Wednesday 28 December 2016

ചലച്ചിത്ര മേളയിലെ മാവോയിസ്റ്റ്‌ സിനിമകൾ


അപൂർവം നല്ല ചിത്രങ്ങളാൽ വളരെ ശ്രദ്ധേയമായിരുന്നു ഇരുപത്തൊന്നാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേള. വലിയ പിഴവുകളില്ലാത്ത സംഘാടനം ഈ മേളയുടെ പ്രത്യേകതയായിരുന്നു. പ്രേക്ഷകരിൽ ഒരാളായി നിന്ന്‌ കാര്യങ്ങൾ നിയന്ത്രിച്ച ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

വിശ്വവിപ്ലവമഹാകവി പാബ്ലോനെരൂദയെക്കുറിച്ച്‌ തീവ്രകാവ്യഭംഗി തുളുമ്പുന്ന ഒരു ചിത്രം കാണാൻ കഴിഞ്ഞത്‌ ഈ മേളയിലെ നല്ല അനുഭവമായി. വടക്കൻ കൊറിയയിലായാലും തെക്കൻ കൊറിയയിലായാലും പീഡിപ്പിക്കപ്പെടുന്ന മനുഷ്യനോടൊപ്പം വേണം കലാകാരൻ നിലയുറപ്പിക്കുവാൻ എന്ന്‌ നെറ്റ്‌ എന്ന ചിത്രത്തിലൂടെ പറഞ്ഞു കിംകിഡുക്ക്‌. ഇത്ര പച്ചയായി മനുഷ്യപക്ഷ രാഷ്ട്രീയം പറയുന്ന ഒരു കിംകിഡുക്ക്‌ ചിത്രം ചലച്ചിത്രമേളയിൽ മുമ്പു കണ്ടിട്ടില്ല. ബുദ്ധശിരസിനു കീഴിൽ കൊലക്കത്തി ഒളിപ്പിച്ചു വയ്ക്കുന്ന ചില സൗന്ദര്യാത്മക രാഷ്ട്രീയം കിംകിഡുക്കിന്റെ ചിത്രങ്ങളിൽ നേരത്തെ കണ്ടിട്ടുണ്ട്‌, എന്നാൽ തുറന്ന രാഷ്ട്രീയപക്ഷം ഇതാദ്യം.

വിധു വിൻസെന്റിന്റെയും ജയൻ ചെറിയാന്റെയും മലയാള ചിത്രങ്ങൾക്ക്‌ വലിയ പ്രേക്ഷക സാന്നിധ്യമുണ്ടായി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരു വിശ്വചലച്ചിത്ര പ്രതിഭ മിക്ക  ദിവസങ്ങളിലും സിനിമ കാണാനെത്തിയതും ഒരു പ്രത്യേകതയായിരുന്നു.

പൊലീസ്‌ വേട്ടകളിലൂടെ അടുത്ത കാലത്ത്‌ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട മാവോയിസ്റ്റു സാന്നിധ്യം ഓർമിപ്പിക്കുന്ന ഒരു ചിത്രമായിരുന്നു ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം. മാവോയിസ്റ്റു സാന്നിധ്യം ഉണ്ട്‌ എന്ന സംശയത്താൽ കാട്ടിലെത്തുന്ന പൊലീസ്‌ സംഘം ഒരു ആദിവാസി സ്കൂളിൽ താമസമുറപ്പിക്കുന്നു. നിസഹായരായ അധ്യാപകർക്കും വിദ്യാർഥികൾക്കും വഴങ്ങിക്കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ചില കുട്ടികൾ ക്ലാസ്‌ റൂം പിടിച്ചെടുത്ത പൊലീസിനു നേരെ ഒന്നോരണ്ടോ കല്ലുകൾ പെറുക്കിയെറിയുകയും ചെയ്തു. അവിടെ പ്രത്യക്ഷപ്പെട്ട പൊലീസ്‌ വിരുദ്ധവും പോരാട്ടം വിജയിക്കട്ടെ എന്നെഴുതിയതുമായ പോസ്റ്ററുകൾ പൊലീസിന്റെ സംശയത്തെ ഉറപ്പിക്കുന്നു.

