Sunday 26 August 2012

'കള്ളനെ കണ്ടുവോ കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ നേതാവിനെ'

മലയാളികളുടെ മഹോത്സവമാണ് ഓണം. ഓണാഘോഷങ്ങള്‍ ഒഴിവാക്കി കേരളപ്പിറവി ദിവസമായ നവംബര്‍ ഒന്ന് മലയാള മഹോത്സവദിനമാക്കി ആഘോഷിക്കാന്‍ പാകത്തില്‍ മലയാളി വളര്‍ന്നിട്ടില്ല.
 
ഓണം ഹിന്ദുക്കളുടെ മാത്രം ആചാരമാക്കി അവര്‍ക്കു ചാര്‍ത്തിക്കൊടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം മലയാളിയും അതിനു ചെവി കൊടുത്തിട്ടില്ല. ഓണം അഡ്വാന്‍സും ബോണസുമൊക്കെ ജാതിമതഭേദം കൂടാതെ എല്ലാ മലയാളികളും സ്വീകരിക്കാറുണ്ട്. ക്രിസ്തുമസ്, റംസാന്‍ ഓഫറുകളും ഇതുപോലെ തന്നെ.
 
കേരളത്തിലെ ഏറ്റവും പുരാതനമായ ആഘോഷമായതിനാല്‍ എഴുതപ്പെടാത്ത പാട്ടുകള്‍ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അശകൊശലേ പെണ്ണുണ്ടോ എന്ന പാട്ടും ആക്കയ്യിലിക്കയ്യിലോ മാണിക്യ ചെമ്പഴുക്ക എന്ന പാട്ടും ഒന്നുപെറ്റ-നാത്തൂനാരേ മീന്‍കളികാണാന്‍ പോകാമെന്ന പാട്ടും ഓണക്കാലം മലയാളത്തിനു നല്‍കിയതാണ്. ഇവയൊക്കെ ചന്തമുള്ള ചിന്തുകളാണെങ്കിലും ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് ഒരുങ്ങാതിരുന്നപ്പോള്‍ ഓണം വന്നതിനെക്കുറിച്ചുള്ള പാട്ടാണ്.
 
മുറ്റമടിച്ചില്ല, ചെത്തിപ്പറിച്ചില്ല എന്തെന്റെ മാവേലീ ഓണം വന്നു എന്ന ചോദ്യവുമായി ആരംഭിക്കുന്ന പാട്ട് ചന്തയില്‍ പോകാനും മലക്കറി വാങ്ങാനും കഴിയാത്തതിനെക്കുറിച്ച് പാടി വളരുന്നു. നെല്ലു പുഴുങ്ങീല തെല്ലു മുണങ്ങീല എന്തെന്റെ മാവേലീ ഓണം വന്നു എന്നു ചോദിച്ച് പിന്നെയും വികസിച്ച് നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നില്ല എന്തെന്റെ മാവേലീ ഓണം വന്നൂ എന്നു പറഞ്ഞാണവസാനിക്കുന്നത്. വൈക്കത്തു നിന്നും പുറത്തിറങ്ങിയ ഒരു നാടന്‍പാട്ടു ശബ്ദകത്തില്‍ ശോകത്താല്‍ ഇമ്പമാര്‍ന്ന വായ്ത്താരിയുടെ അകമ്പടിയോടെ ഈ പാട്ട് ചേര്‍ത്തു കേട്ടിട്ടുണ്ട്.
 
