില്ലല്ലോ.

അപ്പോൾ ചർച്ചകളെ ചന്തകളാക്കുന്നത് അവതാരകരല്ല.
പങ്കെടുക്കുന്നവർ തന്നെയാണ്.ചാനൽ ചർച്ചയെന്നാൽ ഒരു
ഇടിപ്പടത്തിൽ നടിക്കാൻ കിട്ടുന്ന ചാൻസാണെന്നു കരുതുകയും
ആ ബോധത്തോടെ അരങ്ങുതകർത്താടുകയും ചെയ്യുന്ന 
രാഷ്ട്രീയ പാർട്ടിപ്രതിനിധികളുണ്ട്. അവരാണ് പ്രശ്നമുണ്ടാക്കുന്നത്.

വില്ലന്മാരും കവലചട്ടമ്പിമാരും തിണ്ണമിടുക്കുകാരുമൊക്കെ
ആത്യന്തികമായി പിൻതള്ളപ്പെടുമെന്ന് അവർ മറന്നുപോകുന്നു.

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പോലും വെല്ലുവിളിക്കുന്ന
ഗുസ്തിക്കാരെ അവിടെ കാണാൻ കഴിയും. ഓരോ രാഷ്ട്രീയക്കാരും
എന്ത് പറയും എന്ന കാര്യം പ്രേക്ഷകർക്ക് നന്നായറിയാമെന്നവർ
മറന്നു പോകുന്നു. പ്രേക്ഷകരെല്ലാം മറവിരോഗം ബാധിച്ചവരാണെന്നു കരുതുന്നവരാണധികവും. സരിത-സ്വപ്ന കേസുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ
പ്രേക്ഷകമനസ്സിലുണ്ട്.

സാംസ്ക്കാരിക വിഷയങ്ങൾ അപൂർവമായേ ഈ ഗുസ്തിത്തറകളിൽ എത്താറുള്ളൂ. ഇല്ലാഞ്ഞിട്ടാണോ? അല്ല. 

വരവരറാവു എന്ന കവി എത്രയോ നാളായി ജയിലിലാണ്. ജയിലിൽ വച്ച് അദ്ദേഹം രോഗബാധിതനാവുകയും തീർത്തും ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എറിയപ്പെടുകയും ചെയ്തു. ബലാൽസംഗം കൊലപാതകം, കള്ളക്കടത്ത് തുടങ്ങിയവയ്ക്ക് നൽകുന്ന പ്രാധാന്യമൊന്നും ഈ കവിയോട് കാട്ടുന്ന ക്രൂരതയ്ക്ക്
ചാനൽക്കമ്പോളം നൽകിയിട്ടില്ല.

ആദിവാസി ദളിത് പ്രശ്നങ്ങൾക്കും അർഹിക്കുന്ന
പ്രാധാന്യം നൽകാറില്ല. എപ്പോഴെങ്കിലും പരിഗണിച്ചാൽ
തന്നെ ആ മേഖലയിൽ പെട്ടവർക്ക് പകരം സ്ഥിരം
നാടകക്കാരാണ് രംഗം കയ്യടക്കുന്നത്.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദ്യാഭ്യാസ നയത്തെ
സംബന്ധിച്ച് എന്തിനെക്കുറിച്ചും പാർട്ടിനോക്കി
അഭിപ്രായം പറയുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള
ചർച്ചയാണാവശ്യം. സിലബസിൽ വരുത്തിയിട്ടുള്ള
വലിയമാറ്റങ്ങൾ ആ വിഷയത്തിൽ പ്രാഗലഭ്യമുള്ളവരെ
അണിനിരത്തി ചർച്ച ചെയ്യേണ്ടതുണ്ട്.വിമാനത്താവളം
വിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരുത്തുന്ന രീതിയിലുള്ള
ചർച്ച ആവശ്യമാണ്.

കേരളത്തില്‍ പുതിയൊരു സര്‍വകലാശാല വരാന്‍ പോകുന്നു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍  നിന്നും ഈ സര്‍വകലാശാല എങ്ങനെ വ്യത്യസ്ഥമാകണം? ഈ സര്‍വ്വകലാശാലയില്‍ നിന്നും 

