Saturday 31 January 2015

പെരുമാൾ മുരുകനും ഭരണകൂട ഭീകരതയും




    കവി കൂടിയാണ്‌ പെരുമാൾ മുരുകൻ. അറുപത്തിയേഴു കവിതകൾ അടങ്ങിയ അദ്ദേഹത്തിന്റെ സമാഹാരത്തിന്‌ വിചിത്രമായ ഒരു പേരാണ്‌ നൽകിയിട്ടുള്ളത്‌. സാമൂഹ്യ കാരണങ്ങൾ അടിത്തറയിട്ട സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ഒരു ആഴ്ചയിലെ ദിവസങ്ങളെ അദ്ദേഹം മാറ്റി ചിട്ടപ്പെടുത്തുന്നു. ആ കവിതയുടെ പേരാണ്‌ വാരത്തിൽ കുഴങ്ങുന്നുണ്ടാഴ്ചകൾ. പുസ്തകത്തിന്റെ പേര്‌, വെള്ളി ശനി ബുധൻ ഞായർ വ്യാഴം ചൊവ്വ. തിങ്കളാഴ്ചയെ അദ്ദേഹം പുറത്താക്കി. വേറിട്ടൊരു സൗന്ദര്യബോധത്തിന്റെ യുക്തിയിൽ നിന്നും പിറന്ന ഈ അടുക്കിപ്പറക്കലാണ്‌ വർഗീയവാദികളുടെ കടുത്ത എതിർപ്പുമൂലം പിൻവലിക്കപ്പെട്ട രചനകളിൽ പ്രധാനമായ അർദ്ധനാരീശ്വരനിലും ഉള്ളത്‌. ഭദ്രമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെ രചനകളിലൂടെ ക്രമീകരിക്കുക എന്ന എഴുത്തുകാരന്റെ ധർമ്മം മാത്രമേ പെരുമാൾ മുരുകനും ചെയ്തിട്ടുള്ളൂ.

   പെരുമാൾ മുരുകൻ എഴുത്തുനിറുത്തിയതിനു പിന്നിൽ പ്രവർത്തിച്ച ഹിന്ദു വർഗ്ഗീയ ശക്തികളെക്കാൾ അപകടകരമായി തോന്നുന്നത്‌ അവർ സ്പോൺസർ ചെയ്ത ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനമാണ്‌.

   സ്വാമിപ്പിള്ള എന്ന പ്രയോഗത്തിൽ നിന്നുള്ള അന്വേഷണമാണ്‌ തമിഴ്‌നാട്ടിലെ നാമക്കൽ തിരുചെങ്കോട്‌ സ്വദേശിയായ കോളജ്‌ അധ്യാപകൻ പെരുമാൾ മുരുകനെ ചരിത്രത്തിലെ പുത്രകാമേഷ്ടിയിലെത്തിച്ചത്‌. കുട്ടികളില്ലാത്ത ഭാര്യമാർ വീട്ടുകാരുടെ അനുമതിയോടെ മറ്റൊരു പുരുഷനിൽ നിന്നും സന്താന ലബ്ദി നേടുന്നു. തിരുച്ചെങ്കോട്ടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥോത്സവരാവിലാണ്‌ മക്കളില്ലാത്ത പാവം സ്ത്രീകൾ പുരുഷവേട്ടയ്ക്കിറങ്ങുന്നത്‌. ഇങ്ങനെയുണ്ടാകുന്ന കുട്ടികളാണ്‌ സാക്ഷാൽ ദൈവസന്തതികൾ – സ്വാമിപ്പിള്ളകൾ. ക്രിസ്തുവിന്റെ ജനനകഥയെ ഓർമ്മിപ്പിക്കുന്ന ഈ ചരിത്രപരാമർശമാണ്‌ ഹിന്ദു വർഗ്ഗീയവാദികളെ ചൊടിപ്പിച്ചത്‌. അവർ ഹർത്താൽ തുടങ്ങിയ പ്രക്ഷോഭ പരിപാടികൾ തുടങ്ങി. അത്‌ പെരുമാൾ മുരുകന്റെ സർഗ്ഗശേഷിയുടെ കൈവെട്ടി.

