Wednesday 24 November 2021

കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..

 

മരണമില്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്‍റെ തകര്‍പ്പന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ, നഗ്നസ്വഭാവമുള്ള ഒരു ചെറുകവിതയില്‍ ക്ഷണിച്ചിരുത്തിയിരിക്കുകയാണ് അശോക് കുമാര്‍ പെരുവ.കോവിഡ് കാലത്ത് എട്ടുകാലി മമ്മൂഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നാണ് കവി അന്വേഷിക്കുന്നത്. കവിത ഇത്രേയുള്ളൂ.

വാക്സിനുകള്‍ നേടുവാന്‍ 
പ്രാര്‍ത്ഥനയിലായിരു-
ന്നിക്കാലമത്രയും ഞാന്‍.
നമുക്കതുവഴി
വാക്സിനുകളെത്തി.
തുടരാം മറന്നിട്ട 
വചനപ്രഘോഷവും 
ഭജനാരവങ്ങളും!

അതെ. പ്രതിരോധ കുത്തിവയ്പ്പിലൂടെ കോവിഡ് ഒരു വിധം നിയന്ത്രണാധീനം ആയപ്പോള്‍ ഉച്ചഭാഷിണിയുടെ അമിതമായ ഉപയോഗവും ഉച്ചിയില്‍ തൊടീലും കാല്‍ കഴുകിക്കലും ഒക്കെയായി അവര്‍ തിരിച്ചു വരികയാണ്. കെട്ടിപ്പിടിക്കുന്ന ആള്‍ ദൈവങ്ങള്‍ക്ക് ഇപ്പൊഴും രോഗഭീതി മാറിയിട്ടില്ല. ഉടനെ അവരും ഗോദയിലെത്തും. ചിന്താശീലമുള്ള മനുഷ്യന്‍റെ പരാജയമാണ് ഈ കൊട്ടിഘോഷിച്ചുള്ള തിരിച്ചു വരവ്.

കൂട്ടപ്രാര്‍ഥന കൊണ്ടോ മൈക്ക് പ്രയോഗം കൊണ്ടോ ഒന്നും കോവിഡ് മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയത് സയന്‍സ് മാത്രമാണു.അസംഖ്യം സഹോദരര്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവില്‍ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചു ജയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രം നിഷ്ക്രിയമായെങ്കില്‍ ഒറ്റ മനുഷ്യന്‍ പോലും ഇന്ന് ലോകത്ത് അവശേഷിക്കുമായിരുന്നില്ല. നടപ്പുദീനക്കാലം കഴിഞ്ഞു മരവും മലയുമിറങ്ങി അപ്പുക്കിളി വരുമ്പോള്‍ ലോകം മരണമൌനത്തിന്റെ മണ്ണുടുപ്പിട്ടു കിടക്കുമായിരുന്നു. ശാസ്ത്രത്തിനാണ് നാം നന്ദി പറയേണ്ടത്.

മനുഷ്യരെല്ലാം ഭയപ്പാടില്‍ കഴിഞ്ഞു കൂടിയ കോവിഡ് കാലത്ത് അത്ഭുത രോഗശാന്തിക്കാര്‍ എവിടെ പോയിരിന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരട് ജപിച്ചുകെട്ടിയും വെള്ളം ഊതിക്കൊടുത്തും അക്ഷരം കലക്കി കുടിപ്പിച്ചും കഴിഞ്ഞു കൂടിയവര്‍ സ്റ്റാന്‍ഡ് വിട്ടുപോകുകയും ഭക്ഷണക്കിറ്റിന് കൈ നീട്ടുകയും ചെയ്തു. രോഗശമന, പരീക്ഷാവിജയ യന്ത്രക്കാരെ അവരുപയോഗിച്ച മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായി.
ജിന്നു പിടുത്തകാരും ചെകുത്താന്‍ വേട്ടക്കാരും മാളത്തിലൊളിച്ചു.
ലോകപ്രസിദ്ധ ആരാധനാ കേന്ദ്രങ്ങളെല്ലാം പൂട്ടി.അവയെല്ലാം വാക്സിന്‍ കണ്ടെത്തിയതിന്റെ ബലത്തില്‍ നമ്മുടെ ദൌര്‍ബല്യങ്ങളെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡിനു ചിതറിപ്പിക്കാന്‍ കഴിയാതെപോയ ഒരേയൊരു കാര്യം ഇന്ത്യ കണ്ട ഐതിഹാസികമായ കര്‍ഷകസമരമാണ്.ആദ്യത്തെ തീവണ്ടിയില്‍ തിരുനല്ലൂര്‍ ചൂണ്ടിക്കാട്ടിയ വിയര്‍പ്പിന്‍ ശക്തിയാവാം അതിനു കാരണം.

