Wednesday 30 March 2016

അതിർത്തിയിലെ അപകർഷക്കൊടികൾ


ഇസ്ലാംമത വിരോധത്തിലാണ്‌ ചില ഹിന്ദു സംഘടനകൾ ഇന്ത്യയിൽ നിലനിൽക്കുന്നത്‌ എന്ന ഒരു ധാരണ പരക്കെ ഉണ്ടായിട്ടുണ്ട്‌ എന്ന്‌ തോന്നുന്നു. ബാബറിപ്പളളി പൊളിച്ചതും ഗുജറാത്തിലെ വംശീയഹത്യയുമൊക്കെ ഇതിന്‌ ശക്തമായ പിൻബലം നൽകുന്നുണ്ട്‌. കമ്യൂണിസ്റ്റുകൾ ഉളള സ്ഥലത്തൊക്കെ കമ്യൂണിസ്റ്റുകളാണ്‌ മുഖ്യശത്രു എന്ന തോന്നലും ബലപ്പെട്ടിട്ടുണ്ട്‌. അത്‌ ശരിയുമാണ്‌. കാരണം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിൽ ജാതിമത വ്യത്യാസങ്ങൾ ഇല്ലല്ലോ.

യഥാർഥത്തിൽ ഹിന്ദുസംഘടനകളുടെ ശത്രു ആരാണ്‌? സൂക്ഷ്മമായി പരിശോധിച്ചാൽ ഹിന്ദു സംഘടനകളുടെ മുഖ്യശത്രു ഇന്ത്യയിലെ ദളിതരാണെന്ന്‌ കാണാം. ഇന്ത്യയിൽ നടന്നിട്ടുളള ദളിത്‌ വേട്ടകൾക്ക്‌ നേതൃത്വം നൽകിയത്‌ അഹൈന്ദവ മതങ്ങളോ കമ്യൂണിസ്റ്റുകളോ അല്ല.

ദളിതർ ശത്രുപക്ഷത്ത്‌ വരാൻ കാരണമെന്താണ്‌? അവർ ഹിന്ദുക്കളല്ല എന്നതാണ്‌ പ്രധാന കാരണം. ഹിന്ദു മതത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാല്‌ വിഭാഗങ്ങൾ മാത്രമല്ലേയുളളൂ. അതിനപ്പുറത്തുളളവരും ആര്യാധിനിവേശത്തിന്‌ മുൻപുതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നവരുമായ ജനങ്ങളാണ്‌ ദളിതർ. അവർ പടുത്തുയർത്തിയ സാംസ്കാരിക മഹിമകൾ സിന്ധുനദീതട സംസ്കാരമെന്ന പേരിൽ പ്രസിദ്ധവുമാണ്‌.

പൂജ, യുദ്ധം തുടങ്ങി മനുഷ്യരാശിക്ക്‌ പ്രയോജനപ്രദമല്ലാത്ത ഒരു തൊഴിലും അവർ ചെയ്തില്ല എന്നാൽ മനുഷ്യർക്ക്‌ വിശപ്പടക്കുവാനും മാന്യമായി ജീവിക്കാനും പറ്റിയ പണികളൊക്കെ ഇന്ത്യയിലെ ദളിതരുടെ പാഠശാലകളായിരുന്നു. അവർ അത്‌ പഠിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.

എന്നാൽ പിന്നെ നാം കാണുന്നത്‌ തൊഴിലുകളെ കുലത്തൊഴിലുകളാക്കി മാറ്റുകയും അത്‌ ചെയ്യുന്ന തൊഴിലാളികളെ മാനുഷിക പരിഗണന അർഹിക്കാത്തവരായി മാറ്റിനിർത്തുന്നതുമാണ്‌. നൂറ്റാണ്ടുകളായി അപഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്ത ഈ മനുഷ്യർ പാർക്കുന്ന അതിർത്തികളിൽ നിറയെ പാറിപ്പറക്കുന്നത്‌ അപകർഷതയുടെ കൊടികളാണ്‌.

