Sunday 26 February 2017

തുമ്പപ്പൂവിന് ഒരു കത്ത്


പ്രിയപ്പെട്ട തുമ്പപ്പൂവേ

ക്ഷമിക്കുക.
കബളിപ്പിക്കപ്പെട്ട ഒരു
മഹാരാജാവിന്റെ
പ്രജയാണ് ഞാന്‍.
ഈ നപുംസകകാലത്തും
ഞാന്‍ നിരന്തരം
കബളിപ്പിക്കപ്പെടുന്നു.
വാമനന്റെ ബൂട്ടിനടിയിലെ
ഇരുമ്പുലാടം തറഞ്ഞ്‌
എന്റെ നെറ്റിയും മുറിഞ്ഞു.
നിന്‍റെ വെള്ളച്ചിരി
എനിക്കു ശാന്തിയല്ല.

ദുഃഖത്തോടെ
കുരീപ്പുഴ ശ്രീകുമാര്‍ 

കടലിന്റെ വീട്.


മല തുരന്നപ്പോൾ
കടൽച്ചിപ്പി കിട്ടി
ജലമൊഴി കേട്ടു നടുങ്ങി
പടിയിറങ്ങിപ്പോയ
കടലിന്റെ വീടിത്
ഒരു ദിനം കേരളം
കടലെടുക്കും

അകലെനിന്നേതോ
തിരക്കൂത്തിലെത്തിയ
അഭയാർത്ഥി നിൻ കേരവൃക്ഷം.

മലകടന്നെത്തിയ 
വാക്കുകൾ പക്ഷികൾ
അതിഥികൾ മരങ്ങൾ മൃഗങ്ങൾ

തകിടികൾ താണ്ടിയും
സമനിലം കോറിയും
പൊറുതിക്കലം വച്ച
ചെറുമർ നിന്നാദിമർ

മഴുവുമായ് പിന്നെ
വന്നാദിമനുഷ്യരെ
അടിമകളാക്കിയ സന്ധ്യയ്കു മുൻപേ
ഇവിടെ ഞാനുണ്ടായിരുന്നെന്നു ചിപ്പി
കടലുപ്പുതേക്കിയിറക്കി

ഇരുളിന്റെ ക്ഷോഭ-
ത്തിരവന്നു കീറുന്നു
ഹൃദയത്തിലെ കായലോരം

മൃതിയൊച്ചയായ്
കൊടുംസ്രാവുകൾ പായുന്നു
കടലാന കുത്തിമറിയുന്നു

മലയുടെ തലയിലേയ്കൊരു
രാക്ഷസത്തിര
മടവാളുമായ് കുതിക്കുമ്പോൾ
മറുപടി ചൊല്ലാൻ
മനസ്സിലെ മൺതരി
മലയാളമോർത്തു നിൽക്കുന്നു

കടലേറിടുമ്പോൾ
മറുവീടു തേടുന്ന
കിളികളുടെ ചിറകുകൾക്കൊപ്പം

പരദേശം
കുത്തിയോരാശ്രയക്കൂരയിൽ
കരുണയും രമണനും
കഞ്ഞിവെയ്കും

കടൽ
വീടു വീണ്ടെടുക്കുമ്പോൾ
എൻ മാനമേ
കരയുമോനീ മഴയായി

Thursday 23 February 2017

ഉന്മാദി


അക്കരെ 
വന്മലത്തെങ്ങിൻ കുടന്നയിൽ 
കള്ളുകുടം പോലെ ചന്ദ്രൻ 

തെന്നിത്തെറിച്ച 
നുരപ്പൂക്കൾ താരകൾ 
കള്ളീച്ചകൾ പോൽ ഗ്രഹങ്ങൾ 

രാത്രിക്കിതെന്തൊരുന്മാദം 
വശംകെട്ടു പാട്ടുപാടുന്നു രാപ്പാടി

കാറ്റ് മരച്ചില്ല മാറിമാറിപ്പിടി-
ച്ചേറ്റുപാടിത്തകർക്കുമ്പോൾ 

മണ്ണിൻ മരപ്പാളി 
മൂടി മരിച്ചു ഞാൻ 
എങ്ങനെയില്ലാതെയാകും?

