Saturday 27 June 2020

ബുദ്ധിജീവികൾ


ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
മൃഗത്തോലുണക്കിയരിഞ്ഞേതു കാലും
പൊതിഞ്ഞേറ്റമേറാൻ
ഇറങ്ങാൻ, കറങ്ങാൻ
വഴിച്ചില്ല്, കല്ല്, വിഷക്കള്ളിമുള്ള്
നെടുമ്പാത താണ്ടാൻ ചെരുപ്പായതെങ്ങനെ?

തെളിനീർ തളിച്ചു മുടിക്കാടുലർത്തി
ചിതംപോലെ കത്രിച്ചു കാവ്യപ്പെടുത്തി
മുഖക്കേടുമാറ്റി മനോഹരനാക്കി
പുറത്തേക്കൊരുത്തനെ അടർത്തിയതെങ്ങനെ?

ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
നെരിപ്പോടിൽവെച്ച് കുനിഞ്ഞൂതിക്കാച്ചി
കൊടിൽകൊണ്ട് കുത്തി മൃദുസ്മേരമാക്കി
നിലാവിന്റെ തുള്ളികൾ കോർത്തുപൂവാക്കി
കഴുത്തിൽ മണിത്താലി മുത്തിച്ചതെങ്ങനെ?

ഉളിത്തി ചുഴറ്റി കരിമ്പാറ കൊത്തി
നടേശന്റെ കൈയ്യിൽ കടുന്തുടിയേറ്റി
തുടിച്ചരടാക്കി തുടിപ്പിച്ചതെങ്ങനെ?
പെരുങ്കാളിതൻ മുലക്കണ്ണായുരുട്ടി
കൊടുങ്കല്ലിനെ മഷിയാക്കിയതെങ്ങനെ?

ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
എട്ടാളുപൊങ്ങിയ തെങ്ങിൻ കുടുന്തയിൽ
തൊട്ടിരുന്നും താളമിട്ടുമുൾക്കൂമ്പിലെ
ശുദ്ധാമൃതത്തിൻ മധുരത്തെയിറ്റിച്ചു
മുട്ടിയിലാക്കി പകർന്നു തോഴർക്കായ്
പച്ചിളക്കുമ്പിളിൽ നേദിച്ചതെങ്ങനെ?

ഉച്ചിവിയർപ്പും മിഴിനീരുമുപ്പാക്കി
അസ്തമിക്കാത്ത തീഗോളത്തെനോക്കി
മണ്ണുരുട്ടി ക്കുടം, പാക്കലം, വട്ടക
ചട്ടി, കുടുക്ക മെനഞ്ഞതുമെങ്ങനെ?

ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
രക്തക്കറചത്ത കുപ്പായക്കുന്നുകൾ
എറ്റിയലക്കിവെളുപ്പിച്ചുണക്കി
ഇസ്തിരിത്തീവണ്ടിയോടിച്ചു പൊള്ളാതെ
ചുറ്റിമടക്കിപ്പൊലിപ്പിച്ചതെങ്ങനെ?

ഇഷ്ടികശ്ലോകസദസ്സുകൾക്കപ്പുറം
കൊയ്ത്തരിവാളിന്റെ ശ്വാസത്തിൽ ജീവിത-
ക്കറ്റകൊടുംചെണ്ട കൊട്ടുവാൻ ചിന്തുകൾ
കത്തിച്ചെരിഞ്ഞു പൊറുത്തതുമെങ്ങനെ?

വേറൊരൂഴം ഞാറുകുത്തി-
ത്തെളിഞ്ഞപ്പോൾ നിവർന്നപ്പോൾ
പോയകാലം മാക്രിയായി
കൊഞ്ഞനം കുത്തി

എന്റെ കണ്ടച്ചാലു കീറി
പേക്കളമുളച്ചേ
എന്റെ പാവൽപാടമാകെ
ചോരമാരിപെയ്തേ
ചോരമാരി എങ്ങനെന്നോ
ബുദ്ധിജീവിസ്സാറേ
ചോരമാരിയിങ്ങനെ
പിന്നങ്ങനെ പിന്നിങ്ങനെ

Tuesday 23 June 2020

ശ്വാസവും വിശ്വാസവും


നല്ല പെടയ്ക്കുന്ന മീന്‍ എന്നത് എക്കാലത്തെയും ഒരു പ്രയോഗമാണ്. പെടയ്ക്കുന്ന മീനിനെ കണ്ണിനോടും ഹൃദയത്തോടുമൊക്കെ കവികള്‍ ചേര്‍ത്തു വച്ചിട്ടുമുണ്ട്.

