Tuesday 24 May 2022

വരൂ മക്കളേ, പൊതുവിദ്യാലയം വിളിക്കുന്നു.

 വരൂ മക്കളേ, പൊതുവിദ്യാലയം വിളിക്കുന്നു.

------------------------------------------------------------------------
മഴ തണുപ്പും ഉത്സാഹവുമായി നേരത്തെ എത്തി. പുതിയ സ്കൂള്‍ വര്ഷം തുടങ്ങുകയാണ്.കണ്ണീര്‍ മഴയും കൌതുകവുമായെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്ക്കൂള്‍ മുറ്റം ഒരുങ്ങുകയാണ്.

രക്ഷകര്‍ത്താക്കളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ നേരത്തെതന്നെ സ്വകാര്യവിദ്യാലയങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മറുവശത്ത് ചരിത്രത്തിലെ അഭിമാനസ്തംഭങ്ങളായ പൊതു വി ദ്യാലയങ്ങളും ചിറകുകുടയുന്നു.  മഹദ് വ്യക്തിത്വങ്ങളെ  രൂപപ്പെടുത്തിയെടുത്ത, മതാതീത മാനുഷിക ബോധത്തിന്റെ ഉദ്യാനങ്ങളായ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പുതിയ കുരുന്നുകളെ മാടിവിളിക്കുകയാണ്.വരൂ മക്കളേ, ഈ മടിയിലിരുന്നു നല്ല മനുഷ്യരാകാം.

വിദ്യാഭ്യാസമേഖലയില്‍ വലിയ ശ്രദ്ധയാണ് നമ്മുടെ ഭരണകൂടം നല്‍കുന്നത്. അതിന്റെ നേട്ടങ്ങള്‍ ചെറുതല്ല.പല സംസ്ഥാനങ്ങളിലും വര്‍ഗീയ ലഹളകള്‍ അരങ്ങേറുകയും തെരുവില്‍ വീണു മനുഷ്യനു പിടഞ്ഞു മരിക്കേണ്ടി വരികയും ചെയ്തപ്പോള്‍ കേരളം മാനവികതയുടെ പതാകയുയര്‍ത്തി സ്നേഹത്തിന്റെ ഭക്ഷണം കഴിച്ച് തലയുയര്‍ത്തി നിന്നത് ഈ ശ്രദ്ധകൊണ്ടാണ്.

കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളധികവും ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അദ്ധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും മാത്രമല്ല, ചുമരിലിരുന്നു പക്ഷികളും മൃഗങ്ങളും മരങ്ങളും പൂക്കളുമൊക്കെ സ്വാഗതഗാനം പാടുന്നുണ്ട്. ടോട്ടോച്ചാനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പലകെട്ടിടങ്ങളെയും തീവണ്ടിച്ചന്തത്തില്‍ ഒരുക്കിയിട്ടുണ്ട്. ബസ്സുകളും ക്ലാസ്സുമുറികളാകുന്നുണ്ട്.

മതങ്ങളും മറ്റു വിദ്യാഭ്യാസ ബിസിനസ്സുകാരും വലിയ ഫീസ് ഈടാക്കുകയും, ഫീസു കൊടുത്തു പഠിച്ചാലേ ഉത്തരവാദിത്വം ഉണ്ടാകൂ എന്നൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടെയാണ്, മക്കള്‍ക്ക് ചോറുകൊടുത്താലും കൂലിവാങ്ങുന്ന ഹോട്ടലുകളല്ല പൊതുവിദ്യാലയങ്ങളെന്ന് നമ്മള്‍ തിരിച്ചറിയേണ്ടത്.

പൊതുവിദ്യാലയങ്ങളില്‍ സ്നേഹം മാത്രമല്ല,പാലും മുട്ടയും പഴവുമടക്കമുള്ള ആഹാരവും സൌജന്യമാണ്.പാഠപുസ്തകങ്ങളും വസ്ത്രങ്ങളും സൌജന്യമാണ്. ഈ സൌജന്യങ്ങളൊന്നും ഔദാര്യമല്ല. അവകാശമാണ്.

