Monday, 2 March 2015

ഋതുമതിയാകുന്നത്‌ കുറ്റകൃത്യമല്ലആർത്തവകാലം അവിശുദ്ധകാലമാണോ? ഋതുമതിയാകുന്നത്‌ ഒരു കുറ്റകൃത്യമാണോ? ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന്‌ ചർച്ച ചെയ്യുകയും ആരോഗ്യകരമായ ബോധനപരിശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്‌.

പ്രാചീനകേരളം മുതൽ നവീനകേരളംവരെ സ്ത്രീകളുടെ ആർത്തവകാലത്തെ പുരുഷശബ്ദത്തിലാണ്‌ സമീപിച്ചത്‌. സ്ത്രീ വിശ്രമിക്കണോ വിശ്രമിക്കണ്ടയോ എന്നെല്ലാം പുരുഷൻ തീരുമാനിച്ചു. നൂറുകണക്കിന്‌ അന്ധവിശ്വാസങ്ങൾ ഇക്കാര്യത്തിൽ ഓരോ ജാതിയും മതവും അടിച്ചേൽപ്പിച്ചു. മിത്തുകളെപ്പോലും തീണ്ടാരി തീണ്ടിച്ചു. അതിലൊന്നാണ്‌ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ശാസ്താവിന്റെ കല്യാണക്കഥ.

ശക്തികുളങ്ങര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്‌ വളളിക്കീഴ്‌ ക്ഷേത്രത്തിലെ ഭഗവതിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. കല്യാണക്ഷണം, ശക്തികുളങ്ങര, മീനം, കന്നിമേൽ, കുരീപ്പുഴ എന്നീ നാല്‌ കരക്കാർക്കും നേരിട്ടുനൽകുന്നു. വിവാഹത്തലേന്ന്‌ പെൺവീട്ടുകാർ വരന്റെ ക്ഷേത്രം സന്ദർശിക്കുന്നു. പിന്നെ പളളിവേട്ട. വിവാഹദിവസം സർവാഭരണവിഭൂഷിതനായി ആനകളുടെയും എടുപ്പുകുതിരകളുടെയും അകമ്പടിയോടെ അഷ്ടമുടിക്കായലിനരികെയുളള ആറാട്ടുകുളത്തിൽ നീരാടി വധൂക്ഷേത്രത്തിലെത്തുമ്പോൾ ശ്രീകോവിലിനുമുന്നിൽ ഒരു ചുവപ്പുതുണി തൂക്കുന്നു. ഭഗവതിക്ക്‌ മാസമുറ തുടങ്ങിയിരിക്കുന്നു. അങ്ങനെ കല്യാണം മുടങ്ങുന്നു. എല്ലാവർഷവും പൂർവാധികം ഭംഗിയോടെ ഈ മുടക്കക്കല്ല്യാണം ഉത്സവമായി ആഘോഷിക്കുന്നു.

അടുത്തകാലംവരെ പത്രങ്ങളിൽ ഒരു വാർത്ത വരുമായിരുന്നു. ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായി എന്നായിരുന്നു വാർത്ത. ഭഗവതിയുടെ ഉടുപുടവയിൽ ചോര കണ്ടതായി പൂജാരി അറിയിക്കുന്നു. ഈ തീണ്ടാരിത്തുണി വലിയതുകയ്ക്കു വിൽക്കുന്നു. ഭഗവതീവിഗ്രഹത്തെ ബ്രാഹ്മണ സ്ത്രീകൾ കുളിപ്പിക്കുന്ന പ്രാകൃത ചടങ്ങുപോലുമുണ്ട്‌. ആലപ്പുഴ സ്വദേശിയായ പി പി സുമനൻ മാഷ്‌ വിവരാവകാശ നിയമമനുസരിച്ച്‌ നൽകിയ ഹർജിയെത്തുടർന്ന്‌ കുറെക്കാലം ഭഗവതി തൃപ്പൂത്തായില്ല. വിഗ്രഹത്തിന്‌ ആർത്തവം ഉണ്ടാകില്ലെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌.

ആദിവാസി ഊരുകളിൽ ഋതുമതിയായ പെണ്ണിനെ പുറത്തായതായി പ്രഖ്യാപിച്ച്‌ വേറെ കുടിൽകെട്ടിപ്പാർപ്പിക്കും. ഓരോ സമുദായത്തിനും വെവ്വേറെ സമീപനങ്ങളാണുണ്ടായിരുന്നത്‌.

ഹിന്ദുകുടുംബങ്ങളിൽ അഞ്ചുദിവസത്തേയ്ക്ക്‌ പൂജാമുറി പ്രവേശനം നിരോധിക്കും. കിണറിൽ തൊടാൻ പാടില്ല. പത്തായത്തിൽ തൊട്ടാൽ ധാന്യം പതിരാകും. തുളസിയടക്കമുളള ഒരു ചെടിയിലും തൊടരുത്‌. ഉണങ്ങിപ്പോകുംപോലും. അടുക്കളയിൽ കയറരുത്‌. അച്ചാറും കൊണ്ടാട്ടവും സൂക്ഷിക്കുന്ന ഭരണികളിൽ തൊടരുത്‌. അച്ഛനോ ആങ്ങളമാർക്കോ ആഹാരം വിളമ്പിക്കൊടുക്കരുത്‌. പുല്ലുപായയിൽ കിടക്കണം, പുലർച്ചെ ഉണർന്ന്‌ കിടക്കപ്പായ കഴുകണം, പ്രാർഥിക്കരുത്‌. അറിയാതെ പ്രാർഥിച്ചുപോയാൽ മാപ്പിരക്കണം. മാസമുറ തുടങ്ങി ആറാംദിവസം ഏഴുസുമംഗലികൾ കത്തിച്ച വിളക്കുമായി അകമ്പടി നടന്ന്‌ കുളത്തിൽ കൊണ്ടുപോയി കുളിപ്പിക്കും.