എന്നാല്‍ മീനിനെ സംബന്ധിച്ച് ഈ പിടച്ചില്‍ അവസാനനൃത്തമാണ്. പ്രാണവായുവിനു വേണ്ടിയുള്ള പിടച്ചില്‍..ഈ പിടച്ചിലില്‍ തെറിച്ചു വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെട്ടു. ആ മീനിനെ പിന്നെ അടിക്കടലില്‍നോക്കിയാലും കിട്ടില്ല. 

പമ്പാ നദിയിലെ പൊന്നിനു പോകുന്ന പവിഴ വലക്കാരനോടു 
മീന്‍ വന്നു ഇഷ്ടം കൂടാറുണ്ടോ നൃത്തം ചെയ്യാറുണ്ടോ എന്നൊക്കെയുള്ളത് വയലാറിന്റെ ലാവണ്യാന്വേഷണങ്ങളാണ് 

മരണമെന്ന പെരുംപശിക്കാരന്‍ കൊറോണവല വീശുകയും  
മനുഷ്യന്‍ ഒരു തരിയോളം ശ്വാസത്തിനുവേണ്ടി പിടയുകയും  
ചെയ്യുമ്പോള്‍   മീന്‍റെ പിടച്ചില്‍ കാണുന്ന മാനസികാവസ്ഥയല്ല
ഉണ്ടാകുന്നത്. ഒന്നു ആഹാരത്തിന് വേണ്ടിയാണെങ്കില്‍ മറ്റൊന്നു 
നിസ്സഹായതയുടെ പേരിലാണ് നമ്മള്‍ സാക്ഷിയാകുന്നത്. 

ഇവിടെ ഉത്തമവിശ്വാസങ്ങള്‍ എന്നു വിലയിരുത്തപ്പെട്ടിട്ടുള്ള മതവിശ്വാസവും ദൈവവിശ്വാസവും കുടഞ്ഞുകളയേണ്ട അന്ധ
വിശ്വാസങ്ങളുടെ പട്ടികയിലേക്ക് ചേക്കേറുകയാണ്. ശാസ്ത്രത്തിനല്ലാതെ, മതത്തിനോ ദൈവത്തിനോ ഒരു സഹായവും  ഇക്കാര്യത്തില്‍ ചെയ്യാനില്ല.

പക്ഷേ ലജ്ജിപ്പിക്കുന്ന ഒരു വസ്തുതയുണ്ട്. അത് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ പോലും  ഈ മൂഢധാരണകളില്‍ 
നിന്നും രക്ഷ നേടുന്നില്ലെന്നതാണ്.പെറ്റമ്മയുടെ മൃതശരീരവുമായി ഒരു ഡോക്റ്റര്‍ മൂന്നു ദിവസം കാത്തിരുന്നത് 
നമ്മുടെ സാക്ഷരകേരളത്തിലാണ്പ്രാര്‍ഥിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന മതബോധനമാണ് ഈ പാവം മകളെ വൈദ്യശാസ്ത്ര വിദഗ്ദ്ധയാണെങ്കില്‍ പോലും തെറ്റിദ്ധരിപ്പിച്ചത്.
ഈ ചിന്തയുള്ളവരെ ട്രാന്‍സ് എന്ന സിനിമ കാണിക്കേണ്ടതാണ്. ദൈവീക ശുശ്രൂഷ, അത്ഭുതരോഗശാന്തി തുടങ്ങിയവയുടെ ഉറവിടവും മൂലധനനിക്ഷേപവും ലാഭ  കേന്ദ്രീകരണവും  സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

ഭാരതത്തിലെ പുരാതനദൈവങ്ങളെല്ലാംഇപ്പൊഴും പരാശ്രിതരാണ്.
എഴുന്നേല്‍പ്പി.ക്കുക, കുളിപ്പിക്കുക, ആഹാരം കൊടുക്കുക, പാട്ടുപാടി ഉറക്കുക, കല്ല്യാണം കഴിപ്പിക്കുക കാര്യങ്ങളെല്ലാം മനുഷ്യര്‍ ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് നമ്മളെ എങ്ങനെ 
രക്ഷിക്കാന്‍ കഴിയും.

