Tuesday 10 May 2022

കേരളത്തില്‍ ഒരു ആസിഡ് ഗ്രാമം

ചിറ്റൂര്‍ എന്ന നാട്ടുപേര് കേരളത്തില്‍ പലയിടങ്ങളിലുമുണ്ട്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പാലക്കാട്ടെ ചിറ്റൂര്‍ മുതല്‍ എറണാകുളത്തെ ചിറ്റൂര്‍ വരെ. കൂടാതെ ഈ ദ്രാവിഡനാമം തമിഴ് നാട്ടിലും ആന്ധ്രാ പ്രദേശിലും ഉണ്ട്. എന്നാല്‍ ആസിഡ് ഗ്രാമം എന്ന പേര് സ്വീകരിക്കേണ്ടിവന്ന ഒരേയൊരു ഗ്രാമമേയുള്ളൂ. അത് കൊല്ലം ചവറയിലുള്ള ചിറ്റൂരാണ്.


ചിറ്റൂര്‍ പ്രദേശം ആസിഡ്ഗ്രാമമാകുമ്പോള്‍ അതിനു പിന്നില്‍ ഹനിക്കപ്പെട്ട മാനുഷിക മൂല്യങ്ങളുടെ ഞെട്ടിക്കുന്ന സത്യാവസ്ഥയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഉദയകിരണങ്ങളോളം നീളുന്ന ചരിത്രവുമുണ്ട്. ജ്ഞാനപീഠപുരസ്ക്കാര ജേതാവ് ഓ എന്‍ വി ഒരു കവിതയിലൂടെ ഈ ചരിത്രം പറഞ്ഞിട്ടുണ്ട്.

കയറുകൊണ്ടുള്ള ചവിട്ടിയിലൂടെ ജര്‍മ്മനിയിലെത്തിയ മിനുക്കം ഒരു വിലപ്പെട്ട ധാതുവാണെന്ന് ഡോ.സി.ഡബ്ലിയു ഷോംബെര്‍ഗ് കണ്ടെത്തുന്നു. അത് അപൂര്‍വവും അമൂല്യവുമായ മോണോസൈറ്റിന്റെ അംശം ആയിരുന്നു. ഈ ധാതു പദാര്‍ഥങ്ങളുടെ വന്‍ നിക്ഷേപം അറബിക്കടലിന്റെ കിഴക്കന്‍ തീരത്തുള്ള കൊല്ലം ആലപ്പുഴ ജില്ലകളില്‍ ഉണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്ന് വലിയ നിരീക്ഷണങ്ങളും  പരീക്ഷണങ്ങളും ഉണ്ടായി. തോറിയം യുറേനിയം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈ മണ്ണ് കപ്പല്‍ മാര്‍ഗ്ഗം വന്‍തോതില്‍ യൂറോപ്പിലേക്ക് കൊണ്ടുപോയി.

പിന്നീടിത് സ്വദേശസംരംഭങ്ങളായി മാറുകയും ക്രമേണ ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്സ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലും മറ്റുള്ളവ കേരള സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുമായി.

ജനകീയ ശാസ്ത്രജ്ഞന്‍ വി.ടി.പത്മനാഭന്‍, ഈ പ്രദേശത്ത് നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, കരിമണലില്‍ നിന്നും ഉണ്ടാകുന്ന അണുപ്രസരണം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തി.  തുടര്‍ന്ന് യുവകലാസാഹിതിയും മറ്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും കേരളത്തിലെ ആദ്യത്തെ പരിസ്ഥിതിജലയാത്ര നടത്തുകയും ചെയ്തു. എന്‍.സി.മമ്മൂട്ടി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ആര്യാട് ഗോപി, ചവറ കെ.എസ്.പിള്ള, വള്ളിക്കാവ് മോഹന്ദാസ്, പി.ആര്‍.കര്‍മ്മചാന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ആ പരിസ്ഥിതി ജലയാത്ര, ആയിരംതെങ്ങില്‍ വച്ച് വന്ദ്യവയോധികനായ സഖാവ് പുതുപ്പള്ളി രാഘവന്‍ ഉദ്ഘാടനം ചെയ്തു.ഈ യാത്രയില്‍ വച്ചാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ നാവിലൂടെ, പിന്നീട് പ്രസിദ്ധിയാര്‍ജ്ജിച്ച ആ പരിസ്ഥിതിഗാനം ഉരുത്തിരിഞ്ഞത്. ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?

