Tuesday 21 December 2021

മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകള്‍


ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകളെന്നോ വിതച്ച വിഷവിത്തിന്‍റെ വിളവെടൂപ്പെന്നോ പറഞ്ഞ് ആരും ആ അരും കൊലകളെ അവഗണിക്കുന്നില്ല. ദു:ഖിക്കുകയാണ്. നഷ്ടപ്പെട്ടത് രണ്ടു കേരളമക്കളെയാണ്.അവര്‍ പ്രതിനിധീകരിച്ച രാഷ്ട്രീയധാരകളുടെ പ്രകോപനങ്ങളെ അവഗണിച്ചുകൊണ്ടു തന്നെ ദു:ഖിക്കുകയാണ്. ദു:ഖത്തിന്റെ മുള്‍ത്തകിടിയില്‍ നിന്നുകൊണ്ട് ആ ഹീനകൃത്യങ്ങളിലെ ആപല്‍ സൂചനകള്‍ തിരിച്ചറിയുകയാണ്.

കൊലയും പകയും പകരക്കൊലയും ഇനിയും അരങ്ങേറാനുള്ള സാധ്യതകളെ കേരളം അതീവഗൌരവത്തോടെ കാണേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം വിനാശകരമായ അറ്റോമിക് എനര്‍ജി അടങ്ങുന്ന മത തീവ്രവാദത്തെ കൂട്ടുപിടിക്കുന്നത് തന്നെയാണ് പ്രശ്നം.

മതതീവ്രവാദം മുളച്ചു വരുന്നത് മത മൌലികവാദത്തില്‍ നിന്നാണ്.കേവല മതവിശ്വാസമല്ല മത മൌലികവാദം.അത് അവനവന്റെ മതം മാത്രം ശരിയെന്ന വാദമാണ്.ഒരേ രക്തഗ്രൂപ്പില്‍ പെട്ടവര്‍ എല്ലാ മതങ്ങളിലും ഉണ്ട് എന്ന തിരിച്ചറിവിനപ്പുറം നമ്മുടെ രക്തം മാത്രം ശുദ്ധം എന്നു കരുതുന്നിടത്ത് മൌലികവാദം പുഷ്പിക്കുന്നു. യഥാര്‍ത്ഥ രക്തം ആവശ്യമായി വരുന്ന ആശുപത്രിക്കിടക്കയില്‍ ഈ ആര്യ അനാര്യശുദ്ധരക്തവാദമൊന്നും പരിഗണിക്കപ്പെടുകയില്ലെന്നത് വേറെ കാര്യം.

മതവുമായി രാഷ്ട്രീയത്തെ ബന്ധിപ്പിച്ചാല്‍ അതിവേഗം അധികാരത്തിന്റെ അപ്പശാലയില്‍ എത്താമെന്ന കുത്സിത കണ്ടുപിടുത്തമാണ് ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉത്ഭവകാരണം. അവര്‍  ആയുധം താഴെ വയ്ക്കുകയും സമാധാനത്തിന്‍റെ സ്നേഹപ്രതലത്തിലേക്ക് വരികയും ചെയ്യണം.

ഏതെങ്കിലും ഒരു മതത്തെ ഊതിവീര്‍പ്പിക്കുകയും മറ്റ് മതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രസംഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കരുത്. മതാഭിമാനത്തില്‍ ഊന്നിയുള്ള ആയുധപരിശീലനവും പഠന പരിപാടികളും  നിര്‍ബ്ബന്ധമായും ഒഴിവാക്കണം.

മതത്തെക്കുറിച്ചും അതിന്‍റെ സാന്നിധ്യം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.മനുഷ്യനെ വിഭാഗീകരിച്ച് അപമാനിക്കുകയല്ലാതെ ഒരു ഗുണവും മതം മനുഷ്യരാശിക്ക് നല്‍കുന്നില്ല. പൌരോഹിത്യത്തിന്റെ ജീവനോപാധിയായി മാറുകമാത്രമേ മതം ചെയ്യുന്നുള്ളൂ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യസമൂഹത്തെ ഇരുട്ടിലാഴ്ത്തിയിട്ടുള്ളതും ശാസ്ത്രത്തിന്‍റെ പ്രകാശനാളങ്ങളെ ഊതിക്കെടുത്താന്‍ ശ്രമിച്ചിട്ടുള്ളതും മതമാണ്.
ഇത് മനസ്സിലാക്കുവാന്‍ ഗലീലിയോയുടെ കാലം വരെയൊന്നും പോകേണ്ടതില്ല.കോവിഡ് പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്തവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ ആണെന്നതു ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഭൂരിപക്ഷ മതത്തിന്റെ കയ്യിലും ന്യൂനപക്ഷ മതത്തിന്റെ കയ്യിലും ആയുധം കിട്ടിയാല്‍ അവര്‍ ഹലാല്‍ മനുഷ്യമാംസം വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഭൂരിപക്ഷമതത്തിന്റെ കയ്യിലാണ് ആയുധമെങ്കില്‍ മനുഷ്യമാംസ ഭോജനശാലകളുടെ പെരുങ്കളിയാട്ടമായിരിക്കും ഉണ്ടാവുക.ജര്‍മ്മനിയും അഫ്ഗാനിസ്ഥാനും ആയുധവും അധികാരവുമണിഞ്ഞ ഭൂരിപക്ഷ മത തീവ്രവാദത്തിന്‍റെ രക്തം പുരണ്ട ഉദാഹരണങ്ങളാണല്ലോ. 

ഇനി,സാമുദായിക ചിത്രം തന്നെ പരിശോധിച്ചാലോ? പിന്നാക്ക സമുദായക്കാര്‍ക്കെതിരെ അവരെ തന്നെ അണിനിരത്തുവാന്‍ മത തീവ്രവാദപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം കൊലപാതകത്തിലൂടെയല്ലല്ലോ സാക്ഷാത്ക്കരിക്കേണ്ടത്.

മതം ലേബലായി കൊണ്ടുനടക്കുന്നതും അവിടെ തീരെ ഇല്ലാത്തതുമായ സ്നേഹമെന്ന ഉല്‍കൃഷ്ട വികാരമാണ് മനുഷ്യനാവശ്യം.അവിടെ പിഞ്ചുകുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളെ അനാഥമാക്കുന്ന മതതീവ്രവാദ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുകയില്ല. പ്രണയം തളിര്‍ക്കുന്നത് മതാതീതമായ താഴ്വരകളിലാണ്. അവിടെയാണ് സ്നേഹത്തിന്‍റെ നീലത്തടാകമുള്ളത്.

സ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സെക്കുലര്‍ പ്രസംഗങ്ങള്‍ക്ക് സാധിക്കുകയില്ല. ഏതെങ്കിലും ഒരു മതത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് നടത്തുന്ന വാക് ധോരണികള്‍ക്ക് അത് സാധിക്കുകതന്നെ ചെയ്യും.കാസര്‍കോട്ടെ പിഞ്ചുബാലന്‍റെ കൊലയാളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മതതീവ്രവാദ പ്രസംഗങ്ങളുടെ ശബ്ദകങ്ങള്‍ അതാണല്ലോ തെളിയിച്ചത്. വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആവേശപ്രകടനങ്ങളും അപകടകരമാണ്.

മതമല്ല, ജീവിതമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.

കേരളം മലയാളിയുടെ മാതൃഭൂമിയാണ്. നവോഥാനനായകന്‍മാര്‍ ഉഴുതുമറിച്ചതിനാല്‍ ഭ്രാന്താലയമെന്ന ബഹുമതിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരാണ് നമ്മള്‍.തിരിച്ചു പോക്കിനൊരുങ്ങരുത്.
പ്രാകൃതകാലത്തേക്ക് കേരളീയരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് മതതീവ്രവാദികളും അവരുടെ രാഷ്ട്രീയ സംഹിതകളും നടത്തുന്നത്. സ്നേഹരാഹിത്യത്തിന്‍റെ അടയാളമായ നരബലികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

Wednesday 8 December 2021

കാസര്‍കോട്ടു നിന്നു തുടങ്ങാം നവോത്ഥാനം


കേരളത്തെ ഭ്രാന്താലയം എന്ന പദവിയില്‍ നിന്നും രക്ഷിച്ചത് 
നവോത്ഥാനപ്രവര്‍ത്തനങ്ങളാണ്. വടക്കുവടക്കേ കേരളത്തില്‍ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍ സ്വാമി ആനന്ദതീര്‍ഥനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയുമാണ്.ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കെ.മാധവന്റെ തെളിച്ചമുള്ള തുടര്‍ച്ച. അവരുടെ സ്വപ്നങ്ങള്‍ ജാതിരഹിതവും മാതാതീതവുമായ സംസ്ക്കാരവും, അയിത്തവും അന്ധവിശ്വാസവുമില്ലാത്ത ജീവിതവും ആയിരുന്നു. ഇന്നും അവ പൂര്‍ണ്ണരൂപത്തില്‍ ജനജീവിതത്തില്‍ പ്രതിഫലിച്ചിട്ടില്ല.

കവികള്‍ ഉഴുതുമറിച്ച മണ്ണാണ് കാസര്‍കോട്. രാഷ്ട്രകവി ഗോവിന്ദപൈയും മഹാകവി കുട്ടമത്തും മഹാകവി പി.കുഞ്ഞിരാമന്‍ നായരും ടി.ഉബൈദും സ്വതന്ത്ര സമൂഹത്തിന്‍റെ വിത്തുവിതച്ച സംസ്ക്കാരത്തനിമയുള്ള മണ്ണ്. കരുത്തുറ്റ പുതുകവിതയുടെ സാന്നിദ്ധ്യവും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുണ്ട്. ബാലഗോപാലന്‍ കാഞ്ഞങ്ങാടും രാഞ്ജിത് ഓരിയും സന്തോഷ് ഒഴിഞ്ഞവളപ്പും ധന്യ വേങ്ങച്ചേരിയും അടങ്ങുന്ന പ്രകാശപൂര്‍ണ്ണമായ പുതു കവിതപ്പരപ്പ്. മാപ്പിളപ്പാട്ടിന്‍റെ സംപൂഷ്ടകേദാരം വേറെ.

പ്രമുഖ പ്രഭാതപത്രങ്ങളെ കൂടാതെ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള മദ്ധ്യാഹ്നത്തിലിറങ്ങുന്ന പത്രങ്ങള്‍ കാസര്‍കോടിന്‍റെ ദൈനംദിന ജീവിതത്തെ വലുതായി സ്വാധീനിക്കുന്നുണ്ട്.ലേറ്റസ്റ്റും കാരവലും ഉത്തരദേശവും പോലെയുള്ള പത്രങ്ങള്‍ കാസര്‍കോടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ
തന്നെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മികച്ചതാണെങ്കിലും അയിത്തവും അന്ധവിശ്വാസവും ഇപ്പൊഴും തുടരുന്ന പലസ്ഥലങ്ങളും കാസര്‍കോട് ജില്ലയിലുണ്ട് എന്നത് ലജ്ജിപ്പിക്കുന്നതാണ്.

സംഘ പരിവാറിന് മേല്‍ക്കൈയുള്ള സ്വര്‍ഗ്ഗ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അപമാനകരമായ അയിത്താചരണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ വിനോദ് പായം തയ്യാറാക്കിയ റിപ്പോര്ട്ട് സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ ഞെട്ടിപ്പിക്കുന്നതാണ് കേരള യുക്തിവാദിസംഘം നടത്തിയ അന്വേഷണങ്ങളും.

