Wednesday 30 May 2018

പ്രണയം മതാതീതമാണ്



കേരളം വീണ്ടും ദുരഭിമാനക്കൊലയാല്‍ അപമാനിതയായിരിക്കുന്നു. നിലമ്പൂരിലെ ജാത്യാഭിമാനക്കൊലപാതകത്തിന്റെ നൊമ്പരമടങ്ങും മുമ്പേ കോട്ടയത്തും അത് ആവര്‍ത്തിച്ചിരിക്കുന്നു.

ഹിന്ദുസമുദായത്തിലേതാണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെയാണ് കീഴാള വിഭാഗത്തില്‍പ്പെടുന്ന ഒരു പട്ടാളക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം പിതാവുതന്നെ നിലമ്പൂരില്‍ കൊലപ്പെടുത്തിയത്. കോട്ടയത്താകട്ടെ, ക്രിസ്തീയത പാലിച്ചുപോരുന്ന ഒരു ഇസ്‌ലാം-ക്രൈസ്തവ ദമ്പതികളുടെ മകള്‍ ദളിത് സമൂഹത്തില്‍ നിന്നും ക്രൈസ്തവതയിലേക്ക് ചേക്കേറിയ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചതാണ് ദുരഭിമാനക്കൊലയ്ക്ക് കാരണമായത്.

കഠിനമായ നവോത്ഥാന പരിശ്രമങ്ങളിലൂടെ ഇത്തരം മനുസംസ്‌കാരത്തെ അകറ്റിനിര്‍ത്തിയവരാണ് കേരളീയര്‍. വാവിട്ടു കരയുന്ന നീനു എന്ന നവവധുവിനോട് നമ്മള്‍ എന്തുപറയും? ആ കണ്ണുനീരിന് സാക്ഷരകേരളത്തോട് ചോദിക്കാന്‍ അനവധി ചോദ്യങ്ങളുണ്ട്.

പ്രണയത്തിന് ജാതിയോ മതമോ ഇല്ല. പ്രണയം നൈസര്‍ഗികവും ജാതിമതങ്ങള്‍ കൃത്രിമവുമാണ്. ജാതിയും മതവും മാത്രമല്ല ധനസ്ഥിതിയോ പ്രായവ്യത്യാസമോ ഒന്നും പ്രണയത്തെ ബാധിക്കാറില്ല.

കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി സമൂഹം നല്‍കിയിട്ടുള്ള ചില വിലക്കുകള്‍ പാലിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. സഹോദരീ സഹോദരന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും രതിക്കതീതമായ ഒരു ബന്ധം ഉദാത്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നത് ഈ വിലക്കുകളെ മാനിക്കുന്നതുകൊണ്ടാണ്. അതും സമൂഹത്തിന്റെ സൃഷ്ടിയായതിനാല്‍ ചില നിരീക്ഷണങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും. സഹ്യപര്‍വതത്തിനു പടിഞ്ഞാറുള്ള ജനങ്ങളില്‍ അമ്മയുടെ സഹോദരന്റെ മകനുമായി പെണ്‍കുട്ടിക്ക് വിവാഹബന്ധം ആകാമെങ്കില്‍ കിഴക്കുള്ളവരുടെ സ്ഥിതി വേറെയാണ്. അവിടെ അമ്മയുടെ സഹോദരന്‍ തന്നെയാണ് മുറച്ചെറുക്കന്‍.

ഇങ്ങനെ ചില നിബന്ധനകള്‍ക്ക് സമൂഹം വിധേയമായിട്ടുണ്ടെങ്കിലും ജാതിമത വിലക്കുകളെ ആരും അംഗീകരിച്ചില്ല. പറയ സമുദായത്തില്‍പ്പെട്ട ഒരു യുവതിക്ക് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഒരു പുരുഷനില്‍ നിന്നും ഉണ്ടായ കുട്ടികളാണല്ലോ ഐതിഹ്യത്തിലെ കേരളീയര്‍.