Wednesday 22 February 2017

കാണ്ടാമനുഷ്യൻ


വെൺമുഖംമൂടിയിൽ
ചന്ദനം തൊട്ട്
ചിന്തയിൽ തന്ത്രം മെനഞ്ഞ്
കണ്ണിൽ കുറുക്കന്റെ
കൗശലക്കെണിവെച്ച്
മുന്നിൽ നിൽക്കും സത്വമേത്?

സത്യത്തിൻ നെറ്റിയിൽ
കാർക്കിച്ചു തുപ്പിയും
സ്വപ്നമുഖത്തേക്ക്
മാലിന്യമെറ്റിയും
മുറ്റത്തുതന്നെ പെടുത്തും
ചവർക്കുന്ന,ചർദ്ദിപുരണ്ട
പെരുംവാക്കു കോറിയും
കുത്തിമലർത്തികുലുങ്ങിച്ചിരിച്ചും
മതപ്പാടുപൊട്ടിയും
തോക്കാട്ടമാടിയും
നിൽക്കുന്നു കാണ്ടാമനുഷ്യൻ

അഭയമില്ലാതെ ഞാനോടുമ്പോൾ
എൻമുന്നിൽ
വലവെച്ചു കാണ്ടാമനുഷ്യൻ

ഇവനെ ഞാനിന്നലെ 
ഖദറിൽ പൊതിഞ്ഞ്
ഗുജറാത്തിത്തൊപ്പിയണിഞ്ഞ്
കപടസത്യാഗ്രഹക്കുറുപന്തലിൽവെച്ച്
തൊഴുകൈകളോടെ കണ്ടപ്പോൾ
ഇതുപോലെ വേഷം പകർന്നെന്റെ മുന്നിൽ
വരുമെന്നറിഞ്ഞതേ ഇല്ല


നിനവുകൾക്കപ്പുറം
നീൾനഖം നീട്ടി
ഇരുപുറം നോക്കാതെ
തീക്കണ്ണുരുട്ടി
നരലോകഘാതിയാം
വിശ്വരൂപം കാട്ടി
വളരുന്നു കാണ്ടാമനുഷ്യൻ

അരികിലൊരു
പ്രൈമറി സ്കൂളിലെ കുട്ടിയായ്
അതിജീവനാഗ്രഹം വന്ന്
തരികൊരു കൈത്തോക്ക്
എനിക്കുമച്ഛായെന്ന്
ചെറുമഴപോലെ ചാറുന്നു

Wednesday 8 February 2017

മകൾ കൊളുത്തിയാലും ചിത കത്തും


മനുഷ്യന്റെ മരണവുമായി ബന്ധപ്പെട്ട്‌ യുക്തിരഹിതവും സംസ്ക്കാരശൂന്യവുമായ പല ചടങ്ങുകളും മതവിശ്വാസികൾക്കിടയിലുണ്ട്‌. അതിൽ പ്രധാനപ്പെട്ടത്‌ മൃതദേഹത്തെ കുളിപ്പിക്കുക എന്ന ചടങ്ങാണ്‌. ജീവിച്ചിരിക്കുമ്പോൾ സൂക്ഷ്മതയോടെ മറച്ചുവയ്ക്കുന്ന ശരീരഭാഗങ്ങൾ കുളിപ്പിക്കൽ എന്ന പേരിൽ മരണാനന്തരം അതിക്രമിച്ചു കാണുന്നത്‌ നിന്ദയായേ കണക്കാക്കാൻ കഴിയൂ.