   വർഗ്ഗീയ കക്ഷികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കരുത്‌. മതവ്രണം എപ്പോഴും വികാരപ്പെടാമല്ലൊ. എന്നാൽ അതിന്‌ കൂട്ടുപിടിച്ചു കൊണ്ട്‌ മതേതര രാജ്യത്തെ ഭരണകൂടം പാവകളിക്കാൻ പാടില്ല. നാമക്കലിൽ അത്‌ സംഭവിക്കുക തന്നെ ചെയ്തു. പെരുമാൾ മുരുകനെ അഡ്വ. ജി ആർ സ്വാമിനാഥനൊപ്പം ജില്ലാ ഭരണകൂടം വിളിപ്പിച്ചു. പ്രസാധകന്റെ ആവശ്യപ്രകാരമാണ്‌ അഭിഭാഷകൻ ഇടപെടുന്നത്‌. പ്രസാധകനാകട്ടെ തകഴിയുടെ ചെമ്മീൻ തമിഴിലാക്കിയ സുന്ദര രാമസ്വാമിയുടെ മകൻ കണ്ണൻ. അദ്ദേഹത്തിന്റെ കാലചുവട്‌ തമിഴിലെ പുരോഗമന സാഹിത്യ പ്രസാധനത്തിന്റെ മുഖമുദ്രയുമാണ്‌. അഭിഭാഷകന്റെ വാദമുഖങ്ങളെ നിരാകരിച്ചു കൊണ്ട്‌ പരസ്യമായി മാപ്പപേക്ഷിക്കാൻ ജില്ലാ ഭരണചുമതലയുള്ള ഉദ്യോഗസ്ഥ വി ആർ സുബ്ബലക്ഷ്മിയും കൂട്ടരും നിർബ്ബന്ധിക്കുകയായിരുന്നു.

  പെരുമാൾ മുരുകൻ പുസ്തകങ്ങളെല്ലാം പിൻവലിച്ചു. എഴുത്തുകാരനായ പെരുമാൾ മുരുകൻ മരിച്ചുപോയതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പെരുമാൾ മുരുകന്റെ ആറിൽ തുടങ്ങി നാലിൽ അവസാനിക്കുന്ന നമ്പരുള്ള മൊബെയിൽ ഫോണിൽ നിന്നും ഒരു കാളും സ്വീകരിക്കപ്പെടുന്നില്ല.

  പെരുമാൾ മുരുകന്റെ കാവ്യപുസ്തകത്തിൽ ആരാലും എന്നൊരു കവിതയുണ്ട്‌. യുവകവി വിനോദ്‌ വെള്ളായണി അത്‌ മലയാളപ്പെടുത്തിയിട്ടുണ്ട്‌. ആരോടും ഒന്നും പറയാൻ കഴിയുന്നില്ല, ഒന്നും പങ്കിടാൻ കഴിയുന്നില്ല. ആരോടും എപ്പോഴും ചേർന്നിരിക്കാൻ കഴിയുന്നില്ല. ആര്‌ എന്തു പറഞ്ഞാലും അതു സഹിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ എഴുത്തുകാരന്റെ ഭയാനകമായ ഭാവികാലത്തെ ഈ വരികൾ അടയാളപ്പെടുത്തുന്നുണ്ട്‌.

  എഴുത്തുകാരൻ എന്ന നിലയിലുള്ള പെരുമാൾ മുരുകന്റെ സ്വയംഹത്യ, വർഗ്ഗീയതക്കു വഴങ്ങിയ ഭരണകൂടത്തിന്റെ പ്രേരണമൂലമാണ്‌. ക്രമസമാധാന പ്രശ്നം എന്ന ഉമ്മാക്കി കാട്ടിയാണ്‌ ഭരണകൂടം ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെ വിലങ്ങണിയിച്ചത്‌. എഴുത്തുകാരൻ നിശ്ശബ്ദനായാലുള്ള നഷ്ടം രാജ്യത്തിനും ഭാഷയ്ക്കും ചരിത്രത്തിനുമാണ്‌.