കെവിന്‍ ജോസഫിന്റെ മരണത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പന്താടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സവര്‍ണ സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉല്‍പന്നം തന്നെയാണ് ദുരഭിമാനക്കൊലകള്‍ എന്നതാണ്.

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളതിന്റെ ഒരു ശതമാനം പോലും മിശ്രവിവാഹിതര്‍ വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഇല്ല. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാക്കളായ വയലാര്‍ രവിയുടെയും മേഴ്‌സി രവിയുടെയും മകന് ഗുരുവായൂരിലുണ്ടായ അനുഭവത്തെ പ്രശ്‌നവല്‍ക്കരിക്കാനോ അതുവഴി മതാതീത സാമൂഹ്യബോധത്തെ പ്രസരിപ്പിക്കുവാനോ ആ സംഘടനയ്ക്ക് കഴിഞ്ഞില്ല. നോക്കൂ, മതങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നിരവധി വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുത്ത നെഹ്‌റു കുടുംബത്തെ അഭിവാദ്യം ചെയ്യുന്ന സംഘടനയുടെ കാര്യമാണിത്. തീവ്ര വലതുപക്ഷ രാഷ്ട്രീയസംഘടനയാകട്ടെ ഇത്തരം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അര്‍ഹതയുള്ളവരുമാണ്.

കേരളത്തിലെ ദളിതര്‍ ക്രിസ്തുമാര്‍ഗത്തിലേക്ക് ചേക്കേറിയത് ഹിന്ദുമതക്കാരുടെ പീഡനം അസഹ്യമായതുകൊണ്ടാണ്. എന്നാല്‍ അവിടെയും അവര്‍ക്ക് രക്ഷയുണ്ടായില്ല. പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളും വയലാറിന്റെ ഇത്താപ്പിരി തുടങ്ങിയ കവിതകളും ഈ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നവയാണ്.

യാഥാസ്ഥിതിക ക്രൈസ്തവരാകട്ടെ ക്‌നായി തോമയുടെ കാലം വരെയുള്ള പാരമ്പര്യം പറയുകയും ഹിന്ദുമതത്തിലെ സവര്‍ണരില്‍ നിന്നും ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരാണെന്ന് ദുരഭിമാനം കൊള്ളുകയും ചെയ്യാറുണ്ട്.

ക്രിസ്തുമതത്തില്‍ എത്ര വിഭാഗങ്ങളുണ്ടെന്ന് സാക്ഷാല്‍ യഹോവയ്ക്കുപോലും അറിയാമെന്നു തോന്നുന്നില്ല. സ്വയം പ്രഖ്യാപിത പോപ്പുമാരും പട്ടാളത്തിന്റെ ലക്ഷണം കാണിക്കുന്ന പ്രചാരകരും ഒക്കെയുള്ള ഒരു അത്ഭുത ലോകമാണത്. മറ്റ് മതത്തിലുള്ള വിഭാഗീയതകളേക്കാള്‍ ശക്തമാണ് ക്രൈസ്തവര്‍ തമ്മിലുള്ള ശത്രുതയെന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ക്രൈസ്തവദേവാലയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മതങ്ങളെയോ വര്‍ഗീയ രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ മാനുഷിക പ്രണയത്തിനൊപ്പം നില്‍ക്കുന്നവരായി കാണാന്‍ കഴിയില്ല. എന്നാല്‍ മറ്റു പ്രസ്ഥാനങ്ങള്‍ സ്വന്തം അണികളെ ശുദ്ധീകരിക്കുക തന്നെ വേണം.

ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം എന്ന ഉള്‍ക്കാഴ്ച യുവാക്കള്‍ക്കുണ്ടായാല്‍ മാത്രമേ ദുരഭിമാനക്കൊലകളില്‍ നിന്നും കേരളത്തിന് മുക്തി പ്രാപിക്കാന്‍ സാധിക്കൂ. പ്രണയം ഒരു കുറ്റകൃത്യമല്ല. പ്രണയിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടാനും പാടില്ല.