ഓണത്തിന്, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മീന്‍കറി കൂട്ടുന്നതിനെക്കുറിച്ചും നാട്ടുകവിതയുണ്ട്. ഹിന്ദുമതക്കാരുടെ വിശേഷ ദിവസങ്ങളിലെ സദ്യകളില്‍ സാധാരണ, മത്സ്യം ഒരു വിഭവമാകാറില്ല. ബ്രാഹ്മണ്യത്തിന്റെ കണ്ണുരുട്ടല്‍ കൊണ്ടാകാമിതു സംഭവിച്ചത്. കുഞ്ഞാഞ്ഞയെ അഭിസംബോധന ചെയ്യുന്ന ഈ പാട്ടില്‍ കൊടകരയാറ്റില്‍ കൂരിമീന്‍ സമൃദ്ധമായി ഉണ്ടായതിനെക്കുറിച്ചു പറയുകയും കൂരിക്കറി കൂരിക്കറി തിരിയോണത്തിനു കൂരിക്കറിയെന്നു കൊട്ടിപ്പാടുകയും ചെയ്യുന്നുണ്ട്. ദലിതര്‍ പാടുന്ന പാട്ടാകയാല്‍ തിരുവോണത്തിനു തിരിയോണമെന്ന നാട്ടുമൊഴിയാണുപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രിയപ്പെട്ട നാടന്‍പാട്ടുകാരനായ സി ജെ കുട്ടപ്പന്‍ ഈ പാട്ട് അതീവ ഹൃദ്യമായി അവതരിപ്പിക്കാറുണ്ട്.
 
സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതിക ബോധത്തോടെ ഓണത്തെ സമീപിച്ചത് മഹാകവി വൈലോപ്പിള്ളിയാണ്. അരവയര്‍ പട്ടിണിപെട്ടവരും കീറിപ്പഴകിയ കൂറ പുതച്ചവരുമായ ദരിദ്രജനതയോടൊപ്പം നിന്നാണ് മഹാകവി ഓണമെന്ന സുന്ദര സങ്കല്‍പത്തെ സമീപിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ഗംഗാസമതലത്തിലും ഈജിപ്തിലും ഗ്രീസിലും ചൈനയിലും റഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഓണത്തിന്റെ വിവിധ സാന്നിധ്യം അദ്ദേഹം കണ്ടെത്തുന്നുണ്ട്.
 
പുരാതന കാലത്തുണ്ടായിരുന്ന ഒരു സുന്ദര സാമ്രാജ്യം. അവിടെ ഒത്തു പുലരുന്ന മനുഷ്യര്‍. വീരന്മാരാണെങ്കിലും വിനയവും കരുണയുമുള്ള പുരുഷന്മാര്‍. പവിത്ര ചരിത്രകളായ സ്ത്രീകള്‍. കുടിലത ഇല്ലാത്ത ധിഷണകള്‍. ദേവന്മാരെന്ന മേലാളന്മാര്‍ക്കു അജ്ഞാതമായിരുന്ന ഒരു വന്‍കരയിലെ പൂര്‍ണതയുള്ള മനുഷ്യര്‍.
 
ഈ സാമ്രാജ്യത്തെ ഒരു ഐതിഹ്യത്തിലവസാനിപ്പിക്കാന്‍ മഹാകവി തയ്യാറായില്ല. കരയെ വിഴുങ്ങിയ ഒരു വന്‍കടല്‍ ക്ഷോഭത്തിലാണ് അതിന്റെ തിരോധാനം. വാമനകഥയും മറ്റുചിലര്‍ പറയുന്നുണ്ട്. എന്തായാലും അതിനുശേഷം ഭൂമിയുടെ ശിരസ്സില്‍ നരപോലെ ദേവപുരോഹിത ദുഷ്പ്രഭു വര്‍ഗത്തെ കാണുന്നുണ്ട്. ഇത്തിരിവട്ടം കാണുന്നവരാലും ഇത്തിരി വട്ടം ചിന്തിക്കുന്നവരാലും ലോകം നിറഞ്ഞു. യാഥാര്‍ഥ്യത്തെ സങ്കല്‍പവുമായും പ്രതീക്ഷയുമായും സമന്വയിപ്പിച്ച് സൗന്ദര്യത്തിന്റെ ഉന്നത തലത്തില്‍ നിന്നുകൊണ്ട് ഓണത്തെ എതിരേല്‍ക്കുകയാണ് മഹാകവി. അപ്പോള്‍ കാണുന്ന നിലാവിനെ ദേവന്മാരുടെ പരിഹാസമായി മഹാകവി രേഖപ്പെടുത്തിയിട്ടുമുണ്ട്.
 