  വർഗ്ഗീയതക്കെതിരെ ഇ വി രാമസ്വാമി നയിച്ച വമ്പൻ പോരാട്ടത്തിന്‌ സാക്ഷ്യം വഹിച്ച സമരഭൂമിയാണ്‌ തമിഴകം. അവിടെ നിന്നും ഇന്ത്യൻ എഴുത്തുകാരന്റെ മതേതരബോധം ഉയർത്തേഴുന്നേൽക്കുന്നതിന്‌ പെരുമാൾ മുരുകന്റെ സർഗ്ഗരക്തസാക്ഷിത്വം കാരണമാകേണ്ടതാണ്‌.

Friday 30 January 2015

.കങ്കാരു




കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍

ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു



ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും

വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.



ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും

നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍

മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന

ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -

രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.



നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു

നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -

യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-

ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.



മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍

പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.

ഉടയും കിനാവുമായുത്രാട രാത്രികള്‍

ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .

നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -

ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.



കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും

കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .



ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌

ജനുവരി സന്ധ്യയോ സാഗര കന്യയോ ?

നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്

നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?

കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്

തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?



വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്

ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.

ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍

ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .



വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍

പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .

വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .



മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ

മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും



ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും

പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും

മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും

കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും

മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌

മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും

അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍

പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും



അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍

തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍

ചെവിയില്‍ മന്ത്രിച്ചു -

‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Saturday 24 January 2015

ചാർവ്വാകൻ



അഗ്നിയും ഹിമവും
മുഖാമുഖം കാണുന്ന സുപ്രഭാതം

പുഷ്പവും പക്ഷിയും
പ്രത്യക്ഷമാവുന്ന സുപ്രഭാതം

ഉപ്പു കുമിഞ്ഞപോലദ്രി,യതിനപ്പുറം
അത്തിനുന്തോംതകച്ചോടു വച്ചങ്ങനെ
വിത്തിട്ടു പോകും കൃഷി സ്ഥലം.
വെണ്‍കരടി
സ്വപ്നത്തിലെന്നപോൽ
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം
വൃദ്ധ താപസർ പ്രാപിച്ചു വൃത്തികേടാക്കിയ
വേദക്കിടാത്തികൾ
കത്തി നിവർന്ന വിളക്ക് ചാർവ്വാകൻ

ജടയിൽ കുരുങ്ങിയ ദർഭ ത്തുരുമ്പുകൾ
പുഴയിലേക്കിട്ട് പുലർച്ചയിലേക്കിട്ട്
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ട്
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ട്
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുമ്പിൽ മുട്ടിച്ച്
വിഷമക്കഷായം കൊടുത്തു
വിഷക്കോള് പുറമേക്കെടുത്തെറിയുന്നു ചാർവ്വാകൻ.
ലക്ഷ്യം കുലച്ച ധനുസ്സ് ചാർവ്വാകൻ.

സിദ്ധബൃഹസ്പതിയുത്തരം നല്‍കാതെ
ചക്ഷുസ്സിനാലേ വിടർത്തിയ
മാനസ -
തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു.

ഉൽക്കമഴയെന്ത് തീത്താരമെ,ന്താകാശ-
മത്ഭുതകൂടാരമായതെന്തിങ്ങനെ ?
എന്താണു വായു ,ജലം ,ഭൂമി
ചൈതന്യ -
ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം.
അന്ധതയെന്ത്, തെളിച്ചമെന്ത്,
സ്നേഹ-
ഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്ത് ?

ബീജമെന്ത്, അണ്ഡമെന്ത്,
ഉൾക്കാടു കത്തുന്ന
ഞാനെന്ത്, നീയെന്ത്,
പർവ്വതം ,സാഗരം, ഭാനുപ്രകാശം ,
ജനി,മൃതിയിങ്ങനെ നാനാതരം കനൽചോദ്യങ്ങൾ ,
പ്രജ്ഞയിൽ
ലാവ വർഷിക്കെ
വളർന്നു ചാർവ്വാകൻ.

നേരേത് ,കാരണമരത്തിന്റെ നാരായ വേരേത്, നാരേത്
അരുളേതു പൊരുളേത് ?
നരിയാണിയെരിയുന്ന വെയിലത്ത് നിന്നു മഴയത്തിരുന്നു
മണലിൽ നടന്നീറ്റുപുരയിൽ കടന്നു
മരണക്കിടക്കതന്നരികത്തലഞ്ഞു
അന്വേഷണത്തിന്നനന്തയാമങ്ങളിൽ
കണ്ണീരണിഞ്ഞു ചാർവ്വാകൻ.
ബോധം ചുരത്തിയ വാള് ചാർവ്വാകൻ.

ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല ജാതിമതങ്ങൾ ,
പരേതർക്കു ചെന്നിരിക്കാന്‍
ഇല്ല സ്വർഗ്ഗവും നരകവും
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.
മുജ്ജന്മമില്ല ,പുനർജന്മമില്ല
ഒറ്റ ജന്മം
നമുക്കീയൊറ്റജീവിതം .

മുളകിലെരിവ്, പച്ച മാങ്ങയിൽ പുളിവ്
പാവലിൽ കയ്പ്പ് ,പഴത്തിലിനിപ്പ്
ഇതുപോലെ നൈസർഗികം മർത്യബോധം
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം .
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവ്വാകൻ.

വേശ്യയും, പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട
സുര വേണ്ട, ദാസിമാരോടോത്തു ദൈവീകസുരതവും വേണ്ട.
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.
ജീവികുലത്തെ മറന്നു ഹോമപ്പുക
മാരിപെയ്യിക്കുമെന്നോർത്തിരിക്കും
വിഡ്ഡി -രാജാവ് വേണ്ട രാജര്‍ഷിയും വേണ്ട .
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവ്വാകൻ.

അച്ഛനോടെന്തിത്ര ശത്രുത ,
മേലേക്കു രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റിപ്പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം, അയിത്തം,പുല,വ്രതം ഭസ്മം പുരട്ടൽ ,
ലക്ഷാർച്ചന ,സ്ത്രോത്രങ്ങൾ
തെറ്റാണു ജ്യോത്സ്യപ്പുലമ്പലും തുള്ളലും
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും

പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ-
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദനമുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം.
പട്ടാങ്ങുണർത്തി നടന്നു ചാർവ്വാകൻ.

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി
കല്പിച്ചു, കൊല്ലുകീ ധിക്കാരരൂപിയെ.
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ
ദുർവിധി -ചൊല്ലീ നദിയും ജനങ്ങളും
കൊല്ലരുതേ... തേങ്ങി വിത്തും കലപ്പയും.

സർപ്പവും സതിയും
പരസ്പരം പുല്‍കുന്ന ക്രുദ്ധരാത്രി
അപ്പുറത്ത് ആന്ധ്യം മുകർന്ന സവർണനാമഗ്നിഹോത്രി

കെട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
ശുദ്ധരിൽ ശുദ്ധനെ നന്മപ്പിതാവിനെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങികൊണ്ട്‌
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ .

Monday 19 January 2015

ശബ്ദവും വെളിച്ചവും സജ്ജീകരിക്കുമ്പോൾ


     കഷ്ടപ്പെട്ടു സംഘടിപ്പിക്കുന്ന ഒരു സാംസ്കാരിക സമ്മേളനം ലക്ഷ്യപ്രാപ്തിയിലെത്താതെ പൊളിഞ്ഞുപോകാൻ ശബ്ദവും വെളിച്ചവും സജ്ജീകരിക്കുന്നവരുടെ കഴിവില്ലായ്മ മാത്രം മതി.
   
     വളരെ ദിവസങ്ങൾ അധ്വാനിച്ചെങ്കിൽ മാത്രമേ ഒരു സമ്മേളനം അവസാനഘട്ടത്തിലെത്തിക്കാൻ കഴിയൂ. അതിഥികളെ ക്ഷണിക്കണം, പണം ശേഖരിക്കണം, വേദിയും ഇരിപ്പിടങ്ങൾ നിറഞ്ഞ യോഗസ്ഥലവും രൂപപ്പെടുത്തണം, ശബ്ദവും വെളിച്ചവും ഏർപ്പാടാക്കണം, അറിയിപ്പ്‌ അച്ചടിച്ചും എസ്‌എംഎസ്‌ സംവിധാനത്തിലൂടെയും ജനങ്ങളിലെത്തിക്കണം, വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ചുള്ള അറിയിപ്പ്‌ നൽകണം, സദസ്യരുടെ സാന്നിധ്യം ഏതുമാർഗത്തിലൂടെയും ഉറപ്പാക്കണം…. അങ്ങനെ നിരവധി കാര്യങ്ങൾ ഒരു പൊതുയോഗ സംഘാടനത്തിലുണ്ട്‌. ഇങ്ങനെ കഷ്ടപ്പെട്ട്‌ സംഘടിപ്പിക്കുന്ന യോഗങ്ങളാണ്‌ ബൾബുകളുടെയും ബോക്സുകളുടെയും അയുക്തികമായ സജ്ജീകരണംകൊണ്ട്‌ പൊളിഞ്ഞുപോകുന്നത്‌.

