Wednesday 27 December 2017

പ്രതിരോധ കുത്തിവെയ്പ്പും സന്താന നിഗ്രഹവും


മസൂരി വന്നാല്‍ മരിക്കുകയേ നിര്‍വാഹമുള്ളു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വളരെ വേഗം എല്ലാവരേയും പിടികൂടും. ഒരു വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഈ രോഗം വരും. ഗ്രാമങ്ങളെ തന്നെ മരണം കൊത്തിയെടുത്തു കൊണ്ടുപോകും. 1960കള്‍ക്ക് മുമ്പുള്ള കേരളത്തിന്റെ ഈ ദാരുണ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഈ മാരക രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉയരമുള്ള മരത്തില്‍ കയറി രോഗകാലം കഴിയുംവരെ താഴെയിറങ്ങാതെയിരിക്കുക എന്ന അപ്പുക്കിളിയുടെ മാര്‍ഗമേയുള്ളൂ സ്വീകാര്യമായിട്ടുള്ളത്.

മസൂരി രോഗം എങ്ങനെയാണുണ്ടാവുന്നത്? രോഗാണുക്കളെക്കുറിച്ചും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ധാരണയില്ലാതിരുന്ന നമ്മുടെ പൂര്‍വികര്‍ ഈ രോഗത്തിന്റെ ഉല്‍പാദനവും വിതരണവും എല്ലാം ദൈവത്തെ ഏല്‍പിച്ചു. ഭഗവതിക്ക് സന്തോഷം വരുമ്പോള്‍ അനുഗ്രഹമായും ദേഷ്യം വരുമ്പോള്‍ വിനാശകരമായും മസൂരിയുടെ വിത്തുകള്‍ ഉപയോഗിക്കപ്പെട്ടു.
മസൂരി വന്നാല്‍ ശുശ്രൂഷിക്കാന്‍ ആരെയും കിട്ടില്ലായിരുന്നു. ദേഹമാസകലം കുരുക്കള്‍ വന്ന് പഴുത്ത് പൊട്ടിയ മനുഷ്യശരീരത്തെ പച്ചോലയില്‍ കെട്ടി ചുടുകാട്ടില്‍ വയ്ക്കുമായിരുന്നു. ജീവനോടെയുള്ള സംസ്‌കരണമാണ് അന്ന് നടന്നിരുന്നത്. പണ്ടാറടക്കുക എന്ന പ്രയോഗം തന്നെ ഇങ്ങനെയുണ്ടായതാണ്.

ഇക്കാലത്താണ് ഞങ്ങളുടെ നാട്ടിലെ ഭാഗീരഥി ടീച്ചര്‍ എന്ന പായിച്ചേച്ചിക്ക് മസൂരി രോഗം വന്നത്. രോഗം കാട്ടിയ കാരുണ്യം കൊണ്ടാവാം അവര്‍ രക്ഷപ്പെട്ടു. ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ് അവരില്‍ രോഗം വന്നതും പോയതും എന്ന് എല്ലാവരും വിശ്വസിച്ചു. രോഗം മാറി കുളിച്ച പായിച്ചേച്ചിയെ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുപോയി തൊഴുവിച്ചു. മുത്തുക്കുടകളും താലപ്പൊലിയും ചെണ്ടമേളവുമായി അവരെ നാല് കിലോമീറ്റര്‍ അകലെയുള്ള മുളങ്കാടകം ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന ഉന്മാദത്തോടെ ഞങ്ങള്‍ കുട്ടികളും പിന്നാലെ കൂടിയിരുന്നു.

മസൂരിരോഗ നിര്‍മാര്‍ജന പരിപാടികള്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് അക്കാലത്ത്  തുടങ്ങിയിരുന്നു. പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ഈ മരുന്ന് എല്ലാവരിലും കുത്തിവയ്ക്കണം. മരുന്നുപെട്ടിയും ഉറുമ്പിന്റെ പല്ലുകളുള്ള കുത്തിവയ്പുപകരണങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേയ്ക്ക് പോയി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്തി. അറുപതുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിരുന്ന ഞാനടക്കമുള്ള എല്ലാവരുടേയും കയ്യില്‍ അച്ചുകുത്തിയ അടയാളം ഇപ്പോഴുമുണ്ട്.