ആരാധനാലയങ്ങള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യം മനുഷ്യര്‍ തീരുമാനിക്കും. ആ തീരുമാനം അനുസരിച്ചു മാത്രമേ ദൈവങ്ങള്‍ക്ക് നിത്യജീവിതം
നടക്കുകയുള്ളൂ. കൊറോണക്കാലത്ത് ക്ഷേത്രങ്ങളില്‍ വരുമാനം ഇല്ലാതായി. ദൈവങ്ങള്‍ പട്ടിണിയിലുമായി.

പാതിരിമാര്‍ക്കും മറ്റും ശമ്പളം കൊടുക്കാന്‍ കഴിയാതായി. പള്ളികള്‍ തമ്മിലൊരു സഹകരണം ഉണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അവര്‍ കോടതിയിലും സെമിത്തേരിയിലുമായി പോരിലുമാണ്. എന്തായാലും ശമ്പളം കര്‍ത്താവ് തരില്ലെന്നുറപ്പായി.

ഹജ്ജ് തീര്‍ഥാടനം നിര്‍ത്തിവച്ചതോടെ സൌദി അറേബ്യക്കും 
മറ്റു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പാപമോചനം ലഭിക്കാതെ മനുഷ്യര്‍ വിഷമിക്കുകയും ചെയ്യുന്നുണ്ട്.

കര്‍ക്കിടകവാവിന് പെരുക്കപ്പട്ടിക ചൊല്ലി കാശുവാങ്ങുന്ന പ്രേതസംരക്ഷകരുടെ സ്വപ്നങ്ങളും തകര്‍ന്നു. ബോധ് ഗയക്കും ലുംബിനിക്കും ശ്രാവണ ബല്‍ഗോളയ്ക്കുമൊന്നും വണ്ടി കിട്ടതായി.

കോവിഡ് എന്ന മഹാരോഗം മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 

വിശ്വാസമല്ല ശ്വാസം എന്നത് മാത്രമല്ല. പ്രകൃതിയോടുള്ള സമീപനം കൂടി പാഠമാണ്. അമിതമായ മലിനീകരണം  ലോകത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നും 
ഇക്കാലം നമ്മളോട് പറയുന്നുണ്ട്. 
പ്രാണവായു സുലഭമാക്കുവാന്‍ മരങ്ങളുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും നമ്മള്‍ തിരിച്ചറിയുന്നു.

പുതിയ പരസ്യങ്ങള്‍ വന്നുതുടങ്ങി, കൊറോണയ്ക്ക് മരുന്ന് 
ഒരു പ്രത്യേക ബ്രാന്‍ഡ് കായത്തി ലുണ്ട് എന്നതാണു 
ഏറ്റവും പുതിയ പരസ്യം. ദൃശ്യമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ ഈ 
അവകാശവാദം പ്രചരിക്കുകയാണ്. ഇനി മദ്യപാനികളെ 
കോവിഡ് ബാധിക്കില്ലെന്ന പരസ്യം വന്നാലും അത്ഭുതപ്പെടാനില്ല.
കാരണം എല്ലാം നിയന്ത്രിക്കുന്ന തമ്പുരാക്കന്‍മാര്‍ ലോകകുത്തകകള്‍ ആണല്ലോ.

അലോപ്പതി മുതല്‍ ആദിവാസി വൈദ്യം വരെ അവകാശവാദവുമായി രംഗത്തുണ്ട്.  എങ്കിലും മനുഷ്യര്‍ കണ്ണുനട്ടിരിക്കുന്നത് ശാസ്ത്രത്തിന്റെ പരീക്ഷണ ശാലകളിലാണ്.

