Wednesday, 8 February 2017

മകൾ കൊളുത്തിയാലും ചിത കത്തും


മനുഷ്യന്റെ മരണവുമായി ബന്ധപ്പെട്ട്‌ യുക്തിരഹിതവും സംസ്ക്കാരശൂന്യവുമായ പല ചടങ്ങുകളും മതവിശ്വാസികൾക്കിടയിലുണ്ട്‌. അതിൽ പ്രധാനപ്പെട്ടത്‌ മൃതദേഹത്തെ കുളിപ്പിക്കുക എന്ന ചടങ്ങാണ്‌. ജീവിച്ചിരിക്കുമ്പോൾ സൂക്ഷ്മതയോടെ മറച്ചുവയ്ക്കുന്ന ശരീരഭാഗങ്ങൾ കുളിപ്പിക്കൽ എന്ന പേരിൽ മരണാനന്തരം അതിക്രമിച്ചു കാണുന്നത്‌ നിന്ദയായേ കണക്കാക്കാൻ കഴിയൂ.

വായ്ക്കരിയിടുക, മുണ്ടിന്റെ കോന്തലയ്ക്കൽ പണം കെട്ടിവയ്ക്കുക തുടങ്ങിയവയും യുക്തിക്ക്‌ നിരക്കുന്നതല്ല. പരലോകത്തേയ്ക്ക്‌ പോകുമ്പോഴുള്ള നദി കടക്കുവാൻ വഞ്ചിക്കൂലി എന്ന നിലയിലാണ്‌ പണം കെട്ടിവയ്ക്കുന്നത്‌. ഈ പ്രവൃത്തിയുടെ അർത്ഥശൂന്യത തിരിച്ചറിഞ്ഞതുകൊണ്ടോ പരലോകത്തെ പുഴയിൽ പാലം കെട്ടിയതുകൊണ്ടോ ആയിരിക്കാം ഇപ്പോഴാരും ആ ചടങ്ങ്‌ നടത്താറില്ല.

മൃതദേഹത്തിനരികിൽ ഇരുന്നു കരയുക എന്ന കർത്തവ്യമാണ്‌ സ്ത്രീകൾക്ക്‌ വിധിച്ചിട്ടുള്ളത്‌. സംസ്കരിക്കുന്ന സ്ഥലത്തേയ്ക്ക്‌ സ്ത്രീകൾ ചെല്ലാൻ പാടില്ല. ചിതയ്ക്ക്‌ തീ കൊളുത്തേണ്ടത്‌ ആൺമക്കളോ അനന്തരവന്മാരോ ആയിരിക്കണം.

കത്തുന്ന ചിതയ്ക്കരികിലേക്ക്‌ സ്ത്രീകൾക്ക്‌ പ്രവേശനമുണ്ടായിരുന്നത്‌ സതി അനുഷ്ഠിക്കേണ്ടിവരുമ്പോൾ മാത്രമാണ്‌. ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യയും മരിക്കണം എന്നതായിരുന്നു ആചാര്യവിധി. ഭാര്യയ്ക്ക്‌ ഇതിൽ താൽപര്യമില്ലെങ്കിൽ ഷെഹ്നായിയുടേയും ഡോലക്കിന്റേയും ഭ്രാന്തശബ്ദങ്ങളെ മറയാക്കി വിധവയെ ബലമായി ചിതയിലേക്ക്‌ വലിച്ചെറിയുമായിരുന്നു. അതിനുശേഷം അവരെ സതിയായി പ്രഖ്യാപിക്കുകയും ക്ഷേത്രം പണിയുകയും ചെയ്യും. രാജാറാംമോഹൻറോയിക്കുശേഷം സ്വതന്ത്ര ഇന്ത്യയിൽപോലും സതി അനുഷ്ഠിക്കപ്പെട്ടിട്ടുണ്ട്‌.

ഈ ആചാരത്തെ കവിതയിലൂടെ പരിഹസിച്ചത്‌ മഹാകവി ഉള്ളൂരാണ്‌. സതിക്കെതിരെ നിലപാടെടുത്ത സായിപ്പിനെ ഒരു കൂട്ടം ഹിന്ദുമത വിശ്വാസികൾ പോയി കാണുന്നു. സതി പവിത്രമായ ഹിന്ദുമത ആചാരമാണെന്നും ഇതിൽ ഇടപെടരുതെന്നും അവർ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുവാൻ സ്ത്രീകളെ നിർബന്ധിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന ഒരു നിയമം യൂറോപ്പിലുണ്ടെന്നും അത്‌ നടപ്പാക്കുമെന്നും സായിപ്പ്‌ പറഞ്ഞപ്പോഴാണ്‌ കവിതയിൽ ആചാരാനുകൂലികൾ അപ്രത്യക്ഷരായത്‌.