കുടുംബാസൂത്രണ സംവിധാനങ്ങള്‍ ആരംഭിച്ച കാലമായിരുന്നു അത്. ഒരു കുടുംബത്തില്‍ പരമാവധി മൂന്ന് കുട്ടികള്‍ എന്നതായിരുന്നു അന്നത്തെ ആരോഗ്യവകുപ്പിന്റെ നിലപാട്. ഞങ്ങളുടെ വീട്ടിലടക്കം ധാരാളം വീടുകളില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളില്‍ കൂടുതല്‍ ആയാലോ അവരെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു പരിപാടിയാണ് അച്ചുകുത്തു പിള്ളമാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാ മതങ്ങളും മത്സരിച്ച് പ്രചരിപ്പിച്ചു. അന്ന് മതങ്ങളുടെ സ്വാധീനം ഇന്നത്തെപോലെ പ്രബലമല്ലാതിരുന്നതിനാല്‍ ആ പ്രചാരണങ്ങള്‍ വിലപ്പോയില്ല.

ഞങ്ങളുടെ ക്ലാസില്‍ സതീഷ്‌കുമാര്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. അയാള്‍ക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നു. നാലാമനായതിനാല്‍ അച്ചുകുത്തുപിള്ളമാര്‍ വന്ന് കുത്തിവച്ചു കൊല്ലുമോ എന്നൊരു പേടി ഈ കുട്ടിക്ക് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്‌കൂളിലേയ്ക്ക് വരുന്നതു കണ്ട ഈ കുട്ടി ജന്നലില്‍ക്കൂടി ചാടി വീട്ടിലേക്കോടി രക്ഷപ്പെട്ടുകളഞ്ഞു.

മസൂരി നിര്‍മാര്‍ജനയജ്ഞം വിജയിച്ചു. ആരോഗ്യവകുപ്പ്, കേരളത്തിലെവിടെയെങ്കിലും മസൂരി രോഗമുണ്ടെന്നറിയിച്ചാല്‍ ആയിരം രൂപ സമ്മാനം നല്‍കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്പൂര്‍ണമായ, ഫലപ്രാപ്തിയിലെത്തിയ ഒരു യജ്ഞമായിരുന്നു അത്. മസൂരി എന്ന സ്മാള്‍പോക്‌സ് മാരകമല്ലാത്ത ചിക്കന്‍പോക്‌സ് എന്ന പോക്കറ്റ് എഡിഷനിലേക്ക് ഒതുങ്ങി. ഒരു വട്ടം ചിക്കന്‍പോക്‌സ് വന്നാല്‍ മരിക്കുന്നതുവരെ ആ രോഗം വരാത്ത രീതിയില്‍ പ്രതിരോധശേഷി വര്‍ധിച്ചു.

പോളിയോ അടക്കമുള്ള, ജീവിതദ്രോഹികളായിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവയ്പ് കുട്ടികളെ കൊല്ലാനുള്ളതാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നമുക്ക് ആരോഗ്യമുള്ള ശരീരത്തോടെ രോഗസമ്മാനം എന്ന ദൈവഹിതത്തെ നിരാകരിച്ച് നല്ല മനുഷ്യരായി ജീവിക്കേണ്ടതുണ്ട്. അറുപതുകള്‍ക്ക് മുമ്പ് അനുഭവിച്ച മസൂരി രോഗത്തിന്റെ നരനായാട്ട് ഇല്ലാതാക്കിയത് പ്രതിരോധ കുത്തിവയ്പാണ്. അതുപോലെ ഇപ്പോഴുള്ള അസംഖ്യം രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്.

