Wednesday, 22 March 2017

മുല്ല


മുല്ല പൂക്കട്ടെ മനസ്സിൽ
അസ്ഥീ പൊട്ടിച്ച് തടത്തിൽ വളം ചേർത്ത്
രക്തത്തിനാൽ നനച്ചെന്നും സ്തുതിക്കുമീ 
മുല്ല പൂക്കട്ടെ മനസ്സിൽ

സങ്കടത്തിന്റെ സരോവരം തുള്ളുന്നു
നെഞ്ചിൽ കിനാവിൽ മദംപൊട്ടിയാർക്കുന്ന
വമ്പൻ കൊലക്കൊമ്പനെൻ തലച്ചോറിനായ്
പിന്നെയും പിന്നെയും ചിന്നംവിളിക്കുന്നു
ക്രൂരദുഖത്തിൻ മഹായോനിയിൽത്തന്നെ
വീഴുന്ന മോഹരേതസ്സായി
ജീവിതം മാറുന്നതിൻമുമ്പു
വാൾത്തുമ്പിനാലെന്റെ
നാവിൽ വരയ്കൂ ചിരന്തനച്ചിന്തുകൾ
അർത്ഥനയ്കെപ്പൊഴും വ്യർത്ഥഗന്ധം മാറി-
ലസ്ത്രങ്ങളെയ് വൂ കിരാതസംഘം തോറ്റു-
നിൽക്കുന്നു ഞാനെന്റെ പത്മവ്യൂഹങ്ങളിൽ
സത്യത്തിനൊപ്പം സ്വപ്നത്തിനൊപ്പം

ചില്ലുകൊട്ടാരം തകർന്ന വൃത്താന്തമേ
ചൊല്ലുവാനുള്ളൂ മുടിഞ്ഞൊരില്ലത്തിന്റെ
മുറ്റത്തുപൂത്തൂ മുളംകാടുകൾ ഭ്രാന്ത-
നൃത്തം നടത്തുന്നൂ കാറ്റും കരീലയും

കണ്ണീരിലിന്നു നനച്ചുകത്തിച്ചൊരീ
വെണ്ണിലാവിന്റെ തിരശ്ശീലയേന്തിയെൻ
കർമ്മവും കാലവും നീങ്ങുന്നു
തേങ്ങുന്നു പിന്നിൽനിന്നാരോ
മനസ്സോ മനീഷയോ?

പുല്ലും പുരാണവും മൂടിയ ചിന്തയിൽ
ഭംഗിവാക്കിൻ മൃതദേഹം കുഴിച്ചിട്ടു
കല്ലും കണക്കും കടിച്ചുനോവിച്ചൊരെ-
ന്നുള്ളിലീ മുല്ലക്കുരുന്നു നടുന്നൂ ഞാൻ

പുഷ്പങ്ങളൊക്കെ കറുത്തതാണെങ്കിലും
നിർഗ്ഗന്ധകാന്തി കലർന്നതാണെങ്കിലും
കയ്പുനീരുള്ളിലുറഞ്ഞതാണെങ്കിലും
മുല്ല പൂക്കട്ടെ മനസ്സിൽ.

മുത്തച്ഛനും പള്ളീലച്ചനും മുസലിയാരും


കേരളത്തിൽ സമീപകാലത്ത്‌ നടന്ന അസാംസ്കാരിക പീഡനക്കേസുകളിലെ പ്രതികളിൽ ഒരു മുത്തച്ഛനും പള്ളീലച്ചനും മുസലിയാരും പിടിക്കപ്പെട്ടിരിക്കുന്നു. ഏത്‌ തറവാട്ടിലേയും കാരണവരാണ്‌ മുത്തച്ഛൻ. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞ മകൾക്ക്‌ അഭയം നൽകുന്നത്‌ മുത്തച്ഛനാണ്‌. മകളുടെ കുട്ടികളേയും മുത്തച്ഛൻ പരിരക്ഷിക്കും. കേരളത്തിന്റെ ഈ സാംസ്കാരിക പാരമ്പര്യത്തെ തച്ചുടച്ചുകൊണ്ട്‌ ഈ മുത്തച്ഛൻ സ്വന്തം പേരക്കിടാവിനെ അസാന്മാർഗികതയിലേയ്ക്ക്‌ നയിച്ച കഥയാണ്‌ കുണ്ടറയിലെ പൊലീസ്‌ പറയുന്നത്‌.