Wednesday 16 May 2018

ഒരാള്‍ക്ക് എത്ര ചെരുപ്പുകള്‍ വേണം

തു ഭാഷയിലേയും ഐതിഹ്യങ്ങളില്‍ ചെരുപ്പുകള്‍ക്ക് സ്ഥാനമുണ്ട്. പറക്കുന്ന ചെരുപ്പുകള്‍, അദൃശ്യമായ ചെരുപ്പുകള്‍, മുന്‍വശം പൊങ്ങിയ കിന്നരിച്ചെരുപ്പുകള്‍…. അങ്ങനെ നിരവധി ചെരുപ്പുകള്‍ ഐതിഹ്യങ്ങളില്‍ കാണാം.

ഇന്ത്യന്‍ പുരാണങ്ങളില്‍ പാദുകപൂജപോലുമുണ്ട്. വനവാസത്തിനു പോകുന്ന ശ്രീരാമന്റെ പാദുകങ്ങളെയാണ് സഹോദരന്‍ ഭരതന്‍ അയോധ്യയുടെ ഭരണഭാരം ഏല്‍പിക്കുന്നത്. മഹാഭാരതത്തിലാണെങ്കില്‍ ധര്‍മപുത്രരുടെ ചെരുപ്പ് ഒരു പട്ടി കൊണ്ടുപോകുന്നുണ്ട്. പാഞ്ചാലിയുമൊത്തുള്ള ഓരോ ഭര്‍ത്താവിന്റെയും സംഗമമുറിക്കുമുന്നില്‍ ചെരുപ്പായിരുന്നു അടയാളമായി വച്ചിരുന്നത്. ഒരു നായ ആ ചെരുപ്പ് കൊണ്ടുപോകുകയും രണ്ടാമൂഴക്കാരനായ ഭീമസേനന്‍ മുറിക്കുള്ളില്‍ പ്രവേശിച്ച് അരുതാത്തതുകാണുകയും ചെയ്യുന്നുണ്ടല്ലോ. ശപിക്കപ്പെട്ട നായകള്‍ പരസ്യരതിയിലേര്‍പ്പെടുന്നത് ഈ കഥയുടെ അവശേഷിപ്പാണത്രേ.
സെന്‍ബുദ്ധിസ്റ്റ് കഥയില്‍ പ്രജകളുടെ കാലില്‍ കല്ലും മുള്ളും കൊള്ളാതിരിക്കാനായി ഒരു രാജാവ് പാതകളായ പാതകളെല്ലാം തോലുവിരിക്കാന്‍ തീരുമാനിക്കുന്നുണ്ട്. ബുദ്ധ ഭിക്ഷുവിന്റെ നിര്‍ദേശപ്രകാരം, പാതയില്‍ വിരിക്കാന്‍ തീരുമാനിച്ചിരുന്ന മൃഗചര്‍മം മുറിച്ച് തോല്‍ ചെരുപ്പുകളായി മനുഷ്യര്‍ക്ക് കൊടുക്കുകയായിരുന്നു.
മൃഗങ്ങള്‍ക്കാണെങ്കില്‍ പ്രകൃതി തന്നെ പാദങ്ങളെ പ്രബലപാദുകങ്ങളായി മാറ്റിയിട്ടുണ്ട്.
ഐതിഹ്യങ്ങളില്‍ ചെരുപ്പുകളുണ്ടെങ്കിലും അധികം മനുഷ്യരും ചെരുപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. പാലപോലെയുള്ള മരങ്ങളുടെ ഭാരമില്ലാത്ത തടികൊണ്ട് മെതിയടിയുണ്ടാക്കിയാണ് ജനങ്ങള്‍ പാദത്തെ രക്ഷിച്ചിരുന്നത്. ധനികര്‍ ഈ മെതിയടി ദന്തംകൊണ്ടും മറ്റും ആഢ്യത്വം ഉള്ളതാക്കിയിരുന്നു. തോല്‍ച്ചെരുപ്പിന് ഒരു പരമിതിയുണ്ടായിരുന്നത് വെള്ളത്തില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നതാണ്. ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര എന്ന കടങ്കഥയുണ്ടായത് അങ്ങനെയാണ്. റബര്‍ ചെരുപ്പുകള്‍ വികസിപ്പിച്ചെടുത്തതോടെ വെള്ളക്കെട്ടിലൂടെയും നടക്കാമെന്നായി.
ഒരു ജോഡി ചെരുപ്പുവാങ്ങി പരമാവധി ഉപയോഗിക്കുക എന്നത് നമ്മുടെ ശീലമായിരുന്നു. ഇട്ടുതേഞ്ഞ ചെരുപ്പിന്റെ ഉപ്പൂറ്റിയിലുണ്ടായ ദ്വാരത്തിലൂടെ ആണി തറഞ്ഞുകയറിയ അനുഭവം എനിക്ക് സമ്മാനിച്ചത് എന്റെ ദാരിദ്ര്യമായിരുന്നു.
ഇപ്പോഴാകട്ടെ ധനികരുടെ വീട്ടില്‍ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും നിറയെ ചെരുപ്പുകളാണ്. അധികം ഉപയോഗിക്കാതെ തന്നെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന ചെരുപ്പുകള്‍. തെരുവുകളിലെവിടെയും എറിയപ്പെട്ട ചെരുപ്പുകള്‍ കാണാം. ഓടകള്‍ വൃത്തിയാക്കുമ്പോള്‍ ചെരുപ്പുകളുടെ വന്‍ശേഖരം തന്നെ കണ്ടെത്താറുണ്ട്. പ്രഭാതസവാരിക്കും ഓഫീസ് യാത്രയ്ക്കും വീട്ടിനുള്ളിലും മുറിയിലും പ്രത്യേകം പ്രത്യേകം ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരാള്‍ക്കുതന്നെ അസംഖ്യം ചെരുപ്പുകളുണ്ട്. പ്രമേഹ രോഗികള്‍ക്കും, പ്രഷര്‍, വാതം തുടങ്ങിയ വൈഷമ്യങ്ങളുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ചെരുപ്പുകളുണ്ട്. വീട്ടില്‍ കുമിഞ്ഞുകൂടുന്ന ചെരുപ്പുകള്‍ ഇപ്പോള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും അസൗകര്യങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകള്‍ യഥാവിധി സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട്. അതുപോലെതന്നെ ഒരു ജോഡി ചെരുപ്പുവാങ്ങിയാല്‍ പരമാവധി ഉപയോഗിക്കുവാനുള്ള മാനസികാവസ്ഥയും മലയാളി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ചെരുപ്പും കുടയുമില്ലാതെ പൊരിവെയിലില്‍ നെട്ടോട്ടമോടുന്ന പാവങ്ങളുടെ മുന്നിലാണ് ശരാശരി മലയാളി ചെരുപ്പുപത്രാസുമായി ജീവിക്കുന്നതെന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്.

