Wednesday 25 November 2020

സാമൂഹ്യ മാധ്യമങ്ങളുടെ മേല്‍ക്കൈ


 സാംസ്ക്കാരിക രാഷ്ട്രീയ മേഖലകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമാണ്.
കോവിഡ് എന്ന മഹാരോഗമാണ് ഓണ്‍ലൈന്‍ മേല്‍ക്കൈക്ക്    കാരണമായത്.

അസംഖ്യം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചിരിക്കുന്നു. ലഘു പ്രഭാഷണങ്ങള്‍ ചാനലുകളില്‍ നിറഞ്ഞൊഴുകുന്നു. എം.എന്‍.കാരശ്ശേരിയും സജീവന്‍ അന്തിക്കാടും മറ്റും നടത്തുന്ന 
ലളിതവും എന്നാല്‍ വിജ്ഞാനപ്രദവുമായ ലഘു പ്രഭാഷണങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

ഹ്രസ്വ ചിത്രങ്ങളുടെ വേലിയേറ്റം തന്നെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ബോറാണെങ്കില്‍ മാന്യതയ്ക്ക് വേണ്ടിയെങ്കില്‍ പോലും നമ്മള്‍ തിയേറ്ററില്‍ ഇരിക്കും. ഓണ്‍ ലൈന്‍ സ്ക്ക്റീനില്‍ ആണെങ്കില്‍ നമുക്ക് അപ്പോള്‍ നിറുത്താം.    ദൈര്‍ഘ്യം കുറവായതിനാല്‍ കാണാവുന്നതെയുള്ളൂ. നിറുത്താനുള്ള ബട്ടണ്‍ നമ്മുടെ വിരല്‍ത്തുമ്പിലാണ്. അതിനാല്‍ ബോറുപടങ്ങള്‍ ആദ്യദിവസം തന്നെ പിന്‍വലിക്കപ്പെടും.രാ പ്രസാദിന്‍റെ കുറ്റാന്വേഷണ ലഘുസിനിമകളും ഷിബു മുത്താട്ടിന്റെയും മറ്റും രചനകളും നന്നായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ലഘു നാടകങ്ങളും ഏകപാത്ര അവതരണങ്ങളും നമ്മുടെ ഏകാന്തതയിലേക്ക് എത്തിയിരിക്കുന്നു.. പ്രസിദ്ധിയുടെ അരങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന നല്ല പാട്ടുകാര്‍ക്ക് ഓണ്‍ ലൈന്‍ വേദികള്‍ വലിയ സാദ്ധ്യതയാണ്. നാടന്‍ പാട്ടുകളും കവിതകളും ധാരാളമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. പത്താം വര്‍ഷത്തിന്‍റെ അനുഭവ ചരിത്രമുള്ള ഇന്ന് വായിച്ച കവിത ഇപ്പൊഴും നന്നായി വായിക്കപ്പെടുന്നു.. ജനയുഗം വാരാന്തമടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കവിതകള്‍ ഇന്ന് വായിച്ച കവിതയില്‍ വായനക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇരുനൂറിലധികം വായനക്കാര്‍ പ്രതിദിനം കവിത  വായിക്കുന്നുണ്ട്. ഓരോ ദിവസവും കവിത പോസ്റ്റു ചെയ്യുന്ന നിരവധി കാവ്യ സ്നേഹികളുണ്ട്.എല്ലാ പോസ്റ്റിലും കൂടി എണ്ണൂറിലധികം ആളുകള്‍ കവിത വായിക്കുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സാഹിത്യ രൂപം കവിതയാണ്.

കഴിഞ്ഞ കര്‍ക്കിടകത്തില്‍ യുവകലാസാഹിതി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു.രാമായണത്തിന്‍റെ ബഹുസ്വരതയായിരുന്നു വിഷയം.ഒന്നും രണ്ടുമല്ല അനവധിനിരവധി രാമകഥകളെ കുറിച്ചു ധാരണയുണ്ടാക്കാന്‍ ആ പ്രഭാഷണ പരമ്പര സഹായിച്ചു.രാമായണം കുറത്തിപ്പാട്ടും വയനാടന്‍ രാമായണവും മാപ്പിള രാമായണവും ബാലിരാമായണവുമൊക്കെ ആ വേദിയില്‍ പരാമര്‍ശിക്കപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രാചീന കാവ്യപഠന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഹിയുദ്ദീന്‍ മാല, മലയവിലാസം, മോയീന്‍കുട്ടി വൈദ്യരുടെ കൃതികള്‍ തുടങ്ങിയവയുടെ അവതരണവും പ്രഭാഷണവും പുതിയ തലമുറയ്ക്ക് പ്രയോജനപ്രദം ആയിരുന്നു.