മുത്തച്ഛനാൽ പീഡിപ്പിക്കപ്പെട്ട പെൺകുഞ്ഞിന്റെ മൃതശരീരം ജനലഴികളിൽ തൂങ്ങിയതായി കാണുകയായിരുന്നു. സ്വപ്നങ്ങൾ കാണുവാനും സാക്ഷാത്കരിക്കുവാനുമുള്ള ആ പെൺകുഞ്ഞിന്റെ അവകാശത്തെയാണ്‌ രക്ഷകനാകേണ്ട മുത്തച്ഛൻ നശിപ്പിച്ചത്‌. വീട്ടിൽ മുത്തച്ഛനുണ്ട്‌ എന്നത്‌ സുരക്ഷയുടെ അടയാളമായിരുന്നു. ഒറ്റപ്പെട്ട സംഭവമാണെങ്കിൽക്കൂടിയും മുത്തച്ഛന്റെ ലൈംഗികപീഡനം ഒരു സാമൂഹിക പ്രശ്നമായി കാണേണ്ടതാണ്‌. വേലിതന്നെ വിളവുതിന്നുന്ന കാഴ്ചയാണ്‌ കുണ്ടറയിൽ നമ്മൾ കണ്ടത്‌.

വയനാട്ടിലെ പള്ളീലച്ചൻ സമൂഹത്തെ മുഴുവൻ ദൈവം രക്ഷിക്കുമെന്ന കുപ്രചരണം നടത്തുന്ന ആളായിരുന്നു. നിയമപ്രകാരം വിവാഹ പ്രായമെത്താത്ത ഒരു പെൺകുഞ്ഞിനെയാണ്‌ ഈ വികാരി ലിംഗവിശപ്പിന്‌ ഇരയാക്കിയത്‌. പെൺകുട്ടിയുടെ കുടുംബത്തെപോലും സ്വാധീനിക്കാൻ അയാൾക്ക്‌ കഴിഞ്ഞു. സ്വന്തം പെൺകുഞ്ഞിന്‌ മറിയയ്ക്കുണ്ടായതുപോലെ ദിവ്യഗർഭമാണുണ്ടായതെന്ന്‌ അവർ വിശ്വസിച്ചിട്ടുണ്ടാവും. കാനഡയിലേയ്ക്ക്‌ കടക്കാൻ ശ്രമിച്ച ഈ കുറ്റവാളിയെ നിയമപാലകർ പിടികൂടി ജയിലിലടയ്ക്കുമ്പോൾ ചില ചോദ്യങ്ങൾ നമ്മളിൽ അവശേഷിക്കുന്നുണ്ട്‌. ദൈവത്തിന്റെ ഈ പ്രതിപുരുഷനെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ ദൈവത്തിന്‌ കഴിയാത്തത്‌ എന്തുകൊണ്ട്‌?

ഒന്നിലധികം പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിനാണ്‌ മദ്രസയിലെ അധ്യാപകൻ അറസ്റ്റിലായത്‌. ദൈവം സർവവ്യാപിയാണെന്നും ദൈവഹിതമനുസരിച്ചാണ്‌ എല്ലാം നടക്കുന്നതെന്നുമാണ്‌ ഈ പ്രവാചക സുവിശേഷകൻ പ്രചരിപ്പിച്ചിരുന്നത്‌. മദ്രസാ അധ്യാപകരെ സംരക്ഷിക്കുവാൻ സമൂഹവും സർക്കാരും സദാ സന്നദ്ധരാണ്‌. ഇവിടെ ഉയരുന്ന ഒരു ചോദ്യം ഖുറാനിലെ പാഠങ്ങൾ വിശദീകരിക്കുന്ന ഈ മുസലിയാരെ നിയന്ത്രിക്കുവാൻ ഏകദൈവത്തിന്‌ കഴിയാത്തതെന്തുകൊണ്ട്‌ എന്നതാണ്‌. മുപ്പത്തിമുക്കോടി ദൈവങ്ങളും ജാഗരൂകരായി ഇരുന്നിട്ടും ഒരു മുത്തച്ഛന്‌ സ്വന്തം പേരക്കിടാവിനെ ചൂഷണം ചെയ്യാൻ കഴിഞ്ഞെങ്കിൽ ഏക ദൈവത്തിന്റെ അസൗകര്യം നമുക്ക്‌ മനസിലാക്കാവുന്നതേയുള്ളൂ.

