Thursday 25 January 2018

ആശുപത്രി മാലിന്യം ആദിവാസികള്‍ക്ക് സമ്മാനിക്കരുത്‌



തിരുവനന്തപുരം ജില്ലയില്‍ അവിശ്വസനീയമായരീതിയില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഭൂമിയുണ്ട്. വനംവകുപ്പുകാരുടെ പരസ്പരം നോക്കിനില്‍ക്കുന്ന ജെണ്ടയില്ലെങ്കില്‍ ഈ സ്വകാര്യഭൂമിയും വനംതന്നെ. നിറയെ വൃക്ഷങ്ങള്‍, ജലസാന്നിധ്യമുള്ള ചതുപ്പ്, ആന ചവിട്ടിയ കുഴിയില്‍ വെള്ളം, വള്ളിപ്പടര്‍പ്പുകള്‍, പഴക്കമില്ലാത്ത ആനപ്പിണ്ടങ്ങള്‍, നായ്ക്കളെ പുലികള്‍ കഴുത്തില്‍ കടിച്ചു കൊണ്ടുപോയതായി സാക്ഷ്യപ്പെടുത്തുന്ന വനവാസികള്‍. നാട്ടില്‍ കാണാത്ത പക്ഷികള്‍, വര്‍ണവൈവിധ്യവും പുള്ളികളുമുള്ള ചെറുജീവികള്‍.

പാലോട്ടെ ഇലവുപാലത്തുനിന്നും കാല്‍നടയായോ ജീപ്പിലോ പോയാല്‍ ഈ സ്ഥലത്തെത്താം. ഓടുചുട്ട പടുക്ക എന്നാണ് ഈ പ്രദേശത്തിന്റെ പേര്.
അവിടെ കാട്ടുപാതയ്ക്കരികില്‍ വലിച്ചുകെട്ടിയ തുണിപ്പന്തലില്‍ ആദിവാസി സഹോദരിമാര്‍ കൂട്ടംകൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ആശുപത്രി മാലിന്യപ്ലാന്റ് ഇവിടെ വേണ്ട, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. കാണി മൂപ്പത്തിയായ ശാരദയാണ് ഓടുചുട്ട പടുക്കയിലെ മയിലമ്മ.

ശരിയാണല്ലോ, ഇവിടെ താമസിക്കുന്ന ആദിവാസികളാരും തലസ്ഥാന നഗരത്തിലെ ജീവിതത്തെ അലോസരപ്പെടുത്താറില്ലല്ലോ. സിറ്റിയിലെ മരങ്ങളൊന്നും ആദിവാസികള്‍ മുറിച്ചിട്ടില്ലല്ലൊ. നഗരജീവികള്‍ക്ക് ഇവരാരും കുടിവെള്ളം തടഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാണ് സര്‍ക്കാര്‍ ആദിവാസികളുടെ അരിഷ്ടിച്ചുള്ള ജീവിതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വനത്തിനു നടുവില്‍ എങ്ങനെ സ്വകാര്യഭൂമിയുണ്ടായി. പട്ടിണികിടക്കുന്ന ആദിവാസികള്‍ക്ക് കൃഷി ചെയ്ത് അന്നമുണ്ടാക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ രാജാവ് കല്‍പ്പിച്ചുനല്‍കിയതാണ് ഈ പ്രദേശം. കൃഷിയുണ്ടായിരുന്നു. ചെറിയ ചെറിയ അപ്പക്കഷ്ണങ്ങള്‍ നല്‍കി വിരല്‍ പതിപ്പിച്ച് ഭൂമി സ്വന്തമാക്കുന്ന വിരുതന്മാര്‍ ഈ പാവങ്ങളെയും കബളിപ്പിച്ച് പലകൈമറിഞ്ഞ് ഇപ്പോള്‍ ഈ ഭൂമി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അധീനതയിലാണ്. അവര്‍ അവിടെ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ടി ബയോമെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇത് ഒരു തെറ്റും ചെയ്യാത്ത ആദിവാസികളുടെയും മറ്റ് ജീവികളുടെയും സസ്യ-വൃക്ഷജാലങ്ങളുടെയും സ്വസ്ഥജീവിതത്തിന് ഭീഷണിയാണ്.

മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരമൊരു അനാരോഗ്യ സംരംഭത്തിന് മുന്‍കൈയെടുക്കുന്നത് ശരിയല്ല. പാലക്കാട്ടെ കഞ്ചിക്കോട്ടു പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെക്കുറിച്ച് ജനങ്ങള്‍ ആക്ഷേപമുണ്ടാക്കുകയും അത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ.

യുനെസ്‌കോ സംരക്ഷിത പൈതൃകമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കരുത്. സൂചിയും സിറിഞ്ചും പ്ലാസ്റ്ററും ഭ്രൂണവും മനുഷ്യാവയവങ്ങളും ഒക്കെ അടങ്ങുന്ന ആശുപത്രി മാലിന്യങ്ങള്‍ ഈ വിശുദ്ധ പ്രദേശത്ത് സംസ്‌കരിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ലോകത്തുതന്നെ അപൂര്‍വമായി കാണപ്പെടുന്ന ശുദ്ധജല കണ്ടലുകളേയും മറ്റ് ജീവികളേയും സസ്യ-വൃക്ഷജാലങ്ങളേയും നമുക്ക് സംരക്ഷിക്കേണ്ടതായിട്ടുണ്ട്. അതിനാല്‍ ഈ പ്ലാന്റ് അവിടെ നിന്നും ഒഴിവാക്കേണ്ടതാണ്.

വനത്തിന്റെ ഈ ഹൃദയത്തെ വനംവകുപ്പിന് ഏറ്റെടുക്കാവുന്നതാണ്. ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി അന്യര്‍ പിടിച്ചെടുത്താല്‍ റവന്യൂവകുപ്പിന് അതേറ്റെടുക്കാവുന്നതാണ്. അനാരോഗ്യ പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പിന് മുന്‍കൈയെടുക്കാവുന്നതാണ്. ഇതൊന്നുമല്ലെങ്കില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും ഡോ. എ സമ്പത്ത്, ഡി കെ മുരളി, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളുടേയും പ്രാദേശിക ഭരണകൂടത്തിന്റെയും അഭിപ്രായത്തെ കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെ ഈ ആപത്ത് ഒഴിവാക്കേണ്ടതാണ്.

ആദിവാസി വനിതകള്‍ ഒറ്റയ്ക്കല്ല. മരഞണ്ടിനേയും കല്ലാനയേയും നമുക്ക് കാട്ടിത്തന്ന പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ സാലി പാലോട്, ഡോ. കമറുദീന്‍ അടക്കമുള്ള നിരവധി വ്യക്തികള്‍ അവരോടൊപ്പമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുമെന്ന് വിളംബരം ചെയ്തിട്ടുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി വാസ്തവപക്ഷത്തുനിന്നുകൊണ്ട് ഇടപെടേണ്ടതുണ്ട്.

Thursday 11 January 2018

ഡോ. ബി എ രാജാകൃഷ്ണനെ ഓര്‍മിക്കുമ്പോള്‍



ജാതിമത ചിന്തകളേയും ദൈവം, ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളേയും അകലേയ്ക്ക് മാറ്റിനിര്‍ത്തിയ പത്രാധിപന്മാരുടെ അഭിമാനകരമായ ഒരു നിരതന്നെ കേരളത്തിലുണ്ട്. സഹോദരന്‍ അയ്യപ്പന്‍ സി വി കുഞ്ഞുരാമന്‍, എം സി ജോസഫ്, കാമ്പിശേരി കരുണാകരന്‍, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍, തെരുവത്ത് രാമന്‍, നവാബ് രാജേന്ദ്രന്‍, തെങ്ങമം ബാലകൃഷ്ണന്‍ തുടങ്ങി നിര്‍ഭയരായി പ്രവര്‍ത്തിച്ച പത്രാധിപന്മാര്‍ കേരളീയ സംസ്‌കാരത്തിന്റെ ദീപ സ്തംഭങ്ങളാണ്.