അംബികാസുതന്‍ മാങ്ങാട് എന്‍മകജെയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ക്ഷേത്രമാണ് സ്വര്‍ഗ്ഗ റൂട്ടിലെ ബദിയാറു ജടാധാരി ദേവസ്ഥാനം.അവിടെയാണ് മാനുഷികപരിഗണന ഇല്ലാതെ അടിസ്ഥാനവര്‍ഗ്ഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.അവര്‍ കയറുമെന്നതിനാല്‍ തെയ്യംകെട്ടു തന്നെ വേണ്ടെന്ന് വച്ചു. സവര്‍ണര്‍ക്ക് പടിക്കെട്ടുകളൊക്കെയുള്ള സുഗമവഴി. അവര്‍ണര്‍ക്ക് വെട്ടിത്തെളിച്ച് എത്തേണ്ട കാട്ടുവഴി.
സവര്‍ണര്‍ക്ക് മാന്യമായ ക്ഷേത്രഭക്ഷണം. അവര്‍ണര്‍ക്ക് പൊതിയാക്കി എറിഞ്ഞുകൊടുക്കുന്ന അയിത്താഹാരം. സ്വര്‍ഗ്ഗത്തുപോലും ഇതാണ് സ്ഥിതി!

 മനുസ്മൃതി ഭരണഘടനയായുള്ള സംഘപരിവാറിന് ആ ഇടങ്ങളില്‍ മേല്‍ക്കൈ ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല. സംഘപരിവാറിന് ഒഴിവുകിട്ടിയാല്‍ ആ കസേരയില്‍ അതെ സംസ്ക്കാരമുള്ള ബി ടീമായ യു ഡി എഫ് കയറിയിരിക്കും.കേളപ്പന്‍ മുതല്‍ സി.കേശവന്‍ വരെയുള്ളവര്‍ നിര്‍വഹിച്ച അനാചാര വിരുദ്ധജീവിതം ഇന്നത്തെ യു.ഡി.എഫിനു ബാധകമല്ലെന്നാണല്ലോ ശബരിമലയിലെ തീണ്ടാരിസമാരകാലത്ത് അവരെടുത്ത നിലപാട് തെളിയിച്ചത്.

ജടാധാരി ദേവസ്ഥാനത്തു മാത്രമായി പ്രശ്നങ്ങള്‍.ഒടുങ്ങുന്നില്ല ബെള്ളൂരിലെ ക്ഷേത്രത്തില്‍ മാത്രമല്ല,സവര്‍ണ്ണ വീടുകളിലും  അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് പ്രവേശനമില്ല.കൃഷിപ്പണിക്കും മറ്റും പോയാല്‍ അകലെയിരുത്തി പ്രത്യേകപാത്രത്തില്‍ ആഹാരം നല്‍കും! വിവാഹപ്പന്തിയിലും ഈ വിവേചനമുണ്ട്. മുക്കുഞ്ചെ, പൊസാളിഗേ ക്ഷേത്രവഴിയിലും ഈ മനുഷ്യവിലക്കുണ്ട്. പ്രസിദ്ധമായ പഞ്ചുരൂളിത്തെയ്യം കെട്ടിയാടുന്നിടത്ത് തെയ്യത്തിനു പോലുമുണ്ടത്രേ  അയിത്തം.
ഭക്ഷണം നല്‍കുന്നകാര്യത്തില്‍ സവര്‍ണര്‍ക്ക് മുന്‍ ഗണനയും അവര്‍ണര്‍ക്ക് അവഗണനയും കാസര്‍കോട് ജില്ലയിലെ മിക്കക്ഷേത്രങ്ങളിലും നിലനില്‍ക്കുകയാണ്. പൊതുകേരളത്തിന്‍റെ സ്ഥിതിയും വിഭിന്നമല്ല.

സര്‍വലോക സംരക്ഷകരായ ദൈവങ്ങള്‍ക്ക് ഈ വിവേചനത്തില്‍ പ്രതികരിക്കാന്‍ പോലും സാധിക്കില്ലെന്നിരിക്കെ സമരമാണ് ഏകമാര്‍ഗം. വൈക്കത്തും പാലിയത്തും പയ്യന്നൂരും ഗുരുവായൂരും 
നടത്തിയതുപോലെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരായുള്ള സമരം. ഇങ്ങനെ അവിടെ കയറിയിട്ട് എന്താണ് നേട്ടം? അതുവേറെ ചിന്താവിഷയമാണ്. എങ്കിലും എവിടേയും സഞ്ചരിക്കാനുള്ള പ്രാണികളുടെ സ്വാതന്ത്ര്യത്തില്‍ നിന്നും മനുഷ്യനെ ഒഴിവാക്കാന്‍ പാടില്ലല്ലോ.

മാവില സമൂഹത്തിലെ ഒരു നാട്ടുകവിത തുടങ്ങുന്നത് ഏതൊരു തമ്പുരാനേ പുറുളീ നമ്മുടെ തമ്പുരാനേ എന്നാണ്. തമ്പുരാന്മാര്‍ നമ്മുടെതല്ലെന്നു അയിത്തബാധിത പ്രദേശത്തുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്

കേരളത്തിലെ എല്ലാ രാഷ്ട്രീയ ജാഥകളും കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഉപ്പള, മേപ്പാടി, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്  . മതാതീത സാംസ്ക്കാരിക യാത്ര തുടങ്ങിയത് ഹൊസങ്കടിയില്‍ നിന്നാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള പുതിയ ജാഥകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

Wednesday 24 November 2021

കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..

 

മരണമില്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്‍റെ തകര്‍പ്പന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ, നഗ്നസ്വഭാവമുള്ള ഒരു ചെറുകവിതയില്‍ ക്ഷണിച്ചിരുത്തിയിരിക്കുകയാണ് അശോക് കുമാര്‍ പെരുവ.കോവിഡ് കാലത്ത് എട്ടുകാലി മമ്മൂഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നാണ് കവി അന്വേഷിക്കുന്നത്. കവിത ഇത്രേയുള്ളൂ.

വാക്സിനുകള്‍ നേടുവാന്‍ 
പ്രാര്‍ത്ഥനയിലായിരു-
ന്നിക്കാലമത്രയും ഞാന്‍.
നമുക്കതുവഴി
വാക്സിനുകളെത്തി.
തുടരാം മറന്നിട്ട 
വചനപ്രഘോഷവും 
ഭജനാരവങ്ങളും!

അതെ. പ്രതിരോധ കുത്തിവയ്പ്പിലൂടെ കോവിഡ് ഒരു വിധം നിയന്ത്രണാധീനം ആയപ്പോള്‍ ഉച്ചഭാഷിണിയുടെ അമിതമായ ഉപയോഗവും ഉച്ചിയില്‍ തൊടീലും കാല്‍ കഴുകിക്കലും ഒക്കെയായി അവര്‍ തിരിച്ചു വരികയാണ്. കെട്ടിപ്പിടിക്കുന്ന ആള്‍ ദൈവങ്ങള്‍ക്ക് ഇപ്പൊഴും രോഗഭീതി മാറിയിട്ടില്ല. ഉടനെ അവരും ഗോദയിലെത്തും. ചിന്താശീലമുള്ള മനുഷ്യന്‍റെ പരാജയമാണ് ഈ കൊട്ടിഘോഷിച്ചുള്ള തിരിച്ചു വരവ്.

കൂട്ടപ്രാര്‍ഥന കൊണ്ടോ മൈക്ക് പ്രയോഗം കൊണ്ടോ ഒന്നും കോവിഡ് മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയത് സയന്‍സ് മാത്രമാണു.അസംഖ്യം സഹോദരര്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവില്‍ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചു ജയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രം നിഷ്ക്രിയമായെങ്കില്‍ ഒറ്റ മനുഷ്യന്‍ പോലും ഇന്ന് ലോകത്ത് അവശേഷിക്കുമായിരുന്നില്ല. നടപ്പുദീനക്കാലം കഴിഞ്ഞു മരവും മലയുമിറങ്ങി അപ്പുക്കിളി വരുമ്പോള്‍ ലോകം മരണമൌനത്തിന്റെ മണ്ണുടുപ്പിട്ടു കിടക്കുമായിരുന്നു. ശാസ്ത്രത്തിനാണ് നാം നന്ദി പറയേണ്ടത്.

മനുഷ്യരെല്ലാം ഭയപ്പാടില്‍ കഴിഞ്ഞു കൂടിയ കോവിഡ് കാലത്ത് അത്ഭുത രോഗശാന്തിക്കാര്‍ എവിടെ പോയിരിന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരട് ജപിച്ചുകെട്ടിയും വെള്ളം ഊതിക്കൊടുത്തും അക്ഷരം കലക്കി കുടിപ്പിച്ചും കഴിഞ്ഞു കൂടിയവര്‍ സ്റ്റാന്‍ഡ് വിട്ടുപോകുകയും ഭക്ഷണക്കിറ്റിന് കൈ നീട്ടുകയും ചെയ്തു. രോഗശമന, പരീക്ഷാവിജയ യന്ത്രക്കാരെ അവരുപയോഗിച്ച മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായി.
ജിന്നു പിടുത്തകാരും ചെകുത്താന്‍ വേട്ടക്കാരും മാളത്തിലൊളിച്ചു.
ലോകപ്രസിദ്ധ ആരാധനാ കേന്ദ്രങ്ങളെല്ലാം പൂട്ടി.അവയെല്ലാം വാക്സിന്‍ കണ്ടെത്തിയതിന്റെ ബലത്തില്‍ നമ്മുടെ ദൌര്‍ബല്യങ്ങളെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡിനു ചിതറിപ്പിക്കാന്‍ കഴിയാതെപോയ ഒരേയൊരു കാര്യം ഇന്ത്യ കണ്ട ഐതിഹാസികമായ കര്‍ഷകസമരമാണ്.ആദ്യത്തെ തീവണ്ടിയില്‍ തിരുനല്ലൂര്‍ ചൂണ്ടിക്കാട്ടിയ വിയര്‍പ്പിന്‍ ശക്തിയാവാം അതിനു കാരണം.

 കോവിഡനന്തരമുണ്ടായ  അന്ധവിശ്വാസാധിഷ്ഠിത   മരണവാര്‍ത്ത കണ്ണൂരില്‍ നിന്നും എത്തിയിരിക്കുന്നു.

ബാലുവയലിലെ പതിനൊന്നുകാരി ഫാത്തിമയാണ് ഇരയായത്. പനി മാറാന്‍ വേണ്ടി നടത്തിയ പ്രാര്‍ഥനയുടെയും മന്ത്രിച്ചൂതിയതി ന്റെയും  ഫലമായാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പോലീസില്‍ പരാതിപ്പെട്ടത് സഹോദരനാണ്. ഫാത്തിമയുടെ പിതാവും കുഞ്ഞിപ്പള്ളി ഇമാമും പോലീസ് കസ്റ്റഡിയിലായി. 

മൂന്നു ദിവസം മന്ത്രവാദമായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസകോശത്തില്‍ അണുബാധയായിരുന്നു എന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്.

കേരളത്തിലെ പുരോഗമനവാദികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ദുര്‍മന്ത്രവാദ നിരോധനനിയമം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി അടിയന്തിരമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം വിളിച്ച് പറയുന്നുണ്ട്.

കോവിഡ് കാലത്ത് മാറിനിന്ന മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ തിരിച്ചു വരാന്‍ അനുവദിക്കരുത്.

അശോക് കുമാര്‍ പെരുവയുടെ എട്ടുകാലി മമ്മൂഞ്ഞ് എന്ന ചെറു കവിത വന്നത് ഇന്ന് എന്ന മിനിമാസികയിലാണ്.
പ്രമുഖപ്രസിദ്ധീകരണങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കേരളത്തിലെ ചെറുമാസികകള്‍ പുരോഗമന പക്ഷത്തു നില്ക്കുന്നു എന്നത് ആശ്വാസകരമാണ്.