ദൈവവിശ്വാസവും ആധ്യാത്മികചിന്തയും മനുഷ്യരെ നല്ലവഴിയിലേയ്ക്ക്‌ നയിക്കുകയില്ല. ദൈവബിനാമികളുടെ അധാർമികത കേരളത്തിൽ പുതിയ കാര്യമൊന്നുമല്ല. ദൈവം പത്രം വായിക്കുമായിരുന്നെങ്കിൽ മുമ്പുതന്നെ ഇക്കാര്യത്തിൽ ഒരു മുൻകരുതലെടുക്കുമായിരുന്നു.

ധാർമികതയെ ബലപ്പെടുത്തി മനുഷ്യനെ നല്ല വഴിയിലേയ്ക്ക്‌ നയിക്കുവാൻ ആധ്യാത്മികതയ്ക്ക്‌ സാധിക്കുകയില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്‌. ദൈവം സർവവ്യാപിയാണെന്നുള്ള കുപ്രചരണത്തിന്റെ അർത്ഥശൂന്യതയാണ്‌ ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്‌. ദൈവകേന്ദ്രീകൃതമായ മതങ്ങൾ മനുഷ്യനെ സന്മാർഗത്തിലേയ്ക്ക്‌ നയിക്കുകയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭാര്യമാരാക്കുന്ന വിചിത്രസംഭവങ്ങൾ മതഗ്രന്ഥങ്ങളിൽ വായിക്കാവുന്നതാണ്‌.

ആരെയാണ്‌ നമുക്ക്‌ വിശ്വസിക്കാൻ കഴിയുക. സമീപകാല സംഭവങ്ങൾ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്‌.

Saturday, 18 March 2017

അവരോഹണം


ഇനി വിഷാദത്തിന്റെ മുടികെട്ടിയങ്ങനെ
പിരിയുക, പിരിയുക തകരാൻ പിറന്നൊരെൻ
കഥയറിയാതെ തുളുമ്പിയ സ്വപ്നമേ
പിരിയുക കരയാതെ വേഗം നടക്കൂക

മിഴിയൊഴുകുന്നതു കാണാതിരിക്കുവാൻ
ഇമകൾ ഇറുകിയടച്ചു നിൽക്കുന്നു ഞാൻ
മൊഴിമുള്ളുകൊണ്ടു നീയെറിയാതെ പോകണം
വഴിയിലൊരല്പവും തളരാതെ പോകണം
മുറിവേറ്റമൗനമുടച്ചു നീ പോകണം
മടിയിലെ മൗനം കൊറിച്ചു നീ പോകണം

കിളിവന്നു കൊത്തിയഴിച്ച കുപ്പായങ്ങളണിയുക
ഞാറപ്പഴം തിന്നു നീലിച്ച
മണിനാവിലിട്ടു
നുണഞ്ഞ മോഹത്തിന്റെ
മധുരം മറക്കുക കൈവെള്ളയിൽ തേച്ച-
മയിലാഞ്ചി മായ്ക്കുക
നെഞ്ചിലെപ്പൂക്കുടയൊഴിയുവാനെന്റെ
പൂവോരോന്നുമെറിയുക.

തണലില്ലിരിക്കുവാൻ
ഇനിയുള്ള ഗ്രീഷ്മങ്ങളിതിലും ഭയാനകം
സിരകളെരിയുന്നൊരാ
മണവുമായെത്തുന്നു കാറ്റിന്റെ കുട്ടികൾ
കരളുകളിലാഴ്ന്നിറങ്ങുന്നിരുൾ കത്തികൾ
ഇനിഗദ്ഗദത്തിന്റെ മുറി പൂട്ടിയങ്ങനെ
പിരിയുക പുകയാൻ പിറന്നൊരെൻ ജീവന്റെ
പൊരുളറിയാതെയിണങ്ങിയ സ്വപ്നമേ
പിരിയുക തളരാതെ വേഗം പറക്കുക

ഇവിടെ ഞാനഗ്നിശൈലത്തിൻ മുഖപ്പിലെ
കറുകയായ് നിന്നു നടുങ്ങുന്നു മാത്രകൾ
ഇനിയേഴുമാത്രമീഭൂമിയെ മറിക്കുന്ന
കിടിലം കുറിക്കുവാൻ തീച്ചോരയൊഴുകുവാൻ

