Sunday 29 January 2017

പെങ്ങൾസ്ഥാനിലേക്ക്‌ പറക്കുന്ന ഇന്ത്യൻ പക്ഷികൾ


പ്രീഡിഗ്രിക്കാലത്ത്‌ ഇന്ത്യാ ചരിത്രം പഠിപ്പിച്ച ദിവാകരൻസാറാണ്‌ അവിശ്വസനീയമായ ആ വാർത്ത പറഞ്ഞത്‌. സിന്ധുനദി പാകിസ്ഥാനിലാണ്‌.
കൗമാരക്കാരനായ എനിക്ക്‌ അന്ന്‌ ഇന്ത്യ എന്റെ മാതൃരാജ്യവും പാകിസ്ഥാൻ ശത്രുരാജ്യവുമായിരുന്നു. ഒരു ബോംബു കിട്ടിയിരുന്നെങ്കിൽ റാവൽപ്പിണ്ടിയിലോ കറാച്ചിയിലോ കൊണ്ടു ചെന്നിട്ട്‌ ആ രാജ്യത്തെ മുഴുവൻ ചാമ്പലാക്കണമെന്നായിരുന്നു അവിവേകിയായിരുന്ന എന്റെ ആഗ്രഹം. അപ്പോഴാണ്‌ ദിവാകരൻ സാർ ഞെട്ടിക്കുന്ന, സിന്ധുനദിയുടെ പാകിസ്ഥാൻ പൗരത്വത്തെക്കുറിച്ച്‌ പറഞ്ഞത്‌.
സ്റ്റാഫ്‌ റൂമിൽ അദ്ദേഹം വിശ്രമിക്കുന്ന സമയത്ത്‌ അസ്വസ്ഥതയോടെ ഞാൻ ചെന്നു കണ്ടു. ഒരുപക്ഷേ അദ്ദേഹത്തിന്‌ തെറ്റിയതാണെങ്കിലോ. ഞാൻ ചോദിച്ചു, സാർ പറഞ്ഞത്‌ ശരിയാണോ സിന്ധുനദി പാകിസ്ഥാനിലാണോ. നിർവികാരനായി അദ്ദേഹം പറഞ്ഞു, സിന്ധുനദി പാകിസ്ഥാനിലാണ്‌. അതിനു നീ ഇത്ര വിഷമിക്കുന്നതെന്തിന്‌?
എന്റെ മുത്തശ്ശന്മാരായ ദ്രാവിഡന്മാർ മുങ്ങിക്കുളിച്ച നദിയാണ്‌. എനിക്ക്‌ അവകാശപ്പെട്ടത്‌. മാത്രമല്ല, അവർ സംസ്കാരസമ്പന്നമായ ഒരു ജീവിത വ്യവസ്ഥ കെട്ടിയുയർത്തിയ മോഹൻജദാരോ പാകിസ്ഥാനിലാണ്‌. രവീനദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ പാകിസ്ഥാനിലാണ്‌.
ഇന്ത്യൻ യുവതലമുറയെ എക്കാലത്തും ആവേശം കൊള്ളിക്കുന്ന ഭഗത്സിങ്ങിന്റെ ജന്മഗൃഹവും ശവകുടീരവും പാകിസ്ഥാനിലാണ്‌. കൊല്ലം കരുനാഗപ്പള്ളിയിലെ ലാലാജി ലൈബ്രറിയുടെ വേരുകൾ തേടിപ്പോയാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വജ്രനക്ഷത്രമായ ലാലാ ലജ്പത്‌റായിയിലെത്തും. ലാലാ ലജ്പത്‌റായ്‌ അടികൊണ്ടുവീണ ലാഹോർ പാകിസ്ഥാനിലാണ്‌.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല അധ്യായങ്ങൾ രചിച്ച കറാച്ചി പാകിസ്ഥാനിലാണ്‌. ടാഗോറിന്റെ മനസിലേക്ക്‌ കാബൂളിവാല നടന്നുവന്ന വഴികൾ പാകിസ്ഥാനിലാണ്‌. സമരസംസ്കാരത്തിന്റെ അടയാളമായ പെഷ്‌വാർ പാകിസ്ഥാനിലാണ്‌. തക്ഷശിലപാകിസ്ഥാനിലാണ്‌.
ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇന്ത്യയാണെന്ന്‌ എഴുതിയ അല്ലാമ മുഹമ്മദ്‌ ഇഖ്ബാലിന്റെ ചിന്തയിൽ വിരിഞ്ഞ പരിശുദ്ധിയുടെ നാട്‌ എന്നർഥമുള്ള പാകിസ്ഥാൻ ഇന്ത്യയെ സംബന്ധിച്ച്‌ പെങ്ങൾസ്ഥാനാണ്‌.
