Sunday 9 February 2014

ഉപ്പ

ഉപ്പ

------------
ഉപ്പ
പെടാപ്പാടു പെട്ട് 
കിട്ടിയതീ ചോറ് 

 ഉപ്പ
കടും വെട്ടു കൊണ്ട്
കെട്ടിയതീ വീട്

 ഉപ്പ
പുളിമുട്ടം കീറി
കുത്തിയ കിണറ്

 ഉപ്പ
തന്നമുത്തമാണെന്‍ 
നെറ്റിയിലെ പാമ്പ്‌.

 പെറ്റനാളിലുമ്മ പോയ
തീക്കരപ്പന്‍ ഞാന്
ഉപ്പ കോരിത്തന്നതാണ് 
ഞാന്‍ കുടിച്ച പാല്.

 മദ്രസ വിട്ടോടി വന്നു 
ഞാന്‍ കരഞ്ഞനാളില്‍ 
ചിത്ര പുസ്തകങ്ങള്‍
തന്ന്കൂട്ടിരുന്നെന്നുപ്പ.

 ബൈക്ക് മുട്ടി പ്ലാസ്ടറിട്ടു
ഞാന്‍ കിടന്ന മാസം
ഒപ്പരം കിടന്നു കഥ 
ചൊല്ലിത്തന്നെന്നുപ്പ. 

 മുത്തുനബിപ്പോര്‍കഥകള്‍ 
ബുദ്ധസന്ദേഹങ്ങള്‍
കൃഷ്ണദൂത്,സീതാവ്യഥ
ക്രിസ്തു സഞ്ചാരങ്ങള്‍.
ഒക്കെയും പിഴിഞൊഴിച്ചു
ജ്ഞാനദാഹം മാറ്റി 
സ്വപ്ന സ്വിച്ചില്‍ സ്പര്ശിച്ചെന്നും
വെട്ടമിട്ടെന്നുപ്പ.

 നിസ്കരിച്ചു പാതെറുത്ത് 
ശവ്വാല്‍ മേഘം പോകെ 
സല്‍ക്കരിച്ച തേന്‍ മഴയ്ക്ക് 
കൈ കൊടുത്തെന്നുപ്പ.

 നോക്കി നോക്കി കണ്ണുപോയ 
പാവമാമെന്നുപ്പ 
കൊച്ചുമൈലാഞ്ചിത്തണലില്‍ 
വിശ്രമിക്കും നേരം
ദുഃഖരക്തമുറഞ്ഞാറി 
നിന്ന മീസാന്‍കല്ല്‌ 
മുദ്ര വച്ച വാക്കിനാലെന്‍
മജ്ജയുരുക്കുന്നു.

നേത്രദാന പത്രികയില്‍ 
ഒപ്പുവച്ച ഞാനോ 
സ്നേഹനദി പ്പൂങ്കരയില്‍
കാത്തു കാത്തിരിപ്പൂ.

 ഉപ്പ
വിയര്‍പ്പുപ്പു തൂകി
ചോപ്പു ചേര്‍ത്ത റോസ

 ഉപ്പ
പുഞ്ചിരിച്ച കണ്ട്
വെള്ളയിട്ട മുല്ല

ഉപ്പ
കണ്ണുനീര് കൊണ്ട്
തീര്‍ത്തു മഞ്ഞുതുള്ളി

ഉപ്പ 
ചിന്തച്ചെന്തീ കൊണ്ട്
പൂട്ടിയെന്നടുപ്പ് .

ഉപ്പ
എന്റെയുപ്പയെനി-
ക്കുജ്ജ്വല നക്ഷത്രം.

ഉപ്പ
എന്റെയുപ്പയെനി-
ക്കക്ഷയ പാല്‍പാത്രം.

പെങ്ങള്‍സ്ഥാന്‍

പെങ്ങള്‍സ്ഥാന്‍

-----------------------------------------------
എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ
നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.

വീര ഭഗത്തിന്‍റെ ലാഹോര്‍,
ലജ്പത് റായ്
വീണ മണ്ണിന്‍റെ രക്താഭയും ഭാവവും
കാണാന്‍ കൊതി.

ഗസല്‍ ശീതമടിക്കുന്ന
ഗോതമ്പു പാടവും ഖൈബര്‍ ചുരത്തിന്‍റെ 
ഓര്‍മ്മയില്‍ കത്തും  ചരിത്രവും
പട്ടാളയാത്രയും ബോളാന്‍ റയില്‍ പഴമ്പാതയും
കാണാന്‍ കൊതി.

സിന്ധുതീരത്തു പണ്ടെന്‍റെ 
പൂര്‍വികര്‍ നാടും നഗരവും കൊത്തിയ
പൂവഴി,
ആര്യവേട്ടക്കാര്‍ തെറിപ്പിച്ച
ജീവിതമോടിമറഞ്ഞ മണ്‍ വീഥികള്‍ 
കാണാന്‍ കൊതി.

