Sunday 20 December 2015

ഉത്തമ വനിതാ വാർത്ത ഉത്തർപ്രദേശിൽ നിന്നും


ചൂഷണത്തിന്റെയും കബളിപ്പിക്കലിന്റെയും കതിർമണ്ഡപമായി പലപ്പോഴും വിവാഹരംഗം മാറാറുണ്ടല്ലോ. ചെക്കന്‌ കഞ്ഞികുടിക്കാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ വിവാഹാനന്തരം പ്ലാവ്‌ കാട്ടിക്കൊടുത്തതും ഇരുന്നുണ്ണാനുളള വകയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ കൊരണ്ടി കാട്ടിക്കൊടുത്തതും പണ്ടേ നമ്മുടെ നാട്ടിലുളള കഥയാണല്ലോ. വഴിയേപോയ ആനയെ ഓല കൊടുക്കാമെന്ന്‌ പറഞ്ഞ്‌ പുരയിടത്തിൽ തളച്ചിട്ട്‌ ആനയുളള വീടാണെന്ന്‌ പറഞ്ഞ്‌ ആളുകളെ പറ്റിച്ച വിരുതന്മാരുമുണ്ട്‌.
ഉത്തർപ്രദേശിലെ മൈൻപൂരിൽ, ഉന്നതവിദ്യാഭ്യാസവും അറുപതേക്കർ സ്ഥലവും ഉണ്ടെന്ന്‌ പറഞ്ഞാണ്‌ ഒരു യുവാവ്‌ കുഷ്ബുസക്സേനയുമായുളള വിവാഹം ഉറപ്പിച്ചത്‌. മാതാപിതാക്കൾ നടത്തുന്ന അന്വേഷണമല്ലാതെ പെൺകുട്ടിക്ക്‌ തന്റെ ഭാവി ഭർത്താവിനെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്താനുളള സന്ദർഭം ഇപ്പോഴുമില്ലല്ലോ. അതിനാൽ കതിർമണ്ഡപത്തിൽവച്ച്‌ പല പെൺകുട്ടികൾക്കും ഈ വരനെ വേണ്ടെന്ന്‌ പറയേണ്ടി വന്നിട്ടുണ്ട്‌. കുഷ്ബുസക്സേനയുടെ കാര്യത്തിലും അങ്ങനെയാണ്‌ സംഭവിച്ചത്‌.

പൂജാരി ചൊല്ലിക്കൊടുത്ത വിവാഹമന്ത്രങ്ങൾ തെറ്റാതെ ഏറ്റുചൊല്ലാൻ വരന്‌ കഴിഞ്ഞില്ല. വിവാഹവസ്ത്രം കൊണ്ട്‌ മുഖം മറച്ചുനിന്ന കുഷ്ബു അത്‌ ശ്രദ്ധിച്ചുവെന്ന്‌ മാത്രമല്ല, കുറച്ച്‌ നാണയങ്ങൾ വരുത്തി വരനോട്‌ എണ്ണാൻ പറഞ്ഞു. വരന്‌ നാണയങ്ങൾ എണ്ണിയെടുക്കാനുളള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെന്ന്‌ അപ്പോഴാണ്‌ എല്ലാവർക്കും ബോധ്യപ്പെട്ടത്‌.
തീർന്നില്ല, അറുപത്തൊമ്പതും എഴുപത്തൊമ്പതും തമ്മിലുളള വ്യത്യാസം ചോദിച്ചപ്പോഴും വരന്റെ വിവരമില്ലായ്മ പൊളിഞ്ഞു. വധു, സ്വന്തം മൊബെയിൽ ആ പുരുഷകേസരിയെ ഏൽപിച്ചിട്ട്‌ ഒരു നമ്പർ ഡയൽ ചെയ്യാൻ പറഞ്ഞിട്ടും അയാൾക്കതിന്‌ കഴിഞ്ഞില്ല.

ഇക്കാലത്ത്‌ ഏത്‌ നിരക്ഷരനും ഒരു നമ്പർ ഡയൽ ചെയ്യാൻ കഴിയുമല്ലോ. ഒരു നമ്പർ ഡയൽ ചെയ്യുന്നതിന്‌ അക്കങ്ങൾ കൂട്ടുകയോ കുറയ്ക്കുകയോ ഗുണിക്കുകയോ ഹരിക്കുകയോ വേണ്ടല്ലോ. അതുപോലും അറിയാത്ത ഒരു പുരുഷനെ തനിക്ക്‌ വേണ്ടെന്ന്‌ കുഷ്ബു കല്യാണപ്പന്തലിൽ വച്ച്‌ പരസ്യമായി പറഞ്ഞു.

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ വരൻ തിരിച്ചു പോയെങ്കിലും വീട്ടുകാർ ഉടൻതന്നെ വിദ്യാഭ്യാസ യോഗ്യതയുളള ഒരു പുരുഷനെ കണ്ടെത്തുകയും വിവാഹം നടത്തുകയും ചെയ്തു.

മരണം വരെ ഒന്നിച്ചു ജീവിക്കേണ്ട പുരുഷനെക്കുറിച്ചുളള എല്ലാ കാര്യങ്ങളും വിവാഹത്തിന്‌ മുമ്പുതന്നെ അറിയാനുളള അവകാശം സ്ത്രീകൾക്കുണ്ട്‌. അതവർക്ക്‌ നിഷേധിക്കുന്നത്‌, സ്വാർഥ താൽപര്യമുളള പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്‌.

മലയാള പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങളിൽ ജാതിക്കും മതത്തിനും ജാതകത്തിനും പരോക്ഷ സ്ത്രീധന സൂചനയ്ക്കും നൽകുന്ന പ്രാധാന്യം വിദ്യാഭ്യാസ യോഗ്യതയ്ക്കോ രക്തഗ്രൂപ്പിനോ നൽകാറില്ല.

സ്ത്രീ പുരുഷന്മാർ സ്വയം ജീവിത പങ്കാളികളെ കണ്ടെത്തുന്നതാണുചിതം. അപ്പോൾ വിദ്യാഭ്യാസവും വിവേകവും ഒക്കെയുണ്ടോ എന്ന്‌ മനസിലാക്കാം. തന്നോളം വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിൽപോലും പ്രണയത്താൽ ഹൃദയം ബന്ധിച്ച്‌ തൃപ്തികരമായി ജീവിക്കാൻ കഴിയും. അറിഞ്ഞുകൊണ്ടാണെങ്കിൽ കുറ്റബോധം ഉണ്ടാവുകയുമില്ലല്ലോ. കുഷ്ബു സക്സേന ഒരു മാതൃകയാണ്‌.

Saturday 21 November 2015

വേദിയിലെ പെൺസാന്നിധ്യവും മതവിശുദ്ധിയും


kureeppuzha-sreekumar
Comments Off 60



\
ഏതുമതവും സ്ത്രീവിരുദ്ധമാണ്‌. ഹിന്ദുമതം സ്ത്രീവിരുദ്ധമതങ്ങളുടെ മഹാരാജാവും.
സ്ത്രീകളാരും ലോകത്ത്‌ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൊള്ളാവുന്ന ദൈവങ്ങളെല്ലാം പുരുഷന്മാരാണ്‌. ഗോത്രപ്രഭാവകാലത്തുയർന്നുവന്ന അമ്മദൈവങ്ങളെ ചില മതങ്ങൾ ആരാധിക്കുന്നുണ്ടെങ്കിലും അവർക്ക്‌ പുരുഷദൈവങ്ങളോളം പ്രാധാന്യമില്ല. 
ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ബ്രഹ്മാവും വിഷ്ണുവും ശിവനുമാണുള്ളത്‌. സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ അവരുടെ വകുപ്പുകളാണ്‌. സൃഷ്ടിയിൽപോലും സ്ത്രീ ദൈവത്തിനു പങ്കില്ല. കശുമാങ്ങയും നീർനായയുമടക്കം എല്ലാം സൃഷ്ടിച്ചത്‌ പുരുഷന്മാർ.
മതങ്ങളുടെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ പൂജാരിയായി സ്ത്രീകളെ നിർദേശിക്കുന്നില്ല. മദ്രസകളിൽ ഭാഷ പഠിപ്പിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുകയില്ല. കന്യാസ്ത്രീകൾക്ക്‌ പുരോഹിതപ്പണി പാടില്ല.
ഹിന്ദുസന്യാസിയായി തുടങ്ങി, ക്രമേണ പുതിയ ദർശനങ്ങളെ ആശ്ലേഷിക്കുകയും ഒടുവിൽ മതത്തിൽ നിന്നുതന്നെ പുറത്തുവരികയും ചെയ്ത നാരായണഗുരു പോലും സ്ത്രീയെ സ്വന്തം ജീവിതത്തിൽ സഹകരിപ്പിച്ചില്ല. സ്ത്രീയെ ജീവിതത്തിൽ സഹകരിപ്പിച്ച ബ്രഹ്മാനന്ദശിവയോഗി ചരിത്രത്തിലെ അപൂർവതേജസുമായി.
ആർത്തവം ഒരു പ്രകൃതിനിയമമാണ്‌ എന്നു കൂട്ടാതെ, അതൊരു കുറ്റകൃത്യവും അയോഗ്യതയുമായി കണക്കാക്കി ശബരിമല അടക്കമുള്ള ആരാധനാലയങ്ങളിൽ അവർക്കു പ്രവേശനം നിരോധിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ മക്കത്തും മദ്രസയിലും വ്യത്യസ്തനിലപാട്‌ ഉണ്ടായി. പോപ്പാകാൻ ഒരു സ്ത്രീയെയും കിട്ടാത്ത വിധത്തിൽ സ്ത്രീകളെത്തന്നെ ബോധവതികളാക്കി.
ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം അംഗീകരിച്ചത്‌ ദളിത്‌ സമൂഹം മാത്രമാണ്‌. അതുകൊണ്ടാകാം ഡോ. അംബേദ്കറുടെ നേതൃത്വത്തിലുണ്ടായ ഇന്ത്യൻ ഭരണഘടന, സ്ത്രീകളോടു വിവേചനം കാണിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണ്‌ ഭരണഘടന നൽകുന്നത്‌. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേർപകുതി സ്ത്രീകളാൽ അലംകൃതമാണ്‌. നിയമസഭയിലും പാർലമെന്റിലും സ്ത്രീകൾക്ക്‌ നേർപകുതി സാന്നിധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ വനിതകൾ എത്തുകയും ശോഭിക്കുകയും ചെയ്തു. ഭരണഘടനാപരമായ സന്ദർഭസമത്വം സ്ത്രീ പൂരുഷന്മാർക്ക്‌ ഉണ്ടാകണം. മൂന്നാംലിംഗക്കാർക്ക്‌ മനുഷ്യസഹജമായ പരിഗണന ഉണ്ടാകണം. അഭിമാനികളായി ജീവിക്കാൻ ആ നിരപരാധികൾക്കും കഴിയണം.
മലയാള സാഹിത്യത്തിലെ വിവർത്തനശാഖാരംഗത്ത്‌ നിരവധി വനിതകൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്‌. ആനി തയ്യിലാണ്‌ പ്രമുഖ വിവർത്തക. യുദ്ധവും സമാധാനവും, അന്നാകരിനീന, കൗണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ, ടെസ്സ്‌, ത്രീ മസ്ക്കറ്റിയേഴ്സ്‌ തുടങ്ങി നിരവധി ലോകപ്രസിദ്ധ കൃതികൾ അവർ മലയാളപ്പെടുത്തി. തൃശൂർ സ്വദേശിനിയായിരുന്ന ആനി തയ്യിൽ പ്രമുഖ അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു. രാജ്യസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിട്ടുള്ള ആനി തയ്യിൽ ആയിരക്കണക്കിനു വേദികളാണ്‌ പുരുഷ പ്രസംഗകന്മാരുമായി പങ്കിട്ടിട്ടുള്ളത്‌. അന്നെങ്ങുമില്ലാത്ത വിലക്കാണ്‌ ശ്രീദേവി എസ്‌ കർത്തായ്ക്കു നേരിടേണ്ടിവന്നത്‌.
ശ്രീദേവി എസ്‌ കർത്താ മതേതരജീവിതം നയിക്കുന്ന എഴുത്തുകാരിയാണ്‌. കവിയാണ്‌. കേരളത്തെ സമ്പൂർണസാക്ഷരതയുള്ള സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളിൽ നോവലിസ്റ്റ്‌ പി എ ഉത്തമനോടൊപ്പം പങ്കെടുത്ത സാംസ്കാരിക പ്രവർത്തകയാണ്‌. അവർ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അവരെ പ്രവേശിപ്പിച്ചില്ലെന്നത്‌ വലിയ സാംസ്കാരിക കുറ്റകൃത്യമായിപ്പോയി.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ അവസാന പുസ്തകമാണ്‌ ശ്രീദേവി മലയാളപ്പെടുത്തിയത്‌. അവരെ വേദിയിൽ പ്രവേശിപ്പിക്കരുതെന്ന്‌ പ്രകാശകനായ ഹിന്ദുസന്യാസിയെ പറയാൻ പ്രേരിപ്പിച്ചതാണ്‌ സ്ത്രീ വിരുദ്ധവും അധമവുമായ ഹിന്ദുമതബോധം. യഥാർഥ വൈറസ്‌ മതമാണ്‌. മനുഷ്യനെ ബാധിച്ച മതരോഗത്തെയാണ്‌ ചികിത്സിച്ചുമാറ്റേണ്ടത്‌.

Saturday 14 November 2015

പടരുന്ന അരക്ഷിതാവസ്ഥ വളരുന്ന വർഗീയത


     ലോക പ്രസിദ്ധ ഹിന്ദി സിനിമാ നടൻ ഷാരൂഖ്‌ ഖാനെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇന്ത്യയിൽ ജീവിതസുരക്ഷിതത്വം ഇല്ലാതാവുകയാണ്‌. ഇന്ത്യയിലുണ്ടായിരിക്കുന്ന ഈ പുതിയ ഭീകരാവസ്ഥയുടെ കാരണക്കാർ ഹിന്ദുമത തീവ്രവാദികളാണ്‌. അവർ മാതൃകയാക്കുന്നത്‌ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌, താലിബാൻ തുടങ്ങിയിട്ടുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളേയും.

ഭക്ഷണം കഴിച്ചതിന്‌ കൊല്ലപ്പെടുകയും ജന്മഗ്രാമം ഉപേക്ഷിച്ചു ഓടിപ്പോവുകയും ചെയ്യേണ്ടിവന്ന ദാദ്രിയിലെ പാവപ്പെട്ട കുടുംബത്തിന്റെ അനുഭവം ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുകതന്നെ ചെയ്തു.

അതിന്റെ തൊട്ടുപിന്നാലെയാണ്‌ മറുനാടൻ മലയാളികളെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട്‌ ഒരു മലയാളിയെ മുംബൈ പൊലീസ്‌ ക്രൂരമായി മർദ്ദിച്ചത്‌.

അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പാകിസ്ഥാൻ മുസ്ലിം ആണെന്നായിരുന്നു.
തൃശൂർ ചാവക്കാട്‌ തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ്‌ ബഷീറിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ബഷീർ ഓടിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്ക്‌ മദ്യപിച്ച രണ്ടുപേർ വീഴുന്നു. അവരെ പിടിച്ചുമാറ്റുന്നതിനിടയ്ക്കാണ്‌ പൊലീസെത്തി ബഷീറിനെ പിടികൂടിയത്‌.

മലയാളിയാണെന്നും കച്ചവടാവശ്യത്തിനായി മുംബൈയിൽ വന്നതാണെന്നും ഒക്കെ പറഞ്ഞ്‌ ബഷീർ തന്നെ വെളിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ചെവിക്കൊണ്ടില്ല. മദ്യപിച്ചിരുന്ന പൊലീസുകാർ ബഷീറിനെ ബാന്ദ്ര പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി തലകീഴായി കെട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിം വിഭാഗീയതയും ഭിന്നതയും ഇന്ത്യയിൽ പ്രകടമായിരിക്കുകയാണ്‌. ഹിന്ദുക്കളാൽ ആക്രമിക്കപ്പെടുമെന്നു ഭയമുള്ള മുസ്ലിങ്ങൾ മതപരമായി സംഘടിക്കുകയും ആ പ്രദേശങ്ങളിൽ മതതീവ്രവാദത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. മുസ്ലിങ്ങൾ സായുധരായി ആക്രമിച്ചേക്കുമെന്നും അവരെ വിശ്വസിക്കരുതെന്നുമുള്ള ചിന്ത ഇന്ത്യയിലെ വീട്ടമ്മമാരിൽ വളർത്താൻ ഹിന്ദുവർഗീയതയ്ക്കു സാധിച്ചിട്ടുണ്ട്‌. മനുഷ്യർ പരസ്പരം ഭയക്കുന്ന വിചിത്രമായ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ നീങ്ങുകയാണ്‌.

ഇന്ത്യൻ മിത്തോളജിയിലെ ഒരു രസികൻ കഥാപാത്രമാണല്ലോ കൃഷ്ണൻ. ദൈവങ്ങൾ തമ്മിലുള്ള കിടമത്സരത്തെത്തുടർന്ന്‌ അമ്പാടിയിൽ പെരുമഴ പെയ്തപ്പോൾ കൃഷ്ണൻ ഗോവർധന പർവതത്തെ കുടയാക്കി മനുഷ്യരെ മഴക്കെടുതിയിൽ നിന്നും രക്ഷിച്ചെങ്കിൽ ഇന്നത്‌ ഭയത്തിന്റെ കുടയായി മാറിയിരിക്കുകയാണ്‌.

കലാസാംസ്കാരിക രംഗത്തുണ്ടായിരിക്കുന്ന ചില വലിയ തകർച്ചകൾ ഈ ഭയത്തെ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഗുലാം അലി, ഇന്ത്യയിലിപ്പോൾ സംഗീതത്തിനു പറ്റിയ അന്തരീക്ഷമല്ലെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ്‌ സാംസ്കാരിക രംഗത്തെ ഭയപ്പാടിനുള്ള ഒടുവിലത്തെ കാരണം. ഗുലാം അലി വിശ്വപ്രസിദ്ധനായ ഗസൽ ഗായകനാണ്‌. മുംബൈയിലെ പരിപാടി അദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നത്‌ ഹിന്ദുമത തീവ്രവാദികളുടെ ഭീഷണി മൂലമാണ്‌.

സംഗീതത്തിനു ജാതിയുണ്ടോ? മതമുണ്ടോ? മുഹമ്മദ്‌ റാഫിയും യേശുദാസും ജയചന്ദ്രനും മൂന്നുമതപരിസരത്ത്‌ വളർന്നവരല്ലേ? അവരുടെ പാട്ടിന്‌ എന്തെങ്കിലും കുറവുണ്ടോ?

സംഗീതാസ്വാദനത്തിന്‌, മതം ഒരു തടസമാണോ? കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുമ്പോൾ മൃഗങ്ങളായ പശുക്കൾ പോലും അതാസ്വദിക്കുന്ന ചിത്രം ചെറുശേരി വരച്ചിട്ടുണ്ടല്ലോ.

ജനങ്ങൾക്ക്‌ സുരക്ഷിതത്വ ബോധം നൽകേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്‌. ആ ഭരണകൂടത്തിന്റെ ഗോവർധന കുടക്കീഴിലാണ്‌ അരക്ഷിതത്വം പടരുന്നത്‌. ഇത്‌ തീർത്തും അപകടകരമായ സ്ഥിതിവിശേഷമാണ്‌. രാഷ്ട്ര വിഭജനത്തിലേക്കുപോലും ഈ ഭയം സഞ്ചരിച്ചേക്കാം.

Tuesday 3 November 2015

ക്ഷേത്രപ്രവേശനം


വൈദ്യുതിയും
മൈക്കും
ബള്‍ബും
ഫോണും
രസീതു ബുക്കിനുള്ള
പേപ്പറും അച്ചടിയും
ടിവിയും
ഒളിക്ക്യാമറയും
ബോറ്ഡെഴുതാനുള്ള
പെയിന്റും
കണ്ടുപിടിച്ചത്
അഹിന്ദുക്കള്‍.

ബോര്‍ഡ് നോക്കൂ
അഹിന്ദുക്കള്‍ക്ക്
പ്രവേശനമില്ല.

Friday 23 October 2015

മതവും മാട്ടിറച്ചിയുമല്ല മനുഷ്യനാണ്‌ പ്രധാനം


        സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ സംഭവമായി ദാദ്രിയിലെ കൊലപാതകം. ആഹാരം കഴിച്ചതിന്‌ ഒരാളിനെ തല്ലിക്കൊല്ലുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്‌. ഹീനമായ അടയാളമായി അത്‌ വിശപ്പിന്റെ ചരിത്രത്തിൽ അവശേഷിക്കും.

