Friday, 13 January 2017

അവാർഡു തുകയായി വണ്ടിച്ചെക്കും ഭാഗ്യക്കുറി ടിക്കറ്റുംപുനലൂർ ബാലൻ അവാർഡ്‌ സമർപ്പണ സമ്മേളനത്തിൽ വച്ച്‌, കലയിലും സാഹിത്യത്തിലും അതീവ താൽപര്യമുള്ള കമ്യൂണിസ്റ്റ്‌ നേതാവ്‌ പന്ന്യൻ രവീന്ദ്രനാണ്‌ സദസിനെ ഞെട്ടിച്ച ആ വിവരം പുറത്തുവിട്ടത്‌. തലസ്ഥാനത്തെ ഒരു അവാർഡ്‌ കമ്മിറ്റി ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്‌ അവാർഡ്‌ തുകയായി നൽകിയത്‌ വണ്ടിച്ചെക്കായിരുന്നു.

അവാർഡു കൈപ്പറ്റി ഒരു മാസത്തിനുശേഷം മാധ്യമപ്രവർത്തകൻ പന്ന്യൻ സഖാവിനെ വിളിക്കുന്നു. തുകയായി നൽകിയ 25000 രൂപ വണ്ടിച്ചെക്കായിരുന്നു എന്നറിയിക്കുന്നു. അദ്ദേഹം ഉടൻതന്നെ സംഘാടകരുമായി ബന്ധപ്പെടുകയും അഞ്ച്‌ ദിവസത്തിനുള്ളിൽ ബാങ്കിൽ പണം നിക്ഷേപിപ്പിച്ച്‌ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

കേരളത്തിലുള്ള കാക്കത്തൊള്ളായിരം അവാർഡ്‌ കമ്മിറ്റിക്കാർ ഇത്തരം പണികൾ പറ്റിക്കാറുണ്ട്‌. ചിലരാകട്ടെ അവാർഡിന്‌ ഇരയാകുന്ന ആളുടെ തന്നെ ചെക്കു വാങ്ങി കവറിലിട്ട്‌ ഒട്ടിച്ച്‌ പ്രമുഖ വ്യക്തികളെക്കൊണ്ട്‌ മാന്യമായിത്തന്നെ തിരിച്ചു നൽകാറുമുണ്ട്‌.

എഴുത്തുകാർക്കും സാംസ്ക്കാരിക പ്രവർത്തകർക്കും അവാർഡുകളോട്‌ കലശലായ ആഭിമുഖ്യം ഉണ്ടെന്നു തോന്നുന്നു. വലിയ സ്വാധീനമുള്ള ആളുകൾ അവാർഡു കമ്മിറ്റിക്കാരെ സ്വയം നിർദേശിച്ച്‌ അവരാൽ സമ്മാനിതരാകാറുമുണ്ടത്രേ.

അവാർഡിന്റെ ആധിക്യമുണ്ടാവുകയും കമ്പോള നിലവാരം, ചരമം, ക്ലാസിഫെഡ്‌ പരസ്യങ്ങൾ തുടങ്ങിയവ പോലെ സ്ഥിരമായി അവാർഡ്‌ വാർത്ത കൊടുക്കേണ്ടി വരികയും ചെയ്ത ഘട്ടത്തിലാണ്‌ 5000 രൂപയെങ്കിലും തുകയില്ലാത്ത അവാർഡ്‌ വാർത്തകൾ ഒഴിവാക്കാൻ പത്രക്കാർ തീരുമാനിച്ചത്‌. ഇവിടെയും വേട്ടക്കാരനും ഇരയും തമ്മിൽ ഒരു ധാരണയുണ്ടാക്കി പത്രക്കാരെ കബളിപ്പിക്കാറുണ്ട്‌. അയ്യായിരം രൂപയെന്ന്‌ പ്രഖ്യാപിക്കും. കാലിക്കവർ സമ്മാനിക്കും. ഈ ഘട്ടത്തിലാണ്‌ എറണാകുളത്തെ ഫ്രീതോട്ട്‌ അവാർഡ്‌ കമ്മിറ്റിക്കാർ കവറില്ലാതെ നോട്ടുകൾ ഉയർത്തിക്കാട്ടി സമ്മാനിതർക്ക്‌ നൽകിക്കൊണ്ട്‌ മാതൃകയായത്‌.