മാവോയിസ്റ്റിൻ തേടി കാട്ടിലെത്തിയ ഒരു പൊലീസ്‌ സേനാംഗം സൈനിക വേഷം ധരിച്ച ഒരു സ്ത്രീയെ പിന്തുടരുന്നു. അവർ പൊലീസ്‌ സേനാംഗത്തെ കാട്ടിനുള്ളിൽ വഴി തെറ്റിക്കുന്നു. അവരുടേയും വനവാസികളുടെയും സ്നേഹപൂർണവും ഔദാര്യപൂർണവുമായ സമീപനം പൊലീസുകാരനിൽ മാനുഷിക ബോധത്തിന്റെ നാമ്പുകൾ മുളപ്പിക്കുന്നു.

ക്യാമ്പിൽ തിരിച്ചെത്തുമ്പോഴേയ്ക്കും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു കരുതിയ ഈ പൊലീസുകാരന്‌ മറ്റൊരു വാർത്തയാണ്‌ കേൾക്കാൻ കഴിഞ്ഞത്‌. തന്നെ ‘വധിച്ച’ മാവോവാദികളെയെല്ലാം അകത്താക്കിയിരിക്കുന്നു.

മറ്റൊരു വനത്തിലേക്ക്‌ മാവോവാദികളെ തേടിപ്പോകുന്ന പൊലീസുകാർ നീലവണ്ടിയിലിരുന്ന്‌ കടലിനക്കെ പോണോരേ എന്ന സലിൽ ചൗധരിയുടെ പാട്ടുപാടുന്നു. റിമാ കല്ലിങ്കലിന്റെ സംയമനത്തോടെയുള്ള അഭിനയം, ഇന്ദ്രജിത്തിന്റെ നിസഹായതയും മിത്വവും ഫലിപ്പിക്കുന്ന അഭിനയം, എം ജെ രാധാകൃഷ്ണന്റെ കവിത തുളുമ്പുന്ന ഛായാഗ്രഹണം ഇതെല്ലാം ഈ ചിത്രത്തിന്റെ തിളക്കങ്ങളാണ്‌. നിരവധി നല്ലചിത്രങ്ങൾ നമുക്കു തന്ന ഡോ. ബിജു മറ്റൊരു നല്ല ചിത്രം കൂടി തന്ന്‌ നമ്മളെ ധന്യരാക്കിയിരിക്കുന്നു.

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സമുന്നത നേതാക്കളായ പന്ന്യൻ രവീന്ദ്രന്റെയും കാനം രാജേന്ദ്രന്റെയും സാന്നിധ്യത്തിലാണ്‌ കാടുപൂക്കുന്ന കാലം പ്രദർശിപ്പിച്ചത്‌.

മാവോയിസ്റ്റ്‌ പ്രസ്ഥാനം അധികാരത്തിലെത്തിയ നേപ്പാളിൽ ആ പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ദീപക്‌ റൗണിയാർ സംവിധാനം ചെയ്ത വെളുത്ത സൂര്യൻ. പ്രചണ്ഡ എന്ന പേരു കൊണ്ടുതന്നെ ആളുകളിൽ പ്രകമ്പനം സൃഷ്ടിച്ച പുഷ്പകമൽ ദഹൽ പ്രധാനമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ വിമോചന സംഘടനയിൽ പോരാളിയായിരുന്ന അഗ്നി എന്ന സഖാവ്‌ പിതാവിന്റെ മരണത്തെത്തുടർന്ന്‌ വീട്ടിലെത്തുന്നതോടെ സിനിമ തുടങ്ങുന്നു. രാജാവിനെ അനുകൂലിക്കുന്ന സഹോദരനും അഗ്നിയും തമ്മിൽ കയ്യേറ്റമുണ്ടാകുന്നു. ശവശരീരം ജാതി വ്യവസ്ഥയുടെയും ദുരാചരണത്തിന്റെയും ഇടപെടലുകൾ അനുഭവിച്ച്‌ വഴിയിൽ വീണുകിടക്കുന്നു. മുതിർന്നവർ വഴക്കിട്ട്‌ അകലുമ്പോൾ കുട്ടികൾ മൃതശരീരം സംസ്കരിക്കുന്നു.