ജാതിവ്യവസ്ഥയ്ക്കെതിരായുളള പോരാട്ടങ്ങൾ ശക്തിപ്പെടുകയും സാധ്യതകൾ മുന്നിൽ തെളിഞ്ഞുവരികയും ചെയ്തപ്പോൾ അവർ അപമാനിക്കപ്പെട്ട തൊഴിലുകളിൽ നിന്ന്‌ വിമുക്തരായി. എന്നാൽ അപകർഷതാബോധം ഒഴിവാക്കാനുളള ഔഷധം അവർക്ക്‌ ലഭിച്ചതുമില്ല.

ദളിതൻ മേൽമീശ വയ്ക്കുന്നത്‌ കുറ്റകൃത്യമായി കരുതിയിരുന്ന കാലത്താണ്‌ അയ്യങ്കാളി മീശ വച്ചു നടന്നത്‌. തലയിൽ കെട്ടുന്നത്‌ പാടില്ലെന്ന്‌ വിധിച്ച കാലത്താണ്‌ അയ്യാ വൈകുണ്ഠർ തലക്കെട്ട്‌ ധരിച്ച്‌ നടന്നതും കീഴാള ജനതയെ അതിന്‌ പ്രേരിപ്പിച്ചതും. പാശ്ചാത്യവേഷം ധരിച്ച പൊയ്കയിൽ അപ്പച്ചൻ വസ്ത്രവിരുദ്ധ നിയമം സൃഷ്ടിച്ച സവർണ ഹൈന്ദവതയ്ക്ക്‌ പരുക്കേൽപ്പിക്കുകയായിരുന്നു.

വേഷഭൂഷാദികളിലൂടെയുളള ഈ സമരമാർഗം സവർണ ഹിന്ദുക്കൾക്ക്‌ രുചിച്ചില്ല എന്നതിന്റെ തെളിവാണ്‌ പെരിനാട്‌ കലാപം. മേൽവസ്ത്രം ധരിക്കാൻ വേണ്ടി സ്ത്രീകൾ നടത്തിയ സമരമായിരുന്നല്ലോ അത്‌.

ദളിതന്റെ എല്ലാ പുരോഗമനങ്ങളിലും സവർണ ഹിന്ദു അതൃപ്തനായിരുന്നെന്ന്‌ കാണാം. വഴിനടക്കാനുളള അവകാശത്തിനുവേണ്ടി രൂപംകൊണ്ട വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനത്തിനോടുളള എതിർപ്പും ഉദാഹരണങ്ങളാണ്‌.

ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട്‌ നോട്ടെഴുതിയ ഗവ. സെക്രട്ടറിയായിരുന്നു മഹാകവി ഉളളൂർ എസ്‌ പരമേശ്വരയ്യർ. അദ്ദേഹത്തെ ഹിന്ദുമതത്തിൽ നിന്നും പുറത്താക്കുകയായിരുന്നല്ലോ.

‘ഞാൻ ഇന്നലെ വരെ ഒരു ബ്രാഹ്മണനായിരുന്നു. ഇന്നുമുതൽ ഒരു മനുഷ്യനായി’- എന്താണ്‌ മഹാകവി ഉളളൂർ ഈ പുറത്താക്കലിനോട്‌ പ്രതിഷേധിച്ചത്‌.

അപകർഷതാബോധം ദളിതന്റെ കൂടെപ്പിറപ്പായി. സവർണ അവർണ പ്രണയങ്ങൾ ഏതാണ്ട്‌ അസാധ്യമായിത്തന്നെ ഇപ്പോഴും തുടരുന്നു. സാവിത്രി അന്തർജനവും ചാത്തൻ പുലയനും ചേർന്നുളള ജീവിതം ഇനിയും വ്യാപകമാക്കേണ്ട ഒരു മാനുഷിക പ്രശ്നമാണ്‌.

