Saturday, 8 June 2013

ആന അന്ധരെ കാണുന്നുകൊമ്പിലേക്കുറ്റു നോക്കുന്നൊരന്ധൻ
ചിന്തയിൽ പുറം കമ്പോളമല്ലോ

പല്ലു കാണാൻ തിരക്കുന്നൊരന്ധൻ
ചന്തയിൽ മരുന്നാക്കുവാനല്ലോ

കാൽനഖങ്ങളിൽ ശ്രധയും നട്ട്‌
ആയിരം ഡോളർ കാണുന്നൊരന്ധൻ

വാലിൽ രോമത്തിലേക്കൊരന്ധന്റെ
മോതിരക്കൊതിയൂറുന്ന കണ്ണു.

നാലുകയ്യുള്ള ദൈവത്തിടമ്പും
പേറി,യെല്ലിൽ കുനിഞ്ഞിട്ടൊരന്ധൻ.

വന്നുപോകുന്ന ലിംഗവും കാത്ത്‌
പിന്നിലുണ്ട്‌ കാമാന്ധൻ,ഒരിന്ദ്രൻ.

മസ്തകത്തിലെ മുത്തെടുക്കുന്ന
സ്വപ്നവും കണ്ടു മുന്നിൽ ഒരന്ധൻ.

പിന്നെയൊട്ടും അമാന്തിച്ചതില്ല
ഛിന്നഭിന്നമായ്‌ കാൽച്ചങ്ങലകൾ.
കുടിനീരിനു യാചിച്ചപ്പോള്‍ പുരാണം വായിച്ചവര്‍
---------------------------------------------------------------
   മുന്‍പരിചയമില്ലാത്ത ഒരു വേനലാണ് കടന്നുപോയത്. മുപ്പതു വര്‍ഷം മുമ്പാണ് ഈ വേനലിന്റെ ഒരു കീശപ്പതിപ്പ് മലയാളി വായിച്ചത്. അന്ന് വിളകള്‍ കരിഞ്ഞു പോവുകയും കവുങ്ങുകള്‍ നെടുകെപിളരുകയും നീര്‍ച്ചാലുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ വേനല്‍ മഹാകവി വൈലോപ്പിള്ളിയുടെ ജലസേചനത്തെ ഓര്‍മ്മിപ്പിച്ചു. കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു, പുല്ലിന്റെ കാരിയമെന്തു ചൊല്‍വൂ എന്ന് അറിയാതെ പറഞ്ഞുപോയി. പാലക്കാട്ടെ കരിമ്പനകള്‍ തീക്കാറ്റുപിടിച്ചു സ്വയം കത്തി. തലയില്‍ തീയാളുന്ന നെടും ചുടലബ്ഭൂതം കണക്കെ എന്നു പറഞ്ഞതുപോലെ. വന്‍നദികള്‍ ഒഴുക്കുനിര്‍ത്തി. നിളാനദി നിസ്സഹായതയുടെ മണല്‍പ്പുതപ്പു ചൂടിക്കിടന്നു. തെന്മലഡാമിന്റെ ജലസംഭരണ പ്രദേശത്ത് നൂലിട്ടാല്‍ ആഴമറിയാത്ത അടിത്തട്ടില്‍ ആണ്ടുകിടന്ന കാമറൂണ്‍ സായിപ്പിന്റെ കണ്ണാടി മാളിക തെളിവെയിലില്‍ നഗ്നയായി ആകാശം നോക്കിനിന്നു. ചെറുകിളികള്‍ ചത്തുവീണു. വീണ്ടും വീണ്ടും കുഴിക്കപ്പെട്ട കിണറുകള്‍ മഹാബലിയുടെ പാതാളവഴിയെ ഓര്‍മ്മിപ്പിച്ചു. ജലവില്‍പ്പന സംഘങ്ങള്‍ ആവിര്‍ഭവിച്ചു. വഴിയോരത്ത്, വെള്ളം വണ്ടിയും കാത്ത് ആണും പെണ്ണും പ്ലാസ്റ്റിക് കുടങ്ങള്‍ നിരത്തിനിന്നു. കുടങ്ങളുടെ ക്യൂ രൂപപ്പെട്ടു.
        
