Monday 29 July 2013

നഗ്ന കവിത


സിദ്ധാന്തം 
----------
കവിത വായിച്ചിട്ട് 
ഒന്നും മനസ്സിലായില്ല.
പുതിയ സിദ്ധാന്തം 
ഉത്ഭവിക്കുകയായി..
വായിച്ചാൽ
മനസ്സിലാകാത്തതെന്തോ
അതാണ്‌ കവിത.

Wednesday 24 July 2013

കാവ്യസദസ്സില്‍ ഒരു കല്യാണം



യുവകവികളായ സൂര്യയുടെയും ഹരി നീലഗിരിയുടെയും വിവാഹക്ഷണക്കത്ത് അസാധാരണം ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറോളം ആളുകളാണ് ഫേസ്ബുക്കിലൂടെ വധുവരന്മാരെ അഭിവാദ്യം ചെയ്തത്.

നെടുമങ്ങാട് നെട്ടയിലെ കമ്മ്യൂണിറ്റി ഹാള്‍. കുട്ടികള്‍ കരികൊണ്ടുവരച്ച ചിത്രങ്ങളല്ലാതെ മറ്റലങ്കാരങ്ങള്‍ ഒന്നുമില്ല. മുറിച്ചെടുത്ത കുലവാഴകളോ തോരണങ്ങളോ ബാനറോ വന്ദനം പറയാന്‍ കുട്ടിയാനയോ ഇല്ല.

ഹാളിനകവും അങ്ങനെ തന്നെ. അവിടെ ഒരു കവി സദസ് നടക്കുകയാണ്. പത്തു പത്ത് എന്ന കാവ്യപുസ്തകത്തിന്റെ പ്രകാശനവുമുണ്ട്.

പുസ്തക പ്രകാശനം കഴിഞ്ഞായിരുന്നു വിവാഹം. നീലഷര്‍ട്ടും കൈത്തറി മുണ്ടുമുടുത്ത് നവവരന്‍ ഹരി നീലഗിരി. പച്ചസാരിയുടുത്ത് മുടിയില്‍ ചെറിയ മുല്ലപ്പൂമാല ചൂടി സൂര്യ. ഇരുവര്‍ക്കും പരിഭ്രമമില്ല. ഹരി, സൂര്യയെ മാലയണിയിച്ചു. വധൂവരന്മാരുടെ കൈകള്‍ ചേര്‍ത്തു വയ്ക്കുകയെന്ന ഉത്തരവാദിത്വം അവര്‍ ഉദാരതയോടെ എന്നെയാണേല്‍പ്പിച്ചത്.
അതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പിന്‍ബലവും അവര്‍ക്കുണ്ടായിരുന്നു. കവികളായ ഗിരീഷ് പുലിയൂരും വിനോദ് വെള്ളായണിയും ശരണ്യയും ഷൈറാബീവിയും ആര്യനാട് വിജയകുമാറും ജി എസ് ജയചന്ദ്രനും ജിജോ കൃഷ്ണനും സി എസ് രാജേഷും കാവ്യാശംസകള്‍ അര്‍പ്പിച്ചു. വധൂവരന്മാരുടെ ഉറ്റബന്ധുക്കളും സന്നിഹിതരായിരുന്നു.

നെടുമങ്ങാടിന്റെ ചരിത്രകാരന്‍ ഉത്തരം കോട് ശശിയും യുവരാഷ്ട്രീയ പ്രവര്‍ത്തകന്‍ അഡ്വ. വി രാജേഷും പ്രൊഫ. ഗിരിജയും പ്രഭനും ഇരിഞ്ചയംരവിയും മറ്റും ഉപദേശങ്ങളും ആശംസകളും ചൊരിഞ്ഞു.

ചായം ധര്‍മരാജന്‍ ചൊല്ലിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അന്നം എന്ന കവിതയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും വിജാതീയ പ്രണയ വിവാഹിതര്‍ക്ക് പ്രചോദനവുമാണല്ലോ.