ഒറ്റപ്പുസ്തകം, വ്യാഖ്യാന ഭേദങ്ങള്‍ 
കയ്യില്‍ കൊടുത്ത ഗ്രനേഡിനാല്‍
തീ വീണ പാവം മനുഷ്യജന്മങ്ങളെ
കാണാന്‍ കൊതി.

പച്ചയിട്ട ചിനാബിന്‍റെ 
തീരത്തെ  പേരമരങ്ങള്‍
പാമീര്‍ മലയോരത്തു 
മേയുന്നൊരൊട്ടകക്കൂട്ടങ്ങള്‍ 
പെഷ് വാറിലെ പൊടിക്കാറ്റ്
കറാച്ചിയില്‍കപ്പലിറങ്ങിയ പര്‍വതാരോഹകര്‍ 
അല്ലാമ ഇഖ്ബാല്‍ മതിമറന്നുര്‍ദുവില്‍ 
കല്ലിനെ പൂവാക്കി  ന് ലാവ് കുടിപ്പിച്ച 
ടെന്റുകള്‍
താര്‍ മരുഭൂവിന്‍ തോളെല്ലുകള്‍
മഞ്ഞുതടാകം 
ബലൂചിപ്പെണ്‍ കുട്ടികള്‍ 
തൊങ്ങലിട്ടാടി വലംവച്ച ഹുക്കകള്‍
കാണാന്‍ കൊതി.

വാശി കൂര്‍പ്പിച്ച ഹോക്കിയും 
വീഴുന്നവിക്കറ്റും നോക്കിക്കയര്‍ക്കുന്ന  
ബാല്യ കൌമാരങ്ങള്‍ 
കാണാന്‍ കൊതി.

എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ 
നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.

Friday 7 February 2014

Old British Bungalow - Resurfaced From The Reservoir Of the Thenmala Dam

കാമറൂണിന്‍റെ കണ്ണാടി മാളിക

http://www.youtube.com/watch?v=bfQcOf73lyw

കാമറൂണിന്‍റെ കണ്ണാടി മാളിക
-------------------------------------------------
വേനല്‍ വേടന്‍ വിരല്‍ വെട്ടി-
യെറിഞ്ഞ കൂറ്റന്‍ ഞണ്ടിന്‍റെ 
തോടു പോലെ നിഷ്പന്ദമാം 
പരപ്പാര്‍ ഡാമില്‍
കൂണുകള്‍ പോല്‍ തെളിയുന്നു
കാട്ടുപോത്തിന്നസ്ഥിഖണ്ഡം
മാന്‍ കുളമ്പ്,പുലിപ്പല്ല് 
കരടിക്കാല് .
മ്ലാവിന്‍ കൊമ്പ്,കീലുപാത
മണല്‍ പൊന്ത,ചാറ്റുപാട്ടിന്‍
ഈണമൊത്തു താളമിട്ട 
കൈമണിക്കൂട്ടം.

ചാന്ദ്രലാവ ശീതമിട്ട 
രാവിലൊന്നില്‍ മുഖം കാട്ടി
കാമറൂണിന്‍ പ്രസിദ്ധമാം
ചില്ലുകൊട്ടാരം.

ബര്‍ലിനില്‍ നിന്നാഴി താണ്ടി
വന്ന മാന്യന്‍ കാമറൂണിന്‍ 
വന്യ സങ്കല്‍പ്പങ്ങളെല്ലാം 
ഫയലായ് മാറി.
ചെന്തുരുണിക്കാട്ടില്‍ നിന്നും
തെന്മലയില്‍ നിന്നുമെല്ലാം
വന്നു വീണു മുളങ്കൂട്ടം 
കടലാസ്സായി.

പെരുംകണ്ണാടി ബംഗ്ലാവില്‍ 
ഉയരുന്നു പരപ്പാറിന്‍ 
ഇടനെഞ്ചില്‍ ഫിഡിലിന്‍റെ 
ഭ്രാന്ത സംഗീതം.
ചില്ലുമേട കുലുങ്ങുന്ന 
നൃത്തഘോഷം,ശീമമദ്യം
തിങ്ങി മാറും ചഷകങ്ങള്‍ 
വാദ്യമേളങ്ങള്‍ .

ധ്വര പോയി നരി ചാരി
മുളഞ്ഞ വാതില്‍ പൊളിച്ച് 
ജലം കേറി മദം പൊട്ടി 
അണക്കെട്ടായി.

ഭീതി നീലക്കൊടി കെട്ടി
ഡാമിനുള്ളിലുറങ്ങിപ്പോയ് 
കാമറൂണിന്‍ ശ്വാസമുണ്ട 
ജലമാളിക.

ഇനി വര്‍ഷം തോറുമെത്തും 
കൊടും വേനല്‍,ജലശ്ശീല 
തെറുക്കുമ്പോള്‍ പല്ലിളിക്കും
സ്മാരകം കാണാന്‍
മക്കളെത്തും ,പ്രാണവായു 
സിലിണ്ടറില്‍ തോളിലിട്ട്‌
മക്കളുടെ മക്കളെത്തും 
മൃത്യുവുമെത്തും .