Monday 30 April 2012

മലയാളം തളിര്‍ക്കുന്നത് പ്രവാസികളുടെ ഹൃദയത്തില്‍

---------------------------------------------------------------------------------------

         വാടക കൊടുക്കാതെയും കുടിയൊഴിക്കല്‍ ഭീഷണിയില്ലാതെയും മലയാള ഭാഷ കഴിഞ്ഞുകൂടുന്നത് കേരളത്തിനു വെളിയില്‍ പാര്‍ക്കുന്നവരിലാണ്. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലാണ് ഈ ആവാസവ്യവസ്ഥ തളിര്‍ത്തും പൂവിട്ടും നില്‍ക്കുന്നത്.
 
       കഠിന നിയമങ്ങളുണ്ടെന്നു നമ്മള്‍ കരുതുന്ന സൗദിഅറേബ്യയില്‍ മലയാളം പഠിക്കാനുള്ള സൗകര്യം വിദ്യാലയങ്ങളില്‍ത്തന്നെയുണ്ട്. പരിണയം എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ ''പാര്‍വണേന്ദുമുഖി പാര്‍വതി, ശൈലേശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു'' എന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ സൗദിയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരുവാതിരയായും കളിക്കാറുണ്ട്. 

           യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണെങ്കില്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടു പരീക്ഷ നടത്തുന്ന സ്‌കൂളുകളുണ്ട്. കുവൈറ്റില്‍ ഇത്തരം സൗകര്യങ്ങളില്ല. എന്നാല്‍ കുവൈറ്റ് മലയാളികള്‍ അവരുടെ ആയിരക്കണക്കിന് വരുന്ന കുട്ടികളെ സ്വന്തം അധ്വാനത്താല്‍ മലയാളം പഠിപ്പിക്കുകയാണ്.

      കുവൈറ്റ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഈ മലയാളം നട്ടുനനച്ചുവളര്‍ത്തല്‍ പരിപാടിക്ക് രൂപംനല്‍കിയിട്ടുള്ളത്.

      മലയാളം എഴുതാനും വായിക്കാനും കുട്ടികളെ തരണമെന്നു പറഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങിയ ഭാഷാസ്‌നേഹികള്‍ക്ക് നല്ല പ്രതികരണമല്ല ആദ്യം ലഭിച്ചത്. മലയാളം പഠിച്ചതുകൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്. കുവൈറ്റിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറിയവര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നതായിരുന്നു. തുടര്‍ പഠനം നടക്കാതെയായി.

       യുദ്ധം കഴിഞ്ഞ് കുവൈറ്റില്‍ തിരിച്ചെത്തിയ മലയാളികള്‍ സ്വന്തം മക്കളെ മലയാളം പഠിപ്പിക്കുന്നതില്‍ ഉത്സാഹം കാട്ടി. ഏകീകൃത പാഠ്യപദ്ധതിയൊന്നുമില്ലാതെ അമ്മ, അച്ഛന്‍, കാക്ക, പൂച്ച എന്നൊക്കെ എഴുതി പഠിപ്പിച്ചു. അധ്യാപന ബിരുദധാരികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. എണ്ണയുല്‍പാദനശാലയടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തവര്‍ അധ്യാപകരായി. ഫഌറ്റുകളിലെ കൊച്ചുമുറികള്‍ ക്ലാസ് മുറികളായി. ചുമരുകളില്‍ മുല്ലയും പിച്ചിയും കണിക്കൊന്നയും വിടര്‍ന്നു. നിളയും കബനിയും പമ്പയുമൊഴുകി.
 
       വികേന്ദ്രീകൃതമലയാള പഠനം ഏകീകൃത പാഠ്യപദ്ധതിക്കു വഴിമാറി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്കാലത്ത് മലയാളം മാവുപൂക്കുംപോലെ പൂത്തു. ഇപ്പോഴാണെങ്കില്‍ കുവൈറ്റിനെ അഞ്ചു മേഖലകളായി തിരിച്ച് മുപ്പത്തിയഞ്ച് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കേവലം ഭാഷാപഠനത്തില്‍നിന്ന് വായനോത്സവത്തിലേക്ക് പരിശ്രമങ്ങള്‍ വികസിച്ചിരിക്കുന്നു. കഥകളും കവിതകളും പഴഞ്ചൊല്ലുകളും നാടന്‍പാട്ടുകളും കുവൈറ്റ് മലയാളിമക്കളില്‍ ആര്‍ത്തുല്ലസിക്കുന്നു.