ഇതുപോലെ, ആചാരങ്ങളുപേക്ഷിച്ച് വിവാഹിതരായ യുവകവികളാണ് ഇന്ദുലേഖയും എം സങ്ങും. ഹൈന്ദവ ക്രൈസ്തവ ബാല്യകാല പരിസരത്തെയാണ് ആ പ്രണയികള്‍ നിരസിച്ചത്. രണ്ടു കുസൃതിക്കുടുക്കകളുമായി ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ തീരത്ത് സന്തുഷ്ടകുടുംബജീവിതം പുലര്‍ത്തുന്ന ഈ കവികള്‍ വര്‍ത്തമാനകാല മലയാള കവിതയില്‍ വളരെ ശ്രദ്ധേയരാണല്ലോ. 

വിവാഹനിശ്ചയം ഉത്രാളിക്കാവ് പൂരം പോലെയും വിവാഹം തൃശൂര്‍പൂരം പോലെയും ആയിരിക്കണമെന്നു കരുതുന്നവരാണ് കേരളീയര്‍. അതിനായി സാമ്പത്തിക ബാധ്യതകള്‍ വരുത്തിവയ്ക്കാനും ആത്മഹത്യ ചെയ്യാനും വരെ നമ്മള്‍ ഒരുക്കവുമാണ്. ഈ ഭ്രാന്താവസ്ഥയെയാണ്, വിജാതീയവും ആചാര-ആര്‍ഭാട രഹിതവുമായ വിവാഹത്തിലൂടെ സൂര്യയും ഹരിയും ലംഘിച്ചത്.

പങ്കെടുത്തവരില്‍ പലരും സ്വന്തം വിവാഹം ഇങ്ങനെ സ്ത്രീധന രഹിതവും ലളിതവുമായി നടത്താന്‍ കഴിയാതെ പോയതിലുള്ള പരിഭവം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. സ്വന്തം മക്കളെ സ്ത്രീധനാര്‍ത്തിയില്‍ നിന്നും ആര്‍ഭാട ഭ്രമത്തില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുമെന്നും ആശംസാപ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ജ്യോത്സ്യവിധിപ്രകാരമുള്ള മുഹൂര്‍ത്തമൊന്നും സൂര്യഹരി വിവാഹത്തിനില്ലായിരുന്നു. കാവ്യസദസ് മൂന്നരയ്ക്ക് എന്നു പറഞ്ഞിരുന്നെങ്കിലും ഗതാഗത കുരുക്കും മറ്റും കാരണം നാലരക്കാണ് തുടങ്ങാന്‍ കഴിഞ്ഞത്.

മനുഷ്യ വിവാഹങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ യുവകവികളുടെ വിവാഹം. കവികള്‍, ഭാവനയുടെ മഴവില്‍കൊട്ടാരത്തില്‍ മാത്രമല്ല, പോരാട്ടത്തിന്റെ വഴിയിലുമാണ്.

Friday 5 July 2013

ജ്യോതിഷവിധി പൊളിഞ്ഞു, സിനിമാ പ്രേമികള്‍ ചിരിച്ചു


         ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതുവരെ മലയാള സിനിമാപ്രേമികള്‍ വല്ലാത്ത ആശങ്കയിലായിരുന്നു. ദൈവജ്ഞന്മാരാണ് ഈ ആശങ്ക സൃഷ്ടിച്ചത്. സിനിമാനടന്‍ മധുവിന്റെ ആയുസ് 2013 ജൂണ് 30 വരെയായിരിക്കുമെന്ന് അവര്‍ ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിരുന്നു.

        ചെമ്മീനിലെ പരീക്കുട്ടി അടക്കമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠനേടിയ നടനാണ് മധു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലും സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകളിലും അദ്ദേഹം അവതരിപ്പിച്ച തീക്ഷ്ണ സ്വഭാവമുള്ള കഥാപാത്രങ്ങളും മലയാള മനസിലുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കണ്ടത് സജീവന്‍ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കളിലായിരുന്നു. ആ ചിത്രമാകട്ടെ, ജ്യോതിഷമടക്കമുള്ള മുഴുവന്‍ വ്യാജശാസ്ത്രങ്ങളെയും നിരാകരിക്കുന്നതുമായിരുന്നു. ആള്‍ ദൈവവിശ്വാസത്തില്‍ നിന്നും സത്യത്തിന്റെ പാതയിലേയ്ക്ക് മാറിസഞ്ചരിച്ച പ്രഭുവിനെ തന്നെയാണ് ആ സിനിമയില്‍ മധു അവതരിപ്പിച്ചത്.