Friday 19 November 2021

പ്രഭാതംപോലെയല്ല


ചെമ്പരത്തിത്താളി തേച്ചു

കുളിച്ചു വന്നപ്പോള്‍ 

ചെമ്പനുണ്ണിയുഷസ്സിനും

സൌഗന്ധികച്ചന്തം 


ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,

യുണര്‍ത്തിയ പൂക്കള്‍ 

സന്ധ്യ തൊട്ടേ നിദ്രയില്ലാ-

തലറിടും  കാറ്റില്‍


കാത്തിരുന്ന നിശാശലഭ-

ക്കാലുകള്‍ തേടി

ആര്‍ത്തുവന്ന മഴപ്പെരുങ്കാ

റാകെയും മൂടി 


വെക്കമെന്‍ കരയെത്തുവാനായ്

തോണികള്‍ പാഞ്ഞു 

എത്ര വേഗം പ്രകൃതി സൌമ്യ-

ക്കാലുറ മാറി.


കാട്ടില്‍ നിന്നു പുലിക്കുടുംബം 

നാട്ടിലെത്തുമ്പോല്‍ 

ആട് കാള പശുക്കളെല്ലാം 

നാവടക്കുന്നു 


വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍

കാവല്‍ക്കാരായി 

പേമഴപ്പടയോട്ടമെല്ലാ-

ക്കൂരയും തോണ്ടി


ഒട്ടു സന്തോഷിച്ചു പോയാ-

ലപ്പുറം ദുരിതം  

കെട്ടഴിച്ചു വിഴുങ്ങുവാനായ് 

കാത്തിരിക്കുന്നു


സുപ്രഭാതം പോലെയല്ല 

തുടര്‍പ്രയാണങ്ങള്‍ 

ഇഷ്ട ഭോജ്യം കാലജന്തു 

കവര്‍ന്നു പോയേക്കാം.


കലമാനും കാമുകിയും


വാക്കുമരത്തണലത്ത്

പാട്ടു തുന്നും യുവതിക്ക് 

കയ്യിലിടാന്‍ വള്ളിവള 

കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ് 


കൊലുസ്സിന്റെ തിളക്കത്തില്‍ 

മനസ്സടച്ചു നക്ഷത്രം  

അതു കണ്ടു യാത്ര നിര്‍ത്തി 

പരുങ്ങി നിന്നു ഗാലക്സി 


ഗാലക്സിയില്‍  മുങ്ങി നീന്തി 

വെളിച്ചത്തിന്‍  യുവധീരന്‍ 

മുഖം പൊത്തി  കന്യമാരെ 

കൊണ്ടുപോയ കാമക്കണ്ണന്‍ 


കണ്ണടച്ചു ചൂണ്ടി വന്ന

സൂചിക്കാരി  യുവതിക്ക് 

രണ്ടു കടം കൂട്ടിവച്ചു 

രണ്ടു ചോദ്യം  ബാക്കി വച്ചു


വച്ചു മാറാന്‍ ശംഖുണ്ടോ

വെന്ത ചോറിന്‍ മണമെന്ത്?

ചോദ്യം രണ്ടും ചെറുത്തപ്പോള്‍ 

ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു 


ഉടഞ്ഞു പോയ മൌനത്തില്‍ 

ഹോര്‍മോണുകള്‍ വീണ മീട്ടി 

ഇണകള്‍ക്ക് ചാമരവും 

ചഷകവുമായ് കാറ്റെത്തി.


എത്തിനോക്കീ  മരച്ചോട്ടില്‍ 

തുന്നലില്ല വെട്ടമില്ല 

മരം നിന്ന പുല്‍ത്തടത്തില്‍

കലമാനും കാമുകിയും.


Tuesday 9 November 2021

രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

 രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

------------------------------------------------------------------

യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ദുബൈ ഗവണ്‍മെന്‍റ്  വന്‍തുക ചെലവഴിച്ച് സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനപ്രപഞ്ചമാണ് ഇപ്പോള്‍ അവിടെ നടക്കുന്ന എക്സ്പോ 2020 എന്ന ആഗോള പ്രദര്‍ശനം.

ഇരുനൂറോളം രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.ഓരോ രാജ്യവും അതിന്‍റെ സംസ്ക്കാരത്തനിമയും പുരോഗതിയുടെ പടവുകളും കാണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍ശബ്ദങ്ങള്‍ അറേബ്യക്ക് പുറത്തുണ്ടായിരുന്നെങ്കിലും പ്രദര്‍ശനം ഗംഭീരമായിത്തന്നെ തുടരുന്നു. ഇന്ത്യന്‍ രൂപ വച്ചു നോക്കിയാല്‍  ഒരാളിനു രണ്ടായിരം രൂപയാണ് ടിക്കറ്റ്. അവിടെ എളുപ്പം എത്താനുള്ള മെട്രോ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സൌകര്യവും ഉണ്ട്. പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കും അറുപതു കഴിഞ്ഞവര്‍ക്കും പ്രവേശനം സൌജന്യമാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ് എല്ലാ പവലിയനിലും ഉള്ളത്.സൌദി അറേബ്യ ഒരുക്കിയിട്ടുള്ള പവലിയന്‍ ആധുനിക സാങ്കേതിക വിദ്യാപ്രകടനത്തിന്‍റെ ഗംഭീര ഉദാഹരണമാണ്.മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പലസ്തീന്‍ - ഇസ്രായേല്‍ പവലിയനുകള്‍ ലോക രാഷ്ട്രീയ ബോധമുള്ളവരില്‍ കൌതുകം ഉണര്‍ത്തുന്നതാണ്.

പ്രവേശനകവാടത്തില്‍ തന്നെ എല്ലാ രാജ്യങ്ങളുടെയും പതാക ഉയര്‍ത്തിയിട്ടുണ്ട്. അതിന്‍റെ ചോട്ടില്‍ അറേബ്യന്‍ ഗോത്രനൃത്തവും സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.കുട്ടികളോട് സംസാരിക്കുന്ന യന്ത്രസഹോദരരും അവിടെ കറങ്ങി നടക്കുന്നു.
 
ഓരോ പവലിയന് മുന്നിലും അതാതുരാജ്യങ്ങളുടെ സാംസ്ക്കാരിക പരിപാടികളുണ്ട്. നമ്മുടെ കളരിപ്പയറ്റും കൈകൊട്ടിക്കളിയും ഒഡീസിയും മണിപ്പൂരിയും നാട്ടുകാട്ടുകലാപ്രകടനങ്ങളുമൊക്കെ ഭാരത പവലിയന്‍റെ മുറ്റത്തുണ്ട്. കവിയരങ്ങും മുശായിരയുമൊന്നും ഇല്ല.

പാക് പവലിയന്‍റെ മുറ്റത്തുണ്ടാകുന്ന നൃത്തവും പാട്ടുമൊക്കെ ആസ്വദിക്കാനും ഇലഞ്ഞിത്തറ മേളത്തിന്റെ കൈയാംഗ്യ മേളത്തെഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അനുഭവിക്കാനും നിറയെ സന്ദര്‍ശകര്‍ ഉണ്ടാകാറുണ്ട്.

ഓരോ രാജ്യവും അവരുടെ സാംസ്ക്കാരിക മഹത്വവും മനുഷ്യരാശിക്ക് അവര്‍ നല്‍കിയ സംഭാവനകളും പവലിയനുകളില്‍ ആധുനികസാങ്കേതിക വിദ്യയുടെ കമനീയതയോടെ ഒരുക്കിയിട്ടുണ്ട്. ഫാസിസമൊക്കെ ലോകരാജ്യങ്ങളുടെ അനിഷ്ടപ്പാട്ടികയിലായതിനാല്‍ രാഷ്ട്രനായകരുടെ പടവും പ്രസംഗവും കൊണ്ട് പവലിയനുകള്‍ നിറച്ചിട്ടില്ല. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ കാലമായിരുന്നെങ്കിലോ? അവരുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ കാണുമായിരുന്നു. ഭരണാധികാരികളിലെ ഫാസിസ്റ്റ് പുറത്തുവരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം ആത്മരതിയുടെ അടയാളമായ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കകയെന്ന പ്രവണതയിലൂടെ ആണല്ലോ.

നാലുനിലയുള്ള പടുകൂറ്റന്‍ പവലിയനാണ് ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. നാനൂറ്റന്‍പത് കോടി രൂപയാണ് അവിടെ ദീവാളികുളിച്ചത്. ദീവാളി കുളിക്കുകയെന്ന പ്രയോഗം ഇന്ത്യന്‍ പവലിയന്‍റെ മൂന്നിലെത്തുമ്പോള്‍ പെട്ടെന്നു ഓര്‍മ്മവരും.കാരണം നമ്മുടെ പ്രധാനമന്ത്രി ദീപാവലി ആശംസകളുടെ സ്നാനഘട്ടത്തില്‍ നില്‍ക്കുന്ന ചിത്രം പലവട്ടം അവിടെ  മിന്നിമറയും.

ഉള്ളില്‍ കടന്നാല്‍ ആദ്യം ചന്ദ്രയാന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അവിടെ നിന്നുകൊണ്ടു ഇനി ആര്യഭട്ടനും ഭാസ്ക്കരനും ഇട്ടിഅച്ചുതനും ഈ.ജാനകിയമ്മാളും ജഗദീഷ് ചന്ദ്രബോസും ശാസ്ത്രീയതയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയായ നെഹ്രുവും ഒക്കെ കാണുമെന്നു ധരിച്ചാല്‍ തെറ്റി. പിന്നങ്ങോട്ടു യോഗാഭ്യാസമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും പിന്‍തുടര്‍ന്നിട്ടില്ലാത്ത വിവിധ ആസനങ്ങളുടെ പ്രകടനം.

കണ്ടുകണ്ടങ്ങനെ വരുമ്പോള്‍ അതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധപോസിലുള്ള ചിത്രങ്ങള്‍. സോവിയറ്റ് അമേരിക്കന്‍ രാഷ്ട്രനായകരോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു നിന്ന പടമല്ല.നരേന്ദ്ര മോദി വിവിധ രാഷ്ട്രനായകരെ ഒറ്റയ്ക്കു കാണുന്ന ഫോട്ടോകള്‍.

ആദ്യം അഹിംസയെ കുറിച്ച് സംസാരിച്ച ബുദ്ധന്‍റെയോ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയോ പടങ്ങളില്ല.
എല്ലാം മോദിമയം. രണ്ടാം ലോകയുദ്ധകാലത്തിനു മുന്‍പ് ജര്‍മ്മനിയുടെ ചുമരുകളില്‍ കണ്ട ആ മുറിമീശക്കാരനെ 
സന്ദര്‍ശകര്‍ ഓര്‍മ്മിച്ചാല്‍ അത്ഭുതപ്പെടാനില്ല.

ഈ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം അവിടെ മാത്രമല്ലല്ലോ.വിമാനത്താവളങ്ങളിലും മരുന്ന് കടകളിലും പെട്രോള്‍ പമ്പുകളിലും കോവിഡ് സര്‍ട്ടിഫിക്കറ്റിലും എല്ലാം കാണുന്നുണ്ടല്ലോ. അതെ, ഭരണാധികാരിയുടെ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം സര്‍വ്വനാശകാരണമായ ഫാസിസ്റ്റ്  കൊടുങ്കാറ്റിനു മുന്‍പുള്ള പക്ഷിക്കരച്ചിലാണ്.