മഹാബലിയെ മുന്‍നിര്‍ത്തി ഹിന്ദുമിഥോളജിയെ ചോദ്യം ചെയ്തത് വയലാര്‍ രാമവര്‍മ്മയാണ്. മഹാബലിയും പരശുരാമനും തമ്മില്‍ ഒരു യുദ്ധമെന്ന കവിതയിലാണ് അവതാരകഥകളിലെ അനൗചിത്യം വയലാര്‍ ചൂണ്ടിക്കാട്ടുന്നത്.
 
മഹാവിഷ്ണു എന്ന ഹിന്ദു ദൈവം മീനായും ആമയായും പന്നിയായും മനുഷ്യ സിംഹമായും അവതരിച്ചതിനുശേഷം വാമനന്റെ വേഷമെടുക്കുന്നു. അതിനു ശേഷമാണ് പരശുരാമാവതാരം. വാമനന്‍ അവതരിക്കുന്നത് കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനുവേണ്ടിയാണല്ലൊ. എന്നാല്‍ കേരളോല്‍പത്തിക്കഥയില്‍ പറയുന്നത് പരശുരാമന്‍ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചു എന്നാണ്. ഈ വൈരുദ്ധ്യമാണ് വലയാര്‍ പ്രമേയമാക്കിയത്.
 
 
അരൂരിനടുത്തുള്ള കായലോരത്ത് ആവണിവെട്ടം വീണപ്പോള്‍ അക്കരയ്ക്കു പോകാനായി ചങ്ങാടം കാത്തുനില്‍ക്കുന്ന മഹാബലി, സൃഷ്ടിക്കഥയുരുവിട്ട് നടക്കുന്ന പരശുരാമനെ ആകസ്മികമായി കാണുകയും ആ വൃദ്ധന്റെ സത്യനിഷേധങ്ങളെ നിരാകരിച്ചു കൊണ്ട് താനാരാണെന്നറിയാന്‍ നിനക്കുമുമ്പുണ്ടായ വാമനനോട് ചോദിക്കാന്‍ പറയുകയും ചെയ്യുന്നു. ദേവനോ ബ്രാഹ്മണനോ മഹര്‍ഷിയോ അല്ലെന്നും ഈ മണ്ണുപെറ്റ മനുഷ്യനാണ് താനെന്നും മഹാബലി വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തെ സ്പഷ്ടമാക്കുന്ന ഈ കവിതയില്‍, പരശുരാമനും മഹാബലിയും തമ്മില്‍ യുദ്ധം ചെയ്യുകയും പരശുരാമന്‍ തോല്‍ക്കുകയും ചെയ്യുന്നു. അതുവഴി വന്ന ചരിത്ര വിദ്യാര്‍ഥികള്‍ പരശുരാമനെ ചൂണ്ടി കള്ളനെ കണ്ടുവോ ക്കുന്നലനാടിനെ കൊള്ളയടിച്ച സംഘനേതാവിനെ എന്നും ഒന്നാമതായി പരദേശിവര്‍ഗത്തെ ഇന്നാട്ടിലെത്തിച്ച ഭാര്‍ഗവരാമനെ എന്നും പറയുന്നുണ്ട്. കാടായ കാടൊക്കെ വെട്ടിത്തെളിച്ചിട്ട കോടാലിയിന്നും കളഞ്ഞില്ല മൂപ്പില എന്നു പരിഹസിക്കുന്നുമുണ്ട്.
 
 
ഓണത്തെ വാമന ജയന്തിയാക്കി ചുരുക്കാന്‍ ഉള്ള ശ്രമം പോലും നടക്കുന്ന കേരളത്തില്‍ വൈലോപ്പിള്ളിയുടെയും വയലാറിന്റെയും കവിതകള്‍ ചെറുത്തു നില്‍പിന്റെ ശോഭ നല്‍കുന്നതാണ്.

