Wednesday 27 November 2019

മക്കളെ മനുഷ്യരായി വളര്‍ത്തിയാലെന്താ?


മത പ്രസംഗ വേദികളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പല്ലവിയാണ് മക്കളെ മതബോധം ഉള്ളവരായി വളര്‍ത്തണമെന്നത്. കേരളത്തില്‍ പ്രചാരത്തിലുള്ള മൂന്നു മതക്കാര്‍ക്കും ഇതില്‍ അഭിപ്രായവ്യത്യാസമില്ല.

ഏതുമതം എന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസം ഇല്ല.അവരവരുടെ മതം. ഒരു കുട്ടി,ഏതു മതവിശ്വാസികളുടെ കുഞ്ഞായിട്ടാണോ ജനിക്കുന്നത്, ആ മതബോധത്തില്‍ വളര്‍ത്തണം.

മതം മാറണമെന്നു തോന്നിയാലോ? അതിനെ എല്ലാമതക്കാരും സ്വാഗതം ചെയ്യുന്നുമുണ്ട്. അപ്പോള്‍ തെരഞ്ഞെടുക്കേണ്ട മതം ഏതാണ്? ഇസ്ലാം മതത്തില്‍ ജനിച്ച ഒരാള്‍ ഹിന്ദുമതം സ്വീകരിച്ചാല്‍ ഹിന്ദുമതക്കാര്‍ക്ക് ഇഷ്ടവും ഇസ്ലാം മതക്കാര്‍ക്ക് അനിഷ്ടവുമാണ്. ക്രിസ്തുമതത്തില്‍ പെട്ട ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ ക്രിസ്തുമതക്കാര്‍ക്ക് അനിഷ്ടവും ഇസ്ലാം മതക്കാര്‍ക്ക് ഇഷ്ടവുമാണ്. 

സ്നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മതങ്ങള്‍ മതാതീത വിവാഹങ്ങളെയോ പ്രണയത്തെയൊ അംഗീകരിക്കുന്നുമില്ല. അപ്പോള്‍ മതത്തിന്റെ നിഘണ്ടുവില്‍ സ്നേഹത്തിന്‍റെ അര്‍ത്ഥം എന്താണ്? അവരവരുടെ മതം എന്നത് മാത്രമാണ്. 

ദൈവത്തെ കുറിച്ചും ഇതേ കാഴ്ചപ്പാടാണ് മതങ്ങള്‍ക്ക് ഉള്ളത്. അവരവരുടെ മതമാണ്‌ ശരി. നാരായണഗുരുവിന്റെ മിക്ക സൂക്തങ്ങളും ശരിയെന്നു സമ്മതിക്കുന്ന മതങ്ങള്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന കാഴ്ചപ്പാട് അംഗീകരിക്കുകയില്ല. അവരവരുടെ മതത്തില്‍ കൂടിമാത്രമേ നന്നാവൂ.അതുകൊണ്ടാണ്, ആളുകൊള്ളാം എങ്കിലും ഗാന്ധിക്ക് മതങ്ങള്‍  നരകം അലോട്ട് ചെയ്തിട്ടുള്ളത്.

അവരവരുടെ മത ഗ്രന്ഥങ്ങളില്‍ എല്ലാം ഉള്ളതിനാല്‍ മറ്റൊരു ഗ്രന്ഥവും വായിക്കരുതെന്നു നിര്‍ബ്ബന്ധിക്കുന്നവര്‍ പോലുമുണ്ട്.
മനുഷ്യന്റെ വായനാസക്തിക്ക് മതങ്ങള്‍ വിലങ്ങു വയ്ക്കുന്നു.
ശാസ്ത്ര ഗ്രന്ഥങ്ങള്‍ മതബോധനത്തിന് പുറത്താണ്. മതഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കാനുള്ള അച്ചടിവിദ്യ പോലും ശാസ്ത്രത്തിന്‍റെ സംഭാവനയാണെന്ന കാര്യം അവര്‍ ബോധപൂര്‍വം മറക്കുന്നു.