Saturday 30 October 2021

മഹാഭാരതം വായനാനുഭവം ബാലഗോപാലന്‍ കാഞ്ഞങ്ങാട്

 പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ്ടെ മഹാഭാരതം - വ്യാസൻ്റെ സസ്യശാല " മുൻനിർത്തി ഒരു സ്നേഹവായന

യുദ്ധത്തിൽ മരിക്കുന്നവർക്കും അനാഥരാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സമർപ്പണം ചെയ്ത പുസ്തകം;ആദ്യ പേജിൽ തന്നെ കവി തൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു" ഞാൻ അടിച്ചമർത്തപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെടുന്നവരുടേയും കൂടെയാണ്.സാഹിത്യം സാമൂഹിക പ്രതിബദ്ധമാകണം. ചില്ലുമേടയിലിരിക്കുന്നവൻ്റെ പാൽ ചിരിയിലെ സൗന്ദര്യ ചിന്തയല്ല; മറിച്ച് കണ്ണീർ വീണ് കരുവാളിച്ച് ഉടൽ കറുത്തവൻ്റെ കൺതടങ്ങളിലെ കല്ലിച്ച ചോരയാണ് തൻ്റെ സർഗ്ഗധാരയുടെ അടിസ്ഥാന ശിലയെന്ന് പ്രഖ്യാപിക്കുന്ന കവിയുടെ രചനകൾ ; ഈ ആശയധാരയുമായി മുന്നോട്ടു പോകുന്ന ഏതൊരാളുടേയും ചിന്തകളെ തീപിടിപ്പിക്കുന്ന അരണി കടച്ചിൽ തന്നെയാണ് '
മഹാഭാരതം - പൗരാണിക ഭാരതം ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം. വിശ്വ മഹാകവി വേദവ്യാസൻ ഭാവന കൊണ്ട് വരാനിരിക്കുന്ന യുഗങ്ങളിലേക്ക് കൂടി ആശയദർശനം നടത്തിയ കൃതി. യുദ്ധം തെറ്റാണെന്നും; ആത്യന്തികമായി യുദ്ധം ബാക്കി വയ്ക്കുന്നത് മാനസികവും, സാമൂഹികവുമായ കഠിന നിസ്സംഗ ശൂന്യതയാണെന്ന് അടിവരയിട്ട് പറയുന്ന ഋഷി കവി ആർക്കും പിടികൊടുക്കാത്ത മനുഷ്യൻ്റെ മനസ്സ് എങ്ങനെയാണെന്ന് നൂറുകണക്കിന് കഥാപാത്രസന്നിവേശത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. രാമായണവും മഹാഭാരതവും വായിച്ചൊരു സാധാരണക്കാരനായൊരു തമിഴൻ പറഞ്ഞ കഥ ( ഏറ്റവും സൂഷ്മമായി) കാഞ്ഞങ്ങാട്ട് നാട്ടിൽ പൂർവ്വികർ പറഞ്ഞു കേട്ടിട്ടുണ്ട്
"ഒരവൻ പെണ്ണാലെ സത്തുപോയ്
മറ്റവൻ മണ്ണാലെ സത്തു പോയ് " ----
പെണ്ണും മണ്ണുമാണ് ലോകത്തിലവിടെയും യുദ്ധത്തിൻ്റെ വിത്തു വിതയ്ക്കുന്നത്. യുദ്ധം ആരംഭിക്കുന്നത് മനുഷ്യൻ്റെ മനസ്സിലാണെന്ന കവിവാക്യം ഈ യാഥാർത്ഥ്യ നിരീക്ഷണത്തിൽ നിന്നും പുറപ്പെട്ടതാവാം.
ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ശബ്ദമാകുന്നുണ്ട് വ്യാസമാഹാഭാരതം എന്ന കൃതി.അകമ്പനൻ തൊട്ട് ഹോത്രവാഹനൻ വരെയുള്ളവർ.കവി അഗ്നിയെ തൊട്ടത് നോക്കുക
" തോറ്റു ഞാൻ
കിളിക്കുഞ്ഞുങ്ങളേ പ്രാണ -
പാത്രവുമായ്
പറന്നു പൊയ്ക്കൊള്ളണേ"...
തൻ്റെ തീച്ചൂട് തനിക്കു പോലും കെടുത്താനാവില്ലെന്ന് നിസ്സഹായനായൊരാളുടെ വിലാപം.
വില്ലു നീ താഴെ വയ്ക്കുക എന്നു പറയുന്ന അത്രി; യുദ്ധ ഹേതു വിവരിക്കുന്ന അന്ധകൻ;നിസ്സഹായതയിൽ വിയർക്കുന്ന അഭിമന്യു ;പുത്രവിലാപം ചെയ്യുന്ന അർജ്ജുനൻ;പൊരുതി മരിക്കാൻ; പകരം വീട്ടാൻ അവിഹിത സന്തതിമാരേ വരൂ എന്ന് ആഹ്വാനം ചെയ്യുന്ന അലായുധൻ;മാഹാ വ്യാധി ബാധിച്ചു വീണിട്ടും താൻ തന്നെയാണ് ശരിയെന്ന് പറയുന്ന അശ്വത്ഥാമാവ്; പകയുടെ നേർ ചിത്രമായ അംബ;ഭോഗാസക്തനായ ഇന്ദ്രൻ; സിംഹ ജാഗ്രതയുളളിൽ ഗർജ്ജിക്കുമ്പോൾ പ്രാണരക്ഷ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് പറയുന്ന കംസൻ: പെറ്റമ്മ വലിച്ചെറിഞ്ഞ കർണ്ണൻ;പടപൊരുതലാെണൻ്റെ കർമ്മമെന്ന് പറയുന്ന കിർമ്മീരൻ;മരണത്തിനോടു പോലും അനുഭൂതി പകരാൻ പറയുന്ന കീചകൻ സങ്കടത്തിൻ്റെ തീയമ്പ് കടയുന്ന കുന്തി ; ഈശ്വരനല്ല വെറും മർത്ത്യനാണ് താനെന്ന ചെറുതാകലിലേക്ക് ചെറുതാകുന്ന കൃഷ്ണൻ ...... ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തങ്ങളെ കവിതയുടെ ചുവന്ന ചുവരിലേക്ക് അലേഖനം ചെയ്യുന്നത് ഈ കവിയിലൂടെ !
ഒടുവിൽ
"തപസ്സിലാഗ്രഹങ്ങൾ പോൽ ഹിമത്തിലഗ് നിയുണ്ടെടോ
തകർന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം
പരുക്കനായ പൗരുഷം തകർത്തെറിഞ്ഞു നിൽക്കണം
വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം
കല്ലുപോൽ പ്രബലയായുറച്ചുതന്നെ നിൽക്കണം"..... എന്ന് ഹോത്രവാഹനനിലൂടെ സ്ത്രീയേ ശക്തിയിലേക്കു കുതിക്ക;നീയ ബലയല്ല; മഹാശക്തിയാണെന്ന് പാർശ്വവൽക്കരിക്കപ്പെട്ടു പോയ സ്ത്രീ ജന്മങ്ങളെ പ്രാണനിൽ ചേർത്തു പിടിക്കുകയും ചെയ്യുന്നുണ്ട് കവി. നന്നായി ഉൾക്കൊണ്ട് വായിക്കപ്പെട്ടാൽ ക്ലാസിക്കുകളെല്ലാം തന്നെ മനുഷ്യനന്മയെയാണ് ഉദ്ഘോഷിച്ചത്; എന്ന് കാണാനാവും.ഇവയുടെ വായന ജീവിതത്തേയും സമൂഹത്തേയും ശുദ്ധീകരിക്കുമെന്നുള്ളതും നിസ്സംശയമാണ്.
വ്യാസരചിതമായൊരു കാവ്യസൃഷ്ടിയെ തീർത്തും വ്യത്യസ്തവും വ്യതിരിക്തവുമായ രീതിയിൽ സമീപിച്ച പ്രിയ കവീ
അഭിനന്ദനങ്ങൾ
.... അഭിവാദ്യങ്ങൾ.

Wednesday 27 October 2021

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം


ഓണ്‍ ലൈന്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന വാര്ത്തകള്‍ കൊണ്ട് അനുദിനം അപമാനിതമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം. ഓണ്‍ലൈനില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ വിവാഹമായി ഇത് രേഖപ്പെടുത്തപ്പെട്ടു.

സൈബര്‍ കേസുകളെല്ലാം തന്നെ ആ മാധ്യമം ദുരുപയോഗപ്പെടുത്തുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്.ഓണ്‍ ലൈനിലൂടെ പുഷ്പിക്കുന്ന പ്രണയങ്ങള്‍ വളരെയധികം ഉണ്ടെങ്കിലും സ്ത്രീ ചൂഷണങ്ങളും അതുവഴി കൊലപാതകങ്ങളും ആത്മഹത്യകളും അടക്കം നിരവധി അനഭിലഷണീയമായ സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ.

കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി.ജെ ജോണ്‍സണ്‍ ഓണ്‍ലൈനിലൂടെ വിവാഹം നിരീക്ഷിക്കുകയും പുനലൂര്‍ സബ് രജിസ്ട്രാര്‍ ടി.എം. ഫിറോസ് വിവാഹം രജിസ്ട്രറാക്കുകയും ചെയ്തു. യുക്രൈനില്‍ ജോലി ചെയ്യുന്ന വരനും തിരുവനന്തപുരം കഴക്കൂട്ടം  സ്വദേശിനിയായ വധുവുമാണ്   ശാസ്ത്രം നമുക്ക് തന്ന ഏറ്റവും പുതിയ മാര്‍ഗ്ഗത്തിലൂടെ വിവാഹിതരായി ചരിത്രത്തില്‍ കയ്യൊപ്പിട്ടത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയാണ് വരന്‍.

ധന്യാ മാര്‍ട്ടിനും ജീവന്‍ കുമാറും വധൂവരന്‍മാര്‍. മാനവിക ബോധത്തിന്‍റെ സമനിലത്തില്‍ നിന്നു ശ്രദ്ധിച്ചാല്‍ മാതാതീത മനുഷ്യവിവാഹത്തിന്‍റെ ചാരുത കൂടി ഈ സാക്ഷാത്ക്കാരത്തിനുണ്ട്. ശിവഗിരികിരണങ്ങളില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ നാരായണഗുരുവിന്‍റെ പൂര്‍ണ്ണകായപ്രതിമയോ ചിത്രമോ പൂമുഖത്ത് വച്ചല്ല അതു തെളിയിക്കേണ്ടത്. ജീവിതത്തില്‍ അതു പാലിച്ചുകൊണ്ടാണ്. ഈ യുവമിഥുനങ്ങള്‍ക്ക് അതു കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ബ്യൂറോക്രസിക്ക് ഒരു തകരാറുണ്ട്. അവര്‍ മനുഷ്യസ്നേഹത്തിന്‍റെ  യുക്തിഭംഗി അനുസരിച്ചു ഒന്നും ചെയ്യില്ല. അവിടെ ചുവപ്പുനാട അഴിയണമെങ്കില്‍ ഒന്നുകില്‍ റൂളുപുസ്തകത്തില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ധീരന്‍മാരാരെങ്കിലും മുന്‍പ് ചെയ്ത ഫയല്‍ കാണണം. ഇവിടെയും അതുണ്ടായി. ഓണ്‍ ലൈന്‍ കല്ല്യാണത്തിന്‍റെ ബാക്ക് ഫയലില്ലല്ലോ. വധൂവരന്‍മാര്‍ കോടതിയില്‍ പോയി. കോവിഡ് ബാധിച്ചതിനാല്‍ സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച സമയത്ത് വരനു യുക്രൈനില്‍ നിന്നും എത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയത്.

കോടതിയെന്തായാലും മനുഷ്യത്വത്തിന്‍റെ ഭാഗത്തുനിന്നുതന്നെ ഉത്തരവിട്ടു.സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐ.ടി വകുപ്പിന്റെയും അഭിപ്രായം തേടിയ കോടതി പ്രണയികള്‍ക്ക് അനുകൂലമായി അഭിനന്ദനാര്‍ഹമായ രീതിയില്‍ വിധി പ്രഖ്യാപിച്ചു. അങ്ങനെ 
ഓണ്‍ലൈന്‍ വിവാഹം യാഥാര്‍ഥ്യമായി. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസ് ഗൂഗിള്‍ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു.വരനു പകരം പിതാവ് ദേവരാജന്‍ രജിസ്റ്ററില്‍ ഒപ്പുവച്ചു.മകന്‍റെ മാതാതീത വിവാഹത്തിനു ഒപ്പുവച്ച പിതാവ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ജില്ല രജിസ്ട്രാറും ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.