വായ്ക്കരിയിടുക, മുണ്ടിന്റെ കോന്തലയ്ക്കൽ പണം കെട്ടിവയ്ക്കുക തുടങ്ങിയവയും യുക്തിക്ക്‌ നിരക്കുന്നതല്ല. പരലോകത്തേയ്ക്ക്‌ പോകുമ്പോഴുള്ള നദി കടക്കുവാൻ വഞ്ചിക്കൂലി എന്ന നിലയിലാണ്‌ പണം കെട്ടിവയ്ക്കുന്നത്‌. ഈ പ്രവൃത്തിയുടെ അർത്ഥശൂന്യത തിരിച്ചറിഞ്ഞതുകൊണ്ടോ പരലോകത്തെ പുഴയിൽ പാലം കെട്ടിയതുകൊണ്ടോ ആയിരിക്കാം ഇപ്പോഴാരും ആ ചടങ്ങ്‌ നടത്താറില്ല.

മൃതദേഹത്തിനരികിൽ ഇരുന്നു കരയുക എന്ന കർത്തവ്യമാണ്‌ സ്ത്രീകൾക്ക്‌ വിധിച്ചിട്ടുള്ളത്‌. സംസ്കരിക്കുന്ന സ്ഥലത്തേയ്ക്ക്‌ സ്ത്രീകൾ ചെല്ലാൻ പാടില്ല. ചിതയ്ക്ക്‌ തീ കൊളുത്തേണ്ടത്‌ ആൺമക്കളോ അനന്തരവന്മാരോ ആയിരിക്കണം.

കത്തുന്ന ചിതയ്ക്കരികിലേക്ക്‌ സ്ത്രീകൾക്ക്‌ പ്രവേശനമുണ്ടായിരുന്നത്‌ സതി അനുഷ്ഠിക്കേണ്ടിവരുമ്പോൾ മാത്രമാണ്‌. ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യയും മരിക്കണം എന്നതായിരുന്നു ആചാര്യവിധി. ഭാര്യയ്ക്ക്‌ ഇതിൽ താൽപര്യമില്ലെങ്കിൽ ഷെഹ്നായിയുടേയും ഡോലക്കിന്റേയും ഭ്രാന്തശബ്ദങ്ങളെ മറയാക്കി വിധവയെ ബലമായി ചിതയിലേക്ക്‌ വലിച്ചെറിയുമായിരുന്നു. അതിനുശേഷം അവരെ സതിയായി പ്രഖ്യാപിക്കുകയും ക്ഷേത്രം പണിയുകയും ചെയ്യും. രാജാറാംമോഹൻറോയിക്കുശേഷം സ്വതന്ത്ര ഇന്ത്യയിൽപോലും സതി അനുഷ്ഠിക്കപ്പെട്ടിട്ടുണ്ട്‌.

ഈ ആചാരത്തെ കവിതയിലൂടെ പരിഹസിച്ചത്‌ മഹാകവി ഉള്ളൂരാണ്‌. സതിക്കെതിരെ നിലപാടെടുത്ത സായിപ്പിനെ ഒരു കൂട്ടം ഹിന്ദുമത വിശ്വാസികൾ പോയി കാണുന്നു. സതി പവിത്രമായ ഹിന്ദുമത ആചാരമാണെന്നും ഇതിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുവാൻ സ്ത്രീകളെ നിർബന്ധിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന ഒരു നിയമം യൂറോപ്പിലുണ്ടെന്നും അത്‌ നടപ്പാക്കുമെന്നും സായിപ്പ്‌ പറഞ്ഞപ്പോഴാണ്‌ കവിതയിൽ ആചാരാനുകൂലികൾ അപ്രത്യക്ഷരായത്‌.

കിളിമാനൂർ അടയമണിലുള്ള ബി ഹരിദാസ്‌ മരിച്ചപ്പോൾ അദ്ദേഹത്തിന്റെയും ഭാര്യയുടേയും ഹിതമനുസരിച്ച്‌ മകൾ ദിവ്യയാണ്‌ ചിതയ്ക്ക്‌ തീ കൊളുത്തിയത്‌. മരുമകൻ നെസിനും ഒപ്പം ചേർന്നു. മരുമകന്റെ മാതാപിതാക്കളായ ഞങ്ങളടക്കം ഒരു വലിയ ജനസമൂഹം ഈ അപൂർവ ദൃശ്യത്തിന്‌ സാക്ഷികളായി.