Saturday 16 December 2017

രക്ഷിച്ചത് കര്‍ത്താവോ സുല്‍ത്താനോ?



 നാടകം കഴിഞ്ഞു. യവനികയും വീണു. പിരിയുന്ന കാണികളില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ അവശേഷിച്ചു. ഓടയില്‍ നിന്നിലെ അവസാനരംഗം പോലെ.

സംശയമിതാണ്. ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ആരാണ്? ഒമാന്‍ ഭരണാധികാരിയാണോ കര്‍ത്താവാണോ? കര്‍ത്താവിന്റെ ശുപാര്‍ശ പ്രകാരം സുല്‍ത്താനോ സുല്‍ത്താന്റെ ശുപാര്‍ശ പ്രകാരം കര്‍ത്താവോ ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധ്യതയില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍ അഭിമുഖങ്ങളില്‍ പറയുന്നത് പതിനെട്ടുമാസം നീണ്ടുനിന്ന പ്രാര്‍ഥനയുടെ ഫലമായിട്ടാണ് അദ്ദേഹം മോചിതനായത് എന്നാണ്.

അദ്ദേഹത്തിന്റെ മുമ്പില്‍വച്ചായിരുന്നല്ലോ കര്‍ത്താവിന്റെ രണ്ട് മണവാട്ടികളെ മുസ്‌ലിം തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. മറ്റ് മൂന്നുപേരെക്കൂടി കൊലപ്പെടുത്തുന്നത് അദ്ദേഹം കണ്ടു. രണ്ട് മണവാട്ടിമാരെ കൊല്ലുന്ന ശബ്ദവും അദ്ദേഹം കേട്ടു. ഈ സമയത്ത് ഹിഗ്വിറ്റയിലെ അച്ചനെപ്പോലെ പ്രവര്‍ത്തിക്കുന്നതിന് പകരം അദ്ദേഹം കടുകട്ടി പ്രാര്‍ഥനയിലായിരുന്നിരിക്കുമല്ലോ. മുട്ടുമടക്കാതെ നിന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും തീവ്രവാദികളുടെ തോക്ക് നിശബ്ദമാകാഞ്ഞതെന്തുകൊണ്ട്?

ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റ് മതസ്ഥരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മതവിശ്വാസമില്ലാത്തവരും ഒരു മാനുഷിക പ്രശ്‌നമെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിനുവേണ്ടി എഴുതിയിരുന്നു.

കേരളത്തിലെ സാംസ്‌കാരിക സമ്മേളനങ്ങളില്‍, യെമനില്‍ സുവിശേഷ വേലയ്ക്കുപോയ, ദൈവം കൈവിട്ട ഈ പുരോഹിതനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും ഹൃദയപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മണവാട്ടികളെ പ്രാര്‍ഥനയിലൂടെ ഉയിര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ രക്ഷിക്കണേ എന്ന് ഭരണാധികാരികളോടും ജനങ്ങളോടും കേണപേക്ഷിച്ചത്.