      കേരള നിയമസഭയിലെ ഒരു ബഹുമാനപ്പെട്ട അംഗത്തിന് കുവൈറ്റില്‍ മൂന്നുവലിയ സ്‌കൂളുകളുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളില്‍ വിശ്രമവേളയിലെ വിനോദമെന്ന നിലയ്‌ക്കെങ്കിലും മലയാളം പഠിപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവും ശോഭനവുമാകുമായിരുന്നു. കുവൈറ്റില്‍ മാത്രമല്ല, ഇന്ത്യയിലെ അന്യഭാഷാ സംസ്ഥാനങ്ങളിലും അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങളിലും മലയാളം വള്ളിവീശുന്നുണ്ട്.

       കുവൈറ്റിലെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠന സൗകര്യമില്ലെങ്കിലും മലയാളത്തില്‍ അറിയിപ്പുകള്‍ നല്‍കുന്ന വിമാനസര്‍വീസ് കുവൈറ്റിന്റേതാണ്. പൂര്‍ണമായും കുവൈറ്റിന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റ് എയര്‍വേസ്! മലയാളിയുടെ നികുതിപ്പണം കൊണ്ടുകൂടി പറക്കുന്ന എയര്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സൗകര്യമില്ല.

         കേരളത്തിനു പുറത്ത് ഇതാണ് സ്ഥിതിയെങ്കില്‍ കേരളത്തിലോ? മലയാളം എന്ന അമ്മ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

Sunday 22 April 2012

സ്വന്തം വീട്ടിലെ മാലിന്യം അയല്‍മുറ്റത്തേയ്‌ക്കെറിയരുത്
             താമരയിലയിലെ നീര്‍ത്തുള്ളിയെന്ന് വിശുദ്ധിയുടെ വാക്കുകള്‍ കൊണ്ട് തിരുനല്ലൂര്‍ കരുണാകരന്‍ വിശേഷിപ്പിച്ച അഷ്ടമുടിക്കായല്‍. ഒ എന്‍ വി മുതല്‍ ശാന്തന്‍ വരെയുള്ള കവിപരമ്പരയെ ഊട്ടി വളര്‍ത്തിയ അഷ്ടമുടിക്കായല്‍.
 
             ലോകത്തിലെ അസുലഭ സൗന്ദര്യസങ്കേതങ്ങളിലൊന്നായ ഈ ജലശേഖരത്തെ പ്രണയാനുഭവത്തിന്റെ പാരമ്യത്തില്‍ നിന്നുകൊണ്ട് ഇഷ്ടമുടിക്കായല്‍ എന്ന് ഓമനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നാകട്ടെ, കൊല്ലം നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കഷ്ടമുടിക്കായലായി ഇതു മാറിയിരിക്കുന്നു.
           
            ഇഷ്ടതയില്‍ നിന്നും കഷ്ടതയിലേക്കുള്ള വ്യതിയാനം ഒരു ജനതയുടെ ദുര്‍മുഖത്തെയാണ് സൂചിപ്പിക്കുന്നത്. ദുര്‍ഗന്ധത്തിന്റെയും രോഗവാഹികളായ പ്രാണികളുടെയും കഥയാണ് ഇപ്പോള്‍ കായലിനു പറയാനുള്ളത്. ഞെളിയല്‍പറമ്പോളം ഞെളിഞ്ഞുനില്‍ക്കാന്‍ ഇനി ഒന്നോ രണ്ടോ കവര്‍ ചീഞ്ഞ കോഴിക്കാലുകള്‍ മാത്രം മതിയാകും കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക്.
 