മതബോധം കുത്തിവച്ചു വളര്‍ത്തപ്പെടുന്ന ഒരു കുട്ടി, മതമൌലികവാദത്തിലേക്ക് എത്തപ്പെടും. മത തീവ്രവാദത്തിന്റെ മണ്ണ് അതാണ്‌. സൂക്ഷിച്ചില്ലെങ്കില്‍ അതിവേഗം മതതീവ്രവാദത്തില്‍ എത്താം.ഏതു മതതീവ്രവാദവും മനുഷ്യനും സമാധാനത്തിനും എതിരാണ്.സ്വര്‍ഗ്ഗപ്രാപ്തി എന്ന മൂഢവിശ്വാസത്തിനു അടിമയാകുന്ന തീവ്രവാദി, കൊല്ലാനും കൊല്ലപ്പെടാനും മടിക്കില്ല.

അവിശ്വാസിയെ കൊല്ലുന്നതിനു കാരണമായി തീവ്രവാദികള്‍ പറയുന്നത് അവിശ്വാസികള്‍ മദ്യപാനികളും സ്ത്രീതല്‍പ്പരരും ആണ് എന്നൊക്കെയാണല്ലോ. കൊല്ലുന്ന തീവ്രവാദിക്ക് സ്വര്‍ഗ്ഗം ഉറപ്പ്. അവിടെ എന്തുണ്ട്? ഇഷ്ടം പോലെ മദ്യവും സുന്ദരിമാരും. ഇതില്‍പ്പരം ഫലിതം വേറെന്തുണ്ട്‌!

ഭാരതത്തില്‍ ഒരു കുട്ടിയെ മതരഹിതമനുഷ്യനായി വളര്‍ത്തുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.രേഖകളില്‍ ജാതിയും മതവും വേണമെന്ന് ഒരു നിര്‍ബ്ബന്ധവും ഇല്ല. രക്ഷാകര്‍ത്താക്കളുടെ മനസ്സു മാത്രമാണ് പ്രശ്നം.

കേരളത്തിലെ പല സമുന്നത രാഷ്ട്രീയ നേതാക്കളും സാഹിത്യപ്രവര്‍ത്തകരും അധ്യാപകരും തൊഴിലാളികളും ഒക്കെ കുഞ്ഞുങ്ങളെ മനുഷ്യരായി വളര്‍ത്തുന്നുണ്ട്. അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കുന്നു. ഇതില്‍ വിവിധ മതവിദ്യാഭ്യാസം പോലുമുണ്ട്.ഏകമത വിദ്യാഭ്യാസത്തിന്റെ ഇടുങ്ങിയ കള്ളികള്‍ക്ക് ഈ കുഞ്ഞുങ്ങളുടെ വിശാല വിദ്യാഭ്യാസം വഴങ്ങുന്നതല്ല.

ഈ കുട്ടികള്‍ ഒരിക്കലും  ഒരു മതതീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെടില്ല. ഈ കുട്ടികള്‍ ഒരിക്കലും സമത്വം ആഗ്രഹിക്കുന്ന സ്ത്രീയെ കുരുമുളക് പൊടി സ്പ്രേ ചെയ്യില്ല.. കര്‍ത്താവു പോലും  ഇടപെടാത്ത പള്ളിവസ്തു തര്‍ക്കത്തില്‍ ഇടപെട്ടു ഗതാഗത തടസ്സം ഉണ്ടാക്കില്ല.അവര്‍ ഉത്തമ ഇന്ത്യന്‍ പൌരരായി വളരുകതന്നെ ചെയ്യും.

നമുക്ക് ആ വഴിക്കൊന്നു ആലോചിച്ചാലെന്താ?

Saturday 16 November 2019

മനുഷ്യരാണ് നമ്മളേവരും

മനുഷ്യരാണ് നമ്മളേവരും
മനുഷ്യരക്തമാണ് സിരകളില്‍ 
മനുഷ്യരായ് കഴിഞ്ഞു കൂടുവാന്‍ 
മതവിമുക്ത രമ്യകേരളം.

ജാതികള്‍ മതങ്ങളൊക്കെയും
സ്നേഹരഹിത നീചരീതികള്‍
സ്നേഹമാരിയേറ്റുനില്‍ക്കുവാന്‍ 
മതവിമുക്ത ധന്യകേരളം 

യത്നമാണ് ജീവനം ധനം 
ഏതു യത്നവും മഹത്തരം 
നന്മയാണ് മുദ്രവാചകം 
 മതവിമുക്ത നവ്യകേരളം 

