Thursday 26 April 2018

ഒറ്റ ഡോക്ടർ



വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

സൂര്യവണ്ടി വെയിൽപ്പാളമേറിവ-
ന്നാതുരാലയം കണ്ടു പിൻവാങ്ങുന്നു
താരവും വ്രണപ്പാടുള്ള ചന്ദ്രനും
ദൂരെയെത്തിപ്പകച്ചസ്തമിക്കുന്നു
മേഘരാക്ഷസർ പൊള്ളുന്ന വാതക
പ്പാഴ്മരങ്ങൾ ചുമന്നെത്തിനോക്കുന്നു
ഒറ്റദൃശ്യം മഹാരോഗശാലതൻ
മുള്ളുവേലി മുറിഞ്ഞിരിക്കുന്നു
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


സ്നേഹസാന്നിദ്ധ്യമില്ലാത്ത രാത്രികൾ
ചൂളകൂട്ടിത്തുറിച്ചു നിൽക്കുമ്പൊഴും
തീ വിഴുങ്ങി മരിക്കാതിരിക്കുവാൻ
ഭീരുവിൻ തൊപ്പി തുന്നിച്ചു
ചാർത്തുന്നതേതു നട്ടുച്ച?
ജൻമാന്തര സ്വപ്നവ്യാകുലാശങ്കയുണ്ണാൻ
ക്ഷണിക്കുന്നതേതു വേദം?
സ്മൃതിക്കിണർ കാണാതെ പോകുവാൻ
ചൂണ്ടിനിന്നു ക്ഷോഭിക്കുന്നതേതു വൃക്ഷം?
ഒന്നുമാത്രം മനസ്സിലാകാറുണ്ട്
കണ്ണിലുണ്ടതിന്നുത്തരം സുസ്ഥിരം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

ഹൃത്തിനാണു കുഴപ്പം ചികിത്സക്കു
മപ്പുറമെന്നു കണ്ടു ചൊല്ലുന്നൊരാൾ
കാലിനാണെന്നു മറ്റൊരാൾ കാണാത്ത
വാലിനാണെന്നു വേറൊരാൾ
രോഗങ്ങൾ തൊട്ടുകാട്ടിയോർ
ചിത്തഭ്രമത്തിന്റെതൊട്ടിലിലെന്നു
നാലാമതായൊരാൾ
വൃക്കയില്ലെന്നു പുസ്തകം
നട്ടെല്ലു പൊട്ടിയെന്നു കമ്പ്യൂട്ടർ
മരുന്നിനി ക്രിസ്തു മാത്രമേയുള്ളൂ
പ്രാർത്ഥിക്കുകയെന്നുഷ്ണരോഗം കടിച്ച
പുരോഹിതൻ.


ഏതുവ്യാധി എന്തൗഷധം
അഞ്ജാതനോവു നീക്കുവാൻ
ഏതു ശസ്ത്രക്രിയ?
ഏതു നാട്ടിൽനിന്നെത്തും ഭിഷഗ്വരൻ
കൂടെ ഏതു ശുശ്രൂഷക ദേവത
ഒന്നുമാത്രമേ സത്യം പ്രതിവിധി
ഒന്നുമില്ലാത്ത രോഗമീ ജീവിതം
ജൻമനാ രോഗബാധിതരാണേതു
വന്യജീവിയും സസ്യവും പുഷ്പവും
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി

അർബുദപ്പുകയൂറ്റിക്കുടിച്ചു ഞാൻ
ഹുക്കയിന്നുപേക്ഷിച്ചു പുറത്തേക്കു
ചുട്ടെറിഞ്ഞ ചുമയ്ക്കും കഫത്തിനും
വർത്തമാന വൈറസിന്റെ ചുംബനം
സ്വപ്നമെല്ലാം വസൂരിക്കിടക്കയിൽ
മുത്തുകുപ്പായമിട്ടൊടുങ്ങുമ്പൊഴും
പ്ലേഗുബാധിച്ച പ്രേമത്തിനെൻ ജീർണ
വാഹനത്തിലിരിപ്പിടം നൽകി ഞാൻ
വിഭ്രമങ്ങളെ കാവൽ നിർത്തി ജീവ
രക്തമിറ്റിച്ചു ചുണ്ടിൽ പൊടുന്നനെ
ഞെട്ടി ഞെട്ടറ്റു വീഴുന്നു പ്രേമവും
ഹർഷകാലപ്രതീക്ഷയും പ്രീതിയും
ദു:ഖിതർക്കു മലമ്പനിക്കൂരയിൽ
സജ്ജമാക്കിയിട്ടുണ്ട് മുൾമെത്തകൾ
ചെന്നിരിക്കാം കിടക്കാം മനുഷ്യന്റെ
ജൻമമെന്നും നിഗൂഢരോഗങ്ങളിൽ

