Monday 2 November 2020

മുണ്ടുടുക്കുമ്പോള്‍

 

മൂടൽമഞ്ഞാൽ മുണ്ടുടുത്ത
മകരമാസം-ദൂരെ
മേഘമുണ്ടാൽ മാനം കാക്കും 
കറുമ്പന്‍ മാനം 

കേരളൻ ഞാൻ മുണ്ടുടുത്തു
സഞ്ചരിക്കുമ്പോള്‍ - എന്റെ
നേരിലേറി നിറയാറു-
ണ്ടാദി മലയാളം

വേട്ടയാടാൻ പിറന്നോരുടെ
കാലുറകൾക്ക്
നാട്ടിലെല്ലാം നല്ലകാലം
നടപ്പുദീനം

കേരളൻ ഞാൻ കോന്തലക്കൽ
കൈകൊളുത്തുമ്പോൾ-എന്റെ
കാൽ വിരലില്‍ തുടങ്ങുന്നൂ
വടക്കൻപാട്ട്

മുണ്ടുരിഞ്ഞു പുതയ്ക്കുമ്പോൾ
കണ്ടറിഞ്ഞു കിടക്കുമ്പോൾ
ചുണ്ടില്‍ വന്നു തുടിയ്ക്കാറു-
ണ്ടിടയ്ക്കക്കൂട്ട്-കാതിൽ
നെഞ്ചുടഞ്ഞ ഞെരളത്തിൻ
പ്രണയപ്പാട്ട്

മുണ്ടലക്കിവെളുപ്പിക്കെ
വെയിൽത്തോളത്തുലർപ്പിക്കേ
പണ്ടുതൊട്ടേ മലർക്കാറു-
ണ്ടരുമപ്പൂവ്-എങ്ങും
തുമ്പയും പാലയും പൂത്തു
മദിക്കും കാട്

കേരളൻ ഞാൻ മുണ്ടുമാടി-
ക്കുത്തിയങ്ങനെ വയൽതോറും
ഞാറുകുത്തി നിവരുമ്പോൾ
കാരിരുമ്പിലടിക്കുമ്പോൾ
ചോരപോലെയൊഴുകുന്നു
കബനിപ്പെണ്ണ്-മണ്ണിൻ
വേരുപൊട്ടാതോർത്തു നിൽപൂ
ശബരിക്കുന്ന്. 

മുണ്ടുടുത്തു കയർക്കുമ്പോൾ
മുന്നണിയിൽ നടക്കുമ്പോൾ
കണ്ണിലൂറിത്തെളിയുന്നു
കടത്തനാട്-ചുറ്റും
വെണ്ണിലാവിൻ വേഷ്ടിയിട്ട
വള്ളുവനാട്

കേരളൻ ഞാൻ മുണ്ടൊതുക്കി-
ചെത്തിയിപ്പെരുവഴിച്ചാലിൽ
കേവലനായ് നിന്നിടുമ്പോൾ
കാവലായ് റബ്ബർ നീളുമ്പോൾ
നോവിൽനിന്നും പിറക്കുന്നു
ഭരണിത്തോറ്റം-കാലം
കാലിടറി വീണിടുന്ന
കരിങ്കൽക്കൂട്ടം

1 comment:

  1. മുണ്ടുരിഞ്ഞു പുതയ്ക്കുമ്പോൾ
    കണ്ടറിഞ്ഞു കിടക്കുമ്പോൾ
    ചുണ്ടില്‍ വന്നു തുടിയ്ക്കാറു-
    ണ്ടിടയ്ക്കക്കൂട്ട്-കാതിൽ
    നെഞ്ചുടഞ്ഞ ഞെരളത്തിൻ
    പ്രണയപ്പാട്ട് ...!

    ReplyDelete