വിവിധ ഓണ്‍ ലൈന്‍ ഗ്രൂപ്പുകള്‍ നടത്തിയ കവിതാചലഞ്ച് പരിപാടിയില്‍ പുതുകവികള്‍ സജീവമായി ഇടപെട്ടു. മുതിര്‍ന്ന കവികളില്‍ സച്ചിദാനന്ദനാണ് ഓണ്‍ ലൈന്‍ മേഖലയെ സാന്നിധ്യം കൊണ്ടു സമ്പുഷ്ടമാക്കുന്നത്.  

ഓണ്‍ ലൈന്‍ വേദി മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് സ്വന്തം പ്രതിച്ഛായ മിനുക്കുന്നതിനു വേണ്ടിയാണ്.അതില്‍ നിന്നും വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റ് പാര്ട്ടി നടത്തിയ ഓണ്‍ ലൈന്‍ മാര്‍ച്ച് വളരെ ശ്രദ്ധിക്കപ്പെട്ടു. 

കോവിഡിനെതിരെ നടന്ന ബോധവല്‍ക്കരണ പരിപാടികളില്‍ 
സമൂഹമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതു.

ജനങ്ങള്‍ ഉത്സവം പോലെ ആഘോഷിച്ചിരുന്ന തെരഞ്ഞെടുപ്പും ഇപ്പോള്‍  ഓണ്‍ലൈന്‍ മേഖലയില്‍ പ്രസരിച്ചു കഴിഞ്ഞു. കാണാമറയക്കാരുടെ  വ്യവസായക്കണ്ണ് ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥിക്കു പറയാനുള്ളതും മറ്റു പ്രചാരണ പരിപാടികളും മറ്റും ഒരു നിശ്ചിത തുക അടച്ചാല്‍ നിര്‍ദ്ദേശിക്കുന്ന പ്രദേശത്ത് അക്കൌണ്ട് ഉള്ളവരെ   അറിയിക്കും. ഒറ്റ ദിവസത്തെക്കാണ് ഈ 
പ്രതിഫലാഷ്ഠിത സേവനം ലഭിക്കുക. കൂടുതല്‍ ദിവസം വേണമെങ്കില്‍ കൂടുതല്‍ പണം കൈമാറണം.

സാംസ്ക്കാരിക രംഗത്തു കൂടി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഗീതാ നസീര്‍, ശാരദാ മോഹന്‍, ശ്രീനാദേവി,ഐ.സതീഷ് കുമാര്‍, കരിങ്ങന്നൂര്‍ സുഷമ തുടങ്ങിയവര്‍ ഇക്കുറി പ്രാദേശിക ഭരണകൂടങ്ങളിലേക്ക് ജനവിധി തേടുന്നുണ്ട്. അവരുടെ പ്രചാരണ പരിപാടികളും നവമാധ്യമങ്ങളില്‍ ഇടം നേടിയിടുണ്ട്.

പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നല്ലൊരു ശതമാനം  ഡിജിറ്റല്‍ ആയിട്ടുണ്ട്. ഇ ബുക്കുകളുടെ സാന്നിദ്ധ്യം മലയാളത്തിലും ഉണ്ടായിരിക്കുന്നു.ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങള്‍, പണം അടച്ചവര്‍ക്ക് മാത്രമേ വായിക്കാന്‍  വായിക്കാന്‍ കഴിയൂ. പകര്‍പ്പെടുക്കാനോ ഷെയര്‍ ചെയ്യാനോ സാധ്യമല്ല. യന്ത്രത്തിനു തിരിച്ചറിവില്ലാത്തതിനാല്‍ രചയിതാവിനും  പണം അടച്ചെങ്കില്‍ മാത്രമേ സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയൂ. മുതലാളിത്തം കയ്യടക്കിയാല്‍ യന്ത്രത്തിന്‍റെ മുദ്രാവാക്യം  
എല്ലാവരും അന്യരാണ് എന്നാണല്ലോ.മുതലാളിത്തത്തിനു ലാഭം വാങ്ങിക്കൊടുക്കുന്ന അനുസരണയുള്ള ഒരു ഭൂതമാണ് ഓണ്‍ ലൈന്‍ സംവിധാനം.

