Monday 25 February 2013

പൊങ്കാല


അംബികാ നായര്‍
അമ്പതുകലത്തില്‍
പൊങ്കാലയിട്ടു .

അമ്മിണിയക്കച്ചി
ഒറ്റക്കലത്തിലും .


അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം .

ദോഷം പറയരുതല്ലോ
അമ്മദൈവത്തിന്‍റെ അനുഗ്രഹത്താല്‍
അമ്മിണിയക്കച്ചിയുടെ
കുടിലടുപ്പും പഴയതു പോലെ തന്നെ 

പുകഞ്ഞിട്ടേയില്ല 

Wednesday 20 February 2013

നടിയുടെ രാത്രി.

അഭ്രത്തിലല്ല
സ്വപ്‌നത്തിലല്ലോടുന്നു
കട്ടിയിരുട്ടിന്‍ ഹൃദയത്തിലേക്കവള്‍

എള്ളിനോടൊപ്പം കുരുത്ത
പി.കെ.റോസി
മുള്ളിലും റോസാദലത്തിലും വീണവള്‍

കന്നിച്ചലച്ചിത്ര നായിക, രാത്രിയില്‍
എങ്ങുമൊരാശ്രയമില്ലാതെ പായവേ
രക്ഷിച്ചതില്ല യഹോവ
വാഴ്ത്തപ്പെട്ട സ്വര്‍ഗസ്ഥര്‍
തൊണ്ടയിലര്‍ബുദപ്പുറ്റുമായി
മിണ്ടാതെ നിന്നു 
വിഗതകുമാരന്റെ 
ചിഹ്നമറിഞ്ഞ ചരിത്രമഹാമുനി.

എന്തായിരിക്കാം സിനിമപ്പുതുമഴ
ചെന്നവള്‍ സൂര്യമുറ്റത്ത്
മൂടിപ്പുതച്ചവ ക്യാമറയെന്നൊരാള്‍
വാടിത്തളര്‍ന്നൊന്നുനില്‍ക്കെന്നു മറ്റൊരാള്‍
കോടിയുടുത്തു ചിരിച്ചുകൊണ്ടങ്ങനെ
വാവാവം പാടിയും കൊക്കര കൂട്ടിയും
ഞാറിന്റെ കൗതുകംപോല്‍ മിഴിനീട്ടിയും
പൂമരം പോലെ നിശ്ശബ്ദയായ് നിന്നും
കാണികളില്ലാത്ത നാടകമാണെന്നു
ഭാവനകൊണ്ടു വിത്തിട്ടു പിരിഞ്ഞവള്‍
പാടം നിറഞ്ഞുകവിയും വിളവിനാ-
ണീവിതയെന്നു നിനയ്ക്കാതെ റോസി

പിന്നെയിരുട്ടില്‍ തിരശ്ശീലയില്‍ കണ്ടു
മിന്നിമറഞ്ഞുതുടിക്കുന്ന പെണ്ണിനെ.

ആരീയൊരുമ്പെട്ടവള്‍
നടിക്കുന്നവള്‍
ആണിനോടൊപ്പമിറങ്ങി നടപ്പവള്‍?

കുപ്പമാടത്തിലൊടുങ്ങേണ്ടവള്‍
തീണ്ടിനില്‍ക്കുന്നു മുന്നില്‍
അഹങ്കാരരൂപിണി

ആദ്യവെള്ളിത്തിരകീറി മേലാളന്റെ 
ധാര്‍ഷ്ട്യം വിധിച്ചു, കൊടുംപാപിയാണിവള്‍

വേശ്യ
മനുസ്മൃതി അട്ടിമറിക്കുന്ന
ദൂഷ്യം കൊളുത്തിയോള്‍
കൊല്ലുകീ യക്ഷിയെ

തമ്പുരാക്കന്മാര്‍ എറിഞ്ഞ തീക്കൊള്ളിയാല്‍ 
വെന്തുവീഴുന്നൂ കുമിള്‍ക്കുടില്‍
ഉള്ളിലെ ഉപ്പുചിരട്ട, പഴന്തുണി
ഈസ്റ്ററിന്‍ പിറ്റേന്നഴിച്ച റിബണ്‍, ചാന്ത്, കണ്‍മഷി