സുപ്രഭാതം


മദ്യശാല തുറക്കുന്നതേയുള്ളൂ
ബുദ്ധിജീവി, അധ്യാപകൻ, മാന്ത്രികൻ
ഗുഹ്യരോഗി, പ്രാസംഗകൻ, യാചകൻ
ഒക്കെയും വന്നിരിക്കുന്നതേയുള്ളൂ
ഭിത്തിയിൽ സിൽക്ക് പുഞ്ചിരിക്കുന്നു
മദ്യശാല തുടങ്ങുന്നതേയുള്ളൂ

ഗ്രന്ഥശാല തുറക്കുന്നതേയില്ല

വിക്ടർ യൂഗോ, നെരൂദ, കവാബത്ത
മുക്തിബോധ്, ഖണ്ഡേക്കർ, ചങ്ങമ്പുഴ
സുപ്രിയർ കാത്തിരിക്കുന്നതേയുള്ളു
പുസ്തകത്തിൽ പൂക്കാലം മുഴങ്ങുന്നു
ഗ്രന്ഥശാല തുടിക്കുന്നതേയില്ല

ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
സുപ്രഭാതം തിനന്തോം തിനന്തിനോം

Friday 4 May 2018

കൈലാസൻ


മഴയത്തും വെയിലത്തും
ഇരുളത്തും ന്ലാവത്തും
പുഴമൂളും കടവത്തും
റെയിലിന്റെ പുരികത്തും
പുരചോരും മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ ചിരിചിന്നി
അയലിന്റെ വലപിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി കൈലാസൻ

മണലിന്റെ മരണത്തിൽ
കൊടികുത്തും കനലായി
ഫയലെല്ലാം മലയാളം
വയലിന്റെ ലയമേളം
നദിവറ്റും കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിൻ മാറത്ത്
നിർവീര്യച്ചിമ്മാനി
നടനടയായ് നാട്ടിന്റെ
നടുവേപോയ് കൈലാസൻ.