ഇനിയും ഇത്തരം ഓണ്‍ലൈന്‍ വിവാഹ അനുമതി തേടിയുള്ള ഹര്‍ജികള്‍ കോടതിമുന്‍പാകെ ഉണ്ടത്രേ.  ഇപ്പോഴുള്ള ഉത്തരവ് മാതൃകയാക്കിക്കൊണ്ട് വിവാഹങ്ങള്‍ നടത്താവുന്നതേയുള്ളൂ.കോവിഡ് ഇല്ലാത്തതിനാല്‍ അത് നടത്താന്‍ വിസമ്മതിക്കുമോ എന്നുള്ളത് ഒരു ചുവപ്പുനാടപ്രശ്നമാണ്.

സാധാരണ സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാരേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന കീഴ്വഴക്കം ആപ്പീസ് മുറയല്ല. ഇതാകട്ടെ മിനിട്ടുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും നല്കി

 അങ്ങനെ  നീതിന്യായവ്യവസ്ഥയും      വധൂവരന്‍മാരും രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും എല്ലാവരും പ്രബുദ്ധകേരളത്തിന്‍റെ അഭിനന്ദനത്തിന് പാത്രമായി.

Tuesday 12 October 2021

ഇന്‍റര്‍നെറ്റിലെ നീല വിഷവലകള്‍


എണ്‍പതുകളുടെ തുടക്കത്തിലാണ്.  കൊല്ലത്തെ ഒരു യുവാവ് പലചരക്ക് കടയില്‍ നിന്നും കാല്‍കിലോ മുളകു വാങ്ങി വീട്ടില്‍ കൊണ്ടുപോയി. മുളക് എടുത്ത ശേഷം അമ്മ അടുക്കളയിലുപേക്ഷിച്ച കവര്‍ അയാളെടുത്ത് കൌതുകത്തിനു വായിക്കുന്നു. അന്നൊക്കെ കൂടുകളുണ്ടാക്കുന്നത് അച്ചടിച്ച പഴയകടലാസുകള്‍ പശ വച്ച് ഒട്ടിച്ചായിരുന്നു.പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും കവര്‍ ഉണ്ടാക്കിവില്‍ക്കുന്നത് ഒരു ജീവനോപാധി ആയിരുന്നു.

വായിച്ചു നോക്കിയപ്പോള്‍ അച്ചടിച്ച ഒരു തെറിക്കടലാസാണ് കൂടുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങള്‍ മുഖം പൊത്തുന്ന തുറന്ന ലൈംഗിക രംഗങ്ങള്‍ അച്ചടിച്ചിരിക്കുന്നു . വീട്ടില്‍ പ്രായപൂര്‍ത്തിയായ സഹോദരിയുണ്ട്. ആ കുട്ടിയുടെ കണ്ണില്‍ ഈ കടലാസ്സ് പെട്ടിരുന്നെങ്കിലോ? യുവാവ് വേദനയോടെ മറ്റു കൂട്ടുകാരോട് വിവരം പറഞ്ഞു. 

അവര്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചു.ഭരണാധികാരികളുടെ ശ്രദ്ധയില്‍ അശ്ലീലപ്രസിദ്ധീകരണങ്ങളുടെ കാര്യമെത്തിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം.  പന്ത്രണ്ടു ചെറുപ്പക്കാര്‍. കാവനാട്ടു വച്ച് ലൈംഗിക പ്രസിദ്ധീകരണങ്ങള്‍ 
കത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ കൊള്ളിയുരച്ചത് ഞാനായിരുന്നു.

സൈക്കിളില്‍ മൈക്ക് വച്ചുകെട്ടി അവര്‍ നടന്നു. വഴിയോരക്കടകളില്‍ നിന്നും ആഭാസപ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തു. നടുറോഡിലിട്ടു കത്തിച്ചു. ജനങ്ങളുടെ വലിയ സഹകരണം അവര്‍ക്ക് ലഭിച്ചു.കൊല്ലം കോടതിയിലും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും അവര്‍ക്ക് വിശദീകരണം നല്‍കേണ്ടിവന്നു.

തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലിട്ട് ആഭാസപ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു.കൊച്ചുസീത,സ്റ്റണ്ട്, അതിരസം, രസവന്തി തുടങ്ങിയ സചിത്ര രതികേളീ  പ്രസിദ്ധീകരണങ്ങള്‍. 

കുറച്ചു കോപ്പികള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ ഏല്‍പ്പിച്ചിട്ട് ഈ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വായിച്ചവരെയും കത്തിച്ചവരെയുമല്ല, പ്രസാധകരെയാണ് ജയിലിലടച്ചത്.

മലയാളത്തിലെ പൈങ്കിളിസാഹിത്യമെല്ലാം ചാനല്‍ ചില്ലകളില്‍ ചേക്കേറിയതുപോലെ ഈ രതിപ്രതലങ്ങളെല്ലാം ഇപ്പോള്‍ ഇന്‍റര്‍ നെറ്റിലുണ്ട്. പേരുകള്‍ വേറെയാണെന്ന് മാത്രം.മലയാളത്തിലെ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നെങ്കില്‍  ദൃശ്യ ലൈംഗികതയ്ക്ക് ലോകമാണ് തീയേറ്റര്‍.

മൊബൈല്‍ ഫോണില്‍ നെറ്റ് ലഭ്യമാകുമെന്നായതോടെ ആര്‍ക്കും ഈ പോര്‍ണോടാക്കീസിലെത്താം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നെറ്റ് സൌകര്യമുള്ള ഫോണുകള്‍ ആവശ്യമായതിനാല്‍ അവര്‍ക്കും ഇത് പ്രാപ്യമാണ്. അത്യന്തം അപകടകരമായ ഒരു സ്ഥിതി വിശേഷമാണിത്. ചില രാജ്യങ്ങളില്‍ നെറ്റിലൂടെ നീലച്ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധനം ഫലപ്രദമായിട്ടില്ല. 

ലൈംഗിക കുറ്റകൃത്യങ്ങള്‍ അധികമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ ഇതൊക്കെ സുലഭമാണെന്ന് മാത്രമല്ല, പ്രസിദ്ധരായ ലൈംഗികചലചിത്ര താരങ്ങള്‍ പോലുമുണ്ട്. കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരിലെ കുറ്റവാസന കൊണ്ടല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരിലുണ്ടാകുന്ന ശാരീരിക വ്യതിയാനം കൊണ്ടാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണ് ഏക പരിഹാരമാര്‍ഗ്ഗം. 

പുരുഷന്‍റെ ലൈംഗികാതിക്രമങ്ങളെ ഭയന്ന് അടിമുടി മറച്ചുനടക്കുന്നവരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പവസ്ത്രധാരികളുടെ നാടുകളില്‍ 
ലൈംഗികാതിക്രമങ്ങള്‍ കുറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. നമുക്കും അതാവശ്യമാണ്.

ആയിരക്കണക്കിനു പോണ്‍ സൈറ്റുകളാണ് നെറ്റിലുള്ളത്.  ആഗ്രഹങ്ങളുള്ള മനുഷ്യനില്‍ നിന്നും ഇവയെ അകറ്റി നിര്‍ത്താന്‍ കുട്ടിക്കാലത്ത് നല്‍കുന്ന ശാസ്ത്രീയ വിദ്യാഭ്യാസത്തിനു മാത്രമേ  കഴിയൂ.

എല്ലാ വിധ ലൈംഗികക്രിയകള്‍ക്കും ഇടമുള്ള പുരാണങ്ങളെ പൂജിക്കുന്ന മതങ്ങള്‍ക്ക് നെറ്റിലെ രതിക്രിയാസ്വാദനത്തില്‍ ഇടപെടാനെ കഴിയില്ല. മതസ്ഥാപനങ്ങളിലുള്ള പല ആചാര്യന്മാരും ലൈംഗികാതിക്രമങ്ങളില്‍ പ്രതികളുമാണല്ലോ.

മറ്റു ചില ലൈംഗികപ്രശ്നങ്ങളും  സമൂഹത്തിലുണ്ട്. അത് വാര്‍ദ്ധക്യത്തില്‍ എത്തിയവരുടെയും വൈധവ്യം അനുഭവിക്കുന്നവരുടെയും മൂന്നാം ലിംഗക്കാരുടെയും മറ്റും പ്രശ്നങ്ങളാണ്.. ഇന്ത്യക്കു പുറത്തുള്ള ലോകം ശാസ്ത്രീയമായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ യസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരിമാരുടെ വീടെന്ന നോവല്‍ വൃദ്ധലൈംഗികത ചര്‍ച്ച ചെയ്യുന്നതാണ്.

ഇന്‍റര്‍നെറ്റിലെ നീലവിഷവലകള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും പ്രേരണയാകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രലോഭനങ്ങളില്‍  നിന്ന് മോചിതരാകാനും ചിലപ്പോഴിത് കാരണമാകുമെന്ന് നെറ്റില്‍ തന്നെയുള്ള ചര്‍ച്ചകള്‍ പറയുന്നുണ്ട്. പോണ്‍അടിമകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും സമഗ്രമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്തായാലും കുട്ടികളിലേക്ക് ഈ സൌകര്യം എത്തിക്കുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പഠനത്തില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് മാത്രമല്ല പലതരം മാനസികപ്രശ്നങ്ങളിലും അവരെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്  ഈ പ്രലോഭനത്തില്‍ നിന്നും കൌമാരമനസ്സുകളെ രക്ഷിക്കാനുള്ള പാഠ്യപദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ സമയമായി

Saturday 9 October 2021

കലപ്പ ഡോട്ട് കോം

 


ഏതു സൈറ്റിൽ ക്ലിക്കിയേറി
തിരഞ്ഞിട്ടും തിരിഞ്ഞില്ല
കാലിലെന്നോ കുരുങ്ങിയ
പ്രാകൃത ശിൽപം
അന്ധകാരമരക്കാലും
ലോഹലിംഗപ്രകാശവും
സംഗമിച്ചു ചമച്ച
പൗരാണിക ശിൽപം
മനസ്സില്ലാമനസ്സെന്ന
മനസ്സുണ്ടാമനസ്സിൽ ഞാൻ
മനസ്സാക്ഷികുത്തുവിത്തായ്
വിതച്ചേറുമ്പോൾ
ഇരുട്ടിന്റെ ചുണ്ടിൽ വച്ച
ചുരുട്ടുപോൽ വഴികാട്ടി
വരമ്പില്ലാ വരമ്പിൻമേൽ
അമ്പിളി നിന്നു
ഇടംപക്കത്തൊരു
ബീഡിപ്പൊരിപോലെ
ചെറുതാരം
വലമ്പക്കത്തൽപമേഘം
അടിവസ്ത്രം പോൽ.
ചരിത്രം കണ്ണടച്ചപ്പോൾ
പവിത്രസാക്ഷികൾ വാനിൽ
കലപ്പയെ കണ്ടുവെന്നു
മൊഴി ചിന്തുന്നു.
ഇവന്റെ പിന്നാലെയല്ലോ
മനുഷ്യന്റെ കാട്ടുപക്ഷി
വിശപ്പിന്റെ ചിറകേറി
താഴ്വര താണ്ടി
ഇവന്റെ മുന്നാലെയല്ലോ
തുകിലില്ലാത്തടരായി
തെറിക്കും ആസക്തിയായി
മണ്ണുടൽ വീണു.
നദിക്കൊപ്പം ഗോത്രതാളം
നരിക്കൊപ്പം വേട്ടനൃത്തം
വയൽച്ചാലിൽ ചോളമുത്തിൻ
സുഗന്ധമുത്തം.
ഉയിർന്നേറ്റ നാമ്പുപോലെ
പ്രഭാതം ദിക്കുകൾ തോറും
കടമ്പിന്റെ കൊമ്പിലേറി
കരടിക്കൂട്ടം
കലപ്പക്കു കാലമല്ലോ
കളിക്കൂട്ട് കിളിക്കൂട്ടം
കരീയെണ്ണപോലെ വീണ
ജീവിതപ്പാടം.
ഇടിവെട്ടിക്കത്തീടുന്നൂ
തിരശ്ശീല സൈറ്റിലിപ്പോൾ
കറുമ്പന്റെ ശവം പോലെ
വിശപ്പിൻ ശിൽപം