നിങ്ങള്‍ ജാതിയിലോ മതങ്ങളിലോ വിശ്വസിക്കാത്ത ഒരാളാണെങ്കില്‍ ഉത്തമബോദ്ധ്യത്തോടെ കുഞ്ഞുമായി പൊതുവിദ്യാലയത്തിലേക്ക് ചെല്ലാം. അവിടെ ആരും ജാതിയും മതവും എഴുതാന്‍ നിര്‍ബ്ബന്ധിക്കില്ല.

കുഞ്ഞുമക്കള്‍ കയ്യുംവീശി ചെന്നാല്‍ മതി. അവര്‍ക്ക് വേണ്ടതെല്ലാം സ്ക്കൂളിലുണ്ട്.. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുങ്ങിയിരിക്കയാണ്.അമ്മമലയാളം കൂടാതെ ഇംഗ്ലീഷും സംസ്കൃതവും ഹിന്ദിയും  അറബിയും ഉറുദുവും എല്ലാം ഒരു ചെലവുമില്ലാതെ അവിടെ പഠിക്കാം.നമ്മുടെ സ്കൂളാണ്. സുസജ്ജമായ പരീക്ഷണശാലയും കളിസ്ഥലവും ശുചിമുറിയും എല്ലാമുണ്ട്.

സാഹിത്യ വാസനയുള്ള കുഞ്ഞുങ്ങള്‍ക്കായി വിദ്യാരംഗവും കലോത്സവങ്ങളും ഉണ്ട്.കലോത്സവത്തില്‍ പ്രതിഭകളായിക്കഴിഞ്ഞാല്‍ സിനിമയടക്കമുള്ള വിവിധ സാധ്യതകള്‍. ശാസ്ത്രമേളകള്‍, കായികമേളകള്‍,ഗണിത,പ്രവര്‍ത്തിപരിചയ ഐ ടി മേളകള്‍, വിവിധ സ്കോളര്‍ഷിപ്പുകള്‍, പഠന ധനസഹായങ്ങള്‍,..

സ്കൂളുകളിലിനി ഇന്‍റര്‍നെറ്റ് സൌകര്യവും ലഭിക്കും. ദേശീയ ഹരിതസേനയടക്കം ഇരുപത്തഞ്ചിലധികം ക്ലബ് പ്രവര്‍ത്തനങ്ങള്‍,കുട്ടിപ്പോലീസും സ്കൌട്ടും റെഡ് ക്രോസ്സും എന്‍ സി സിയും രോഗപരിശോധനയും എല്ലാം സ്കൂളില്‍ കിട്ടും. അദ്ധ്യാപകരുടെ ജ്ഞാനമേഖല വികസിപ്പിക്കാന്‍ വേണ്ടി വിവിധ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍.....
 
അതെ നമ്മുടെ മക്കളേ പൊതുവിദ്യാലയങ്ങളില്‍ സുരക്ഷിതരാക്കാം.ഒരു രൂപ പോലും ഡൊണേഷനില്ല. അധ്യാപക രക്ഷകര്‍ത്തൃ സമിതികളില്‍ സഹകരിക്കാം. മതരഹിതരായി ഒന്നിച്ചിരുന്നു നമ്മുടെ മക്കള്‍ മനുഷ്യരായി വളരട്ടെ. കേരളത്തിന്‍റെ അഭിമാനപതാക ഉയരത്തില്‍ പറക്കട്ടെ.

ഇനിയും മുന്നോട്ട് വരേണ്ട പൊതുവിദ്യാലയങ്ങളുണ്ടെന്ന കാര്യം മറക്കുന്നില്ല. ആദിവാസി മേഖലയാണ് അതില്‍ പ്രധാനം.ട്രൈബല്‍ സ്ക്കൂളുകളില്‍ വേണ്ട സൌകര്യങ്ങളൊരുക്കാന്‍ ഇനിയും അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസി മക്കള്‍ക്ക് അനുവദിച്ചിട്ടുള്ള താമസസൌകര്യങ്ങള്‍ മികവുറ്റതാക്കാനും സര്ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.