അതിനാൽ ഇന്ത്യയിലെ സവർണ ഹിന്ദു സംഘടനകളുടെ മുഖ്യശത്രു ദളിതരാണ്‌. ചരടും കുറിയും ധരിച്ച്‌ സവർണ ഹിന്ദു സംഘടനകളുടെ പ്രകടനത്തിൽ പിൻനിരയിൽ നടന്നുപോകുന്ന ഒരു ദളിതൻ യഥാർഥത്തിൽ നടക്കുന്നത്‌ തിരിച്ചറിവില്ലായ്മയുടെ പാതയിലൂടെയാണ്‌.

വെളിനല്ലൂരെ കാളയും ഓമല്ലൂരെ പാലയും


കേരളം പൂർണമായും കാർഷിക പ്രദേശമായിരുന്നകാലത്ത്‌ കൃഷിയിടങ്ങളിലായിരുന്ന കലയും കായിക പ്രകടനങ്ങളും എല്ലാം അരങ്ങേറിയിരുന്നത്‌. പോത്തോട്ടം, കാളയോട്ടം, മരമടി തുടങ്ങി ജനസഹസ്രങ്ങളുടെ സാന്നിധ്യത്തിൽ നടന്ന കായികവിനോദങ്ങൾ അന്യം നിന്നു കഴിഞ്ഞു. കൃഷിയുപേക്ഷിക്കുകയും തരിശിട്ട വയലുകളിൽ രൂപംകൊണ്ട തണ്ണീർത്തടങ്ങൾപോലും മണ്ണിട്ടു നികത്തുകയും ചെയ്തതോടെ ഇത്തരം വിനോദങ്ങളുടെ കൊടിയിറക്കം സംഭവിക്കുകയായി.

കാക്കാരിശ്ശിനാടകം, വെള്ളരിനാടകം തുടങ്ങിയ കലാരൂപങ്ങളും തലപ്പന്ത്‌, കിളിമാസ്‌, കുട്ടിയും കോലും തുടങ്ങിയ കായിക വിനോദങ്ങളും അസ്തമിച്ചുകഴിഞ്ഞു. കതിരുകാളയും വണ്ടിക്കുതിരയും കെട്ടുകാളയും നെൽക്കതിരും വയ്ക്കോലും ഇല്ലാതെതന്നെ നിർമിക്കുവാൻ നമ്മൾ പഠിച്ചുകഴിഞ്ഞു. വയലിറമ്പിലെ മരത്തണലുകളിൽ വിശ്രമിച്ചിരുന്ന നാടൻ ദൈവങ്ങളെ കോൺക്രീറ്റുകൂടാരങ്ങളിലെ ഉഷ്ണമുറികളിലേക്ക്‌ മാറ്റിപാർപ്പിച്ചു. ദൈവമുണ്ടായിരുന്നെങ്കിൽ ഈ ചതിക്ക്‌ മനുഷ്യരെ ശപിക്കുമായിരുന്നു.

വയലിലും പുഴയോരങ്ങളിലും നടന്ന വലിയ കാളച്ചന്തകളും അവയോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്ന വാണിഭമേളകളും വളരെ പ്രധാനപ്പെട്ടതായിരുന്നു. കൊല്ലം ജില്ലയിൽ ഇത്തിക്കരയാറിന്റെ തീരത്തുള്ള ദൃശ്യചാരുതയാർന്ന ഒരു ക്ഷേത്രമാണ്‌ വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം. കഥകളി സംസ്കാരം സമ്പുഷ്ടമായ പ്രദേശമാണ്‌ വെളിനല്ലൂർ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗംഗാധരൻ, കലാമണ്ഡലം രാധാകൃഷ്ണൻ തുടങ്ങിയ വലിയ പ്രതിഭകൾക്കു ജന്മം നൽകിയ പ്രദേശം. എന്നാൽ അന്ധവിശ്വാസത്തിന്റെ ആധിക്യം കാരണം ബാലിവിജയം കഥകളി ഇവിടെ നടത്താറില്ല.

ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു കാലത്ത്‌ ഓയൂർ, കരിങ്ങന്നൂർ തുടങ്ങിയ വലിയ ഒരു പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവുമായിരുന്നു. ഇതിന്റെ പരിസരത്താണ്‌ ആയിരക്കണക്കിന്‌ കന്നുകാലികളെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്ന കാളച്ചന്ത നടന്നിരുന്നത്‌. പലവിധ കലാപരിപാടികളോടൊപ്പം ദളിതരുടെ ദ്രാവിഡത്തനിമയുള്ള മുടിയാട്ടവും കമ്പടികളിയും മറ്റും ഇവിടെ നടത്തിയിരുന്നു.

കാളച്ചന്ത കഴിഞ്ഞാൽ പിന്നെ ‘മണലിക്കച്ചോടം’ ആണ്‌. കാർഷികവിഭവങ്ങൾ മാത്രമല്ല ഗൃഹോപകരണങ്ങൾ, കരകൗശലവസ്തുക്കൾ, കൗതുകവസ്തുക്കൾ, മലരും പൊരിയും വളയും റിബണുമടക്കമുള്ള അലങ്കാര വസ്തുക്കൾ, സേമിയപ്പായസം… ഇങ്ങനെ നിരവധി കച്ചവടസാധനങ്ങളാണ്‌ അവിടെ സ്വരുക്കൂട്ടിയിരുന്നത്‌. ഇതിനോടനുബന്ധിച്ച്‌ കവിയരങ്ങുകളും സംഘടിപ്പിച്ചിരുന്നു. വെളിനല്ലൂരെ മണൽത്തിട്ടയിൽ, ഡി വിനയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്‌, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ വരെ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ വെളിനല്ലൂരെ ചന്തസ്ഥലത്ത്‌ പാലക്കുറ്റിയിൽ കെട്ടിയിട്ടിരുന്ന ഒരു കാള കുറ്റിയും പിഴുത്‌ കിഴക്കോട്ടോടി. അഴകും ആരോഗ്യവും തികഞ്ഞ ആ കാളക്കൂറ്റനെ പിടിച്ചുനിർത്തുവാൻ ആർക്കും സാധിച്ചില്ല. നാപ്പതോളം കിലോമീറ്റർ ഓടിയ ആ കാളയെ ഓമല്ലൂർ എന്ന പ്രദേശത്തെ ആരോഗ്യവാനായ ഒരു യുവാവ്‌ ബന്ധിച്ചു. കയറിന്റെ അറ്റത്ത്‌ ഉണ്ടായിരുന്ന പാലക്കുറ്റി തന്നെ വയലിൽ തറച്ച്‌ കാളയെ ബന്ധിച്ചു. ആ പാലക്കുറ്റി പൊട്ടിക്കിളിർത്ത്‌ വൻമരമാവുകയും അതിന്റെ തണലിൽ ഓമല്ലൂർ വയൽ വാണിഭം ആരംഭിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം.

ചിരവ, കലപ്പ, മെതിയടി, അരിപ്പ തുടങ്ങിയ വയസേറെയുള്ള ഉപകരണങ്ങൾ പോലും ഓമല്ലൂർ വയൽ വാണിഭത്തിൽ വിൽക്കാൻ വച്ചിട്ടുണ്ട്‌. കവിയരങ്ങുകളും ചരിത്ര സെമിനാറുകളും ഓമല്ലൂരിൽ സംഘടിപ്പിക്കാറുണ്ട്‌. കൃഷിയെല്ലാം നശിച്ചെങ്കിലും ഓർമപ്പെടുത്തലിന്റെ സൗരഭ്യമുള്ള ഈ ഗ്രാമോത്സവങ്ങൾ സന്തോഷകരമാണ്‌.