കേരളം കേരളം 

Thursday 14 November 2019

ചിന്താവിഷ്ടയായ സീതയും ആയിഷയും


നൂറു വയസായ ചിന്താവിഷ്ടയായ സീതയും വയലാറിന്റെ അറുപത്തഞ്ചു വയസായ ആയിഷയും വർത്തമാനകാലത്തെ കലുഷാന്തരീക്ഷത്തിൽ വീണ്ടും വായിക്കേണ്ട കൃതികളാണ്. ഈ രണ്ടുകൃതികളും തമ്മിലുള്ള ചില ആശ്ലേഷങ്ങളും കുതറിമാറലുകളും പ്രത്യേക പഠനം അർഹിക്കുന്നുണ്ട്.
ആശ്ലേഷങ്ങളിൽ പ്രധാനം രണ്ടുകൃതികളും പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറിച്ചുള്ളതാണ് എന്നതാണ്. സീതയുടെ സൃഷ്ടാവായ വാല്മീകിയും ആയിഷയുടെ കവിയും രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ സംരക്ഷിക്കുന്ന മ­ഹാകവിയാണ് വാല്മീകി. ദുരന്തനായികയായ ആയിഷയോടൊപ്പം നിൽക്കുന്ന കവിയാണ് വ­യലാർ. രണ്ടുകൃതികളും കരുണയില്ലാതെ പെ­രുമാറിയ ഭർത്താക്കന്മാരെ പ്രതിക്കൂട്ടിൽ നിറുത്തുന്നുണ്ട്. ആശാന്റെ സീത ഒരു വ്യവസ്ഥാപി­ത കുലസ്ത്രീക്ക് ഇണങ്ങുന്ന മട്ടിൽ രാമനെ ബഹുമാനപൂർവ്വം വിമർശിക്കുകയാണെങ്കിൽ ആയിഷ, ഭർത്താവിനെ കുത്തിക്കൊല്ലുകയാണ്.സീതയും ആയിഷയും പെറ്റമ്മയുടെ വാത്സല്യം നുകരാൻ കഴിയാതെ വളർന്നവരുമാണ്.
വർത്തമാനകാലത്തുപോലും രാമനെ മാതൃകാരാജാവായി ഉയർത്തിക്കാട്ടുന്നുണ്ട്. അതിനു തെളിവായി രാമരാജഭക്തർ പറയുന്നത്, സീതയെ കാട്ടിൽ ഉപേക്ഷിച്ച കാര്യം തന്നെയാണ്. പ്രജകളുടെ അഭിപ്രായത്തെ മാനിക്കുന്ന ഭരണാധികാരി ആയിരുന്നത് കൊണ്ടാണ് സ്വന്തം ഭാര്യയെ പ്രജകളുടെ അഭിപ്രായം മാനിച്ചു വന്യമൃഗങ്ങൾക്ക് തിന്നാനെറിഞ്ഞുകൊടുത്തത്. സീത ആ ഭൂതകാലത്തിരുന്നുകൊണ്ട് ഈ വർത്തമാനകാല വകതിരിവില്ലായ്മയെ തിരുത്തുന്നുണ്ട്. കാട്ടിലേക്ക് പോകാനിറങ്ങിയ രാമനെയും സീതയേയും ലക്ഷ്മണനെയും പ്രജകൾ പിന്തുടരുന്നുണ്ടല്ലോ. പോകരുതെയെന്നു പ്രജകൾ കേണപേക്ഷിക്കുന്നുണ്ട്. പ്രജകളുടെ ആ അപേക്ഷ നിരസിച്ചുകൊണ്ടാണ് രാമൻ കാടുകയറുന്നത്. വൃദ്ധനായ ദശരഥമഹാ­രാജാവിന്റെ കാര്യപ്രാപ്തിയുള്ള പുത്രൻ പ്രജകളുടെ അഭ്യർത്ഥന മാനിച്ചതെയില്ല. അയോധ്യ ഭരിച്ചത് ചെരിപ്പുകൾ ആയിരുന്നു. മാത്രമല്ല പ്രജകൾ പറയുന്നതിലെ ശരിതെറ്റുകൾ അറിഞ്ഞൊരു തീരുമാനമെടുക്കാൻ രാമൻ പരാജയപ്പെട്ടു.