യോഗ്യത നേടുന്ന ഒരാള്‍  നാരായണഗുരുവിന്‍റെ പക്വാവസ്ഥയിലുള്ള ചിന്തയായ മതരഹിതമനുഷ്യജീവിതം എന്ന ആശയം ഉള്‍ക്കൊള്ളുന്ന  രീതിയിലുള്ള പാഠ്യപദ്ധതിയുണ്ടാകുമോ? തൊഴില്‍ പരിശീലനം എന്ന ഗുരുചിന്തയെ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കും?  ഒരു വിദഗ്ദ്ധ സംവാദത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ സര്‍ക്കാരിന്‍റെ  ശ്രദ്ധയില്‍ പെടുത്താന്‍ ഏതെങ്കിലും ഒരു ചാനലിനു  സാധിക്കുമോ? സര്‍ക്കാരിനെ സ്ഥിരമായി എതിര്‍ക്കുന്ന ചാനലുകള്‍ ഇക്കാര്യത്തില്‍ പോലും പഴയ രീതി തുടര്‍ന്നാല്‍ സമൂഹത്തിന് എന്താണ് പ്രയോജനം?  


ചാനല്‍ ചന്തകളില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തരാകാറുള്ളത്   സംഘപരിവാർ സംസ്‌ക്കാരമുള്ളവരാണ്.രാമ ക്ഷേത്ര നിർമ്മിതിക്കു ഇഷ്ടികയും ഇഷ്ടവും നൽകിയതോടെപള്ളിപൊളിക്കാൻ കൂട്ടു നിന്ന കോൺഗ്രസ്സും ആ സംഘത്തിൽ എത്തിയിട്ടുണ്ട്. അവരും ചാനൽത്തറയിൽ ഗോഗ്വാ വിളിച്ചു കത്തി വേഷം ആടാറുണ്ട്. ജനങ്ങള്‍ ഈ അസംബന്ധ നാടകം മനസ്സില്‍ കുറിക്കുന്നുണ്ടാകും. 

ചാനൽ മാറ്റാനോ ഓഫാക്കാനോ ഉള്ള സൗകര്യം പ്രേക്ഷകർ
ഉപയോഗിക്കുകയെന്ന പോംവഴി മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.

Sunday 6 September 2020

വീശുപാള

 വീശാം ദേഹക്ലമമകലെയാക്കാ, മുറക്കം മുടക്കി 

ക്ലേശിപ്പിക്കും കൊതുകിനെയകറ്റാം, കുരുട്ടീച്ച മാറ്റാം 

പാശോച്ഛിന്നം പരമൃഗമശേഷം വിരട്ടിത്തുരത്താം 

പാശാബദ്ധം പശുവിനു വിശേഷിച്ചു കൈത്തീറ്റ നല്കാം 


താളം മൂളുന്നളവിലൊരു കൈത്താളമായിപ്പിടിക്കാം 

നീളം നോക്കുന്നതിന്നളവുകോലായ് പിടിക്കാം ചിലപ്പോള്‍ 

കാളക്കുട്ടിയ്ക്കനുദിനമെറായത്തു പുല്ലൂട്ടി കെട്ടാം

മേളം കേള്‍ക്കാന്‍ പലര്‍ വരികിലപ്പോള്‍ മുറുക്കാനെടുക്കാം 


സത്രം തോറും ചരസരണിയില്‍ കേറിയാലൊന്നിരിക്കാം

പാത്രം കൂടാതിലയിലമരും ഭോജനം വാങ്ങിയുണ്ണാം

മൂത്താന്‍മാര്‍ക്കും മുതുകു ചൊറിയാം മുണ്ടു തെല്ലൊന്നു മാറ്റാം 

മൂത്രം വീഴ്ത്തുന്നതിനു മറയായ് പാളയൂന്നിപ്പിടിച്ചാല്‍.


അങ്ങിങ്ങു മുറ്റത്തു നടന്നിടുമ്പോള്‍ 

ഇങ്ങങ്ങു ചാറുന്നൊരു ചാറ്റവെള്ളം 

ചങ്ങാതിയാകും വെയിലും ശിരസ്സില്‍-

ത്തങ്ങാതെ കാക്കും കുടയായ് പിടിക്കാം 


കാറ്റാവശ്യം വീശുപാളയ്ക്കു വീശി-

ക്കാറ്റുണ്ടാക്കാം വീട്ടിലുള്ളോര്‍ക്കശേഷം

കാറ്റാടിക്കായ് കാശു വാരിക്കൊടുത്തേ

കാറ്റുണ്ടാവെന്നില്ല നല്ലോര്‍ സഹായം.