             അഷ്ടമുടിക്കായലിന്റെ തെക്കുപടിഞ്ഞാറെ തീരമായ കുരീപ്പുഴ, സഹനത്തിന്റെ കാര്യത്തില്‍ ആരെയും അതിശയിപ്പിക്കും. തോട്ടിയും തോട്ടിയുടെ മകനും ഉണ്ടായ കാലം മുതല്‍ തുടങ്ങിയതാണ് അതിന്റെ സഹനകഥ. മാലിന്യങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങി കൊല്ലം നഗരത്തെ സുന്ദരിയാക്കി നിര്‍ത്തിയത് പാവപ്പെട്ട കുരീപ്പുഴ നിവാസികളാണ്. കാലം മാറിയപ്പോള്‍ തോട്ടിയും തോട്ടിയുടെ മകനും ചരിത്രത്തിന്റെ ഭാഗമായി. ആ തൊഴില്‍ എന്നന്നേയ്ക്കുമായി അവസാനിച്ചു. ശാസ്ത്രം പുരോഗമിച്ചു. വാസ്തുശാസ്ത്രം ചിന്തിച്ചിട്ടുപോലുമില്ലാത്ത രീതിയില്‍ വീട്ടിനുള്ളില്‍ത്തന്നെ മലമൂത്ര വിസര്‍ജനത്തിന് സൗകര്യങ്ങളുണ്ടായി. ഭക്ഷണരീതികള്‍ മാറി. ജനസംഖ്യയേറി. പഴയ സസ്യാഹാരത്തിനുപകരം ചിക്കനും മട്ടണും ബീഫും നിത്യാഹാരമായി. അവയുടെ അവശിഷ്ടങ്ങള്‍ ഓരോ പ്രദേശങ്ങളിലും കുന്നുകൂടി. ഈ അവശിഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ കൊല്ലം നഗരസഭ അതിവിചിത്രമായ ഒരുപായം കണ്ടുപിടിച്ചു. അമ്പത്തിയഞ്ചു ഡിവിഷനുകളിലെയും വൃത്തികേടുകള്‍ ശേഖരിച്ച് കുരീപ്പുഴയില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് നിക്ഷേപിച്ചു! ജനങ്ങളുടെ പ്രതിഷേധത്തെ ആദ്യമാദ്യം ആരും കണ്ടെന്നു നടിച്ചില്ല.
 
 
             കായല്‍ സംരക്ഷണത്തില്‍ താല്‍പര്യമുള്ള ന്യൂസിലന്റിലെ എ എസ് ആര്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് കേരളത്തിലെ ഭൂശാസ്ത്രപഠനകേന്ദ്രം 2001 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലം നഗരത്തിലെ മാലിന്യസംസ്‌കരണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കാന്‍ കഴിയൂ എന്നു പറഞ്ഞിരുന്നു. കെറിബ്ലാക്കും എം ബാബയും മുന്‍കൈ എടുത്ത ഈ റിപ്പോര്‍ട്ടിനോട് അനുകൂല പ്രതികരണമല്ല നഗരസഭ പുലര്‍ത്തിയത്. കായലിന്റെ ആരോഗ്യസൂചകമായ ലേയ ഓക്‌സിജന്റെ അളവ് തെക്കന്‍ കായല്‍ പ്രദേശത്ത് വെറും രണ്ട് മില്ലിഗ്രാം ആണെന്ന അപകടകരമായ അവസ്ഥ ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു. അതും നഗരസഭ നിരാകരിച്ചു. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി കായലിന്റെ നൂറു മീറ്റര്‍ പരിസരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദേശിച്ചു. നഗരസഭ കണ്ണടച്ചു. ഇപ്പോഴത്തെ അവസ്ഥ അതിഭീകരമാണ്. ആനമലയോളം ഉയരത്തില്‍ അഴുക്ക് കൂട്ടിയിട്ടിരിക്കുന്നു. വലിയ കുഴികളില്‍ നിക്ഷേപിച്ച മാലിന്യത്തില്‍ നിന്നും മഞ്ഞനീരിറങ്ങി അഷ്ടമുടിക്കായലിനെ മലിനമാക്കിയിരിക്കുന്നു. കുരീപ്പുഴയിലെ ജനങ്ങള്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത രോഗങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ അഭയം പ്രാപിച്ചിരിക്കുന്നു.
 