വിമോചിതനായ അദ്ദേഹം ഇന്ത്യയുടെ തലസ്ഥാനത്തുവന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നതിനുപകരം ക്രൈസ്തവരുടെ ലോക തലസ്ഥാനമായ വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ കാണുകയായിരുന്നല്ലോ. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ കൊലപാതകികളായ തീവ്രവാദികളുടെ കാരുണ്യത്തെ കുറിച്ചായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം ബുദ്ധിമാനായ കേന്ദ്രമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. അച്ചന്റെ ഈ തീവ്രവാദിസ്‌നേഹം ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്ന പ്രബോധനമനുസരിച്ചോ ”സ്‌നേഹിക്കയുണ്ണീ നീ ദ്രോഹിക്കുന്ന ജനത്തെയും” എന്ന കവിവാക്യം ഓര്‍മിച്ചോ അല്ല. അദ്ദേഹത്തിന്റെ ഈ മന:പരിവര്‍ത്തനത്തിന് കാരണം സ്റ്റോക്ക് ഹോം സിന്‍ഡ്രോം ആണത്രെ.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ ഒരു ബാങ്ക് കവര്‍ച്ചയെ തുടര്‍ന്നാണ് ഈ മനഃശാസ്ത്ര പ്രയോഗമുണ്ടായത്. കവര്‍ച്ച നടത്തിയവര്‍ സ്ത്രീകളേയും പുരുഷന്മാരെയും ഇരുട്ടറയില്‍ പൂട്ടിയിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. പീഡനത്തിനിരയായവര്‍ പുറത്തുവന്നപ്പോള്‍ പ്രതികള്‍ക്കനുകൂലമായി സംസാരിച്ചു എന്ന് മാത്രമല്ല, കുറ്റവാളികളെ കേസില്‍ നിന്നും രക്ഷപ്പെടുത്താനായി പണം പിരിച്ചുകൊടുക്കുകകൂടി ചെയ്തു. ഇരകളിലുണ്ടായ ഈ മനംമാറ്റത്തിന് മാനസിക രോഗവിദഗ്ധനായ ഡോ. നില്‍സ് ബിജറോട്ട് നല്‍കിയ പേരാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം. ഇതിനൊരു മറുവശമുണ്ട്. ഇരകളോട് സഹതാപം തോന്നി അവരെ വിട്ടയക്കുന്ന രീതിയാണിത്. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഒരു സംഭവമാണ് ഇതിന് കാരണമായത്. കുറ്റവാളികളിലെ ഈ മനഃപരിവര്‍ത്തനത്തിന് ലിമ സിന്‍ഡ്രോം എന്നുപറയുന്നു.

മനഃശാസ്ത്രത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞന് അറിയണമെന്നില്ല. കേന്ദ്രമന്ത്രിയുടെ ഈ കണ്ടുപിടിത്തത്തെ പിന്തുടരുകയേ മാര്‍ഗമുള്ളു. എന്നാല്‍ മതതീവ്രവാദത്തെയും അവരുടെ ദയാവായ്പിനേയും കര്‍ശനമായി നിരാകരിച്ചെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു. മതത്തിന്റെ മേലങ്കി അണിയുന്നതിനുപകരം സ്‌നേഹത്തിന്റെ പതാക പിടിച്ചെങ്കില്‍ മാത്രമേ എല്ലാ മതതീവ്രവാദത്തെയും നിരാകരിക്കാന്‍ കഴിയുകയുള്ളു. മതം മതതീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാണ്.

ഫാദര്‍ ഉഴുന്നാലില്‍ എന്തുപറഞ്ഞാലും നമ്മള്‍ തിരിച്ചറിയേണ്ടത് സ്വാധീനശക്തിയുള്ള മനുഷ്യരാരോ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ജീവനോടെ നമുക്ക് കാണാന്‍ കഴിഞ്ഞത് എന്നാണ്.

കുമ്പസാരം


ആര്യവേപ്പിന്നിളം കൊമ്പാൽ
പല്ലുതേയ്ച്ചും താമരപ്പൂ-
മ്പാടചൂടിയ പല്വലക്കുളിർ
നീരുകൊണ്ടു മുഖംതുടച്ചും
നീയുദിക്കുമ്പോൾ-സൂര്യാ
നിന്റെ വട്ടക്കണ്ണിലെന്തെൻ
നെഞ്ചകത്തിന് തുല്യമായി
ചോപ്പുകാണുന്നു! 

പന്തമേന്തി,ക്കാടിളക്കി
തിന്തകത്തക രുദ്രതാള-
ച്ചിന്തുപാടി ചോടുതെറ്റി
ചിന്തതുള്ളുമ്പോൾ-സൂര്യാ
വെൺജഡക്കെട്ടെന്റെ മാന-
ത്തെന്തിനായഴിച്ചുനീർത്തി
ചുണ്ടുകോട്ടുന്നു? 