രാത്രിയൊടുങ്ങി
തമിഴകത്തില്‍ പനയോലയും 
വെയിലും സിനിമപിടിക്കുന്നൊരൂരില്‍
വേരില്ല, പേരില്ലൊടുങ്ങുന്നു റോസി
ഭ്രാന്താലയത്തിന്റെ നക്ഷത്രസാക്ഷി.

Monday 18 February 2013

സ്റ്റേഡിയം



കരയുടെ
പെനാല്‍റ്റി ബോക്സിന്നുള്ളില്‍
കടലിന്നാക്രമണം.

ഉരുക്കുകോട്ട
തകര്‍ക്കാന്‍ വയ്യാ-
തുടനെ പിന്മാറ്റം.

കരുത്തു കൂട്ടി
കുതിച്ചു കേറി
തുടരന്‍ മുന്നേറ്റം.

ചീനിയു,മോലപ്പീപ്പിയുമായി
കാണാ ഗ്യാലറിയില്‍
മത്സര,മുത്സവമാക്കി മദിക്കും
കാറ്റിന്‍ സാന്നിധ്യം.

വാകകള്‍
തെങ്ങുകവുങ്ങുകളാടീ
കേരളസാംബാ നൃത്തം.

ഇടയ്ക്കു വന്നൊരു
നീലപ്പൊന്മാന്‍
ചിലച്ചു ചോദിച്ചു
മറന്നു പോയോ
സന്തോഷ്‌ ട്രോഫി,
ഒടുക്കമിന്നാണ്.

നഗ്നപാദരാമോര്‍മ്മകള്‍  ബൂട്സിന്‍
ശക്തിയിലേക്കമര്‍ന്നു പോകുന്നു.

കട്ടിയിരുട്ടത്തുരുട്ടിച്ചുരുട്ടി
വെട്ടത്തു വെച്ച പീരങ്കി
തുപ്പിയ തീപ്പന്തുമോര്‍ത്തു മൌനത്തിന്‍
കല്‍ക്കരി തിന്നിരിക്കുമ്പോള്‍
അപ്പുറത്തെന്താണൊരാരവം
സ്റ്റേഡിയം
കത്തുന്ന പൌരുഷശബ്ദം.

ദിക്കുകള്‍ ഞ്ഞെട്ടിത്തെറിക്കെ
കാല്‍പ്പന്തിനാല്‍
അത്ഭുതം കാട്ടീ മിടുക്കന്‍.

സ്വര്‍ണ്ണ ബംഗാളിന്‍റെ
ഗോള്‍വല ഭേദിച്ചു
കന്നിത്തെലുങ്കിന്‍റെ സൈന്യം.

മൈതാനമധ്യത്ത്
ഇടത്ത്
അതിര്‍രേഖയില്‍
വായുവില്‍
മുന്നില്‍
വലത്തേ കോര്‍ണറില്‍ .....
ഭ്രാന്തുപിടിച്ചപോല്‍ പന്തിന്‍റെ
വേഗവിന്യാസ പ്രഹരം.

കാലില്‍ നിന്നും നെഞ്ചിലേക്ക്
നെഞ്ചില്‍ നിന്നും തലയിലേക്ക്
തലയില്‍ നിന്നും .....
ശത്രുപക്ഷം കിടുങ്ങിയ
കത്രികക്കട്ടിലൂടുഗ്ര വേഗത്തില്‍
കുതിക്കയാണ്
ഇരുകാല്‍ ക്കുതിരകള്‍
കാഞ്ചി വലിച്ച തോല്‍പ്പന്ത്.