Wednesday 29 September 2021

ജയന്‍ മാങ്ങാടിന്‍റെ തെയ്യാട്ടം


ഉത്തരകേരളത്തിലെ അനുഷ്ഠാനപരമായ ഗ്രാമീണ കലയാണ് തെയ്യവും തിറയും എന്ന ആമുഖവാചകത്തോടെയാണ് ഈ മേഖലയില്‍ വലിയ ഗവേഷണങ്ങള്‍ നടത്തിയ എം.വി.വിഷ്ണു നമ്പൂതിരി ഉത്തരകേരളത്തിലെ തോറ്റംപാട്ടുകള്‍ എന്ന പുസ്തകം ആരംഭിക്കുന്നത്. സാധാരണക്കാരന്‍റെ ആരാധനാ സമ്പ്രദായമാണ് തെയ്യാട്ടവും തിറയാട്ടവും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തെയ്യവും തിറയും ജാതിയില്‍ അധിഷ്ഠിതമായ കലാരൂപങ്ങളാണ്.കേരളത്തിലെ മിക്ക കലാരൂപങ്ങളും അങ്ങനെയാണ്. ഓണക്കാലത്ത് ഉത്സവപ്പകിട്ടു നല്‍കുന്ന പുലികളി,കരടികളി വള്ളംകളി  തുടങ്ങിയവയൊക്കെയാണ് ജാതിമുക്തമായ കലാരൂപങ്ങള്‍.മിക്കവയും അധ:സ്ഥിതജനതയുടെ കലാഭിരുചിയാണ് പ്രകടമാക്കുന്നത്.
എന്നാല്‍ ഈ അവസ്ഥയില്‍ തന്നെ ചില തെയ്യങ്ങളെ മാറ്റിനിര്‍ത്തുന്നുമുണ്ട്. അതിനെക്കാള്‍ ശ്രദ്ധിക്കേണ്ടത് തോറ്റങ്ങളില്‍ ഉണ്ടായ കലര്‍പ്പുകളാണ്. 

ശങ്കരാചാര്യരും അലങ്കാരന്‍ എന്ന ദലിതനും തമ്മില്‍ നടന്നതായി സങ്കല്‍പ്പിക്കുന്ന സംഭാഷണമാണ് പൊട്ടന്‍തെയ്യത്തെ പ്രസക്തമാക്കുന്നത്.കാഞ്ഞങ്ങാട്ടെ അജാന്നൂരിലുള്ള കൂര്‍മ്മല്‍ തറവാട്ടിലെ ഒരംഗമായിരുന്ന എഴുത്തച്ഛന്‍ നിര്‍മ്മിക്കുകയോ ക്രമപ്പെടുത്തുകയോ ചെയ്തതാണ് പൊട്ടന്‍ തെയ്യത്തിന്‍റെ തോറ്റം.
ജാതിവ്യവസ്ഥയുടെ അപ്രസക്തി വ്യക്തമാക്കുന്ന വരികളാണ് ഈ തോറ്റത്തില്‍ ഉള്ളത്. നാടന്‍ പാട്ടുകാരും ജാതിവിരുദ്ധപ്രവര്‍ത്തകരും നിരന്തരമായി  ഉദ്ധരിക്കുന്നതിനാല്‍ 
കാസര്‍കോട് ജില്ലയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും പ്രസിദ്ധമാണ് ഇതിലെ വരികള്‍.

നീങ്കളെ  കൊത്ത്യാലും ഒന്നല്ലേ ചോര / നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര എന്നും നാങ്കളെ കുപ്പയില്‍ നട്ടോരു വാഴ / പ്പഴമല്ലേ നീങ്കളെ തേവനു പൂജ എന്നും കേക്കുദിക്കുന്ന തമ്പിരാന് വേറിട്ട വ്യത്യാസമില്ലെന്നും സ്ഥാപിക്കുന്ന തോറ്റം രചിച്ചിട്ടുള്ളത് ദലിതര്‍ തന്നെയാണെന്നും എഴുത്തച്ഛന്‍മാര്‍ അത് വക്രീകരിച്ചു ഭക്തി സാന്ദ്രമാക്കുകയാണ് ചെയ്തതെന്നും പുതിയ തലമുറയിലെ അന്വേഷകനായ ജയന്‍ മാങ്ങാട് അഭിപ്രായപ്പെടുന്നു.

കുറച്ചുകൂടി തീവ്രമാണ് പുതിയ തലമുറയിലെ കവി ബാലഗോപാലന്‍ കാഞ്ഞങ്ങാട് പുലപ്പൊട്ടന്‍ എന്ന കവിതയിലൂടെ സ്ഥാപിക്കുന്ന അഭിപ്രായം. ആദിശങ്കരനെ ഒരു പുലയന്‍ തോല്‍പ്പിച്ചതില്‍ പ്രകോപിതരായ സവര്‍ണര്‍ പുലയനെയും മക്കളെയും കെട്ടിയിട്ട് കുടിലിനു തീവെച്ചു കൊന്നെന്നും പിന്നീട് തെയ്യമാക്കി ശിവനില്‍ ആരോപിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതു സംഭവിച്ചത് പുളിങ്ങോത്തെ അമ്പലവയല്‍ 
പരിസരത്താണെന്നും തോറ്റത്തിലും ഈ തീക്കൊല്ലല്‍ മറച്ചു വെച്ചു എന്നും പൊട്ടന്‍ തെയ്യത്തിന്‍റെ കനലാട്ടം ഈ സംഭവവുമായി കൂട്ടി വായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ തോറ്റമായതിനാല്‍ ഗവേഷകരുടെ അഭിപ്രായങ്ങള്‍ക്കാണ് ഇനി നമ്മള്‍ ചെവികൊടുക്കേണ്ടത്.

പൊട്ടന്‍ തെയ്യം കനലിലൂടെ നടക്കുകയും ചാരിയിരിക്കുകയും ചെയ്യുന്നത് കണ്ട് ഭക്തിയോടെ കൈകൂപ്പിനില്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍, ഇതേ വിദ്യ അവതരിപ്പിച്ചുകൊണ്ട് ഇതില്‍ ദൈവീകാത്ഭുതമൊന്നും ഇല്ലെന്നും പരിശീലനം കൊണ്ടു ചെയ്യാവുന്നതാണെന്നും ഗംഗന്‍ അഴിക്കോടും മറ്റും സ്ഥാപിച്ചത് മറ്റൊരു ചരിത്രം.

തെയ്യം കാണാനും അഭ്രപാളികളില്‍ പകര്‍ത്താനുമൊന്നും ജാതിമതവിലക്കില്ല. തെയ്യത്തിന്‍റെ അത്യാകര്‍ഷകമായ രൂപഘടനയും തോറ്റത്തിന്റെ സാഹിത്യഭംഗിയുമൊക്കെ നിരീശ്വരവാദികള്‍ക്ക് പോലും അടുത്തുനിന്ന് ശ്രദ്ധിക്കാം. ഈ പുരോഗമന സ്വഭാവത്തെക്കുറിച്ച് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനായ ഇ.പി.രാജഗോപാലന്‍ കോറോത്തെ മുച്ചിലോട്ട് ഭഗവതിത്തെയ്യം നടത്തിയ ഇടത്തുവച്ച് പ്രസംഗിച്ചത് ഓര്‍ക്കുന്നു.

ഓരോ തെയ്യത്തിന്റെയും പിന്നിലുള്ള കഥകളില്‍ പോരാട്ടത്തിന്‍റെ വീര്യമുണ്ട്. പലതിലും രക്തസാക്ഷിത്വത്തിന്‍റെ
നിഴലുണ്ട്. വേദനിപ്പിക്കുന്ന ജീവിതരംഗങ്ങളുണ്ട്.പ്രണയം പോലുമുണ്ട്. പോലീസ് തെയ്യവും മാപ്പിളത്തെയ്യവുമൊക്കെയുള്ള ഈ സമഗ്ര കലാരൂപത്തെ സവര്‍ണദേവതാ സങ്കല്‍പ്പവുമായി കൂട്ടിക്കെട്ടുന്നതില്‍ അനൌചിത്യമുണ്ട്.

ഇത്തരം അനൌചിത്യങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് തെയ്യാട്ടമെന്ന പുതിയ ഡോക്കുമെന്‍ററി രൂപപ്പെടുത്തിയിട്ടുള്ളത്.
ജയന്‍ മാങ്ങാടാണ് സംവിധായകന്‍. തെയ്യങ്ങളുടെ കലാപരത, ജനകീയത തുടങ്ങിയവയൊക്കെ ഈ ലഘുചിത്രത്തില്‍ അഭിവാദ്യം ചെയ്യപ്പെടുന്നുണ്ട്.

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ വാക്കുകളോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. ദൈവങ്ങളുടെയും സാധാരണ  മനുഷ്യന്റെയും സൌന്ദര്യപരമായ, ചൂഷണാതീതമായ  ഐക്യത ഇതില്‍ അടയാളപ്പെടുത്തുന്നു  പ്രജകള്‍ തീരാദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ വിയര്‍പ്പുമണികള്‍ കൊയ്തെടുത്ത് നിലവറകളില്‍ പൂട്ടിയിട്ടിരിക്കുന്ന സൂപ്പര്‍ ദൈവങ്ങളുള്ള കേരളത്തിലാണ്, കുംഭഗോപുരങ്ങളില്ലാതെ ഓക്സിജന്‍ കലവറകളായ കാവുകളില്‍ അരങ്ങേറുന്ന പാവപ്പെട്ടവരുടെ തെയ്യങ്ങള്‍ ശ്രദ്ധേയമാകുന്നത്.

സമ്പന്നദൈവമായാലും പട്ടിണിക്കോലമായാലും കോവിഡ് തടയാന്‍ രണ്ടിനും കഴിയില്ലെന്ന വര്‍ത്തമാനകാല  വാസ്തവമുഖം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.. 

പൌരോഹിത്യത്തിന്‍റെ ഇടപെടല്‍ തെയ്യാട്ടം എന്ന ഈ ലഘുചിത്രം ഉറപ്പിച്ച് പറയുന്നുണ്ട്. ചന്ദനഗന്ധവും ഹവിസ്സുമില്ലാത്ത തെയ്യങ്ങളുടെ കീഴാളലാവണ്യം ഈ ചിത്രത്തിന്‍റെ തേജസ്സാണ്

ശൂളിയാര്‍ ഭഗവതി, കുറത്തിയമ്മ, വില്ലാരന്‍, ഒറ്റക്കോലം, മൂവാളംകുഴി ചാമുണ്ഡി, തീക്കുട്ടിച്ചാത്തന്‍, മൂച്ചിലോട്ടു ഭഗവതി, ഗുളികന്‍,കൈതച്ചാമുണ്ഡി,നെടുബാലിയന്‍, കതിവനൂര്‍ വീരന്‍ പുലിമറഞ്ഞ തൊണ്ടച്ചന്‍ തുടങ്ങിയ തെയ്യങ്ങളെ കൂടാതെ  പഞ്ചൂരുളിത്തോറ്റം, പുളിയും ചെമ്പകവും  കത്തിച്ചുകൂട്ടിയ മേലേരി ഇവയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നു. എല്ലാം സമീപദൃശ്യങ്ങളാകയാല്‍ ഓരോ ഫ്രെയിമും ആകര്‍ഷകവും അഴകുറ്റതുമാണ്. ജനങ്ങളുടെ ആവേശവും കസേരയിട്ടു കാണുന്നവരുടെ നിര്‍മ്മമതയും ക്യാമറക്കണ്ണിലൂടെ കടന്നു പോകുന്നുണ്ട്. തെയ്യാവസ്ഥയുടെ ആവാഹനത്തിനായി മുഖത്തെഴുത്തിനു ശേഷം  കണ്ണാടിനോക്കുന്ന തെയ്യക്കാരന്‍ നമ്മുടെ നേരെയും ഒരു കണ്ണാടി പിടിക്കുന്നുണ്ട്.