ഗ്രഹജാലം നക്ഷത്രം
കുഴലിൻമേൽ കണ്ണാടി
ഹൃദയത്തിൽ ടാഗോറും
വനഫൂലും ഇക്ബാലും
തലതല്ലും കടലായി
സിരയേറി തുള്ളുമ്പോൾ
മുടികത്തും തീയായി
ഇമതോറും മുത്തുമ്പോൾ
വിരലറ്റം ബ്രഷാക്കി
ലിപിയുന്നു കൈലാസൻ

ആകാശം മിഠായി
സാറാമ്മ കനവായി
സുഹറാന്റെ കൈപ്പടത്തിൽ
മഞ്ചാടി മൈലാഞ്ചി
തോമാന്റെ തോളത്ത്
പൊൻകുരിശിൻ മിന്നായം
അകലങ്ങൾ ബന്ധിക്കും
കനകത്തിൻ കണ്ണിയായി
നെടുനാമ്പായ് പോസ്റ്ററിലെ
നിണവരയായ് കൈലാസൻ

ഭൂലോകം നാവിൽവെച്ച്
പുകയാതെ പുകയുന്നു
ദു:ഖിതനായ് പുകയൂതി
തിരിയാതെ തിരിയുന്നു
മിഴിരണ്ടും രണ്ടാൾക്ക്
വഴിച്ചൂട്ടായ് നൽകുന്നു
എഴുതാതെ മൊഴിയാതെ
പിരിയുന്നു കൈലാസൻ
കുഞ്ഞാടായ് കൊടുമരണം
പച്ചിലയായ് കൈലാസൻ

Thursday 3 May 2018

ഒരു ഗ്രാമത്തില്‍ ഒരു പൈതൃക വീഥി


ജാതിവ്യവസ്ഥയും അതിന്റെ ഉല്‍പന്നങ്ങളായ അയിത്തമടക്കമുള്ള ഹീനരീതികളും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ ഭാവിതലമുറ ആസ്വദിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേരളീയ ഗ്രാമങ്ങള്‍. പരസ്പര സ്‌നേഹത്താലും വയലുകളാലും പൂമരങ്ങളാലും പക്ഷികളാലും ചെറുജീവികളാലും സമൃദ്ധമായിരുന്നു നമ്മുടെ ഗ്രാമങ്ങള്‍.

ഗ്രാമവിശുദ്ധിയെപ്പറ്റി മഹാകവി വൈലോപ്പിള്ളിയടക്കം നിരവധി കവികള്‍ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. നഗരം, നാട്യപ്രധാനമാണെന്നും നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണെന്നും സാക്ഷ്യപ്പെടുത്തിയത് കുറ്റിപ്പുറത്തു കേശവന്‍ നായരാണ്. നമ്മുടെ ഉറവിടം നാട്ടിന്‍പുറത്തെ പ്രകൃതി മാത്രമല്ല മനുഷ്യര്‍ കൂടിയാണ്. മനുഷ്യര്‍ മാറുമ്പോള്‍ നമ്മുടെ നിറവും മാറും പ്രകൃതിയുടെ മുഖവും മാറും.

കൂടുതല്‍ നന്മയിലേക്ക് പരിണമിക്കുന്നതിനു പകരം തിന്മയിലേക്കാണ് മനുഷ്യന്‍ മാറുന്നതെങ്കില്‍ പ്രകൃതി വികൃതിയാകും. വന്മരങ്ങളെല്ലാം മുറിച്ച് കടല്‍ കയറ്റി അയയ്ക്കും. നദികളില്‍ മാലിന്യത്തുരുത്തുകള്‍ രൂപം കൊള്ളും. മഴ വിട പറയും. തടാകങ്ങളുടെ അടിത്തട്ട് കാല്‍പന്തു കളിക്കാനുള്ള മൈതാനമാകും.