 
         മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരം നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍ ഉത്ഭവിക്കുന്ന സ്ഥലത്തുതന്നെ സംസ്‌കരിക്കണം. അതായത് കൊല്ലം നഗരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ അമ്പത്തഞ്ചു ഡിവിഷനുകളിലായി സംസ്‌കരിക്കണം. ഓരോ വീടും ഓരോ സ്ഥാപനവുമായിരിക്കണം പ്രാഥമിക സംസ്‌കരണശാലകള്‍.
കുരീപ്പുഴയിലുണ്ടാകുന്ന മാലിന്യം കൊല്ലം നഗരത്തിലെ ഒറ്റ ഡിവിഷനിലേയ്ക്കും വലിച്ചെറിയുന്നതല്ല. അതുപോലെതന്നെ മറ്റു ഡിവിഷനുകളിലെ മാലിന്യം കുരീപ്പുഴക്കാരുടെ മുഖത്തേയ്ക്കു വലിച്ചെറിയരുത്. ഇത് കുരീപ്പുഴച്ചണ്ടി ഡിപ്പോയുടെ മാത്രം പ്രശ്‌നമല്ല. ഞെളിയന്‍പറമ്പിലും ലാലൂരും വിളപ്പില്‍ശാലയിലുമുള്ള ജനങ്ങള്‍ ഇതു തന്നെയാണു പറയുന്നത്.
 
 
           കുരീപ്പുഴ നിവാസികളുടെ വോട്ടുകൂടി നേടിയ നഗരസഭാംഗവും നിയമസഭാംഗവും ലോക്‌സഭാംഗവുമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ ഖേദത്തോടെയാണു നിരീക്ഷിക്കുന്നത്.
 
            പാര്‍ലമെന്റംഗം ഒന്നും ചെയ്തില്ലെന്നു പറയാന്‍ കഴിയില്ല. രാജധാനി എക്‌സ്പ്രസിന് കൊല്ലത്ത് സ്റ്റോപ്പനുവദിപ്പിച്ചിട്ടുണ്ട്. കൊതുകുകളെയും ഈച്ചകളെയും വകഞ്ഞുമാറ്റി കുരീപ്പുഴ നിവാസികള്‍ക്ക് പ്രാണന്‍ കയ്യിലെടുത്ത് ഓടി രാജധാനി എക്‌സ്പ്രസില്‍ കയറി എങ്ങോട്ടെങ്കിലും രക്ഷപ്പെടാമല്ലോ.