     പൗരസമൂഹത്തിന്റെ ആരോഗ്യവും സ്വസ്ഥതയും പരിഗണിച്ച്‌ വലിയ കോളാമ്പികൾ ഉപയോഗിക്കുന്നത്‌ നിയമംമൂലം നിരോധിച്ചിട്ടുണ്ട്‌. പകരം നിശ്വാസങ്ങളെ അട്ടഹാസങ്ങളാക്കാത്ത ബോക്സുകളാണ്‌ ഉപയോഗിക്കേണ്ടത്‌. അതിഥിയുടെ ശബ്ദം വ്യക്തതയോടെ സദസ്യർക്ക്‌ കേൾക്കാൻ വേണ്ടി ബോക്സുകൾ നിശ്ചിത അകലത്തിൽ സ്ഥാപിക്കേണ്ടതുണ്ട്‌. അമിതശബ്ദം ശ്രദ്ധയേക്കാളുപരി അസ്വസ്ഥതയും അശ്രദ്ധയും അവഗണനയുമാണ്‌ സൃഷ്ടിക്കുന്നത്‌.

    അതിഥികളും ആതിഥേയരുമൊക്കെ വേദിയിൽ നിന്ന്‌ പറയുന്നത്‌ വേദിയിൽത്തന്നെയുള്ള മറ്റുള്ളവർക്കുകൂടി കേൾക്കേണ്ടതുണ്ട്‌. അതും സജ്ജീകരിക്കേണ്ടതാണ്‌. കൃത്രിമമായി പ്രതിധ്വനിയുണ്ടാക്കുന്ന രീതി വാക്കുകളുടെ വ്യക്തതയെ ബാധിക്കുമെന്നതിനാൽ എക്കോസിസ്റ്റം ശബ്ദച്ചുമതലയുള്ളവർ ഉപേക്ഷിക്കുകതന്നെവേണം.

    പൊതുസമ്മേളനസ്ഥലത്തെ പ്രകാശ സജ്ജീകരണം വളരെ പ്രധാനപ്പെട്ടതാണ്‌. വെളിച്ചവും ചൂടും കഠിനമായി പ്രസരിപ്പിക്കുന്ന തീക്ഷ്ണതയുള്ള വൈദ്യുത ദീപങ്ങളാണ്‌ ഇപ്പോൾ വേദിയിലേക്ക്‌ തിരിച്ചുവയ്ക്കുന്നത്‌. അത്‌ വേദിയിലിരിക്കുന്നവരുടെ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. ഇത്തരം തീക്ഷ്ണ വൈദ്യുതവിളക്കുകൾക്കുമുന്നിൽ നിരന്തരം നിന്ന കൊല്ലം ജി കെ പിള്ള എന്ന നടൻ ഇന്ന്‌ പൂർണമായും അന്ധതബാധിച്ച്‌ വീട്ടിലിരിക്കുകയാണ്‌. തീക്ഷ്ണവെളിച്ചം അനുഭവിച്ച്‌ വേദിയിലിരുന്ന മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ കൺപോളകൾ വെന്ത്‌ ആശുപത്രിയിലായ സംഭവവും വിസ്മരിക്കാറായിട്ടില്ല.

     എന്റെ കണ്ണുകൾ മരണാനന്തരം ആരോഗ്യവകുപ്പിന്‌ കൈമാറാമെന്ന്‌ കരാർ ചെയ്തിട്ടുള്ളവയാണ്‌. അത്‌ പാലിക്കാൻ കഠിനപ്രകാശം ഒഴിവാക്കി സംഘാടകർ കൂടി സഹായിക്കണമെന്ന്‌ പല യോഗങ്ങളിലും പരസ്യമായി അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.

