Monday 19 January 2015

ശബ്ദവും വെളിച്ചവും സജ്ജീകരിക്കുമ്പോൾ


     കഷ്ടപ്പെട്ടു സംഘടിപ്പിക്കുന്ന ഒരു സാംസ്കാരിക സമ്മേളനം ലക്ഷ്യപ്രാപ്തിയിലെത്താതെ പൊളിഞ്ഞുപോകാൻ ശബ്ദവും വെളിച്ചവും സജ്ജീകരിക്കുന്നവരുടെ കഴിവില്ലായ്മ മാത്രം മതി.
   
     വളരെ ദിവസങ്ങൾ അധ്വാനിച്ചെങ്കിൽ മാത്രമേ ഒരു സമ്മേളനം അവസാനഘട്ടത്തിലെത്തിക്കാൻ കഴിയൂ. അതിഥികളെ ക്ഷണിക്കണം, പണം ശേഖരിക്കണം, വേദിയും ഇരിപ്പിടങ്ങൾ നിറഞ്ഞ യോഗസ്ഥലവും രൂപപ്പെടുത്തണം, ശബ്ദവും വെളിച്ചവും ഏർപ്പാടാക്കണം, അറിയിപ്പ്‌ അച്ചടിച്ചും എസ്‌എംഎസ്‌ സംവിധാനത്തിലൂടെയും ജനങ്ങളിലെത്തിക്കണം, വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിച്ചുള്ള അറിയിപ്പ്‌ നൽകണം, സദസ്യരുടെ സാന്നിധ്യം ഏതുമാർഗത്തിലൂടെയും ഉറപ്പാക്കണം…. അങ്ങനെ നിരവധി കാര്യങ്ങൾ ഒരു പൊതുയോഗ സംഘാടനത്തിലുണ്ട്‌. ഇങ്ങനെ കഷ്ടപ്പെട്ട്‌ സംഘടിപ്പിക്കുന്ന യോഗങ്ങളാണ്‌ ബൾബുകളുടെയും ബോക്സുകളുടെയും അയുക്തികമായ സജ്ജീകരണംകൊണ്ട്‌ പൊളിഞ്ഞുപോകുന്നത്‌.

     പൗരസമൂഹത്തിന്റെ ആരോഗ്യവും സ്വസ്ഥതയും പരിഗണിച്ച്‌ വലിയ കോളാമ്പികൾ ഉപയോഗിക്കുന്നത്‌ നിയമംമൂലം നിരോധിച്ചിട്ടുണ്ട്‌. പകരം നിശ്വാസങ്ങളെ അട്ടഹാസങ്ങളാക്കാത്ത ബോക്സുകളാണ്‌ ഉപയോഗിക്കേണ്ടത്‌. അതിഥിയുടെ ശബ്ദം വ്യക്തതയോടെ സദസ്യർക്ക്‌ കേൾക്കാൻ വേണ്ടി ബോക്സുകൾ നിശ്ചിത അകലത്തിൽ സ്ഥാപിക്കേണ്ടതുണ്ട്‌. അമിതശബ്ദം ശ്രദ്ധയേക്കാളുപരി അസ്വസ്ഥതയും അശ്രദ്ധയും അവഗണനയുമാണ്‌ സൃഷ്ടിക്കുന്നത്‌.

    അതിഥികളും ആതിഥേയരുമൊക്കെ വേദിയിൽ നിന്ന്‌ പറയുന്നത്‌ വേദിയിൽത്തന്നെയുള്ള മറ്റുള്ളവർക്കുകൂടി കേൾക്കേണ്ടതുണ്ട്‌. അതും സജ്ജീകരിക്കേണ്ടതാണ്‌. കൃത്രിമമായി പ്രതിധ്വനിയുണ്ടാക്കുന്ന രീതി വാക്കുകളുടെ വ്യക്തതയെ ബാധിക്കുമെന്നതിനാൽ എക്കോസിസ്റ്റം ശബ്ദച്ചുമതലയുള്ളവർ ഉപേക്ഷിക്കുകതന്നെവേണം.