  ദരിദ്രനാരായണന്മാർക്ക്‌ ഭൂരിപക്ഷമുളള ഇന്ത്യയിൽ ഏതെങ്കിലും ഭക്ഷണം കഴിക്കരുത്‌ എന്ന്‌ പറയുന്നതിനുപകരം നീ എന്തെങ്കിലും കഴിച്ചോ, നിന്റെ വയറ്റിലെ കത്തലടങ്ങിയോ എന്നാണ്‌ ഭരണകൂടവും അവരെ അനുകൂലിക്കുന്ന സംഘടനകളും ചോദിക്കേണ്ടത്‌.

  മാംസഭക്ഷണം പ്രത്യേകിച്ചും ഗോമാംസ ഭക്ഷണം പണ്ടുകാലംതൊട്ടേ ഇന്ത്യയിൽ ശീലിക്കപ്പെട്ടുപോന്നിരുന്നു. പശു എത്‌ നാട്ടിലേയും പ്രാചീന ജനസമൂഹത്തിന്റെ വളർത്തുമൃഗമായിരുന്നു. സ്ത്രീധനമായി നൽകിയിരുന്നത്‌ ഗോക്കളെയായിരുന്നു. ഗോമോഷണം മൂലം വലിയ യുദ്ധങ്ങൾ പോലും ഉണ്ടായിട്ടുണ്ട്‌ എന്നതിന്‌ പുരാണങ്ങൾ തെളിവ്‌. രാമായണമടക്കമുളള ഗ്രന്ഥങ്ങളിൽ ഗോമാംസത്തിന്റെ ഭക്ഷ്യോപയോഗത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അധ്യാത്മ രാമായണത്തിൽ പച്ചമാംസം ഭക്ഷണത്തിനുവേണ്ടി ഉണക്കിക്കൊണ്ടിരിക്കുന്ന സീതയെ ഇന്ദ്രന്റെ പുത്രനായ ജയന്തൻ ആക്രമിക്കുന്നതും ശ്രീരാമന്റെ പ്രതിരോധം മൂലം ജയന്തന്റെ ഒരു കണ്ണ്‌ നഷ്ടപ്പെടുന്നതും പ്രതിപാദിച്ചിട്ടുണ്ടല്ലോ. കാക്കയായി വന്നതിനാൽ ജയന്തന്റെ കണ്ണിനുണ്ടായ ക്രമക്കേട്‌ കാക്കയിൽ നിക്ഷിപ്തമായി എന്നും പറയുന്നുണ്ടല്ലോ. യാഗങ്ങളിൽ യാഗപശുവിനെ കൊല്ലുന്നത്‌ അന്നത്തെ നിയമവ്യവസ്ഥ ആയിരുന്നല്ലോ.

  ഇന്ത്യയിലെ ദളിതരുടെ പ്രധാനപ്പെട്ട ആഹാര പദാർഥങ്ങളിലൊന്ന്‌ ഗോമാംസമായിരുന്നു. ചത്ത പശുവിനുളള അവകാശം ദളിതർക്കായിരുന്നു. പാലെല്ലാം തമ്പുരാനും പശുമാംസം കീഴാളനും. മാംസം ഭുജിച്ചുവളർന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ രുചിബോധത്തെ ബലം പ്രയോഗിച്ച്‌ മാറ്റാമെന്ന്‌ കരുതരുത്‌.
ഇവിടെ പ്രശ്നം യാഗധേനുവും രാമകഥയും ഒന്നുമല്ല വിശപ്പാണ്‌. ഭക്ഷണം കഴിച്ചയാളിനെ നിഗ്രഹിക്കുന്നവർക്ക്‌ ഭരണകൂടത്തിന്റെ സംരക്ഷണം ഉണ്ട്‌ എന്നതാണ്‌ ഏറ്റവും വലിയ അപകട സൂചന.

  മാംസഭക്ഷണം ഇന്ത്യയിലൊരിടത്തും നിരോധിച്ചിട്ടില്ല. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇന്ത്യൻ പൗരന്മാർക്ക്‌ അവകാശമുളളതുപോലെ മാംസം ഭുജിക്കാനും ഭുജിക്കാതിരിക്കാനുമുളള അവകാശവും ഉണ്ട്‌. ദാരിദ്ര്യം നിർമാർജനം ചെയ്ത്‌ എല്ലാവർക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവും നൽകുക എന്ന പ്രാഥമികമായ കടമ നിറവേറ്റുവാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ മനുഷ്യന്റെ അന്നനാളത്തിൽ മതത്തിന്റെ കൈകൾകൊണ്ട്‌ ഇറുക്കിപ്പിടിക്കരുത്‌.

  ആഹാരം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പാവം മനുഷ്യന്റെ വീട്‌ പിന്നീട്‌ പരിശോധിച്ചപ്പോൾ അയാൾ കഴിച്ചിരുന്നത്‌ ബീഫായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞല്ലോ. ദാദ്രി വിട്ട്‌ ഓടിപ്പോയ ആ കുടുംബത്തെ ഇനി എങ്ങനെയാണ്‌ രക്ഷിക്കാൻ കഴിയുക?

  ഇന്ത്യയിൽ ജാതിവ്യവസ്ഥ പാലിച്ച്‌ മനുഷ്യനെ നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഹിന്ദുമതത്തിനാണ്‌. അവർ മനുഷ്യന്‌ കഴിക്കാവുന്ന ഭക്ഷണങ്ങളെയും വേർതിരിച്ചു. സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞു. മനുഷ്യനെ അപമാനിച്ചു. ഇപ്പോഴും ആ ചിന്ത മാറിയിട്ടില്ലെന്ന്‌ ദാദ്രി സംഭവം തെളിയിക്കുന്നു. മനുഷ്യരക്തം നുണയുന്നതിൽ നിന്നും മതങ്ങൾ മാറി നിൽക്കേണ്ടതാണ്‌.

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ

നീര്‍ത്ത കരിമ്പടമെന്നു ഞാന്‍
ടാറിട്ട റോഡെന്നു നീ

നാരകം പൂത്തതാണെന്നു ഞാന്‍
നക്ഷത്രമെന്നു നീ

പതയും ഷാമ്പെയ്ന്‍ മഴയെന്നു ഞാന്‍
ജലപാതമെന്നു നീ

സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവര്‍ നമ്മള്‍

പിന്നെ നാമൊന്നിച്ചനേരം
പൊൻപണക്കൂമ്പാരമെന്നു നീ

Monday 19 October 2015

പ്രഭാതച്ചോപ്പ്


കുഞ്ഞിക്കറുകയില്‍
ആനച്ചുവടിയില്‍
മഞ്ഞുമ്മ വയ്ക്കും പ്രഭാതം.

ഏതോ പരീക്ഷണപേടകം
മാനത്ത്
നേര്‍വരയിട്ട പ്രഭാതം

ദൂരത്തെ കുന്നുമ്മല്‍ക്കോട്ടയില്‍
സൂര്യന്‍റെ
മോതിരം വീണ പ്രഭാതം

കൂടു വെടിഞ്ഞ കരിങ്കാക്ക
ജീവിതം
തേടിപ്പറക്കും പ്രഭാതം

രാവില്‍ രതിപ്പുഴ
നീന്തിക്കടന്നവര്‍
സ്നേഹിച്ചുറങ്ങും പ്രഭാതം

നമ്മള്‍ പരസ്പരം
ചുംബിച്ചതു കൊണ്ട്
നന്നായ് ചുവന്ന പ്രഭാതം, 

Monday 5 October 2015

കൈപ്പത്തികൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല



ഒരു വടക്കൻ സെൽഫി എന്ന ന്യൂജനറേഷൻ സിനിമയ്ക്കുവേണ്ടി വൈക്കം വിജയലക്ഷ്മി പാടിയ കൈക്കോട്ടും കണ്ടിട്ടില്ല, കയ്യിൽ തഴമ്പുമില്ല എന്ന പാട്ടിലെ രണ്ടാമത്തെ വരിയാണിത്‌. അച്ഛന്റെയും അമ്മയുടെയും മോഹങ്ങൾ രണ്ടാം സെമസ്റ്ററിൽ തീർത്തുകൊടുത്ത ഒരു മകനെയാണ്‌ പാട്ടിൽ വിവരിക്കുന്നതെങ്കിലും നമ്മുടെ യുവതയുടെ വായനാരീതിയെ കുറിച്ചുകൂടി ഈ പാട്ട്‌ ഓർമിപ്പിക്കുന്നു.

കേരളത്തിലെ വായനശാലകളിൽ ചെറുപ്പക്കാരെത്തുന്നില്ല. സ്റ്റേറ്റ്‌ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാരായും സർവകലാശാലാ ലൈബ്രറികളിൽ പാഠപുസ്തക വായനക്കാരായും യുവാക്കളെത്തുന്നുണ്ടെങ്കിലും അയ്യായിരത്തിലധികം വരുന്ന കേരളത്തിലെ പൊതുഗ്രന്ഥാലയങ്ങളിൽ യുവതയുടെ സാന്നിധ്യം കുറയുന്നു. നമ്മുടെ ചെറുപ്പക്കാർ പിന്നെവിടെയാണ്‌?

അവർ വായിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഒരു സങ്കീർത്തനം പോലെയും ആടുജീവിതവുമൊക്കെ ആരാണു വാങ്ങിവായിച്ചത്‌? നവമാധ്യമങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യം അറുപതു വയസിൽ താഴെയുള്ളവരുടേതാണല്ലോ. അവരവിടെ കവിതകളും മിനിക്കഥകളും വായിക്കുകയും രാഷ്ട്രീയ സാംസ്കാരിക സംവാദങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഗ്രന്ഥശാലകളിൽ നിന്നും അവർ വായനയുടെ കേന്ദ്രം ഇലക്ട്രോണിക്‌ മാധ്യമങ്ങളിലേക്കു മാറ്റിയോ?

മഹാകവി വൈലോപ്പിള്ളി പറഞ്ഞതുപോലെ, പൊരുളറിവീല. എന്നാൽ ഒരുകാര്യം വ്യക്തം. നമ്മുടെ വായനശാലകളിൽ പഴയതുപോലെ ചെറുപ്പക്കാരെ കാണുന്നില്ല. ഈ നിരീക്ഷണം പൂർണമായും ശരിയല്ലെങ്കിലും ഭൂരിപക്ഷം വായനശാലയുടേയും സ്ഥിതി അതാണ്‌. കെട്ടിടവും ഉപകരണങ്ങളുമുണ്ട്‌. ഫാനുണ്ട്‌, ടി വിയുണ്ട്‌, കമ്പ്യൂട്ടറുണ്ട്‌. എല്ലാ വായനശാലകളിലും വൈദ്യുത വിളക്കുകളുണ്ട്‌. വമ്പൻ പുസ്തകശേഖരമുണ്ട്‌. എന്നാൽ കൈപ്പത്തികൊണ്ടൊരു കിത്താബും തൊടുന്നില്ല.

വായനശാലാ മുറ്റങ്ങൾ ഒരുകാലത്ത്‌ സംവാദകേന്ദ്രങ്ങളായിരുന്നു. തീപ്പൊരി ചിതറിയ ആശയസംഘട്ടനങ്ങൾ. പുസ്തകവും സിനിമയും വൈകുന്നേരങ്ങളിൽ വായനശാലാ മുറ്റങ്ങളിൽ നിവർന്നുകിടന്നു. റാന്തൽവെളിച്ചത്തിൽ വാദപ്രതിവാദങ്ങൾ നിവർന്നുനിന്നു. ലൈബ്രറി സംവാദങ്ങൾ എവിടെപ്പോയി? എല്ലാവരും ചാനലുകളിലെ വാചകമേളകളിൽ കുടുങ്ങിയോ?

വായനശാലകൾ ശൂന്യമായെങ്കിലും മതചിഹ്നങ്ങൾ അണിഞ്ഞ ചെറുപ്പക്കാരെ കേരളത്തിലെമ്പാടും കാണാം. നവോത്ഥാന മൂല്യങ്ങളുപേക്ഷിച്ച്‌ യുവകേരളം മതാഭിമാനികളും ജാത്യാഭിമാനികളുമായതെങ്ങനെ?

മുൻപില്ലാത്ത വിധമുള്ള വളർച്ചയാണ്‌ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ കേരളത്തിലുണ്ടായിരിക്കുന്നത്‌. ജനങ്ങളിൽ നിന്ന്‌ പണം പിരിച്ച്‌ ഒരു പൊതു ആവശ്യമെന്ന നിലയിൽ കേരളത്തിൽ ഒരു ആരാധനാലയവും സ്ഥാപിക്കപ്പെടുന്നില്ല. എന്നാൽ ജാതിമത അടിസ്ഥാനത്തിലും കുടുംബാടിസ്ഥാനത്തിലും അന്ധവിശ്വാസത്തിന്റെ സഹകരണ ബാങ്കായ ആരാധനാലയങ്ങൾ വളർന്നുവരുന്നുണ്ട്‌. നമ്മുടെ ചെറുപ്പത്തെ ഇച്ഛാശക്തി തകർത്ത്‌, ആ വിഭാഗീയശാലകളിലേക്ക്‌ നയിക്കുന്നതാരാണ്‌?

വൈദ്യശാസ്ത്ര പഠനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമൊക്കെ അമിത പ്രാധാന്യം കൊടുത്ത കേരളം പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായനയിൽ നിന്നും ചിന്തയിൽ നിന്നും യുവതയെ മാറ്റിത്തെളിക്കുകയായിരുന്നു. പ്രിയപ്പെട്ട ചെറുപ്പക്കാരേ, അയ്യാ വൈകുണ്ഠർക്കും പിന്നിലുള്ള കാലത്തേക്കുമടങ്ങിപ്പോകരുത്‌. അവിടെ ഇരുട്ടുമാത്രമേയുള്ളു.

ച്ഛായാഗ്രഹണം


വെള്ളിമീന്‍ തുള്ളുന്ന
രാക്കായല്‍ കാണുന്നു
പുള്ളിയുടുപ്പിട്ട മാനം

മാനത്തു കായലും
കായലില്‍ മാനവും
കാണുന്നു തീരത്തെ കൈത

കൈതയ്ക്കു കാവലായ് മൂങ്ങ
ഇരുവരും
വൈകിട്ടേ കണ്ടതാണല്ലോ

മാനവും കായലും
കൈതയും മൂങ്ങയും
ഞാനും ത്രസിക്കുന്ന കാലം

ഫ്ലാഷിട്ടെടുത്തു
പൊടുന്നനെ മായുന്നു
മേഘപ്പുറത്തൊരജ്ഞാത.

Friday 18 September 2015

മരബലി


ജനൽപ്പാളിക്കപ്പുറത്തെ നവംബർക്കാറ്റ്‌ വരിക്കപ്ലാവിന്റെ കാതിൽ പറഞ്ഞതെന്ത്‌? മഴ പെയ്യും കാലമെല്ലാം നിലച്ചുവെന്നോ മധുരച്ചക്കപ്രഥമൻ മരിച്ചുവെന്നോ തണലത്തെ കളിക്കൂട്ടം തവിഞ്ഞുവെന്നോ തമിഴ്‌നാടൻ ബിസ്കറ്റായി ജനിക്കുമെന്നോ പറഞ്ഞു തീരുന്നതിൻ മുൻപ്‌ എവിടെ നിന്നോ മരബലി നടപ്പാക്കാൻ മനുഷ്യരെത്തി.

Sunday 13 September 2015

മൂർത്തി പോയി, ഭഗവാൻ നീയാണ്‌ അടുത്തവൻ’


‘സരിതമോഹനൻ വർമ്മയുടെ ‘ഗുരുഭൂതർ അറിയാൻ’ എന്ന കവിത അവസാനിക്കുന്നത്‌ ഈ വരികളിലാണ്‌. ഡോ. എം എം കൽബുർഗിയുടെ രക്തസാക്ഷിത്വം വിഷയമാക്കി എഴുതിയ ഈ കവിതയിൽ ഹിന്ദുതീവ്രവാദികളുടെ ആക്ഷേപത്തിനിരയായ ഡോ. യു ആർ അനന്തമൂർത്തിയെക്കുറിച്ചും കർണാടകയിലെ മറ്റൊരു പ്രുമുഖ എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ. കെ എസ്‌ ഭഗവാനെക്കുറിച്ചുമാണ്‌ പറഞ്ഞിട്ടുള്ളത്‌. ഡോ. എം എം കൽബുർഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബജ്‌റംഗ്ദൾ എന്ന ഹിന്ദു തീവ്രവാദി സംഘടനയുടെ അടുത്ത ഇരയാണ്‌ കെ എസ്‌ ഭഗവാൻ.

മലയാളത്തിൽ പാഷാണത്തിൽ കൃമി എന്നൊരു ചൊല്ലുണ്ട്‌. വധഭീഷണി ഉയർത്തിയിരിക്കുന്ന ബജ്‌റംഗ്ദളിനെക്കുറിച്ചു കേട്ടപ്പോൾ ഈ വിശേഷണ പ്രയോഗം അവർക്ക്‌ കൃത്യമായും ചേരും എന്നു തോന്നി. ജ്ഞാനവൃദ്ധരെ കൊന്നാൽ അവരുടെ ആശയങ്ങൾ ശമിപ്പിക്കാമെന്നു കരുതുന്നവർ വിഷപദാർഥം കൃമിച്ചുണ്ടായവർതന്നെയാണ്‌.

ഡോ. എം എം കൽബുർഗി വിഗ്രഹാരാധനയെ പൂർണമായും നിരാകരിച്ച യുക്തിബോധത്തിന്റെ കാവലാൾ ആയിരുന്നു. 12-ാ‍ം നൂറ്റാണ്ടിൽ കർണാടകത്തിൽ ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ പിൻഗാമി. ബസവണ്ണ ആരാധനയുടെ നവീനരീതികളെക്കുറിച്ച്‌ പറയുകയും സാമൂഹ്യപരിഷ്കരണത്തിനുവേണ്ടി കവിതകളെ ആയുധമാക്കുകയും ചെയ്ത മഹാനായിരുന്നു. വചനകവിതകൾ എന്ന പേരിൽ കന്നഡ കവിതയെ സ്വാധീനിച്ച ആ കവിതാശൃംഖലയിലെ കനകക്കണ്ണിയാണ്‌ കന്നഡയിലെ എഴുത്തമ്മ അക്കമഹാദേവി. വചനകവിതകളെ പുതിയ തലമുറയ്ക്ക്‌ വ്യാഖ്യാനിച്ചുകൊടുത്തവരിൽ പ്രമുഖനായിരുന്നു ഡോ. എം എം കൽബുർഗി. യുക്തിബോധത്തിന്റെ മഷിയാണ്‌ അദ്ദേഹം പേനയിൽ നിറച്ചത്‌. അതാണ്‌ അദ്ദേഹത്തെ കൊല്ലാൻ ഹിന്ദു തീവ്രവാദികളെ പ്രേരിപ്പിച്ചത്‌.

ഹിന്ദുമതം ഹിംസയുടെ മതമാണ്‌. ആ മതം മുന്നോട്ടുവച്ച പുണ്യകർമങ്ങളിൽ നരബലിയും ജന്തുബലിയും അടക്കം നിരവധി മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. രാജാ റാം മോഹൻറായിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളിലൂടെ അവസാനിച്ചു എന്നു നമ്മൾ കരുതിയ സതി എന്ന സ്ത്രീബലിപോലും ഇന്ത്യയിൽ തിരിച്ചുവരികയാണ്‌.

ദുർമന്ത്രവാദ നിരോധന നിയമനിർമാണത്തിനുവേണ്ടി പോരാടിയ ഡോ. നരേന്ദ്ര ധബോൽക്കറെ പൂനയിൽവച്ച്‌ വെടിവച്ചുകൊന്നതിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യയിലെ പുരോഗമന സാംസ്കാരിക പ്രവർത്തകർ മോചിതരായിട്ടില്ല. അതിന്റെ പിന്നാലെ സമുന്നതനായ മനുഷ്യസ്നേഹി ഗോവിന്ദ്‌ പൻസാരെയേയും അവർ തോക്കിനിരയാക്കി.

കേരളത്തിൽ മതഭ്രാന്ത്‌, പ്രൈമറി സ്കൂൾ വിദ്യാർഥിയെപ്പോലും കൊല ചെയ്യുന്ന തലത്തിലേക്ക്‌ ഭീകരമായി സാന്നിധ്യപ്പെട്ടിരിക്കയാണ്‌. നവോത്ഥാന നായകരെപ്പോലും വർഗീയവാദികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ജാതിയെയും മതത്തെയും ദൈവത്തെയും പരസ്യമായി നിരാകരിച്ച ബ്രഹ്മാനന്ദ ശിവയോഗിയേയും വേലിക്കെട്ടിനുള്ളിലാക്കാൻ ചിലർ പരിശ്രമിക്കുന്നു.