യുദ്ധങ്ങൾ ഭരണകൂടങ്ങളുടെ ആവശ്യമാണ്‌. സാധാരണ ജനങ്ങളോ പട്ടാളകുടുംബങ്ങളോ യുദ്ധത്തെ അനുകൂലിക്കുന്നില്ല. ഓരോ ശവപ്പെട്ടി വീട്ടിലെത്തുമ്പോഴും ഇന്ത്യയിലേയും പാകിസ്ഥാനിലേയും അമ്മമാർ കരയുന്നത്‌ ഒരേ ഭാഷയിലാണ്‌. വെയിലിനോ കാറ്റിനോ നിലാവിനോ ഭരണകൂട ശത്രുതയില്ല. മേഘങ്ങൾക്കോ പക്ഷികൾക്കോ വൈദ്യുതീകരിച്ച കമ്പിവേലികൾ പ്രശ്നമല്ല.
1947 ന്‌ മുമ്പുള്ള പാകിസ്ഥാന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്‌. അന്നും ഇന്നും പ്രകൃതി ഇന്ത്യൻ വൻകരയുടേതാണ്‌.
പകയും കൊലയും നിലനിർത്തേണ്ടത്‌ ഇരു രാജ്യങ്ങളിലേയും ഹിന്ദു-ഇസ്ലാം മത തീവ്രവാദികളുടെ ആവശ്യമാണ്‌. സാധാരണ മതവിശ്വാസികൾക്കുപോലും ഇങ്ങനെയൊരു ആവശ്യമില്ല. മതവും രാഷ്ട്രീയവുമാണ്‌ ശത്രുത സൃഷ്ടിക്കുന്നത്‌.
ഹിന്ദുവർഗീയതയുടെ ഉസ്താദായിരുന്ന നാഥുറാം വിനായക ഗോഡ്സേയുടെ അനുയായികൾ ഇപ്പോഴും സൂക്ഷിക്കുന്നത്‌ അവിഭക്ത ഇന്ത്യയുടെ ഭൂപടമാണല്ലോ. ഗീതാപ്രഭാഷകനായിരുന്ന ചിന്മയാനന്ദന്റെ എബിസി സിദ്ധാന്തം പ്രസിദ്ധമായിരുന്നു. അഫ്ഗാനിസ്ഥാൻ, ബർമ, സിലോൺ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ ത്രികോണമാണ്‌ ചിന്മയാനന്ദൻ വരച്ചിട്ടത്‌. അതൊക്കെ അംഗീകരിക്കുന്നവര്‍ വർഗീയ വിരുദ്ധരോട്‌ പാകിസ്ഥാനിൽ പോകാൻ പറയുന്നത്‌ ഗോഡ്സേ നിന്ദയും ചിന്മയാനന്ദ നിന്ദയുമാണ്‌.
പാകിസ്ഥാനിലെ തൊഴിലാളിവർഗ മുന്നേറ്റത്തിന്‌ നേതൃത്വം നൽകിയ കമ്യൂണിസ്റ്റു മഹാകവിയായിരുന്നു ഫെയ്സ്‌ അഹമ്മദ്‌ ഫെയ്സ്‌. ലെനിൻ സമാധാന സമ്മാനം നൽകി സോവിയറ്റ്‌ യൂണിയൻ അദ്ദേഹത്തെ ആദരിച്ചിരുന്നു. നോബൽ സമ്മാനത്തിനും ഫെയ്സ്‌ പരിഗണിക്കപ്പെട്ടു. ഉർദു ഗസലുകളിലൂടെ പാകിസ്ഥാൻ ജനതയുടെ ഹൃദയത്തിലെ പൂമരമായി നിലകൊള്ളുന്ന ഫെയ്സ്‌ അഹമ്മദ്‌ ഫെയ്സിന്റെ സ്വപ്നങ്ങൾ സഫലമായില്ല. സ്വപ്നങ്ങൾ അവശേഷിക്കുകയാണ്‌.
പാകിസ്ഥാന്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ബംഗാളിലും ബോംബെയിലും നടന്ന ഉജ്ജ്വലസമരങ്ങൾ കൊണ്ടുകൂടിയാണ്‌. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ലാഹോറിലും കറാച്ചിയിലും നടന്ന സമരങ്ങൾ കൊണ്ടുകൂടിയാണ്‌.
ഇന്ത്യാക്കാർ പാകിസ്ഥാൻ സന്ദർശിക്കുന്നതും പാകിസ്ഥാൻകാർ ഇന്ത്യ സന്ദർശിക്കുന്നതും പരസ്പരസൗഹൃദം മാത്രമല്ല ചരിത്രാവബോധവും ഉണ്ടാക്കിത്തരും.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും എന്നേ ചൊടിച്ചു പിരിഞ്ഞ നേർപെങ്ങളാണ്‌ പാകിസ്ഥാൻ. ശത്രുതയ്ക്കപ്പുറം സ്നേഹത്തിന്റെ പതാകയാണ്‌ പാറേണ്ടത്‌. 

