അങ്ങനെയൊരു കാലം ഉണ്ടായിരുന്നത്രെ. അല്‍പ്പമെങ്കിലും ഉയര്ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലീസില്‍ പ്രവേശനം ഇല്ലാതിരുന്ന കാലം.
കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയെയും വെള്ളായണി പരമുവിനെയുമൊക്കെ നേരിടേണ്ടിയിരുന്ന പോലീസുകാര്‍ക്ക് വിവരവും വിവേകവും ഉണ്ടാകാന്‍ പാടില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചു കാണും.
തെറിമലയാളമായിരുന്നു പോലീസിന്‍റെ ഭരണഭാഷ. ഗരുഡന്‍ തൂക്കവും ഉരുട്ടും കാണാക്കസേരയിലെ ഇരുത്തലും മറ്റുമായിരുന്നു പ്രയോഗഭാഷ. ഇന്നുവരെയുണ്ടായ എല്ലാ ഇടതു മുഖ്യമന്ത്രിമാരും പോലീസിന്‍റെ ഈ ഭാഷയും പ്രയോഗവും അനുഭവിച്ചവരാണ്.
പോലീസ് സേനയുടെ മുഖവാചകം കേട്ടാല്‍ കുബുദ്ധികള്‍ക്കെ ങ്കിലുംചിരി വരും. മൃദു ഭാവേ ദഢ കൃത്യേ എന്നാണത്. പെരുമാറ്റത്തില്‍ സൌമ്യതയും പ്രവൃത്തിയില്‍ ഉറപ്പും എന്നാണ് ആ ദേവഭാഷാ സൂക്തത്തിന്‍റെ ആശയം. പക്ഷേ ദേവഭാഷ ഇപ്പോള്‍ ദേവന്‍മാര്‍ക്കുപോലും അറിയാത്തതിനാല്‍ ഈ വാചകമടി ആരും ശ്രദ്ധിക്കാറില്ല. സര്‍വകലാശാല അടക്കമുള്ള പ്രസ്ഥാനങ്ങളുടെ മുന്‍പലകയില്‍ നിന്നും ഇനിയെങ്കിലും സംസ്കൃത സൂക്തങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ഏതാനും സംസ്കൃത പണ്ഡിതന്മാര്‍ മാത്രമല്ലല്ലോ ഈ പാമരകേരളത്തിലുള്ളത്.
പൊലീസുകാരെ ജനങ്ങള്‍ ഏമാന്‍, ഏട്ടദ്ദേഹം, അങ്ങത്ത, അവിടുന്ന് എന്നൊക്കെയാണ് സംബോധന ചെയ്തിരുന്നത്.നാട്ടുഭാഷയില്‍ ഇടിയന്‍, ഈനാംപേച്ചി, ചങ്കുവരട്ടി,പൂതം എന്നൊക്കെയും വിളിച്ചിരുന്നു. അവരാകട്ടെ ജനങ്ങളെ സ്നേഹപൂര്‍വം ഡാഷ് മോനേ/ളേന്നും വിളിച്ചിരുന്നു. സിനിമാനടന്‍ സത്യനാകുന്നതിന് മുന്‍പ് സബ് ഇന്‍സ്പെക്റ്റര്‍ ആയിരുന്ന സത്യനേശന്‍ നാടാര്‍ പുന്നപ്രവയലാര്‍ സമരസഖാക്കളെ മര്‍ദ്ദിച്ചതിന് സാഹിത്യ നിരൂപകന്‍ കെ.പി.അപ്പന്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ടല്ലോ.
അതൊക്കെ പണ്ടുകാലം.പുതിയകാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളും നമ്മുടെ പോലീസ് സേനയിലില്ല.ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഒക്കെയുള്ളവര്‍ ധാരാളമായി പോലീസ് സേനയിലുണ്ട്. സംഘടനാപ്രവര്‍ത്തനം ഉണ്ടായതോടെ സേനയില്‍ സാമൂഹ്യബോധവും സുതാര്യതയും ഉണ്ടായി.അഴിമതിയും കൈക്കൂലിയും അസാധാരണമായി. .പല സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലൈബ്രറികളുണ്ടായി.
ഡ്രൈവര്‍മാര്‍ക്ക് കട്ടന്‍കാപ്പിയുമായി അര്‍ദ്ധരാത്രിയില്‍ റോഡില്‍ നില്‍ക്കുന്നപൊലീസുകാരെകാണാമെന്നായി.വനിതാപോലീസിന്‍റെ സാന്നിധ്യം സ്ത്രീകള്‍ക്ക് ആശ്വാസമായി.കവിതയും കഥയുമെഴുതുന്ന, പാട്ട് പാടുന്ന നാടകവും സിനിമയും ഓട്ടന്‍ തുള്ളല്‍ പോലും സ്വായത്തമാക്കിയ സേനാംഗങ്ങള്‍ ധാരാളമുണ്ടായി.