പാർലമെന്റംഗമായ ഒരു മാവോയിസ്റ്റ്‌ നേതാവിനെ സിനിമയിൽ കാണാം. അനാർഭാടമായി നടത്തുന്ന ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച്‌ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മാവോവാദി നേതാവ്‌. ബസ്‌ സ്റ്റാൻഡിൽ ഉറങ്ങുന്ന ഒരു കുട്ടിയുണ്ട്‌ ഈ സിനിമയിൽ. ഞാൻ മനുഷ്യനല്ല ചുമട്ടുതൊഴിലാളിയാണ്‌ എന്ന്‌ പറയുമ്പോൾ കാണികളിലേക്ക്‌ ഒരു വിങ്ങൽ പടർന്നുകയറും. നിങ്ങൾ മാവോയിസ്റ്റാണോ, നിങ്ങളാണോ എന്റെ അച്ഛനമ്മമാരെ കൊന്നത്‌ എന്ന്‌ പറഞ്ഞ്‌ ഈ കുട്ടി അഗ്നി സഖാവിനെ നിരന്തരം തല്ലുമ്പോൾ ആ വിങ്ങൽ ഒരു ജ്വാലയായി കാണികളിൽ പടരുന്നുണ്ട്‌.

മാവോയിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ അപചയം ചൂണ്ടിക്കാണിക്കുന്നതാണ്‌ നേപ്പാളിൽ നിന്നു വന്ന വെളുത്ത സൂര്യൻ എന്ന ഈ സിനിമ. കാടുപൂക്കുന്ന നേരവും വെളുത്ത സൂര്യനും വിവിധ ചിന്തകളെ കാണികളിൽ ഉണർത്തുവാൻ പ്രേരിപ്പിക്കുന്നുണ്ട്‌.

Friday 23 December 2016

ആവിഷ്‌കാര സ്വാതന്ത്ര്യവും നാടക ഗറില്ലകളും



ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ആശയം സംവാദവും വിവാദവുമൊക്കെയായി വളര്‍ന്നത് 1980-കളിലാണ്. പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ അപ്രീതിക്ക് പാത്രമായതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്‌സാണ് ഈ നാടകം അരങ്ങിലെത്തിച്ചത്. മതമില്ലാത്ത ജീവന് എന്ന മതേതരപാഠത്തിന്റെ പേരില്‍ സമീപകാലത്ത് സംഘടിത-വര്‍ഗീയശക്തികള്‍ സൃഷ്ടിച്ച പ്രശ്‌നത്തേക്കാളും തീവ്രമായിരുന്നു അത്. ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും വിമോചന സമരകാലത്തെന്ന പോലെ കുഞ്ഞാടുകളെയും നയിച്ച് പാതപ്രകടനം നടത്തി. ഇവരിലാരും തന്നെ ആ നാടകം കണ്ടിട്ടുണ്ടായിരുന്നില്ല.

നാടകത്തിന് പലസ്ഥലങ്ങളിലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന വിഷയം ഉയര്‍ന്നുവന്നു. നാടകം കളിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് സൂര്യകാന്തി തിയേറ്റേഴ്‌സിലെ അംഗങ്ങള്‍, സ്വയം വിലങ്ങണിഞ്ഞു നടത്തിയ പ്രകടനം കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷിയെ തട്ടിയുണര്‍ത്തി. നാടകസംഘാംഗങ്ങള്‍ അറസ്റ്റുചെയ്യപ്പെട്ടു. സ്വാതന്ത്ര്യദാഹികളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വമ്പിച്ച കൂട്ടായ്മ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുണ്ടായി.

'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ അട്ടിമറിച്ച മഹാനായ തോപ്പില്‍ഭാസി അടക്കമുള്ളവര്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. കേരളത്തിലെവിടെയും പ്രതിഷേധയോഗങ്ങളും അറസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിയായുള്ള കേസുകളുമുണ്ടായി.

 തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ മതമേലധ്യക്ഷന്മാര്‍ക്ക് തണലായി നിന്ന വലതുപക്ഷ ഭരണകൂടം പരാജയപ്പെട്ടു. ഒരു പ്രത്യേകസമിതിയുടെ ശുപാര്‍ശ പ്രകാരം 1987ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കേരളത്തില്‍ നിരോധിച്ചു.

വാസ്തവത്തില്‍ എന്തായിരുന്നു ആ നാടകം? റോമന്‍ അധിനിവേശത്തിനെതിരെയുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ ക്രിസ്തു എടുത്ത നിലപാട് അനാവാരണം ചെയ്യുകയായിരുന്നു ആ നാടകം. ചില സന്ദര്‍ഭങ്ങളില്‍ ആ നാടകം വിഖ്യാത ഗ്രീക്ക് സാഹിത്യകാരന്‍ കസാന്‍ദ് സാക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയോട് ചേര്‍ന്നുനിന്നു. വലിയ പഠനങ്ങള്‍ ഒരു നാടകകൃത്ത് നടത്തിയതിന്റെ ഫലമായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ്.