ഇടമറുക്, സനല്‍ ഇടമറുക്, ഗോപി ആനയടി തുടങ്ങിയ പ്രഖ്യാപിത ഭൗതികവാദികളുടെ അന്വേഷണങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുള്ള കേരള ശബ്ദത്തിന്റെ പത്രാധിപര്‍ ഡോ. ബി എ രാജാകൃഷ്ണന്‍ അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനായി നടത്തിയ തുറന്നുകാട്ടലുകള്‍ ശ്രദ്ധേയങ്ങളാണ്.

സന്തോഷ് മാധവന്‍ അടക്കമുള്ള ദൈവവേഷങ്ങളെ ജയിലിലടയ്ക്കുവാന്‍ ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേരള ശബ്ദം ടീമിന് കഴിഞ്ഞു. സന്തോഷ് മാധവന്റെ വ്യാജ വ്യക്തിത്വം പുറത്തായതിനെ തുടര്‍ന്ന് നിരവധി സ്വാമിവേഷങ്ങളെയാണ് കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് പിടികൂടിയത്. സൈക്കിള്‍ സ്വാമിയും ജിലേബി സ്വാമിയും തോക്കുസ്വാമിയുമെല്ലാം അതില്‍പ്പെടും.

ചക്കുളത്തുകാവിന്റെ ചരിത്രത്തെ തുറന്നുകാട്ടിയതാണ് മറ്റൊരു പ്രധാന സംഭവം. കേരളത്തില്‍ ജനങ്ങള്‍ നിവേദനം കൊടുത്തോ ഷെയര്‍ എടുത്തോ ഒരു ക്ഷേത്രവും സ്ഥാപിക്കുന്നില്ല. പുതുതായി ഉണ്ടാകുന്ന ക്ഷേത്രങ്ങളെല്ലാം ഏതെങ്കിലും കുടുംബത്തിന്റെ പേരില്‍ സ്വകാര്യവ്യക്തി സ്ഥാപിക്കുന്നതാണ്. ഇങ്ങനെ മുളച്ചുവരുന്ന തകരക്ഷേത്രങ്ങളെ വടവൃക്ഷമായി മാറ്റുവാന്‍ ഒരു സൂത്രവിദ്യയുണ്ട്. അതാണ് ചരിത്രനിര്‍മാണം.

ചക്കുളത്തുകാവിന്റെ ചരിത്രനിര്‍മ്മിതി ഒരു മലയാള അധ്യാപകന്‍ വെളിപ്പെടുത്തി. പണ്ട് അവിടെ യൊരു ചിതല്‍പ്പുറ്റുണ്ടായിരുന്നു. അതിനുള്ളില്‍ ചിതലരിക്കാതെയിരുന്ന ദേവീ വിഗ്രഹമാണ് ചക്കുളത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ഈ കഥ താന്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഒരു മലയാളം അധ്യാപകന്‍ തുറന്നുപറയുകയും കേരള ശബ്ദം അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊങ്കാലയ്ക്ക് പ്രചാരം കിട്ടാന്‍ വേണ്ടി ചക്കുളത്ത് കാവിലെ നമ്പൂതിരി കോട്ടയം പ്രസ് ക്ലബില്‍ ഉണ്ണിയപ്പവും പായസവും വിതരണം ചെയ്തു. നാരീപൂജ എന്ന പേരില്‍ രജനീകാന്തിന്റെ ഭാര്യയേയും കെ ആര്‍ നാരായണന്റെ സഹോദരിയേയും പത്മജാ വേണുഗോപാലിനെയും സിംഹാസനത്തിലിരുത്തി പൂണൂലിട്ട ഒരു നമ്പൂതിരി കാല്‍ കഴുകിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നു. ഇതെല്ലാം ഡോ. ബി എ രാജാകൃഷ്ണന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടപ്പെട്ടു.