Friday 17 August 2012

ആരാധനാലയങ്ങളും ശബ്ദമലിനീകരണവും

 കോളാമ്പികള്‍ വച്ച് അലറി സ്ഥിരമായി ശബ്ദശല്യമുണ്ടാക്കുന്നതിനെതിരെ കോടതി കയറിയത് ആലപ്പുഴയിലെ പി പി സുമനന്‍ എന്ന മനുഷ്യസ്‌നേഹിയാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ശബ്ദമലിനീകരണം സംബന്ധിച്ച് ആരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കുകയുണ്ടായി.
 
ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വലിയ കോളാമ്പികള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല പകരം ചുറ്റുപാടുമുള്ളവരില്‍ അറിയിപ്പുകള്‍ എത്തിക്കാനുതകുന്ന ചെറിയ ബോക്‌സുകളാണ് ഉപയോഗിക്കാവുന്നത്.
 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത് ഇതൊന്നും നടപ്പാക്കുന്നതേയില്ല. ഏറ്റവും വലിയ ശബ്ദമലിനീകരണം സ്ഥിരമായി സൃഷ്ടിക്കുന്നത് ആരാധനാലയങ്ങളാണ്.
 
ആരാധനാലയങ്ങളില്‍ത്തന്നെ ഹിന്ദു ക്ഷേത്രങ്ങളാണ് ഈ അക്രമത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്.
 
ശബ്ദമലിനീകരണം താരതമേ്യന കുറച്ചുമാത്രം സൃഷ്ടിക്കുന്നത് ഇസ്ലാം പ്രാര്‍ഥനാലയങ്ങളാണ്. വാങ്കു വിളിക്കുന്നതിനുവേണ്ടി ഒരു ദിവസം ഇരുപത്തിയഞ്ചു മിനിട്ടുപോലും അവര്‍ ഉപയോഗിക്കുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രഭാഷണങ്ങള്‍ക്കാണെങ്കില്‍ പല പള്ളികളിലും ഉച്ചഭാഷിണി പുറത്തേക്ക് വെച്ചിട്ടേയില്ല. വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മതപ്രസംഗങ്ങള്‍ക്ക് വലിയ ബോക്‌സുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഏതാനും ദിവസങ്ങളില്‍ രാത്രികളിലെ ചില മണിക്കൂറുകള്‍ക്കുള്ളിലേക്ക് ആ ഉയര്‍ന്ന ശബ്ദം ഒതുങ്ങാറുമുണ്ട്.
 
ശബ്ദമലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ക്രൈസ്തവ സഭകളാണ്. വിശേഷിച്ചും പെന്തക്കോസ്ത് വിഭാഗങ്ങള്‍. സുവിശേഷ പ്രചരണത്തിന്റെ ഭാഗമായും സ്ഥിരമായ ഞായര്‍ പ്രാര്‍ഥനയുടെ ഭാഗമായും അവര്‍ വലിയ ശബ്ദമലിനീകരണമാണ് നടത്തുന്നത്. പ്രാര്‍ഥിക്കുന്നവരെ ഉദ്ദേശിച്ചാണെങ്കില്‍ ഇത്രയും വലിയ ശബ്ദം ആവശ്യമില്ല. പ്രാര്‍ഥന പരലോകത്തു കേള്‍ക്കണമെന്ന ഉദ്ദേശമാണ് അവര്‍ക്കുള്ളതെന്ന് തോന്നിപ്പോകും.
 
ശബ്ദമലിനീകരണം ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്നത് ഹിന്ദു ആരാധനാലയങ്ങളാണ്. ക്ഷേത്രാചാരങ്ങളില്‍ ഒരിടത്തുപോലും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള സംഗീതാര്‍ച്ചനയെക്കുറിച്ച് പറയുന്നില്ലെങ്കിലും അവര്‍ ഒരു നിയമവും അനുസരിക്കാതെ അത്യുച്ചത്തില്‍ മൈക്ക്‌വച്ച് പാടിക്കുകയാണ്.
 