കേരളത്തിലെമ്പാടും ഇപ്പോൾ ഡോ. എം എം കൽബുർഗി അനുസ്മരണങ്ങൾ നടക്കുകയാണ്‌. സാമൂഹ്യ മാധ്യമങ്ങളിൽ തകരുകയാണ്‌ തമ്പുരാനേ നിന്റെ ഭരണകൂടം തറഞ്ഞെന്റെ ജീവിതം… ഡോ. എം എം കൽബുർഗി, ഗോവിന്ദ്‌ പൻസാരെ, ഡോ. നരേന്ദ്ര ധബോൽക്കർ…. ഇനി എത്രപേരെ വേണം? ഞാൻ റെഡി എന്ന പോസ്റ്റ്‌ പതിനായിരക്കണക്കിന്‌ ഷെയറുകളിലൂടെ വൈറലായി മാറിക്കഴിഞ്ഞു. കാലം ജാഗ്രത ആവശ്യപ്പെടുന്നു.

Sunday 2 August 2015

മതവ്രണം വികാരപ്പെട്ടാൽ ബാലവധം ഫലം



കാസർഗോഡ്‌ ജില്ലയിലെ കല്ല്യോട്ട്‌ എന്ന സ്ഥലത്തിന്‌ സമീപമാണ്‌ അതിദാരുണമായ ബാലവധം സംഭവിച്ചത്‌. സഹോദരർക്കൊപ്പം സ്കൂളിലേയ്ക്ക്‌ പോവുകയായിരുന്ന മൂന്നാം ക്ലാസ്‌ വിദ്യാർഥിയായ ഫഹദിനെ വഴിയിൽവച്ച്‌ പട്ടാപ്പകൽ കഴുത്തറുത്ത്‌ കൊന്നു.

എട്ടുവയസുമാത്രം പ്രായമുണ്ടായിരുന്ന ഈ പിഞ്ചുകുഞ്ഞ്‌ എൻഡോസൾഫാൻ ഇരയായിരുന്നതിനാൽ സ്വാധീനക്കുറവുളള കാലുമായി എങ്ങനെയെങ്കിലും നടന്ന്‌ സ്കൂളിലേയ്ക്ക്‌ പോവുകയായിരുന്നു. കല്ല്യോട്ട്‌ സ്കൂളിനും ഫഹദിന്റെ വീടിനും മധ്യേയുളള ചാന്തൻമുളള്‌ എന്ന പ്രദേശമാണ്‌ ഈ അരുംകൊലയ്ക്ക്‌ ഞെട്ടലോടെ സാക്ഷിയായത്‌. കൊലപാതകിയെ നാട്ടുകാർ പിടികൂടി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട്‌ പൊലീസിനെ ഏൽപിച്ചു. എട്ടുവയസുളള കുഞ്ഞിനെ കൊന്നത്‌ മുപ്പത്തിമൂന്നുവയസുളള വിജയൻ ആയിരുന്നു.

കൊലപാതകത്തിനുശേഷം ഞാനൊരു പൂച്ചയെ കൊന്നു എന്ന്‌ ലാഘവത്തോടെ പറഞ്ഞ്‌ ഇരിക്കുമ്പോഴാണ്‌ നാട്ടുകാർ ഈ നരാധമനെ പിടികൂടിയത്‌. പൊലീസ്‌ അയാളുടെ വീട്‌ പരിശോധിച്ചു. കുറെ സി ഡികൾ പൊലീസിന്‌ കിട്ടി. സി ഡികളിൽ കേട്ടത്‌ ഇസ്ലാംമത വിരോധത്തിന്റെ തീതുപ്പുന്ന ഹിന്ദുമത ഭീകരവാദികളുടെ പ്രസംഗങ്ങൾ ആയിരുന്നു. ഈ പ്രസംഗങ്ങൾ നിരന്തരം കേട്ട വിജയനിൽ ഹിന്ദുമതാഭിമാനം വളരുകയും അന്യമത വിരോധം ആളിക്കത്തുകയും ചെയ്തു. അന്യമതസ്ഥരെ മുതിർന്നിട്ടു കൊന്നാൽ കാര്യമില്ലെന്നും മുളയിലേ നുളളണമെന്നും അയാൾ പറഞ്ഞിരുന്നുവത്രെ.

മതഭ്രാന്ത്‌ ബാധിച്ച ഈ യുവാവ്‌ സമീപത്തുളള പളളിയിൽ വാങ്കുവിളിക്കുമ്പോൾ തെങ്ങിൽ കയറിയിരുന്ന്‌ കൂവുമായിരുന്നത്രെ. മതവ്രണം വികാരപ്പെട്ടാൽ ഭ്രാന്തുപിടിക്കുമെന്നും അത്‌ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊല്ലുമെന്നുമുളള പാഠമാണ്‌ സാക്ഷരകേരളത്തിന്‌ അപമാനമായ ഈ സംഭവത്തിൽനിന്നും വായിച്ചെടുക്കേണ്ടത്‌. അമ്മവയറ്റിലുറങ്ങിയ ഭ്രൂണത്തെ ശൂലത്തിൽ കുത്തിയെടുത്ത്‌ തീയിലെറിഞ്ഞ ഗുജറാത്ത്‌ ഈ മതഭ്രാന്തിന്റെ ഭീകര മാതൃകയാണ്‌.

നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച മണ്ണാണ്‌ കേരളത്തിന്റേത്‌. മഹാത്മാഗാന്ധി ചോദിച്ചിട്ടുപോലും ജാതിയോ മതമോ പറയാതിരുന്ന സ്വാമി ആനന്ദതീർഥന്റെ പ്രവർത്തനങ്ങൾകൊണ്ട്‌ ബോധോദയത്തിലെത്തിയ നാടാണ്‌ അത്യുത്തര കേരളം. ജാതിയേയും മതത്തേയും തടവറകളോട്‌ സാദൃശ്യപ്പെടുത്തിയ ബ്രഹ്മാനന്ദ ശിവയോഗിയുടെ സാന്നിധ്യവും വടക്കൻ കേരളത്തിന്റെ ചരിത്രത്തിലുണ്ട്‌. ഈ മുന്നേറ്റങ്ങളെ പരിഹസിക്കുന്നതാണ്‌ ഫഹദിന്റെ കൊലപാതകം.

ഏത്‌ മതത്തിന്റെയും മറവിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ മനുഷ്യവിരുദ്ധവും സ്നേഹരഹിതവുമാണെന്ന തിരിച്ചറിവിൽ കേരള ജനത എത്തേണ്ടതുണ്ട്‌. ഏതെങ്കിലും മതത്തിൽപ്പെട്ടുപോയി എന്നതുകൊണ്ട്‌ മനുഷ്യന്റെ ജീവിക്കാനുളള അവകാശം ധ്വംസിക്കപ്പെടരുത്‌. മതങ്ങൾ സ്നേഹത്തിന്റെ കൊടിയല്ല നരഹത്യയുടെ പതാകയാണ്‌ പാറിപ്പിക്കുന്നത്‌. മതവിശ്വാസത്തിന്റെ വളക്കൂറുളള മണ്ണിൽ മാത്രമേ മതഭീകരവാദത്തിന്റെ വിഷസസ്യങ്ങൾ വളരുകയുളളു.

പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വേട്ടയാടാൻ പ്രേരിപ്പിക്കുന്നതാണ്‌ മതമെങ്കിൽ ആ മതത്തെ അതിർത്തികൾക്കപ്പുറത്തുനിർത്തുവാൻ നമ്മൾ പരിശീലിക്കേണ്ടതുണ്ട്‌. സഹോദരൻ അയ്യപ്പനും മറ്റും മുന്നോട്ടുവച്ച മതരഹിത രാഷ്ട്രം എന്ന ചിന്തയ്ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ ഫഹദിന്റെ കൊലപാതകം ബോധ്യപ്പെടുത്തുന്നു.

Sunday 26 July 2015

ഔവൈയാറിന്‍റെ മക്കള്‍


കടലിനക്കരെ കാണുമോ
വന്‍കര
ഇരുള്‍ മരത്തിന്റെ വേരുപോല്‍
പൂന്തിര
പ്രതിമയായ് വിങ്ങും
ഔവൈയാര്‍ പാടുന്നു
കരിമുയല്‍ക്കുഞ്ഞു
ചത്ത പെരുംകഥ.

ഇവനു ചൂടുവാന്‍ കിളിനോച്ചിയില്‍ നിന്ന്
മണവുമായ് വന്ന കാറ്റിന്റെ കമ്പിളി
ഇവനുറങ്ങുവാന്‍ ജാഫ്നാ മണല്‍ച്ചിരി
ഇവനുയിര്‍ക്കുവാന്‍ ദ്രാവിഡപ്പാട്ടുകള്‍.

ഇവനെ ഞാന്‍ കണ്ടു ഗാസയില്‍ സൂററ്റില്‍
അഭയമില്ലാത്ത കാശ്മീര്‍പ്പുറങ്ങളില്‍
ഇവനെ ഞാന്‍ കേട്ടു,പാക്ക് ഉള്‍ക്കടല്‍ കൊടും-
ക്കവിത ചൊല്ലിത്തളര്‍ന്ന രാപ്പാതിയില്‍.

എവിടെ വിദ്യാലയം,തിരുവള്ളുവര്‍-
ക്കുറളു പൂത്ത വിജ്ഞാന സദ്യാലയം
എവിടെ തൈപ്പൊങ്കലും മാരിയമ്മനും
മുരുകനോടിരക്കുന്ന തായ്ക്കൂട്ടവും.

എവിടെ നീലക്കുറിഞ്ഞി പൂവിട്ട പോല്‍
വിടുതലൈ പാടി വന്ന കുരുന്നുകള്‍
എവിടെയും കുഞ്ഞിമക്കള്‍ ഒരേപോലെ
പൊലിയുകയാണ് സ്നേഹമില്ലായ്മയില്‍.

പിരിയുക സംഘമിത്രേ,വിഫലമായ്
കുരുതി മായ്ക്കുവാന്‍ ചെയ്ത നിന്‍ ദൂതുകള്‍
മിഴികള്‍ പൂട്ടിയതെത്രയും നന്നായി
സഹനവസ്ത്രം പുതച്ച തഥാഗതന്‍.

Monday 20 July 2015

മമ്മുക്കയും ലാലേട്ടനും പിന്നെ രാജുച്ചായനും


kureepuzha
Comments Off 26




മനുഷ്യന്റെ ആന്തരികാവയവങ്ങളെയോ രക്തത്തെയോ രേതസിനെയോ അടിസ്ഥാന വികാരങ്ങളെയോ തൊടാൻ ഇന്നേവരെ മതത്തിനു കഴിഞ്ഞിട്ടില്ല. വിശപ്പിനോ പ്രണയത്തിനോ മതമില്ല. എന്നാൽ മനുഷ്യനെ മതക്കണ്ണടവച്ച്‌ കാണുവാൻ മതം പഠിപ്പിച്ചിട്ടുണ്ട്‌.
അവയവദാനത്തിന്‌ മതം ബാധകമല്ല. വൃക്കയും കണ്ണും കരളും ഹൃദയംപോലും മാറ്റിവയ്ക്കാം. മുസൽമാന്റെ ഹൃദയം ക്രിസ്ത്യാനിക്ക്‌ വച്ചുപിടിപ്പിച്ചാൽ അഞ്ചുനേരം നിസ്ക്കരിക്കാനോ നോമ്പുപിടിക്കാനോ ആ ഹൃദയം ഓർമ്മിപ്പിക്കുകയില്ല. ക്രിസ്ത്യാനിയുടെ രക്തം ഹിന്ദുവിന്‌ കുത്തിവച്ചാൽ കുർബാനകൊള്ളണമെന്ന്‌ ആ രക്തം നിർബന്ധിക്കുകയില്ല. ചൈനക്കാരനായ ഒരു ബുദ്ധിസ്റ്റിന്റെ വൃക്ക ഇസ്രയേൽക്കാരനായ ഒരു യഹൂദന്‌ വച്ചുപിടിപ്പിച്ചാൽ അയാൾ ഒരിക്കലും ചൈനീസ്‌ സംസാരിക്കുകയോ ഉരഗഭക്ഷണത്തിന്‌ പ്രേരിപ്പിക്കുകയോ ചെയ്യില്ല.
ഹിന്ദുവിന്റെ നേത്രപടലം സിഖുമതക്കാരനു വച്ചുപിടിപ്പിച്ചാൽ അയാൾ ഗുരു ഗ്രന്ഥസാഹിബിനു പകരം ഗീത വായിക്കണമെന്ന്‌ നിർബന്ധിക്കുകയില്ല. മതം തീർത്തും ബാഹ്യമായ ഒരു സംഗതിയാണ്‌. പ്രകൃതിദത്തമല്ല, അതുകൊണ്ടുതന്നെ മതം അടിച്ചേൽപ്പിക്കുന്ന ദൃശ്യവും അദൃശ്യവുമായ ദൈവങ്ങൾക്കും പിശാചിനുമൊന്നും ഒരു അടിസ്ഥാനവുമില്ല.
മനുഷ്യരാണെങ്കിൽ തമ്മിൽ കാണുമ്പോഴുള്ള അഭിവാദനം പോലും മതസൂചനകളോടെയാണ്‌ നിർവഹിക്കുന്നത്‌. പ്രകൃതിയിൽ മതം മലിനമാക്കിയ മനുഷ്യനല്ലാതെ ഒരു ജീവിയും മതസൂചനയോടെ അതിന്റെ സാന്നിധ്യമറിയിക്കുന്നില്ല. അള്ളാഹു അക്ബർ എന്ന്‌ ശബ്ദം പുറപ്പെടുവിക്കുന്ന ഒട്ടകങ്ങളോ ജയ്‌ ശ്രീറാമെന്ന്‌ കരയുന്ന പശുക്കളോ കർത്താവിനു സ്തോത്രമെന്നു പറയുന്ന പക്ഷികളോ ലോകത്തില്ല.
മനുഷ്യരാണെങ്കിൽ മറ്റൊരാളിനെ സംബോധന ചെയ്യുന്നതുപോലും മതം മനസിലാക്കിക്കൊണ്ടാണ്‌. 
മതബോധവും അന്ധവിശ്വാസവും കൊണ്ട്‌ അഴുക്കുപുരണ്ടതാണ്‌ നമ്മുടെ സിനിമാരംഗം. പൂജയില്ലാതെ ഒരു പടവും തുടങ്ങുകയില്ല. പൂജിച്ചുതുടങ്ങിയ പടങ്ങൾ പൊട്ടിപ്പോകുന്നതും പാഠമേയല്ല.
മതം മനസിലാക്കിയുള്ള സംബോധന അവിടെയുമുണ്ട്‌. അങ്ങനെയാണ്‌ മമ്മൂട്ടി മമ്മുക്കയും മോഹൻലാൽ ലാലേട്ടനും ആകുന്നത്‌. ക്യാപ്ടൻ രാജു രാജു അച്ചായനും ആയിട്ടുണ്ട്‌. ദാസേട്ടനും ഇന്നസെന്റ്‌ ചേട്ടനുമൊന്നും സിനിമാരംഗത്തെ സംബോധനകളെ സ്വാധീനിക്കുന്നില്ല.
ജാതിമതങ്ങളെ അതിജീവിക്കാനായി നാരായണഗുരുവിന്റെ നിർദേശം സ്വീകരിച്ചതിനാൽ ഷാജി, സലിം, കബീർ, ജമീല തുടങ്ങിയ നാമങ്ങൾ കേരളത്തിൽ വ്യാപകമാണ്‌. അവരൊക്കെ മതപ്പേരുള്ളവരാണെന്ന ധാരണയിൽ സലിംക്കയും ഷാജിക്കയും ജമീലത്താത്തയുമൊക്കെ ആകാറുണ്ട്‌.
ഏറ്റവും നല്ല സംബോധന സഖാവ്‌ ആണ്‌. അതിൽ ജാതിമത സൂചനകളോ ധനികദരിദ്ര വ്യത്യാസമോ ഇല്ല. സ്ത്രീ-പുരുഷ വ്യത്യാസം പോലുമില്ല. ഇംഗ്ലീഷ്‌ രീതി അനുസരിച്ച്‌ സ്ത്രീയെ സംബോധന ചെയ്യുമ്പോൾ അവർ വിവാഹിതയാണോ എന്നുകൂടി ശ്രദ്ധിച്ചിട്ട്‌ മിസ്‌ എന്നോ മിസിസ്‌ എന്നോ വിശേഷിപ്പിക്കണം. കുമാരി, ശ്രീമതി എന്നീ വാക്കുകളാണ്‌ നമ്മൾ പകരം ഉപയോഗിക്കുന്നത്‌. നേരത്തേ ഈ രീതി ഇല്ലായിരുന്നു. ശ്രീപാർവതിയും ശ്രീഭദ്രകാളിയും അല്ലാതെ ശ്രീമതി ഭദ്രകാളി ഇല്ലായിരുന്നല്ലോ.

Friday 3 July 2015

സാറാമ്മയും കേശവൻ നായരും ഇടുക്കി ബിഷപ്പും




1943-ലാണ്‌ വൈക്കം മുഹമ്മദ്‌ ബഷീർ പ്രേമലേഖനം എഴുതിയത്‌. മതപരമായ പ്രതിബന്ധങ്ങളെ അവഗണിച്ച്‌ സാറാമ്മ എന്ന ക്രൈസ്തവ യുവതി കേശവൻ നായർ എന്ന ഹിന്ദു യുവാവിനെ വിവാഹിക്കുന്നതാണ്‌ പ്രേമലേഖനത്തിന്റെ കേന്ദ്രകഥാബിന്ദു.

ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന അവർ മതം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകളെയും ചർച്ചാവിഷയമാക്കുന്നുണ്ട്‌. സാറാമ്മ പറയുന്നത്‌ സ്ത്രീധനം കൊടുക്കാതെ ഞങ്ങടെ സമുദായത്തിൽനിന്നും എന്നെ ആരും കെട്ടിക്കൊണ്ടുപോവുകയില്ല എന്നാണ്‌.
അങ്ങനെയെങ്കിൽ സ്ത്രീധനം നൽകാൻ ബുദ്ധിമുട്ടുളള ദരിദ്ര ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതം വഴിമുട്ടുകതന്നെ ചെയ്യും. മിശ്ര വിവാഹം മാത്രമാണ്‌ ജീവിക്കുവാനുളള ഏക പോംവഴി.
ക്രാന്തദർശിയായ ബഷീർ, കേശവൻ നായരിലൂടെ സ്ത്രീധനം എന്ന വിപത്തിന്‌ അതീവ സുന്ദരമായ പരിഹാരം നിർദേശിക്കുന്നുണ്ട്‌. സ്ത്രീധനം കൊടുക്കാൻ വിഷമിക്കുന്നവർ, സ്ത്രീധനം കൂടാതെ വിവാഹം ചെയ്യാൻ തയാറുളള ഇതര സമുദായക്കാരെ വിവാഹം ചെയ്യണം. നായർ ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി നായരെയും മുസൽമാനെയും മുസൽമാൻ നായരെയും നമ്പൂതിരിയെയും ഈഴവനെയും വിവാഹം ചെയ്യണം.

നാം രണ്ടുമതക്കാരല്ലേ എന്ന സാറാമ്മയുടെ വിവാഹ സംശയത്തിന്‌ നമുക്ക്‌ രജിസ്റ്റർ വിവാഹം ചെയ്യാമല്ലോ എന്ന ലളിതവും നിയമവിധേയവുമായ പരിഹാരമാണ്‌ കേശവൻ നായർ നിർദേശിക്കുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പും രജിസ്റ്റർ വിവാഹത്തിന്‌ സാധ്യതയും സാധുതയും ഉണ്ടായിരുന്നു.

ക്ഷേത്രവും ചർച്ചും നിൽക്കേണ്ടിടത്തുതന്നെ നിൽക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാകരുത്‌. ഈ ഉദാത്ത ചിന്തയാണ്‌ കേശവൻ നായരിലൂടെ ബഷീർ നമുക്ക്‌ പകർന്നുതരുന്നത്‌.

വിവാഹാനന്തരം കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നുണ്ട്‌. നമ്മുടെ കുട്ടികളെ ഒരു മതത്തിലും വളർത്തേണ്ട. അവർ നിർമ്മതരായി വളരട്ടെ. അല്ലെങ്കിൽ പത്തിരുപത്‌ വയസാകുമ്പോൾ ഹൃദ്യമായത്‌ സ്വീകരിക്കാൻ പാകത്തിന്‌ പക്ഷപാതരഹിതമായി മതങ്ങളെക്കുറിച്ച്‌ പഠിപ്പിക്കാം. അതും പ്രായമായതിനുശേഷം മാത്രം.