ചെണ്ടകൊട്ടി,ക്കാറ്റിരമ്പി
തൊണ്ടപൊട്ടിപ്പാട്ടുചിന്തി
കുംഭമാസം കത്തിനിൽക്കെ
ഞാൻ നടുങ്ങുന്നു-സൂര്യാ
നിൻനഖങ്ങളിലെന്റെ മാംസം
നിൻമുഖങ്ങളിലെന്റെ മോഹം
നിൻ ജയാഘോഷം

പണ്ടു വിഷുവിന് കണ്ണുനീർപ്പൂ-
കൊണ്ട് ഞാൻ കണിവെയ്ക്കെ നീയൊരു
തങ്കനാണയമെന്റെ മുന്നി-
ലെറിഞ്ഞതോർക്കുന്നോ-സൂര്യാ
ഇന്ദ്രജാലം പോലെ നീയത്
കൊണ്ടുപോയെന്നാലുമന്നേ
ഞാൻ കടപ്പെട്ടു

പിന്നെ നീയെൻ സുഹൃത്തായി
മിന്നുമെന്നുൾത്തുടിപ്പായി
സംഗരക്കനിയെൻമനസ്സിൽ
കുത്തിവെച്ചില്ലേ-സൂര്യാ
നിൻകണക്കുകൾ നഷ്ടമാക്കി
നന്ദികെട്ടവർ ഞങ്ങളാ നിധി
വിറ്റുതിന്നില്ലേ? 

വീഥിവിട്ടവർ വീഞ്ഞുനൽകിയ
വിറിനുള്ളിലൊളിച്ചിരുന്നവർ
വീണ്ടുമെങ്ങനെ നിൻമുഖത്തെ
ജ്വാല കാണുന്നു - സൂര്യാ
ബോധമേതോ ബോധിവൃക്ഷ-
ച്ചോട്ടിലിന്നു മരിച്ചിരിക്കെ
നീ വിതുമ്പുന്നു. 

ഗ്രീഷ്മനൃത്തം നടത്താതെ

രൂക്ഷമായി പകവീട്ടിടാതെ
തീക്കുടുക്കകൾ മഞ്ഞുനീരിൽ
നീ നനയ്കുമ്പോൾ-സൂര്യാ
പൂത്തനോവിൻ സാനുവിൽവീ-
ണോർമ്മകേടിന്നഗ്നി ചൂടി
ഞാനൊടുങ്ങുന്നു

Sunday 3 December 2017

കൊണ്ടല്‍വേണിയിലെ പെണ്‍കെണി


സ്ത്രീകളുടെ കേശ സൗന്ദര്യത്തെക്കുറിച്ച് എഴുതിയതെല്ലാം പുരുഷന്മാര്‍. അവരുടെ കല്‍പനകളില്‍ അഴകുള്ള സ്ത്രീ, ചുരുണ്ടിരുണ്ടുനീണ്ട മുടിയുള്ളവളാണ്. സൗന്ദര്യം മനസിലോ സ്വഭാവത്തിലോ അല്ല, ശരീരത്തിലാണ്.

ദുഷ്യന്തനെ കണ്ടിട്ട് നടന്നുതിരിയുന്ന ശകുന്തളയെ കവി കൊണ്ടല്‍വേണി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കാര്‍മേഘം പോലെയുള്ള മുടിയുള്ളവള്‍. ആകസ്മികമായുണ്ടായ ആദ്യസമാഗമത്തില്‍ത്തന്നെ ഗാന്ധര്‍വ വിവാഹത്തിലേയ്ക്ക് വഴുതിപ്പോയ ആ ബന്ധത്തില്‍ കൊണ്ടല്‍വേണിയൊന്നും പ്രസക്തമായിരുന്നില്ലെങ്കില്‍പ്പോലും.