Tuesday 10 May 2022

കേരളത്തില്‍ ഒരു ആസിഡ് ഗ്രാമം

ചിറ്റൂര്‍ എന്ന നാട്ടുപേര് കേരളത്തില്‍ പലയിടങ്ങളിലുമുണ്ട്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പാലക്കാട്ടെ ചിറ്റൂര്‍ മുതല്‍ എറണാകുളത്തെ ചിറ്റൂര്‍ വരെ. കൂടാതെ ഈ ദ്രാവിഡനാമം തമിഴ് നാട്ടിലും ആന്ധ്രാ പ്രദേശിലും ഉണ്ട്. എന്നാല്‍ ആസിഡ് ഗ്രാമം എന്ന പേര് സ്വീകരിക്കേണ്ടിവന്ന ഒരേയൊരു ഗ്രാമമേയുള്ളൂ. അത് കൊല്ലം ചവറയിലുള്ള ചിറ്റൂരാണ്.


ചിറ്റൂര്‍ പ്രദേശം ആസിഡ്ഗ്രാമമാകുമ്പോള്‍ അതിനു പിന്നില്‍ ഹനിക്കപ്പെട്ട മാനുഷിക മൂല്യങ്ങളുടെ ഞെട്ടിക്കുന്ന സത്യാവസ്ഥയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഉദയകിരണങ്ങളോളം നീളുന്ന ചരിത്രവുമുണ്ട്. ജ്ഞാനപീഠപുരസ്ക്കാര ജേതാവ് ഓ എന്‍ വി ഒരു കവിതയിലൂടെ ഈ ചരിത്രം പറഞ്ഞിട്ടുണ്ട്.

കയറുകൊണ്ടുള്ള ചവിട്ടിയിലൂടെ ജര്‍മ്മനിയിലെത്തിയ മിനുക്കം ഒരു വിലപ്പെട്ട ധാതുവാണെന്ന് ഡോ.സി.ഡബ്ലിയു ഷോംബെര്‍ഗ് കണ്ടെത്തുന്നു. അത് അപൂര്‍വവും അമൂല്യവുമായ മോണോസൈറ്റിന്റെ അംശം ആയിരുന്നു. ഈ ധാതു പദാര്‍ഥങ്ങളുടെ വന്‍ നിക്ഷേപം അറബിക്കടലിന്റെ കിഴക്കന്‍ തീരത്തുള്ള കൊല്ലം ആലപ്പുഴ ജില്ലകളില്‍ ഉണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്ന് വലിയ നിരീക്ഷണങ്ങളും  പരീക്ഷണങ്ങളും ഉണ്ടായി. തോറിയം യുറേനിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈ മണ്ണ് കപ്പല്‍ മാര്‍ഗ്ഗം വന്‍തോതില്‍ യൂറോപ്പിലേക്ക് കൊണ്ടുപോയി.

പിന്നീടിത് സ്വദേശസംരംഭങ്ങളായി മാറുകയും ക്രമേണ ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്സ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലും മറ്റുള്ളവ കേരള സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുമായി.

ജനകീയ ശാസ്ത്രജ്ഞന്‍ വി.ടി.പത്മനാഭന്‍, ഈ പ്രദേശത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, കരിമണലില്‍ നിന്നും ഉണ്ടാകുന്ന അണുപ്രസരണം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തി.  തുടര്‍ന്ന് യുവകലാസാഹിതിയും മറ്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിജലയാത്ര നടത്തുകയും ചെയ്തു. എന്‍.സി.മമ്മൂട്ടി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ആര്യാട് ഗോപി, ചവറ കെ.എസ്.പിള്ള, വള്ളിക്കാവ് മോഹന്ദാസ്, പി.ആര്‍.കര്‍മ്മചാന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ആ പരിസ്ഥിതി ജലയാത്ര, ആയിരംതെങ്ങില്‍ വച്ച് വന്ദ്യവയോധികനായ സഖാവ് പുതുപ്പള്ളി രാഘവന്‍ ഉദ്ഘാടനം ചെയ്തു.ഈ യാത്രയില്‍ വച്ചാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ നാവിലൂടെ, പിന്നീട് പ്രസിദ്ധിയാര്‍ജ്ജിച്ച ആ പരിസ്ഥിതിഗാനം ഉരുത്തിരിഞ്ഞത്. ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?