ഇനിയാറു മാത്രകൾ മാത്രം മനസ്സിന്റെ
കതകടഞ്ഞീടാൻ വെളിച്ചം വിതയ്കുന്ന
പകലൊടുങ്ങീടാൻ ഇടിമുഴങ്ങീടാൻ

ഇനിയഞ്ചു മാത്രകൾ മാത്രം ഞരമ്പിന്റെ
തിരിപൂത്തു പൊട്ടുവാൻ മാംസം തെറിക്കുവാൻ

ഇനി നാലുമാത്രകൾ മാത്രമാണസ്ഥികൾ
കടലിന്നഗാഥഹ്രദത്തിൽ പതിക്കുവാൻ

ഇനിമൂന്നുമാത്രകൾ മാത്രമെന്നുള്ളിലെ
ചലനത്തിനവസാന ശൈത്യംകടിക്കുവാൻ

ഇനിരണ്ടുമാത്രകൾ മാത്രമീ നിസ്വന്റെ
കൊടികളിൽ തീപ്പക്ഷി പാറുവാൻ
സ്വപ്നമേ
ഇനിയൊറ്റമാത്ര....

Monday, 13 March 2017

വായനയെ കൊല്ലുന്ന പ്രസാധകർ


ഇത്‌ സാഹിത്യോത്സവങ്ങളുടെ കാലമല്ല ലിറ്റററി ഫെസ്റ്റിവലുകളുടെ കാലമാണ്‌. സാംസ്കാരിക രംഗത്ത്‌ പണമെറിഞ്ഞ്‌ പണം പിടിക്കുന്ന പണവ്യവസായികളുടെ പുഷ്ക്കര കാലം. ജോലിയുടെ ഭാഗമായി ചില അന്താരാഷ്ട്ര ബന്ധങ്ങളൊക്കെ ഒപ്പിക്കാൻ കഴിഞ്ഞ സാഹിത്യകാരന്മാരെ മുന്നിൽ നിർത്തിയാണ്‌ പണ വ്യവസായികൾ ലിറ്റററി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നത്‌. അവിടേയ്ക്കു ക്ഷണിക്കപ്പെട്ട കേരളത്തിലെ ചില കവികൾ വണ്ടിക്കൂലി പോലുമില്ലാതെ വലഞ്ഞ കഥ നവമാധ്യമങ്ങളിലെ അങ്ങാടികളിൽ പാട്ടായിട്ടുണ്ട്‌.

ലിറ്റററി ഫെസ്റ്റുകൊണ്ടൊന്നും വായനയെ ഉത്തേജിപ്പിക്കാൻ കഴിയുകയില്ലെന്നും ഡിക്ഷ്ണറി വിപണം മാത്രമേ കാര്യമായി നടക്കാൻ സാധ്യതയുള്ളൂവെന്നുമാണ്‌ ഡിക്ഷ്ണറി മേളകൾ തെളിയിക്കുന്നത്‌. ഡിക്ഷ്ണറി വാങ്ങുന്നവർ മലയാള സാഹിത്യമല്ല വായിക്കുന്നത്‌. ഖസാക്കിന്റെ ഇതിഹാസത്തിലേയോ ആലാഹയുടെ പെൺമക്കളിലെയോ ചാവൊലിയിലേയോ ഗ്രാമീണ പദങ്ങളുടെ അർഥം ഒരു ഡിക്ഷ്ണറിയിലും ലഭിക്കുന്നതുമല്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുൻ പത്രാധിപരായിരുന്ന എംടിയുടെ പുസ്തകങ്ങൾക്ക്‌ വായനക്കാരില്ല എന്നാണ്‌ മാതൃഭൂമി പത്രം തന്നെ പറയുന്നത്‌. കോഴിക്കോട്ട്‌ നടന്ന സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ എം ടിയുടെ കഥാപാത്രങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരായിരുന്നു. അവർക്കാകെ അറിയാമായിരുന്നത്‌ ബഷീറിന്റെ പാത്തുമ്മായുടെ ആട്‌ മാത്രമായിരുന്നു. അത്‌ പാഠപുസ്തകത്തിലുണ്ടായിരുന്നതുകൊണ്ട്‌ മാത്രമായിരുന്നു.