( ഈ കവിത സ്ക്കൂളില്‍ പഠിക്കുമ്പോള്‍അപ്പൂപ്പന്‍ എനിക്കു പറഞ്ഞു തന്നതാണ്. ഞാനിതു കൊച്ചുമാമനു-കുരീപ്പുഴ നടരാജന്‍- കൊടുത്തു. അദ്ദേഹം താഴെ അപ്പൂപ്പന്‍റെ പേരെഴുതി സൂക്ഷിച്ചു. അക്കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന അട്യ്ക്കാമരപ്പാള മുറിച്ചുണ്ടാക്കുന്ന വീശുപാളയാണ് പ്രമേയം. അപ്പൂപ്പന്‍ എപ്പോഴും ഈ വീശുപാള ഉപയോഗിക്കുമായിരുന്നു.

ഭഗവദ് ഗീതാ വിവര്‍ത്തനത്തില്‍ അദ്ദേഹം വിദ്വാന്‍ കെ.വിശ്വനാഥനാചാരി എന്നാണ് പേരുവച്ചിട്ടുള്ളത്. എന്നാല്‍ കേരളശബ്ദത്തില്‍ മാണ്ഡൂക്യോപനിഷത്ത്  മൊഴിമാറ്റി പ്രസിദ്ധീകരിച്ചപ്പോള്‍ കുരീപ്പുഴ വിശ്വനാഥന്‍ എന്നാണ് പേരു വച്ചിരുന്നത്.)

Wednesday 2 September 2020

ഇന്ന് വായിച്ച കവിതയോടൊപ്പം


ഒന്‍പതു വര്‍ഷം മുന്‍പാണ് വടകരയിലെ അദ്ധ്യാപിക കെ.പി.സീനയുടെ കുറച്ചു കവിതകള്‍ വായിക്കാന്‍ ഇടയായത്.  
ആശയത്തിനു പ്രാധാന്യമുള്ള രചനകള്‍. ഹ്രസ്വ രചനകള്‍.

കവിതകളെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നു തോന്നി. കുറച്ചു പേര്‍ക്കു കൂടി ഈ കവിതകള്‍ വായിക്കാന്‍ കൊടുക്കണം.

അങ്ങനെയാണ് ഫേസ് ബുക്കില്‍ ഇന്ന് വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍ ഒരു കവിത പോസ്റ്റു ചെയ്തത്. ചില സാങ്കേതിക പ്രയാസങ്ങളുണ്ടായിരുന്നു. മലയാളം ടൈപ്പ് ചെയ്യാനാറിയില്ല. ഒറ്റ വിരലുപയോഗിച്ചു മംഗ്ലീഷില്‍ ശ്രമിക്കണം.
ശ്രമങ്ങള്‍ ജീവിതത്തില്‍ വേണ്ടതാണല്ലോ.അങ്ങനെതന്നെ ചെയ്തു.ഒരാള്‍ കൂടി വായിച്ചു. ഒരാളെങ്കിലും വായിച്ചല്ലോ.


ഇന്ന് വായിച്ച കവിത.
----------------------------------
ചരിത്രം.
-------------
ചരിത്രത്തിന്‍റെ
താളുകള്‍
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്‍
അധ്യാപകന്‍
വികാരാധീനനായി.

അറ്റുവീണ കാലുകള്‍
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.

ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള്‍ സജലങ്ങളായി.

മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന്‍ അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.

****
സീന.കെ.പി.

കുട്ടിക്കാലം മുതലേ എല്ലാ ദിവസവും വായിക്കുമായിരുന്നു.

പുസ്തകങ്ങള്‍ പൂജവയ്ക്കുന്ന ദിവസവും വായന മുടക്കിയിരുന്നില്ല.പത്രം വായന തീരെ  മുടങ്ങിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം ആയിരുന്നതിനാല്‍ ആദ്യം കണ്ട പത്രം ജനയുഗം തന്നെ.

2011 സെപ്തംബര്‍ മൂന്നിനു ശേഷം,  വായിക്കുന്നതില്‍ ഒരു കവിത എല്ലാ ദിവസവും പോസ്റ്റു ചെയ്തു തുടങ്ങി.  വളരെ ലളിതമായ ഒരു ചിന്ത ഈ പ്രവൃത്തിയില്‍ എന്നെ നയിച്ചിരുന്നു. അത് നമ്മള്‍ ഒരു നല്ല ചായ കുടിച്ചാല്‍ ഒരു സുഹൃത്തിനു കൂടി വാങ്ങിക്കൊടുക്കുക എന്ന ചിന്തയായിരുന്നു അത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടുകാര്‍ എനിക്കുള്ളതിനാല്‍ ധാരാളം ചായ ഞാന്‍ കുടിച്ചിട്ടുമുണ്ട്.