സാറാമ്മയും കേശവൻ നായരും മതത്തെയും മിശ്രവിവാഹത്തെയും സ്ത്രീധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നതിന്‌ പിന്നിലുളള പ്രധാന കാരണം മറ്റൊന്നാണ്‌, പ്രണയം. പ്രണയം പ്രകൃതി നിയമമാണ്‌. അവിടെ ജാതി, മതം, ശാരീരിക വ്യത്യാസം, നിറം, സാമ്പത്തികം, ദേശീയത, പ്രാദേശികത ഇവയൊന്നും ബാധകമല്ല. പ്രണയത്തെ ദൈവീകമെന്നുപോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

ഇടുക്കി ക്രൈസ്തവ രൂപത ബിഷപ്പ്‌ ബഷീറിനെ വായിച്ചിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല. അദ്ദേഹം തീർച്ചയായും ബൈബിൾ വായിച്ചിട്ടുണ്ട്‌. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വാക്യം നിന്നെപ്പോലെ നിന്റെ കത്തോലിക്കനായ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ്‌ അദ്ദേഹം വായിച്ചതെന്ന്‌ തോന്നുന്നു. പ്രണയ വിവാഹത്തിന്റെ കേവലമായ അടിസ്ഥാനമാണ്‌ സ്നേഹം.

ക്രിസ്ത്യാനികളായ പെൺകുട്ടികളെ മുസ്ലീങ്ങളും ഈഴവരും നായൻമാരുമായ യുവാക്കൾ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്‌ ശരിയല്ലെന്ന പ്രകൃതി വിരുദ്ധമായ അഭിപ്രായമാണല്ലോ അദ്ദേഹം പറഞ്ഞിട്ടുളളത്‌. ഒരു മതേതര രാജ്യത്ത്‌ വിജാതീയ വിവാഹങ്ങൾ അനുവദനീയമാണെന്നിരിക്കെ ബിഷപ്പിന്റെ പ്രണയ വിവാഹ വിരുദ്ധചിന്ത ഭരണഘടനാ വിരുദ്ധംപോലുമാണെന്ന്‌ പറയാതെ വയ്യ.

Friday 26 June 2015

ചെറി


തണലു പെയ്യാൻ പിറന്ന
ചെറിമരം
വെയിലു തിന്നു ചൊല്ലുന്നു
മനുഷ്യരേ,
ചതി പഠിക്കാത്ത
പക്ഷിജന്മങ്ങളേ
മൃദുലമാനസരാം
മൃഗങ്ങളേ
പൊടി വിഴുങ്ങും
പവിത്രനാഗങ്ങളേ
മലരു മലരിനെ പ്രാപിക്കുവാൻ
ചിത്രശലഭദൂതിയെ
സൽക്കരിക്കുന്ന നാൾ
വരികയെന്റെ തണലത്ത്
ലൈംഗിക സ്ഫുരണമാകുവാൻ
സംതൃപ്തരാകുവാൻ.

പ്രണയമെന്നാൽ
പരസ്പരം ചുംബിച്ചു
സമരകാഹളം കായ്ക്കുന്ന വിപ്ലവം.

പ്രണയമെന്നാൽ
മതാന്ധകാരത്തിന്റെ
തെരുവിൽ വയ്ക്കും വിളക്ക്.
നിഷേധികൾ
ധനവിചിത്രസാമ്രാജ്യം തകർക്കുവാൻ
കരുതി വച്ച കരുത്തിന്റെ തോക്ക്.

ചെറിമരത്തിന്റെ
ചില്ലയിലേക്കതാ
ചിറകു വീശിയടുക്കുന്നു കാമികൾ.

സിംലയിലെ രാത്രി


ആപ്പിൾ മരത്തിന്റെ ചില്ലയിൽ
തൂമഞ്ഞു പൂക്കൾ വിടർത്തിയ രാത്രി.

ശീതപതാകയും പേറി,ഹിമാലയ-
നാഭിയിൽ നിന്നും വരുന്ന കാറ്റ്
സത് ലജിനെ തൊട്ട്
സാനുക്കളെ തൊട്ട്
ദേവദാരുക്കളെ തൊട്ട്
ഹോട്ടൽ മുറിയെ
ചുഴന്നു വിഴുങ്ങുന്ന  രാത്രി.

ഹിമക്കരടി ജോഡികൾ
ഭോഗിച്ചുറങ്ങുന്ന രാത്രി.

ഉൾവസ്ത്രവിസ്കി ധരിച്ച്
ഉറങ്ങാനുള്ള വട്ടത്തിലാണ് ഞാൻ.

രാവായനക്കുള്ള പുസ്തകം
മെല്ലെ തുറന്നും അടച്ചും
അപ്പുറത്തുണ്ട് നിശാഗന്ധികൾ.

സ്വയം കത്തിച്ചു തന്നെ
തണുപ്പകറ്റും ചെറു സസ്യങ്ങൾ
മിന്നാമിനുങ്ങിന്റെ ചേച്ചിമാർ.

സൾഫറുടുപ്പിട്ട കുഞ്ഞിച്ച്ചെടികളിൽ
തുപ്പുമിരുട്ടിന്റെ ധാർഷ്ട്യം.

ഹോട്ടൽ മുറി
നെരിപ്പോടുകൾ നെഞ്ചകം
കാട്ടി,യുറങ്ങാതിരിക്കുന്ന പാതിര.
നീ ഉറങ്ങുന്നതേയില്ല.

വസ്ത്രങ്ങളൊന്നിനൊന്നോടു
തൊടുത്തു ഞാൻ
അഗ്നിയുണർത്താൻ
ശ്രമിച്ചു തോൽക്കുമ്പോൾ
പല്ലിളിക്കുന്നു, ഹിമപ്പാത താണ്ടിയ
കല്ലിന്നുറപ്പുള്ള രാത്രി.

തോറ്റു പോകുന്നു കരിമ്പടം,
ലഗ്ഗിൻസ്,കുർത്ത,ദുപ്പട്ട,
രോമത്തൊപ്പി,കയ്യുറ,
സോക്സ്‌,ഗൌണ്‍,ജീൻസ്,
മുഖംമൂടിയ കമ്പിളി...
നീ ഉറങ്ങുന്നതേയില്ല.

ഏറും തണുപ്പിന്റെ
വൈദ്യുതിയേറ്റു നീ
മാരകമായ് വിറയ്ക്കുന്നു.

ആകെ കുഴങ്ങി ഞാൻ
എന്തു ചെയ്യാൻ,
ചീർത്ത രാവിൻ കരിമലക്കൂട്ടം
ദൂരെയും ചാരെയും മൗനക്കരിങ്കല്ല്
മൂടിത്തുറിച്ചു നിൽപ്പാണ്.

ഒറ്റ ഞൊടി
വസ്ത്രശേഖരം നീക്കി ഞാൻ
പൊത്തിപ്പിടിക്കുന്നു നിന്നെ.

കാൽനഖം തൊട്ടുച്ചിയോളം
തെരുതെരെ
തീയുമ്മ വയ്ക്കുന്നു.

നിന്റെ കോശങ്ങളിൽ
ജ്വാലകൾ
മെല്ലെ, ചുവന്ന സർപ്പങ്ങളായ്
ജീവൻ കൊളുത്തിയുണരുന്നു.

ഞാൻ നിൻ മനുഷ്യപ്പുതപ്പ്
നീയെന്റെ മാംസക്കുതിപ്പ്
ഞാൻ നിൻ ശിശിരയുടുപ്പ്
നീയെന്റെ സ്നേഹപ്പതിപ്പ്
നീ സുഖമായുറങ്ങുന്നു.

Friday 19 June 2015

മരങ്ങളും പാവകളും ജോണി മിഖായേലും





ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്‌ മറ്റൊരു സവിശേഷത കൂടി ഉണ്ടായിരുന്നു. പുതുസഹസ്രാബ്ദത്തിന്റെ ആരംഭം. ലോക വ്യാപകമായി പുതുസഹസ്രാബ്ദം വരവേൽക്കപ്പെട്ടു. ജോണി മിഖായേൽ എന്ന ചെറുപ്പക്കാരൻ അസാധാരണമായ ഒരു രീതിയിലാണ്‌ പുതു സഹസ്രാബ്ദത്തെ എതിരേറ്റത്‌. കുറെ യുവസുഹൃത്തുക്കളെയും കൂട്ടി കാട്ടിൽക്കയറി. കേരളത്തിന്റെ കിഴക്കൻമേഖലയിലുടനീളമുള്ള കാടുകൾ. തിരിച്ചു കാടിറങ്ങിയപ്പോൾ ജോണിയുടെ കയ്യിൽ ആയിരത്തോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മലകളുടെയും പുഴകളുടെയും പാറക്കൂട്ടങ്ങളുടെയും പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ഒന്നും ചിത്രങ്ങൾ അക്കൂട്ടത്തിലില്ലായിരുന്നു. എല്ലാം മരങ്ങളുടെ ചിത്രങ്ങൾ. രേഖപ്പെടാൻവേണ്ടി ജോണിക്കുമുന്നിൽ മരങ്ങൾ പോസ്ചെയ്തതുപോലെ.

വൃക്ഷ ചിത്രരചന, ജോണി മിഖായേലിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഇതിനായി ജോണി ഒരു നോട്ടുബുക്ക്‌ എപ്പോഴും കരുതിയിരുന്നു. ഇഷ്ടപ്പെട്ട ഒരു മരം കണ്ടാൽ അതിനെ നോക്കിയിരുന്ന്‌ ജോണി ആ രൂപം ഒപ്പിയെടുക്കുമായിരുന്നു. വൃക്ഷ ചിത്രരചനയിൽ ശ്രദ്ധിച്ചതിനാൽ ജോണിയുടെ മരങ്ങളിൽ ഭാവങ്ങൾ സ്പഷ്ടമായിരുന്നു. ചിന്തിക്കുകയും ചിരിക്കുകയും കരയുകയും ക്ഷോഭിക്കുകയും ചെയ്യുന്ന മരങ്ങൾ.

വനയാത്രയിൽ കിട്ടിയ വൃക്ഷചിത്രങ്ങൾ കേരളത്തിലുടനീളം അദ്ദേഹം പ്രദർശിപ്പിച്ചു. അതിനായി നീണ്ട ക്യാൻവാസും ആനയെ അടക്കം ചെയ്യാവുന്ന പെട്ടിയും സംഘടിപ്പിച്ചു. കേരളം മുഴുവൻ അതും ചുമന്നുനടന്നു. വനത്തിലെ വൃക്ഷരാജകുമാരന്മാരെയും രാജകുമാരിമാരെയും നാട്ടിലുള്ളവർ ഇങ്ങനെയെങ്കിലും കാണട്ടെ എന്നാണ്‌ ജോണി മിഖായേൽ ഈ പ്രദർശനംകൊണ്ട്‌ ഉദ്ദേശിച്ചത്‌. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആയിരത്തിലധികം ആളുകളാണ്‌ വൃക്ഷറാണിമാരെ കാണാനെത്തിയത്‌. കോവളത്ത്‌ നിരവധി വിദേശവിനോദ സഞ്ചാരികളും വനവൃക്ഷങ്ങളെ കണ്ടു.

ഒരുകാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയാൽ ജോണിയെ അതിൽ നിന്ന്‌ അകറ്റാൻ കഴിയില്ലായിരുന്നു. ഒരു വീണവാദകയെ പ്രണയിച്ചകാലത്ത്‌ വീണയെക്കുറിച്ച്‌ മാത്രമായിരുന്നു ജോണിയുടെ ചിന്ത. തഞ്ചാവൂരിന്‌ വണ്ടികയറി വീണയുമായി തിരിച്ചെത്തി. ദയയുടെ അടയാളമായാണ്‌ ജോണി വീണയെ കണ്ടത്‌. നിർദയത്വത്തിന്റെ ശബ്ദചിഹ്നമായി ചെണ്ടയേയും കണ്ടു. ദയനിർദ്ദയ ജുഗൽബന്ദി ആയാലോ ജോണി തീരുമാനിച്ചാൽ നടപ്പാക്കിയിട്ടേ ഉറങ്ങൂ. അങ്ങനെയാണ്‌ തിരുവനന്തപുരം സിറ്റിയിൽ ആദ്യമായി ചെണ്ടയും വീണയും ഒന്നിച്ചൊരു നാദവിസ്മയം ഉണ്ടാക്കിയത്‌. കാവാലം നാരായണപ്പണിക്കർ അടക്കമുള്ള ഗംഭീരസദസായിരുന്നു സാക്ഷി.

ഹിരോഷിമാദിനം എങ്ങനെ ആചരിക്കണം? ജോണി മിഖായേൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആ ഘടികാരം പുനഃസൃഷ്ടിച്ചു. പിന്നെ പാവകളിലായി ജോണിയുടെ ശ്രദ്ധ. കളിമണ്ണും ചിരട്ടയും തെങ്ങോലയും പാവകളായി. ഇതിനനുസൃതമായ നാടകപാഠവും അദ്ദേഹം രൂപപ്പെടുത്തി ദൂരദർശനും ഏഷ്യാനെറ്റിനും മറ്റുമായി ഈ ആകർഷകമായ പരിപാടി അദ്ദേഹം അവതരിപ്പിച്ചു. തെങ്ങോലകൊണ്ട്‌ നിരവധി കളിപ്പാട്ടങ്ങളുണ്ടാക്കാൻ ജോണി കുട്ടികളെ പഠിപ്പിച്ചു.
തിരുവല്ലയിൽ നടത്തിയ ടെറാഫെസ്റ്റ്‌ ജോണി മിഖായേലിന്റെ സാന്നിധ്യംകൊണ്ട്‌ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു തെരുവിലെ ചുമരുമുഴുവൻ ശിൽപങ്ങൾ. വൈകുന്നേരങ്ങളിൽ കവിതയും നാടൻപാട്ടും.

കെപിഎസിയുടെ ചില നാടകങ്ങൾക്കുവേണ്ടി ജോണി മിഖായേൽ ഒരുക്കിയ രംഗ ഉപകരണങ്ങളും ചണം ഉപയോഗിച്ച്‌ രൂപപ്പെടുത്തിയ ചില ദൃശ്യവസ്തുക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാലക്കുടിയിലെ തൂമ്പാക്കോട്ട്‌, സംഗീത വിദ്യാലയം നടത്തിയും ശബ്ദപ്രകാശ സജ്ജീകരണം നിർവഹിച്ചുമാണ്‌ ജോണി കലാരംഗത്ത്‌ വന്നത്‌. കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച പാവം മനുഷ്യനായിരുന്നു ജോണി മിഖായേൽ.

മറയൂർ വനമേഖലയിൽ അഞ്ചുനാടുകളുടെ ഐക്യശിൽപം നിർമ്മിച്ചു അപൂർണമാക്കേണ്ടിവന്നത്‌ ജോണിയുടെ ദുഃഖമായിരുന്നു.

ജോണിയുടെ ആശ്രയം അമ്മയായിരുന്നു. അമ്മയുടെ മരണം ജോണിയെ തീർത്തും അനാഥനാക്കി. അരാജക ജീവിതത്തിന്റെ മലമുകളിലേയ്ക്ക്‌ വലിഞ്ഞുകയറിയ ജോണി മിഖായേൽ അമ്പതാം വയസിൽ ജീവനൊടുക്കി. പാവങ്ങളും മരങ്ങളും തെങ്ങോലകളും കളിമണ്ണും ജോണിയെ കാത്തിരിക്കുന്നുണ്ടാകാം. ആ സ്നേഹിതന്റെ ഓർമ്മകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു.

Saturday 6 June 2015

നക്ഷത്രത്തുളയുള്ള ആകാശവും അസ്മോ പുത്തൻചിറയും


പുറമേ ശാന്തനും സൌമ്യനും ആയിരുന്നു ഈയിടെ അന്തരിച്ച
അസ്മോ പുത്തൻചിറ.അകമേ കവിതയുടെ അശാന്തസമുദ്രം
ആഴവും പരപ്പുമായി നിലകൊണ്ടിരുന്നു.എഴുത്തിൽ ശ്രദ്ധയും
മിതത്വവും പാലിച്ച കവി.

ദീർഘകാലം അസ്മോ അബുദാബിയിൽ ആയിരുന്നു.അവിടെയുള്ള
സാംസ്കാരിക പരിപാടികളിലെല്ലാം അസ്മോയുടെ സജീവസാന്നിധ്യം
ഉണ്ടായിരുന്നു.കോലായ എന്ന പേരിൽ ഒരു സാഹിത്യ സംവാദ വേദി
തന്നെ അസ്മോയുടെ ഉത്സാഹത്തിൽ അവിടെ പ്രവർത്തിച്ചിരുന്നു.

മതവിശ്വാസവും ഞാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായിത്തന്നെ
ഞാൻ അസ്മോയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കാലുറപ്പിച്ചു നിന്ന
മണ്ണിന്നടിയിൽ  അറേബ്യയെ മുഴുവൻ രക്ഷപ്പെടുത്താൻ ഉതകുന്ന
പെട്രോൾ ഉണ്ടെന്നുപോലും പ്രവചിക്കാൻ കഴിയാത്ത ചരിത്രപുരുഷന്മാരെ
കുറിച്ചുള്ള എന്റെ സന്ദേഹങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ അവതരിപ്പിച്ചിരുന്നു.
പെട്രോൾ കണ്ടെത്താൻ അന്യമതസ്ഥനായ വെള്ളക്കാരൻ വേണ്ടി വന്നല്ലോ
എന്നുപോലും ഞാൻ പറഞ്ഞിട്ടും മതതീവ്രവാദത്തിന്റെ കണിക പോലുമില്ലാത്ത
ശുദ്ധമനസ്കനായ അസ്മോ അതെല്ലാം കേട്ടിരുന്ന് ശ്രദ്ധയോടെ കാറോടിച്ചു.
മത വിമർശനങ്ങളെ സഹിഷ്ണുതയോടെ കേട്ടിരിക്കാൻ കഴിയുന്ന ഒരു മാതൃകാ
മതവിശ്വാസി കൂടി ആയിരുന്നു അസ്മോ പുത്തൻചിറ.

കവിതയിൽ അസ്മോ സൂക്ഷ്മതയുടെ മറുവാക്കായിരുന്നു, അധികമൊന്നും
എഴുതിയില്ല.എഴുത്തിന്  അർഹിക്കുന്ന അംഗീകാരം ലഭിച്ചതുമില്ല.
അംഗീകാരമൊന്നും അസ്മോക്ക് പ്രശ്നം ആയിരുന്നില്ല.ഹൈക്കു മുതൽ
മുന്നോട്ട് അസ്മോ എഴുതിക്കൊണ്ടിരുന്നു.അസ്മോ നമുക്ക് തന്ന പുസ്തകമാണ്
ചിരിക്കുരുതി.

ചിരിക്കുരുതി എന്ന കവിതയിൽ തന്നെയാണ് നക്ഷത്രത്തുളയുള്ള ആകാശത്തമ്പ്
എന്ന പ്രയോഗമുള്ളത്. പ്രവാസിയുടെ ജീവിതമാണ് ഈ കവിതയിൽ
വരച്ചിട്ടിട്ടുള്ളത്.ചിരിയുടെ കുടമണി ചുണ്ടിൽ ചാർത്തി കുരുതിക്ക് തലനീട്ടി
നില്ക്കുന്ന ജീവിതം അസ്മോക്ക് പരിചിതമായിരുന്നു.

മൂന്നും നാലും വരികളടക്കമുള്ള അദീർഘകവിതകളിലാണ് അസ്മോയുടെ
സൂക്ഷ്മത കൃത്യമായി ദർശിക്കാൻ കഴിയുന്നത്. വാഗ്മീകം എന്ന കവിത
അമിതപ്രസംഗത്തിന്റെ കാലത്തേക്ക് നിറയൊഴിക്കുന്നുണ്ട്.
"എന്റെ വേദി
എന്റെ മൈക്ക്
എന്റെ നാക്ക്
പാവം സദസ്സ്."

പ്രസംഗം എന്ന കവിതയും ഇതേവഴിക്കു തന്നെ സഞ്ചരിക്കുന്നു.

" ഉള്ളിന്റെയുള്ളിൽ
മുനിഞ്ഞു കത്തേണ്ട
സ്നേഹം
നാവിന്റെ തുമ്പിൽ
കരിന്തിരിയാകുന്നു."

പിൻഗാമിയെന്ന കവിത അസ്മോ ദുഖത്തിന് മുകളിൽ പുരട്ടിയ
പുഞ്ചിരിയാണ്.

" ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞു ജനിച്ചിട്ടില്ല.
കവി പ്രതികരിച്ചു.
നമുക്കല്ലാതെ
ഈ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടില്ല."

അസ്മോയുടെ മൂന്നു ഹൈക്കുകളിൽ ഒന്നാം ഹൈക്കു ഇങ്ങനെയാണ്.
" അവൾ മരുന്നു കഴിച്ചു തുടങ്ങുന്നു
രോഗം അവളോട്
കലഹിച്ചു പടിയിറങ്ങുന്നു."