പി എം ആന്റണി ശ്രദ്ധിക്കപ്പെടുന്നത് ഏറ്റവും നല്ല നാടകമായി കേരളസര്‍ക്കാരിന്റെ സമ്മാനം നേടിയ കടലിന്റെ മക്കളുടെ രചയിതാവായിട്ടാണ്. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുകയെന്നത് ഏതു കമ്മ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലുള്ളതാണ്. പി എം ആന്റണിയെന്ന കമ്മ്യൂണിസ്റ്റ് നാടകകൃത്ത് ഒരു കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു.

ആലപ്പുഴയില്‍ ഉന്മൂലനം നടക്കുമ്പോള്‍ ആന്റണി, കിലോമീറ്ററുകള്‍ അകലെയുള്ള അരങ്ങില്‍ നാടകം കളിക്കുകയായിരുന്നു! ശിക്ഷക്കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചെഴുതിയ മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസര്‍ക്കാരിന്റെ അവാര്‍ഡു നേടി. വിശുദ്ധ പാപങ്ങള്‍, ടെററിസ്റ്റ്, അയ്യന്‍കാളി, സ്റ്റാലിന്‍, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഇന്‍ക്വിലാബിന്റെ പുത്രന്‍ തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തിനു തന്ന നാടകങ്ങള്‍. എല്ലാ നാടകങ്ങളുടെയും പഞ്ചാത്തലം ലോകചരിത്രമായിരുന്നു.

 നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളെ ഉപേക്ഷിച്ച് അമേച്വര്‍ നാടകവഴിയിലൂടെ സ്വന്തം സൈക്കിള്‍ ഓടിച്ചുപോയി പി എം ആന്റണി. സംഘാടകരെയോ സന്ദര്‍ഭങ്ങളെയോ കാത്തുനില്‍ക്കാതെ വീട്ടുമുറ്റത്തും തെരുവിലും കടന്നുചെന്ന് നാടകം അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹം രൂപപ്പെടുത്തി. 'സ്പാര്‍ട്ടക്കസ്' എന്ന നാടകം അതിവിദഗ്ധമായി സംവിധാനം ചെയ്ത ആന്റണിക്ക് അതു സാധിക്കുമായിരുന്നു. ഉജ്വലനിഷേധി ആയിരുന്ന പി ജെ ആന്റണി ആയിരുന്നല്ലോ പി എം ആന്റണിയുടെ മനസ്സില്‍. അരങ്ങില്‍ നിന്നും അടുക്കളയിലെത്തി നാടകം കളിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ അദ്ദേഹം തിയേറ്റര്‍ ഗറില്ലകള്‍ എന്നു വിളിച്ചു.

പള്ളിയോടും പള്ളിത്വമുള്ള വ്യവസ്ഥിതിയോടും നിരന്തരം കലഹിച്ചു പി എം ആന്റണി മകളുടെ വിവാഹം വീട്ടുമുറ്റത്ത് നടത്തി. വധൂവരന്മാര്‍ക്ക് മുല്ലനേഴിയും ഞാനും മാലയെടുത്ത് കൊടുത്തു. ശിഷ്യന്‍ പ്രിയനന്ദനന്‍ ആശംസാപ്രസംഗം നടത്തി.

മരണാനന്തരവും ആന്റണി പള്ളിയില്‍ പോയില്ല. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇരു കണ്ണുകളും ദാനം ചെയ്തു. മൃതദേഹം തുമ്പോളിക്കടപ്പുറത്തെ വീട്ടുമുറ്റത്ത് ദഹിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക സദസ്സിലെ രക്തനക്ഷത്രമായി മാറി പി എം ആന്റണി.

