Wednesday, 22 March 2017

മുത്തച്ഛനും പള്ളീലച്ചനും മുസലിയാരും


കേരളത്തിൽ സമീപകാലത്ത്‌ നടന്ന അസാംസ്കാരിക പീഡനക്കേസുകളിലെ പ്രതികളിൽ ഒരു മുത്തച്ഛനും പള്ളീലച്ചനും മുസലിയാരും പിടിക്കപ്പെട്ടിരിക്കുന്നു. ഏത്‌ തറവാട്ടിലേയും കാരണവരാണ്‌ മുത്തച്ഛൻ. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞ മകൾക്ക്‌ അഭയം നൽകുന്നത്‌ മുത്തച്ഛനാണ്‌. മകളുടെ കുട്ടികളേയും മുത്തച്ഛൻ പരിരക്ഷിക്കും. കേരളത്തിന്റെ ഈ സാംസ്കാരിക പാരമ്പര്യത്തെ തച്ചുടച്ചുകൊണ്ട്‌ ഈ മുത്തച്ഛൻ സ്വന്തം പേരക്കിടാവിനെ അസാന്മാർഗികതയിലേയ്ക്ക്‌ നയിച്ച കഥയാണ്‌ കുണ്ടറയിലെ പൊലീസ്‌ പറയുന്നത്‌.

മുത്തച്ഛനാൽ പീഡിപ്പിക്കപ്പെട്ട പെൺകുഞ്ഞിന്റെ മൃതശരീരം ജനലഴികളിൽ തൂങ്ങിയതായി കാണുകയായിരുന്നു. സ്വപ്നങ്ങൾ കാണുവാനും സാക്ഷാത്കരിക്കുവാനുമുള്ള ആ പെൺകുഞ്ഞിന്റെ അവകാശത്തെയാണ്‌ രക്ഷകനാകേണ്ട മുത്തച്ഛൻ നശിപ്പിച്ചത്‌. വീട്ടിൽ മുത്തച്ഛനുണ്ട്‌ എന്നത്‌ സുരക്ഷയുടെ അടയാളമായിരുന്നു. ഒറ്റപ്പെട്ട സംഭവമാണെങ്കിൽക്കൂടിയും മുത്തച്ഛന്റെ ലൈംഗികപീഡനം ഒരു സാമൂഹിക പ്രശ്നമായി കാണേണ്ടതാണ്‌. വേലിതന്നെ വിളവുതിന്നുന്ന കാഴ്ചയാണ്‌ കുണ്ടറയിൽ നമ്മൾ കണ്ടത്‌.

വയനാട്ടിലെ പള്ളീലച്ചൻ സമൂഹത്തെ മുഴുവൻ ദൈവം രക്ഷിക്കുമെന്ന കുപ്രചരണം നടത്തുന്ന ആളായിരുന്നു. നിയമപ്രകാരം വിവാഹ പ്രായമെത്താത്ത ഒരു പെൺകുഞ്ഞിനെയാണ്‌ ഈ വികാരി ലിംഗവിശപ്പിന്‌ ഇരയാക്കിയത്‌. പെൺകുട്ടിയുടെ കുടുംബത്തെപോലും സ്വാധീനിക്കാൻ അയാൾക്ക്‌ കഴിഞ്ഞു. സ്വന്തം പെൺകുഞ്ഞിന്‌ മറിയയ്ക്കുണ്ടായതുപോലെ ദിവ്യഗർഭമാണുണ്ടായതെന്ന്‌ അവർ വിശ്വസിച്ചിട്ടുണ്ടാവും. കാനഡയിലേയ്ക്ക്‌ കടക്കാൻ ശ്രമിച്ച ഈ കുറ്റവാളിയെ നിയമപാലകർ പിടികൂടി ജയിലിലടയ്ക്കുമ്പോൾ ചില ചോദ്യങ്ങൾ നമ്മളിൽ അവശേഷിക്കുന്നുണ്ട്‌. ദൈവത്തിന്റെ ഈ പ്രതിപുരുഷനെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ ദൈവത്തിന്‌ കഴിയാത്തത്‌ എന്തുകൊണ്ട്‌?