തിരണ്ടുകുളി അല്ലെങ്കിൽ പുളികുടി വലിയ ചടങ്ങ്‌ ആയിരുന്നു. ആങ്ങള, തെങ്ങിൻ പൂക്കുല നിലത്തടിക്കും. എത്ര വെളിയിൽ തെറിക്കുമോ അത്രയും കുട്ടികൾ ഉണ്ടാകുമത്രെ. മച്ചിങ്ങയൊന്നും തെറിച്ചില്ലെങ്കിൽ മച്ചിയാകുമെന്ന്‌ പ്രഖ്യാപിച്ചുകളയും. പിന്നീട്‌ ആ കുട്ടിക്ക്‌ ദാമ്പത്യബന്ധം ഇല്ല.

പുളികുടി അടിയന്തിരത്തിന്‌ നാടടക്കിയുളള സദ്യ ഉണ്ടാകും. തീണ്ടാരിത്തുണി രഹസ്യമായി സൂക്ഷിക്കണം. ഇഴജന്തുക്കൾ തൊട്ടാൽ സ്ത്രീക്ക്‌ വെളളപ്പാണ്ട്‌ പിടിക്കും. ഈ ആചാരം ചില മുസ്ലിം ഭവനങ്ങളിലും ഉണ്ടത്രെ. തീണ്ടാരിത്തുണിയിൽ പാമ്പ്‌ സ്പർശിച്ചാൽ ആ പാമ്പ്‌ പിന്നീട്‌ ഈ സ്ത്രീയെ തേടിവരുമത്രെ. പരിശുദ്ധ ഖുറാൻ സ്പർശിക്കാനോ നമസ്കരിക്കാനോ നോമ്പുപിടിക്കാനോ പാടില്ലത്രെ. ഇസ്ലാം മതത്തിന്റെ ഉത്ഭവസ്ഥാനമായ സൗദി അറേബ്യയിലെ വീടുകളിൽ ഇത്തരം അന്ധവിശ്വാസങ്ങളില്ല. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളധികവും മാസമുറ ഒരു കുറ്റമായി കരുതുന്നില്ല.

കൂട്ടുകാരനെ കാത്തിരുന്ന പെൺമുട്ട പ്രതീക്ഷ വിഫലമാകുമ്പോൾ ചോരപ്പൂക്കളായി പരിണമിക്കുന്നത്‌ പ്രകൃതിനിയമം. കമലാസുരയ്യ അടക്കമുളളവർ ആർത്തവത്തെ അതീവ സുന്ദരമായി അക്ഷരപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കേരളീയ സമൂഹം ഈ ദുരാചാരങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നു എന്നത്‌ ആശ്വാസകരമാണ്‌. ആർത്തവം മാറ്റിവയ്ക്കാനുളള ഗുളികകൾ അധികം ചെലവാകുന്നത്‌ ആറ്റുകാൽ പൊങ്കാലക്കാലത്താണെന്നത്‌ കൗതുകകരവും.

4 comments:

 1. മുഹൂര്‍ത്തവും സമയവും ഗണിച്ച് കണക്കാക്കുന്ന വിവാഹദിവസം വധു വിന്റെ ആര്‍ത്തവ കാലമാണ് തിരിച്ചറിയാന്‍ ഗണിതാവിന് ആകുന്നില്ല. അമ്പലത്തിലും പള്ളിയിലും ചടങ്ങ് നടക്കുമ്പോള്‍ ടാബ്ലറ്റ് അടിക്കെണ്ടവര്‍ അടിക്കും അല്ലാത്തവര്‍ സഹിക്കും.
  നമുക്കോ ഒരു നേരത്തെ ശാപ്പാടിന്റെ മാത്രം ടെന്‍ഷന്‍

  ReplyDelete
 2. കൂട്ടുകാരനെ കാത്തിരുന്ന പെൺമുട്ട പ്രതീക്ഷ വിഫലമാകുമ്പോൾ ചോരപ്പൂക്കളായി പരിണമിക്കുന്നത്‌ പ്രകൃതിനിയമം. കമലാസുരയ്യ അടക്കമുളളവർ ആർത്തവത്തെ അതീവ സുന്ദരമായി അക്ഷരപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കേരളീയ സമൂഹം ഈ ദുരാചാരങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നു എന്നത്‌ ആശ്വാസകരമാണ്‌. ആർത്തവം മാറ്റിവയ്ക്കാനുളള ഗുളികകൾ അധികം ചെലവാകുന്നത്‌ ആറ്റുകാൽ പൊങ്കാലക്കാലത്താണെന്നത്‌ കൗതുകകരവും.

  ReplyDelete
 3. ഇന്ന് ഇത്തരം ദുരാചാരങ്ങളിൽ നിന്നും പൊതുവേ സ്ത്രീകൾ മുക്തരാണ്. എന്നാലും അമ്പലവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഇന്നും സ്ത്രീകൾ സ്വയം ഒഴിഞ്ഞു നിൽക്കുന്ന പ്രവണത തന്നെയാണുള്ളത്.

  ReplyDelete
 4. എന്തെല്ലാം അന്ധവിശ്വാസങ്ങള്‍! അനാചാരങ്ങള്‍

  ReplyDelete