നാട്ടുവർത്തമാനങ്ങൾ കേട്ടു ഭാര്യയെ ഉപേക്ഷിച്ചതുമൂലം നാട്ടുകാരിൽ ചിലർ സീതയിൽ ആരോപിച്ച കളങ്കം ശരിയാണെന്നു വരുത്തിത്തീർക്കുക കൂടി ചെയ്തു ഈ മാതൃകാ പുരുഷൻ. രാമൻ പല സന്ദർഭങ്ങളിലായി ചെയ്ത കൊടും പാതകങ്ങളെയും സീത ഓർമ്മിക്കുന്നുണ്ട്. അതിൽ പ്രധാനം ശംബൂകനെന്ന കീഴാളമുനിയെ കൊന്നതാണ്. കീഴാളരോടും സ്ത്രീകളോടും ഒരുപോലെ നിന്ദ ചെയ്യുന്ന ആളായി അധപ്പതിച്ചല്ലോ രാമൻ എന്ന ചിന്തയും സീത പങ്കിടുന്നു. ഒരു കവി, സ്വന്തം കവിതാപാത്രങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത് പലപ്പോഴും കവിക്ക് പറയാനുള്ള അഭിപ്രായം. കീഴാളരോടും സ്ത്രീകളോടും ഒരു ഭരണകൂടവും മോശമായി പെരുമാറരുത് എന്ന സ്വന്തം അഭിപ്രായം മഹാകവി സീതയെക്കൊണ്ടും ആലോചിപ്പിക്കുന്നുണ്ട്. ചിന്താവിഷ്ടയായ സീതയിൽ, എല്ലാ വിമർശനങ്ങളും ചിന്തിക്കുമ്പോഴും വളരെ ബഹുമാനവും വിധേയത്വവും സീത പുലർത്തുന്നുണ്ട്. അന്നത്തെ കുലസ്ത്രീ സങ്കൽപ്പത്തിന് നിരക്കുന്ന വിധത്തിലാണ് കൃതി രചിച്ചിട്ടുള്ളത്.
രാമൻ ദൈവത്തിന്റെ അവതാരമാണ്. രാജാവും ഭർത്താവുമാണ്. ഇതെല്ലാം ഓർമ്മിച്ചുകൊണ്ടാണ് സീത രാമവിചാരണ നടത്തുന്നത്. വിയോജിപ്പിന്റെ പാരമ്യതയായി കണക്കാക്കാവുന്നത് സീതയുടെ വിയോഗമാണ്. അവിശ്വസിക്കുകയും മാനസികമായും ശാരീരികമായും മുറിവേൽപ്പിക്കുകയും ചെയ്ത ആളോടൊപ്പം ഇനിയുമൊരു ജീവിതം വേണ്ടെന്നു തന്നെ സീത തീരുമാനിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ദുഃഖപാത്രമാണ് സീത. വാല്മീകിയും ആശാനും എല്ലാ കാലത്തെയും കവികളോടു ചെയ്യുന്ന ആ­ഹ്വാനം തിരസ്കൃതയായ സ്ത്രീയോടൊപ്പം നിൽക്കണമെന്നും ഒന്നിച്ചുള്ള ജീവിതംപോലും വേണ്ടിവന്നാൽ നിരസിച്ച് ഏറ്റവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ സ്ത്രീകവിതാ പാത്രത്തെ സജ്ജമാക്കണമെന്നുമാണ്.
നിഷ്ക്കളങ്കയായ ഒരു ബാലികയായിരുന്നു സീതയെ പോലെ ആയിഷ. അവളുടെ പിതാവ് ആയിഷയെ ഒരു സമ്പന്നനു വിറ്റു. ഇറച്ചിവെട്ടുകാരനായ അദ്രമാന്റെ നിസഹായത ശ്രദ്ധേയമാണ്. ആയിഷയെ ആസ്വദിച്ച ഭർത്താവ്, മറ്റു ഭാര്യമാരോട് പെരുമാറിയതുപോലെ അവളെയും മൊഴി ചൊല്ലി.
അക്ഷരാർത്ഥത്തിൽ ആ­യിഷ തെരുവാധാരമായി. തെരുവിലെ ലൈംഗിക തൊഴിലാളികളാണ് അവളെ ഏറ്റെടുക്കുന്നത്. അവൾക്കു പിറന്ന ചോരക്കുഞ്ഞിനെ അവർ എറിഞ്ഞു കളഞ്ഞു. പട്ടികൾ കടിച്ചു പറിച്ച നിലയിൽ ആയിഷയുടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. ആയിഷ ജയിലിലായി. തടവറ വിട്ടുവരുമ്പോൾ അവൾ വീണ്ടും ഗർഭിണിയായിരുന്നു. ആ കുഞ്ഞിനെ അവൾ കൊന്നില്ല. റഹീം എന്നുപേരിട്ടു വിളിച്ചു. അവൻ ആയിഷയുമ്മാടെ പൊന്നുമോനായി പാട്ടും പാടി തെരുവിൽ തെണ്ടി വളർന്നു. ആയിഷയെ മൊഴിചൊല്ലിയ ഭർത്താവ് ഒരിക്കൽ അവളുടെ കൂരയിലെത്തി. സ്ത്രീലമ്പടനായ അയാൾ നഗരത്തിലെ ഏതെങ്കിലും വേശ്യയെ തേടിവന്നതായിരുന്നു. ആയിഷയെ തിരിച്ചറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ചു. ആയിഷ അയാളെ കുത്തിക്കൊന്നു.