മൌനം എന്ന കവിത ഇങ്ങനെയാണ്.
" എല്ലാരെയും
മിത്രങ്ങളാക്കാൻ
കഴിയില്ലെങ്കിലും
ആരെയും
ശത്രുക്കളാക്കാതിരിക്കാൻ
മൌനം കുടിക്കുക."

അകാലത്തിൽ അന്തരിച്ച ടി.വി.കൊച്ചുബാവയെ കവിതയിൽ അസ്മോ
അടയാളപ്പെടുത്തിയിട്ടുണ്ട്.
" പിണങ്ങാൻ കാരണം
തേടിയെത്തുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്തു സൌഹൃദമെന്ന്
ചോദിക്കുന്നവർക്ക്
ഉത്തരം തന്നെ കൊച്ചുബാവ."

ഒരു പിടി കവിതകൾ മാത്രമാണ് അസ്മോ പുത്തൻചിറ മലയാളത്തിനു
തന്നത്. ആ കവിതകൾ ഓർമ്മയുടെ അടയാളങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു.
ഓരോ കവിതയും അസ്മോയിലെ, അശാന്തതക്കെതിരെ പോരാടുന്ന കവിയെ
കാട്ടിത്തരുന്നു.

ഇളംതലമുറയിലെ കവികളോടു വലിയ സ്നേഹമായിരുന്നു അസ്മോക്ക്.
മരിക്കുന്ന ദിവസം പോലും അദ്ദേഹം പലരുമായും സംസാരിച്ചു.
അസ്മോയുടെ പേരിൽ വന്ന അജ്ഞാത വൈറസ്സിനെ കുറിച്ചാണ് എന്നോടു ഒടുവിൽ
പറഞ്ഞത്. അത് മരിക്കുന്ന ദിവസം രാവിലെ ആയിരുന്നു.
തുറന്നാൽ സിസ്റ്റം മരിച്ചു പോകാവുന്ന വൈറസ്. അത് തുറക്കരുത്
എന്ന് എന്നോടു അസ്മോ പറഞ്ഞു.

അസ്മോ ആ ലിങ്ക് താങ്കൾ തുറന്നോ?

അസ്മോ പുത്തൻചിറയുടെ ഓർമ്മയ്ക്ക്‌ മുന്നിൽ തല കുനിക്കുന്നു.

Friday 29 May 2015

ദേശീയഗാനം



സുഹൃത്തേ 
ജനഗണമന 
തെറ്റു കൂടാതെ 
ഒന്നെഴുതിത്തരാമോ?


ഏതെങ്കിലും പത്രത്തിന് 
നൽകാനാണ്.
സമ്പാദകൻ എന്നെഴുതി 
എന്റെ പേരും വച്ച് .

Wednesday 27 May 2015

വാലന്റൈൻസ് ഡേ




ഒറ്റ നേരത്തേക്ക് മാത്രമീ ചുംബനം
കെട്ടി ഞാന്നങ്ങനെ ചാകുവാൻ വയ്യെടോ
മിസ്‌ ചന്ദ്രിക
എന്റെ ചക്കരേ
നമ്മൾക്ക്
റബ്ബറുറ പോലെ
പ്രേമപരാജയം,
  

കോഫീഹൗസ്


നൂലപ്പം വേണം നിനക്ക്
നൂഡിൽസ് വേണമെനിക്ക്
ലോകചരിത്രം പോൽ
ഭക്ഷണകൌതുകം
നീളെക്കുരുങ്ങിക്കിടക്കുന്നു.

ആവി പറക്കുന്ന
ശീതളപാനീയ-
ച്ചൂടിൽ നാം പ്രേമിച്ചിരിക്കുമ്പോൾ
ജീവിതക്കമ്പോള-
വ്യാപാരി നല്കിയ
വാച്ചകമുത്ത് നാം ഓർക്കുന്നു.

നിന്നെ സ്നേഹിച്ചാൽ
എനിക്കെന്തു ലാഭം
എന്നെ സ്നേഹിച്ചാൽ
നിനക്കെന്ത് ലാഭം?

Monday 25 May 2015

മടക്കം മതത്തിലേയ്ക്കല്ല, മനുഷ്യനിലേയ്ക്ക്‌


         കേരളത്തിൽ നടന്ന ഒടുവിലത്തെ ഘർവാപസി കൊട്ടാരക്കരയ്ക്കടുത്ത്‌ നെല്ലിക്കുന്നത്ത്‌. ക്രിസ്തുമതത്തിലേക്ക്‌ മാറിയ ആറു കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക്‌ മാറ്റിയതായിരുന്നു നെല്ലിക്കുന്നത്തെ ഘർവാപസി. കേരളത്തിൽ സമീപകാലത്തു നടന്ന ആദ്യ ഘർവാപസി തൃശൂർ ജില്ലയിലായിരുന്നു. ഒരു എസ്‌എൻഡിപി ക്ഷേത്രത്തിൽ വച്ച്‌, മുസ്ലിം കുടുംബത്തെ ഹിന്ദുമതത്തിലേക്കു മാറ്റിക്കൊണ്ടും അത്‌ ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുകൊണ്ടുമായിരുന്നു അവിടെ ഘർവാപസി ആഘോഷിച്ചത്‌.

ദില്ലിയിലെ ഹിന്ദു വർഗീയവാദികളുടെ ഭാഷ്യമനുസരിച്ച്‌ ഡോ. അംബേദ്കർ മുസ്ലിം വിരുദ്ധനും ഘർവാപസിയെ അനുകൂലിച്ച ആളുമാണല്ലോ. ഇന്ത്യ അടുത്തകാലത്ത്‌ കേട്ട ഏറ്റവും വലിയ ഫലിതമായിരുന്നു അത്‌. ഞാൻ ഹിന്ദുവായി ജനിച്ചു. എന്നാൽ ഹിന്ദുവായി മരിക്കുകയില്ലെന്ന്‌ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന്‌ അനുയായികളുമായി നാഗ്പൂരിൽ വച്ച്‌ ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്ത മാതൃകാ മനുഷ്യൻ ആയിരുന്നു ഡോ. ബി ആർ അംബേദ്കർ.

ഘർവാപസിയെന്നാൽ വീട്ടിലേയ്ക്കുള്ള മടക്കമാണെങ്കിൽ വീടേത്‌? ഈ ചോദ്യം ചരിത്രപുസ്തകവായനയിലേക്ക്‌ നമ്മെ നയിക്കും. സിന്ധുനദി കടന്നുവന്ന ആര്യന്മാർ, ദ്രാവിഡജനതയിൽ ആര്യ ദൈവങ്ങളെ അടിച്ചേൽപ്പിച്ച കാലത്തേയ്ക്ക്‌ ആ വായന നമ്മളെ കൊണ്ടുപോകും.

ഹിന്ദുമതം നടപ്പിലാക്കിയ കൊടും ക്രൂരമായ ജാതിവ്യവസ്ഥയാണ്‌ മറ്റ്‌ മതങ്ങളിൽ പോയി സ്വതന്ത്ര വായു ശ്വസിക്കാൻ കേരളീയരെ പ്രേരിപ്പിച്ചത്‌. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടും നഗ്നത മറയ്ക്കാൻ വേണ്ടിയിട്ടുമൊക്കെ തീവ്രസമരം ചെയ്യേണ്ടിവന്ന നാടാണ്‌ കേരളം. ചിലർ നഗ്നത മറയ്ക്കരുതെന്നും പൊതുവഴിയേ നടക്കരുതെന്നുമുള്ള നീചവിദ്യാഭ്യാസം സമൂഹത്തിനു നൽകിയത്‌ ഹിന്ദുമതമാണ്‌.

മതം മാറിയവരിൽത്തന്നെ, സവർണർക്കു കിട്ടിയ സ്വീകരണം അവർണർക്കു കിട്ടിയില്ല. പൊയ്കയിൽ അപ്പച്ചന്റെ ചരിത്രപ്രസക്തി അതാണല്ലോ. ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പോഴും എന്ന്‌ വയലാർ എഴുതിയതും അതുകൊണ്ടാണല്ലോ.
മതം മാറ്റം കൊണ്ട്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടാകുകയില്ലെന്ന്‌ അനുഭവത്തിന്റെ ബലത്തിൽ അടുത്ത കാലത്തു പറഞ്ഞത്‌ കല്ലേൻ പൊക്കുടൻ ആണ്‌. ഒരു നുകംമാറ്റി മറ്റൊരു നുകം കഴുത്തിൽ വയ്ക്കുന്നതു പോലെയാണ്‌ മതം മാറ്റമെന്ന്‌ ജാതിയും മതവുമില്ലാത്ത കണ്ടൽ മരങ്ങളുടെ വളർത്തച്ഛനായ പൊക്കുടൻ നിരീക്ഷിച്ചിട്ടുണ്ട്‌.

ഇസ്ലാം മതത്തിലേക്ക്‌ മാറിയ പുരുഷന്മാർ മതപരമായ കാരണത്താൽ അഗ്രചർമം ഛേദിക്കേണ്ടതായിട്ടുണ്ട്‌. അവരെ തിരിച്ചു ഹിന്ദു മതത്തിൽ പ്രവേശിപ്പിക്കുമ്പോൾ മറ്റൊരു ശസ്ത്രക്രിയയ്ക്കു വിധേയരാക്കുമോ?

യഥാർഥ ഘർവാപസിയെന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്കുള്ള മാറ്റമല്ല. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ്‌.

രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വയലാറിന്റെ, യുക്തിതേജസുള്ള ഗാനം ഇപ്പോൾ ഓർമിക്കാവുന്നതാണ്‌. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു. മനസു പങ്കുവച്ചു.

ആദ്യമുണ്ടായത്‌ മതങ്ങളോ ദൈവങ്ങളോ അല്ല. മനുഷ്യനാണ്‌. മതങ്ങളിൽ നിന്നും വീട്ടിലേക്ക്‌ മടങ്ങുക എന്നാൽ മനുഷ്യഭവനത്തിലേക്ക്‌ മടങ്ങുക എന്നാണ്‌ വായിക്കേണ്ടത്‌. മതം ഉപേക്ഷിച്ച്‌, അന്ധവിശ്വാസരഹിതവും ശത്രുതാരഹിതവും സ്നേഹപൂർണവുമായ ഒരു ജീവിതമാണ്‌ മനുഷ്യ ഭവനത്തിലുള്ളത്‌. അത്‌ മതഭവനത്തിലില്ല.

Thursday 21 May 2015

ക്യാമറ

പുതുമുഖത്തിൻ നിതംബത്തിൽ നിന്നും മുഖമെടുക്കാത്ത ക്യാമറ.
ജീവിതം സഫലമായെന്നു പ്രേക്ഷകൻ.
കാലമേ കലികയറാതിരിക്കുന്നതെങ്ങനെ? തെരുവിലേക്ക് തിരിച്ചു ഞാൻ ക്യാമറ.
മിഴിയിലിപ്പോൾ കറുപ്പും വെളുപ്പും. വിരലിലെ കരിപ്പെൻസിലും ചോറും ഒരു ബാലിക്കാക്കയും
കണ്ണുനീരും.

Tuesday 12 May 2015

ബാലചന്ദ്രൻ ചുളളിക്കാടും പുരി ജഗന്നാഥനും



ഒഡിഷയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്തുളള ഒരു പുരാതന നഗരമാണ്‌ പുരി. രണ്ട്‌ കാരണങ്ങളാൽ ഈ നഗരം പ്രസിദ്ധമാണ്‌. ഒന്ന്‌, പുരി ജഗന്നാഥക്ഷേത്രം. രണ്ട്‌, പുരി ശങ്കരാചാര്യ ആസ്ഥാനം.

ഒഡിയ കവിതയും കഥയുമൊക്കെ ഇന്ത്യൻ സാഹിത്യത്തിന്റെ മുൻപന്തിയിൽ കസേരയിട്ടിരിക്കുന്നുണ്ട്‌. ഒരു കഥാകാരി മുഖ്യമന്ത്രിയായ ആദ്യത്തെ സംസ്ഥാനവും ഒഡിഷയാണ്‌. നന്ദിനി സത്പതി. കേരളത്തിലാണെങ്കിൽ സർഗാത്മക സാഹിത്യകാരുടെ കൂട്ടരിൽനിന്നും കവി കടമ്മനിട്ട രാമകൃഷ്ണൻ നിയമഭയിലെത്തിയിട്ടുണ്ട്‌. ജോസഫ്‌ മുണ്ടശ്ശേരിയെയും എം കെ സാനുവിനെയും മലയാളികൾ സർഗാത്മക സാഹിത്യകാരന്മാരായി കണക്കാക്കിയിട്ടുമില്ല. കേരളത്തിൽ ഒരു കവി എത്തിയ പരമോന്നത സ്ഥാനം വനിതാകമ്മിഷൻ അധ്യക്ഷ പദവിയാണ്‌ സുഗതകുമാരി.

നന്ദിനി സത്പതിയെപ്പോലെ നമ്മുടെ പി വത്സലയോ സാറാജോസഫോ കെ ആർ മീരയോ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ നിറമുളള പല സ്വപ്നപദ്ധതികളും നടപ്പാക്കാൻ അവർക്ക്‌ സാധിച്ചേക്കും.

പ്രകൃതിക്ഷോഭങ്ങൾ കടിച്ചുകുടയാറുളള ഒഡിഷയെ പട്ടിണിയിൽനിന്നോ അന്ധവിശ്വാസങ്ങളിൽനിന്നോ രക്ഷപ്പെടുത്താൻ നന്ദിനി സത്പതിയടക്കമുളള മുഖ്യമന്ത്രിമാർക്ക്‌ കഴിഞ്ഞില്ല.

സമുദ്രസ്നാനം കേരളത്തിലെന്നപോലെ പുരിയിലും പുണ്യത്തിലേയ്ക്കുളള പാസ്‌വേർഡാണ്‌. കേരളത്തിൽ കർക്കിടകവാവിന്‌ മാത്രമേ പിതൃക്കൾ കടലിൽ വരാറുളളു. പുരിയിലാകട്ടെ എല്ലാ ദിവസവും പിതൃക്കൾ ഹാജർ. അതിനാൽ വേട്ടക്കാരെപ്പോലെ തോന്നിപ്പിക്കുന്ന പൂജാരിമാരും റെഡി. മരിച്ചുപോയവരുടെ ഫോട്ടോയുമായി കടലിൽ കുളിക്കുന്നവരെപ്പോലും പുരിയിൽ കാണാം.

പുരി ജഗന്നാഥക്ഷേത്രം, കൂറ്റൻ രതിശിൽപ്പങ്ങളുടെ പ്രദർശനശാലകൂടിയാണ്‌. ഖജുരാഹോയിലെ ശിൽപ്പങ്ങളെക്കാൾ വളരെ വലുതാണ്‌ പുരി ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ.

ദേവദാസികളെ ഇപ്പോഴും നിയമിക്കുന്ന ക്ഷേത്രമാണ്‌ പുരിയിലുളളത്‌. ജഗന്നാഥനെ പരിണയിച്ച പെൺകുട്ടികൾ, പ്രസവരേഖകൾ നിറഞ്ഞ വയറുളള വൃദ്ധകളായി ക്ഷേത്രപരിസരത്ത്‌ കഴിഞ്ഞുകൂടുന്നുണ്ട്‌.

പുരി ശങ്കരാചാര്യർ പലപ്പോഴും വിവാദം സൃഷ്ടിച്ച ആളാണ്‌. ഓഷോ രജനീഷിന്റെ പൂനയിലെ ആശ്രമം കാണാൻ മഠാധിപതി സന്നദ്ധത പ്രകടിപ്പിച്ചതും വരുമ്പോൾ എയ്ഡ്സ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റുകൂടി കൊണ്ടുവരണമെന്ന്‌ ഓഷോ പറഞ്ഞതും ഒരുകാലത്തെ പൊട്ടിച്ചിരിയായിരുന്നല്ലൊ.

പുരിയടക്കം ഒഡീഷയിലെവിടെയുമുളള ദയനീയമായ കാഴ്ച പട്ടിണിപ്പാവങ്ങളായ കുട്ടികളും സ്ത്രീകളും കൈനീട്ടി നിൽക്കുന്നതാണ്‌.

ബാലചന്ദ്രൻ ചുളളിക്കാടിന്റെ ശാപം എന്ന കവിത, ഒഡിഷയുടെ വേദനിപ്പിക്കുന്ന ഒരു ചിത്രം നമ്മൾക്ക്‌ തരുന്നുണ്ട്‌. കവിതയിലെ ഒന്നാം വ്യക്തി ഒഡിഷയിലൂടെ സഞ്ചരിക്കുന്നു. ഭുവനേശ്വറിൽ തീവണ്ടി നിൽക്കുന്നു. ഒഡിഷയിലെ ഭിക്ഷാടകരുടെ കേന്ദ്രംകൂടിയാണ്‌ ഭുവനേശ്വർ. പ്രാതലിനുളള അപ്പവും വെളളവുമെടുക്കുമ്പോൾ ജനലരികിൽനിന്ന്‌ ഒരു വൃദ്ധൻ വിശപ്പടക്കാനായി കൈനീട്ടുന്നു.

കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന്‌ കൊടുക്കുന്നു. ഭക്ഷണം കിട്ടിയ സന്തോഷത്താൽ പുരിജഗന്നാഥൻ എന്നെ ഈ ദിവസവും മറന്നില്ലല്ലൊ എന്ന്‌ ദൈവത്തിന്‌ നന്ദി പറയുന്നു. കവി, പുരിജഗന്നാഥന്റെ കരുണയില്ലാത്ത കല്ലുപോലെയുളള ഹൃദയത്തെ ശപിക്കുന്നു.

പുരിജഗന്നാഥൻ മനുഷ്യരെ രക്ഷിക്കുകയല്ല, പട്ടിണിയും കഷ്ടപ്പാടും നൽകി ശിക്ഷിക്കുകയാണല്ലൊ എന്ന ചിന്തയിൽ ഈ കവിത നമ്മളെ കൊണ്ടെത്തിക്കുന്നു.

Tuesday 5 May 2015

കേരളാ സലൂണിലെ കണ്ണാടികൾ



മുന്നിൽ പിന്നിൽ
കണ്ണാടികളുടെ ശ്രദ്ധ
വില്ലു പുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ.

ആളുകൾ കേറിയിറങ്ങും
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടു തൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പാട്ടായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം.എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ലോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു.
പിരിയൻ കുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം.
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ്.

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം,പൈങ്കിളിവാരിക സ്ടൂളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി,ബ്രഷ്,പൌഡർക്കുറ്റി
അല്പ്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി.

കൽപ്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി-
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും.

ചില്ലുകൾ തപ്പിയെടുക്കുന്നൂ ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ച്ചോര.

Friday 24 April 2015

അന്ധവിശ്വാസനിരോധനം അസമിലും വരുന്നു



   ഡോ നരേന്ദ്രധബോൽക്കർ എന്ന വലിയ മനുഷ്യന്റെ രക്തസാക്ഷിത്വം ഇന്ത്യയിലെ പുരോഗമന ചിന്തയെ വളരെയധികം സമരോത്സുകമാക്കി. കേരളമടക്കം പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ ദുരാചാര നിർമാർജന ബില്ലിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. നരേന്ദ്രധബോൽക്കറിന്റെ സ്വപ്നം പോലെ മഹാരാഷ്ട്രയിൽ പ്രസ്തുത നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.

    മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളീയരെപോലെ സമ്പൂർണ സാക്ഷരതയുടെ സുവർണ ഫലകമൊന്നും വച്ചവരല്ല. എങ്കിലും അവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമംപോലെ അതു ചവിട്ടിമെതിക്കപ്പെട്ടേക്കാമെങ്കിലും പ്രയോജനപ്പെടുത്തണമെന്നുള്ളവർക്ക്‌ ഉപകരിക്കുമല്ലോ.

   ഇപ്പോൾ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പ്‌ നടത്തിയിരിക്കുന്നത്‌ അസം ഭരണകൂടമാണ്‌. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എൺപത്തിരണ്ട്‌ നിരപരാധികളാണ്‌ അസമിൽ ദുർമന്ത്രവാദികളുടെ പീഡനത്തിന്‌ ഇരയായത്‌. ദുർമന്ത്രവാദികൾക്ക്‌ ജാമ്യം പോലും ലഭിക്കാത്തരീതിയിലുള്ള ഒരു നിയമനിർമാണത്തിനാണ്‌ അസം ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്‌. അസമിൽ തയാറാക്കിവരുന്ന നിയമത്തിൽ കുറ്റവാളികളിൽ നിന്നും ഈടാക്കുന്ന പിഴപ്പണം ഇരകൾക്ക്‌ നൽകാനും വ്യവസ്ഥയുണ്ട്‌.