     മറ്റൊരു പ്രധാന അസൗകര്യം സദസ്യരെ കാണാൻ കഴിയുകയില്ലെന്നതാണ്‌. സദസ്യരോടാണല്ലോ സംസാരിക്കുകയോ കവിത ചൊല്ലുകയോ ചെയ്യേണ്ടത്‌. സദസ്യരുടെ മുഖഭാവമനുസരിച്ച്‌ പ്രസംഗം ചുരുക്കുകയോ വികസിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്‌. ഇരുണ്ട ഭൂഖണ്ഡത്തെ നോക്കി കവിത ചൊല്ലുന്ന സുഖകരമല്ലാത്ത ഒരു വഴിപാടുരീതിയിലേക്ക്‌ കാര്യങ്ങൾ അധഃപതിക്കാറുണ്ട്‌.

    സ്റ്റേജിന്‌ മുകളിൽ വെളിച്ചമില്ലാത്തതിനാൽ പോഡിയത്തിൽ പേപ്പർവച്ച്‌ വായിക്കാൻ കഴിയാറില്ല. കുറിപ്പുകളും മറ്റും നോക്കി വായിക്കാൻ കഴിയാത്ത രീതിയിലാണ്‌ പലപ്പോഴും പ്രകാശ സജ്ജീകരണം. ഇത്‌ അതിഥിയുടെ വർത്തമാനത്തെ അപൂർണമാക്കുകതന്നെ ചെയ്യും.

    പൊതുസമ്മേളനത്തിന്റെ വിജയത്തിന്‌ യുക്തിസഹവും ഭാവനാപൂർണവുമായ ശബ്ദപ്രകാശ സജ്ജീകരണം ആവശ്യമാണ്‌. അതിനുവേണ്ട പരിശീലനം നൽകേണ്ടതും അത്യാവശ്യമാണ്‌. അല്ലെങ്കിൽ കഷ്ടപ്പെട്ട്‌ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ പരാജയപ്പെടുകതന്നെ ചെയ്യും.
(ജനയുഗം 2015 ജനുവരി 17)

Thursday 8 January 2015

അമ്മയും അയ്യപ്പനും ആനവണ്ടികളും



    ശബരിമല അയ്യപ്പന്റെ ഐതിഹ്യത്തിൽ വളരെ പ്രധാനപ്പെട്ടത്‌ അമ്മയോടുള്ള സ്നേഹമാണ്‌. പന്തളമഹാരാജാവ്‌ എടുത്തുവളർത്തുന്ന അയ്യപ്പൻ എന്ന ബാലനെ ഒഴിവാക്കാൻ വേണ്ടി രാജ്ഞി കഠിനവേദന നടിക്കുന്നു. അവരുടെ നിർദേശമനുസരിക്കുന്ന വൈദ്യൻ വന്ന്‌ ഒറ്റ ഔഷധമേ ഉള്ളൂ എന്നും അത്‌ പുലിപ്പാലാണെന്നും വിധിക്കുന്നു. അയ്യപ്പൻ തന്റെ പോറ്റമ്മയുടെ അസുഖം മാറ്റാൻവേണ്ടി കാട്ടിൽ പോയി പുലിയമ്മയെയും കുട്ടികളെയും കൊണ്ടുവരുന്നു. ഈ ഐതിഹ്യത്തിൽ നിന്നും ഒരു ഭക്തൻ പഠിക്കേണ്ടപാഠം പെറ്റമ്മയല്ലെങ്കിൽപ്പോലും അന്യസ്ത്രീകളുടെ രക്ഷയ്ക്ക്‌ ഏതു പുരുഷനും തയാറാകണമെന്നാണല്ലൊ. എന്നാൽ കെട്ടുകഥയെ കെട്ടുകഥയായിമാത്രം കാണുകയും സ്നേഹാധിഷ്ഠിതയുക്തിബോധത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അയ്യപ്പഭക്തന്മാരെയാണ്‌ ഇക്കാലത്ത്‌ കാണുന്നത്‌. അവരാണ്‌ പമ്പയിലേക്കുപോയ വണ്ടിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടത്‌.