Friday 19 June 2020

ഒരാൾ


മനസ്സിൽ നിന്നൊരാ-
ളിറങ്ങിയങ്ങനെ
ഇരുട്ടിലേയ്ക്കതാ
നടന്നുപോകുന്നു

ഇടംകൈയ്യിൽ കുറേ
ചുവന്ന പൂക്കളും
വലംകൈയ്യിൽ ആണി-
പ്പഴുതിൽ കോർത്തിട്ട
പരുന്തിൻ തൂവലും
പകൽക്കിനാവിന്റെ
ശവസ്മരണയും
പതഞ്ഞുപൊങ്ങുന്ന
കറുത്തദു:ഖവും
കിനിഞ്ഞ ഞാറ്റുപാ-
ട്ടൊഴിഞ്ഞനെഞ്ചുമായ്
ഇരുട്ടിലേയ്ക്കൊരാൾ
നടന്നുപോകുന്നു

അടുത്തിരുന്നിനി
കുടവുംവീണയും
അലർച്ചയും ചേർത്തൊ-
രരങ്ങൊരുക്കുവാൻ
നിറഞ്ഞകണ്ണിലൂ-
ടൊരുകിനാവിന്റെ
കസവുനൂലിഴ
കൊരുത്തെടുക്കുവാൻ
അവൻ വരില്ലിനി


അകന്നകന്നതാ
വരണ്ടകാറ്റുപോൽ
പിടഞ്ഞുപോകുന്നു
ഇരുട്ടിലേക്കൊരാൾ നടന്നുപോകുന്നു

ഇരിക്കുവാനൊട്ടും
ഇടമില്ലാത്തവൻ
ഇണക്കിളിയുടെ
കരച്ചിൽ കേട്ടവൻ
പുറത്തു പേമഴ
തകർത്തുപെയ്തപ്പോൾ
അകത്തിരുന്നതു
നനഞ്ഞുതീർത്തവൻ
അടഞ്ഞവാതിലിൽ
മടങ്ങിവീഴുന്ന
ദിനവൃത്താന്തങ്ങൾ
കുടിച്ചുവെന്തവൻ
അകലെയാഴികൾ-
ക്കകലെയമ്മമാർ
കരഞ്ഞതുകേട്ടു
കരളുകത്തിയോൻ


മനസ്സിൽനിന്നവൻ
ഇറങ്ങിപ്പോകുന്നു
ഇരുട്ടിലേക്കതാ
നടന്നുപോകുന്നു

സംഭാഷണം / ദിനേശന്‍ ഓര്‍ക്കാട്ടേരി പ്രവാസിശബ്ദം

സംഭാഷണം / ദിനേശന്‍ ഓര്‍ക്കാട്ടേരി  പ്രവാസിശബ്ദം

https://www.facebook.com/shajivatakara/videos/10213992156877437/UzpfSTEwMDAwMDIyNjc0NzgwMzo0NDk1NDYzNjkzODA0NDc4/?epa=SEARCH_BOX

കവിയോടൊപ്പം - ബാലസംഘം /നാട്ടുകുട്ടിക്കവിതകള്‍ / സ്റ്റേഡിയം

കവിയോടൊപ്പം - ബാലസംഘം /നാട്ടുകുട്ടിക്കവിതകള്‍ / സ്റ്റേഡിയം

https://www.facebook.com/balasangham.kerala/videos/309723603376683/UzpfSTEwMDAwMDIyNjc0NzgwMzo0NDk1MjI1NzgwNDk0OTM2/

Saturday 13 June 2020

പാട്ടുകൾ


പാട്ടുകൾ എന്നോ മരിച്ച കിനാവിന്റെ
പാട്ടുകൾ ചിന്തയിൽ ചൂളയൊരുക്കുന്ന
പാട്ടുകൾ നീണ്ട നിശകളിൽ നീറുന്ന
പാട്ടുകൾ ഞാനും മനസ്സും വിയർക്കുന്ന
പാട്ടുകൾ കൈവെള്ളയിൽ തറഞ്ഞീടുന്ന
ചാട്ടകൾ ചോരച്ചുവയുള്ള ചിന്തുകൾ

പാട്ടുകൾ പച്ചിലപ്പാമ്പായ് പിടയ്ക്കുന്നു
പാട്ടുകൾ താളക്കുടത്തിൽ തിളയ്ക്കുന്നു
പാട്ടുകൾ തേങ്ങലിൽ തേനായ് തുളുമ്പുന്നു
പാട്ടുകൾ പമ്പമേളത്തിൽ പറക്കുന്നു
കാറ്റിന്റെ തോളത്തിരിക്കുന്നു, നൊമ്പര
പൂക്കളിൽ പോയുറങ്ങുന്നു നിരന്തരം
തോൽക്കുന്നൊരെന്നിൽ തുടിക്കൊപ്പമാടുന്നു
ഞാറ്റുവേലയ്ക്കു വിരുന്നിനായെത്തുന്നു