ബദാം പഗോഡ


കൊടും വെയില്‍
ബദാം പഗോഡയില്‍ ഒരു
കിളിക്കുടുംബത്തിന്‍
സ്വരസമ്മേളനം.

ഹരിതജാലകം തുളച്ച് ചൂടിലേ-
ക്കെറിയുന്നുണ്ടവ
തണുത്ത വാക്കുകള്‍.

അതു പെറുക്കി ഞാന്‍
തുടച്ചു നോക്കുമ്പോള്‍
മൊഴികളൊക്കെയും
പ്രണയസൂചകം.

ചിലതില്‍ ജീവിതം
ദുരിതമെന്നൊരു
പരിതാപത്തിന്റെ
കഠിനവാചകം.

ഒരു കുഞ്ഞിക്കിളി
കരീലത്തൂവലാല്‍
ചിതറുന്നുണ്ടേതോ
വിഷാദ ദ്രാവകം.

ചിലതില്‍ വാത്സല്യം
ചിലതില്‍ നൈര്‍മ്മല്യം
പലതിലും തലതിരിഞ്ഞ വിസ്മയം.

ഒരു കിളി
ബുദ്ധകഥകള്‍ ചൊല്ലുന്നു
മറുകിളി
യുദ്ധവ്യഥകള്‍ പെയ്യുന്നു.

ഉയര്‍ന്ന ചില്ലയിലൊരുത്തന്‍
ചെന്നിരുന്നടയാളപ്പാട്ടിന്‍
വരി കൊരുക്കുന്നു.

വളഞ്ഞ കൊമ്പിന്മേലൊരുത്തി
മുട്ടകള്‍ തുലഞ്ഞതോര്‍ക്കുന്നു
ചിലച്ചു തേങ്ങുന്നു.

പൊടുന്നനെ
ജീവഭയത്തിന്‍ കാഹളം
മനുഷ്യസാമീപ്യം
മഴുവിന്‍ സാന്നിദ്ധ്യം

Saturday 21 January 2017

രക്തസാക്ഷിയുടെ മകള്‍


കരയ്ക്കും വരയ്ക്കും
ഇടയ്ക്കായ് പിടയ്ക്കും
കടല്‍ കണ്ടുനില്‍ക്കെ
പെരുങ്കാറ്റിരമ്പം.

കടല്‍
ചങ്ങലയ്ക്കിട്ടൊരസ്വസ്ഥ ജന്മം
തുടല്‍പ്പാടുരുമ്മുന്നു ദീര്‍ഘനിശ്വാസം.

തിരപ്പത്തി പൊട്ടിത്തെറിപ്പതും നോക്കി
കനല്‍ക്കണ്ണിലാപത്തു കത്തിച്ചു കാട്ടി
കരയ്ക്കുണ്ടൊരുത്തി.

കരിക്കട്ട കാലപ്പെരുക്കങ്ങള്‍ രാകി
കടുംവജ്രമാക്കി ജ്വലിപ്പിച്ച പോലെ
കരയ്ക്കുണ്ടൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ചരിത്രം ചവിട്ടിക്കുഴച്ചിട്ട മണ്ണില്‍
പവിത്രാക്ഷരങ്ങള്‍ കടിച്ചും ചവച്ചും
ചിലച്ചും ചലിച്ചും
നിഴല്‍ക്കൂത്തു പോലെ
മനുഷ്യാസ്ഥികൂടം ചിരിക്കുന്ന ചിത്രം
വരച്ചും തെളിച്ചും
കയര്‍ക്കുന്നൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ഇവള്‍ക്കില്ല കൂടം
ഉണക്കമീന്‍ പാടം മണക്കുന്ന വേനല്‍
ചലച്ചിത്രഗാനം ത്രസിക്കുന്ന
പെണ്ണുടല്‍ച്ചാനല്‍ പെരുംവല.