    ഒന്നിലധികം സംഭവങ്ങളാണ്‌ ശബരിമല തീർഥാടനകാലത്തുണ്ടായത്‌. സ്ത്രീകൾക്ക്‌ സംവരണം ചെയ്യപ്പെട്ട സീറ്റ്‌ ഒഴിഞ്ഞുകൊടുക്കാതിരിക്കുക, ചെറിയ ദൂരം മാത്രം സഞ്ചരിച്ച്‌ ‘സുരക്ഷിത സ്ഥാനങ്ങളിൽ എത്താനായി ബസിൽ കയറിയ സ്ത്രീകളെ ബസിൽ നിന്നിറക്കിവിടുക’ തുടങ്ങിയ ഹീനപ്രവൃത്തികളാണ്‌ ഭക്തന്മാരിൽ നിന്നുണ്ടായത്‌.

    ലേഡീസ്‌ ഒൺലി ബസുപോലെ കെഎസ്‌ആർടിസിക്ക്‌ സ്വാമിസ്‌ ഒൺലി ബസ്‌ സർവീസ്‌ ഇല്ല. പമ്പയിലേക്കുപോകുന്ന വണ്ടിയിൽ മറ്റു യാത്രക്കാർക്കും പോകാം. അവരുടെ ജാതിയോ മതമോ ലിംഗമോ നോക്കുന്നത്‌ ശരിയല്ല. പ്രത്യേകിച്ചും അരക്ഷിതപ്രദേശമായ കേരളത്തിൽ സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം പോലുമുണ്ട്‌.
   
    സ്ത്രീകളെ ഇറക്കിവിട്ടവരുടെ ഒരുവാദം അയ്യപ്പന്മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്നാണ്‌. സ്ത്രീകളുള്ള വീടുകളിൽ നിന്നല്ലേ അയ്യപ്പന്മാർ ശബരിമലയ്ക്കു തിരിക്കുന്നത്‌? മാത്രമല്ല, ചെറിയ പ്രായത്തിലുള്ള പെൺകുട്ടികൾക്കും ആർത്തവം നിലച്ചവർക്കും ശബരിമലയിൽ പ്രവേശനവും ഉണ്ടല്ലൊ. പ്രകൃതി സ്ത്രീക്കു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ്‌ അണ്ഡോൽപ്പാദനം. ബസിൽ കയറാൻവേണ്ടി അണ്ഡോൽപ്പാദനം ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്‌ കൂടി സ്ത്രീകൾ കരുതേണ്ടിവരുമോ?

     ശബരിമല സീസണിൽ എല്ലാ കെഎസ്‌ആർടിസി ഓഫീസുകളും ചെറുക്ഷേത്രങ്ങളായി മാറുക പതിവാണ്‌. ഇപ്പോൾ മറ്റു മതോത്സവങ്ങളും ബസ്‌ സ്റ്റേഷനുകളെയും റയിൽവേസ്റ്റേഷനുകളെയും ബാധിച്ചിട്ടുണ്ട്‌. ബസ്‌ സ്റ്റേഷനുകളിൽ ഇത്തരം മതാചാരങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സർക്കാർ ഉത്തരവുണ്ടായത്‌ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ ജോസ്‌ തെറ്റയിൽ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ്‌. ആ ഉത്തരവ്‌ ഇറങ്ങിയതിനെക്കാൾ വേഗതയിൽ പിൻവലിക്കപ്പെട്ടു.

    ഭക്തിയുടെ സൈഡ് ഡിഷുകളായി മതപ്രഭാഷകർ ഘോഷിക്കാറുള്ള ദയ, കരുണ, സ്നേഹം ഇവയൊന്നും ഭക്തരിൽ പ്രായോഗികമല്ലെന്നാണ്‌, വനിതകളെ ബസിൽ നിന്നിറക്കിവിട്ട സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. ഭക്തന്മാർ, അയ്യപ്പന്റെ കഥയിൽ നിന്നുപോലും ഒന്നും പഠിക്കുന്നില്ല. സ്ത്രീകളോട്‌ കരുണയില്ലാതെ പെരുമാറിയാൽ മോക്ഷപ്രാപ്തിയുടെ സ്പീഡ്‌ വർധിക്കുമെന്നുപോലും ചിലർ കരുതുന്നുണ്ടാവാം.