പാട്ടുകൾ ഉത്തരം ചൊല്ലും ഉടുക്കുകൾ
പാട്ടുകൾ ഉൾക്കരുത്തിന്റെ ഉടുപ്പുകൾ
പാട്ടുകൾ തീവ്രാനുരാഗത്തുടിപ്പുകൾ
പാട്ടുകൾ പൗണ്ഡ്രം മുഴക്കിപ്പടയ്ക്കുള്ളി-
ലാർത്തിരമ്പുന്ന മിടുക്കുകൾ ചോമന്റെ-
രാത്രികൾ തോറും വിറയ്ക്കുന്ന താളത്തി-
ലോർത്തു നിൽക്കാറുള്ള പാട്ടുകൾ, പൊള്ളുന്നൊ-
രാഗ്രഹങ്ങൾക്കുള്ളിൽനിന്നും പിറക്കുന്നൊ-
രാഗ്നേയമായി ജ്വലിക്കുന്ന പാട്ടുകൾ.

പാട്ടുകൾ നീലക്കിളിയുടെ നെഞ്ചിലെ
തീക്കനലായി ചുടുന്നു കണ്ണീരിന്റെ -
നീലക്കയങ്ങളിൽ നീരവം നീന്തുന്ന-
വേദനയിൽനിന്നു വിങ്ങുന്നു-
നോവുമീ
പാട്ടുകൾ പാടാതിരിക്കുവാനാവാത്ത-
പാട്ടുകൾ പാടിക്കരഞ്ഞുവേവുന്നു ഞാൻ

Tuesday 9 June 2020

ഒരു സംഗീത കുടുംബത്തിന്റെ സ്വപ്നസാഫല്യം

ഒരു സംഗീത കുടുംബത്തിന്റെ സ്വപ്നസാഫല്യം 
----------------------------------------------------------------------------
സപ്തസ്വരങ്ങളുടെ മധുരിമ മൂന്നാം തലമുറ ഏറ്റുവാങ്ങുന്ന 
അസുലഭചരിത്രം രചിച്ചിരിക്കയാണ് പുനലൂരെ ശ്രീ ത്യാഗരാജ 
സംഗീത കലാലയം.

ത്യാഗരാജ സംഗീതകലാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹാര്‍മോണിയത്തിന് പല കയ്യുകളിലെ വിരലുകള്‍ ശ്രുതിമീട്ടിയ ഓര്മ്മ പങ്കുവയ്ക്കാനുണ്ട്.സ്വന്തം മകനടക്കം സംഗീതാഭിരുചിയുള്ള പുനലൂര്‍ സ്വദേശികളെയും 
സമീപവാസികളെയുമെല്ലാം. സപ്തസ്വരത്തിന്റെ അത്ഭുതഭൂഖണ്ഡ
ത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ രാമസ്വാമി ഭാഗവതര്‍. 
നാടോടി സംഗീതത്തിന്റെ ഉള്‍വഴികളിലൂടെ  സഞ്ചരിച്ച വന്ദ്യവയോധികയായ ചെല്ലമ്മ കൃഷ്ണനടക്കം എല്ലാ സംഗീതപ്രേമികളുടെയും മനസ്സിലെ രാഗതാരകമാണ് രാമസ്വാമി ഭാഗവതര്‍. 

അഭിഭാഷകപ്രതിഭകളായി പിന്നീട് കേരളം സ്വീകരിച്ച മുന്‍ നിയമസഭാംഗം പുനലൂര്‍  എന്‍.രാജഗോപാലന്‍ നായരും ജി.ജനര്‍ദ്ദനക്കുറുപ്പും ഒരു  നാടകസമിതിയെ കുറിച്ചു  ചിന്തിച്ചകാലം. 
കേരള ജനകീയ കലാസമിതി ( കെ.പി.എ.സി) ഉറവ പൊട്ടിയ കാലം.
അവര്‍ തന്നെ ഒരു നാടകം ഉണ്ടാക്കിയെടുത്തു. ചെങ്കൊടിനോക്കി  ആ കൊടിയിങ്ങു താ മോളേ 
എന്നു അടുത്ത നാടകത്തില്‍ പരമു പിള്ള പറഞ്ഞതുപോലെ, ഒരു കുടുംബക്കാരണവര്‍, രാജഭരണത്തിനെതിരെ പോരാടുന്ന  എന്റെ മകനാണ് ശരിയെന്ന് പറയുന്ന നാടകം. പുനലൂര്‍ സ്ക്കൂളിലെ മാഷായിരുന്ന പുനലൂര്‍   ബാലന്‍ പാട്ടെഴുതി. 
രാമസ്വാമി ഭാഗവതര്‍ ഈണമിട്ടു .  തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടെത്തിയ ഈറ്റത്തൊഴിലാളി  കെ.എസ്.ജോര്‍ജ്ജ് പാടി.പാടുക നീയെന്‍ പൂങ്കുയിലേ 
എന്ന ശാലീനതയുള്ള ഗാനം. 