ഒന്നിലധികം പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിനാണ്‌ മദ്രസയിലെ അധ്യാപകൻ അറസ്റ്റിലായത്‌. ദൈവം സർവവ്യാപിയാണെന്നും ദൈവഹിതമനുസരിച്ചാണ്‌ എല്ലാം നടക്കുന്നതെന്നുമാണ്‌ ഈ പ്രവാചക സുവിശേഷകൻ പ്രചരിപ്പിച്ചിരുന്നത്‌. മദ്രസാ അധ്യാപകരെ സംരക്ഷിക്കുവാൻ സമൂഹവും സർക്കാരും സദാ സന്നദ്ധരാണ്‌. ഇവിടെ ഉയരുന്ന ഒരു ചോദ്യം ഖുറാനിലെ പാഠങ്ങൾ വിശദീകരിക്കുന്ന ഈ മുസലിയാരെ നിയന്ത്രിക്കുവാൻ ഏകദൈവത്തിന്‌ കഴിയാത്തതെന്തുകൊണ്ട്‌ എന്നതാണ്‌. മുപ്പത്തിമുക്കോടി ദൈവങ്ങളും ജാഗരൂകരായി ഇരുന്നിട്ടും ഒരു മുത്തച്ഛന്‌ സ്വന്തം പേരക്കിടാവിനെ ചൂഷണം ചെയ്യാൻ കഴിഞ്ഞെങ്കിൽ ഏക ദൈവത്തിന്റെ അസൗകര്യം നമുക്ക്‌ മനസിലാക്കാവുന്നതേയുള്ളൂ.

ദൈവവിശ്വാസവും ആധ്യാത്മികചിന്തയും മനുഷ്യരെ നല്ലവഴിയിലേയ്ക്ക്‌ നയിക്കുകയില്ല. ദൈവബിനാമികളുടെ അധാർമികത കേരളത്തിൽ പുതിയ കാര്യമൊന്നുമല്ല. ദൈവം പത്രം വായിക്കുമായിരുന്നെങ്കിൽ മുമ്പുതന്നെ ഇക്കാര്യത്തിൽ ഒരു മുൻകരുതലെടുക്കുമായിരുന്നു.

ധാർമികതയെ ബലപ്പെടുത്തി മനുഷ്യനെ നല്ല വഴിയിലേയ്ക്ക്‌ നയിക്കുവാൻ ആധ്യാത്മികതയ്ക്ക്‌ സാധിക്കുകയില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്‌. ദൈവം സർവവ്യാപിയാണെന്നുള്ള കുപ്രചരണത്തിന്റെ അർത്ഥശൂന്യതയാണ്‌ ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്‌. ദൈവകേന്ദ്രീകൃതമായ മതങ്ങൾ മനുഷ്യനെ സന്മാർഗത്തിലേയ്ക്ക്‌ നയിക്കുകയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭാര്യമാരാക്കുന്ന വിചിത്രസംഭവങ്ങൾ മതഗ്രന്ഥങ്ങളിൽ വായിക്കാവുന്നതാണ്‌.

ആരെയാണ്‌ നമുക്ക്‌ വിശ്വസിക്കാൻ കഴിയുക. സമീപകാല സംഭവങ്ങൾ ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്‌.

1 comment:

 1. ധാർമികതയെ ബലപ്പെടുത്തി
  മനുഷ്യനെ നല്ല വഴിയിലേയ്ക്ക്‌
  നയിക്കുവാൻ ആധ്യാത്മികതയ്ക്ക്‌
  സാധിക്കുകയില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ
  പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്‌. ദൈവം
  സർവവ്യാപിയാണെന്നുള്ള കുപ്രചരണത്തിന്റെ അർത്ഥശൂന്യതയാണ്‌ ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്‌...
  ദൈവകേന്ദ്രീകൃതമായ മതങ്ങൾ
  മനുഷ്യനെ സന്മാർഗത്തിലേയ്ക്ക്‌
  നയിക്കുകയില്ല. പ്രായപൂർത്തിയാകാത്ത
  പെൺകുട്ടികളെ ഭാര്യമാരാക്കുന്ന വിചിത്രസംഭവങ്ങൾ മതഗ്രന്ഥങ്ങളിൽ വായിക്കാവുന്നതാണ്‌.

  ReplyDelete