Saturday 17 December 2016

വടക്കൻ കാറ്റ്


മത്തിവിറ്റും
മണ്ണുകിളച്ചും
ചായയടിച്ചും
എച്ചിൽപാത്രം മോറിയും
നീ മിച്ചംപിടിച്ച നോട്ടുകൾ
എന്റെ പാദത്തിൽ വയ്ക്കൂ
ഒരു കഷണം കാൽനഖം
പകരം വാങ്ങൂ.
ചോരനീരാക്കി
തങ്കമോളെ അണിയിക്കാൻ
നീ കാത്തുവച്ച പൊന്ന്
എന്റെ മുന്നിൽ വയ്ക്കൂ
ഒരു കഷണം കൈനഖം
പകരം വാങ്ങൂ.
നിന്റെ മണ്ണ്
പെണ്ണ്,വീട്,വാഹനം
വയ്ക്കൂ
ഒരു ചെറുരോമം
പകരം വാങ്ങൂ.
നിന്റെ സ്വപ്നം
ജീവിതം , സ്വാതന്ത്ര്യം
പ്രണയം സങ്കല്പം
മഷിയും പേനയും
ഇവിടെ വയ്ക്കൂ
പകരം
ഒരു മുടിനാരു വാങ്ങൂ.
വടക്കുനിന്നും വീശിയ
ഭ്രാന്തൻകാറ്റ്
വന്മരങ്ങളെ തൊട്ടില്ല.
തുമ്പയും തുളസിയും
മുക്കുറ്റിയും കണ്ണാന്തളിയും
വേരുപറിഞ്ഞ്
പറന്നൊടുങ്ങി.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Friday 16 December 2016

ഫിഡൽ കാസ്ട്രോയും മാജിക്കൽ റിയലിസവും



പ്രിയപ്പെട്ട ഫിഡൽ
ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു. അസംഖ്യം വധശ്രമങ്ങളെ അതിജീവിച്ച അങ്ങ്‌ ലോക വിപ്ലവാകാശത്തിലെ രക്തനക്ഷത്രമായി മാറിയിരിക്കുന്നു.

ഫിദൽ, പലവട്ടം സഖാവ്‌ ഞങ്ങളെ തോൽപിച്ചിട്ടുണ്ട്‌. ഏകാന്തതയുടെ നൂറുവർഷങ്ങൾ ലോകത്തിനു സമ്മാനിച്ച നോബൽ സമ്മാന ജേതാവ്‌ ഗബ്രിയേൽ ഗാർഷിയ മാർക്ക്വേസ്‌ മുന്നോട്ടുവച്ച മാജിക്കൽ റിയലിസത്തെ ആശ്ലേഷിച്ചുകൊണ്ടാണ്‌ ഫിഡൽ നമ്മളെ വിസ്മയിപ്പിച്ചത്‌. മാജിക്കൽ റിയലിസം യാഥാർഥ്യത്തിനു മുകളിൽ പടുത്തുയർത്തിയ വിഭ്രാന്ത സങ്കൽപങ്ങളുടെ കെട്ടുകാഴ്ചയാണ്‌. ആ സാഹിത്യസങ്കേതത്തി ൽ പടുകൂറ്റൻ ശവശരീരങ്ങൾ ഉണ്ടാകും. കാതങ്ങൾ താണ്ടിവരുന്ന ചോര, മറ്റൊരു കഥാപാത്രത്തിന്റെ പാദങ്ങളിൽ ചുംബിക്കും. സെമിത്തേരിയിൽ അടക്കം ചെയ്ത പെൺകുഞ്ഞിന്റെ ശവശരീരം വർഷങ്ങൾക്കുശേഷവും ജീർണിക്കാതെയിരിക്കും.

ഞങ്ങൾ ഇന്ത്യാക്കാർക്ക്‌ മാജിക്കൽ റിയലിസം അത്ര പുതുമയുള്ളതൊന്നുമല്ല. വിശ്വമഹാകവി വേദവ്യാസന്റെ മഹാഭാരതത്തിൽ പക്ഷികളും സർപ്പങ്ങളും മൃഗങ്ങളും വൃക്ഷങ്ങളും പർവതങ്ങളും സാഗരവും കഥാപാത്രങ്ങളാണ്‌. ആദികവി വാത്മീകിയുടെ രാമായണത്തി ൽ ഒരു സാധാകുരങ്ങനായിരുന്ന ഹനുമാൻ ലങ്കയിലേക്ക്‌ ചാടുമ്പോൾ ആകാശം മുട്ടെ വളരുന്നതും ലങ്കയുടെ കാവൽക്കാരി ഹനുമാനെ വിഴുങ്ങുന്നതും കുഞ്ഞിക്കുരങ്ങനാഴി മാറിയ ഹനുമാൻ രാക്ഷസിയുടെ ചെവിയിലൂടെ പുറത്തുവരുന്നതും ഞങ്ങൾ കണ്ടതാണ്‌.

കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച ഭർത്താക്കന്മാരെ കാണുവാൻ ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക്‌ ഒരു സമ്മേളന രാത്രി ഗംഗാതീരത്തുണ്ടാക്കിക്കൊടുക്കുന്നും ഞങ്ങൾ കണ്ടതാണ്‌. ഒറ്റയസ്ത്രം ആയിരവും പതിനായിരവും ലക്ഷവുമായി പൊട്ടിപ്പടരുന്നത്‌ ഞങ്ങൾ കണ്ടതാണ്‌.

പുലിമറഞ്ഞ തൊണ്ടച്ചനേയും മരങ്ങളായി മാറുന്ന ഒടിവിദ്യക്കാരേയും ഞങ്ങൾക്ക്‌ പരിചയമുണ്ട്‌. പക്ഷേ ഇതെങ്ങനെ തൊഴിലാളി വർഗ സൗന്ദര്യശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഫിഡലിന്‌ ബോധ്യപ്പെട്ടു? മാജിക്കൽ റിയലിസക്കാരനായിരുന്ന മാർക്ക്വേസിനെ അംഗീകരിക്കാൻ എങ്ങനെ കഴിഞ്ഞു?

മാജിക്കൽ റിയലിസമായാലും മിസ്റ്റിസിസമായാലും ആത്മീയതയായാലും അതെല്ലാംതന്നെ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ സങ്കൽപശേഷിക്ക്‌ ഉദാഹരണമാണ്‌. ഇത്തരം ചിന്താപദ്ധതികളുടെയെല്ലാം അടിസ്ഥാനം ജീവിച്ചിരിക്കുന്ന മനുഷ്യനാണ്‌. പ്രയത്ന സൗന്ദര്യശാസ്ത്രം സമഗ്രമാകണമെങ്കിൽ ഈ തിരിച്ചറിവ്‌ ഉണ്ടായേ കഴിയൂ. വിപ്ലവകവിതകൾ എഴുതിയ പാബ്ലോനെരൂദ തന്നെയാണ്‌ വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത്‌ എനിക്ക്‌ നീയുമായി ചെയ്യണം എന്നെഴുതിയത്‌. ആ നെരൂദകൂടി ഉൾപ്പെടുന്നതാണ്‌ തൊഴിലാളിവർഗ സൗന്ദര്യശാസ്ത്രം. വിശാലമായ ഈ കാഴ്ചപ്പാടാണ്‌ മാർക്ക്വേസിനെ സുഹൃത്താക്കാൻ ഫിഡലിനെ പ്രേരിപ്പിച്ചത്‌. വിപ്ലവസാഹിത്യമെന്നാൽ പ്രണയരഹിതവും ഭാവനാശൂന്യവുമായ പരുപരുത്തപാറപ്പുറം അല്ലെന്ന്‌ ഫിഡൽ ജീവിതം കൊണ്ട്‌ കാട്ടിത്തന്നു.

പ്രിയപ്പെട്ട ഫിദൽ, ചെ ഗുവേര എന്ന സുഹൃത്തിനെ ബൊളീവിയയിലേക്ക്‌ പോകാൻ അനുവദിച്ചതിലൂടെ പിന്നെയും സഖാവ്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഗ്രാൻമയിൽ ഒപ്പമുണ്ടായിരുന്ന സഖാവ്‌, വിപ്ലവാനന്തര ക്യൂബയുടെ സെൻട്രൽ ബാങ്കുമേധാവി, മന്ത്രി. ഇങ്ങനെയൊക്കെയായിട്ടും മറ്റൊരുസമരരംഗത്തേക്ക്‌ പോകുവാനുള്ള ഗുവേരയുടെ ആഗ്രഹത്തെ ഫിഡൽ അംഗീകരിച്ചു. ലോകയുവത്വത്തിന്റെ രക്തമുദ്രയായി മാറിയ ചെയെ ഞങ്ങൾക്ക്‌ സമ്മാനിച്ചത്‌ ഫിഡൽ ആയിരുന്നു.