വായനക്കാരുടെ ശ്രദ്ധ കൂടുതലായി ഈ പംക്തിയില്‍ പതിയാന്‍  തുടങ്ങി. രാവിലെ നാലുമണിക്ക് ഉണരണം. കവിത കണ്ടെത്തി ഒറ്റവിരല്‍ കൊണ്ട് ടൈപ്പ് ചെയ്തു പോസ്റ്റു ചെയ്യണം.

യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യേണ്ടി വരും.


ഇന്ന് ഒന്‍പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‍ മറ്റ് പലരും ഈ വഴി തുടരുന്നുണ്ട്.അത്രയും സന്തോഷം.

ചെറു മാസികകളില്‍ വരുന്ന കവിതകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇന്നു വായിച്ച കവിതയുടെ വായനക്കാര്‍ കേരളത്തില്‍ മാത്രം ഉള്ളവരല്ല. വിവിധ രാജ്യങ്ങളിലുള്ളവര്‍ ഈ പോസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. കാര്യകാരണസഹിതമുള്ള വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതുസസ്യങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന കംസചിന്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുണ്ട്.


മൂവായിരത്തഞ്ഞൂറോളം. കവിതകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അറുനൂറിലധികം വായനക്കാര്‍ പ്രതിദിനം ശ്രദ്ധിച്ചിരുന്ന ഈ പംക്തി ഫേസ്ബുക്ക് അധികൃതരുടെ പുതിയ നോട്ടിഫിക്കേഷന്‍ സമ്പ്രദായം മൂലം ഇരുനൂറില്‍ 

താഴെയായി ചുരുങ്ങിയിട്ടുണ്ട്. കടപ്പുറത്ത് ഒറ്റയ്ക്കിരുന്നും ഒറ്റ ശ്രോതാവിനു വേണ്ടിയുമൊക്കെ കവിത ചൊല്ലി പരിചയമുള്ളതിനാല്‍ ഫേസ്ബുക്കിന്‍റെ ഈ പുതിയ നിലപാട് എന്നെ നിരാശപ്പെടുത്തിയിട്ടുമില്ല. 


നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റിലെത്തുകയെന്ന ഒരു ദുശ്ശീലത്തിലേക്ക്  ഫേസ്ബുക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്. പോസ്റ്റ് സ്വയം തേടി പോവുകയെന്ന അന്വേഷണ പാതയിലേക്ക് നമ്മള്‍ തിരിയേണ്ടതുണ്ട്. എങ്കിലേ പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്താന്‍ കഴിയൂ.പുതിയ പൂക്കളും പക്ഷികളും മൃഗങ്ങളും മനുഷ്യരും അവിടെയാണ് ഉണ്ടാവുക. 


മണ്‍മറഞ്ഞു പോയവരുടെ കവിതകളാണ് ഞായറാഴ്ചകളില്‍  പോസ്റ്റ് ചെയ്യുന്നത്. നാട്ടു കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണം കുറത്തിപ്പാട്ട്, മാപ്പിള രാമായണം, ഉണ്ണിയാര്‍ച്ചപ്പാട്ട് അടക്കമുള്ള  കടത്തനാട്ടു പാട്ടുകള്‍ തുടങ്ങിയവയും ഈ പംക്തിയിലൂടെ വായിച്ചിട്ടുണ്ട്. അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാന, മോയിന്‍ കുട്ടി വൈദ്യര്‍,  പുലിക്കോട്ടില്‍  ഹൈദര്‍, കമ്പളത്തു ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ കെ.കെ.വാദ്ധ്യാര്‍, ഓ എന്‍ നാണുഉപാദ്ധ്യായന്‍ തുടങ്ങിയവരുടെ നാട്ടു രചനകള്‍ ഛന്ദോമുക്ത കവിതയുടെ ആദ്യകിരണങ്ങളായ തേവാടി നാരായണക്കുറുപ്പിന്റെയും മറ്റും രചനകള്‍, ഹൈക്കു സ്വഭാവമുള്ള എം.ആര്‍.ബിയുടെ രചനകള്‍  തുടങ്ങിയവ ഈ പംക്തിയിലൂടെ പുതിയ കാലത്തെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്