ചക്കുളത്തുകാവിലെ നെയ്യ് കഴിച്ചാല്‍ രോഗശമനമുണ്ടാകുമെന്ന കള്ള പ്രചാരണത്തെ പൊളിച്ചുകാട്ടുകയും നെയ്യ് കഴിച്ചവര്‍ക്ക് അള്‍സര്‍ വന്നകാര്യം ചൂണ്ടിക്കാട്ടി ഡോ. ബി എ രാജാകൃഷ്ണന്‍ പ്രസംഗിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൊല്ലം പുതിയകാവ് റയില്‍ വ്യൂ ക്ഷേത്രത്തില്‍ നിന്നും ശിവസേനക്കാര്‍ ജാഥയായി വന്ന് പത്രമോഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഇരുപത്തൊന്ന് ചൊവ്വാഴ്ച മുടങ്ങാതെ നാരങ്ങാ വിളക്കെടുത്താല്‍ കൂനമ്പായിക്കുളത്തെയും മറ്റും ഭഗവതിമാരുടെ അനുഗ്രഹം ലഭിക്കുമെന്നും വിവാഹം നടക്കുമെന്നുള്ള പ്രചരണത്തെയും കേരള ശബ്ദം തുറന്നുകാട്ടി. നിരവധി കേസുകളാണ് ഇതിനെത്തുടര്‍ന്ന് ഡോ. ബി എ രാജാകൃഷ്ണന് നേരിടേണ്ടിവന്നത്.

മതവ്യത്യാസം കൂടാതെ ഹിന്ദു – ക്രിസ്ത്യന്‍ – ഇസ്‌ലാം മതങ്ങളുടെ പേരില്‍ നടക്കുന്ന തിന്മകളെ ചൂണ്ടിക്കാട്ടി. ഇതും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ഡോ. രാജാകൃഷ്ണന്‍ പിന്മാറിയില്ല.

കാക്കനാടന്‍, ഡോ. എസ് ബലരാമന്‍, തെങ്ങമം ബാലകൃഷ്ണന്‍, ഡോ. ബി എ രാജാകൃഷ്ണന്‍ എന്നിവര്‍ കൊല്ലത്തിന്റെ രക്ഷകര്‍ത്താക്കളായിരുന്നു. പുരോഗമന ശക്തികളുടെ കൊല്ലം കൂട്ടായ്മകള്‍ക്ക് ഇവര്‍ നല്‍കിയ സംരക്ഷണം പ്രധാനപ്പെട്ടതായിരുന്നു. കൊല്ലം നഗരം ഇപ്പോള്‍ ശൂന്യതയുടെ അര്‍ഥം മനസിലാക്കിയിരിക്കുകയാണ്

Wednesday 3 January 2018

കടം


കടംകൊണ്ട ഭാഷ കടംകൊണ്ട ഛായ
കടം വീട്ടുവാൻ ഞാൻ വിയർക്കുന്ന പ്രേമം
കടംകൊണ്ട ധാന്യം ധനം ധർമ്മബോധം
കടം കൊണ്ട ധ്യാനത്തടാകക്കവാടം


രതിക്കും മൃതിക്കുംഇടയ്ക്കേകലോക-
ക്കിനാവിന്റെ വസ്ത്രം ധരിച്ചും അഴിച്ചും
കടക്കാടു കൊത്തിക്കിളച്ചും കയർത്തും
തുടിക്കുന്നനേരം കടച്ചിതൽ കാണാം

കടക്കോഴി കൂവിത്തെളിക്കും പ്രഭാതം
കടത്തോക്കു പൊട്ടുന്ന യുദ്ധപ്രദേശം
കടംകൊണ്ട മിക്സി കടംകൊണ്ട സ്കൂട്ടർ 
കടം വന്നു മൂടുന്നു കണ്ണും മനസ്സും