ലോകത്തെവിടെയുമുള്ള  ഗോത്രജനതയോട് മലയാളികള്‍ക്കുള്ള കലാപരമായ സാഹോദര്യം ഈ ചിത്രം പറയാതെ പറയുന്നുണ്ട്.
ഇതുവരെ കണ്ട തെയ്യം ഡോക്കുമെന്ററികളില്‍ ഏറ്റവും മികച്ചതാണ് തെയ്യാട്ടം.


Friday 17 September 2021

ഉടല്‍


ഉടലാണ് സത്യം
ഉടലില് നിന്നല്ലോ പറക്കുന്നു
ചിന്തയുടെ കുരുവിയും കഴുകനും
ഫീനിക്സ് പക്ഷിയും
ഉടലാണിരിപ്പിടം
പ്രണയത്തിന്, സ്നേഹമധുരം
പുരട്ടിയ അമ്മനിലാവിന്
ഉടലാണുറവിടം
കരുണയ്ക്ക് സ്മരണയ്ക്ക്
മഴവില്ലുകണ്ടു മദിക്കുമൊഴുക്കിന്
ഉടലാണ് വീട്
കൊടുംകാട്,സാഗര-
ച്ചുഴിയിലെ സ്രാവുവേട്ടക്കായൊരുങ്ങുന്ന
ധിഷണയ്ക്ക്
വിഷമിച്ചു നില്ക്കുമലിവിന്
ഉടലാണ് മാളം
ആത്മീയ സര്പ്പത്തിന്
പിടിമുറുക്കിക്കൊല്ലും
അര്ബ്ബുദ ഞണ്ടിന്
ഉടലാണ് കാമം
ഉടലാണ് കര്മ്മം
ഉടലുകള് ചാലിച്ചതല്ലോ ചരിത്രം

Wednesday 15 September 2021

സംബോധനയിലെ സാദര സമീപനങ്ങള്‍

 

അങ്ങനെയൊരു കാലം ഉണ്ടായിരുന്നത്രെ. അല്‍പ്പമെങ്കിലും ഉയര്ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലീസില്‍ പ്രവേശനം ഇല്ലാതിരുന്ന കാലം.

കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയെയും വെള്ളായണി പരമുവിനെയുമൊക്കെ നേരിടേണ്ടിയിരുന്ന പോലീസുകാര്‍ക്ക് വിവരവും വിവേകവും ഉണ്ടാകാന്‍ പാടില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചു കാണും. 

തെറിമലയാളമായിരുന്നു പോലീസിന്‍റെ ഭരണഭാഷ. ഗരുഡന്‍ തൂക്കവും ഉരുട്ടും കാണാക്കസേരയിലെ ഇരുത്തലും  മറ്റുമായിരുന്നു പ്രയോഗഭാഷ. ഇന്നുവരെയുണ്ടായ എല്ലാ ഇടതു മുഖ്യമന്ത്രിമാരും പോലീസിന്‍റെ ഈ ഭാഷയും പ്രയോഗവും അനുഭവിച്ചവരാണ്.

പോലീസ് സേനയുടെ മുഖവാചകം കേട്ടാല്‍ കുബുദ്ധികള്‍ക്കെ ങ്കിലുംചിരി വരും. മൃദു ഭാവേ ദഢ കൃത്യേ എന്നാണത്. പെരുമാറ്റത്തില്‍ സൌമ്യതയും പ്രവൃത്തിയില്‍ ഉറപ്പും എന്നാണ് ആ ദേവഭാഷാ സൂക്തത്തിന്‍റെ ആശയം. പക്ഷേ ദേവഭാഷ ഇപ്പോള്‍ ദേവന്‍മാര്‍ക്കുപോലും അറിയാത്തതിനാല്‍ ഈ വാചകമടി ആരും ശ്രദ്ധിക്കാറില്ല. സര്‍വകലാശാല അടക്കമുള്ള പ്രസ്ഥാനങ്ങളുടെ മുന്‍പലകയില്‍ നിന്നും ഇനിയെങ്കിലും സംസ്കൃത സൂക്തങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ഏതാനും സംസ്കൃത പണ്ഡിതന്മാര്‍ മാത്രമല്ലല്ലോ ഈ പാമരകേരളത്തിലുള്ളത്.

പൊലീസുകാരെ ജനങ്ങള്‍ ഏമാന്‍, ഏട്ടദ്ദേഹം, അങ്ങത്ത, അവിടുന്ന് എന്നൊക്കെയാണ് സംബോധന ചെയ്തിരുന്നത്.നാട്ടുഭാഷയില്‍ ഇടിയന്‍, ഈനാംപേച്ചി, ചങ്കുവരട്ടി,പൂതം എന്നൊക്കെയും വിളിച്ചിരുന്നു. അവരാകട്ടെ ജനങ്ങളെ സ്നേഹപൂര്‍വം ഡാഷ് മോനേ/ളേന്നും വിളിച്ചിരുന്നു. സിനിമാനടന്‍ സത്യനാകുന്നതിന് മുന്‍പ് സബ് ഇന്‍സ്പെക്റ്റര്‍ ആയിരുന്ന സത്യനേശന്‍ നാടാര്‍ പുന്നപ്രവയലാര്‍ സമരസഖാക്കളെ മര്‍ദ്ദിച്ചതിന് സാഹിത്യ നിരൂപകന്‍ കെ.പി.അപ്പന്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ടല്ലോ.

അതൊക്കെ പണ്ടുകാലം.പുതിയകാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളും നമ്മുടെ പോലീസ് സേനയിലില്ല.ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഒക്കെയുള്ളവര്‍ ധാരാളമായി പോലീസ് സേനയിലുണ്ട്. സംഘടനാപ്രവര്‍ത്തനം ഉണ്ടായതോടെ സേനയില്‍ സാമൂഹ്യബോധവും സുതാര്യതയും ഉണ്ടായി.അഴിമതിയും കൈക്കൂലിയും അസാധാരണമായി. .പല സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലൈബ്രറികളുണ്ടായി.
ഡ്രൈവര്‍മാര്‍ക്ക് കട്ടന്‍കാപ്പിയുമായി അര്‍ദ്ധരാത്രിയില്‍ റോഡില്‍ നില്‍ക്കുന്നപൊലീസുകാരെകാണാമെന്നായി.വനിതാപോലീസിന്‍റെ സാന്നിധ്യം സ്ത്രീകള്‍ക്ക് ആശ്വാസമായി.കവിതയും കഥയുമെഴുതുന്ന, പാട്ട് പാടുന്ന നാടകവും സിനിമയും ഓട്ടന്‍ തുള്ളല്‍ പോലും സ്വായത്തമാക്കിയ  സേനാംഗങ്ങള്‍ ധാരാളമുണ്ടായി. 

എങ്കിലും അപൂര്‍വം ചിലര്‍ പഴയ ഹാംഗ്ഓവറില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. അവരെ ഉദ്ദേശിച്ചാകാം ഡി.ജി.പി യുടെ പുതിയ ഉത്തരവ്.എടാ എടീ നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും പാടില്ലെന്നാണ് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്രം, ചാനല്‍, സാമൂഹ്യമാധ്യമങ്ങള്‍ ഇവയിലൂടെ പോലും  ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും.

സംബോധന ഒരു പ്രധാന സാംസ്ക്കാരിക മുദ്രയാണ്.പരസ്പര ബഹുമാനത്തോടെയുള്ള സംബോധനയാണ് പൊതുസമൂഹത്തില്‍  ആവശ്യമായിട്ടുള്ളത്.

ജനങ്ങളാണ് യഥാര്‍ത്ഥ ഭരണാധികാരികളെന്ന് തിരിച്ചറിഞ്ഞ പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്, സര്‍,മേഡം അപേക്ഷിക്കുന്നു,അഭ്യര്‍ഥിക്കുന്നു തുടങ്ങിയ പ്രയോഗരീതിയകള്‍ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയതും അഭിനന്ദനാര്‍ഹമാണ്. പാലക്കാട്ടുനിന്നുതന്നെയുള്ള ജനപ്രതിനിധിയായ നിയമസഭാസ്പീക്കര്‍ സഭയിലെ സര്‍ വിളി ഒഴിവാക്കുന്ന കാര്യം 
ഗൌരവമായി ആലോചിക്കുന്നുവെന്നതും അഭിനന്ദനാര്‍ഹമാണ്.
ചുമടെടുത്തവരുടെ ചരിത്രം സംസാരിക്കുന്ന കല്ലത്താണികളെ
സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ബോബന്‍ മാട്ടുമാന്ത മുന്നോട്ടുവച്ച ആശയമാണ് മാത്തൂര്‍ പഞ്ചായത്തിന്‍റെ കണ്ണില്‍ വിളക്ക് കത്തിച്ചത്.

ഇതിനോടനുബന്ധിച്ചൊരു ശ്രദ്ധേയമായ  പ്രസ്താവനയുണ്ടായത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍റെ ഭാഗത്തുനിന്നാണ്. യു.ഡി.എഫ് അധികാരത്തിലുള്ള പഞ്ചായത്തുകളിലെല്ലാം ഈ ആശയം നടപ്പിലാക്കുമത്രെ, നല്ലത്.. 

കോണ്ഗ്രസ്സുകാരില്‍ സംബോധനാപരമായ തുല്യതയില്ല. അവിടെ സാറും ചേട്ടനും ഇക്കയും മാഷുമൊക്കെയാണുള്ളത്.അതേ സമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പരസ്പരം സഖാവേയെന്നു വിളിക്കാവുന്ന അസാധാരണവൈകാരികവൈദ്യുതിയുള്ള  സംബോധനാരൂപമുണ്ട്. സംഘടനാപരമായ അടിമത്ത മനോഭാവമാണ് പ്രായവും സ്ഥാനവും ജാതിയും മതവും സമ്പത്തും
നോക്കിയുള്ള സംബോധനകള്‍. സംഘടനയിലാണ് ആദ്യം ഈ ആശയം പ്രാവര്‍ത്തികമാക്കേണ്ടത്.

നിരപരാധിയുടെ മേല്‍ കുറ്റമാരോപിച്ചു മനപ്രയാസം വരുത്തിയ പോലീസുകാരിയെയും പോലീസുകാര്‍  അംഗങ്ങളായുള്ള വാട്ട്സാപ്പ് ഗ്രൂപ്പില്‍, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ പ്രസംഗം പങ്കുവച്ച എ എസ് ഐ യെയും  നടപടിക്കു വിധേയമാക്കിയതിലൂടെ ഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധ സ്വന്തം സേനാംഗങ്ങളിലും ഉണ്ടെന്ന് തെളിഞ്ഞിരിക്കയാണല്ലോ.

എല്ലാ രംഗത്തും സാംസ്കാരികമായ പരിവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

Friday 10 September 2021

മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം ----------------------------------------------------- വ്യാസ കഥാപാത്ര കവിതകൾ പൂജപ്പുര ആർ.സാംബൻ

 മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം

-----------------------------------------------------
വ്യാസ കഥാപാത്ര കവിതകൾ
പൂജപ്പുര ആർ.സാംബൻ
---------------------------------
കവിതകൾ സാമൂഹികമാറ്റത്തിന്റെ ഊർജ്ജസ്രോതസ്സുകളാണ്.
ആ അർത്ഥത്തിൽ കവികൾ വിപ്ലവകാരികളുമാണ്.
മലയാളഭാഷയുടെ പ്രിയകവിയാണ്
കുരീപ്പുഴശ്രീകുമാർ.