വടക്കന്‍പാട്ടിലെ പുരുഷ കഥാപാത്രത്തെ ആങ്ങളമാര്‍ക്കുമുന്നിലൂടെ കാമുകി കടത്തുന്നത് മുടിക്കുള്ളില്‍ ഒളിച്ചുനടത്തിയാണ്. അളിവേണി, കാര്‍കുഴലി, പനങ്കുല പോലത്തെ മുടിയുള്ളവള്‍ തുടങ്ങിയ വിശേഷണങ്ങളിലൂടെയും സ്ത്രീ സൗന്ദര്യം വാഴ്ത്തപ്പെട്ടിട്ടുണ്ട്.

വടക്കന്‍പാട്ടിലെ ആലത്തുരമ്മിണി ചുരത്തില്‍ വച്ച് മുടിയൊന്നഴിച്ചുകെട്ടി. കരിമ്പാറപോലെയുള്ള കൊമ്പനാന മുടിക്കെട്ടില്‍ പെട്ടുപോയി. മുടിയില്‍ കുടുങ്ങിയ ഗജവീരന്‍ ചിന്നംവിളിച്ചു. ആളുകള്‍ ഓടിക്കൂടി തേങ്ങാപ്പൂളും നീലക്കരിമ്പും പഴക്കുലയും കാട്ടിയിട്ടും കൊമ്പന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആയിരമാളുന്തിയിട്ടും ആനയുന്തിയിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത കൊമ്പനെ അമ്മിണിയുടെ തലയിലെ പേനെല്ലാം കൂടി സംഘംചേര്‍ന്ന് ഉന്തി താഴെയിട്ടു. അപ്പോള്‍ സമൃദ്ധമായ മുടിയില്‍ സമൃദ്ധമായിത്തന്നെ പേനുമുണ്ടായിരുന്നു.

വെമ്പലനാട്ടിലെ തമ്പുരാട്ടിയെ ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് വര്‍ണിക്കുന്നത് കാരകിലിന്റെ മണാപുരണ്ടും കണ്ണകാലോളം ചുരുണ്ടിരുണ്ടും മുല്ലപ്പൂമാലയിതിര്‍ന്നുമിന്നും നല്ല മുടിയാന്ന് തമ്പുരാട്ടിയെന്നാണ്.

പുരുഷന്മാരുടെ ഈ സാന്ദര്യദര്‍ശനം പണ്ടേയ്ക്കുപണ്ടേ സ്ത്രീകളും അംഗീകരിച്ചു. ഉപ്പുറ്റിയോളമില്ലെങ്കിലും ഒരു കുടുമ്മയ്ക്കും വേണ്ടി മുടി പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നു. വെള്ളക്കാര്‍ ഇന്ത്യയിലെത്തിയശേഷമാണ്, അവരെ അനുകരിച്ച് പുരുഷന്മാര്‍ മുടിമുറിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന സിസ്റ്റര്‍ നിവേദിതയുടെയോ ആനിബസന്റിന്റെയോ കേശശൈലി അനുകരിക്കാന്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളെ പുരുഷ കേസരികള്‍ അനുവദിച്ചതുമില്ല. മുടിയാട്ടത്തിന് പച്ചക്കൊടിയും കാട്ടി.