 കോവിഡനന്തരമുണ്ടായ  അന്ധവിശ്വാസാധിഷ്ഠിത   മരണവാര്‍ത്ത കണ്ണൂരില്‍ നിന്നും എത്തിയിരിക്കുന്നു.

ബാലുവയലിലെ പതിനൊന്നുകാരി ഫാത്തിമയാണ് ഇരയായത്. പനി മാറാന്‍ വേണ്ടി നടത്തിയ പ്രാര്‍ഥനയുടെയും മന്ത്രിച്ചൂതിയതി ന്റെയും  ഫലമായാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പോലീസില്‍ പരാതിപ്പെട്ടത് സഹോദരനാണ്. ഫാത്തിമയുടെ പിതാവും കുഞ്ഞിപ്പള്ളി ഇമാമും പോലീസ് കസ്റ്റഡിയിലായി. 

മൂന്നു ദിവസം മന്ത്രവാദമായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസകോശത്തില്‍ അണുബാധയായിരുന്നു എന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്.

കേരളത്തിലെ പുരോഗമനവാദികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ദുര്‍മന്ത്രവാദ നിരോധനനിയമം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി അടിയന്തിരമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം വിളിച്ച് പറയുന്നുണ്ട്.

കോവിഡ് കാലത്ത് മാറിനിന്ന മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ തിരിച്ചു വരാന്‍ അനുവദിക്കരുത്.

അശോക് കുമാര്‍ പെരുവയുടെ എട്ടുകാലി മമ്മൂഞ്ഞ് എന്ന ചെറു കവിത വന്നത് ഇന്ന് എന്ന മിനിമാസികയിലാണ്.
പ്രമുഖപ്രസിദ്ധീകരണങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കേരളത്തിലെ ചെറുമാസികകള്‍ പുരോഗമന പക്ഷത്തു നില്ക്കുന്നു എന്നത് ആശ്വാസകരമാണ്.

Friday 19 November 2021

പ്രഭാതംപോലെയല്ല


ചെമ്പരത്തിത്താളി തേച്ചു

കുളിച്ചു വന്നപ്പോള്‍ 

ചെമ്പനുണ്ണിയുഷസ്സിനും

സൌഗന്ധികച്ചന്തം 


ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,

യുണര്‍ത്തിയ പൂക്കള്‍ 

സന്ധ്യ തൊട്ടേ നിദ്രയില്ലാ-

തലറിടും  കാറ്റില്‍


കാത്തിരുന്ന നിശാശലഭ-

ക്കാലുകള്‍ തേടി

ആര്‍ത്തുവന്ന മഴപ്പെരുങ്കാ

റാകെയും മൂടി 


വെക്കമെന്‍ കരയെത്തുവാനായ്

തോണികള്‍ പാഞ്ഞു 

എത്ര വേഗം പ്രകൃതി സൌമ്യ-

ക്കാലുറ മാറി.


കാട്ടില്‍ നിന്നു പുലിക്കുടുംബം 

നാട്ടിലെത്തുമ്പോല്‍ 

ആട് കാള പശുക്കളെല്ലാം 

നാവടക്കുന്നു 


വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍

കാവല്‍ക്കാരായി 

പേമഴപ്പടയോട്ടമെല്ലാ-

ക്കൂരയും തോണ്ടി


ഒട്ടു സന്തോഷിച്ചു പോയാ-

ലപ്പുറം ദുരിതം  

കെട്ടഴിച്ചു വിഴുങ്ങുവാനായ് 

കാത്തിരിക്കുന്നു


സുപ്രഭാതം പോലെയല്ല 

തുടര്‍പ്രയാണങ്ങള്‍ 

ഇഷ്ട ഭോജ്യം കാലജന്തു 

കവര്‍ന്നു പോയേക്കാം.


കലമാനും കാമുകിയും


വാക്കുമരത്തണലത്ത്

പാട്ടു തുന്നും യുവതിക്ക് 

കയ്യിലിടാന്‍ വള്ളിവള 

കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ് 


കൊലുസ്സിന്റെ തിളക്കത്തില്‍ 

മനസ്സടച്ചു നക്ഷത്രം  

അതു കണ്ടു യാത്ര നിര്‍ത്തി 

പരുങ്ങി നിന്നു ഗാലക്സി 


ഗാലക്സിയില്‍  മുങ്ങി നീന്തി 

വെളിച്ചത്തിന്‍  യുവധീരന്‍ 

മുഖം പൊത്തി  കന്യമാരെ 

കൊണ്ടുപോയ കാമക്കണ്ണന്‍ 


കണ്ണടച്ചു ചൂണ്ടി വന്ന

സൂചിക്കാരി  യുവതിക്ക് 

രണ്ടു കടം കൂട്ടിവച്ചു 

രണ്ടു ചോദ്യം  ബാക്കി വച്ചു


വച്ചു മാറാന്‍ ശംഖുണ്ടോ

വെന്ത ചോറിന്‍ മണമെന്ത്?