ഫിഡൽ, പിന്നെയും ഞങ്ങളെ വിസ്മയപ്പെടുത്തിയല്ലോ. വിരുദ്ധ ഭരണകൂടത്തിൽ ജോലി സ്വീകരിച്ച സ്വന്തം ഭാര്യ മിർത്തയെ ഉപേക്ഷിച്ചുകൊണ്ട്‌. പ്രണയ വിവാഹമായിരുന്നിട്ടുപോലും ഭാര്യയെ ഉപേക്ഷിക്കുവാൻ കാസ്ട്രോ മടിച്ചില്ല. ബാറ്റിസ്റ്റാ ഭരണത്തിൽ ഉദ്യോഗം സ്വീകരിച്ചതിനെക്കുറിച്ച്‌ ഫിദൽ പറഞ്ഞത്‌ എന്നെ ആയിരം വട്ടം കൊല്ലുന്നതിനു തുല്യമായിപ്പോയി എന്നായിരുന്നല്ലോ. ലക്ഷ്യബോധവും നിശ്ചയദാർഢ്യവും സന്ധിരഹിത ജീവിതവും വിപ്ലവകാരിക്ക്‌ ആവശ്യമാണെന്ന്‌ ഫിഡൽ തെളിയിച്ചു.

പ്രിയപ്പെട്ട ഫിഡൽ, തൊണ്ണൂറു വയസുവരെ അങ്ങു ജീവിച്ചിരുന്നത്‌ ക്യൂബയിലെ ആതുരസേവന വിഭാഗത്തിന്റെ ശ്രദ്ധകൊണ്ട്‌ കൂടിയാണ്‌. ലോകത്തിനു മുഴുവൻ മാതൃകയായ 108 ആംബുലൻസ്‌ സർവീസ്‌ അടക്കം ക്യൂബയുടെ ആരോഗ്യരംഗത്തെ മികവുറ്റതാക്കിയെടുക്കുന്നതിൽ ഫിഡൽ വിജയിച്ചു.

പ്രിയപ്പെട്ട ഫിഡൽ,
കരീബിയൻ കടലോരത്ത്‌ അങ്ങ്‌ വിശ്രമിക്കുമ്പോൾ ഇവിടെ അറേബ്യൻ കടലോരത്തുനിന്ന്‌ കേരളത്തിലെ മനുഷ്യസ്നേഹികൾ ഒന്നിച്ചു പറയുന്നു, ഫിഡൽ, ലോകചരിത്രം അങ്ങയെ കുറ്റക്കാരനല്ലെന്ന്‌ വിധിച്ചിരിക്കുന്നു.

Saturday 3 December 2016

വയനാട്ടിലെ ഡാലിയാപ്പൂക്കൾ



ശ്രീനാരായണ ഗ്ലോബൽ മിഷന്റേയും കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നമുക്കു ജാതിയില്ല സെമിനാറിൽ പങ്കെടുക്കുവാൻ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. എൺപതുകളിൽ വന്നപ്പോൾ വയനാട്ടിൽ വ്യാപകമായി കണ്ടിരുന്നു വലിയ ഡാലിയാപ്പൂക്കൾ അപ്രത്യക്ഷമായിരിക്കുന്നു.

എൺപതുകളിലെ വയനാടിന്‌ ഇത്രയും ചൂടില്ലായിരുന്നു. അടിവാരത്തുനിന്നും ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ്‌ അരിച്ചുകയറുമായിരുന്നു. ചങ്ങലമരത്തിനടുത്തെത്തുമ്പോൾ കൊടും തണുപ്പിന്റെ കാണാപ്പുതപ്പ്‌ നമ്മളെ വന്നു മൂടുമായിരുന്നു. പ്രണയിയുടെ ചുംബനം പോലെ കടുത്തതും ആപത്തില്ലാത്തതുമായ ശീതചുംബനം. ഇന്നാകട്ടെ ഹേമന്തത്തിലും ശിശിരത്തിലും ഒരേപോലെ ചൂട്‌. തണുപ്പ്‌ മനോരോഗിയെപ്പോലെ മെലിഞ്ഞുപോയിരിക്കുന്നു. മാനന്തവാടിയിലും തിരുനെല്ലിയിലും മുച്ചിറകൻ പങ്കകളുടെ വിജയകരമായ വിൽപ്പന. എയർകണ്ടീഷന്റ്‌ ജില്ലയായിരുന്ന വയനാട്ടിൽ തണുപ്പൻ യന്ത്രങ്ങൾക്കും ഡിമാന്റ്‌. വയനാടിന്‌ എന്തു സംഭവിച്ചു?