വാസ്തവത്തില്‍ നീണ്ടമുടി സൗന്ദര്യത്തിന്റെ അടയാളമാണോ? അത് പുരുഷന്മാര്‍ അടിച്ചേല്‍പ്പിച്ച ഒരു കീഴ്‌വഴക്കമല്ലേ?
മുടി പരിപാലിക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും മുടി വൃത്തിയാക്കണം. എവിടെയെങ്കിലും പോകണമെങ്കില്‍ മുടി ഉണങ്ങാന്‍വേണ്ടി ഒരു മണിക്കൂര്‍ മുന്‍പേ കുളിക്കണം. പല്ലകലമുള്ള ചീപ്പ് കരുതണം. പേന്‍, ഈര് തുടങ്ങിയവയെ നശിപ്പിക്കാനായി വിഷദ്രാവകങ്ങളും പേന്‍ചീപ്പ്, ഈരോലി തുടങ്ങിയ ഉപകരണങ്ങളും സംഘടിപ്പിക്കണം. സ്ത്രീകള്‍ വാലവാലയായി ഇരുന്ന് മുടികോതി വൃത്തിയാക്കുകയും പേന്‍ കൊല്ലുകയും ചെയ്യുന്ന കാഴ്ച ഇല്ലാതായിട്ട് അധികകാലമായിട്ടില്ല. കേശപരിചരണത്തിനുവേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലുണ്ട്. കഷണ്ടിക്ക് മരുന്നുപോലുമുണ്ട്. ഇതെല്ലാം വാങ്ങിക്കൂട്ടണം.

അടുക്കളപ്പണി കഴിഞ്ഞാല്‍ അല്‍പസമയമെങ്കിലും വിശ്രമിക്കാനോ എഴുത്ത് പഠിക്കാനോ പുസ്തകം വായിക്കാനോ സ്ത്രീകളെ അനുവദിക്കാതിരിക്കാന്‍ വേണ്ടി പുരുഷന്മാര്‍ ഉണ്ടാക്കിയ ഒരു കെണിയാണ് കേശാലങ്കാരം.

ഇന്ദിരാഗാന്ധി, തസ്‌ലിമ നസ്‌റിന്‍, വന്ദനശിവ, സാറാ ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ നോക്കൂ. അവരുടെ കഴിവിനോ അഴകിനോ ഒരു കുറവും ഇല്ലല്ലൊ. അല്ലെങ്കില്‍, കാര്‍ കുഴലല്ല, കഴിവാണ് അഴക് എന്ന ദര്‍ശനത്തില്‍ നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.

മുപ്പത് സെന്റിമീറ്റര്‍ വളരുമ്പോള്‍ മുറിച്ച് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുഞ്ഞുങ്ങള്‍ക്ക് മുടിത്തൊപ്പിയുണ്ടാക്കാന്‍ കൊടുക്കാമെന്ന് കരുതി മുടി നീട്ടിയപ്പോഴാണ് ഈ ചിന്തകള്‍ ഉണ്ടായത്. സ്ത്രീകള്‍ മുടി പരിപാലിക്കാന്‍ വേണ്ടി എത്ര സമയമാണ് ചെലവഴിക്കുന്നത്. ഈ സൗന്ദര്യധാരണ അവരിലുണ്ടാക്കിയത് പുരുഷന്മാര്‍ ആണല്ലോ.

മുന്‍കാലത്ത്, നീട്ടിവളര്‍ത്തിയ കാതുകള്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് സ്ത്രീകളെ പുരുഷന്മാര്‍ പഠിപ്പിച്ചിരുന്നു. കാത് തോളൊപ്പം നീട്ടാന്‍ വേണ്ടി സ്ത്രീകള്‍ പല കഷ്ടപ്പാടും സഹിച്ചിരുന്നു. ഒരു പുരുഷനും കാത് നീട്ടിയതുമില്ല. ഈ അസംബന്ധം ബോധ്യപ്പെട്ട സ്ത്രീകള്‍ കാത് മുറിച്ചുമാറ്റാനായി ഡോക്ടര്‍മാരുടെ വാതിലില്‍ പിന്നീട് ക്യൂ നില്‍ക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ ബോധ്യപ്പെടല്‍ ഉണ്ടായത്.

നോക്കൂ, മുടി ഫാനില്‍ കുരുങ്ങിയുള്ള മരണം സ്ത്രീകള്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുടിക്കുകുത്തിപ്പിടിച്ച് മുഖം ഭിത്തിയില്‍ അടിക്കപ്പെട്ടതും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കപ്പെട്ടതും സ്ത്രീകള്‍ മാത്രമാണ്.