ഒറ്റത്തവണ മാത്രം ആർഭാടത്തോടെ കൊണ്ടാടപ്പെടുന്ന അവാർഡുകളുണ്ട്‌. അവാർഡ്‌ ജേതാവ്‌ തന്നെയാണ്‌ ഇതിന്റെ പിന്നിലുള്ള സംഘാടകൻ. എല്ലാ എഡിഷനിലും വാർത്ത വരാനായി പത്രാധിപ സമിതിയിലുള്ളവർക്കു തന്നെ അവാർഡ്‌ പ്രഖ്യാപിക്കുന്ന വിദ്യയും നിലവിലുണ്ട്‌. ഉഴവുചാലിൽ ശശിസ്മാരക പുരസ്കാരം മുഖ്യപത്രാധിപർക്ക്‌ പ്രഖ്യാപിച്ചാൽ ഉഴവുചാലിൽ ശശിയും സംഘാടകരും ഒറ്റദിവസംകൊണ്ട്‌ മലയാളികളുടെ ശ്രദ്ധയിൽപ്പെടും. മുപ്പത്തിരണ്ട്‌ നാഴികകൊണ്ട്‌ ഈ അഭ്യാസം വിസ്മൃതപ്പെടും എന്നത്‌ വേറെ കാര്യം.

അവാർഡ്‌ പരിഗണനയ്ക്കായി പുസ്തകങ്ങൾ ക്ഷണിക്കുന്ന രീതിയാണ്‌ മറ്റൊന്ന്‌. അഭിമാനികളായ എഴുത്തുകാർ ആരും തന്നെ പുസ്തകം അയയ്ക്കും എന്നു തോന്നുന്നില്ല. അതിനാൽ സംഘാടകർ ഉദ്ദേശിച്ചവർക്ക്‌ തന്നെ അവാർഡുകൾ നൽകുകയും ചെയ്യാം.

ഒരു പ്രമുഖ കവിക്ക്‌ കോട്ടയത്തു നിന്നും ലഭിച്ച അവാർഡ്‌ കവർ തുറന്നു നോക്കിയപ്പോൾ തുകയ്ക്ക്‌ പകരം ഒരു ഭാഗ്യക്കുറി ടിക്കറ്റായിരുന്നു. അടിച്ചാൽ കോടികൾ കിട്ടും എന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

എഴുത്തുകാരന്‌ പണം ആവശ്യമുണ്ട്‌. വിലയേറിയ പുസ്തകങ്ങൾ വാങ്ങി വായിച്ച്‌ സ്വയം നവീകരിക്കണമെങ്കിൽ പണം വേണം. പ്രായമായ എഴുത്തുകാരാണെങ്കിൽ ഔഷധം വാങ്ങാനും മറ്റും ഈ പണം ഉപകരിക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ അവാർഡ്‌ തുക ചെലവഴിക്കുന്ന എഴുത്തുകാരുണ്ട്‌. അവർക്ക്‌ അങ്ങനെയുമാകാം. ജ്ഞാനപീഠ പുരസ്കാരം കിട്ടിയ തുക ഉപയോഗിച്ച്‌ ഓടക്കുഴൽ അവാർഡ്‌ സ്ഥാപിച്ച മഹാകവി ജി ശങ്കരക്കുറുപ്പ്‌ ഉദാത്ത മാതൃകയാണ്‌. എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന എം എ റഹ്മാനെപ്പോലുള്ളവർക്ക്‌ അത്‌ ലഭിക്കുമ്പോൾ അവാർഡ്‌ തുകയുടെ മൂല്യം വിനിയോഗ മഹത്വംകൊണ്ട്‌ വർധിക്കുക തന്നെ ചെയ്യും.

പുനലൂർ ബാലൻ ഫൗണ്ടേഷൻ, മുഖ്യാതിഥിയായിരുന്ന പന്ന്യൻ രവീന്ദ്രന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട്‌ അവാർഡ്‌ തുക നൽകുക തന്നെ ചെയ്തു.

1 comment:

  1. എഴുത്തുകാരന്‌ പണം ആവശ്യമുണ്ട്‌. വിലയേറിയ പുസ്തകങ്ങൾ വാങ്ങി വായിച്ച്‌ സ്വയം നവീകരിക്കണമെങ്കിൽ പണം വേണം. പ്രായമായ എഴുത്തുകാരാണെങ്കിൽ ഔഷധം വാങ്ങാനും മറ്റും ഈ പണം ഉപകരിക്കും.

    ReplyDelete