കിളിമാനൂർ അടയമണിലുള്ള ബി ഹരിദാസ്‌ മരിച്ചപ്പോൾ അദ്ദേഹത്തിന്റെയും ഭാര്യയുടേയും ഹിതമനുസരിച്ച്‌ മകൾ ദിവ്യയാണ്‌ ചിതയ്ക്ക്‌ തീ കൊളുത്തിയത്‌. മരുമകൻ നെസിനും ഒപ്പം ചേർന്നു. മരുമകന്റെ മാതാപിതാക്കളായ ഞങ്ങളടക്കം ഒരു വലിയ ജനസമൂഹം ഈ അപൂർവ ദൃശ്യത്തിന്‌ സാക്ഷികളായി.

അച്ഛനും മകളും തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം മുതൽ മരണദിവസം വരെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ട്‌ അവർ അരികിൽത്തന്നെയുണ്ടായിരുന്നു. അച്ഛനെ നന്നായി പരിചരിച്ചു എന്ന ഉത്തമബോധ്യം അവർക്ക്‌ ഉണ്ടായിരുന്നതിനാൽ മരണാനന്തര ചടങ്ങുകളായ സഞ്ചയനവും കുളിയും വേണ്ടെന്നു വയ്ക്കുവാൻ അവർക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. സമീപദിവസം തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി അനുസ്മരണയോഗവും അവർ നടത്തി.

ദുരാചാര പ്രകാരം കുളിച്ചു പിരിഞ്ഞിരുന്നുവെങ്കിൽ അറിയാൻ സാധ്യതയില്ലാത്ത കുറേ കാര്യങ്ങൾ പരേതനെക്കുറിച്ച്‌ അറിയാൻ കഴിയുമായിരുന്നില്ല. യൂണിയൻ കാർബൈഡ്‌ ദുരന്തം ഉണ്ടായ സമയത്ത്‌ അദ്ദേഹവും കുടുംബവും ഭോപ്പാലിൽ ആയിരുന്നു. വാർത്താവിനിമയ ബന്ധങ്ങളും വെളിച്ചവും അടക്കം എല്ലാം തകർന്നപ്പോൾ ഹാം റേഡിയോ വിദഗ്ധനായ ഹരിദാസ്‌ അറിയിപ്പുകൾ കൊടുക്കാനും മറ്റ്‌ സംവിധാനങ്ങൾ സജ്ജമാക്കാനും പരമാവധി ആളുകളെ രക്ഷിക്കാനും കഠിന പരിശ്രമം നടത്തിയ കാര്യം സഹപ്രവർത്തകൻ രവിയുടെ വാക്കുകളിലൂടെ നാട്ടുകാരും ബന്ധുക്കളും അറിഞ്ഞു. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പിടിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചപ്പോൾ എല്ലാ ദിവസവും സ്കൂളിലെത്തി കെട്ടിടനിർമാണത്തിന്‌ മേൽനോട്ടം വഹിച്ച കാര്യം ഇപ്പോഴും പ്രബലമായി നിൽക്കുന്ന സ്കൂൾ കെട്ടിടത്തെ ഓർമിച്ചുകൊണ്ട്‌ അധ്യാപകനായ രാജേഷ്‌ സാക്ഷ്യപ്പെടുത്തി.

മകളുടെ വിവാഹം സ്പെഷ്യൽ മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ താലി അടക്കമുള്ള മതാചാരങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ നടത്തിയതും പരാമർശിക്കപ്പെട്ടു. വിവാഹസദ്യയ്ക്ക്‌ മത്സ്യം വിളമ്പി വ്യത്യസ്തത പുലർത്തിയതും ഓർമിക്കപ്പെട്ടു.

മരണാനന്തരം കുളി, സഞ്ചയനം തുടങ്ങിയ ദുരാചാരങ്ങൾ നടത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന്‌ മരിച്ചവരെ അനുസ്മരിക്കുന്നത്‌ നന്നായിരിക്കും. സ്ത്രീകളെ അബലകളാക്കി മാറ്റിനിർത്താതെ മരണത്തെത്തുടർന്നുള്ള എല്ലാ കാര്യങ്ങളിലും സഹകരിപ്പിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്‌. സ്ത്രീ തീ കൊളുത്തിയാൽ അടുപ്പു മാത്രമല്ല, ചിതയും കത്തും.

1 comment:

  1. മരണാനന്തരം കുളി, സഞ്ചയനം തുടങ്ങിയ ദുരാചാരങ്ങൾ നടത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന്‌ മരിച്ചവരെ അനുസ്മരിക്കുന്നത്‌ നന്നായിരിക്കും. സ്ത്രീകളെ അബലകളാക്കി മാറ്റിനിർത്താതെ മരണത്തെത്തുടർന്നുള്ള എല്ലാ കാര്യങ്ങളിലും സഹകരിപ്പിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്‌. സ്ത്രീ തീ കൊളുത്തിയാൽ അടുപ്പു മാത്രമല്ല, ചിതയും കത്തും....!

    ReplyDelete