ക്രോസ്ബാറു മുട്ടി
നിറഞ്ഞു നില്‍ക്കും ഗോളി
വിശ്രുതന്‍ തങ്കരാജിന്‍റെ
ദീര്‍ഘ ഹസ്തങ്ങള്‍ക്ക്
പാദപ്പെരുമയ്ക്ക്
കീഴ്പ്പെടാന്‍ സമ്മതിക്കാതെ
പച്ച കുരുത്ത പഥത്തിലൂടങ്ങനെ
കത്തിപ്പറന്നു ഭൂഗോളം.

ശ്വാസമിപ്പോള്‍ വിട്ടതേയുള്ളൂ കാണികള്‍
നീള്‍ വിസില്‍ മീട്ടീ റഫറി.
-----------------------------------------
1966-കൊല്ലത്ത് നടന്ന സന്തോഷ്‌ ട്രോഫി മത്സരത്തില്‍ ആന്ധ്രപ്രദേശ് ജയിച്ചു.

Sunday 17 February 2013

ചെര്‍ഗീസ്



വൈതരണിക്കരയില്‍
വൈകുന്നേരത്തൊരു നാളില്‍
രണ്ടു സഖാക്കള്‍ ആശ്ലേഷിച്ചത് 
കണ്ടതു മിന്നല്‍ പെണ്‍കൊടികള്‍

ചില്ലു തറച്ച ശരീരം തമ്മില്‍ 
കല്ലിനു ജീവന്‍ വച്ചതുപോലെ
പുണരുമ്പോള്‍ 
നരകമരങ്ങള്‍ പൊടുന്നനെ പൂത്തൂ
തിരികളില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു
നിലവിളിയുജ്ജ്വല സിംഫണിയായി
ഫണികള്‍മലര്‍ക്കൂമ്പായി

ചുമലില്‍ തട്ടിയൊരാള്‍ പറയുന്നു
തിരുനെല്ലിയിലൊരു പകല്‍ ഞാന്‍ വന്നു
പെരുമനെയോര്‍ത്തു കലങ്ങിയ മിഴികള്‍
നിരവധി കണ്ടു.
കദനാദ്രികളില്‍
സിരയായൊഴുകിയ ചുടു കണ്ണീരിന്‍
കവിതകള്‍ കേട്ടു.
കിനാവും നാവും
പ്രണയിച്ചെഴുതിയ വയലും വെയിലും
ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു.

വിരലില്‍ സ്പര്ശിച്ചപരന്‍ ചൊല്ലി
അരികിലിരുന്നു ബൊളീവിയയില്‍ ഞാന്‍
മലകളിറങ്ങി യിരമ്പി വരുമ്പോള്‍
പണിയരെയനവധി കണ്ടു
കണ്ണില്‍ കൊടിയും തുടിയും
തുരുതുരെയുടയും ഉടലും
തുടലും വെടിയൊച്ചകളും
പടയുമറിഞ്ഞു നിറഞ്ഞു
ജീവിതസമരത്തിന്‍
മഴയാണ്ടു നനഞ്ഞു.

രണ്ടു സഖാക്കളുമപ്രത്യക്ഷം
കണ്ടതു പിന്നൊരു കിരണം മാത്രം.

ഒറ്റ മനസ്സൊരു ദേഹം
ചൊല്ലിയതൊറ്റ മൊഴി
ഒരു സാക്ഷ്യം രക്തം.

Friday 15 February 2013

കേരള കവിതയിലെ വിനയചന്ദ്രിക



മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.

അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ.

വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും മാറുന്നതിനാല്‍ ദുഃഖഭവനത്തിലെ സ്ഥിരവാസക്കാരന്‍ ആയിരുന്നില്ല വിനയചന്ദ്രന്‍.

കാടിനു സ്വന്തം പേരിടുമെന്ന്, വനസ്‌നേഹികളെക്കൊണ്ട് ചൊല്ലിച്ച  വിനയചന്ദ്രന്‍ കോലങ്ങളില്‍ മംഗളം പറഞ്ഞിരുന്നതിനാല്‍ ഇടപെട്ടു പിന്‍വാങ്ങുന്ന കടമയുടെ കായലിലേയ്ക്ക് ഒഴുകുകയായിരുന്നല്ലോ .

മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം വായിച്ചുസഞ്ചരിച്ച വിനയചന്ദ്രന്‍ അപരിചിതമാതൃകകള്‍ തീര്‍ക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളില്‍ നിന്ന് സമയമാനസത്തിന്റെ അനന്തതയിലേയ്ക്ക്, ആരും ആദ്യം ശ്രദ്ധിക്കാത്ത ചരിത്രത്തില്‍ നിന്നും കായിക്കരയും കടന്നുള്ള കടലിലേയ്ക്ക് അദ്ദേഹം യാത്ര ചെയ്തു.

ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടു നടന്നു.

പ്രണയത്തിന്റെ പൂമരങ്ങള്‍ നിരവധി നട്ടുവളര്‍ത്തിയ വിനയചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പര്‍ശവും രേഖപ്പെടുത്തി. രതിയുടെ സുകൃത വികൃതസമയന്വയം ആ കവിതയില്‍ വാസ്തവത്തിന്റെ കിടപ്പുമുറി തുറന്നു.

കേരളീയതയില്‍ ഉറച്ചുനിന്നു കൊണ്ടാണ് ഡി വിനയചന്ദ്രന്‍ ലോക സാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്. ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തിയപ്പോഴും അന്തര്‍ധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി. കൃഷിക്കാരന്റെ പാളത്തൊപ്പി ഈ കവിക്ക് സ്വര്‍ണ കിരീടമായി.

ആര്‍പ്പുവിളിക്കുന്ന കവിയായിരുന്നു ഡി വിനയചന്ദ്രന്‍. കവിയരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു തോന്നിയാല്‍ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആര്‍പ്പോയ് എന്നു വിളിച്ചിരുന്നു. ജനങ്ങള്‍ ഇര്‍റോ വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം കൂടി കവിതക്കൂട്ടം പൂര്‍ണമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യ കവികള്‍ ധാരാളമാണ്. ചങ്ങമ്പുഴ കവിതപോലെ ശത്രുപക്ഷ വിമര്‍ശനങ്ങള്‍ക്കും വിനയചന്ദ്രകവിത വിധേയമായി. 

സ്വന്തം കവിതകള്‍ക്കപ്പുറത്ത്, എം എന്‍ പാലൂരിന്റെ ഉഷസ്സും വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലികളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേള്‍ക്കാന്‍ എന്തൊരിമ്പമായിരുന്നു. 

ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള നിരവധി പിന്‍തലമുറക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.

ആസ്തിക നാസ്തിക പക്ഷങ്ങളില്‍ മാറിയും തിരിഞ്ഞും ഡി വിനയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ കവിതയാണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 

അതെ, മലയാളത്തിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി കവിതകള്‍ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്‌നേഹസാന്നിധ്യവും കവിതയായിരുന്നു.

Sunday 3 February 2013

സാഹിത്യഅക്കാദമിയും വനിതാപ്രാതിനിധ്യവും

       അക്കമഹാദേവിയെപ്പോലെയോ ഔവ്വയാറിനെപ്പോലെയോ ഒരു പൂര്‍വ്വകാലകവിയെ ചൂണ്ടിക്കാട്ടാന്‍ മലയാളത്തിനില്ല. ഇപ്പോഴും ദുരാചാരങ്ങള്‍ നിലനില്‍ക്കുന്ന കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കവിതയെഴുത്തുകാരികളെ അംഗീകരിച്ചിരുന്നുഎന്നാണതിന്റെ അര്‍ഥം. ഒപ്പം, ഭ്രാന്താലയപുരസ്‌ക്കാരം നേടിയ കേരളം ഒരുകാലത്തും എഴുത്തുകാരികളെ അംഗീകരിച്ചിരുന്നില്ല എന്നും.