ആഗോളവല്‍ക്കരണം സുഖസമൃദ്ധിയിലേക്കുള്ള വിനാശകരമായ ആസക്തി വിത്തുകള്‍ വിതച്ചിട്ടുണ്ട്. മനുഷ്യര്‍ മാറിയിട്ടുണ്ട്. ഉദയത്തിനു മുന്‍പ് ഗ്രാമങ്ങളില്‍ കേട്ടുകൊണ്ടിരുന്ന പൂങ്കോഴിയുടെ കാഹളം കൈഫോണുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചെമ്മണ്‍ പാതകള്‍ കീലുടുത്ത് വാഹനങ്ങളെ പേറുവാന്‍ സന്നദ്ധരായി കഴിഞ്ഞു. തെങ്ങുകളെല്ലാം മണ്ഡരി ചുംബിച്ച് നശിച്ചു കഴിഞ്ഞു. പുഴയുടെ ഉറവിടങ്ങള്‍പോലും അടഞ്ഞുപോയിരിക്കുന്നു. വീടുകള്‍ക്കു ചുറ്റും വന്‍ മതിലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത വീട്ടിലെ അജ്ഞാതന്റെ മരണം ചാനലിലൂടെ മാത്രം അറിയുന്നത് സാധാരണമായിക്കഴിഞ്ഞു. നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമായി. വിശന്നു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനുപോലും ഫലം നല്‍കാന്‍ കഴിയാത്ത റബര്‍ മരങ്ങള്‍ കോട്ടെരുമകളെ നിറച്ചുകഴിഞ്ഞു. പുരാണ ഗ്രന്ഥങ്ങളിലും തലയിണയുറകളിലും അവ താമസമാക്കിക്കഴിഞ്ഞു.

അരി കായ്ക്കുന്ന മരമേതെന്ന് കുഞ്ഞുങ്ങള്‍ ചോദിച്ചുതുടങ്ങി. ഇനിയും ഇങ്ങനെ മുന്നോട്ടുപോയാല്‍ ഗ്രാമമനുഷ്യനെ നഗരത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുംഇപ്പോള്‍ത്തന്നെ കൃഷിയിടങ്ങള്‍ കാണുവാനായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പഠനയാത്രകള്‍ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ മാറ്റങ്ങളേയും തടയാന്‍ സാധ്യമല്ല മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിനാശകരമായ മാറ്റങ്ങളില്‍ നിന്നും മാറിനടക്കേണ്ടതുണ്ട്. ആധുനിക രീതിയില്‍ സജ്ജീകരിക്കപ്പെട്ട പാതകള്‍ ആവശ്യമാണ്. എന്നാല്‍ ഉള്ള കൃഷിയിടങ്ങള്‍ സംരക്ഷിക്കുകയും വേണം. മാറിയ കാലം രോഗങ്ങളുടെ പൂക്കാലമാണ്. ആശുപത്രികള്‍ ആവശ്യമാണ്. എന്നാല്‍ രോഗങ്ങളില്‍ നിന്നും വഴിമാറി സഞ്ചരിക്കുവാന്‍ ആരോഗ്യകരമായ ഒരു ജീവിതരീതി ശീലിക്കേണ്ടതുണ്ട്.