   ദുർമന്ത്രവാദത്തിനിരയായ പാവങ്ങളെ സമൂഹം വിചിത്രദൃഷ്ടിയോടെ കാണുകയാണ്‌ നിരക്ഷരതയുടെ രീതി. സാമൂഹ്യമായ ബഹിഷ്കരണം ഈ സമ്പ്രദായത്തിന്റെ തിക്തഫലമാണ്‌. അതിനാൽ ഇരകളെ പുനരധിവസിപ്പിക്കാനുള്ള വകുപ്പുകളും അസം നിയമത്തിലുണ്ട്‌. ദുർമന്ത്രവാദികൾക്ക്‌ കടുത്തശിക്ഷയും നിർദേശിക്കുന്നുണ്ട്‌. ഗുവാഹതി കോടതിയിൽ റജീബ്‌ കലിത എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ്‌ അസമിൽ നിയമനിർമാണ നീക്കങ്ങളുണ്ടായിട്ടുള്ളത്‌.

   ജിന്ന്‌, പിശാച്‌ ബാധകളിൽ നിന്നും മോചിപ്പിക്കാനെന്ന പ്രാകൃത രീതി അനുസരിച്ച്‌ നിരവധി കൊലപാതകങ്ങളാണ്‌ കേരളത്തിൽ നടന്നത്‌. കേരളത്തിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ഈ ക്രൂരകൃത്യങ്ങളെ സമൂഹമധ്യത്തിൽ വിചാരണ ചെയ്യുകയും അന്ധവിശ്വാസ നിർമാർജന നിയമത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു.

   ഇതിൽ ഏറ്റവും ശ്രദ്ധേയമായത്‌ നിയമത്തിന്റെ കരടു തയാറാക്കി സർക്കാരിനു സമർപ്പിച്ച കേരള യുക്തിവാദി സംഘത്തിന്റെ പ്രവർത്തനമാണ്‌.
ഇക്കാര്യം കേരളീയരെ ബോധ്യപ്പെടുത്താൻ വേണ്ടി അവർ കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്ക്‌ ജാഥ നടത്തുകയും അതിന്റെ സമാപനത്തിൽ നിയമത്തിന്റെ കരട്‌ മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു.

   ഇന്ത്യൻ ഭരണഘടനയുടെ 51 എ (ബി), 51 എ (എച്ച്‌), ആർട്ടിക്കിൾ 25 (1) ഇവയും  ഡ്രഗ്സ്‌ ആൻഡ്‌ മാജിക്കൽ റമഡീസ്‌ ആക്ടും പശ്ചാത്തലമാക്കി തയാറാക്കിയ ഈ ബിൽ കുറ്റത്തിന്‌ വിധേയനായ വ്യക്തി പരാതി നൽകിയില്ലെങ്കിൽ പോലും കേസ്‌ എടുക്കണമെന്ന്‌ നിർദേശിക്കുന്നുണ്ട്‌. പൊതു പ്രവർത്തകർ നൽകുന്ന പരാതിയുടേയോ മാധ്യമ വാർത്തയുടേയോ അടിസ്ഥാനത്തിൽ കേസ്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.

   മതവിശ്വാസമില്ലാത്ത മനുഷ്യസ്നേഹികൾ മതവിശ്വാസികളുടെ രക്ഷയ്ക്കുവേണ്ടി മുന്നോട്ടുവയ്ക്കുന്ന ഒരു നിയമ നിർദേശമാണിത്‌.

   അന്ധവിശ്വാസനിർമാർജന നിയമം കൊണ്ടുവരുമെന്ന്‌ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത്‌ വച്ച്‌ പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ്‌ മന്ത്രി, ആ പ്രഖ്യാപനം ഇപ്പോൾ കാസർകോട്ട്‌ വച്ച്‌ ആവർത്തിച്ചിട്ടുണ്ട്‌. പ്രഖ്യാപനങ്ങളല്ല, പ്രവർത്തനമാണ്‌ ഭരണകൂടത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌.

Monday 13 April 2015

മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും

­


1980 ക­ളിൽ കൊ­ല്ല­ത്ത്‌ സ­ജീ­വ­മാ­യി­രു­ന്ന ക­വി­യ­ര­ങ്ങു­ക­ളി­ലൂ­ടെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട ക­വി­ക­ളാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും. ര­ണ്ടു­പേ­രു­ടെ­യും പു­സ്‌­ത­ക­ങ്ങൾ അ­ടു­ത്ത­സ­മ­യ­ത്ത്‌ പ്ര­കാ­ശി­ത­മാ­യി.

യു­വ­ക­ലാ­സാ­ഹി­തി­യു­ടെ കൊ­ല്ലം ജി­ല്ലാ പ്ര­സി­ഡന്റാ­യ ബാ­ബു­പാ­ക്ക­നാ­രു­ടെ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാർ എ­ന്ന കാ­വ­​‍്യ­സ­മാ­ഹാ­രം, ക­വി­ത വാ­യി­ക്കു­ക­യും പ്ര­സം­ഗ­ങ്ങ­ളിൽ ഉ­ദ്ധ­രി­ക്കു­ക­യും ചെ­യ്യു­ന്ന അ­പൂർ­വം രാ­ഷ്‌­ട്രീ­യ­നേ­താ­ക്ക­ളിൽ ഒ­രാ­ളാ­യ പ­ന്ന­​‍്യൻ ര­വീ­ന്ദ്രൻ പ്ര­കാ­ശി­പ്പി­ച്ചു. മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ട്‌ ഞാ­നാ­ണ്‌ പ്ര­കാ­ശി­പ്പി­ച്ച­ത്‌. ര­ണ്ട്‌ പു­സ്‌­ത­ക­ങ്ങ­ളും ഏ­റ്റു­വാ­ങ്ങി­യ­ത്‌ ക­വി­യും കേ­ര­ള ലൈ­ബ്ര­റി കൗൺ­സി­ലി­ന്റെ ഉ­പാ­ധ­​‍്യ­ക്ഷ­നു­മാ­യ ച­വ­റ കെ
എ­സ്‌ പി­ള­ള. അ­മ്പൊ­ടു­ങ്ങാ­ത്ത ആ­വ­നാ­ഴി­പോൽ വാ­ക്കൊ­ടു­ങ്ങാ­ത്ത പ­ദ­ക്കു­ടു­ക്ക സ്വ­ന്ത­മാ­യു­ള­ള ക­വി­യാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗൻ. ഓ­ണാ­ട്ടു­ക­ര­യെ സ്‌­പ­ഷ്‌­ട­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന നാ­ട്ടു­വാ­ക്കു­ക­ളു­ടെ മു­ല്ല­ക്കു­ടി­ലു­കൾ ശ്രീ­രം­ഗ­വാ­ണി­യിൽ നി­റ­യെ പൂ­ത്തു­നിൽ­ക്കു­ന്നു.

പൊ­തു­മ­ല­യാ­ള­ത്തി­ന്‌ അ­ത്ര പ­രി­ചി­ത­മ­ല്ല ഈ വാ­ക്കു­കൾ. നെ­ടു­മ­ങ്ങാ­ടൻ മ­ല­യാ­ളം, കൊ­ച്ചി­മ­ല­യാ­ളം, വ­ട­ക­ര­മ­ല­യാ­ളം, കാ­സർ­കോ­ടൻ മ­ല­യാ­ളം എ­ന്നൊ­ക്കെ അ­ട­യാ­ള­പ്പെ­ടു­ത്താ­വു­ന്ന വാ­ക്കു­ക­ളു­ടെ ഫ­ല­വൃ­ക്ഷ­ത്തോ­ട്ട­മാ­ണ്‌ ഓ­ണാ­ട്ടു­ക­ര മ­ല­യാ­ളം. അ­ടൂർ ഗോ­പാ­ല­കൃ­ഷ്‌­ണൻ അ­ദ്ദേ­ഹ­ത്തി­ന്റെ ച­ല­ച്ചി­ത്ര സാ­ക്ഷാ­ത്‌­ക്കാ­ര­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ച­ത്‌ ഈ ഭാ­ഷ­യാ­ണ്‌. ഓ­ണാ­ട്ടു­ക­ര മ­ല­യാ­ള­ത്തിൽ മൂ­പ്പർ, തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി­യു­ടെ പ­ങ്ക്‌, ശ­ബ­രി­മ­ല­നാ­മ­ത്തി­ന്റെ ഭ­ക്ഷ­ണ­വു­മാ­ണ്‌. ഓ­ണാ­ട്ടു­ക­ര­യിൽ അ­യ്യ­പ്പൻ­പാ­ട്ടി­ല്ല. ശ­ബ­രി­മ­ല­നാ­മ­മേ­യു­ള­ളു. ക­റു­മൂ­സ­യോ ക­പ്ള­ങ്ങ­യോ ഓ­മ­യോ ഇ­ല്ല. ക­പ്പ­യേ­യു­ള­ളു. എ­ന്നാൽ മ­ര­ച്ചീ­നി­യു­ണ്ട്‌. ക­പ്പ­യി­ല്ല, പൂ­ള­യു­മി­ല്ല.
ശ്രീ­രം­ഗ­വാ­ണി­യിൽ കൂ­ടു­പാ­ത്ര­വും ക­ച്ച­ട കി­ച്ച­ട­യും പൂ­വെ­ല്ലാം പി­ച്ചി­പ്പി­ച്ചി­യും ഒ­റ­ക്ക­വും ത­ന്ന­ത്താ­നും എ­ടി­യേ­യും പി­ന്നാ­യ­വും മു­ന്നാ­യ­വും തൃ­ട്ടി­ച്ചു­വി­ട്ട­വ­നും ഞാ­ക്കൊ­ള­ള­തും കോ­വി­തൊ­ടീ­പ്പി­ക്ക­ലും കേ­ട്ടാ­ട്ടെ­യും അ­ണ്ണാ­ക്കി­പ്പു­ണ്ണും വെ­ളു­ത്തു­ള­ളി തൊ­ലി­ക്കു­ന്ന­തും പ­ഴ­യ സ്റ്റാ­മ്പു­കൾ­പോ­ലെ വി­ല­യി­ടാ­നാ­കാ­തെ നിൽ­ക്കു­ന്നു. എൺ­പ­തു­ക­ളിൽ മ­ല­യാ­ള­ക­വി­ത­യിൽ ദുഃ­ഖ­സാ­ഗ­ര­മി­ര­മ്പി മ­റി­ഞ്ഞ­പ്പോൾ ശ്രീ­രം­ഗൻ പോ­സി­റ്റീ­വ്‌ ചി­ന്ത­യു­ടെ കു­തി­ര­പ്പു­റ­ത്താ­യി­രു­ന്നു. ഒ­രു വാ­ക്കു­പോ­ലും നെ­ഗ­റ്റീ­വാ­യെ­ഴു­തു­വാൻ അ­ദ്ദേ­ഹ­ത്തി­ന്‌ ക­ഴി­ഞ്ഞി­ല്ല. ഞാൻ ആ­ത്മ­ഹ­ത­​‍്യാ­മു­ന­മ്പും ജെ­സ്സി­യു­മെ­ഴു­തി ബോ­ധ­​‍്യ­പ്പെ­ടു­ത്ത­ലി­ന്റെ നെ­ഗ­റ്റീ­വ്‌ വ­ഴി­യേ സ­ഞ്ച­രി­ച്ച­പ്പോൾ ശ്രീ­രം­ഗൻ കൂ­ളി­പ്പാ­ട്ടും പാ­ണ­ന്റെ പാ­ട്ടു­മെ­ഴു­തി വി­ജ­യ­പ്ര­തീ­ക്ഷ­യു­ടെ പോ­സി­റ്റീ­വ്‌ പാ­ത­യി­ലൂ­ടെ കു­തി­ര­യെ പാ­യി­ച്ചു. സെന്റർ ഫോർ സൗ­ത്ത്‌ ഇ­ന്ത­​‍്യൻ സ്റ്റ­ഡീ­സി­ന്റെ ആ­ദ­​‍്യ­കാ­വ­​‍്യ­പു­സ്‌­ത­കം എ­ന്ന സ­വി­ശേ­ഷ­ത­യും ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ടി­നു­ണ്ട്‌.

ബാ­ബു പാ­ക്ക­നാ­രു­ടെ ക­വി­ത­കൾ അ­തി­തീ­ക്ഷ­ണ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­ണ്‌. പ്ര­സി­ദ്ധ ചി­ത്ര­കാ­രൻ കെ വി ജ്യോ­തി­ലാ­ലി­ന്റെ മു­ഖ­ചി­ത്ര­വും മ­റ്റ്‌ ചി­ത്ര­ങ്ങ­ളും ഈ കാ­വ­​‍്യ­പു­സ്‌­ത­ക­ത്തെ അ­ത­​‍്യാ­കർ­ഷ­ക­മാ­ക്കു­ന്നു­ണ്ട്‌. പ്ര­കാ­ശ­നം ചെ­യ്‌­തു­കൊ­ണ്ട്‌ പ­ന്ന്യൻ ര­വീ­ന്ദ്രൻ വാ­യി­ച്ച പാ­ക്ക­നാർ­ക്ക­വി­ത പ­രി­വർ­ത്ത­നം ആ­യി­രു­ന്നു.
?­?­ചോ­ര­ച്ചാ­ലു­കൾ നീ­ന്തി­ക്ക­യ­റി­യ
സ­മ­ര­സ­ഖാ­ക്ക­ളു­യർ­ത്തി­യ ചെ­ങ്കൊ­ടി
ഭ­ര­ണ­സ­ഖാ­ക്ക­ള­ല­ക്കി­യ­ല­ക്കി
ചെ­ങ്കൊ­ടി വെ­ള­ള­ക്കൊ­ടി­യാ­യി
ഇ­നി­യ­ത്‌ ചോ­ര­ച്ചെ­ങ്കൊ­ടി­യാ­വാൻ
ഒ­രു ബ­ലി­യാ­ടിൻ ര­ക്തം മ­തി­യോ??­?
ക­മ്മ­​‍്യൂ­ണി­സ്റ്റ്‌ അ­പ­ച­യ­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ഈ ര­ച­ന, ഒ­രു തി­രു­ത്തൽ ഗു­ളി­ക­യാ­യി­ട്ടാ­ണ്‌ പ­രി­ഗ­ണി­ക്ക­പ്പെ­ട്ട­ത്‌. ബാ­ബു പാ­ക്ക­നാ­രു­ടെ ഭാ­ഷ, അ­ടി­ത്ത­ട്ടി­ന്റെ വി­യർ­പ്പ്‌ പു­ര­ണ്ട­താ­ണ്‌. ശ്രീ­രം­ഗൻ ത­നി­നാ­ടൻ പ­ദ­ങ്ങ­ളെ പ­ല­പ്പോ­ഴും രാ­ഗ­ത്തി­ന്റെ ചി­റ­കി­ലേ­റ്റു­മ്പോൾ ബാ­ബു­പാ­ക്ക­നാർ പു­തി­യ­കാ­ല­ത്തെ പ­രു­ക്കൻ പ­ദ­ങ്ങ­ളെ ചി­ന്തേ­രി­ടാ­ത്ത ഈ­ണ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. ര­ണ്ടും ആ­കർ­ഷ­കം. ര­ണ്ടും മ­നോ­ഹ­രം. സാ­മൂ­ഹ്യ ഉ­ത്ത­ര­വാ­ദി­ത­​‍്വ­ത്തി­ന്റെ കാ­ര­​‍്യ­ത്തിൽ ബാ­ബു­പാ­ക്ക­നാ­രു­ടെ ക­വി­ത ഒ­രു വി­ട്ടു­വീ­ഴ്‌­ച­യും കാ­ണി­ക്കു­ന്നി­ല്ല. ക­വി­ത­യെ ര­ണ്ട്‌ ക­വി­ക­ളും പ്ര­ത്യാ­ശ­ക­ളും നി­രാ­ശ­ക­ളും പ്ര­ത­​‍്യ­ക്ഷ­മാ­ക്കാ­നു­ള­ള ഉ­പാ­ധി­യാ­യി കാ­ണു­ന്നു. സ­മീ­പ­കാ­ല­ത്ത്‌ മ­ല­യാ­ള­ത്തി­ന്‌ കി­ട്ടി­യ ര­ണ്ട്‌ ന­ല്ല കാ­വ്യ­പു­സ്‌­ത­ക­ങ്ങ­ളാ­ണ്‌ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാ­രും പാ­ണ­ന്റെ പാ­ട്ടും.

Monday 6 April 2015

ദൈവത്തിന്റെ നാട്ടിൽ പുയ്യാപ്ലമാർ വർധിക്കുന്നു



ഭ്രാന്താലയമടക്കം കേരളത്തിനു കിട്ടിയ ചീത്തപ്പേരുകളിലൊന്നാണ്‌ ദൈവത്തിന്റെ നാട്‌. ഭാഷാഭിമാനമില്ലാത്ത ജനത, പരിസ്ഥിതി മലിനീകരണത്തിൽ ഒന്നാംസ്ഥാനം, ആരാധനാലയകൃഷിയിലും പൊതുമേഖലാ സ്ഥാപനഹത്യയിലും മുൻപന്തിയിൽ.

ജീവൽ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന സാംസ്കാരിക നായകന്മാർക്ക്‌ ഭൂരിപക്ഷമള്ള സംസ്ഥാനം ഏറ്റവും കൂടുതൽ സാഹിത്യ പുരസ്കാരങ്ങൾ പിറന്നുജീവിച്ചുമരിക്കുന്ന പ്രദേശം- നമ്മൾക്ക്‌ അവകാശപ്പെടാൻ ഇതുപോലെ ഒരുപാടു യോഗ്യതകളുണ്ട്‌.
ശൈശവവിവാഹം, കെട്ടുകല്യാണം, തിരണ്ടുകല്യാണം ഇവയൊക്കെ ഉത്സവമായി ആഘോഷിച്ച പ്രദേശമായിരുന്നു കേരളം. അതുകൊണ്ടുതന്നെ ഗംഭീരപോരാട്ടങ്ങളും കേരളത്തിലുണ്ടായി. കെട്ടുകല്യാണം, കന്യാശവഭോഗം, മുലക്കരം, പഴുക്കയേറ്‌, മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയവ സമ്പൂർണമായി ഒഴിവാക്കാനും നമുക്കു കഴിഞ്ഞു.

ഭഗവതിയുടെ ഭീഷണിയായിരുന്ന വസൂരിവിത്തുകളെ പൂർണമായി നിർവീര്യമാക്കാൻ കേരളത്തിനു കഴിഞ്ഞു.
എന്നാൽ ശൈശവ വിവാഹം പൂർണമായി ഒഴിവാക്കുവാൻ കേരളീയർക്ക്‌ കഴിഞ്ഞില്ല.

ഏഴാം ക്ലാസിലെ വിദ്യാർഥിനിയുടെ വിവാഹത്തെപ്പറ്റി പ്രസംഗിച്ച ഒരു അധ്യാപികയുടെ സാമൂഹ്യദുഃഖത്തെത്തുടർന്നാണ്‌ എനിക്ക്‌ പുയ്യാപ്ല എഴുതേണ്ടിവന്നത്‌. എത്രയും പെട്ടെന്ന്‌ ആ സാമൂഹ്യാവസ്ഥ മാറണേ എന്ന ആഗ്രഹമായിരുന്നു അപ്പോഴുണ്ടായിരുന്നത്‌. കുറേക്കാലം കഴിഞ്ഞ്‌ ഈ കവിത കീറിക്കളയാൻ കഴിഞ്ഞേക്കുമെന്നുപോലും ചിന്തിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ ഏതു മനുഷ്യസ്നേഹിയെയും ഞെട്ടിപ്പിക്കുന്നതാണ്‌.

കേന്ദ്രപദ്ധതിയായ ഇന്റഗ്രേറ്റഡ്‌ ചെയിൽഡ്‌ ഡവലപ്മെന്റ്‌ സ്കീമിന്റെ റിപ്പോർട്ടനുസരിച്ച്‌ കേരളത്തിൽ പ്രതിവർഷം അറുനൂറ്‌ ശൈശവവിവാഹങ്ങൾ നടക്കുന്നുണ്ടത്രെ.

ശൈശവവിവാഹത്തിന്റെ ഇരകളിൽ അധികവും കുഞ്ഞാമിനമാർതന്നെ. ബാലന്മാരെ ഈ കല്യാണദുരന്തനാടകപ്പന്തലിൽ കാണാറില്ല. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ മാത്രം 2619 ശൈശവവിവാഹങ്ങൾ നടന്നത്രെ. അതിൽ 136 ബാലവിവാഹിതർ പട്ടികജാതിയിലും 98 പേർ ഹിന്ദുവിഭാഗത്തിലുംപ്പെട്ടവർ.