Friday 20 April 2012

തട്ടുമ്പൊറത്തപ്പനും ഭക്തജനങ്ങളുടെ ശ്രദ്ധയും

ആള്‍ദൈവങ്ങള്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. ഏതെങ്കിലും ഒരു വാക്കിനോടൊപ്പം ആനന്ദാ എന്നുകൂടി ചേര്‍ത്ത് ഭഗവദ്ഗീതയും അല്‍പസ്വല്‍പം യോഗയും വാലുംതുമ്പുമില്ലാത്ത വര്‍ത്തമാനങ്ങളും ഒെക്കയായാണ് ചില ലാഭാന്വേഷികര്‍ സ്വത്തുസമ്പാദിക്കുന്നതെങ്കില്‍ മറ്റുചിലര്‍ അത്ഭുതരോഗശാന്തി തുറുപ്പാക്കിയുള്ള കൂട്ടപ്രാര്‍ഥന ചൂതുകളിയും മറുഭാഷാ മാജിക്കും പിഞ്ഞാണത്തിലെഴുത്തും ഒക്കെയായിട്ടാണ് കെണിയൊരുക്കുന്നത്. ബുദ്ധിജീവികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ നേതാക്കളുമടക്കം ഈ അടക്കംകൊല്ലി വലയില്‍ പെട്ടുപോകാറുണ്ട്.
ആള്‍ദൈവങ്ങളെകൂടാതെ ചില പുതുദൈവങ്ങളും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേപ്പുമരവും ആല്‍മരവും ഒന്നിച്ചുനില്‍ക്കുന്നിടത്ത് വേപ്പാലും മൂട്ടിലമ്മയും അവിടെ പൊങ്കാലയും ആവിര്‍ഭവിക്കാറുണ്ട്. ആല്‍മരത്തിന്റെ വിത്തുവിതരണം പക്ഷികളിലൂടെയാകയാല്‍ ഏതു മരത്തിലും ഫഌറ്റിന്റെ കൊമ്പത്തും ആല്‍മരം മുളച്ചുവരാം. അതും ഒരു തണലായിക്കണ്ട് ദൈവാസനം സ്ഥാപിക്കുകയാണു ചെയ്യുന്നത്. ആലും മാവുമുണ്ടെങ്കില്‍ ആത്മാവായി എന്നൊരു ഗുണഫലംകൂടി ദൈവവ്യവസായികള്‍ കണ്ടെത്താറുണ്ട്.
പുതിയ ദൈവത്തെയും പുതിയ ആള്‍ദൈവത്തെയും തിരശ്ശീലയിലെത്തിച്ച് അതിന്റെ ഉള്ളറകള്‍ ബോധ്യപ്പെടുത്തുന്ന രണ്ട് ചലച്ചിത്രങ്ങളാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയത്. സുദേവന്‍ സംവിധാനം ചെയ്ത തട്ടുമ്പൊറത്തപ്പനും പ്രിയനന്ദനന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കുമാണ് ആ സിനിമകള്‍. സോപ്പുകുട്ടന്‍മാരായ നായക നടന്‍മാരോ മിന്നലുപോലെ പ്രത്യക്ഷപ്പെട്ട് ഉടലുകുലുക്കുന്ന കൂട്ടനൃത്തക്കാരോ ഈ സിനിമയിലില്ല.
മലയാളനാട് എന്ന ഓണ്‍ലൈന്‍ മാഗസിന്റെ നാലാംലക്കത്തിലാണ് തട്ടുമ്പൊറത്തപ്പന്‍ എന്ന ഹ്രസ്വചിത്രം ചേര്‍ത്തിട്ടുള്ളത്. സുഖമില്ലാത്ത അമ്മയുമായി വീട്ടിലേക്കുവരുന്ന മകളുടെയും മകന്റെയും ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മകനാണെങ്കില്‍ എപ്പോഴും പൂജനടത്തുന്ന ബുദ്ധിവികസിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനാണ്. ആ വീട്ടിന്റെ തട്ടിന്‍പുറത്ത് ഒരു യുവാവ് ഗത്യന്തരമില്ലാതെ കടന്നുപറ്റുന്നു. ഒരു രാഷ്ട്രീയ സംഘട്ടനത്തിലെ പ്രതിയാണയാള്‍. വിശപ്പുസഹിക്കുവാന്‍ കഴിയാതെ ഈ ഒളിപാര്‍പ്പുകാരന്‍ പൂജനടത്തുന്ന ചെറുപ്പക്കാരനോട് അശരീരിയായി സംസാരിക്കുന്നു. ആ വീട്ടിലെ ദൈവമാണെന്നും തട്ടിന്‍പുറത്തപ്പനാണെന്നും നിവേദ്യമായി ഉള്ളതെന്തെങ്കിലും നല്‍കിയിട്ട് കതകടച്ചു പൂജനടത്തണമെന്നുമാണ് നിര്‍ദേശം. പൂജാരി മുറിക്കുപുറത്തുകടന്നാണ് പൂജ നടത്തേണ്ടത്. അങ്ങനെ ഒളിവിലിരിക്കുന്നയാള്‍ കഞ്ഞിയും മറ്റും സംഘടിപ്പിക്കുന്നു. പൂജാരിപ്പയ്യനെ കരുവാക്കിത്തന്നെ കൂട്ടുകാരെ ബന്ധപ്പെട്ട് വളരെ തന്ത്രപരമായി