ഹിന്ദിയുംപാനുമൊപ്പം ചവച്ചാര്യ
സന്ധ്യനാമം ചുഴറ്റി മറ്റുള്ളോൻറെ
കണ്ണിലേക്കു തുപ്പുന്ന പിശാചിനും
അന്യനും ഒറ്റവാസ്തവം നിശ്ചിതം
വന്നുപോകുന്നു ജീവിതരോഗികൾ
എന്നും ഈ ഭൂമി ആശുപത്രി


ഒറ്റ ഡോക്ടർ പ്രസിദ്ധൻ വിചക്ഷണൻ
വർഗകാലവൈജാത്യമില്ലാത്തവൻ
ഒറ്റയാൻ ഏതുനേരത്തുമെത്തുവോൻ
മൃത്യുവെന്ന മൃത്യുഞ്ജയൻ രക്ഷകൻ


അൽപശാന്തിക്കു ചോരയിൽ തൂകുവാൻ
ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ.

Wednesday 18 April 2018

ആസിഫാ, അവിടെ ദൈവമുണ്ടായിരുന്നു



ഒരു പിതാവ് ജമ്മുവിലെ കുന്നുകള്‍ കയറുകയാണ്. മലമടക്കുകള്‍ താണ്ടുകയാണ്. നൂറ്റിപ്പത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം സ്വന്തം സ്ഥലത്ത് എത്തുവാന്‍. കുതിരകളും കോലാടുകളും ചെമ്മരിയാടുകളും എല്ലാം ഒപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോഴുണ്ടായിരുന്ന ഒരാള്‍ മാത്രം കൂടെയില്ല. ആ ഉപ്പയുടെ പുന്നാരമോള്‍. പൂമ്പാറ്റയെപ്പോലെ പാറി നടന്ന ആസിഫ. എട്ടുപൂക്കാലങ്ങള്‍ മാത്രം കണ്ട നിഷ്‌കളങ്കയായ പിഞ്ചുബാലിക.

കാണാതായ കുതിരകളെ തേടിയാണ് അവള്‍ ആ കാട്ടുപ്രദേശത്ത് അലഞ്ഞുനടന്നത്. കണ്ടെത്താന്‍ സഹായിക്കാം എന്നു പറഞ്ഞ് രണ്ടുപേര്‍ ഒപ്പം കൂടി. നിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍. അവര്‍ ആസിഫയെ അടുത്ത ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി മയക്കുമരുന്നു കൊടുത്തും ഭീഷണിപ്പെടുത്തിയും എട്ടു ദിവസങ്ങള്‍ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു. നിരവധിപേര്‍ അവളെ ബലാല്‍ഭോഗം ചെയ്ത് കൊന്നു. മഞ്ഞുമലകള്‍ ഞെട്ടിനില്‍ക്കെ പര്‍പ്പിള്‍ ഉടുപ്പിട്ട ആ കുഞ്ഞിന്‍റെ മൃതശരീരം പുറത്തുനിന്നും കണ്ടെടുക്കപ്പെട്ടു.
ബലാല്‍ഭോഗം പട്ടാളക്കാരും ഹീനമനസ്‌കരും സ്വീകരിക്കുന്ന ഒരു സാമൂഹ്യ വിരുദ്ധ മാര്‍ഗമാണ്. അതില്‍ രതിയില്ല, സ്‌നേഹമില്ല, മനുഷ്യത്വമോ മൃഗീയത പോലുമോ ഇല്ല.

ഇവിടെ ബഖര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ആ പ്രദേശത്തുനിന്നും ഒഴിവാക്കാന്‍ വേണ്ടി നെറ്റിയില്‍ പൊട്ടും കൈയില്‍ കെട്ടുമുള്ള ബ്രാഹ്മണരാണ് ഈ ക്രൂരകൃത്യം ചെയ്തത്. പൂജാരികളുടെ വേഷം അതാണല്ലോ. ഹിന്ദുവര്‍ഗീയ വാദികളുടെ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി അതിനെ അനുകൂലിക്കുകയും പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രകടനം നടത്തുകയും ചെയ്തു. ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ നിന്നും അവര്‍ക്ക് പുറത്തുപോകേണ്ടതായും വന്നു. ബാബറിപ്പള്ളി പൊളിക്കുകയും ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കുകയും ചെയ്ത അവര്‍ക്ക് എട്ടു വയസുകാരിയുടെ കൊലപാതകം ഒരു ചെറിയ കാര്യം മാത്രമാണല്ലോ.
അവളുടെ ഉപ്പ ആളുകളോടു പറഞ്ഞത് ആസിഫ എന്റെ മകളുമാത്രമല്ല ഹിന്ദുസ്ഥാന്റെ മകള്‍ കൂടിയാണ് എന്നാണ്.

അതെ, ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു. തിരുത്താന്‍ കഴിയാത്ത ഈ പാപകര്‍മത്തെ ഹൃദയരക്തത്തിന്‍റെ ഭാഷയില്‍ അപലപിക്കുന്നു.

പൊലീസിലും പട്ടാളത്തിലും ഹിന്ദുവര്‍ഗീയതയ്ക്ക് പണ്ടില്ലാത്തവിധം സ്വാധീനമുണ്ടായിട്ടുണ്ട്. ഫേയ്‌സ് ബുക്കിലൂടെ വന്നിട്ടുള്ള ചില പട്ടാളക്കാരുടെ പ്രതികരണങ്ങള്‍ ജുഗുപ്‌സാവഹമായ രീതിയില്‍ ഹിന്ദുവര്‍ഗീയതയെ ന്യായീകരിക്കുന്നതാണ്.

ജമ്മു കശ്മീരിലെ പൊലീസുകാരാണ് നരഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയത്. ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന അവരോടൊപ്പമുണ്ട്. മെഹബൂബാ മുഫ്തി മന്ത്രിസഭയിലെ ബിജെപി അംഗങ്ങളായ ലാല്‍സിങ്, ചന്ദ്രപ്രകാശ് ഗംഗ എന്നിവര്‍ ഹിന്ദു ഏകതാ മഞ്ചിനെ പിന്തുണയ്ക്കുകയും ചെയ്തു.

ക്ഷേത്രത്തില്‍ വച്ച് ചില പൂജാകര്‍മങ്ങള്‍കൂടി നടത്തിയതിനുശേഷമാണ് ബലാല്‍ഭോഗം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. നരഹത്യ ഹിന്ദുമതത്തില്‍ ഒരു പുണ്യകര്‍മമാണ്. നരബലിക്കും ജന്തുബലിക്കും എതിരേ നടത്തിയ പരിശ്രമങ്ങളാണ് ബുദ്ധ ജൈനദര്‍ശനങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായത്.

നരബലി, ജന്തുബലി, പക്ഷിബലി, സതി തുടങ്ങിയ ദുരാചാരങ്ങള്‍ നിരോധിച്ചെങ്കില്‍ പോലും സമ്പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കിന്നും കഴിഞ്ഞിട്ടില്ല. സംസ്‌കാര സമ്പന്നരും വിവേകശാലികളുമായ ഇന്ത്യന്‍ സമൂഹം വിദൂരതയിലെ സ്വപ്‌നം മാത്രമാണ്.
ആസിഫാ, പൂമ്പാറ്റക്കുട്ടീ നിന്നെ കാപാലികര്‍ ക്രൂരമായി കൊലപ്പെടുത്തിയ ആ ഹിന്ദുക്ഷേത്രത്തില്‍ ദൈവമുണ്ടായിരുന്നു. അന്ധതയും ബധിരതയുമുള്ള നിര്‍ഗുണ പരബ്രഹ്മം! ഒരുപക്ഷേ അമാനുഷിക വൈഭവങ്ങളാല്‍ ഈ ക്രൂരകൃത്യത്തെ ആ ദൈവം ആസ്വദിച്ചതുകൊണ്ടായിരിക്കാം അനങ്ങാതെയിരുന്നുകളഞ്ഞത്.