രണ്ടാംസ്ഥാനം പാലക്കാട്‌ ജില്ലക്കാണ്‌. മുന്നൂറ്റെഴുപത്തെട്ട്‌ വിവാഹങ്ങൾ. തൃശൂരിൽ എഴുപത്തേഴ്‌, കൊല്ലത്ത്‌ അൻപത്‌, ഇടുക്കിയിൽ മുപ്പത്തൊൻപത്‌, കോഴിക്കോട്‌ മുപ്പത്തിനാല്‌, കാസർകോട്‌ ഇരുപത്താറ്‌, എറണാകുളം പന്ത്രണ്ട്‌, കോട്ടയം പത്ത്‌, തിരുവനന്തപുരത്തും കണ്ണൂരും എട്ടുവീതം. ഇങ്ങനെയാണ്‌ ഇതുസംബന്ധിച്ച പത്രത്തിൽ വന്നകണക്ക്‌.

ശൈശവവിവാഹങ്ങൾക്ക്‌ സാമ്പത്തികവും സാമുദായികവും വിദ്യാഭ്യാസപരവുമായ ധാരാളം കാരണങ്ങളുണ്ട്‌. അതിലൊരു പ്രധാന കാരണം ദൈവത്തിന്റെ പേരിൽ മതപൗരോഹിത്യം നൽകുന്ന അനുമതിയാണ്‌. അന്ധവിശ്വാസത്തിലധിഷ്ഠിതമായ അവിവേകം- അതുമാറാൻ ശാസ്ത്രീയവും സാംസ്കാരികവുമായ ബോധവൽക്കരണം അത്യാവശ്യമാണ്‌.

കളിക്കുകയും പഠിക്കുകയും ചെയ്യേണ്ടുന്ന പ്രായത്തിൽ പെൺകുഞ്ഞുങ്ങളെ കുടുംബക്കുരിശിലേറ്റാനായി പറയുന്ന ന്യായങ്ങളെല്ലാം അന്യായങ്ങളാണ്‌. മലയാളകവിതയിൽ വയലാറിന്റെ അയിഷയാണ്‌ ഉദാഹരണം. അയിഷമാരെ സൃഷ്ടിക്കുന്നതിൽ നിന്നും മതസ്വാധീനമുള്ള കേരളം മാറിനടക്കേണ്ടതായിട്ടുണ്ട്‌.

Saturday 4 April 2015

ഒരു പ്രമേഹകവിത


ഏറെയിഷ്ടം എനിക്ക് പാല്‍പ്പായസം
തേനട, ഗുലാബ്ജാം
ഹല്‍വ, മിഠായി.

ഏറെയിഷ്ടം എനിക്ക് പൂവന്‍പഴം
മാമ്പഴം,ആപ്പിള്‍
പൈനാപ്പിള്‍,മുന്തിരി

തോനെയിഷ്ടം എനിക്ക് കപ്പ,ചേമ്പ്
ചേന,കാച്ചില്‍
കിഴങ്ങ്,കാരറ്റ്

തോനെയിഷ്ടം എനിക്ക് കഞ്ഞി,ചോറ്
ബാല്യകാലം നിറച്ച കണ്ണീര്‍ക്കറി.

തൊട്ടുപോകരുതൊന്നും
പ്രമേഹി നീ
കട്ടു തിന്നരുതിറ്റു മധുരവും
നിഷ്ഠ വേണം, പറഞ്ഞു ഡോക്ടര്‍
എത്ര നിര്‍ദ്ദയന്‍
മധുരാന്തകന്‍
നിഷ്ഠുരന്‍.

പാവലമ്മേ
എന്‍ പാക്കനാര്‍ക്കോവലേ
കാവല്‍ നില്‍ക്കണേ ജീവിതവീടിന്.

ആജ്ഞയിങ്ങനെയൊക്കെയാണെങ്കിലും
തോറ്റു പോകുന്നു ഞാനെന്‍ ചികിത്സയില്‍.

ഓമനിക്കുന്നു ഞാ,നേതു രാവിലും
തീവെയില്‍പ്പെണ്ണ്‍ തന്ന മുത്തങ്ങള്‍.
ചക്കര,കരിമ്പ്
ഓറഞ്ചുനീര്
ഒക്കെയും ചേര്‍ത്ത
ചുംബനച്ചാറ് .

ക്രൂരമായ്‌ത്തന്നെ ചാകട്ടെ ഞാന്‍
നിന്‍റെ ഓമല്‍മുത്തങ്ങളേ
വരൂ കൊത്തുവാന്‍.

പകൽനിലാവ്


സാക്ഷ്യം ആകാശപ്പെരുമാൾ
ബോദ്ധ്യം പ്രണയത്തിരുനാൾ
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍പ്പാൽ  കുടിക്കെ
ഒറ്റയ്ക്ക് വന്നൂ നിലാവ്.

കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതന കാവ്യം
വായിച്ച നെഞ്ചിലാകാശം.

എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നു നിലാവ്
ഓറഞ്ച് വൃക്ഷത്തണലില്‍
രാമച്ചമെന്നതു പോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതു പോലെ.
നെറ്റിയില്‍ തൊട്ടു  നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.

ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.

ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ്‌ രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചൂ
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.

പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദുഃഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കു തന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍ നിലാവ്.

ഓര്‍ക്കുമ്പൊളോര്‍ക്കുമ്പൊളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.

പുഴയിലെ നക്ഷത്രം


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.

കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....

ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും  പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.

കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.

Sunday 22 March 2015

ഇറ്റലിയിലേയ്ക്ക്‌ നാടുകടത്തിയ മണവാട്ടിയുടെ കഥ




മണവാട്ടികളുടെ കാര്യത്തിൽ കർത്താവിന്‌ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഇങ്ങനെയൊരു ചിന്ത ഉണർത്തുന്നതാണ്‌ കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയുടെ ജീവിതകഥ.

എറണാകുളത്തുനടന്ന അസാധാരണമായൊരു കൂട്ടായ്മയിലാണ്‌ വൈദികന്റെ ലൈംഗിക ഇംഗിതത്തിന്‌ വഴങ്ങാത്തതിനാൽ ഇറ്റലിയിലേക്ക്‌ നാടുകടത്തപ്പെട്ട കഥ സിസ്റ്റർ അനിത വിവരിച്ചത്‌.

വിവിധ കാരണങ്ങളാൽ പീഡിതരായി സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന നാനൂറിലധികം വൈദികരും കന്യാസ്ത്രീകളുമാണ്‌ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ സമ്മേളിച്ചത്‌. യുക്തിബോധത്തിന്റെ വെളിച്ചമാർജിച്ച മാണി പറമ്പേട്ടാണ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌.

സിസ്റ്റർ ജസ്മി അടക്കം പലരും സഭാവസ്ത്രം തിരിച്ചുകൊടുത്ത്‌ മനുഷ്യാലയത്തിലേക്ക്‌ തിരിച്ചുവന്നിട്ടുണ്ട്‌. അവരുടെയെല്ലാം കാരണങ്ങൾക്ക്‌ അപ്പുറമായി സിസ്റ്റർ അനിത പറഞ്ഞത്‌ ലൈംഗികപീഡനകഥയാണ്‌.

മധ്യപ്രദേശിലെ പാച്ചോർ എന്ന സ്ഥലത്ത്‌ അധ്യാപികയായി ജോലി ചെയ്തിരുന്ന സിസ്റ്റർ അനിതയെ ബ്രഹ്മച
ര്യാദർശത്തിന്‌ വിരുദ്ധമായി ഒരു വൈദികൻ ലൈംഗിക പീഡനത്തിന്‌ ശ്രമിക്കുന്നു. ചെറുത്തുനിന്ന സിസ്റ്ററെ വൈദികൻ സ്വന്തം സ്വാധീനമുപയോഗിച്ച്‌ ഇറ്റലിയിലെ മദർഹൗസിലെത്തിക്കുന്നു. അവിടെ മൂന്നുവർഷം അടിമപ്പണി; വേതനമായി കിട്ടിയത്‌ പട്ടിണി. ഒടുവിൽ അമ്മവീട്ടിൽനിന്നും സിസ്റ്ററെ പുറത്താക്കി. ഒരു സ്ഥാപനത്തിൽ അഭയം തേടിയ സിസ്റ്ററെ കേരളത്തിലേയ്ക്ക്‌ തിരിച്ചയച്ചു. ആലുവയിലെ തോട്ടക്കാട്ടു കരമഠത്തിലെത്തിയ സിസ്റ്റർക്ക്‌ അഭയം നിഷേധിച്ചു. ഇപ്പോൾ അവർ അഗതിയായി ആലുവ ജനസേവ ശിശുഭവനിൽ താമസിക്കുന്നു. ന്യായമായ നഷ്ടപരിഹാരം നൽകാത്തപക്ഷം അടുത്തമാസം മുതൽ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ്‌ ഓഫ്‌ അഗാത്ത കോൺവെന്റിനുമുന്നിൽ നിരാഹാരസമരം നടത്തുമെന്നും സിസ്റ്റർ അറിയിച്ചു.

വാസ്തവത്തിൽ കർത്താവിന്റെ മേൽനോട്ടത്തിൽത്തന്നെയാണോ സഭകൾ പ്രവർത്തിക്കുന്നത്‌? അങ്ങനെയെങ്കിൽ സിസ്റ്റർ അഭയയടക്കമുളളവരുടെ ജീവിതം എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? സമ്മേളനം മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ശ്രദ്ധേയവും പരിഗണനാർഹവുമാണ്‌.

കത്തോലിക്കാസഭയിലെ പുരോഹിതൻമാർക്ക്‌ മറ്റ്‌ സഭകളിലെപ്പോലെ വൈവാഹികജീവിതം അനുവദിക്കണമെന്നാണ്‌ ഒരു ആവശ്യം. മതം പരിഹരിക്കാത്ത ധാരാളം പ്രശ്നങ്ങൾ സ്നേഹബന്ധിതമായ കുടുംബം പരിഹരിക്കുകതന്നെ ചെയ്യും. ലൈംഗികാക്രമങ്ങൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.

മറ്റൊരാവശ്യം ക്രൈസ്തവ പുരോഹിതൻമാർക്ക്‌ സർക്കാർ ലേബർ നിയമപ്രകാരമുളള വേതനം അനുവദിക്കണമെന്നതാണ്‌. മനുഷ്യനെ മതിൽകെട്ടിത്തിരിച്ച്‌ ഒറ്റപ്പുസ്തകം മാത്രമാണ്‌ ശരിയെന്നുളള പുരോഹിതവർഗത്തിനപ്പുറം മദർതെരേസയെപ്പോലേ സേവനസന്നദ്ധരായ ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്‌. മാത്രമല്ല, വേതനം കർത്താവ്‌ നൽകുമെന്ന ഫലിതത്തെയും ഈ ആവശ്യം തളളിക്കളയുന്നു. പുരോഹിതർക്ക്‌ മാനുഷിക പരിഗണന നൽകണമെന്നാണ്‌ ഈ ആവശ്യം സൂചിപ്പിക്കുന്നത്‌.

ഹിന്ദു-ഇസ്ലാം പുരോഹതർക്ക്‌ വേതനവ്യവസ്ഥയും പെൻഷനുമുളള നാടാണിത്‌. ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും പരിഗണിച്ച്‌ സഭയുടെ അവഗണനയിൽനിന്നും അവരെ രക്ഷിക്കേണ്ടതാണ്‌. മറ്റൊരു പ്രധാന ആവശ്യം മഠത്തിലോ സെമിനാരിയിലോ ചേർക്കുന്ന പ്രായം കുറഞ്ഞത്‌ ഇരുപത്തൊന്ന്‌ വയസ്‌ എന്ന്‌ നിർണയിക്കണമെന്നതാണ്‌. ശരിയാണ്‌; സ്വയം തീരുമാനിക്കാനുളള യോഗ്യത അപ്പോഴേക്കും ഒരു വ്യക്തി നേടിയിരിക്കുമല്ലൊ.

Monday 2 March 2015

ഋതുമതിയാകുന്നത്‌ കുറ്റകൃത്യമല്ല



ആർത്തവകാലം അവിശുദ്ധകാലമാണോ? ഋതുമതിയാകുന്നത്‌ ഒരു കുറ്റകൃത്യമാണോ? ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന്‌ ചർച്ച ചെയ്യുകയും ആരോഗ്യകരമായ ബോധനപരിശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്‌.

പ്രാചീനകേരളം മുതൽ നവീനകേരളംവരെ സ്ത്രീകളുടെ ആർത്തവകാലത്തെ പുരുഷശബ്ദത്തിലാണ്‌ സമീപിച്ചത്‌. സ്ത്രീ വിശ്രമിക്കണോ വിശ്രമിക്കണ്ടയോ എന്നെല്ലാം പുരുഷൻ തീരുമാനിച്ചു. നൂറുകണക്കിന്‌ അന്ധവിശ്വാസങ്ങൾ ഇക്കാര്യത്തിൽ ഓരോ ജാതിയും മതവും അടിച്ചേൽപ്പിച്ചു. മിത്തുകളെപ്പോലും തീണ്ടാരി തീണ്ടിച്ചു. അതിലൊന്നാണ്‌ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ശാസ്താവിന്റെ കല്യാണക്കഥ.

ശക്തികുളങ്ങര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്‌ വളളിക്കീഴ്‌ ക്ഷേത്രത്തിലെ ഭഗവതിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. കല്യാണക്ഷണം, ശക്തികുളങ്ങര, മീനം, കന്നിമേൽ, കുരീപ്പുഴ എന്നീ നാല്‌ കരക്കാർക്കും നേരിട്ടുനൽകുന്നു. വിവാഹത്തലേന്ന്‌ പെൺവീട്ടുകാർ വരന്റെ ക്ഷേത്രം സന്ദർശിക്കുന്നു. പിന്നെ പളളിവേട്ട. വിവാഹദിവസം സർവാഭരണവിഭൂഷിതനായി ആനകളുടെയും എടുപ്പുകുതിരകളുടെയും അകമ്പടിയോടെ അഷ്ടമുടിക്കായലിനരികെയുളള ആറാട്ടുകുളത്തിൽ നീരാടി വധൂക്ഷേത്രത്തിലെത്തുമ്പോൾ ശ്രീകോവിലിനുമുന്നിൽ ഒരു ചുവപ്പുതുണി തൂക്കുന്നു. ഭഗവതിക്ക്‌ മാസമുറ തുടങ്ങിയിരിക്കുന്നു. അങ്ങനെ കല്യാണം മുടങ്ങുന്നു. എല്ലാവർഷവും പൂർവാധികം ഭംഗിയോടെ ഈ മുടക്കക്കല്ല്യാണം ഉത്സവമായി ആഘോഷിക്കുന്നു.

അടുത്തകാലംവരെ പത്രങ്ങളിൽ ഒരു വാർത്ത വരുമായിരുന്നു. ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായി എന്നായിരുന്നു വാർത്ത. ഭഗവതിയുടെ ഉടുപുടവയിൽ ചോര കണ്ടതായി പൂജാരി അറിയിക്കുന്നു. ഈ തീണ്ടാരിത്തുണി വലിയതുകയ്ക്കു വിൽക്കുന്നു. ഭഗവതീവിഗ്രഹത്തെ ബ്രാഹ്മണ സ്ത്രീകൾ കുളിപ്പിക്കുന്ന പ്രാകൃത ചടങ്ങുപോലുമുണ്ട്‌. ആലപ്പുഴ സ്വദേശിയായ പി പി സുമനൻ മാഷ്‌ വിവരാവകാശ നിയമമനുസരിച്ച്‌ നൽകിയ ഹർജിയെത്തുടർന്ന്‌ കുറെക്കാലം ഭഗവതി തൃപ്പൂത്തായില്ല. വിഗ്രഹത്തിന്‌ ആർത്തവം ഉണ്ടാകില്ലെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌.

ആദിവാസി ഊരുകളിൽ ഋതുമതിയായ പെണ്ണിനെ പുറത്തായതായി പ്രഖ്യാപിച്ച്‌ വേറെ കുടിൽകെട്ടിപ്പാർപ്പിക്കും. ഓരോ സമുദായത്തിനും വെവ്വേറെ സമീപനങ്ങളാണുണ്ടായിരുന്നത്‌.

ഹിന്ദുകുടുംബങ്ങളിൽ അഞ്ചുദിവസത്തേയ്ക്ക്‌ പൂജാമുറി പ്രവേശനം നിരോധിക്കും. കിണറിൽ തൊടാൻ പാടില്ല. പത്തായത്തിൽ തൊട്ടാൽ ധാന്യം പതിരാകും. തുളസിയടക്കമുളള ഒരു ചെടിയിലും തൊടരുത്‌. ഉണങ്ങിപ്പോകുംപോലും. അടുക്കളയിൽ കയറരുത്‌. അച്ചാറും കൊണ്ടാട്ടവും സൂക്ഷിക്കുന്ന ഭരണികളിൽ തൊടരുത്‌. അച്ഛനോ ആങ്ങളമാർക്കോ ആഹാരം വിളമ്പിക്കൊടുക്കരുത്‌. പുല്ലുപായയിൽ കിടക്കണം, പുലർച്ചെ ഉണർന്ന്‌ കിടക്കപ്പായ കഴുകണം, പ്രാർഥിക്കരുത്‌. അറിയാതെ പ്രാർഥിച്ചുപോയാൽ മാപ്പിരക്കണം. മാസമുറ തുടങ്ങി ആറാംദിവസം ഏഴുസുമംഗലികൾ കത്തിച്ച വിളക്കുമായി അകമ്പടി നടന്ന്‌ കുളത്തിൽ കൊണ്ടുപോയി കുളിപ്പിക്കും.

തിരണ്ടുകുളി അല്ലെങ്കിൽ പുളികുടി വലിയ ചടങ്ങ്‌ ആയിരുന്നു. ആങ്ങള, തെങ്ങിൻ പൂക്കുല നിലത്തടിക്കും. എത്ര വെളിയിൽ തെറിക്കുമോ അത്രയും കുട്ടികൾ ഉണ്ടാകുമത്രെ. മച്ചിങ്ങയൊന്നും തെറിച്ചില്ലെങ്കിൽ മച്ചിയാകുമെന്ന്‌ പ്രഖ്യാപിച്ചുകളയും. പിന്നീട്‌ ആ കുട്ടിക്ക്‌ ദാമ്പത്യബന്ധം ഇല്ല.

പുളികുടി അടിയന്തിരത്തിന്‌ നാടടക്കിയുളള സദ്യ ഉണ്ടാകും. തീണ്ടാരിത്തുണി രഹസ്യമായി സൂക്ഷിക്കണം. ഇഴജന്തുക്കൾ തൊട്ടാൽ സ്ത്രീക്ക്‌ വെളളപ്പാണ്ട്‌ പിടിക്കും. ഈ ആചാരം ചില മുസ്ലിം ഭവനങ്ങളിലും ഉണ്ടത്രെ. തീണ്ടാരിത്തുണിയിൽ പാമ്പ്‌ സ്പർശിച്ചാൽ ആ പാമ്പ്‌ പിന്നീട്‌ ഈ സ്ത്രീയെ തേടിവരുമത്രെ. പരിശുദ്ധ ഖുറാൻ സ്പർശിക്കാനോ നമസ്കരിക്കാനോ നോമ്പുപിടിക്കാനോ പാടില്ലത്രെ. ഇസ്ലാം മതത്തിന്റെ ഉത്ഭവസ്ഥാനമായ സൗദി അറേബ്യയിലെ വീടുകളിൽ ഇത്തരം അന്ധവിശ്വാസങ്ങളില്ല. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളധികവും മാസമുറ ഒരു കുറ്റമായി കരുതുന്നില്ല.

കൂട്ടുകാരനെ കാത്തിരുന്ന പെൺമുട്ട പ്രതീക്ഷ വിഫലമാകുമ്പോൾ ചോരപ്പൂക്കളായി പരിണമിക്കുന്നത്‌ പ്രകൃതിനിയമം. കമലാസുരയ്യ അടക്കമുളളവർ ആർത്തവത്തെ അതീവ സുന്ദരമായി അക്ഷരപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കേരളീയ സമൂഹം ഈ ദുരാചാരങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നു എന്നത്‌ ആശ്വാസകരമാണ്‌. ആർത്തവം മാറ്റിവയ്ക്കാനുളള ഗുളികകൾ അധികം ചെലവാകുന്നത്‌ ആറ്റുകാൽ പൊങ്കാലക്കാലത്താണെന്നത്‌ കൗതുകകരവും.

Sunday 22 February 2015

വീണവില്‌പനക്കാരന്‍




വീണ വേണോ?-നല്ല വീണ-അമൂല്യമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

താരാട്ടു കേള്‍ക്കാ,മുറക്കറസംഗീത-
ധാരയില്‍ ചേര്‍ന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം
പുഷ്‌പനീരാളം വിരിക്കാം
കല്‌പനാ സായൂജ്യരത്നാകരത്തിലെ
കപ്പല്‍ക്കൊടിക്കൂറ കെട്ടാം

വീണ വേണോ-നല്ല വീണ-അനര്‍ഘമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.