 കാലം പിന്നിട്ടപ്പോള്‍ കരിമണ്ണ് ശേഖരിച്ചിടം അഗാധ ഗര്‍ത്തങ്ങളായി. കടലുകയറി. ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയി. ഗ്രാമങ്ങള്‍ തന്നെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി. കുറെ പേര്‍ക്ക് നഷ്ടപരിഹാരവും  ചികിത്സാസഹായവും കിട്ടി.

പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടില്ല. ടൈറ്റാനിയം എന്നപേരിലറിയപ്പെടുന്ന കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഫാക്റ്ററിയുടെ കൂറ്റന്‍ മതിലിനോടു ചേര്‍ന്നു കിടക്കുന്ന ചിറ്റൂര്‍ ഗ്രാമത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളിലും ആസിഡിന്‍റെ സാന്നിദ്ധ്യമുണ്ടായി. കിണറുകളിലെ കുടിവെള്ളം കൊഴുത്ത മഞ്ഞ ദ്രാവകമായി. ഗ്രാമവാസികളില്‍ കാന്‍സര് അടക്കമുള്ള രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചര്‍മ്മരോഗങ്ങള്‍ ചിറ്റൂര്‍ ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് സമാനമായ പ്രശ്നങ്ങള്‍ ചിറ്റൂരിലും ഉണ്ടായി.

 വാസയോഗ്യമല്ലാതാക്കി മാറ്റിയ അവരുടെ സ്ഥലം ഏറ്റെടുക്കുമെന്ന് സര്ക്കാര്‍വാഗ്ദാനം ഉണ്ടായി. റവന്യൂ വകുപ്പിന്‍റെ 
ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.പക്ഷേ എല്ലാ പ്രതീക്ഷകളുടെയും മുഖത്തേക്ക് ആസിഡ് വലിച്ചെറിയപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിലച്ചു. വഞ്ചിക്കപ്പെട്ട ആ ജനത സമാധാനപരമായ സമരത്തിലാണ്. അവര്‍ മിന്നാംതോട്ടില്‍ ക്ഷേത്രമുറ്റത്തുനിന്നും പ്ലക്കാര്‍ഡുകളേന്തി സഹിഷ്ണുതയുടെ പ്രതീകങ്ങളായി പോസ്റ്റ് ഓഫീസിലേക്ക് നടന്നു പോയി. മുഖ്യമന്ത്രിക്കുള്ള ആവലാതിക്കത്തുകള്‍ നിശ്ശബ്ദം പോസ്റ്റ് ചെയ്തു കാത്തിരിക്കുകയാണ്. 

ഭൂമി ഏറ്റെടുക്കുന്നതിന്എതിരെയുള്ള സമരങ്ങള്‍ക്ക് സാക്ഷിയാകുന്ന ഇക്കാലത്ത് ഒരു ഗ്രാമം ഈ ഭൂമി ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണേയെന്ന അപേക്ഷയുമായി നില്‍ക്കുകയാണ്.
മരിക്കുന്നേരം നാവിലിറ്റിക്കാന്‍ ഒരു തുള്ളി ശുദ്ധജലത്തിനായി, കാത്തുനില്‍ക്കുകയാണ്. ദാഹിക്കുന്ന കുഞ്ഞിനു ഒരു കുമ്പിള്‍ വെള്ളം കിട്ടണേയെന്ന അര്‍ഥനയുമായി നാനൂറിലധികം കുടുംബങ്ങള്‍ കൈനീട്ടുകയാണ്. അതെ, ജീവിതവും മരണവും മുഖാമുഖം നില്‍ക്കുന്ന ഒരു സമരരാരംഗത്താണ് ചിറ്റൂര്‍ എന്ന ആസിഡ് ഗ്രാമത്തിലെ നിരപരാധികളായ മനുഷ്യര്‍.

No comments:

Post a Comment