കടംകൊണ്ട മോഹപ്പിറപ്പായ ദു:ഖം
നടാതെ തഴക്കും ഋണത്തിന്റെ സസ്യം
പരാധീനമെന്‍ ജീവവൃക്ഷം സുലക്ഷ്യം
തരാനുണ്ട് വീടാക്കടത്തിന്റെ അന്നം

കടപ്പെട്ട പാഠം പഠിക്കാതെ വയ്യ
കടപ്പെട്ട നെൽവിത്തളക്കാതെ വയ്യ
കടപ്പെട്ടു ഭ്രൂണം മുലപ്പാൽ യുവത്വം 
വിലപ്പെട്ടതെല്ലാം മുടിക്കാതെ വയ്യ

കടത്തിൽ കുളിച്ചാണു നിൽപും നടപ്പും
കടക്കട്ടിലിൽതന്നിരിപ്പും കിടപ്പും
നടന്മാർ കടം നാടകം കുടിക്കുമ്പോൾ
നടുങ്ങുന്നു ഞാനെൻ കടപ്പാട്ടിനൊപ്പം

വരും ജപ്തിനോട്ടീസ്, തപാൽക്കാരി, മൃത്യു
ഗഡുക്കൾ, സുഹൃത്തിന്റെ ജാമ്യം നിഷിദ്ധം
വരുംകാലസ്വപ്നം കടംവെച്ചു പായും-
കൊടുങ്കാറ്റിനൊപ്പം പദം വെച്ചുപോകാം


പടത്തിൽ നിണച്ചായമെന്നപോലല്ല
നിലത്തിൽ വളച്ചാമ്പലെന്നപോലല്ല
ശ്വസിക്കാൻ കടം കൊണ്ടൊരോക്സിജൻപോലെ
കടത്തിൻ കുടത്തിൽ കുടുങ്ങുന്നു ജൻമം

Tuesday 2 January 2018

തേൾക്കുടം


കുടത്തിലുണ്ടൊടുക്കത്തെ 
കനകനാണ്യം
എടുക്കുന്ന കരുത്തുള്ളോൾ-
ക്കുടൻ സമ്മാനം
അവൾക്കാണെന്നർദ്ധദേശം
സ്വതന്ത്രസൌധം
അവൾക്കാണീ വജ്രഹാരം
വിശിഷ്ടവസ്ത്രം

വിനോദത്താൽ മദംകൊണ്ട
മഹാരാജാവിൻ
വിളംബരച്ചെണ്ട ദിക്കിൻ
ചുമർ പൊട്ടിച്ചു

തുടികൊട്ടിക്കൊടിയേറ്റി
അരങ്ങുകെട്ടി
തലസ്ഥാനം പെൺമിടുക്കിൻ
വരക്കം കാത്തു 
പുരുഷാരമാർത്തിരമ്പി
പേമഴ പെയ്തു
ഒരുത്തിയും വരുത്തില്ലെ-
ന്നടക്കം കൊണ്ടു

കുടത്തിൽ വാളുയർത്തിയ
കരിന്തേളിന്റെ
വിഷക്കോളിൽ നീലവാനം
പുകഞ്ഞു കണ്ടു
അടിമപ്പെണ്ണൊരുവൾ 
വന്നടുത്തുനിന്നു
കുടത്തിൻമേൽ വലംകൈ-
വെച്ചുറച്ചുനിന്നു

പതുക്കെ നീൾവിരൽനീട്ടി
ഘടാകാശത്തിൽ
പരതുന്നു തേളടങ്ങി
യൊതുങ്ങിടുന്നു
ഇവളുമെൻ ദുർവ്വിധിപോൽ
കുടത്തിനുള്ളിൽ
കുടുങ്ങിയോളാണിവളെ
തൊടില്ലെൻദാഹം

കനകനാണയം നീട്ടി
അവൾനിൽക്കുമ്പോൾ
കരിന്തേളാപ്പൂവിരലിൽ
നിദ്രകൊള്ളുന്നു

അടിമപ്പെണ്ണിന്റെ ദേശം
വസന്തവംശം
കരിന്തേളാപ്പതാകയിൽ
അശോകചക്രം