വയനാട്ടിലെ സ്ഥലനാമങ്ങളിലധികവും വയൽ എന്ന വാക്കിനാൽ പരിഗ്രഹിക്കപ്പെട്ടതാണ്‌. വയനാട്‌ തന്നെ വയൽനാട്‌ ആണല്ലോ. ഗന്ധകശാലയും മറ്റും വിളഞ്ഞുനിന്ന വയൽനാട്‌. പശുക്കൾ മേയുന്നതുപോലെ ശാന്തതയോടെ ആനകൾ മേഞ്ഞിരുന്ന വയനാട്‌. വിപ്ലവബോധമുള്ള കേരളീയർ സ്വന്തം പെൺകുട്ടികൾക്ക്‌ പേരായി തിരഞ്ഞെടുത്ത കബനിയുടെ വയനാട്‌. വെള്ളവും കൃഷിയും ആപൽക്കരമായി കുറഞ്ഞുപോയ വയനാടാണ്‌ ഇപ്പോഴുള്ളത്‌.

ഗദ്ദികയെക്കുറിച്ച്‌ കേരളത്തോടു പറഞ്ഞത്‌ പി കെ കാളൻ ആണെങ്കിലും വളരെ മുമ്പുതന്നെ നാട്ടുഗദ്ദിക എന്ന തെരുവു നാടകത്തിലൂടെ ആ പേര്‌ കേരളത്തിന്‌ സുപരിചിതമാക്കിയ കനവിന്റെ കാലവും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. സംരക്ഷിക്കപ്പെടാതെപോയ ജനകീയ കലാരൂപങ്ങളുടെ ശ്മശാന ഭൂമിയാണ്‌ വയനാട്‌.

മുത്തങ്ങ, മേപ്പാടി ഭൂസമരങ്ങൾ വയനാടിന്റെ നിലവിളികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. അച്ഛനില്ലാത്ത കുട്ടികളുമായി ലോകശ്രദ്ധയിലേയ്ക്ക്‌ കയറിപ്പറ്റിയ വയനാട്‌ പീഢാനുഭവങ്ങളുടെ തിക്തഭൂമിയാണ്‌. പുൽപ്പള്ളിയിലെ സുരഭി ക്ലബിൽ ഒത്തുചേർന്ന കുട്ടികളോട്‌ അടിയോരുടെ പെരുമൻ ആരാണെന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു ഉത്തരം.

വയനാടിന്റെ വിളർച്ച സാഹിത്യത്തിന്‌ വളർച്ചയാകുന്നുണ്ട്‌. നെല്ലും കൂമൻകൊല്ലിയും മാവേലി മൻട്രവും ബെസ്‌ പുർക്കാനയും നമുക്കു ലഭിച്ചു. ടി സി ജോണിന്റെ രചനകൾ വയനാടൻ ജീവിതത്തിന്റെ കണ്ണാടികളായി. അർഷാദ്‌ ബത്തേരിയുടെ കഥകൾ മലയാളത്തിന്‌ ഊർജ്ജമായി.
മനോജ്‌ കാനയുടെ ഉറാട്ടി മലയാള നാടകത്തെ മുന്നോട്ടു കൊണ്ടുപോയി. സാദിർ തലപ്പുഴയും സുൽത്താന നസൃനും ജിത്തു തമ്പുരാനും കവിതയുടെ പുതുമുഖങ്ങളായി. മാനന്തവാടിയിൽ ഫീനിക്സ്‌ പുസ്തകശാല മിഴിയടച്ചെങ്കിലും നീർമാതളം ബുക്സ്‌ മുളപൊട്ടിവന്നു.

വലിയ പ്രകൃതിനശീകരണമാണ്‌ വയനാട്ടിൽ സംഭവിച്ചത്‌. മരം മുറിച്ചുമാറ്റിയതടക്കം നിരവധി ദുഷ്കൃത്യങ്ങൾ. മുളകൾ പൂത്തുമറഞ്ഞതും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു ക്ഷതമേൽപ്പിച്ചു. വാഹനപ്പുകയും കീടനാശിനി പ്രയോഗവും വയനാടിന്റെ വിശുദ്ധാന്തരീക്ഷത്തെ മലിനമാക്കി. വളമില്ലാതെ തലയുയർത്തി സന്ദർശകരെ കൗതുകത്തോടെ നോക്കിനിന്ന സൂര്യതേജസുള്ള ഡാലിയപ്പൂക്കളെ നിങ്ങളെന്നാണ്‌ വയനാടൻ വേലിപ്പടർപ്പിലേയ്ക്ക്‌ തിരിച്ചുവരുന്നത്‌?