 കാലം പിന്നിട്ടപ്പോള്‍ കരിമണ്ണ് ശേഖരിച്ചിടം അഗാധ ഗര്‍ത്തങ്ങളായി. കടലുകയറി. ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയി. ഗ്രാമങ്ങള്‍ തന്നെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി. കുറെ പേര്‍ക്ക് നഷ്ടപരിഹാരവും  ചികിത്സാസഹായവും കിട്ടി.

പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടില്ല. ടൈറ്റാനിയം എന്നപേരിലറിയപ്പെടുന്ന കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഫാക്റ്ററിയുടെ കൂറ്റന്‍ മതിലിനോടു ചേര്‍ന്നു കിടക്കുന്ന ചിറ്റൂര്‍ ഗ്രാമത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളിലും ആസിഡിന്‍റെ സാന്നിദ്ധ്യമുണ്ടായി. കിണറുകളിലെ കുടിവെള്ളം കൊഴുത്ത മഞ്ഞ ദ്രാവകമായി. ഗ്രാമവാസികളില്‍ കാന്‍സര് അടക്കമുള്ള രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചര്‍മ്മരോഗങ്ങള്‍ ചിറ്റൂര്‍ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് സമാനമായ പ്രശ്നങ്ങള്‍ ചിറ്റൂരിലും ഉണ്ടായി.

 വാസയോഗ്യമല്ലാതാക്കി മാറ്റിയ അവരുടെ സ്ഥലം ഏറ്റെടുക്കുമെന്ന് സര്ക്കാര്‍വാഗ്ദാനം ഉണ്ടായി. റവന്യൂ വകുപ്പിന്‍റെ 
ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.പക്ഷേ എല്ലാ പ്രതീക്ഷകളുടെയും മുഖത്തേക്ക് ആസിഡ് വലിച്ചെറിയപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിലച്ചു. വഞ്ചിക്കപ്പെട്ട ആ ജനത സമാധാനപരമായ സമരത്തിലാണ്. അവര്‍ മിന്നാംതോട്ടില്‍ ക്ഷേത്രമുറ്റത്തുനിന്നും പ്ലക്കാര്‍ഡുകളേന്തി സഹിഷ്ണുതയുടെ പ്രതീകങ്ങളായി പോസ്റ്റ് ഓഫീസിലേക്ക് നടന്നു പോയി. മുഖ്യമന്ത്രിക്കുള്ള ആവലാതിക്കത്തുകള്‍ നിശ്ശബ്ദം പോസ്റ്റ് ചെയ്തു കാത്തിരിക്കുകയാണ്. 

ഭൂമി ഏറ്റെടുക്കുന്നതിന്എതിരെയുള്ള സമരങ്ങള്‍ക്ക് സാക്ഷിയാകുന്ന ഇക്കാലത്ത് ഒരു ഗ്രാമം ഈ ഭൂമി ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണേയെന്ന അപേക്ഷയുമായി നില്‍ക്കുകയാണ്.
മരിക്കുന്നേരം നാവിലിറ്റിക്കാന്‍ ഒരു തുള്ളി ശുദ്ധജലത്തിനായി, കാത്തുനില്‍ക്കുകയാണ്. ദാഹിക്കുന്ന കുഞ്ഞിനു ഒരു കുമ്പിള്‍ വെള്ളം കിട്ടണേയെന്ന അര്‍ഥനയുമായി നാനൂറിലധികം കുടുംബങ്ങള്‍ കൈനീട്ടുകയാണ്. അതെ, ജീവിതവും മരണവും മുഖാമുഖം നില്‍ക്കുന്ന ഒരു സമരരാരംഗത്താണ് ചിറ്റൂര്‍ എന്ന ആസിഡ് ഗ്രാമത്തിലെ നിരപരാധികളായ മനുഷ്യര്‍.