രാമസ്വാമിഭാഗവതരുടെ മകന്‍  എഴുപത്തെട്ടു ഓണമുണ്ട   സംഗീതജ്ഞനായ  എസ്..ആര്‍.ത്യാഗരാജന്‍ പാടുക നീയെന്‍ പൂങ്കുയിലേ എന്ന പാട്ട് ഈയിടെ ഓര്‍മ്മിച്ചു പാടിയിരുന്നു. 

പുതിയ ആകാശവും പുതിയ ഭൂമിയും ചെങ്കൊടിത്തണലില്‍ 
ആകരുതെന്നു കരുതിയവര്‍ പോലും  ആദ്യനാടകവുമായി സഹകരിച്ചു.അന്നത്തെ കോണ്‍ഗ്രസ്സ് മന്ത്രി കുഞ്ഞുരാമന്‍റെ വീട്ടില്‍ നിന്നുപോലും നൂറു രൂപ സഹായം കിട്ടി.രാമസ്വാമി ഭാഗവതരുടെ ശബ്ദസാന്നിധ്യം  പുലരിപ്പൂ വിടര്‍ത്തിയ  കെ.പി എ സിയുടെ വിജയയാത്ര ചരിത്രം.

സംഗീത കലാലയത്തിന്റെ  രണ്ടാം ഘട്ടം ആരംഭിക്കുന്നത്
എസ്.ആര്‍.ത്യാഗരാജന്‍ ഭാഗവതരിലൂടെയാണ്. ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ പഠനം, നെയ്യാറ്റിന്‍കര വാസുദേവന്‍ , രവീന്ദ്രന്‍, യേശുദാസ്, എം.ജി.രാധാകൃഷ്ണന്‍, പാലാ സി.കെ രാമചന്ദ്രന്‍, കുമാരകേരള വര്‍മ്മ, പാറശ്ശാല രവി തുടങ്ങിയവരെ കുറിച്ചുള്ള ഓര്‍മ്മകളും ശെമ്മാങ്കുടിയും മാവേലിക്കര പ്രഭാകര   വര്‍മ്മയും  അടക്കമുള്ള 
പ്രകാശഗോപുരങ്ങളും അദ്ദേഹത്തെ നയിക്കുന്നു. ശാസ്ത്രീയ സംഗീതം മാത്രമല്ല, സംഗീതോപകരണങ്ങളില്‍ നാദവിസ്മയം 
തീര്‍ക്കാനും അദ്ദേഹം ശിഷ്യരെ സഹായിച്ചു.

ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്ക് പാട്ടെഴുതിയത് പുനലൂര്‍ ബാലന്‍ ആയിരുന്നു. സ്വരപ്പെടുത്തി പാടിയത് എസ്.ആര്‍.ത്യാഗരാജന്‍.ലക്ഷം  വീടുകള്‍,മുറ്റം തോറും ലക്ഷം പൂക്കളമുയരുമ്പോള്‍ എന്ന ഗാനം അക്കാലത്തിന്റെ സന്തോഷഗീതമായിരുന്നു.

ബേഗഡ രാഗത്തിലുള്ള കരുണാകര മാധവ എന്ന സ്വാതികൃതി  
പ്രധാനമന്ത്രി നെഹ്റുവിന്റെയും രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെയും മുന്നിലവതരിപ്പിക്കാന്‍ അവസരം ലഭിച്ച 
ബാലനായിരുന്ന ത്യാഗരാജന് സ്വര്‍ണ്ണമെഡല്‍, ബാഡ്ജ്, പ്രശസ്തി പത്രം തുടങ്ങിയവ അവര്‍  സമ്മാനിച്ചു.  അന്നത്തെ  
മുഖ്യമന്ത്രി  ഇ.എം.എസ്സും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയും കുട്ടിയെ  വീട്ടില്‍ ചെന്ന് അഭിനന്ദിച്ചു
ഡല്‍ഹിയിലെ ശിശുദിനാഘോഷം എന്ന ശീര്‍ഷകത്തില്‍ ത്യാഗരാജന്‍ എന്ന വിദ്യാര്‍ഥി എഴുതിയ യാത്രാവിവരണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി.