ഉണ്ണിയാര്‍ച്ചപ്പാട്ടും  പുത്തൂരംപാട്ടും തച്ചോളിപ്പാട്ടും താരാട്ടുപാട്ടും പിറന്നത് അമ്മമനസ്സുകളിലായിരുന്നെങ്കില്‍ ആ അമ്മമാരുടെ പേരോ പ്രദേശമോ കേരളം രേഖപ്പെടുത്തിവച്ചില്ല. ഏത്രദൂരം പോയാലും തോട്ടക്കാട് ഇക്കാവമ്മയെയും കുട്ടിക്കുഞ്ഞുതങ്കച്ചിയെയും കടന്നുപോയി ഒരു പെണ്‍കവിയെ പ്രകാശിപ്പിക്കാന്‍ കേരളീയര്‍ക്കുസാധ്യമല്ല. ബാലാമണിയമ്മയുംകടത്തനാട്ടുമാധവിയമ്മയുംമുതുകുളംപാര്‍വ്വതിയമ്മയും തൊട്ടടുത്തുതന്നെയാണ് ജീവിച്ചുമരിച്ചത്. 

വനിതകള്‍ക്കും അവരുടെ സാഹിത്യരചനകള്‍ക്കും പരിഗണന നല്‍കാത്തത് പാപമാണ്. ആ പാപത്തിന്റെ ചുമട് ഇപ്പോഴും മലയാളി ഇറക്കിവച്ചിട്ടില്ല. അംഗീകാരത്തിന്റെ ഘട്ടങ്ങളില്‍ എഴുത്തുകാരികളെ പുറമ്പോക്കിലേക്കു മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.


കേരളസാഹിത്യഅക്കാദമി ഇന്നുവരെ മികച്ച കവിതകള്‍ക്കുള്ള അമ്പത്തിമൂന്ന് അവാര്‍ഡുകളാണ് നല്‍കിയിട്ടുള്ളത്. അക്കാദമിയുടെ ജീവിതകാലത്തിനിടയില്‍ മൂന്നേമൂന്നു സ്ത്രീകള്‍ക്കാണ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. ബാലാമണിയമ്മയ്ക്കും സുഗതകുമാരിക്കും വിജയലക്ഷ്മിക്കും അമ്പത്തിമൂന്നു തവണ പത്മനാഭസ്വാമിപുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. നാലുസ്ത്രീകള്‍ക്കു മാത്രമേ ഇതുവരെ ഈ പുരസ്‌ക്കാര പട്ടികയില്‍ പ്രവേശനം ലഭിച്ചിട്ടുള്ളു. സുമംഗലയ്ക്ക് രണ്ടുതവണ കിട്ടിയിട്ടുള്ളതിനാല്‍ നാലുപേര്‍ക്കായി അഞ്ചുതവണ നല്‍കിയെന്നുപറയാം. കൂട്ടത്തില്‍ ഭേദം കനകശ്രീ അവാര്‍ഡാണ്. ഇരുപത്തിരണ്ട് തവണ ഈ എന്‍ഡോവ്‌മെന്റ് നല്‍കിയിട്ടുള്ളതില്‍ നാലുവട്ടം യുവകാവ്യകാരികള്‍ക്കുകിട്ടി.


കവിതയുടെ കാര്യമിങ്ങനെയെങ്കില്‍ കഥയുടെ കാര്യമോ? അമ്പത്തിനാലുവട്ടമാണ് നോവലിനു  പുരസ്‌ക്കാരം നല്‍കിയത്. ഇതില്‍ നാല്‍പ്പത്തൊമ്പതു പ്രാവശ്യവും പുരുഷന്മാര്‍ക്ക് ആയിരുന്നു. നാടകരംഗത്താണെങ്കില്‍ അമ്പത്തിനാലില്‍ അമ്പത്തിമൂന്നും പുരുഷന്മാര്‍ക്ക്. നിരൂപണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി അക്കാദമി ഇന്നേവരെ നാല്‍പ്പത്തിയാറ് അവാര്‍ഡുകള്‍ നല്‍കി. ഇതില്‍ നാല്‍പ്പത്തിമൂന്നും പുരുഷന്മാര്‍ക്ക്. വൈജ്ഞാനിക സാഹിത്യത്തില്‍ ഇരുപത്തിമൂന്നുപേര്‍ക്ക് പുരസ്‌ക്കാരം നല്‍കി. ഒറ്റവനിതപോലുമില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കി അക്കാദമി ആദരിച്ച അറുപത്തിരണ്ടുപേരില്‍ ആറുവനിതകള്‍മാത്രം.