    പൊതുസമ്മേളനസ്ഥലത്തെ പ്രകാശ സജ്ജീകരണം വളരെ പ്രധാനപ്പെട്ടതാണ്‌. വെളിച്ചവും ചൂടും കഠിനമായി പ്രസരിപ്പിക്കുന്ന തീക്ഷ്ണതയുള്ള വൈദ്യുത ദീപങ്ങളാണ്‌ ഇപ്പോൾ വേദിയിലേക്ക്‌ തിരിച്ചുവയ്ക്കുന്നത്‌. അത്‌ വേദിയിലിരിക്കുന്നവരുടെ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. ഇത്തരം തീക്ഷ്ണ വൈദ്യുതവിളക്കുകൾക്കുമുന്നിൽ നിരന്തരം നിന്ന കൊല്ലം ജി കെ പിള്ള എന്ന നടൻ ഇന്ന്‌ പൂർണമായും അന്ധതബാധിച്ച്‌ വീട്ടിലിരിക്കുകയാണ്‌. തീക്ഷ്ണവെളിച്ചം അനുഭവിച്ച്‌ വേദിയിലിരുന്ന മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ കൺപോളകൾ വെന്ത്‌ ആശുപത്രിയിലായ സംഭവവും വിസ്മരിക്കാറായിട്ടില്ല.

     എന്റെ കണ്ണുകൾ മരണാനന്തരം ആരോഗ്യവകുപ്പിന്‌ കൈമാറാമെന്ന്‌ കരാർ ചെയ്തിട്ടുള്ളവയാണ്‌. അത്‌ പാലിക്കാൻ കഠിനപ്രകാശം ഒഴിവാക്കി സംഘാടകർ കൂടി സഹായിക്കണമെന്ന്‌ പല യോഗങ്ങളിലും പരസ്യമായി അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.

     മറ്റൊരു പ്രധാന അസൗകര്യം സദസ്യരെ കാണാൻ കഴിയുകയില്ലെന്നതാണ്‌. സദസ്യരോടാണല്ലോ സംസാരിക്കുകയോ കവിത ചൊല്ലുകയോ ചെയ്യേണ്ടത്‌. സദസ്യരുടെ മുഖഭാവമനുസരിച്ച്‌ പ്രസംഗം ചുരുക്കുകയോ വികസിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്‌. ഇരുണ്ട ഭൂഖണ്ഡത്തെ നോക്കി കവിത ചൊല്ലുന്ന സുഖകരമല്ലാത്ത ഒരു വഴിപാടുരീതിയിലേക്ക്‌ കാര്യങ്ങൾ അധഃപതിക്കാറുണ്ട്‌.

    സ്റ്റേജിന്‌ മുകളിൽ വെളിച്ചമില്ലാത്തതിനാൽ പോഡിയത്തിൽ പേപ്പർവച്ച്‌ വായിക്കാൻ കഴിയാറില്ല. കുറിപ്പുകളും മറ്റും നോക്കി വായിക്കാൻ കഴിയാത്ത രീതിയിലാണ്‌ പലപ്പോഴും പ്രകാശ സജ്ജീകരണം. ഇത്‌ അതിഥിയുടെ വർത്തമാനത്തെ അപൂർണമാക്കുകതന്നെ ചെയ്യും.

    പൊതുസമ്മേളനത്തിന്റെ വിജയത്തിന്‌ യുക്തിസഹവും ഭാവനാപൂർണവുമായ ശബ്ദപ്രകാശ സജ്ജീകരണം ആവശ്യമാണ്‌. അതിനുവേണ്ട പരിശീലനം നൽകേണ്ടതും അത്യാവശ്യമാണ്‌. അല്ലെങ്കിൽ കഷ്ടപ്പെട്ട്‌ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ പരാജയപ്പെടുകതന്നെ ചെയ്യും.
(ജനയുഗം 2015 ജനുവരി 17)

1 comment:

  1. പൊതുസമ്മേളനത്തിന്റെ വിജയത്തിന്‌ യുക്തിസഹവും ഭാവനാപൂർണവുമായ ശബ്ദപ്രകാശ സജ്ജീകരണം ആവശ്യമാണ്‌. അതിനുവേണ്ട പരിശീലനം നൽകേണ്ടതും അത്യാവശ്യമാണ്‌. അല്ലെങ്കിൽ കഷ്ടപ്പെട്ട്‌ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ പരാജയപ്പെടുകതന്നെ ചെയ്യും.

    ReplyDelete