അച്ഛനും മകളും തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം മുതൽ മരണദിവസം വരെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട്‌ അവർ അരികിൽത്തന്നെയുണ്ടായിരുന്നു. അച്ഛനെ നന്നായി പരിചരിച്ചു എന്ന ഉത്തമബോധ്യം അവർക്ക്‌ ഉണ്ടായിരുന്നതിനാൽ മരണാനന്തര ചടങ്ങുകളായ സഞ്ചയനവും കുളിയും വേണ്ടെന്നു വയ്ക്കുവാൻ അവർക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. സമീപദിവസം തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി അനുസ്മരണയോഗവും അവർ നടത്തി.

ദുരാചാര പ്രകാരം കുളിച്ചു പിരിഞ്ഞിരുന്നുവെങ്കിൽ അറിയാൻ സാധ്യതയില്ലാത്ത കുറേ കാര്യങ്ങൾ പരേതനെക്കുറിച്ച്‌ അറിയാൻ കഴിയുമായിരുന്നില്ല. യൂണിയൻ കാർബൈഡ്‌ ദുരന്തം ഉണ്ടായ സമയത്ത്‌ അദ്ദേഹവും കുടുംബവും ഭോപ്പാലിൽ ആയിരുന്നു. വാർത്താവിനിമയ ബന്ധങ്ങളും വെളിച്ചവും അടക്കം എല്ലാം തകർന്നപ്പോൾ ഹാം റേഡിയോ വിദഗ്ധനായ ഹരിദാസ്‌ അറിയിപ്പുകൾ കൊടുക്കാനും മറ്റ്‌ സംവിധാനങ്ങൾ സജ്ജമാക്കാനും പരമാവധി ആളുകളെ രക്ഷിക്കാനും കഠിന പരിശ്രമം നടത്തിയ കാര്യം സഹപ്രവർത്തകൻ രവിയുടെ വാക്കുകളിലൂടെ നാട്ടുകാരും ബന്ധുക്കളും അറിഞ്ഞു. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പിടിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചപ്പോൾ എല്ലാ ദിവസവും സ്കൂളിലെത്തി കെട്ടിടനിർമാണത്തിന്‌ മേൽനോട്ടം വഹിച്ച കാര്യം ഇപ്പോഴും പ്രബലമായി നിൽക്കുന്ന സ്കൂൾ കെട്ടിടത്തെ ഓർമിച്ചുകൊണ്ട്‌ അധ്യാപകനായ രാജേഷ്‌ സാക്ഷ്യപ്പെടുത്തി.

മകളുടെ വിവാഹം സ്പെഷ്യൽ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ താലി അടക്കമുള്ള മതാചാരങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ നടത്തിയതും പരാമർശിക്കപ്പെട്ടു. വിവാഹസദ്യയ്ക്ക്‌ മത്സ്യം വിളമ്പി വ്യത്യസ്തത പുലർത്തിയതും ഓർമിക്കപ്പെട്ടു.

മരണാനന്തരം കുളി, സഞ്ചയനം തുടങ്ങിയ ദുരാചാരങ്ങൾ നടത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന്‌ മരിച്ചവരെ അനുസ്മരിക്കുന്നത്‌ നന്നായിരിക്കും. സ്ത്രീകളെ അബലകളാക്കി മാറ്റിനിർത്താതെ മരണത്തെത്തുടർന്നുള്ള എല്ലാ കാര്യങ്ങളിലും സഹകരിപ്പിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്‌. സ്ത്രീ തീ കൊളുത്തിയാൽ അടുപ്പു മാത്രമല്ല, ചിതയും കത്തും.

Tuesday 7 February 2017

പറക്കുംതളിക


ഹിമഗിരി
മരുവിരി
കടലോരം.

ഹരിതത്താഴ്വര
മുകില്‍മുറ്റം.

ബഹിരാകാശം
ഗ്രഹവീഥി
ചാന്ദ്രസമുദ്രം
ശനിമേഘം.

പറന്നു പറന്നു പറന്നു പോയി
പ്രണയത്തേന്‍തളിക.