അഭിസാരികകളെ കൊണ്ടാടിയ ഒരു ഭൂതകാലം മലയാളകവിതയ്ക്ക് ഉണ്ട്. അച്ചീചരിതങ്ങളും മേദിനീവെണ്ണിലാവിന്റെ ചന്ദ്രോത്സവവും എല്ലാം ബഹുമാന്യകളായ അഭിസാരികകളെ ആഘോഷിച്ച കൃതികളാണ്.
കവിതയി­ൽ, തെ­രുവിലെ ലൈംഗിക തൊഴിലാളികളോടൊപ്പം നിൽക്കുകയും അവരുടെ കണ്ണീരിൽ കു­തിർന്ന ജീവിതം പകർത്തുകയും ചെയ്തത് വയലാറാണ്. ആയിഷ എന്ന കൃതിയിലൂടെ.
ഒരു തെരുവു ലൈംഗികത്തൊഴിലാളി എങ്ങനെയുണ്ടാകുന്നു? നളിനി ജമീലയുടെ ജീവിതകഥ നമ്മുടെ മുന്നിലുണ്ട്. ആയിഷയിൽ മതം അനുശാസിക്കുന്ന സ്ത്രീ വിരുദ്ധതയാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടാൻ കാരണമാകുന്നത്. ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തികമായ പിന്നാക്കാവസ്ഥയും വിദ്യാരാഹിത്യവും മറ്റൊരു കാരണം. ആയിഷ വേശ്യാവൃത്തി സ്വീകരിക്കാതെ ഭിക്ഷാടനത്തിന് ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. കൈ നീട്ടിയാൽ കാലണ കിട്ടില്ല എന്നാൽ ക­ട­ക്കണ്ണ് അനക്കിയാൽ നാലണ കിട്ടും. ഈ സാ­മൂഹ്യാവസ്ഥയാണ് ആയിഷയെ വിശപ്പ് മാറ്റുവാനായി ലൈഗികതൊഴിലിലേക്ക് തള്ളിയിടുന്നത്. ഈ മാരകമായ സാമൂഹ്യാവസ്ഥ വയലാർ വെളിച്ചത്തു കൊണ്ടുവരുന്നു. റഹീം പാടുന്ന മാപ്പിളപ്പാട്ടിന് ഗംഭീരമായ ഒരു അർത്ഥമുണ്ട്. അമ്പിളിപ്പെണ്ണിനെ മൊത്തുവാൻ മാനത്ത് പൊൻപണം തൂകിയോരെ, നിങ്ങടെ കൊമ്പൻ തലപ്പാവു തട്ടിക്കളയുന്ന ചെമ്പൻ പുലരി കണ്ടാ എന്നാണു റഹീമിന്റെ പാട്ട്.
തെരുവുജീവിതങ്ങളിൽ സ്വപ്നങ്ങൾ വിതച്ച ഒരു പ്രത്യയശാസ്ത്രത്തിൻറെ സാന്നിദ്ധ്യം റഹീമിന്റെ പാട്ടിലുണ്ട്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആയിഷ പിതാവിനെ കാണാൻ പോകുന്നുണ്ട്. പക്ഷെ അദ്രമാൻ പന്നിമാംസം വിൽക്കാനുണ്ടോ എന്ന് ചോദിച്ച ഒരാളെ കത്തിയുമായി നേരിട്ടു. കവി പറയുന്നത്, രക്തമാംസങ്ങൾക്കുള്ളിൽ ക്രൂരമാം മതത്തിന്റെ ചിത്തരോഗാണുക്കളുമായവർ തമ്മി­ൽ തല്ലി എന്നാണ്. അദ്രമാൻ ജയിലിലായി. ആയിഷ, പിതാവിന്റെ കട നിന്നേടത്ത് ഒരു ഓയിൽമില്ല് അഹങ്കരിച്ച് അലറുന്നത് കേട്ടു. അങ്ങനെയൊരു അഭയം ഇനിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവൾക്കു തെരുവു മാത്രമായി ശരണം. ഇങ്ങനെ നിരവധി അഭയരാഹിത്യങ്ങളാണ് ഒരു സ്ത്രീയെ തെരുവിൽ എത്തിക്കുന്നത്. ഈ ദുരവസ്ഥ വയലാർ വ്യക്തമാക്കുന്നുണ്ട്.
ആയിഷ നൽകുന്ന സന്ദേശം സ്ത്രീ വിമോചനമാണ്. സ്ത്രീയുടെ രക്ഷാമാർഗം. സീത തേടിയതും പുരുഷാധിപത്യത്തിന് അതീതമായ ര­ക്ഷാമാർഗമാണ്