പ്രസിദ്ധീകരണങ്ങള്‍ പലതും, തപാല്‍ സാധ്യത മങ്ങിയതിനാല്‍ ഓണ്‍ലൈന്‍ നിരയിലായിട്ടുണ്ട്. അവയുടെ വായന ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കോവിഡ് നമ്മുടെ സാംസ്ക്കാരിക  സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്.

Thursday 12 November 2020

നന്നാക്കുക പകരം നിങ്ങടെ മുഖസൌന്ദര്യം പ്രിയരേ.


കണ്ണൂര്‍ നഗരത്തിലെ ചെറിയൊരു ഹോട്ടല്‍ മുറി.അതില്‍ സാക്ഷാല്‍ വെളിയം ഭാര്‍ഗ്ഗവന്‍. തന്നെ കാണാന്‍ വന്ന പഴയ സഖാക്കളുമായി സംസാരിക്കുകയാണ്. പാര്‍ട്ടി പിളരുന്നത് രണ്ടായിട്ടല്ല, മൂന്നായിട്ടാണ്.
ആ മൂന്നാം പക്ഷത്താണ് ശരിയെകുറിച്ചു സംശയമുള്ളവരും ഭിന്നിച്ചതില്‍ ദുഖിക്കുന്നവരും നിരാശപ്പെട്ടവരും  ഒക്കെയുള്ളത്

ശരിയാണല്ലോ. ഈ മൂന്നാം പക്ഷത്തില്‍ പെട്ടുപോയ കവിയാണ് കുരീപ്പുഴ നടരാജന്‍. .

അന്‍പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ്, ചുവന്ന കിനാക്കളുടെ വയലേലയായിരുന്നു. തിരുനല്ലൂരും പുതുശ്ശേരിയും ഓ എന്‍ വിയും പെരുമ്പുഴയും ഓ.മാധവനും  സാംബശിവനുമൊക്കെയുള്ള കാലം. അവര്‍ക്ക് ധൈഷണിക നേതൃത്വം നല്‍കാന്‍, പോലീസിന്‍റെ
ക്രൂരമര്‍ദനങ്ങള്‍ക്ക് മുന്നില്‍ തളരാതെ  പോരാടിയ വെളിയം ഭാര്‍ഗ്ഗവനും തെങ്ങമം ബാലകൃഷ്ണനും. അവര്‍ രൂപപ്പെടുത്തിയ
കോളജ് യൂണിയന്‍. അതില്‍ സാംബശിവന്‍ സ്പീക്കറും കുരീപ്പുഴ നടരാജന്‍ മാഗസിന്‍ എഡിറ്ററും. 

കേരളം ചുവന്ന സ്വപ്നങ്ങളുടെ വിത്തു വിതച്ച കാലമായിരുന്നു അത്. കവികളും കഥാകാരന്മാരും നാടകക്കാരും ഗായകരും കഥാപ്രസംഗകരും  ചേര്‍ന്ന് അസാധാരണമായ സാംസ്ക്കാരിക മുന്നണിയുണ്ടാക്കിയ കാലം.ടി.എസ്. തിരുമുമ്പും  കെടാമംഗലം പപ്പുക്കുട്ടിയും പി.ഭാസ്ക്കരനും കെ.പി.ജിയും   മുതല്‍ പുനലൂര്‍ ബാലനും ഇരവിപുരം ഭാസിയുംപി.കെ മേദിനിയും ടി.എം പ്രസാദുമൊക്കെ ഉണ്ടായിരുന്ന  സാംക്കാരിക മുന്നണി. പാട്ടബാക്കിയും കമ്മ്യൂണിസ്റ്റാക്കിയും ജനഹൃദയങ്ങളില്‍ ജീവിക്കാനുള്ള അവകാശം ബോധ്യപ്പെടുത്തിയ കാലം.

അന്നാണ് കുരീപ്പുഴ നടരാജന്‍ യത്നലാവണ്യബോധത്തിന്‍റെ പറവച്ചിറകിലേറി കാവ്യസഞ്ചാരം നടത്തിയത്.   മരണം മനുഷ്യനെ ജീവിപ്പിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

പൊന്നരിവാളമ്പിളിയിലെന്ന, അക്കാലത്തു പിറന്ന ഗാനത്തെ 
മറ്റു കവികളും ഏറ്റു പാടിയാണ് കവിസാഹോദര്യത്തിന്റെ  മലര്‍ച്ചങ്ങല സൃഷ്ടിച്ചത്.പകലിന്‍റെ പൂവുകളെന്ന സ്വന്തം കവിതയില്‍ പൊന്നരിവാള്‍പ്പാട്ടിന്‍റെ ഒരു രംഗം ഈ കവി സൃഷ്ടിക്കുന്നുണ്ട്.ചുണ്ടിലരിയൊരു പൊന്നരിവാളുമായ്/ തെന്നലിന്‍ തേരിലണയുകയായവന്‍ എന്നാണ് എഴുതിയിട്ടുള്ളത്.

കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകവിതയായിരുന്നു കളിത്തോഴി. കാര്‍ഷിക കേരളത്തിന്‍റെ വിശേഷമായിരുന്നല്ലോ കാര്‍ത്തിക. മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന ചേനയും ചേമ്പും കാച്ചിലും കിഴങ്ങുമെല്ലാം ചേര്‍ത്തു പുഴുങ്ങുന്ന ദിവസം. കൃഷിഭൂമിയുടെ നാലതിരുകളില്‍ പന്തം പോലെ കത്തിച്ചു കുത്തിയ അരിയോരക്കമ്പുകള്‍. മരോട്ടിത്തൊണ്ടിലോ കക്കായോട്ടിയിലോ തിരിയിട്ട് കത്തിക്കുന്ന   ദീപങ്ങള്‍. കുട്ടികള്‍ക്കെല്ലാം സന്തോഷം.ഈ രംഗം കവി രേഖപ്പെടുത്തിയത് 
ഇങ്ങനെയാണ്. ആകാശമലര്‍ക്കാവില്‍ സാന്ദ്ര നീലിമയ്ക്കുള്ളില്‍ / ആയിരം തങ്കപ്പൂക്കളങ്ങിങ്ങു വിടര്‍ന്ന പോല്‍ /   കാര്‍ത്തികത്തിരുമുറ്റത്തരിയോരക്കമ്പുമായ് / ആര്‍ത്തിരമ്പുമാ കൊച്ചു കുട്ടികള്‍... വര്‍ണ്ണനാ പടവത്തിലും ആശയ സംവേദനത്തിലും മുന്നിട്ടു നിന്നു ഈ കവി.

ജന്മിമാരുടെ ലൈംഗികാക്രമണം നിലനിന്നിരുന്ന കാലത്താണ് 
പിഴച്ച പെണ്ണ് എന്ന ദീര്‍ഘകവിത അദ്ദേഹം എഴുതിയത്. പുരോഗമന രാഷ്ട്രീയത്തിന്‍റെ സജീവശ്രദ്ധയുണ്ടായതിനാല്‍ ജന്മിമാരുടെ ബലാല്‍ഭോഗത്തില്‍ നിന്നും കര്‍ഷകത്തൊഴിലാളി സഹോദരിമാര്‍ കേരളത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആര്‍ഷഭാരതം
മൊത്തത്തില്‍ നോക്കിയാല്‍ സ്ഥിതി പാഞ്ചാലിക്കാലത്തേതു തന്നെ. 

ഈ കവിതയില്‍ ഒരു കര്‍ഷകത്തൊഴിലാളിസ്ത്രീയെ ജന്മി പ്രലോഭിപ്പിച്ചു ഗര്‍ഭവതിയാക്കുകയും കൊലപ്പെടുത്തുകയും അവളുടെ അച്ഛനെ പോലീസിലേല്‍പ്പിക്കുകയുമാണ്. ജന്മി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കവിത.ആത്മഹത്യയല്ല   
കൊലപാതമാണെന്ന് ഈ കവിതയില്‍ വെളിപ്പെടുത്തുന്നത് ഗ്രാമീണരുടെ വര്‍ത്തമാനങ്ങളിലൂടെയാണ്. നാടകീയസൌന്ദര്യം
തുളുമ്പി നില്‍ക്കുന്ന ഒരു സ്വാഭാവിക രംഗമാണിത്. വയല്‍ വരമ്പിലെ ജീവിതത്തെ  പോലെ കേരളം ഈ കവിതയെയും  ശ്രദ്ധയുടെ മതില്‍ക്കെട്ടിനു പുറത്താക്കി.

കവിയുടെ കണ്ണാടിയെന്ന കവിതയിലാണ്  ശ്രദ്ധിക്കപ്പെട്ട രണ്ടു വരികളുള്ളത്. കണ്ണാടിയിതിന്നു തകര്‍ന്നെന്നാക്രോശിക്കുന്നവരേ / നന്നാക്കുക പകരം നിങ്ങടെ മുഖ സൌന്ദര്യം പ്രിയരേ.