ഞായറാഴ്ച, വെള്ളിയാഴ്ച എന്ന വ്യത്യാസമൊന്നും കൂടാതെ എല്ലാ ദിവസവുമാണ് ഹിന്ദു ആരാധനാലയങ്ങളില്‍ നിന്നുള്ള സംഗീതാലര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെളുപ്പിന് അഞ്ചുമണിമുതല്‍ ഒന്‍പത് മണി വരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തുമണി വരെയുമാണ് ഈ ആരാധനാതിക്രമം നടത്തുന്നത്.
 
പരിസരത്ത് പഠിക്കുന്ന കുട്ടികളുണ്ട് രോഗികളും വൃദ്ധരുമുണ്ട് എന്നതൊന്നും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. ജീവിത തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടോ എന്നതു പോലും അവര്‍ക്ക് പ്രശ്‌നമല്ല. ശബരിമല, രാമായണ സീസണുകളില്‍ പതിനെട്ട് മണിക്കൂറിലധികമാണ് ഒരു നിയന്ത്രണവുമില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത്. പിന്നെ സഹസ്ര നാമാര്‍ച്ചന, ലക്ഷാര്‍ച്ചന, ഭാഗവത സപ്താഹം, ഗീതായജ്ഞം തുടങ്ങിയ പേരുകളില്‍ ഇരുപത്തിനാല് മണിക്കൂറും ശബ്ദമുണ്ടാക്കുകയാണ്.
 
നിശ്ചിത അളവിനപ്പുറമുള്ള ശബ്ദം സ്ഥിരമായി ശ്രവിക്കുന്നവരുടെ ശ്രവണ ശക്തിക്കു കേടു സംഭവിക്കുമല്ലൊ. മനുഷ്യന്റെ മാനസിക സ്വസ്ഥതയും ഇതുമൂലം ഇല്ലാതാകും. അമ്പല പരിസരത്ത് താമസിക്കുന്നവര്‍ക്ക് ഫോണ്‍ പോലും കേള്‍ക്കാന്‍ കഴിയാറില്ല.
 
ഇങ്ങനെ മറ്റുള്ളവരുടെ മാനസിക സ്വസ്ഥത തകര്‍ത്ത് മനുഷ്യാവകാശ ലംഘനം നടത്താനുള്ള അനുവാദം ക്ഷേത്ര ഭരണസമിതികള്‍ക്കുണ്ടോ? ഇല്ല എന്നാണ് പി പി സുമനന്റെ കേസ് തെളിയിക്കുന്നത്. പിന്നെന്തുകൊണ്ടാണ് ഈ അതിക്രമം നിര്‍ബ്ബാധം തുടരുന്നത്? ഈ ചോദ്യം നീതിനിര്‍വഹണം നടത്തേണ്ടവരോടും നമ്മുടെ പൗരാവകാശ ബോധത്തോടുമാണ് ചോദിക്കേണ്ടത്.
 
ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടേണ്ടിവരുന്ന ഒരു മറുചോദ്യമുണ്ട്. രാഷ്ട്രീയക്കാര്‍ നടത്തുന്ന ശബ്ദമലിനീകരണമോ? മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും രാവിലെ അഞ്ചു മണിമുതല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസും കേരളത്തിലില്ല.
 
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഗാനമേളക്കാരാണ് അസഹ്യമായ ശബ്ദം സൃഷ്ടിച്ച് സംഗീതം ആസ്വാദകന് നല്‍കേണ്ട സന്തോഷവും സ്വസ്ഥതയും നശിപ്പിക്കുന്നത്. ഇതും നിയന്ത്രിക്കേണ്ടതാണെങ്കിലും ആരാധനാലയങ്ങളിലെ പോലെ സ്ഥിരമല്ലല്ലോ എന്നൊരു സമാധാനമുണ്ട്.
 
വിശ്വാസത്തിന്റെ പേരിലുള്ള ഭീകര ശബ്ദാക്രമണത്തില്‍ നിന്നും ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.