മുപ്പത്താറു വര്‍ഷം സംഗീതാദ്ധ്യാപകനായിരുന്ന ത്യാഗരാജന്‍ മാഷ് ഇപ്പോള്‍ പുനലൂര്‍ നഗരസഭാ 
ബാലകലാഭവനും സംഗീത കലാലയത്തിനും നേതൃത്വം നല്‍കുന്നു.

ശ്രദ്ധേയനായ യുവ സംഗീതജ്ഞന്‍ ടി.എസ്.ജയരാജ് ആണ് 
സംഗീതകലാലയത്തിന്റെ മൂന്നാം ഘട്ടത്തിന്‍റെ കേന്ദ്രബിന്ദു.
പുനലൂരെ  കുന്നിന്‍ മുകളില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മനോഹര സൌധം. അതിനുള്ളില്‍  നിരവധി ക്ലാസ്സുമുറികള്‍. ആധുനിക സൌകര്യങ്ങളോട് കൂടിയ ശബ്ദലേഖനമുറി, 
സംഗീതോപകരണങ്ങളുടെ പ്രദര്‍ശനശാല,  ചുറ്റുമതിലിനുള്ളില്‍ വിവിധ കലാരൂപങ്ങളുടെ  ചിത്രാവിഷ്ക്കാരം. 
കലാവാസനയുള്ള കൌമാരക്കാരുടെ നിറ സാന്നിധ്യം. സാഹിത്യവും സംഗീതവും  ലഹരിയാക്കിയ ആസ്വാദകരുടെ 
സന്ദര്‍ശനോത്സാഹം. 

ഒരു സംഗീത കലാലയം നൂറ്റാണ്ടിന്റെ പാരമ്പര്യശോഭയാര്‍ജ്ജിച്ചു 
പ്രകാശിക്കുകയാണ്. സംഗീതസാന്ദ്രമായ ഒരു ഭാസുരഭാവിയിലേക്ക് സഞ്ചരിക്കുകയാണ്.

Saturday 6 June 2020

തിരുനല്ലൂരിന്റെ കൊല്ലം

കവികളെ അനുസ്മരിക്കുന്ന നിരവധി പരിപാടികള്‍ കേരളത്തിലുടനീളമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തിരുനല്ലൂര്‍ കാവ്യോത്സവം. കവികളുടെ ജനനത്തീയതിയോ മരണത്തീയതിയോ ആണ് സാധാരണ അനുസ്മരണത്തിനു തെരഞ്ഞെടുക്കാറുള്ളതെങ്കില്‍ തിരുനല്ലൂര്‍ കരുണാകരന്റെ സ്മരണയ്ക്കു സമര്‍പ്പിച്ച കാവ്യോത്സവം സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് സംഘടിപ്പിച്ചിട്ടുള്ളത്.


മെയ് ദിനത്തിന് മെയ്ദിന റാലികളും സമ്മേളനങ്ങളും മാത്രമാണ് നമുക്ക് കണ്ടുപരിചയം. കവി സമ്മേളനങ്ങള്‍ ആ ദിവസം ഉണ്ടാകാറില്ല. എന്നാല്‍ മെയ്ദിന സായാഹ്നത്തില്‍ നിരവധി കവികള്‍ കൊല്ലത്തെത്തി തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ വായിക്കുകയാണ്.