നില്‍ക്കൂ,സുഹൃത്തേ,യീ ഗാനം പഠിക്കുവാ-
നല്പമിരുന്നിട്ടു പോകൂ
പോകുമ്പോള്‍ നിങ്ങളീ വീണയും കൊണ്ടുപൊ-
യ്‌ക്കോളൂ വിരോധമേയില്ല.
കാലം,അനന്തമാം കാല,മവാച്യമീ-
യീണം ശ്രവിച്ചൊന്നു നില്ക്കും
സ്നേഹപുരസ്സരം നിങ്ങള്‍തന്‍ നെറ്റിയില്‍
ഗോപികുറിച്ചുമ്മവയ്‌ക്കും
അമ്മയെപ്പോലാ മുല തരും,നിങ്ങള്‍ക്കു
പിന്നെ മരണമസാദ്ധ്യം!
കാലം നടക്കുന്ന വീഥിയിലൊക്കെയും
കാലിടറാതെ നടക്കാം.
തങ്കം വിളയുന്ന സ്വര്‍ഗ്ഗശതങ്ങളെ
സ്വന്തമാക്കാനെന്തെളുപ്പം

വീണ വേണ്ടേ-നല്ല വീണ-അനാദിയാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

പക്ഷിശാസ്ത്രജ്ഞന്‍റെ വാചാലതയല്ല,
പൊട്ടിച്ചിരിക്കേണ്ട നിങ്ങള്‍
അല്പമടുത്തുനില്‍ക്കാമോ,പറഞ്ഞിടാ-
മൊട്ടും വെളിവാക്കരുതേ

സത്യമാണെല്ലാ,മെനിക്കു ജന്മം തന്ന-
സര്‍ഗ്ഗസമ്പത്താണു വീണ
വില്‍ക്കുവാനെന്തിനായ്‌ വന്നുവെന്നോ ദു:ഖ-
ശപ്തമാണെന്‍ജീവഗാഥ.

വസ്ത്രമി,ല്ലുള്ളതു മാറ്റിക്കഴുകുവാന്‍
മറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,വീണയില്‍
ഭക്ഷണമല്‌പവുമില്ല.

എന്തേ,മിഴികള്‍ നനഞ്ഞുവോ,പാടില്ല-
യെങ്കിലും ചൊല്ലീ ക്ഷമിക്കൂ
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.

വീണ വേണ്ടേ-നല്ല വീണ-അപൂര്‍വ്വമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
(1974)

Tuesday 17 February 2015

അധ്യാപകൻ വിദ്യാമന്ത്രിയാകുമോ?



ഓൾ കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയന്റെ സംസ്ഥാനസമ്മേളനം തൃശൂർവച്ച്‌ ആയിരുന്നല്ലോ.
അവർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരിലൊരാളെ കണ്ടെത്തി
പി ആർ നമ്പ്യാർ അവാർഡ്‌ നൽകി. അവാർഡിന്‌ അവർ തെരഞ്ഞെടുത്തത്‌ സ്ക്കൂൾബാർ, അമ്മമലയാളം
തുടങ്ങിയ കവിതകളുടെ ബലത്തിൽ എന്നെ ആയിരുന്നു. പി ആർ നമ്പ്യാർ രാഷ്ട്രീയബോധമുളള വലിയ
ഗുരുനാഥനായിരുന്നു.

ജനസേവനത്തെയും അധ്യാപകവൃത്തിയെയും അദ്ദേഹം ഒരുപോലെ കണ്ടു.
അധ്യാപകക്ഷേമത്തെക്കുറിച്ച്‌ സ്വപ്നം കണ്ടതിനാണ്‌ പി ആർ നമ്പ്യാർ മാഷെ
പന്തലായിനി സ്കൂളിൽനിന്നും പിരിച്ചുവിട്ടത്‌. ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയും
റൈവൽ സ്ക്കൂൾ കെട്ടി അദ്ദേഹത്തെ അവിടെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു.

തൃശൂർ സമ്മേളനവേദിയിലിരുന്നപ്പോഴാണ്‌ പ്രൊഫ. ജോസഫ്‌ മുണ്ടശേരിക്കുശേഷം
അധ്യാപകരാരും വിദ്യാഭ്യാസമന്ത്രിമാരായിട്ടില്ലല്ലൊ എന്നോർത്തത്‌.
അധ്യാപകരുടെ കണ്ണുനീര്‌ മനസിലാക്കിയ ഭരണാധികാരിയായിരുന്നു മുണ്ടശേരി.
കാരൂർ നീലകണ്ഠപ്പിളളയുടെ കഥകളിലൂടെ അനാവൃതമാകുന്നതാണ്‌ നമുക്ക്‌ ആ കാലം.
സ്കൂൾ മാനേജർക്ക്‌ തുച്ഛവരുമാനമുളള അധ്യാപകരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം.
‘ജ്ജ്‌ ഞ്ഞി ങ്ങട്മരണ്ട’ എന്നുപോലും പിരിച്ചുവിടൽ ഉത്തരവുണ്ടായിട്ടുണ്ട്‌.
അധ്യാപക ജീവിതമടക്കം വിദ്യാഭ്യാസരംഗത്തെ അടിമുടി പരിഷ്ക്കരിച്ചുകൊണ്ടുളള
വിദ്യാഭ്യാസബില്ലിനെ തുടർന്നാണല്ലൊ കേരളത്തിലെ ആദ്യത്തെ ഹൃദയപക്ഷമതേതര
മന്ത്രിസഭ കൊല ചെയ്യപ്പെട്ടത്‌.

വിദ്യാഭ്യാസമന്ത്രിമാരുടെ മതേതരബോധം വളരെ പ്രധാനപ്പെട്ടതാണ്‌.
ജോസഫ്‌ മുണ്ടശേരിതന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണം.
കാസർകോട്‌ ഗവ.കോളജ്‌ നിൽക്കുന്ന സ്ഥലത്തിന്റെ പേര്‌ പണ്ട്‌ കുഞ്ഞിമാവിന്റടി
എന്നായിരുന്നു. കോളജ്‌ സ്ഥാപിക്കുമ്പോൾ സ്ഥലപ്പേര്‌ മാറും എന്ന ശ്രുതിയുണ്ടായി.
ശിലാസ്ഥാപനത്തിനായി വന്ന മന്ത്രി മുണ്ടശേരി പുലിക്കുന്നിലെ റസ്തൗസിൽ വിശ്രമിക്കുകയായിരുന്നു.
കുറെ ഹിന്ദുമതമൗലികവാദികൾ അദ്ദേഹത്തെ കണ്ട്‌ ഹിന്ദുമത സൂചനയുളള ഒരു പേര്‌
ആ സ്ഥലത്തിന്‌ നിർദേശിച്ചു. ഇത്‌ മനസിലാക്കിയ ഇസ്ലാം മതമൗലികവാദികൾ ഇസ്ലാം മത
സൂചനയുളള മറ്റൊരു പേരും നിർദേശിച്ചു. മുണ്ടശേരി രണ്ടുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുകയും
വിദ്യാനഗർ എന്ന പേര്‌ നിർദേശിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മതതീവ്രവാദം ശക്തമല്ലാത്തതിനാൽ
രണ്ടുകൂട്ടരും മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.

പിന്നെവന്ന പല വിദ്യാഭ്യാസമന്ത്രിമാരും മതപ്രീണനത്തിന്റെ മഹാരാജാക്കൻമാരായി വാഴുന്നതാണ്‌ നമ്മൾ കണ്ടത്‌.
പാഠപുസ്തകങ്ങളെ മതവൽക്കരിച്ചു. അവധി ദിവസങ്ങളെ ജാതിവൽക്കരിച്ചു. പരീക്ഷാദിനങ്ങൾ മതപുരോഹിതരുടെ
ഇഷ്ടത്തിനനുസരിച്ച്‌ ക്രമീകരിച്ചു. മതമില്ലാത്ത ജീവൻ എന്ന പാഠം ഇല്ലാതാക്കുകവഴി കഴിഞ്ഞ ഇടതുപക്ഷ
ഗവൺമെന്റുപോലും വർഗീയ ശക്തികളോട്‌ പരാജയപ്പെട്ടു.

ഭാഷാഭിമാന ഗീതമോ ദേശഭക്തി ഗീതമോ ആലപിച്ചുകൊണ്ട്‌ വിദ്യാലയപ്രവർത്തനം ആരംഭിക്കുന്നതിനുപകരം
അന്ധവിശ്വാസജഡിലമായ ഈശ്വര പ്രാർഥന, കേരള വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാഞ്ഞിട്ടുപോലും
സംരക്ഷിച്ചുനിലനിർത്തി.

തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട്‌ പണിയെടുക്കേണ്ടിവരുന്ന സ്വകാര്യസ്കൂൾ അധ്യാപകരുടെ വൻനിരതന്നെ
കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. സർക്കാർ സ്കൂൾ അധ്യാപകരെ സ്വകാര്യസ്കൂളുകളിലേയ്ക്ക്‌ പറഞ്ഞയക്കേണ്ടിവന്നു.
പൊതുവിദ്യാലയങ്ങൾക്കുചുറ്റും ത്രീസ്റ്റാർ വിദ്യാലയങ്ങളുണ്ടായി.
ശമ്പളമായി പ്രസാദം പോലും ലഭിക്കുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടായി.
പൊതുവിദ്യാലയങ്ങൾ പൂട്ടിത്തുടങ്ങി.

അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവുളള ഒരു വിദ്യാഭ്യാസമന്ത്രി
അധ്യാപകരുടെ നിരയിൽനിന്നും ഇനി എന്നാണുണ്ടാവുക.

Sunday 8 February 2015

ഖേദപൂര്‍വ്വം


കപടസ്നേഹിതാ
നിന്നോടു ജീവിത-
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഖദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ
നിന്നോടു വാസ്തവ-
ക്കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍.

വളരെ നാളായ് കിതയ്ക്കുന്നു ഞാൻ , നാട്ടു -
പുളിമരങ്ങളേ പൂക്കുക പൂക്കുക
കൊടികൾ കായ്ക്കും കവുങ്ങുകൾ പൂക്കുക
തൊടികൾ ചൂടും കിനാക്കളേ പൂക്കുക
വിഫലമാകുന്നു വിശ്വാസധാരകൾ
പതിയെ നിൽക്കുന്നു പ്രാർത്ഥനാഗീതികൾ
മുളകൾ പൂക്കുന്ന കാലം
മനസ്സിലും മുനകൾ കൊണ്ടു
പഴുക്കുന്ന വേദന
നിലവിളിക്കുന്നു ഞാൻ , തീവ്രദുഖങ്ങ -
ളലറിയെത്തിക്കഴുത്തിൽക്കടിക്കുന്നു .

തടവുപാളയം ജന്മഗൃഹം
മതിൽപ്പഴുതിലൂടെ ഞാൻ
രക്ഷപ്പെട്ടോടുന്നു .
ഒരു സുഹൃത്തിന്റെ സാന്ത്വനച്ഛായയിൽ
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതിരഹസ്യമായ് പൊട്ടിച്ചിരിച്ചു നീ
കപടസ്നേഹിതാ
നിൻ വ്യാജ സൗഹൃദ-
ക്കതകിൽ മുട്ടിപ്പരാജയപ്പെട്ടു ഞാൻ .

മറുപുറത്തൊരാൾ,നിൽക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങൾ നീട്ടി രക്ഷിക്കുവാൻ
മറുപുറം ധ്രുവദൂരം , വിരൽത്തുമ്പി -
നഭയമേകുവാനാവാത്ത കൗതുകം.

പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയസഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനിപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാൻ പഠിച്ചു ഞാൻ
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാൻ
കപടസ്നേഹിതാ
കൗരവാലിംഗന-
ച്ചതിയിൽ ഞാൻ കാരിരുമ്പിന്റെ വിഗ്രഹം .

തുടലിമുൾക്കാടു തിങ്ങിയ ലൗകിക-
ക്കൊതികൾ വിങ്ങുന്ന വേനൽക്കടൽക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്
മണലു തിന്നുന്ന മക്കളെക്കണ്ടു ഞാൻ
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ -
മൊഴികളൂതി നിറച്ച ബലൂണുമാ യ്
മിഴികളിൽ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങൾ വിസ്തരിച്ചീടവേ
കപടസ്നേഹിതാ
നിന്റെ തേൻവാക്കുക ൾ
കുളിരു പെയ്തെൻ രഹസ്യരോമങ്ങളിൽ .

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെ യ്ക്കില്ലിനി,
കപടസ്നേഹിതാ,
നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍.

Saturday 31 January 2015

പെരുമാൾ മുരുകനും ഭരണകൂട ഭീകരതയും




    കവി കൂടിയാണ്‌ പെരുമാൾ മുരുകൻ. അറുപത്തിയേഴു കവിതകൾ അടങ്ങിയ അദ്ദേഹത്തിന്റെ സമാഹാരത്തിന്‌ വിചിത്രമായ ഒരു പേരാണ്‌ നൽകിയിട്ടുള്ളത്‌. സാമൂഹ്യ കാരണങ്ങൾ അടിത്തറയിട്ട സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ഒരു ആഴ്ചയിലെ ദിവസങ്ങളെ അദ്ദേഹം മാറ്റി ചിട്ടപ്പെടുത്തുന്നു. ആ കവിതയുടെ പേരാണ്‌ വാരത്തിൽ കുഴങ്ങുന്നുണ്ടാഴ്ചകൾ. പുസ്തകത്തിന്റെ പേര്‌, വെള്ളി ശനി ബുധൻ ഞായർ വ്യാഴം ചൊവ്വ. തിങ്കളാഴ്ചയെ അദ്ദേഹം പുറത്താക്കി. വേറിട്ടൊരു സൗന്ദര്യബോധത്തിന്റെ യുക്തിയിൽ നിന്നും പിറന്ന ഈ അടുക്കിപ്പറക്കലാണ്‌ വർഗീയവാദികളുടെ കടുത്ത എതിർപ്പുമൂലം പിൻവലിക്കപ്പെട്ട രചനകളിൽ പ്രധാനമായ അർദ്ധനാരീശ്വരനിലും ഉള്ളത്‌. ഭദ്രമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ രചനകളിലൂടെ ക്രമീകരിക്കുക എന്ന എഴുത്തുകാരന്റെ ധർമ്മം മാത്രമേ പെരുമാൾ മുരുകനും ചെയ്തിട്ടുള്ളൂ.

   പെരുമാൾ മുരുകൻ എഴുത്തുനിറുത്തിയതിനു പിന്നിൽ പ്രവർത്തിച്ച ഹിന്ദു വർഗ്ഗീയ ശക്തികളെക്കാൾ അപകടകരമായി തോന്നുന്നത്‌ അവർ സ്പോൺസർ ചെയ്ത ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനമാണ്‌.

   സ്വാമിപ്പിള്ള എന്ന പ്രയോഗത്തിൽ നിന്നുള്ള അന്വേഷണമാണ്‌ തമിഴ്‌നാട്ടിലെ നാമക്കൽ തിരുചെങ്കോട്‌ സ്വദേശിയായ കോളജ്‌ അധ്യാപകൻ പെരുമാൾ മുരുകനെ ചരിത്രത്തിലെ പുത്രകാമേഷ്ടിയിലെത്തിച്ചത്‌. കുട്ടികളില്ലാത്ത ഭാര്യമാർ വീട്ടുകാരുടെ അനുമതിയോടെ മറ്റൊരു പുരുഷനിൽ നിന്നും സന്താന ലബ്ദി നേടുന്നു. തിരുച്ചെങ്കോട്ടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥോത്സവരാവിലാണ്‌ മക്കളില്ലാത്ത പാവം സ്ത്രീകൾ പുരുഷവേട്ടയ്ക്കിറങ്ങുന്നത്‌. ഇങ്ങനെയുണ്ടാകുന്ന കുട്ടികളാണ്‌ സാക്ഷാൽ ദൈവസന്തതികൾ – സ്വാമിപ്പിള്ളകൾ. ക്രിസ്തുവിന്റെ ജനനകഥയെ ഓർമ്മിപ്പിക്കുന്ന ഈ ചരിത്രപരാമർശമാണ്‌ ഹിന്ദു വർഗ്ഗീയവാദികളെ ചൊടിപ്പിച്ചത്‌. അവർ ഹർത്താൽ തുടങ്ങിയ പ്രക്ഷോഭ പരിപാടികൾ തുടങ്ങി. അത്‌ പെരുമാൾ മുരുകന്റെ സർഗ്ഗശേഷിയുടെ കൈവെട്ടി.

   വർഗ്ഗീയ കക്ഷികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കരുത്‌. മതവ്രണം എപ്പോഴും വികാരപ്പെടാമല്ലൊ. എന്നാൽ അതിന്‌ കൂട്ടുപിടിച്ചു കൊണ്ട്‌ മതേതര രാജ്യത്തെ ഭരണകൂടം പാവകളിക്കാൻ പാടില്ല. നാമക്കലിൽ അത്‌ സംഭവിക്കുക തന്നെ ചെയ്തു. പെരുമാൾ മുരുകനെ അഡ്വ. ജി ആർ സ്വാമിനാഥനൊപ്പം ജില്ലാ ഭരണകൂടം വിളിപ്പിച്ചു. പ്രസാധകന്റെ ആവശ്യപ്രകാരമാണ്‌ അഭിഭാഷകൻ ഇടപെടുന്നത്‌. പ്രസാധകനാകട്ടെ തകഴിയുടെ ചെമ്മീൻ തമിഴിലാക്കിയ സുന്ദര രാമസ്വാമിയുടെ മകൻ കണ്ണൻ. അദ്ദേഹത്തിന്റെ കാലചുവട്‌ തമിഴിലെ പുരോഗമന സാഹിത്യ പ്രസാധനത്തിന്റെ മുഖമുദ്രയുമാണ്‌. അഭിഭാഷകന്റെ വാദമുഖങ്ങളെ നിരാകരിച്ചു കൊണ്ട്‌ പരസ്യമായി മാപ്പപേക്ഷിക്കാൻ ജില്ലാ ഭരണചുമതലയുള്ള ഉദ്യോഗസ്ഥ വി ആർ സുബ്ബലക്ഷ്മിയും കൂട്ടരും നിർബ്ബന്ധിക്കുകയായിരുന്നു.

  പെരുമാൾ മുരുകൻ പുസ്തകങ്ങളെല്ലാം പിൻവലിച്ചു. എഴുത്തുകാരനായ പെരുമാൾ മുരുകൻ മരിച്ചുപോയതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പെരുമാൾ മുരുകന്റെ ആറിൽ തുടങ്ങി നാലിൽ അവസാനിക്കുന്ന നമ്പരുള്ള മൊബെയിൽ ഫോണിൽ നിന്നും ഒരു കാളും സ്വീകരിക്കപ്പെടുന്നില്ല.

  പെരുമാൾ മുരുകന്റെ കാവ്യപുസ്തകത്തിൽ ആരാലും എന്നൊരു കവിതയുണ്ട്‌. യുവകവി വിനോദ്‌ വെള്ളായണി അത്‌ മലയാളപ്പെടുത്തിയിട്ടുണ്ട്‌. ആരോടും ഒന്നും പറയാൻ കഴിയുന്നില്ല, ഒന്നും പങ്കിടാൻ കഴിയുന്നില്ല. ആരോടും എപ്പോഴും ചേർന്നിരിക്കാൻ കഴിയുന്നില്ല. ആര്‌ എന്തു പറഞ്ഞാലും അതു സഹിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ എഴുത്തുകാരന്റെ ഭയാനകമായ ഭാവികാലത്തെ ഈ വരികൾ അടയാളപ്പെടുത്തുന്നുണ്ട്‌.

  എഴുത്തുകാരൻ എന്ന നിലയിലുള്ള പെരുമാൾ മുരുകന്റെ സ്വയംഹത്യ, വർഗ്ഗീയതക്കു വഴങ്ങിയ ഭരണകൂടത്തിന്റെ പ്രേരണമൂലമാണ്‌. ക്രമസമാധാന പ്രശ്നം എന്ന ഉമ്മാക്കി കാട്ടിയാണ്‌ ഭരണകൂടം ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെ വിലങ്ങണിയിച്ചത്‌. എഴുത്തുകാരൻ നിശ്ശബ്ദനായാലുള്ള നഷ്ടം രാജ്യത്തിനും ഭാഷയ്ക്കും ചരിത്രത്തിനുമാണ്‌.

  വർഗ്ഗീയതക്കെതിരെ ഇ വി രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന്‌ സാക്ഷ്യം വഹിച്ച സമരഭൂമിയാണ്‌ തമിഴകം. അവിടെ നിന്നും ഇന്ത്യൻ എഴുത്തുകാരന്റെ മതേതരബോധം ഉയർത്തേഴുന്നേൽക്കുന്നതിന്‌ പെരുമാൾ മുരുകന്റെ സർഗ്ഗരക്തസാക്ഷിത്വം കാരണമാകേണ്ടതാണ്‌.