കല്‍പാത്തി അടക്കം പല പ്രദേശങ്ങളിലേയും പൈതൃക പ്രാധാന്യം അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ ഓരോ ഗ്രാമത്തിലും ഓരോ പൈതൃകത്തെരുവ് സൂക്ഷിക്കാവുന്നതാണ്. പുതിയ തലമുറയ്ക്ക് കാണാനും അവിടെയിരുന്ന് ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും അത് ഉപകരിക്കും. പൈതൃക വീഥിയുടെ ഇരുപുറവുമുള്ള വസതികളും കിണറുകളും അപൂര്‍വം കൊള്ളുകളും കയ്യാലകളും സംരക്ഷിക്കുവാന്‍ പ്രദേശവാസികള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. പൗരാണിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രശാലകളും സംഗീത ശാലകളും അവിടെ വേണ്ടതാണ്.
ക്രൂരമായ ഭൂതകാല ജീവിതവും ആ തെരുവില്‍ നിന്ന് ശില്‍പരചനകളിലൂടെ മനസിലാക്കാന്‍ സന്ദര്‍ഭമൊരുക്കേണ്ടതുണ്ട്. വൈക്കത്തും മറ്റും നഗരത്തിന്റെ നടുക്കുപോലും ചില പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.

നാം ജീവിക്കുന്ന പട്ടണമോ പുതുക്കപ്പെട്ട നാട്ടിന്‍പുറമോ പണ്ട് എങ്ങനെയായിരുന്നുവെന്ന് വരും തലമുറയ്ക്ക് മനസിലാക്കുവാന്‍ ഇത്തരം പൈതൃകത്തെരുവുകള്‍ സഹായിക്കുകതന്നെ ചെയ്യും.

Wednesday 2 May 2018

സഹയാത്രിക

മുംബൈയില്‍ ചെന്നൈയില്‍
കൊച്ചിയില്‍ ദില്ലിയില്‍
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്‍റെ തേനും
വിതുമ്പലുമായൊരു
കൂട്ടുകാരിക്കുയില്‍ കൂടെയുണ്ട്.

ഏതാണീ പൂങ്കുയില്‍?
വിട്ടുമാറാതെന്‍റെ
കൂടെ പറക്കുന്ന സുസ്നേഹമേ.

ഏതാണു നീ,യെന്‍
മനസ്സില്‍ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനല്‍ക്കാല-
ക്കായലില്‍ വീണ നിലാബാല്യമോ?

പുസ്തകം തെണ്ടി-
പ്പുരാതനകാവ്യങ്ങള്‍
മൊത്തിക്കുടിച്ചൊരെന്‍ കൌമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൌവനമോ?

രണ്ടു ശാസിക്കുന്ന കണ്ണുകള്‍ മുന്നിലെ
കണ്ണാടിയില്‍ ദേ,തെളിയുന്നു
നേരേ നടത്തുന്ന കണ്ണുകള്‍ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങള്‍

വെളുത്തയുടെ വീട്


ഭൂതത്താൻ കെട്ടിനുമപ്പുറത്ത്
ഇടമലയാറിനുമപ്പുറത്ത്
മഴപിറക്കാറുള്ള കാടകത്ത്
ഇടിമിന്നൽ പായുന്ന വീടകത്ത്
ഞവരമണക്കും പരിസരത്ത്
ഇല്ലിക്കുടിലിന്റെയുമ്മറത്ത്
ആളിറങ്ങാത്ത മുളങ്കാട്ടിൽ
താളുകണ്ടത്തിൻ തുടക്കുള്ളിൽ
പാതിരാപോലെ കറുത്തൊരമ്മ
പേരു വെളുത്ത മനസ്സുപോലെ!

നീലക്കുറിഞ്ഞിക്കാറ്റോടിവന്ന്
തോളത്തിരുന്നു മണത്തുപോയി
ഞാനതിൻ ചെല്ലച്ചിറകിലേറി
പാലത്തിണയിൽ കറങ്ങിവന്നു
അന്നേരമല്ലോ മുനിഞ്ഞുകത്തും
ചിമ്മിനിക്കൊപ്പം മിനുങ്ങിയമ്മ
നോക്കിയും തൂക്കിയും വാക്കെടുത്ത്
നാക്കത്തുവെച്ചു തെളിഞ്ഞിടുന്നു
കാട്ടുതേനിന്റെയിനിപ്പു തോന്നി
കണ്ണുനീരിന്റെ കവർപ്പു തോന്നി
ലെയ്ജുവും റെജുവും ശശികുമാറും
ഞാനുമതങ്ങനെ കണ്ടുനിന്നു