കുരീപ്പുഴ നടരാജന്‍ മരിച്ചിട്ടു രണ്ടു വര്‍ഷം തികയുന്നു. കവിയുടെ മകള്‍   ഷൈനിരാജ് ഇങ്ങനെ ഓര്‍മ്മിക്കുന്നു.
"എന്നും ചുവന്ന പ്രഭാതം വിടരുവാന്‍ ആഗ്രഹിച്ചിരുന്ന കവിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച വിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു.പാര്‍ട്ടിയുടെ പിളര്‍പ്പ് ഒരു വലിയ ആഘാതം തന്നെ അദ്ദേഹത്തിനുണ്ടാക്കിയിരിക്കാം.അതുതന്നെയാവാം അദ്ദേഹത്തെ കവിതയില്‍ നിന്നും പിന്തിരിപ്പിച്ചതും"

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നതിന്റെ ഗുണഫലം നമ്മളിപ്പോള്‍ ബിഹാറില്‍ കാണുകയാണ്. പാര്‍ട്ടിയിലെ ഭിന്നിപ്പു കണ്ടു വേദനിച്ചവരായിരുന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കവികള്‍.അവര്‍ കൂടി ഉള്‍പ്പെട്ട മൂന്നാം പക്ഷത്തിനുള്ള ആശ്വാസസന്ദേശമാണ് കനയ്യകുമാറിന്റെ നാട്ടില്‍ നിന്നുള്ള മുന്നേറ്റസന്ദേശങ്ങള്‍.

Monday 2 November 2020

മുണ്ടുടുക്കുമ്പോള്‍

 

മൂടൽമഞ്ഞാൽ മുണ്ടുടുത്ത
മകരമാസം-ദൂരെ
മേഘമുണ്ടാൽ മാനം കാക്കും 
കറുമ്പന്‍ മാനം 

കേരളൻ ഞാൻ മുണ്ടുടുത്തു
സഞ്ചരിക്കുമ്പോള്‍ - എന്റെ
നേരിലേറി നിറയാറു-
ണ്ടാദി മലയാളം

വേട്ടയാടാൻ പിറന്നോരുടെ
കാലുറകൾക്ക്
നാട്ടിലെല്ലാം നല്ലകാലം
നടപ്പുദീനം

കേരളൻ ഞാൻ കോന്തലക്കൽ
കൈകൊളുത്തുമ്പോൾ-എന്റെ
കാൽ വിരലില്‍ തുടങ്ങുന്നൂ
വടക്കൻപാട്ട്

മുണ്ടുരിഞ്ഞു പുതയ്ക്കുമ്പോൾ
കണ്ടറിഞ്ഞു കിടക്കുമ്പോൾ
ചുണ്ടില്‍ വന്നു തുടിയ്ക്കാറു-
ണ്ടിടയ്ക്കക്കൂട്ട്-കാതിൽ
നെഞ്ചുടഞ്ഞ ഞെരളത്തിൻ
പ്രണയപ്പാട്ട്

മുണ്ടലക്കിവെളുപ്പിക്കെ
വെയിൽത്തോളത്തുലർപ്പിക്കേ
പണ്ടുതൊട്ടേ മലർക്കാറു-
ണ്ടരുമപ്പൂവ്-എങ്ങും
തുമ്പയും പാലയും പൂത്തു
മദിക്കും കാട്

കേരളൻ ഞാൻ മുണ്ടുമാടി-
ക്കുത്തിയങ്ങനെ വയൽതോറും
ഞാറുകുത്തി നിവരുമ്പോൾ
കാരിരുമ്പിലടിക്കുമ്പോൾ
ചോരപോലെയൊഴുകുന്നു
കബനിപ്പെണ്ണ്-മണ്ണിൻ
വേരുപൊട്ടാതോർത്തു നിൽപൂ
ശബരിക്കുന്ന്. 

മുണ്ടുടുത്തു കയർക്കുമ്പോൾ
മുന്നണിയിൽ നടക്കുമ്പോൾ
കണ്ണിലൂറിത്തെളിയുന്നു
കടത്തനാട്-ചുറ്റും
വെണ്ണിലാവിൻ വേഷ്ടിയിട്ട
വള്ളുവനാട്

കേരളൻ ഞാൻ മുണ്ടൊതുക്കി-
ചെത്തിയിപ്പെരുവഴിച്ചാലിൽ
കേവലനായ് നിന്നിടുമ്പോൾ
കാവലായ് റബ്ബർ നീളുമ്പോൾ
നോവിൽനിന്നും പിറക്കുന്നു
ഭരണിത്തോറ്റം-കാലം
കാലിടറി വീണിടുന്ന
കരിങ്കൽക്കൂട്ടം