ഇവള്‍ക്കില്ല രക്ഷകന്‍ ക്രിസ്തു
പുറമ്പോക്കു വസ്തു
പശു, ചിട്ടി, പാട്ടം, പ്രമാണം.

ഇവള്‍ക്കില്ലുറങ്ങാനുമുണ്ണാനു മല്‍പ്പം
കുടിക്കാനുമില്ലൊന്നുടുക്കാനുമില്ല.
ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ജനിക്കാന്‍ വിശക്കാന്‍ മരിക്കാന്‍
മനുഷ്യര്‍ക്കിടംകൊണ്ട ഭൂവില്‍
ചുമച്ചും കിതച്ചും വിയര്‍ത്തും കലപ്പ-
ത്തലപ്പില്‍ പിടിച്ചും തിളയ്ക്കുന്ന നേരം
വിയര്‍ക്കാതെയന്നം ഭുജിക്കുന്നവര്‍ക്കായ്
കസേരക്കിടക്ക കൊടുക്കുന്ന രാവില്‍
എതിര്‍ത്തോനെയുന്നം പിഴയ്ക്കാതെ നിര്‍ത്തി
വെടിച്ചില്ലിലെല്ലാം തകര്‍ക്കുന്ന നാളില്‍
മുകില്‍നെറ്റി പൊട്ടിപ്പിളര്‍ന്നേറെ നേരം
കൊഴുക്കും മഴയ്ക്കും തഴയ്ക്കും ചളിക്കും
മനസ്സില്ലയെന്നു മറുത്തുഗ്രവാദ-
ക്കൊടിക്കൂറ കെട്ടിപ്പറത്തുന്നൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

നെഞ്ചത്തു മുന്നോട്ടു മുന്നോട്ടു പായും
ജനങ്ങള്‍ മനങ്ങള്‍
ജ്വരത്തീവനങ്ങള്‍.
വീഴുന്നതഛന്‍
തലച്ചോറു കീറിത്തെറിക്കുന്നു ചോര
മണല്‍ക്കൂനയില്‍ നിന്നു
ചാലുചാലായിട്ടൊലിക്കു-
ന്നുണങ്ങാത്തൊരാ രക്തധാര.

ആര്‍ത്തലച്ചമ്മ വീണപ്പോള്‍ മുലക്കണ്ണി-
ലാര്‍ത്തിയോടെ ചുണ്ടമര്‍ത്തിക്കരഞ്ഞോള്‍
ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

ഉപ്പും പരിപ്പും ഉഴക്കരിച്ചോറും
കപ്പയും മീനും മരുന്നും പിടിക്കാന്‍
അച്ഛന്‍ പടപ്പെട്ട ചാവേര്‍ ചരിത്രം
പൊട്ടിച്ചിരിച്ചു തിരസ്ക്കരിക്കുമ്പോള്‍
ഉള്ളില്‍ ഇറങ്ങിക്കറങ്ങിപ്പുറത്തേക്ക്
തെന്നി വീഴാറുണ്ട്‌ നൊമ്പരം പമ്പരം.
പമ്പരക്കാലില്‍ കുഴിഞ്ഞന്തി പൊട്ടി-
പ്പനയ്ക്കുന്ന ചോരയ്ക്കു സാക്ഷ്യപ്പെടുത്താന്‍
ഉറയ്ക്കാത്ത മണ്ണ് മറയ്ക്കാത്ത കണ്ണ്
തുലയ്ക്കെന്നു ചീര്‍ക്കുന്ന വാക്കിന്റെ മുള്ള്.

ഇവള്‍ക്കെന്റെ നേരിന്റെ
ജീവല്‍പ്പതാക
കൊടും നോവു പൊട്ടി-
ക്കിളിര്‍ക്കുന്ന ഗാഥ
ഇവള്‍ക്കെന്റെ പ്രാണന്റെ
വീരാഭിവാദ്യം-
തുടിക്കുന്ന ബോധക്കറുപ്പിന്റെ വാദ്യം.

