കണ്ണൂര്‍ നഗരത്തിലെ ചെറിയൊരു ഹോട്ടല്‍ മുറി.അതില്‍ സാക്ഷാല്‍ വെളിയം ഭാര്ഗ്ഗവന്. തന്നെ കാണാന്‍ വന്ന പഴയ സഖാക്കളുമായി സംസാരിക്കുകയാണ്. പാര്‍ട്ടി പിളരുന്നത് രണ്ടായിട്ടല്ല, മൂന്നായിട്ടാണ്.
ആ മൂന്നാം പക്ഷത്താണ് ശരിയെകുറിച്ചു സംശയമുള്ളവരും ഭിന്നിച്ചതില്‍ ദുഖിക്കുന്നവരും നിരാശപ്പെട്ടവരും ഒക്കെയുള്ളത്
ശരിയാണല്ലോ. ഈ മൂന്നാം പക്ഷത്തില്‍ പെട്ടുപോയ കവിയാണ് കുരീപ്പുഴ നടരാജന്. .
അന്പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ്, ചുവന്ന കിനാക്കളുടെ വയലേലയായിരുന്നു. തിരുനല്ലൂരും പുതുശ്ശേരിയും ഓ എന്‍ വിയും പെരുമ്പുഴയും ഓ.മാധവനും സാംബശിവനുമൊക്കെയുള്ള കാലം. അവര്‍ക്ക് ധൈഷണിക നേതൃത്വം നല്കാന്, പോലീസിന്റെ
ക്രൂരമര്‍ദനങ്ങള്‍ക്ക് മുന്നില്‍ തളരാതെ പോരാടിയ വെളിയം ഭാര്‍ഗ്ഗവനും തെങ്ങമം ബാലകൃഷ്ണനും. അവര്‍ രൂപപ്പെടുത്തിയ
കോളജ് യൂണിയന്. അതില്‍ സാംബശിവന് സ്പീക്കറും കുരീപ്പുഴ നടരാജന് മാഗസിന് എഡിറ്ററും.
കേരളം ചുവന്ന സ്വപ്നങ്ങളുടെ വിത്തു വിതച്ച കാലമായിരുന്നു അത്. കവികളും കഥാകാരന്മാരും നാടകക്കാരും ഗായകരും കഥാപ്രസംഗകരും ചേര്‍ന്ന് അസാധാരണമായ സാംസ്ക്കാരിക മുന്നണിയുണ്ടാക്കിയ കാലം.ടി.എസ്. തിരുമുമ്പും കെടാമംഗലം പപ്പുക്കുട്ടിയും പി.ഭാസ്ക്കരനും കെ.പി.ജിയും മുതല്‍ പുനലൂര്‍ ബാലനും ഇരവിപുരം ഭാസിയുംപി.കെ മേദിനിയും ടി.എം പ്രസാദുമൊക്കെ ഉണ്ടായിരുന്ന സാംക്കാരിക മുന്നണി. പാട്ടബാക്കിയും കമ്മ്യൂണിസ്റ്റാക്കിയും ജനഹൃദയങ്ങളില്‍ ജീവിക്കാനുള്ള അവകാശം ബോധ്യപ്പെടുത്തിയ കാലം.
അന്നാണ് കുരീപ്പുഴ നടരാജന് യത്നലാവണ്യബോധത്തിന്റെ പറവച്ചിറകിലേറി കാവ്യസഞ്ചാരം നടത്തിയത്. മരണം മനുഷ്യനെ ജീവിപ്പിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.
പൊന്നരിവാളമ്പിളിയിലെന്ന, അക്കാലത്തു പിറന്ന ഗാനത്തെ
മറ്റു കവികളും ഏറ്റു പാടിയാണ് കവിസാഹോദര്യത്തിന്റെ മലര്‍ച്ചങ്ങല സൃഷ്ടിച്ചത്.പകലിന്റെ പൂവുകളെന്ന സ്വന്തം കവിതയില്‍ പൊന്നരിവാള്‍പ്പാട്ടിന്റെ ഒരു രംഗം ഈ കവി സൃഷ്ടിക്കുന്നുണ്ട്.ചുണ്ടിലരിയൊരു പൊന്നരിവാളുമായ്/ തെന്നലിന് തേരിലണയുകയായവന്‍ എന്നാണ് എഴുതിയിട്ടുള്ളത്.
കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകവിതയായിരുന്നു കളിത്തോഴി. കാര്‍ഷിക കേരളത്തിന്റെ വിശേഷമായിരുന്നല്ലോ കാര്‍ത്തിക. മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന ചേനയും ചേമ്പും കാച്ചിലും കിഴങ്ങുമെല്ലാം ചേര്‍ത്തു പുഴുങ്ങുന്ന ദിവസം. കൃഷിഭൂമിയുടെ നാലതിരുകളില്‍ പന്തം പോലെ കത്തിച്ചു കുത്തിയ അരിയോരക്കമ്പുകള്‍. മരോട്ടിത്തൊണ്ടിലോ കക്കായോട്ടിയിലോ തിരിയിട്ട് കത്തിക്കുന്ന ദീപങ്ങള്‍. കുട്ടികള്‍ക്കെല്ലാം സന്തോഷം.ഈ രംഗം കവി രേഖപ്പെടുത്തിയത്
ഇങ്ങനെയാണ്. ആകാശമലര്‍ക്കാവില്‍ സാന്ദ്ര നീലിമയ്ക്കുള്ളില്‍ / ആയിരം തങ്കപ്പൂക്കളങ്ങിങ്ങു വിടര്‍ന്ന പോല്‍ / കാര്‍ത്തികത്തിരുമുറ്റത്തരിയോരക്കമ്പുമായ് / ആര്‍ത്തിരമ്പുമാ കൊച്ചു കുട്ടികള്‍... വര്‍ണ്ണനാ പടവത്തിലും ആശയ സംവേദനത്തിലും മുന്നിട്ടു നിന്നു ഈ കവി.
ജന്മിമാരുടെ ലൈംഗികാക്രമണം നിലനിന്നിരുന്ന കാലത്താണ്
പിഴച്ച പെണ്ണ് എന്ന ദീര്‍ഘകവിത അദ്ദേഹം എഴുതിയത്. പുരോഗമന രാഷ്ട്രീയത്തിന്റെ സജീവശ്രദ്ധയുണ്ടായതിനാല്‍ ജന്മിമാരുടെ ബലാല്‍ഭോഗത്തില്‍ നിന്നും കര്‍ഷകത്തൊഴിലാളി സഹോദരിമാര്‍ കേരളത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആര്‍ഷഭാരതം
മൊത്തത്തില്‍ നോക്കിയാല്‍ സ്ഥിതി പാഞ്ചാലിക്കാലത്തേതു തന്നെ.
ഈ കവിതയില്‍ ഒരു കര്‍ഷകത്തൊഴിലാളിസ്ത്രീയെ ജന്മി പ്രലോഭിപ്പിച്ചു ഗര്‍ഭവതിയാക്കുകയും കൊലപ്പെടുത്തുകയും അവളുടെ അച്ഛനെ പോലീസിലേല്‍പ്പിക്കുകയുമാണ്. ജന്മി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കവിത.ആത്മഹത്യയല്ല
കൊലപാതമാണെന്ന് ഈ കവിതയില്‍ വെളിപ്പെടുത്തുന്നത് ഗ്രാമീണരുടെ വര്‍ത്തമാനങ്ങളിലൂടെയാണ്. നാടകീയസൌന്ദര്യം
തുളുമ്പി നില്ക്കുന്ന ഒരു സ്വാഭാവിക രംഗമാണിത്. വയല്‍ വരമ്പിലെ ജീവിതത്തെ പോലെ കേരളം ഈ കവിതയെയും ശ്രദ്ധയുടെ മതില്‍ക്കെട്ടിനു പുറത്താക്കി.
കവിയുടെ കണ്ണാടിയെന്ന കവിതയിലാണ് ശ്രദ്ധിക്കപ്പെട്ട രണ്ടു വരികളുള്ളത്. കണ്ണാടിയിതിന്നു തകര്‍ന്നെന്നാക്രോശിക്കുന്നവരേ / നന്നാക്കുക പകരം നിങ്ങടെ മുഖ സൌന്ദര്യം പ്രിയരേ.
കുരീപ്പുഴ നടരാജന് മരിച്ചിട്ടു രണ്ടു വര്‍ഷം തികയുന്നു. കവിയുടെ മകള്‍ ഷൈനിരാജ് ഇങ്ങനെ ഓര്‍മ്മിക്കുന്നു.
"എന്നും ചുവന്ന പ്രഭാതം വിടരുവാന്‍ ആഗ്രഹിച്ചിരുന്ന കവിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച വിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു.പാര്‍ട്ടിയുടെ പിളര്‍പ്പ് ഒരു വലിയ ആഘാതം തന്നെ അദ്ദേഹത്തിനുണ്ടാക്കിയിരിക്കാം.അതുതന്നെയാവാം അദ്ദേഹത്തെ കവിതയില്‍ നിന്നും പിന്തിരിപ്പിച്ചതും"
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നതിന്റെ ഗുണഫലം നമ്മളിപ്പോള്‍ ബിഹാറില്‍ കാണുകയാണ്. പാര്‍ട്ടിയിലെ ഭിന്നിപ്പു കണ്ടു വേദനിച്ചവരായിരുന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കവികള്‍.അവര്‍ കൂടി ഉള്‍പ്പെട്ട മൂന്നാം പക്ഷത്തിനുള്ള ആശ്വാസസന്ദേശമാണ് കനയ്യകുമാറിന്റെ നാട്ടില്‍ നിന്നുള്ള മുന്നേറ്റസന്ദേശങ്ങള്‍.
അറിയാത്ത ചരിതങ്ങൾ ...!
ReplyDelete