Friday 8 November 2019

കപ്പലിലെ മജിഷ്യൻ



കണ്ണുപുളിപ്പിക്കുന്ന
വെള്ളിവെളിച്ചത്തിൽ
വാനരവാൽ തലപ്പാവും
ധരിച്ചുവന്ന്
ആമുഖ വാചകമേള

സദസ്യരുടെ കണ്ണുകെട്ടി
കൈകൈട്ടി
ഓരോകൈയ്യും നിവർത്തൂ
ഓരോലക്ഷം രൂപ
കൈയ്യിലിരുന്നു ചിരിക്കും

നോട്ട് ചീട്ടാക്കി
ചീട്ട് നോട്ടാക്കി
നോട്ടുകൾ വിമാനടിക്കറ്റാക്കി

ഇതിനിടെ
എല്ലാ സദസ്യരുടേയും
പോക്കറ്റടിച്ചു
കപ്പലും കാണാതായി. 
മാജിക്ക്..... മാജിക്ക്

Wednesday 6 November 2019

ഒരാൾ


മനസ്സിൽനിന്നൊരാ-
ളിറങ്ങിയങ്ങനെ
ഇരുട്ടിലേയ്ക്കതാ
നടന്നുപോകുന്നു

ഇടംകൈയ്യിൽ കുറേ
ചുവന്നപൂക്കളും
വലംകൈയിൽ ആണി-
പ്പഴുതിൽ കോർത്തിട്ട
പരുന്തിൻ തൂവലും
പകൽക്കിനാവിന്റെ
ശവസ്മരണയും
പതഞ്ഞുപൊങ്ങുന്ന
കറുത്ത ദു:ഖവും
കിനിഞ്ഞ ഞാറ്റുപാ-
ട്ടൊഴിഞ്ഞ നെഞ്ചുമായ്
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

അടുത്തിരുന്നിനി
കുടവും വീണയും
അലർച്ചയും ചേർത്തൊ-
രരങ്ങൊരുങ്ങുവാൻ
നിറഞ്ഞ കണ്ണിലൂ-
ടൊരു കിനാവിന്റെ
കസവുനൂലിഴ
കൊരുത്തെടുക്കുവാൻ
അവൻ വരില്ലിനി
അകന്നകന്നതാ
വരണ്ടകാറ്റുപോൽ
പിടഞ്ഞുപോകുന്നു
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

ഇരിക്കുവാനൊട്ടും
ഇടമില്ലാത്തവൻ
ഇണക്കിളിയുടെ
കരച്ചിൽ കേട്ടവൻ
പുറത്തു പേമഴ
തകർത്തുപെയ്തപ്പോൾ
അകത്തിരുന്നതു
നനഞ്ഞു തീർത്തവൻ
അടഞ്ഞവാതിലിൽ
മടങ്ങിവീഴുന്ന
ദിനവൃത്താന്തങ്ങൾ
കുടിച്ചുവെന്തവൻ
അകലെയാഴികൾ-
ക്കകലെയമ്മമാർ
കരഞ്ഞതു കേട്ടു
കരളുകത്തിയോൻ
മനസ്സിൽ നിന്നവൻ
ഇറങ്ങിപ്പോകുന്നു
ഇരുട്ടിലേക്കതാ
നടന്നുപോകുന്നു