Sunday 1 May 2022

ബിനു എം. പള്ളിപ്പാടിന്റെ അനാഥമായ പുല്ലാങ്കുഴല്‍


അതീവസാധാരണക്കാരനായി കവി ബിനു എം.പള്ളിപ്പാട് മരിച്ചു.
വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില് സംസ്ക്കരിച്ചു. പുല്ലാങ്കുഴലിന്റെ പശ്ചാത്തലസംഗീതമല്ലാതെ പോലീസോ ബ്യൂഗിളോ വെടിവെയ്പ്പോ ഒന്നും ഉണ്ടായിരുന്നില്ല.ഔദ്യോഗിക പുഷ്പചക്രങ്ങളോ അനുശോചനക്കുറിപ്പുകളോ കണ്ടില്ല.. സ്നേഹവും കണ്ണീരും തളം കെട്ടിനിന്ന, കൃത്രിമത്വം തീരെയില്ലാത്ത അന്തരീക്ഷം.
ബിനുവിന്റെ അപ്പുപ്പന് ബെന്യാന് കണ്ടത്തിലെ ചെളി കുത്തിപ്പൊക്കിയ തിട്ടയിലാണ് മറ്റെല്ലാ കീഴാളജനങ്ങളുടെയും കുഞ്ഞ് വീടുപോലെ ആ വീടും.അച്ഛന് ജോണ് എന്ന മയിലന്റെ വിയര്പ്പു വീഴാത്ത ഒരു തരി മണ്ണുമില്ല. വര്ഷങ്ങള്ക്ക് മുന്പ്, ഭഗത്സിംഗ് ക്ലബ്ബിലെ കവിയരങ്ങിനു ശേഷം, ബിനുവിന്റെ അമ്മ തന്ന കപ്പപ്പുഴുക്കും കഴിച്ച് ഞങ്ങള് കിടന്നുറങ്ങിയ രണ്ടു മുറിയുള്ള ചെറിയ വീട് ഇപ്പോള് സിമന്റുചേല വാരിച്ചുറ്റിയിട്ടുണ്ട്. അച്ഛനും അമ്മയും ഇപ്പോഴില്ല. ബിനുവിന്റെ സഹധര്മ്മിണി അമ്പിളിയും പെങ്ങളും കടലുപോലെ കരയുകയാണ്.
വലിയ മോഹങ്ങളില് ആകൃഷ്ടനാവാതെ കവിതയിലും പുല്ലാങ്കുഴല് വായനയിലും അഭയം കണ്ടെത്തിയ യുവാവായിരുന്നു ബിനു. മാറ്റാരും ചെയ്യാത്ത കുറെ കാര്യങ്ങള് ചെയ്യാനും ബിനുവിന് കഴിഞ്ഞു. അതിലൊന്ന് കുമളിയില് സംഘടിപ്പിച്ച തമിഴ്- മലയാളം കവിസമ്മേളനമാണ്. അതിനൊരു പശ്ചാത്തലമുണ്ട്.
മുല്ലപ്പെരിയാര് അണക്കെട്ട് ഇപ്പോള് പൊട്ടുമെന്ന് കരുതിയ ദിവസങ്ങള്. കേരളത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കള് ചപ്പാത്തില് നിരാഹാരം കിടന്നു. അപ്പുറത്ത് വൈക്കോയുടെയും മറ്റും നേതൃത്വത്തില് തമിഴരുടെ മഹാപ്രകടനം. തേക്കടിയിലും വണ്ടിപ്പെരിയാറിലും പീരുമേട്ടിലുമൊക്കെയുള്ള മലയാളത്തമിഴര് പോലും കരുണാനിധിയോടൊപ്പം നിന്ന് പീരുമേട് താലൂക്ക് തമിഴ് നാടിനോടു ചേര്ക്കണമെന്ന് അഭിപ്രായപ്പെട്ടകാലം. കമ്പത്തും മറ്റുമുള്ള മലയാളികള് ആക്രമിക്കപ്പെട്ട സാഹചര്യം. ഈ സൂചനകളായിരുന്നു പശ്ചാത്തലം.