ചോദ്യം രണ്ടും ചെറുത്തപ്പോള്‍ 

ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു 


ഉടഞ്ഞു പോയ മൌനത്തില്‍ 

ഹോര്‍മോണുകള്‍ വീണ മീട്ടി 

ഇണകള്‍ക്ക് ചാമരവും 

ചഷകവുമായ് കാറ്റെത്തി.


എത്തിനോക്കീ  മരച്ചോട്ടില്‍ 

തുന്നലില്ല വെട്ടമില്ല 

മരം നിന്ന പുല്‍ത്തടത്തില്‍

കലമാനും കാമുകിയും.


Tuesday 9 November 2021

രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

 രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

------------------------------------------------------------------

യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ദുബൈ ഗവണ്‍മെന്‍റ്  വന്‍തുക ചെലവഴിച്ച് സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനപ്രപഞ്ചമാണ് ഇപ്പോള്‍ അവിടെ നടക്കുന്ന എക്സ്പോ 2020 എന്ന ആഗോള പ്രദര്‍ശനം.

ഇരുനൂറോളം രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.ഓരോ രാജ്യവും അതിന്‍റെ സംസ്ക്കാരത്തനിമയും പുരോഗതിയുടെ പടവുകളും കാണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍ശബ്ദങ്ങള്‍ അറേബ്യക്ക് പുറത്തുണ്ടായിരുന്നെങ്കിലും പ്രദര്‍ശനം ഗംഭീരമായിത്തന്നെ തുടരുന്നു. ഇന്ത്യന്‍ രൂപ വച്ചു നോക്കിയാല്‍  ഒരാളിനു രണ്ടായിരം രൂപയാണ് ടിക്കറ്റ്. അവിടെ എളുപ്പം എത്താനുള്ള മെട്രോ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സൌകര്യവും ഉണ്ട്. പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കും അറുപതു കഴിഞ്ഞവര്‍ക്കും പ്രവേശനം സൌജന്യമാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ് എല്ലാ പവലിയനിലും ഉള്ളത്.സൌദി അറേബ്യ ഒരുക്കിയിട്ടുള്ള പവലിയന്‍ ആധുനിക സാങ്കേതിക വിദ്യാപ്രകടനത്തിന്‍റെ ഗംഭീര ഉദാഹരണമാണ്.മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പലസ്തീന്‍ - ഇസ്രായേല്‍ പവലിയനുകള്‍ ലോക രാഷ്ട്രീയ ബോധമുള്ളവരില്‍ കൌതുകം ഉണര്‍ത്തുന്നതാണ്.

പ്രവേശനകവാടത്തില്‍ തന്നെ എല്ലാ രാജ്യങ്ങളുടെയും പതാക ഉയര്‍ത്തിയിട്ടുണ്ട്. അതിന്‍റെ ചോട്ടില്‍ അറേബ്യന്‍ ഗോത്രനൃത്തവും സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.കുട്ടികളോട് സംസാരിക്കുന്ന യന്ത്രസഹോദരരും അവിടെ കറങ്ങി നടക്കുന്നു.
 
ഓരോ പവലിയന് മുന്നിലും അതാതുരാജ്യങ്ങളുടെ സാംസ്ക്കാരിക പരിപാടികളുണ്ട്. നമ്മുടെ കളരിപ്പയറ്റും കൈകൊട്ടിക്കളിയും ഒഡീസിയും മണിപ്പൂരിയും നാട്ടുകാട്ടുകലാപ്രകടനങ്ങളുമൊക്കെ ഭാരത പവലിയന്‍റെ മുറ്റത്തുണ്ട്. കവിയരങ്ങും മുശായിരയുമൊന്നും ഇല്ല.

പാക് പവലിയന്‍റെ മുറ്റത്തുണ്ടാകുന്ന നൃത്തവും പാട്ടുമൊക്കെ ആസ്വദിക്കാനും ഇലഞ്ഞിത്തറ മേളത്തിന്റെ കൈയാംഗ്യ മേളത്തെഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അനുഭവിക്കാനും നിറയെ സന്ദര്‍ശകര്‍ ഉണ്ടാകാറുണ്ട്.