കണ്ണശ്ശകവികള്‍ മുതല്‍ സമീപകാലത്ത് അന്തരിച്ച ലൂയിസ് പീറ്റര്‍ വരെയുള്ളവരുടെ കവിതകള്‍ ഞായറാഴ്ചയിലെ ഇന്നും വായിച്ച കവിത എന്ന പംക്തിയിലൂടെ കൂട്ടുവായന നടത്തിയിട്ടുണ്ട്.ചെറുപ്പത്തില്‍ തന്നെ വേര്‍പ്പെട്ടുപോയ സാംബശിവന്‍ മുത്താന, ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,  നീലാംബരി തുടങ്ങിയവരുടെ കവിതകള്‍ ഞായറാഴ്‌ചത്തെ ഇന്നും വായിച്ച കവിതയ്ക്ക് വേണ്ടി കീബോര്‍ഡില്‍ വിരല്‍ വയ്ക്കുമ്പോള്‍ കണ്ണു നിറഞ്ഞിട്ടുണ്ട്. 


തിങ്കളാഴ്ചകളില്‍ മലയാളത്തിലേക്കു മൊഴിമാറ്റപ്പെട്ട കവിതകളാണ് വായനക്കായി സമര്‍പ്പിക്കാറുള്ളത്.ഇംഗ്ലിഷ്, 

സ്പാനിഷ്, അറേബ്യന്‍, ഗ്രീക്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ആഫ്രിക്കന്‍

കവിതകളൊക്കെ മലയാളത്തില്‍ ധാരാളമായി വായിക്കാന്‍ കിട്ടുന്നുണ്ട്. അതിനാല്‍ നമുക്ക് അത്ര പരിചയം ഇല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ കവിതകളും ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കവിതകളുമാണ് തിങ്കളാഴ്ചകളില്‍ തെരഞ്ഞെടുക്കാറുള്ളത്. ഗോത്രമൊഴികളില്‍ നിന്നുള്ള കവിതകളടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള കവിതകള്‍ ഈ പംക്തിയില്‍ വായിച്ചിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളായി തുടരുമ്പോഴും കവിത ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ഇറോം

ശര്‍മ്മിള, വരവര റാവു, ഗദ്ദര്‍ ശ്രീലങ്കന്‍ തമിഴ് കവികള്‍, രോഹിങ്ക്യന്‍ കവികള്‍ തുടങ്ങിയവരെ തിങ്കളാഴ്ചകളില്‍ വായിച്ചിട്ടുണ്ട്.


ശ്രീലങ്ക, ബംഗ്ലാദേശ്.മ്യാന്‍മര്‍,ഭൂട്ടാന്‍, നേപ്പാള്‍,ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കവികള്‍ക്കാണ് മലയാളമൊഴിച്ചുള്ള ഇന്ത്യന്‍ ഭാഷകളിലെ കവികളെപ്പോലെ ശ്രദ്ധ നല്‍കിയിട്ടുള്ളത്

ഇപ്പോള്‍ ധാരാളം ഡിജിറ്റല്‍ മാഗസിനുകള്‍ പുറത്ത് വരുന്നുണ്ട്. . അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍  കൂടാതെ ഈ മാഗസിനുകളില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നും കവിതകള്‍ സ്വീകരിക്കാറുണ്ട്. കവിയരങ്ങുകളില്‍ ചൊല്ലിക്കേള്‍ക്കുന്ന ചില കവിതകളും ഫേസ്ബുക്ക് വഴി സുഹൃത്തുക്കള്‍ക്ക് പങ്ക് വയ്ക്കാറുണ്ട്. 

കാസര്‍കോട്ടെ കാരവലും ഉത്തരദേശവും മുതല്‍ തിരുവനതപുരത്തെ ജനയുഗവും  കേരളകൌമുദിയും  വരെയുള്ള പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളും കവിത കണ്ടെത്താനായി ശ്രദ്ധിക്കാറുണ്ട്.

ഫേസ്ബുക്ക് എന്ന നവമാധ്യമം  സമൂഹത്തിനു 

പ്രയോജനപ്രദമായ രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും സഹായിക്കുന്നുണ്ട്. അതെ, നവമാധ്യമങ്ങള്‍

ഉപയോഗിക്കേണ്ടത് മതസ്പര്‍ദ്ധയും   അന്ധവിശ്വാസവും 

വളര്‍ത്താന്‍ വേണ്ടിയല്ല. നല്ല ചിന്തയും നല്ല സംസ്ക്കാരവും അടയാളപ്പെടുത്താനാണ്. ഇന്ന് വായിച്ച കവിത പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നൂറു പൂക്കള്‍ വിരിയട്ടെ എന്ന ലോകപ്രസിദ്ധ വാചകമാണ് മനസ്സിലുള്ളത്