എങ്കിലും അപൂര്‍വം ചിലര്‍ പഴയ ഹാംഗ്ഓവറില്‍ ജനങ്ങളോട് പെരുമാറുന്നുണ്ട്. അവരെ ഉദ്ദേശിച്ചാകാം ഡി.ജി.പി യുടെ പുതിയ ഉത്തരവ്.എടാ എടീ നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും പാടില്ലെന്നാണ് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്രം, ചാനല്‍, സാമൂഹ്യമാധ്യമങ്ങള്‍ ഇവയിലൂടെ പോലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും.
സംബോധന ഒരു പ്രധാന സാംസ്ക്കാരിക മുദ്രയാണ്.പരസ്പര ബഹുമാനത്തോടെയുള്ള സംബോധനയാണ് പൊതുസമൂഹത്തില്‍ ആവശ്യമായിട്ടുള്ളത്.
ജനങ്ങളാണ് യഥാര്‍ത്ഥ ഭരണാധികാരികളെന്ന് തിരിച്ചറിഞ്ഞ പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്, സര്‍,മേഡം അപേക്ഷിക്കുന്നു,അഭ്യര്‍ഥിക്കുന്നു തുടങ്ങിയ പ്രയോഗരീതിയകള്‍ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയതും അഭിനന്ദനാര്‍ഹമാണ്. പാലക്കാട്ടുനിന്നുതന്നെയുള്ള ജനപ്രതിനിധിയായ നിയമസഭാസ്പീക്കര്‍ സഭയിലെ സര്‍ വിളി ഒഴിവാക്കുന്ന കാര്യം
ഗൌരവമായി ആലോചിക്കുന്നുവെന്നതും അഭിനന്ദനാര്‍ഹമാണ്.
ചുമടെടുത്തവരുടെ ചരിത്രം സംസാരിക്കുന്ന കല്ലത്താണികളെ
സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ബോബന്‍ മാട്ടുമാന്ത മുന്നോട്ടുവച്ച ആശയമാണ് മാത്തൂര്‍ പഞ്ചായത്തിന്‍റെ കണ്ണില്‍ വിളക്ക് കത്തിച്ചത്.
ഇതിനോടനുബന്ധിച്ചൊരു ശ്രദ്ധേയമായ പ്രസ്താവനയുണ്ടായത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍റെ ഭാഗത്തുനിന്നാണ്. യു.ഡി.എഫ് അധികാരത്തിലുള്ള പഞ്ചായത്തുകളിലെല്ലാം ഈ ആശയം നടപ്പിലാക്കുമത്രെ, നല്ലത്..
കോണ്ഗ്രസ്സുകാരില്‍ സംബോധനാപരമായ തുല്യതയില്ല. അവിടെ സാറും ചേട്ടനും ഇക്കയും മാഷുമൊക്കെയാണുള്ളത്.അതേ സമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പരസ്പരം സഖാവേയെന്നു വിളിക്കാവുന്ന അസാധാരണവൈകാരികവൈദ്യുതിയുള്ള സംബോധനാരൂപമുണ്ട്. സംഘടനാപരമായ അടിമത്ത മനോഭാവമാണ് പ്രായവും സ്ഥാനവും ജാതിയും മതവും സമ്പത്തും
നോക്കിയുള്ള സംബോധനകള്‍. സംഘടനയിലാണ് ആദ്യം ഈ ആശയം പ്രാവര്‍ത്തികമാക്കേണ്ടത്.
നിരപരാധിയുടെ മേല്‍ കുറ്റമാരോപിച്ചു മനപ്രയാസം വരുത്തിയ പോലീസുകാരിയെയും പോലീസുകാര്‍ അംഗങ്ങളായുള്ള വാട്ട്സാപ്പ് ഗ്രൂപ്പില്‍, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ പ്രസംഗം പങ്കുവച്ച എ എസ് ഐ യെയും നടപടിക്കു വിധേയമാക്കിയതിലൂടെ ഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധ സ്വന്തം സേനാംഗങ്ങളിലും ഉണ്ടെന്ന് തെളിഞ്ഞിരിക്കയാണല്ലോ.
എല്ലാ രംഗത്തും സാംസ്കാരികമായ പരിവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
സായിപ്പ് ഉപേഷിച്ചെങ്കിലും നാം ഇന്നും സർ ഉപേക്ഷിച്ചിട്ടില്ല ...!
ReplyDeleteസംബോധനയിലെ സാറ് ഇന്നും ഏമാൻ തന്നെയാണ്