         വായനയെ ഗൗരവമായി എടുത്തിട്ടുള്ള അപൂര്‍വം അഭിനേതാക്കളിലൊരാളാണ് മധു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ അംഗത്വമുള്ള മധു  പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ ദീര്‍ഘനേരം ചെലവഴിച്ച് തനിക്കുവേണ്ട പുസ്തകങ്ങള്‍ സ്വയം കണ്ടെത്തുന്നത് ലൈബ്രറി ജീവനക്കാര്‍ കൗതുകത്തോടെയും ആരാധനയോടെയുമാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായനയുടെയും അഭിനയത്തിന്റെയും ഹരിത ഭൂമിയിലൂടെ കാലിടറാതെ സഞ്ചരിച്ച മധുവിനാണ് ദൈവജ്ഞന്മാര്‍ മരണം വിധിച്ചത്. മാധവന്‍നായര്‍ എന്ന പേരിലെ വന്‍വാലുമുറിച്ചു മധുവായി മനസുകളിലെത്തിയ ആ നടനെ ഹിന്ദുമതക്കാരുടെ ആകാശ വിഡ്ഢിത്തശാസ്ത്രം മരണപ്രവചനത്തില്‍ കുടുക്കിയത് ഇത്തിരി കടന്ന കൈ ആയിപ്പോയി.

         തൃശൂരില്‍ നടന്ന കേരള ജ്യോതിഷ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മധുതന്നെയാണ് അന്തിമവിധിയെക്കുറിച്ചു പറഞ്ഞത്. നാലുജാതകങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും നാലുജാതകങ്ങളും പ്രഖ്യാപിച്ച ജീവിതകാലാവധിയനുസരിച്ച് ഇനി ഒരുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജ്യോത്സ്യന്മാരുടെ വിധിപൊളിഞ്ഞാല്‍ വീണ്ടും കാണാമെന്നും അദ്ദേഹം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ ജ്യോത്സ്യവിധിയാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

   ജ്യോതിഷത്തില്‍ കുറ്റക്കാരെല്ലാം നിരപരാധികള്‍ ആണല്ലോ. ഗോവിന്ദചാമി സൗമ്യയെ ഹീനമായി കൊലപ്പെടുത്തിയെങ്കില്‍ അത് ബഹിരാകാശത്തെവിടെയോ നില്‍ക്കുന്ന ശനിഗ്രഹം ഗോവിന്ദചാമിയെ കൊണ്ട് ചെയ്യിച്ചതാണെന്ന് ജ്യോത്സ്യന്മാര്‍ കവിടി നിരത്തി കണ്ടെത്തും. ശനിഗ്രഹത്തെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ നമ്മുടെ പാവപ്പെട്ട പൊലീസുകാര്‍ക്കു കഴിയാത്തതുകൊണ്ടാണല്ലോ, നിരപരാധിയായ ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശനിഗ്രഹത്തിനു തൂക്കുകയര്‍ വിധിക്കാന്‍ കോടതിക്കും സാധ്യമല്ല. ഗോവിന്ദചാമിക്കുവേണ്ടി അഭിഭാഷകന്‍ വന്നതില്‍ ആര്‍ക്കും അമര്‍ഷവും വേണ്ട. ശുക്രന്‍ എന്ന ഗ്രഹമായിരിക്കുമല്ലോ അഭിഭാഷകനെ നിയോഗിച്ചത്.