ഓരോ രാജ്യവും അവരുടെ സാംസ്ക്കാരിക മഹത്വവും മനുഷ്യരാശിക്ക് അവര്‍ നല്‍കിയ സംഭാവനകളും പവലിയനുകളില്‍ ആധുനികസാങ്കേതിക വിദ്യയുടെ കമനീയതയോടെ ഒരുക്കിയിട്ടുണ്ട്. ഫാസിസമൊക്കെ ലോകരാജ്യങ്ങളുടെ അനിഷ്ടപ്പാട്ടികയിലായതിനാല്‍ രാഷ്ട്രനായകരുടെ പടവും പ്രസംഗവും കൊണ്ട് പവലിയനുകള്‍ നിറച്ചിട്ടില്ല. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ കാലമായിരുന്നെങ്കിലോ? അവരുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ കാണുമായിരുന്നു. ഭരണാധികാരികളിലെ ഫാസിസ്റ്റ് പുറത്തുവരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം ആത്മരതിയുടെ അടയാളമായ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കകയെന്ന പ്രവണതയിലൂടെ ആണല്ലോ.

നാലുനിലയുള്ള പടുകൂറ്റന്‍ പവലിയനാണ് ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. നാനൂറ്റന്‍പത് കോടി രൂപയാണ് അവിടെ ദീവാളികുളിച്ചത്. ദീവാളി കുളിക്കുകയെന്ന പ്രയോഗം ഇന്ത്യന്‍ പവലിയന്‍റെ മൂന്നിലെത്തുമ്പോള്‍ പെട്ടെന്നു ഓര്‍മ്മവരും.കാരണം നമ്മുടെ പ്രധാനമന്ത്രി ദീപാവലി ആശംസകളുടെ സ്നാനഘട്ടത്തില്‍ നില്‍ക്കുന്ന ചിത്രം പലവട്ടം അവിടെ  മിന്നിമറയും.

ഉള്ളില്‍ കടന്നാല്‍ ആദ്യം ചന്ദ്രയാന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അവിടെ നിന്നുകൊണ്ടു ഇനി ആര്യഭട്ടനും ഭാസ്ക്കരനും ഇട്ടിഅച്ചുതനും ഈ.ജാനകിയമ്മാളും ജഗദീഷ് ചന്ദ്രബോസും ശാസ്ത്രീയതയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയായ നെഹ്രുവും ഒക്കെ കാണുമെന്നു ധരിച്ചാല്‍ തെറ്റി. പിന്നങ്ങോട്ടു യോഗാഭ്യാസമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും പിന്‍തുടര്‍ന്നിട്ടില്ലാത്ത വിവിധ ആസനങ്ങളുടെ പ്രകടനം.

കണ്ടുകണ്ടങ്ങനെ വരുമ്പോള്‍ അതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധപോസിലുള്ള ചിത്രങ്ങള്‍. സോവിയറ്റ് അമേരിക്കന്‍ രാഷ്ട്രനായകരോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു നിന്ന പടമല്ല.നരേന്ദ്ര മോദി വിവിധ രാഷ്ട്രനായകരെ ഒറ്റയ്ക്കു കാണുന്ന ഫോട്ടോകള്‍.

ആദ്യം അഹിംസയെ കുറിച്ച് സംസാരിച്ച ബുദ്ധന്‍റെയോ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയോ പടങ്ങളില്ല.
എല്ലാം മോദിമയം. രണ്ടാം ലോകയുദ്ധകാലത്തിനു മുന്‍പ് ജര്‍മ്മനിയുടെ ചുമരുകളില്‍ കണ്ട ആ മുറിമീശക്കാരനെ 
സന്ദര്‍ശകര്‍ ഓര്‍മ്മിച്ചാല്‍ അത്ഭുതപ്പെടാനില്ല.

ഈ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം അവിടെ മാത്രമല്ലല്ലോ.വിമാനത്താവളങ്ങളിലും മരുന്ന് കടകളിലും പെട്രോള്‍ പമ്പുകളിലും കോവിഡ് സര്‍ട്ടിഫിക്കറ്റിലും എല്ലാം കാണുന്നുണ്ടല്ലോ. അതെ, ഭരണാധികാരിയുടെ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം സര്‍വ്വനാശകാരണമായ ഫാസിസ്റ്റ്  കൊടുങ്കാറ്റിനു മുന്‍പുള്ള പക്ഷിക്കരച്ചിലാണ്.