പ്രണയത്തേയും കവിതയേയും തൊഴിലാളി വര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്റെ വസന്തഭൂമിയിലൂടെ സഞ്ചരിപ്പിച്ച കവിയായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍. അധ്വാനത്തിന്റെ മഹത്വത്തെ അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. അധ്വാനിക്കുന്നവരുടെ സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും തിരുനല്ലൂര്‍ കവിതയില്‍ വിളഞ്ഞുകിടക്കുന്നു. തൊഴിലാളികളുടെ സ്വപ്‌നഭംഗം രേഖപ്പെടുത്തുവാന്‍ മുനയൊടിയാത്ത പേന ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കയര്‍ തൊഴിലാളികളുടെ ഹൃദയവ്യഥകള്‍ രേഖപ്പെടുത്തിയപ്പോള്‍, തുടരെ അധികാരത്തില്‍ വരുന്നതില്‍ അഭിമാനമുണ്ടെങ്കിലും അനാഥരാകുന്നതില്‍ ഉഗ്രരോഷവുമുണ്ട് എന്ന് അദ്ദേഹം എഴുതിയത്.


സമീപകാലത്ത് കേരളത്തിലുണ്ടായ ചില ദുരഭിമാനക്കൊലകള്‍ സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ കേരളത്തിലുടനീളം നടത്തിയ സെമിനാറുകളുടെ ശീര്‍ഷകം പ്രേമം മധുരമാണ് ധീരവുമാണ് എന്നായിരുന്നല്ലോ. തിരുനല്ലൂരിന്റെ ഒരു കാവ്യത്തിന്റെ പേരാണത്. ആശയമാകട്ടെ പൊലീസ് തേര്‍വാഴ്ചയില്‍ ഒരു കാലുതന്നെ നഷ്ടപ്പെട്ടുപോയ തൊഴിലാളിയെ പരസ്യമായി ഒരു സ്ത്രീതൊഴിലാളി മാലയിട്ട് ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണ്. ജാതിയോ മതമോ പൊന്നോ പണമോ മറ്റു പ്രതാപങ്ങളോ ഒന്നും അവിടെ വിലങ്ങുതടിയായതേയില്ല.


അഷ്ടമുടിക്കായലിന്റെ തീരദേശമായ കൊല്ലം നഗരം തിരുനല്ലൂരിന്റെ ഇഷ്ടദേശമായിരുന്നു. കൊല്ലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സമരമാര്‍ഗങ്ങളും എന്നും അദ്ദേഹത്തില്‍ അഭിമാനത്തിന്റെ പതാകകള്‍ പാറിച്ചു. കൊല്ലം എന്ന തിരുനല്ലൂര്‍ കവിത ആരംഭിക്കുന്നത് കൊല്ലം കണ്ടാലില്ലം വേണ്ട എന്ന മധുരപ്പഴമൊഴിയോടുകൂടിയാണ്. കൊല്ലം നഗരത്തിന് അന്യരാജ്യങ്ങളുമായുണ്ടായിരുന്ന വാണിജ്യ സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ചും ആ കവിതയില്‍ അദ്ദേഹം പറയുന്നുണ്ട്. 

റോമിലേയും ഗ്രീസിലേയും ഈജിപ്റ്റിലേയും ലോക സുന്ദരിമാര്‍ ഗ്രീഷ്മകാല രാത്രികളെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുന്നത് കൊല്ലത്തുനിന്നും ലഭിച്ച സുഗന്ധവസ്തുക്കളുടെ സന്തോഷ സാമീപ്യത്തോടെയാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 

ചീനക്കപ്പലിനെ ഓര്‍മിപ്പിക്കുന്ന ചിന്നക്കടയും നീണ്ടകരക്കായലില്‍ നങ്കൂരമിട്ട കപ്പലുകളേയും അദ്ദേഹം ഈ കവിതയില്‍ ഓര്‍മിക്കുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ലത്തു നടന്ന 
ഐതിഹാസികമായ മാനം രക്ഷിക്കല്‍ ചടങ്ങും ഈ കവിതയില്‍ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തുന്ന പതാകയുടെ ചുവപ്പുനിറം കൊല്ലത്തിന്റെതാണെന്ന് അദ്ദേഹം വാദിക്കുന്നു.


ജാതിമതരഹിതവും അന്ധവിശ്വാസരഹിതവുമായ ജീവിതമായിരുന്നു തിരുനല്ലൂരിന്റെ ആദര്‍ശം. അത് അനുഷ്ഠിക്കുന്ന കാഥികന്‍ വി ഹര്‍ഷകുമാര്‍ ഓരോ വര്‍ഷവും ഓരോ തിരുനല്ലൂര്‍ കവിത കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട് എന്നതും കാവ്യോത്സവത്തിന്റെ സവിശേഷതയാണ്.