        ജ്യോതിഷം സമ്പൂര്‍ണമായും തെറ്റായ ഒരു പദ്ധതിയാണ്. ഏറ്റവും ഒടുവിലത്തെ പ്രശസ്തമായ ഉദാഹരണമാണ് മധുവിന്റെ ജാതകം. ചലച്ചിത്ര നിര്‍മാണത്തിനു മുമ്പ് 'ജ്യോതിഷാലയത്തിലേയ്ക്ക് ഓടുന്ന സിനിമാക്കാരെങ്കിലും മരണത്തില്‍ നിന്നും മധു രക്ഷപ്പെട്ടതില്‍ ആഹ്ലാദിക്കുകയും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് നന്നായിരിക്കും. ജ്യോത്സ്യനെ കാണാതെയും പൂജ നടത്താതെയും സിനിമാ നിര്‍മാണം തുടങ്ങാറുള്ള കമല്‍ഹാസന്റെ യശസ്സിനു ഒരു കോട്ടവും വന്നിട്ടില്ലെന്ന കാര്യം അനുബന്ധമായി വായിക്കാവുന്നതാണ്.

        അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും സങ്കേതമായി മലയാള സിനിമാരംഗം മാറിയിട്ടുണ്ട്. സൗന്ദര്യപൂര്‍ണമായ ഒരു യുക്തിചിന്തയിലേയ്ക്ക് സഞ്ചരിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

Wednesday 3 July 2013

ശബ്ദതാരാവലിക്ക് തൊണ്ണൂറുവയസ്



എഴുത്തുകാര്‍ക്ക് നിഘണ്ടു ഒരു അവശ്യവസ്തു അല്ല. എന്നാല്‍ വായനക്കാര്‍ക്കും ഭാഷ പഠിക്കുന്നവര്‍ക്കും നിഘണ്ടു അത്യാവശ്യമാണ്. എഴുതാന്‍ വേണ്ടിയല്ല, അറിയാന്‍വേണ്ടിയാണ് നിഘണ്ടു ഉപയോഗിക്കുന്നത്.

മലയാളത്തിന്റെ പദനിധികള്‍ക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം വരെയേ ചരിത്രമുള്ളു. ഇത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൗ...
തുകകരമാണ്.

ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അക്ഷരം നിരോധിച്ചിരുന്നതിനാല്‍ ഹിന്ദുമതക്കാര്‍ക്ക് നിഘണ്ടുവിന്റെ ആവശ്യമേ വന്നില്ല. മലയാളം അവിശ്വാസിയുടെയും ഇംഗ്ലീഷ് ചെകുത്താന്റെയും ഭാഷയാണെന്നു കരുതിയിരുന്നവര്‍ക്കും പദകോശവഴിയേ സഞ്ചരിക്കേണ്ടിവന്നില്ല. എന്നാല്‍ കേരളത്തിലെ പാപികളെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ വന്നവര്‍ക്ക് സ്വന്തം ഭാഷ പ്രയോജനരഹിതമാവുകയും മലയാളം പഠിക്കേണ്ടിവരുകയും ചെയ്തു.

വേദപുസ്തകം വായിക്കേണ്ടത് അത്യാവശ്യം ആയിരുന്നതിനാല്‍ സമൂഹത്തെ സാക്ഷരമാക്കുന്നതിലും അവര്‍ ശ്രദ്ധിച്ചു. നിഘണ്ടു നിര്‍മാണം ആരംഭിക്കുന്നത് നമ്മുടെ നാട്ടില്‍ അങ്ങനെയാണ്.

സുവിശേഷ വേലയുമായി ബന്ധപ്പെട്ട് നിര്‍മിക്കപ്പെട്ട നിഘണ്ടുക്കള്‍ മലയാള ഭാഷയ്ക്ക് വലിയ ഈടുവയ്പുകളായി. അര്‍ണോസുപാതിരി, ക്ലമന്റ് പാതിരി, റവ. ബി ബെയ്‌ലി, റിച്ചാര്‍ഡ് കോളിന്‍സ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയ വിദേശികളാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കിയത്. എന്നാല്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ശബ്ദതാരാവലിയാണ് ബ്രഹത്തായ ഒരു പദനിധിയായി മലയാളത്തിനു ലഭിച്ചത്.