അതിലൊരു ഞാനും നീയും
പിന്നൊരു നീയും ഞാനും.

നാഭിത്തീയില്‍
ചുണ്ടു കരിച്ചും
വിരലു പൊരിച്ചും
ചക്കരവള്ളിയെരിച്ചും
ഇന്നലെയെപ്പോല്‍.

എങ്ങു പറന്നാലെന്ത്
എങ്ങു പിറന്നാലെന്ത്?

Monday 6 February 2017

മരുവാനം


മരമില്ല, ജലമില്ല
കിളിയില്ല, ചെടിയില്ല
മരുഭൂമി തന്നെയാണീ
വിശാലാകാശം.

ഇടയ്ക്കിടെ മണല്‍ക്കുന്നായ്
വെളുത്ത മേഘം
മരുപ്പച്ചയായ് ചിലപ്പോള്‍
കറുത്ത മേഘം.
ചെറു പാറക്കഷണമായ്
മിനുങ്ങും താരം
മനുഷ്യസങ്കല്‍പ്പമായി
മഴവില്‍ പാലം

അവിടേക്കു ദുര്‍ബലന്റെ
തലതട്ടിയുരുളുന്ന
കനകക്കാല്‍പ്പന്തു നോക്കി
ഇരിക്കും നേരം

മണല്‍പ്പാമ്പു പോലിഴഞ്ഞു
കടക്കുന്ന വിമാനമേ
എനിക്കു നിന്നോടസൂയ
പെരുക്കുന്നുണ്ട്.

കുടയില്ലാ മഴനാട്
വിളിക്കുന്നുണ്ട്.

Friday 3 February 2017

ഉള്‍വാക്കുകള്‍


ഞാനെന്‍ ശരീരം പരീക്ഷണശാലയില്‍
മേശപ്പുറത്തു കിടത്തി
വസ്ത്രങ്ങള്‍ നീക്കി, കൊടും കത്തിയാലതിന്‍
ത്വക്കുടുപ്പും കൊത്തി മാറ്റി.

നഗ്നം, അതെ പൂര്‍ണനഗ്നം, അകങ്ങളില്‍
അക്ഷരങ്ങള്‍ തെളിയുന്നു
അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല, യാഥാര്‍ത്ഥ്യം.

കയ്പ്പു കുടിച്ചു ചുവന്ന മസ്തിഷ്കത്തില്‍
ഒറ്റ വാക്കേയുള്ളൂ സ്നേഹം.
കണ്ണുകള്‍ക്കുള്ളില്‍ നിലാവ്
ചെവിക്കുള്ളില്‍
മങ്ങിയ നെല്‍കൃഷിപ്പാട്ട്
അന്നനാളത്തില്‍ വിശപ്പ്‌
തോളസ്ഥിയില്‍
ഒന്നിറങ്ങൂ എന്ന വീര്‍പ്പ്.

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിത മഷിയില്‍ പ്രണയം.
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസം പുകയെന്ന വാക്യം.
രക്തനാളത്തില്‍ സമരം
ആമാശയശല്ക്കത്തില്‍ തീരാദുരിതം
വൃക്കയില്‍ മോഹങ്ങള്‍
വന്‍കുടലില്‍ സൂര്യന്‍
വൃഷണത്തിനുള്ളില്‍ അശാന്തി.

മാലിന്യ സഞ്ചിയില്‍ ജീവിതം
താരാട്ടു പോരെന്നു തൊണ്ടയും കയ്യും
കരളില്‍ ബിയര്‍പാര്‍ലര്‍
വാരിയെല്ലില്‍, നാട്ടു-
വഴിയിലെ പുല്ലിന്‍റെ പേര്
കാലസ്ഥിയില്‍ കാട്ടുപക്ഷി
പാദങ്ങളില്‍
ചൂടില്‍ നടന്ന കഥകള്‍.

വാക്കുകള്‍ നാക്കുകള്‍ തോരുന്നതേയില്ല
വാക്കിന്‍റെ പേമാരിയുള്ളില്‍.