ബിനു, തമിഴിലെയും മലയാളത്തിലെയും കവികളെ കുമളിയില് വരുത്തി നമ്മള് സഹോദരരാണെന്നു നെഞ്ചില് കൈവച്ചു പറയിപ്പിച്ചു.
മറ്റൊന്നു ശ്രീലങ്കന് തമിഴ് എഴുത്തുകാരികളുടെ കവിതകള് മലയാളികള്ക്ക് പരിചയപ്പെടുത്തിയതാണ്. തമിഴ് മാതൃഭാഷയായിട്ടുള്ള ശ്രീലങ്കയിലെ കര്പ്പകം യശോദരയും വാസന്തിരാജയും മൈഥിലിയും ധാന്യയും അടക്കം പതിമൂന്നു എഴുത്തുകാരികളുടെ കവിതകളാണ് ബിനുവും തമിഴ് കവി രാജ് കുമാറും ചേര്ന്ന് മലയാളപ്പെടുത്തി ഒലിക്കാതെ ഇളവേനില് എന്ന പേരില് പ്രസിദ്ധീകരിച്ചത്.
വിവാദത്തിനാല് ലോകവ്യാപകശ്രദ്ധ നേടിയ കഥാകാരന് പെരുമാള് മുരുകന്റെ കുളമാതിരി എന്ന നോവലും എന്.ഡി.രാജ് കുമാറിന്റെ സമ്പൂര്ണ്ണ കാവ്യസമാഹാരവും ബിനു മലയാളത്തിലാക്കി.
മാവേലിക്കരയില് വച്ചായിരുന്നു ബിനുവിന്റെ പാലറ്റ് എന്ന ആദ്യകവിതാ സമാഹാരത്തിന്റെ പ്രകാശനം. ചിത്രകാരരും സംഗീതക്കാരും നാടകക്കാരും ശില്പ്പികളും പങ്കെടുത്ത അവിസ്മരണീയമായ ഒരു കൂടിച്ചേരലായിരുന്നു അത്.അവര് കുഞ്ഞിനെ തൊടുമ്പോള് എന്നൊരു സമാഹാരം കൂടി പിന്നീടുണ്ടായി.
അടുത്തകാലത്ത് ബിനു എഴുതി പ്രസിദ്ധീകരിച്ച ദീര്ഘകവിതയാണ് പാലുവം പെണ്ണ്. വെട്ടിയാര് പ്രേംനാഥും മറിയാമ്മച്ചേടത്തിയും ചൊല്ലിയ രീതി ഉപേക്ഷിക്കുകയും ചെങ്ങന്നൂക്കുഞ്ഞാതിപ്പാട്ടിന്റെ തനതു സൌന്ദര്യം നഷ്ടപ്പെടാതെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുകയായിരുന്നു ബിനു മതിലകം കനിവ് ചാരിറ്റബിള് സൊസൈറ്റി ഏര്പ്പെടുത്തിയ ഒറ്റക്കവിതാ പുരസ്ക്കാരം ബിനുവിന്റെ പാലുവം പെണ്ണിനു ലഭിക്കുകയും ചെയ്തു. മരണം കൂട്ടിക്കൊണ്ടു പോയതിനാല് ബിനുവിന് ആ അപൂര്വ ബഹുമതി സ്വീകരിയ്ക്കാന് കഴിഞ്ഞില്ല.
അപൂര്വഇടങ്ങളിലൂടെയുള്ള യാത്ര ബിനുവിന് സ്വന്തം ഗോത്രയാനമായിരുന്നു. മഹാനഗരങ്ങള് ഉപേക്ഷിച്ച് ബാവുള്ഗായകര്ക്കൊപ്പം ബിനു പോയത് വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ മുളങ്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. ബിനു, ശാന്തിനികേതനടുത്തുള്ള ബാവുള് ഗായകന് നാരായണദാസിന്റെ വീട്ടില് പോയ വാര്ത്ത അവിടെ നേരത്തെ പോയിട്ടുള്ള എന്നെ അത്യധികം സന്തോഷിപ്പിച്ചിരുന്നു. തരുണ് ദാസ് അടക്കമുള്ള ബാവുള് ഗായകരോടൊപ്പം കേരളത്തിലെ കോളജ് കാംപസ്സുകളിലും ബിനു പുല്ലാങ്കുഴലുമായി സഞ്ചരിച്ചിരുന്നു. അന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില് സംഘാടകവേഷത്തില് നില്ക്കുകയായിരുന്നു ഞാന്
ഗ്രാമചിത്രങ്ങളും ശില്പ്പങ്ങളും നിറഞ്ഞതാണ് ബിനുവിന്റെ കവിത. കവിതയെ ബിനു ധനാഗമമാര്ഗ്ഗമാക്കിയില്ല. പകരം പുല്ലാങ്കുഴലിനെ ചുണ്ടോടു ചേര്ത്തു. തേക്കടിയിലെ സ്പൈഡ് വില്ലേജില് വിനോദസഞ്ചാരികള്ക്കായി റോസാപ്പൂങ്കണ്ടങ്ങള് സൃഷ്ടിച്ചു. കൂട്ടുകാരുടെ കല്ല്യാണസ്ഥലത്തേക്കും പുസ്തകപ്രകാശന വേദിയിലേക്കും പുല്ലാങ്കുഴലുമായി സഞ്ചരിച്ചു. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ജലവളയങ്ങള് രൂപപ്പെടുത്തി വലുതാക്കി അക്കരെ നിന്നവരെ തൊടുവിച്ചു. സ്ത്രീകളെല്ലാം അമ്മമാരായിരുന്ന കാലം ഓര്മ്മിപ്പിച്ചു.
ദക്ഷിണാഫ്രിക്കന് സംവിധായകൻ ജോർജ്ജ് അക്വിറ്റി അബ്ബാന്റെയും റഷ്യൻ സംഗീതജ്ഞ അലീന അബ്ബാന്റെയും നേതൃത്വത്തിൽ ഒരുക്കിയ ജാംബ്ബേ ബാംബൂ മ്യൂസിക്ക് ബാന്റിലും ബിനുവിന്റെ പുല്ലാങ്കുഴല് സ്വരസ്ഥാനം ഉറപ്പിച്ചിരുന്നു
നെല്ലിന് തണ്ടില് ഇലച്ചാര് നിറച്ച് നാഗരികദൃശ്യങ്ങള് പോലും പകര്ത്തി.ഭ്രാന്ത് പറയുന്ന, പൂക്കൾ കൊരുക്കുന്ന പൊട്ടിച്ചിരിക്കുന്ന നിറയെ മുഖക്കുരുവുള്ളഒരു ദൈവത്തെയും ബിനു ധൈര്യവും നര്മ്മവും കലര്ന്ന ഭാഷയില് അടയാളപ്പെടുത്തി. കടുക് പോലെയുള്ള മനുഷ്യരെയും മൊട്ടക്കുന്നിന്റെ പച്ച വെല്വെറ്റിനെയും ബിനു കാവ്യപ്പെടുത്തി. ഒരു
കേരളാ,എം.ജി, മദ്രാസ് സര്വകലാശാലകള് ബിനുവിന്റെ കവിതകള് പാഠ്യപദ്ധതിയില് ഉള്പ്പെടുത്തി.ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യന് ദളിത് ആന്തോളജിയില് സുരക്ഷിതമാക്കി.
ബിനുവിന്റെ പുല്ലാങ്കുഴലുകള് കുമളിയിലെ വീട്ടില് അനാഥമായിരിക്കുന്നു. അതെ. ഇത്രയും മായാത്ത മുദ്രകള് അവശേഷിപ്പിച്ച ബിനു എം.പള്ളിപ്പാട് അതീവസാധാരണക്കാരനായി മരിച്ചു.മരണം ഒരു ഗ്രാമീണഈണമായി വന്ന് ബിനുവിനെ സൌമ്യമായി തഴുകി.