വൈദിക-വൈജ്ഞാനിക-നാടകസാഹിത്യത്തിനുള്ള അക്കാദമി എന്‍ഡോവ്‌മെന്റുകള്‍ ഒരു എഴുത്തുകാരിക്കും ഇതുവരെ കിട്ടിയിട്ടില്ല. 


മികച്ച പുസ്തകങ്ങളുണ്ടെങ്കിലേ അക്കാദമിക്ക് അവാര്‍ഡ് നല്‍കാന്‍ കഴിയൂ. മികച്ച എഴുത്തുകാരികള്‍ ഉണ്ടാകാതെ പോയതെന്തുകൊണ്ട്?


കേരള സാഹിത്യ അക്കാദമിക്ക് ഇതുവരെ ഇരുപത്തൊന്ന് പ്രസിഡന്റുമാരാണുണ്ടായത്. രണ്ടുവനിതകളും അധ്യക്ഷമാരായി. ഇതില്‍ തിരുനെല്ലിയുടെ ചോരക്കുഴലുകളെ പൊതുമലയാളത്തിനുനല്‍കിയ പ്രിയപ്പെട്ട കഥാകാരി പി വത്സലയാണ് കൂടുതല്‍കാലം ആ സ്ഥാനത്തിരുന്നത്. മൂന്നുമാസം! അഗ്നിസാക്ഷിയിലൂടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ ലളിതാംബിക അന്തര്‍ജ്ജനം അധ്യക്ഷ സ്ഥാനത്തിരുന്നത് 39 ദിവസം! 

കോളജ് വിദ്യാഭ്യാസഡയറക്ടറായിരുന്ന ഡോ. മോളിതോമസിന് കുറച്ചുകാലം ചുമതലയുണ്ടായിരുന്നതൊഴിച്ചാല്‍ അക്കാദമി സെക്രട്ടറി പദത്തില്‍ ഒരു സ്ത്രീയും വന്നിട്ടില്ല.

 ഇപ്പോള്‍ ആകെയുള്ള മുപ്പത്തിരണ്ട് അക്കാദമി അംഗങ്ങളില്‍ ഇരുപത്തിയാറും പുരുഷന്മാര്‍. ഇടതുപക്ഷഭരണകാലത്ത് ഇരുപത്തിനാലുപുരുഷന്മാരും ഒമ്പത് സ്ത്രീകളുമായിരുന്നു. കാസര്‍കോട്ടെ സീതാദേവി കരിയാട്ടുമുതല്‍ തിരുവനന്തപുരത്തെ വി എസ് ബിന്ദുവരെയുള്ള നിരവധി വനിതകള്‍ സാഹിത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്താണ് സാഹിത്യഅക്കാദമി പുരുഷമേധാവിത്വത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. 


വരയ്ക്കാനുള്ള കഴിവും നര്‍മ്മബോധവുമുള്ള സ്ത്രീകള്‍ ഉണ്ടെങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റ് ഉണ്ടാകാത്തതെന്തുകൊണ്ട്? 

പാട്ടുപഠിച്ചവരേറെയുണ്ടെങ്കിലുംസംഗീതസംവിധാനരംഗത്ത് വനിതകളില്ലാത്തതെന്തുകൊണ്ട്? 

ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോള്‍ പുരുഷമേധാവിത്വത്തിന്റെ ചുവന്ന കണ്ണുകള്‍ തെളിഞ്ഞുകാണാം.