കടല്‍
കുങ്കുമം വിറ്റ വ്യാപാരികള്‍ക്കായ്
ഇരുള്‍ക്കമ്പളങ്ങള്‍ വിരിച്ചലയ്ക്കുമ്പോള്‍
മുടിക്കെട്ടു കാറ്റത്തഴിച്ചിട്ടു ചിക്കി
വെടിക്കെട്ടു നെഞ്ചത്തമര്‍ത്തിച്ചിലമ്പി
കരയ്ക്കുണ്ടൊരുത്തി.

ഇവള്‍
രക്തസാക്ഷിയുടെ ഓമനപ്പുത്രി.

Friday 13 January 2017

അവാർഡു തുകയായി വണ്ടിച്ചെക്കും ഭാഗ്യക്കുറി ടിക്കറ്റും



പുനലൂർ ബാലൻ അവാർഡ്‌ സമർപ്പണ സമ്മേളനത്തിൽ വച്ച്‌, കലയിലും സാഹിത്യത്തിലും അതീവ താൽപര്യമുള്ള കമ്യൂണിസ്റ്റ്‌ നേതാവ്‌ പന്ന്യൻ രവീന്ദ്രനാണ്‌ സദസിനെ ഞെട്ടിച്ച ആ വിവരം പുറത്തുവിട്ടത്‌. തലസ്ഥാനത്തെ ഒരു അവാർഡ്‌ കമ്മിറ്റി ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്‌ അവാർഡ്‌ തുകയായി നൽകിയത്‌ വണ്ടിച്ചെക്കായിരുന്നു.

അവാർഡു കൈപ്പറ്റി ഒരു മാസത്തിനുശേഷം മാധ്യമപ്രവർത്തകൻ പന്ന്യൻ സഖാവിനെ വിളിക്കുന്നു. തുകയായി നൽകിയ 25000 രൂപ വണ്ടിച്ചെക്കായിരുന്നു എന്നറിയിക്കുന്നു. അദ്ദേഹം ഉടൻതന്നെ സംഘാടകരുമായി ബന്ധപ്പെടുകയും അഞ്ച്‌ ദിവസത്തിനുള്ളിൽ ബാങ്കിൽ പണം നിക്ഷേപിപ്പിച്ച്‌ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

കേരളത്തിലുള്ള കാക്കത്തൊള്ളായിരം അവാർഡ്‌ കമ്മിറ്റിക്കാർ ഇത്തരം പണികൾ പറ്റിക്കാറുണ്ട്‌. ചിലരാകട്ടെ അവാർഡിന്‌ ഇരയാകുന്ന ആളുടെ തന്നെ ചെക്കു വാങ്ങി കവറിലിട്ട്‌ ഒട്ടിച്ച്‌ പ്രമുഖ വ്യക്തികളെക്കൊണ്ട്‌ മാന്യമായിത്തന്നെ തിരിച്ചു നൽകാറുമുണ്ട്‌.

എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കും അവാർഡുകളോട്‌ കലശലായ ആഭിമുഖ്യം ഉണ്ടെന്നു തോന്നുന്നു. വലിയ സ്വാധീനമുള്ള ആളുകൾ അവാർഡു കമ്മിറ്റിക്കാരെ സ്വയം നിർദേശിച്ച്‌ അവരാൽ സമ്മാനിതരാകാറുമുണ്ടത്രേ.

അവാർഡിന്റെ ആധിക്യമുണ്ടാവുകയും കമ്പോള നിലവാരം, ചരമം, ക്ലാസിഫെഡ്‌ പരസ്യങ്ങൾ തുടങ്ങിയവ പോലെ സ്ഥിരമായി അവാർഡ്‌ വാർത്ത കൊടുക്കേണ്ടി വരികയും ചെയ്ത ഘട്ടത്തിലാണ്‌ 5000 രൂപയെങ്കിലും തുകയില്ലാത്ത അവാർഡ്‌ വാർത്തകൾ ഒഴിവാക്കാൻ പത്രക്കാർ തീരുമാനിച്ചത്‌. ഇവിടെയും വേട്ടക്കാരനും ഇരയും തമ്മിൽ ഒരു ധാരണയുണ്ടാക്കി പത്രക്കാരെ കബളിപ്പിക്കാറുണ്ട്‌. അയ്യായിരം രൂപയെന്ന്‌ പ്രഖ്യാപിക്കും. കാലിക്കവർ സമ്മാനിക്കും. ഈ ഘട്ടത്തിലാണ്‌ എറണാകുളത്തെ ഫ്രീതോട്ട്‌ അവാർഡ്‌ കമ്മിറ്റിക്കാർ കവറില്ലാതെ നോട്ടുകൾ ഉയർത്തിക്കാട്ടി സമ്മാനിതർക്ക്‌ നൽകിക്കൊണ്ട്‌ മാതൃകയായത്‌.