നാടകങ്ങളും ആട്ടക്കഥകളും അടക്കം മുപ്പത്തിയഞ്ചു കൃതികള്‍ രചിച്ച ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ളയുടെ ഊണുമുറക്കവും ഉപേക്ഷിച്ചുള്ള പരിശ്രമമാണ് ശബ്ദതാരാവലിയില്‍ കലാശിച്ചത്. മറ്റുകൃതികളൊന്നും കാലം കടന്നുവന്നില്ലെങ്കിലും ശബ്ദതാരാവലി മലയാളത്തിന്റെ ആധികാരിക പദകോശമായി തുടരുന്നു.

ഒന്നര ലക്ഷത്തോളം വാക്കുകളാണ് ശബ്ദതാരാവലിയിലുള്ളത്. എങ്കില്‍പോലും ശബ്ദതാരാവലി അപൂര്‍ണമാണ്. ശബ്ദതാരാവലിക്കുവേണ്ടി വാക്കുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം മുപ്പത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ആരംഭിച്ചത്. അമ്പത്തെട്ടാം വയസ്സിലാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകൃതമായത്.

ശബ്ദതാരാവലി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായപ്പോള്‍ സമാഹരിക്കപ്പെട്ട വാക്കുകള്‍ ചേര്‍ത്ത് ഒരു കീശാനിഘണ്ടു പ്രസിദ്ധീകരിച്ചു. ആ നിഘണ്ടുവിനു വലിയ സ്വീകരണമാണ് ലഭിച്ചത്. നിഘണ്ടു ഒരിക്കലും പൂര്‍ണമാകുന്ന ഗ്രന്ഥമല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വളരെ പ്രധാനപ്പെട്ടതാണ്.

അക്ഷരമാലാക്രമത്തില്‍ വാക്കുകള്‍ അടുക്കാന്‍ ഒറ്റ നിമിഷംകൊണ്ട് ഇന്നു സാധിക്കുമെങ്കിലും യന്ത്രസംവിധാനങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ഒറ്റയ്ക്കു ചെയ്ത ആ പ്രയത്‌നം വിസ്മയകരം തന്നെ. രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
'സുഖം എന്ന പദത്തിന്റെ അര്‍ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരുകിലും പരമാര്‍ഥത്തില്‍ അത് എങ്ങനെയിരിക്കുമെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല'. ഒന്നാം പതിപ്പിന്റെ മുഖവുരയിലാകട്ടെ, ഗുണ്ടര്‍ട്ട് അടക്കമുള്ള മുന്‍ഗാമികളെ സ്മരിച്ചിട്ടുമുണ്ട്.

1864 മുതല്‍ 1946 വരെയായിരുന്നു ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ജീവിതകാലം. വക്കീല്‍പ്പണി അടക്കമുള്ള വരുമാനമാര്‍ഗങ്ങള്‍ ശബ്ദതാരാവലി നിര്‍മാണത്തിനുവേണ്ടി അദ്ദേഹത്തിനു ത്യജിക്കേണ്ടിവന്നു. അഞ്ഞൂറുകോപ്പിമാത്രം, സ്വന്തം ചെലവില്‍, ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ശബ്ദതാരാവലിക്ക് ഇരുപത്തി രണ്ട് രൂപയായിരുന്നു വില.

ശബ്ദതാരാവലിയിലെ അവസാന വാക്ക് ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലെത്തിയ ''റ്റാറ്റാ'' ആണ്. പോയിവരട്ടെ എന്ന യാത്രപറയല്‍ വാക്ക്, അവസാനവാക്കായത് കൗതുകകരമാണ്.

എണ്‍പത്തി രണ്ടാം വയസ്സിലാണ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ലോകത്തോട് റ്റാറ്റാ പറഞ്ഞത്. അദ്ദേഹം നമ്മള്‍ക്കു നല്‍കിയ ശബ്ദതാരാവലിക്കു തൊണ്ണൂറുവയസ്സു പൂര്‍ത്തിയായിരിക്കുന്നു
.