ആസിഫ ഇന്ത്യയുടെ മകളാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പിന്‍ബലമായ ഹിംസാത്മക മതത്താല്‍ ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ മകള്‍. ദേശീയ ബോധത്തിന്‍റെ മനുഷ്യസ്‌നേഹ പതാക ഇവിടെ താഴ്ത്തിക്കെട്ടേണ്ടിയിരിക്കുന്നു.

Wednesday 4 April 2018

ജാത്യാഭിമാനം കൃഷി ചെയ്യരുത്


ദീര്‍ഘകാല ജീവിതം നല്‍കിയ അനുഭവപാഠത്തില്‍ നിന്നും ലോക നിരീക്ഷണത്തില്‍ നിന്നുമാണ് ജാതിയും മതവും ഉപേക്ഷിക്കുവാനുള്ള തീരുമാനം നാരായണഗുരു കൈക്കൊണ്ടത്. അത് സംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവയ്ക്കുമ്പോള്‍ നാരായണഗുരുവിന് സന്ദേഹം തീരെയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയശിഷ്യന്‍ സഹോദരന്‍ അയ്യപ്പന് സന്തോഷം ഏറെയായിരുന്നു. എസ്എന്‍ഡിപി യോഗത്തില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനവും  സുചിന്തിതം  ആയിരുന്നു.

കാലം കഴിയുമ്പോള്‍ കേരളം കാണുന്നത് നാരായണഗുരുവിന്‍റെ ചിത്രത്തിനുകീഴില്‍ നിന്നുകൊണ്ട് ജാത്യാഭിമാനം വളര്‍ത്തുന്ന കാഴ്ചയാണ്. ഈഴവ സമുദായക്കാര്‍ ഹിന്ദുക്കളേ അല്ലെന്നും അവര്‍ സ്വതന്ത്ര സമുദായമാണെന്നും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സ്വതന്ത്രസമുദായത്തേയും ഹിന്ദുമതത്തിന്‍റെ തൊഴുത്തില്‍ കെട്ടിയിടുന്ന കാഴ്ചയാണ് പില്‍ക്കാലത്ത് നമ്മള്‍ കാണുന്നത്. നാരായണഗുരു മൗനം അവലംബിച്ച് മാറ്റിവച്ച ഭഗവത്ഗീത ഗുരുചിത്രധാരികള്‍ കൊണ്ടാടുന്നതും കേരളം കണ്ടു. മഞ്ഞവസ്ത്രം ഫോട്ടോഷോപ്പിലൂടെ കാവിവസ്ത്രമാകുന്നതും ഗുരുശിരസിനുപിന്നില്‍ പ്രഭ തെളിയുന്നതും നമ്മള്‍ കണ്ടു.

ജാത്യാഭിമാനം വളര്‍ത്തിയാല്‍ അവിടെ പൊടിച്ചുവളരുന്നത് ഒഴിവാക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ജാതിയിലും മതത്തിലും അമിതാഭിമാനം കൊള്ളുക എന്നുവച്ചാല്‍ മനുഷ്യസ്‌നേഹത്തെ നിരാകരിക്കുകയെന്നാണര്‍ഥം. ജാത്യാഭിമാനികളുടെ വരണ്ട മണ്ണില്‍ പ്രണയം വിലക്കപ്പെട്ട കനിയാകും. ഇതിന്‍റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് മലപ്പുറം ജില്ലയിലെ അരീക്കോട് നടന്ന കൊലപാതകം.