ഒറ്റത്തവണ മാത്രം ആർഭാടത്തോടെ കൊണ്ടാടപ്പെടുന്ന അവാർഡുകളുണ്ട്‌. അവാർഡ്‌ ജേതാവ്‌ തന്നെയാണ്‌ ഇതിന്റെ പിന്നിലുള്ള സംഘാടകൻ. എല്ലാ എഡിഷനിലും വാർത്ത വരാനായി പത്രാധിപ സമിതിയിലുള്ളവർക്കു തന്നെ അവാർഡ്‌ പ്രഖ്യാപിക്കുന്ന വിദ്യയും നിലവിലുണ്ട്‌. ഉഴവുചാലിൽ ശശിസ്മാരക പുരസ്കാരം മുഖ്യപത്രാധിപർക്ക്‌ പ്രഖ്യാപിച്ചാൽ ഉഴവുചാലിൽ ശശിയും സംഘാടകരും ഒറ്റദിവസംകൊണ്ട്‌ മലയാളികളുടെ ശ്രദ്ധയിൽപ്പെടും. മുപ്പത്തിരണ്ട്‌ നാഴികകൊണ്ട്‌ ഈ അഭ്യാസം വിസ്മൃതപ്പെടും എന്നത്‌ വേറെ കാര്യം.

അവാർഡ്‌ പരിഗണനയ്ക്കായി പുസ്തകങ്ങൾ ക്ഷണിക്കുന്ന രീതിയാണ്‌ മറ്റൊന്ന്‌. അഭിമാനികളായ എഴുത്തുകാർ ആരും തന്നെ പുസ്തകം അയയ്ക്കും എന്നു തോന്നുന്നില്ല. അതിനാൽ സംഘാടകർ ഉദ്ദേശിച്ചവർക്ക്‌ തന്നെ അവാർഡുകൾ നൽകുകയും ചെയ്യാം.

ഒരു പ്രമുഖ കവിക്ക്‌ കോട്ടയത്തു നിന്നും ലഭിച്ച അവാർഡ്‌ കവർ തുറന്നു നോക്കിയപ്പോൾ തുകയ്ക്ക്‌ പകരം ഒരു ഭാഗ്യക്കുറി ടിക്കറ്റായിരുന്നു. അടിച്ചാൽ കോടികൾ കിട്ടും എന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

എഴുത്തുകാരന്‌ പണം ആവശ്യമുണ്ട്‌. വിലയേറിയ പുസ്തകങ്ങൾ വാങ്ങി വായിച്ച്‌ സ്വയം നവീകരിക്കണമെങ്കിൽ പണം വേണം. പ്രായമായ എഴുത്തുകാരാണെങ്കിൽ ഔഷധം വാങ്ങാനും മറ്റും ഈ പണം ഉപകരിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ അവാർഡ്‌ തുക ചെലവഴിക്കുന്ന എഴുത്തുകാരുണ്ട്‌. അവർക്ക്‌ അങ്ങനെയുമാകാം. ജ്ഞാനപീഠ പുരസ്കാരം കിട്ടിയ തുക ഉപയോഗിച്ച്‌ ഓടക്കുഴൽ അവാർഡ്‌ സ്ഥാപിച്ച മഹാകവി ജി ശങ്കരക്കുറുപ്പ്‌ ഉദാത്ത മാതൃകയാണ്‌. എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന എം എ റഹ്മാനെപ്പോലുള്ളവർക്ക്‌ അത്‌ ലഭിക്കുമ്പോൾ അവാർഡ്‌ തുകയുടെ മൂല്യം വിനിയോഗ മഹത്വംകൊണ്ട്‌ വർധിക്കുക തന്നെ ചെയ്യും.

പുനലൂർ ബാലൻ ഫൗണ്ടേഷൻ, മുഖ്യാതിഥിയായിരുന്ന പന്ന്യൻ രവീന്ദ്രന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട്‌ അവാർഡ്‌ തുക നൽകുക തന്നെ ചെയ്തു.