അമ്മ വെളുത്തയുമാങ്ങളയും
കുഞ്ഞായിരുന്ന തുടുത്തകാലം
മിന്നാമിനുങ്ങുമരിപ്പിറാവും
പൊൻമയും മൈനയും ചങ്ങാതികൾ
പാമ്പമ്മ മക്കളോടൊത്തുവാഴും
മുള്ളുവേങ്ങച്ചോട്ടിൽ പോയിട്ടില്ല
ചേരയുടുപ്പൂരും കൈതക്കാട്ടിൽ
പൂവെടുക്കാൻപോലും പോയിട്ടില്ല
ആനയിറങ്ങും പുഴയിറമ്പിൽ
കാലനങ്ങാതെ തരിച്ചുനിൽക്കും
പൂതമുറങ്ങുന്ന പാറക്കെട്ടിൽ
നൂലാംബരപ്പഴം കണ്ടുനിൽക്കും
അന്നു വെളുത്തക്കു കാടുവീട്
കാടിനകത്തൊരു പൂങ്കുമിള്
പുല്ലുകൊണ്ടങ്ങനെ മേൽക്കൂര
ഇല്ലികൊണ്ടങ്ങനെ പൂഞ്ചുമര്
ഉള്ളിൽ തിനയട തേനപ്പം
കല്ലിൽ വേവിച്ച മുളയപ്പം
വീട്ടിൽ തിരിയുണ്ട് വെട്ടമുണ്ട്
ആട്ടുകല്ലുണ്ട് തടുക്കുണ്ട്
ഒന്നുനിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ.

മേൽക്കൂര, പൂന്തറ വെള്ളത്തിൽ
പൂഞ്ചുമരൊക്കെയണക്കെണിയിൽ
വീടും കുടിയും മലത്തേവരും
മാനും മയിലും ജലക്കെട്ടിൽ
ചാവരു വാഴുന്ന കുര്യാലയും
ആടും മുയലും മുടിഞ്ഞുമുങ്ങി
കോഴി, കുരണ്ടി, കരണ്ടകവും
പാറക്കലവും കഴിഞ്ഞുപോയി
ശ്വാസകോശം പൊട്ടി കണ്ണുതള്ളി
പ്രാണൻ വെടിഞ്ഞു മണിപ്പൂച്ച
മണ്ണൊഴിഞ്ഞെങ്ങോ മറഞ്ഞു ഞങ്ങൾ
പിന്നീമലയിൽ കുടിവെച്ചു

അമ്മയെ പിന്നെ ഞാൻ കണ്ടിട്ടില്ല
കൂടപ്പിറപ്പിനെ കണ്ടിട്ടില്ല
വെള്ളമെടുത്തോ കറണ്ടെരിച്ചോ
ചങ്ങാതിമാരേയും കണ്ടിട്ടില്ല
ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ

കാടുകേറിപ്പോയോരെന്റെയമ്മ
നായോടോ നരിയോടോ കഞ്ഞിവെച്ചോ
ഈറ്റപ്പുലിയുടെ മുന്നിലെത്തി
വീട്ടുവിശേഷം പറഞ്ഞുടഞ്ഞോ?
അമ്മിഞ്ഞതന്നു വളർത്തിയോളെ
കണ്ടുവോ പൂക്കളെ ചെന്നായ്ക്കളേ?

ഈ വീട്ടിലെന്നും മലപ്പിശാച്
ദീനം വിതച്ചു ചിരിക്കുന്നു
ഉറിയിലുപ്പിട്ട കുടുക്കയില്ല
കടുമാങ്ങയില്ല നാരങ്ങയില്ല
തീ പുകയാറില്ലടുപ്പിലെന്റെ
മാറിൽ വേവുന്നു വിഷച്ചോറ്
നാട്ടാരെ കണ്ടാലെനിക്ക് നെഞ്ചിൻ
മേട്ടിലൊരൊറ്റയാൻ പാഞ്ഞപോലെ

ഒന്നു നിറുത്തി വെളുത്തമ്മ
കണ്ണുതുടച്ചു കറുത്തമ്മ