തീയ്യ സമുദായത്തില്‍പ്പെട്ടുപോയ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയും പട്ടികജാതിയില്‍പ്പെട്ടുപോയ ഒരു പട്ടാളക്കാരനും തമ്മില്‍ പ്രണയബദ്ധരാകുന്നു. പ്രണയം ഒരു കുറ്റകൃത്യമല്ല. ഇന്ത്യന്‍ പുരാണമനുസരിച്ചാണെങ്കില്‍ പ്രണയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കാമദേവന്‍, വസന്തന്‍ തുടങ്ങിയ വിദ്വാന്മാരാണ്. അവരാണെങ്കില്‍ യുവതീയുവാക്കള്‍ക്ക് ചുറ്റും കരിമ്പുവില്ലും അഞ്ചിനം മുന്തിയ പൂവമ്പുകളുമായി കറങ്ങിനടക്കുകയുമാണ്. ജാത്യാഭിമാനികള്‍ക്ക് ഈ പുരാണപരാമര്‍ശമൊന്നും ദഹിക്കില്ലല്ലോ.

വിവാഹം നടക്കില്ലായെന്നുറപ്പായപ്പോള്‍ പ്രശ്‌നം പൊലീസിന്‍റെ മുമ്പിലെത്തി. ജാത്യാഭിമാനിയും മദ്യപാനിയുമായ പിതാവാണ് സ്‌നേഹബന്ധത്തിനെതിരെ കൊലക്കത്തിയുയര്‍ത്തിയത്. പൊലീസുകാര്‍ വിവാഹം നിശ്ചയിക്കുകയും ഭരണഘടനാ പ്രകാരമുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.
വീട്ടിലെത്തിയ പിതാവിന്‍റെ മനസില്‍ ജാതിമൂര്‍ഖന്‍ പിന്നെയും ഫണം വിരിച്ചു. മകളുടെ വസ്ത്രങ്ങളെല്ലാം അയാള്‍ ചുട്ടുകളഞ്ഞു. സ്വന്തം കുഞ്ഞിനുനേരെ കൊലക്കത്തിവീശി.

പെണ്‍കുട്ടി അയല്‍വാസിയായ അബ്ദുള്‍ ലത്തീഫിന്‍റെ വീട്ടിലേയ്ക്ക് ഓടിക്കയറി. വേട്ടക്കാരനു മുന്നേ ജിവനും കൊണ്ടോടിവന്ന പെണ്‍കുട്ടിയെ അവര്‍ പടിയടച്ചു നിരസിച്ചില്ല. മനുഷ്യസ്‌നേഹികളായ അബ്ദുള്‍ ലത്തീഫിന്‍റെ വീടു വിറച്ചുനില്‍ക്കേ രാജന്‍ എന്ന പിതാവ് മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി. വിവാഹ വസ്ത്രങ്ങളുമായി പിറ്റേന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിന്‍റെ ദുര്‍മ്മരണമറിഞ്ഞ് വിറങ്ങലിച്ചുനിന്നു.

വാസ്തവത്തില്‍ രാജന്‍ മാത്രമാണോ കുറ്റക്കാരന്‍? മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ച ഗുരു ചിന്തയെ തള്ളിക്കളഞ്ഞ് സ്വന്തം ജാതിയില്‍ നിന്ന് മാത്രമേ വിവാഹം പാടുള്ളൂവെന്ന് നിര്‍ബന്ധിച്ച ജാതി സംഘാടകര്‍ക്ക് ഈ ദുരഭിമാനക്കൊലയില്‍ ആശയപരമായ ഒരു പങ്കുണ്ട്.

നവോത്ഥാന കാലത്തെ കേരളത്തെ മാത്രമല്ല, പ്രണയത്തെക്കൂടി നമുക്കു തിരിച്ചുപിടിക്കേണ്ടതുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രണയത്തില്‍ അധിഷ്ഠിതമാണ്. പ്രണയരഹിതമായ ജീവിതം മരുഭൂമിക്ക് തുല്യമാണ്. പ്രണയത്തെ പരിമിതപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ജാതികളും മതങ്ങളും നമ്മളെ പ്രതിനിധീകരിക്കുന്നതേയില്ല.