കവിത ഒരു അനുഭവമാക്കാൻ,
ആസ്വദിക്കാൻ, ആരാധനയോടെ സമീപിക്കാൻ നമുക്ക്
കരുത്തും കഴിവും തന്നു എന്നതാണ് കുരീപ്പുഴ ശ്രീകുമാർ
എന്ന കവിയുടെ പ്രസക്തി.

യുക്തിബോധത്തിന്റെ പച്ചമണ്ണിൽ കെട്ടിയുയർത്തിയ
ബിംബകല്പനകൾ ഒരേ സമയം ഉത്ക്കണ്ഠയും
ജാഗ്രതയും ഉയർത്തുന്നു. നിരർഥകമായ പ്രാർത്ഥനകൾക്കല്ല
മറിച്ച് സ്നേഹത്തിനു മാത്രമേ വേദന മുറ്റിത്തഴച്ച
ജീവിത വിസ്മയത്തെ സാർത്ഥകമാക്കാൻ കഴിയൂ
എന്ന് കവി ഉറക്കെയുറക്കെ പാടുന്നു.

മഹാഭാരതം - വ്യാസന്റെ സസ്യശാല എന്ന കൃതിയിൽ
സൂക്ഷ്മവത്ക്കരണവും അതിന്റെ സമഗ്രതയും ഉടനീളം
ദർശിക്കാനാകും. ചിരപരിചിതമായ വ്യാസ കഥാപാത്രങ്ങളെയും
വ്യാസനെയും 2 മുതൽ 8 വരെ വരികളുള്ള ചെറു
കവിതകളിലൂടെയാണ് ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്.
പുതിയ കാലത്തിൽ നിന്നുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ്
അവയെല്ലാം.

ചില ഉദാഹരണങ്ങളിലൂടെ കടന്നു പോകാം..

ശിഖണ്ഡി
--------------
ഉള്ളിൽ
പകക്കാറ്റടിക്കെ പറഞ്ഞു ഞാൻ
കൊല്ലുകല്ലെങ്കിൽ നീ
വില്ലുപേക്ഷിക്കുക.

യുധിഷ്ഠിരൻ
-------------------
എന്താണ് ധർമ്മം, അധർമ്മം?
എൻ ജീവിതം
സമ്മിശ്രവാദം തിമിർക്കുമകത്തളം
എന്താണ് സത്യം, അസത്യം?
എൻ ചിന്തകൾ
സംശയസേന ചൊടിക്കുമടർക്കളം
എന്താണ് തോൽവി, ജയം?
തോറ്റ കുട്ടി ഞാൻ
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ.

വ്യാസൻ
--------------
മഹാസങ്കടത്തിൻ
ജയം ജീവകാവ്യം
മഹാഭാരതത്തിൻ
നദീരയം ഭാവം
ഇതിൽ മുങ്ങി ഞാനും
നിവർന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം.
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വർണ്ണം.

(മിച്ചഭൂമി സമരത്തിൽ ഏ കെ ജിയോടൊപ്പം ജയിൽവാസം
അനുഭവിച്ച ലേഖകൻ പരന്ന വായനയുടെ അനുഭവസ്ഥനാണ്.
ജയശബ്ദം ഓൺലൈൻ പത്രത്തിലാണ് ഈ കുറിപ്പ്
പ്രസിദ്ധീകരിച്ചത്)

Saturday 4 September 2021

മഹാഭാരതം - വ്യാസന്റെ സസ്യശാല- കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ പ്രതികരണം

 മഹാഭാരതം - വ്യാസന്റെ സസ്യശാല

------------------------------------------

കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ
പ്രതികരണം
------------
കവിത മുഖ്യധാരായിലില്ലാത്ത, ചൊൽക്കവിതകൾ
കാസറ്റിലേറിയ ഒരു കാലഘട്ടത്തിലും തന്റെ നേരിട്ടുള്ള
ഇടപെടലിലൂടെ ആസ്വാദകനിരയെ കാവ്യോന്മുഖമാക്കി
നിർത്തിയ  കാവ്യസഞ്ചാരം ഏറ്റവും ഒടുവിൽ പിന്നിട്ട
നാഴികക്കല്ലാണ് വ്യാസന്റെ സസ്യശാല.

വ്യാസമനസ്സ് പ്രസരിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന
രാഷ്ട്രീയ യുക്തികളുടെ കണ്ടെത്തൽ കൂടിയാണ്
ഈ ബൃഹദ് രചന.

പേര് സൂചിപ്പിക്കുന്ന വിധം, ഒട്ടേറെ ജീവജാലങ്ങളെക്കൂടി
പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ മഹാവനം കുരീപ്പുഴയാൽ
നിറയ്ക്കപ്പെട്ടിരിക്കുന്നത്. വ്യാസന്റെ നാരായം കോറിയിട്ട
ആഖ്യാനങ്ങളെ, ആയുധമുനയാക്കി  പരിവർത്തിക്കുന്ന
ഒരു പാൻ ഇന്ത്യൻ രചനയായി കുരീപ്പുഴയുടെ ഈ ഉദ്യമം
രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
അതിന്റെ പുരോയാനം തുടങ്ങിയിട്ടേയുള്ളൂ.

Thursday 2 September 2021

മഹാഭാരതം - ജി.പ്രമോദിന്റെ വായനക്കുറിപ്പ്. (മനോരമ ഓൺ ലൈൻ)

 മഹാഭാരതം - വ്യാസന്റെ സസ്യശാല

ജി.പ്രമോദിന്റെ വായനക്കുറിപ്പ്.
(മനോരമ ഓൺ ലൈൻ)
--------------------------------------------
വ്യാസന്റെ സസ്യശാല - കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരതപര്യടനം
-------------------------------------------------------------
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തിൽ.
ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ
കാവ്യത്തിലെ എണ്ണൂറോളം വ്യാസസസ്യങ്ങളെ അണിനിരത്തി
കുരീപ്പുഴ ശ്രീകുമാർ ഒരുക്കിയ കാവ്യപരമ്പരയാണ്
വ്യാസന്റെ സസ്യശാല എന്ന പുസ്തകം.

ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകമെന്നു
കീർത്തി കേട്ട മഹാഭാരതത്തെ ആധുനികകാലത്തു
നിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമം.

ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തിൽ എന്താണ്
ഇല്ലാത്തതെന്ന ചോദ്യംഈ കാലത്തും പ്രസക്തമാണ്.
യുദ്ധവും സമാധാനവും കുറ്റവും ശിക്ഷയും നിന്ദിതരും
പീഡിതരും, അഗമ്യഗമനം സ്ത്രീ അപഹരണം ബലാൽസംഗം
ശവഭോഗം നരഹത്യ മൃഗഹത്യ  യാഗം സവർണ്ണാധിപത്യം
സ്വയംവരം സ്ത്രീയോടുള്ള ബഹുമാനം ചർവാക ദർശനം
സാംഖ്യം യാഗനിഷേധം പ്രണയം മാതൃകാദാമ്പത്യം
പ്രാണിസ്‌നേഹം ആദിവാസിജീവിതം തുടങ്ങി
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. അനന്ത വൈചിത്ര്യമുള്ള
കഥാപാത്രങ്ങൾ.

18 വർഷമായി ഭാരതപര്യടനം നടത്തുകയാണ് കുരീപ്പുഴ.
ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു
മുതൽ എട്ടു വരിവരെയുള്ള ചെറു കവിതകൾ.
ഒറ്റക്കവിതയായി വായിക്കാവുന്നതാണ് ഓരോ കവിതകളും.
കഥയുടെ തുടർച്ചയല്ല, കഥാപാത്രങ്ങളുടെ മനസ്സാണ് കവി
ഖനനം ചെയ്യുന്നത്.

പ്രശതരല്ലാത്തവരെ കുറിച്ചു മാത്രം ഒറ്റവരിയിൽ കുറിപ്പുകൾ
കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളിൽ ആഴത്തിൽ
കൊള്ളുന്നുണ്ട് കാവ്യശരങ്ങൾ. അക്ഷരമാലാക്രമത്തിൽ
യോജിപ്പിച്ചിട്ടുള്ള സമാഹാരത്തിൽ എവിടെനിന്ന് എങ്ങോട്ടും
വായിക്കാം. ഏതു സസ്യത്തെ അറിയാൻ ശ്രമിച്ചാലും
കവിതയുടെ ഫലം ഉറപ്പ് എന്നതാണ് വ്യാസന്റെ സസ്യശാലയിലൂടെ
കുരീപ്പുഴ ഉറപ്പു നൽകുന്നത്.

സാധാരണക്കാർക്ക് പരിചിതനല്ലാത്ത അകമ്പനൻ എന്ന
കഥാപാത്രത്തിലാണ് തുടക്കം. പുത്രമൃത്യുവാൽ ദുഃഖിതനായ
കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയിൽ അകമ്പനന്റെ
ജീവിതം അനാവൃതമാകുന്നു.

അച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദുഃഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു

അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന
കാഴ്‌ച എട്ടുവരിയിൽ അനവദ്യസുന്ദരമായി കവി
അവതരിപ്പിക്കുന്നു.പാണ്ഡവന്മാരിലെ പ്രധാനി പോലെയോ
കർണ്ണൻ പോലെയോ അകമ്പനനും മനസ്സിൽ തറയുകയാണ്.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ, വെളിച്ചം
കെട്ടുപോയ ജീവിതത്തിൽ എന്നെന്നേക്കും.
തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റു നോക്കിരിക്കുന്ന
അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തിൽ കവിത സഫലമാകുന്നു.

പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന
വ്യക്തിയാണ് കുരീപ്പുഴയുടെ അർജ്ജുനൻ. അസ്ത്രങ്ങളെന്തിന്,
ഗാണ്ഡിവമെന്തിനെന്ന് വിലപിക്കുന്ന വില്ലാളിവീരന്റെ
മനുഷ്യമുഖം. ശത്രുവ്യൂഹത്തിൽ പുത്രന്റെ രക്തമുണങ്ങിയോ
എന്ന് അർജ്ജുനൻ ആകുലപ്പെടുമ്പോൾ, നിസ്സഹായത്വമേ
മർത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ
അകം പൊരുൾ. എല്ലാവരുമുണ്ടായിട്ടും ആരും
രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കിൽ
മറ്റെന്താണ്.

ആരാണ് പുരുഷൻ എന്ന ചോദ്യമാണ് അംബ ഉയർത്തുന്നത്.
നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലൻ
എന്ന മറുപേരും അംബ പുരുഷനു നൽകുന്നുണ്ട്.
അവനുമായി ഏറ്റുമുട്ടുവാൻ എന്നിലെ വനിതയെ
വില്ലെടുപ്പിച്ച് നിർത്തുകയാണ് അംബ. ഇത് മഹാഭാരതത്തിന്റെ
ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്.
കാലം ഇതിഹാസ കാവ്യപുസ്തകത്തിനു കാത്തുവച്ച
കുലനീതി.

കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ
സസ്യശാലയിൽ. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്ക്
വേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ
കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്.
"സിംഹജാഗ്രതയുള്ളിൽ ഗർജ്ജിക്കവേ
ഹംസമല്ല ഞാൻ പാറിപ്പറക്കുവാൻ"

മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവർക്കും ഒന്നിലധികം
തവണ വായിച്ചവർക്കും പുതിയ പൊരുളുകൾ നൽകും
കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവർക്ക്
പുതിയ കാഴ്ചപ്പാടുകളോടു കൂടി ഇനിയെങ്കിലും വായിക്കാം.

ഈ സ്വതന്ത്ര കവിതകൾ സഫലമായ കാവ്യജീവിതത്തിന്റെ
സമ്മോഹനഫലങ്ങളായി മലയാള കാവ്യശാഖയെ
സമ്പന്നമാക്കുന്നു.