വായനയെ സംബന്ധിച്ച വലിയ ആശങ്കകൾ മാതൃഭൂമി ദിനപത്രം മുഖപ്രസംഗത്തിലൂടെ പ്രകടിപ്പിച്ചു. സാംസ്കാരിക വിഷയങ്ങൾ അപൂർവമായി മാത്രമേ മുഖപ്രസംഗങ്ങൾക്ക്‌ വിഷയമാകാറുള്ളു. വായനയെ സംബന്ധിച്ച ഈ ആശങ്ക പ്രസാധകരുടെ വായനാ വിരുദ്ധ നിലപാടിനെക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നു.

പാഠപുസ്തകക്കമ്മിറ്റിയിലെ കടൽക്കിഴവന്മാരെല്ലാം നാടുനീങ്ങിക്കഴിഞ്ഞു. ഇപ്പോൾ, പഠിക്കാനുള്ളവ തിരഞ്ഞെടുക്കുന്നത്‌ കോളജുകളിൽ അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ടയുടെയും കവിത കേട്ടു വളർന്ന തലമുറയിൽപ്പെട്ടവരാണ്‌. അധ്യാപകരായ അവർക്ക്‌ കുട്ടികളുടെ ഹൃദയസ്പന്ദനം അറിയാം.

അതിനാൽ കുട്ടികളുടെ രചനകൾ പോലും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടു. വള്ളത്തോളിനേയും ഉള്ളൂരിനേയും മനപാഠമാക്കാൻ ശ്രമിച്ച്‌ കവിതയോട്‌ വെറുപ്പു തോന്നിയ വിദ്യാർഥി സമൂഹത്തിലെ പുതിയ തലമുറ റഫീക്ക്‌ അഹമ്മദിനേയും മോഹനകൃഷ്ണൻ കാലടിയേയും പഠിച്ചു.

കേരളത്തിൽ ഇന്ന്‌ വിവിധ തരത്തിലുള്ള പാഠ്യപദ്ധതികളുണ്ട്‌. അതിനുവേണ്ടി തയാറാക്കുന്ന പാഠപുസ്തകങ്ങളിലേക്ക്‌ കവിതയോ കഥയോ തിരഞ്ഞെടുത്താൽ പകർപ്പവകാശത്തിന്റെ പേരിൽ നിയമ നടപടികളുമായെത്തുന്ന പ്രസാധകർ കേരളത്തിലുണ്ട്‌. ഒരു കവിത പഠിക്കുമ്പോൾ ആ കവിതയിൽ സുഗന്ധമായി നിലനിൽക്കുന്ന വിഷയമാണ്‌ കുട്ടികളുടെ മനസിൽ അവശേഷിക്കുന്നത്‌. റഫീക്ക്‌ അഹമ്മദിനെ മറന്നാലും ഉമ്മുക്കുലുസുവിന്റെ പുള്ളിക്കുട പഠിച്ചവരാരും മറക്കുകയില്ല.

പ്രസാധകർ വിപണിയെ മാത്രമാണ്‌ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ അത്‌ വായനാ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യും. പുസ്തകത്തിന്റെ മുഖവിലയുടെ 15 ശതമാനം മാത്രമാണ്‌ പ്രസാധകർ എഴുത്തുകാർക്ക്‌ നൽകുന്നത്‌.
85 ശതമാനവും പണവും വിതരണശൃംഖലയും ഉണ്ടെന്ന പേരിൽ പ്രസാധകർ തന്നെ കവർച്ച ചെയ്യുകയാണല്ലോ. അതു കൂടാതെയാണ്‌ പകർപ്പവകാശത്തിന്റെ പേരിൽ സാഹിത്യസൃഷ്ടികളുടെ വായനാവകാശത്തെ പ്രസാധകർ നിരാകരിക്കുന്നത്‌. ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം എഴുത്തുകാർക്കെങ്കിലും ഉണ്ടാകേണ്ടതാണ്‌.

Sunday, 5 March 2017

ഇരുട്ട്

മുടിയിലും മുഖത്തും
മുല്ലപ്പൂ ചൂടിയിരുന്ന
മുംതാസ് ബീഗം
ഒരു ദിനം
ഇരുട്ട് ധരിച്ചുവന്നു.

കഷ്ടിച്ച് ഊഹിക്കാം
കണ്ണടച്ചില്ല്.
ഇതെന്തേ ഇങ്ങനെ?

കത്തിയും ആസിഡും
ഓര്‍ത്തു കൊണ്ട്
മുംതാസ് പറഞ്ഞു,
ഞാന്‍
ദൈവത്തെ ഭയക്കുന്നു.