       വള്ളിക്കുന്നത്ത് കവിത ചൊല്ലാന്‍ പോയപ്പോഴാണതു കണ്ടത്. ക്യൂ തെറ്റിച്ച കുടങ്ങളുടെ ഉടമകള്‍ തമ്മില്‍ കശപിശ. എല്ലാ വഴികളിലും നിറയെ ആളുകള്‍. കുടിനീരിനു വേണ്ടിയുള്ള നിലവിളി. വിരോധാഭാസം പോലെ അടുത്തൊരു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി അലറുന്നു. ഭാഗവത സപ്താഹയജ്ഞമാണത്രെ. റോം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ, കേരളം വേനല്‍ത്തീയില്‍ എരിഞ്ഞപ്പോള്‍ പലസ്ഥലങ്ങളിലും ഭാഗവത സപ്താഹം പൊടിപൊടിക്കുകയായിരുന്നു.

     എട്ടുദിക്കുകളിലേയ്ക്കും പാതാളത്തിലേയ്ക്കും ബഹിരാകാശത്തേക്കും കഴുത്തുനീട്ടിയ ഉച്ചഭാഷിണികള്‍. രാപ്പകലെന്യേ സംഗീതാലര്‍ച്ചയും പ്രബോധനവും. മറ്റുപണികളുപേക്ഷിച്ച് യജ്ഞപ്പന്തലിലെത്തുന്നവര്‍ക്ക് സീരിയലിനെ വെല്ലുന്ന കൃഷ്ണകഥകള്‍ പറഞ്ഞുകൊടുക്കും. സൗജന്യ ഭക്ഷണം. ദ്വാദശസ്‌കന്ധത്തിലെ കലികാലവര്‍ണനയില്‍ കൊടുംചൂടുമൂലം കുളിയുപേക്ഷിച്ച ജനതയെക്കുറിച്ചുപോലും പറഞ്ഞുകൊടുക്കും. വരള്‍ച്ചക്കാലത്തെ ഈ ദീവാളിക്കളിക്ക് ജലമെവിടെ നിന്നുകിട്ടി? വന്‍വിലകൊടുത്തുവാങ്ങിയത്.

      ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് വരള്‍ച്ച കൊണ്ടുപൊറുതിമുട്ടിയ മലയാളിക്കു മുകളില്‍ സപ്താഹത്തീ വര്‍ഷിച്ചത്. സപ്താഹത്തിനു ചെലവാക്കിയ ഭീമസംഖ്യയുടെ പകുതിയെങ്കിലും വിനിയോഗിച്ചെങ്കില്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ജനങ്ങള്‍ക്കെല്ലാം കുടിവെള്ളം നല്‍കാമായിരുന്നു. വിശ്വാസഭൂമിയിലെ പുണ്യവര്‍ഷം പൂത്തുലയുമായിരുന്നു. അന്യമതസ്ഥര്‍ക്കു കുടിവെള്ളം കിട്ടിയേക്കുമെന്നുള്ള ചിന്തയാണോ ധര്‍മ്മത്തിനു തടയിട്ടത്? വെള്ളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഭരണാധികാരികളെ ഏല്‍പ്പിച്ചിട്ട് പുരാണം വായിക്കുന്നത് ഉചിതമല്ലല്ലൊ.

      ജനങ്ങള്‍ ഉണ്ടെങ്കിലേ ആരാധനാലയങ്ങള്‍ ഉള്ളു. ജനങ്ങള്‍ വെന്തലറുമ്പോള്‍ ശ്രദ്ധിക്കാത്ത ആരാധനാലയങ്ങള്‍ അടിസ്ഥാനം മറന്നവയാണ്.
    
      ഭാഗവത സപ്താഹങ്ങള്‍ അവസാനിച്ചിട്ടും വരള്‍ച്ച മാറിയില്ല. പകരം ഡെങ്കിപ്പനി പടരുകയായിരുന്നു. പുണ്യ പ്രബോധനം കേട്ടവര്‍ പനിയുമായി ദൈവാങ്കണത്തിലേയ്ക്കു പോയില്ല. ആശുപത്രികള്‍ തിങ്ങിനിറയുകയാണ്. 
പുണ്യാഹം കുടിക്കുന്നതിനുപകരം മരുന്നും പപ്പായയിലയുടെ നീരും നാവിലിറ്റിക്കുകയാണ്. പപ്പായയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കിലും ഡെങ്കിയില്‍ നിന്നു രക്ഷപ്പെടാന്‍ ആ പാര്‍ശ്വവല്‍ക്കൃതമരം വേണമല്ലോ.
 JANAYUGAM