അയാള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷമാണ് പൊലീസും നാട്ടുകാരും കുത്തുകേസിലെ പ്രതിയെതേടിയെത്തുന്നത്. അപ്രത്യക്ഷമായത് അത്ഭുതമാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കാണുന്നത് പ്രതി ഒളിച്ചിരുന്ന വീട് മഠപ്പുര ആകുന്നതാണ്. തട്ടുപൂജയടക്കം പല വഴിപാടുകളും അവിടെയുണ്ടായി. ചുറ്റുമുള്ള പെട്ടിക്കടകളില്‍, തട്ടുമ്പൊറത്തപ്പന്‍ ഈ വീടിന്റെ ഐശ്വര്യം എന്ന ബോര്‍ഡുകള്‍ വില്‍ക്കാനായി വച്ചിട്ടുണ്ട്. ആള്‍ത്തിരക്കുള്ള ഒരു അന്ധവിശ്വാസകേന്ദ്രമായി അത് മാറി. മന്ദബുദ്ധിയായ പൂജാരിപ്പയ്യന്‍ വര്‍ത്തമാനകാല കേരളത്തിന്റെ ഒരു പ്രതീകമായി ഈ ചിത്രത്തില്‍നിന്ന് കൊഞ്ഞനംകുത്തുന്നുണ്ട്.
അമ്പത്താറു മിനിട്ടുമാത്രമുള്ള ഈ ചിത്രം കലാമേന്മയിലും സംവിധായകന്റെ കയ്യടക്കത്തിലുമൊക്കെ മികച്ചുനില്‍ക്കുന്നു.
പ്രിയനന്ദനന്റെ സിനിമയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ആള്‍ദൈവമായി വേഷമിടേണ്ടിവന്ന ഒരു കുടുംബിനിയാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആത്മീയ മാഫിയയുടെ പിടിയില്‍പ്പെട്ടുപോയ പാവം കുടുംബിനി. സുമംഗലാദേവിയമ്മയായി മാറുന്ന അവരുടെ ആശ്രമത്തിലേയ്ക്ക് ഭക്തജനലക്ഷങ്ങളുടെ പ്രവാഹമാണ്. സുമംഗലാദേവിയെ സ്വര്‍ണസിംഹാസനത്തിലാണ് ഉപവിഷ്ഠയാക്കുന്നത്. കാലില്‍ പാലഭിഷേകവുമുണ്ട്. മഠത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ സംസ്ഥാന ഗവര്‍ണറും സാംസ്‌കാരികവകുപ്പ് മന്ത്രിയുമൊക്കെയാണ് വാഴ്ത്തുപ്രസംഗങ്ങള്‍ നടത്തുന്നത്. ഭര്‍ത്താവിനോടൊപ്പം പര്‍ദയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആ പാവം കുടുംബിനിയെ തീവ്രവാദികളെ തേടിയെത്തുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ അമ്മദൈവമായി തിരിച്ചറിയുന്നുണ്ട്. മാഫിയ കുഴിച്ച കുഴിയില്‍ മാഫിയതന്നെ വീണ് മഠം കത്തിനശിച്ചിട്ടും സുമംഗലാദേവി ദൈവമായി നിലനില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കുശേഷവും ബോധ്യമാകുന്നുണ്ട്.
ആള്‍ദൈവത്തിന്റെ ചരടുകള്‍ പിടിക്കുന്നവരെക്കുറിച്ചും ആള്‍ദൈവമഹിമപാടുന്ന കേരളീയ ജീവിതത്തെക്കുറിച്ചും ഈ ചിത്രം നമ്മളോടു പറയുന്നു. ഒരു കുടുംബം നേരിടുന്ന പ്രതിസന്ധികള്‍ ഈ ചിത്രത്തിന്റെ നാട്ടെല്ലായിനില്‍ക്കുന്നു.
അന്ധവിശ്വാസത്തെ വിശ്വാസമായി മാമ്മോദീസാമുക്കി പവിത്രപ്പെടുത്തുന്ന ഇക്കാലത്ത് സമൂഹത്തിന്റെ ബുദ്ധിയുടെ നേര്‍ക്കാണ് സുദേവനും പ്രിയനന്ദനനും ക്യാമറവയ്ക്കുന്നത്. ഈ പ്രമേയം തിരഞ്ഞെടുക്കുകവഴി ബോധ്യപ്പെടുത്തലിന്റെ വെളിച്ചമാണ് ഈ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രസരിപ്പിക്കുന്നത്.
നഗ്ന കവിത
------------------
കോഴി ബിരിയാണി.
---------------------------------
ആദ്യം കൊടുത്താലോ?
ആളുകള്‍
അപ്പോഴേ പിരിയും.

ഒടുവില്‍ കൊടുത്താലോ?
അപ്പോഴേ ആളുകള്‍ വരൂ.

അങ്ങനെയാണ്
പുതിയ അറിയിപ്പ് ഉണ്ടായത്‌.
സാംസ്കാരിക സമ്മേളനത്തിനിടയില്‍
കോഴി ബിരിയാണി
വിളമ്പുന്നതാണ്.