Friday 18 December 2020

ഇപ്പോള്‍ അവർ

 

അവർ എന്തുചെയ്യുകയായിരിക്കും?
ഒരുവൾ
ബിയർ കുടിച്ചുൻമത്തയായ്
കടലിനെ നൂലിൽ കൊരുത്തെടുത്ത്
വിരലാൽ നിയന്ത്രിക്കയായിരിക്കാം
ഒരുവൾ
നിലാവിന്റെ പർദ്ദയിട്ട്
മരുഭൂവിലൊട്ടകക്കപ്പലേറി
കുടിനീരുതേടുകയായിരിക്കാം
ഒരുവൾ
ഖനിക്കുള്ളിൽ ജീവിതത്തിൻ
തരികൾ തിരയുകയായിരിക്കാം
ഒരുവൾ
ബഹുനിലക്കെട്ടിടത്തിൻ
നെറുകയിൽ കൂപ്പിയ കൈകളുമായ്
മതി മതിയെന്നു പ്രാർത്ഥിച്ചുറച്ച്
കുതികൊണ്ടൊടുങ്ങുകയായിരിക്കാം.
ഒരുവൾ
കൈക്കുഞ്ഞിനെ ചേർത്തുവെച്ച്
വിഷജലം മോന്തുകയായിരിക്കാം
ഒരുവൾ
കൈത്തോക്കിന്റെ മുമ്പിൽ നിന്ന്
ചിറകിനായ് യാചിക്കയായിരിക്കാം
ഇവിടെ നാം ചുണ്ടുകൾ പങ്കുവെയ്ക്കെ
അവർ എന്തുചെയ്യുകയായിരിക്കാം

Tuesday 15 December 2020

ശിശുക്കളുടെ ജീവിക്കാനുള്ള അവകാശം

ഒരു കുഞ്ഞിനെ സംബന്ധിച്ച് അടുത്തകാലത്ത് വായിക്കാനിടയായ ഒരു വാര്‍ത്ത വല്ലാതെ ഞെട്ടിച്ചു. കടുത്ത വയറു വേദനമൂലം ആശുപത്രിയിലെത്തിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വന്നു. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് നാലു സിഗററ്റ് ലൈറ്ററുകളും മറ്റു കുറെ ദഹിക്കാത്ത സാധനങ്ങളും!

എന്തായാലും ആ കുട്ടിയെ മരിക്കാതെ രക്ഷപ്പെടുത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

അവിശ്വസനീയ വലിപ്പമുള്ള മുടിക്കെട്ടുകളും പ്ലാസ്റ്റിക്ക് കൂടുകളും ഗോട്ടികളും  നാണയശേഖരവും മറ്റും ഇതുപോലെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. മുതിര്‍ന്നവരുടെ ശ്രദ്ധക്കുറവു മാത്രമാണു, ശിശുമരണം അടക്കമുള്ള അപകടങ്ങള്‍ക്കു കാരണം. സിഗരറ്റ് ലൈറ്ററുകള്‍ കുട്ടികളുടെ കയ്യെത്തുന്നിടത്ത് വയ്ക്കാതിരുന്നാല്‍ മതിയായിരുന്നല്ലോ. കുട്ടികളുള്ള വീട്ടിലിരുന്നു പുകവലിക്കുന്നത് കഠിന ശിക്ഷ നല്‍കുന്ന കുറ്റകൃത്യമാക്കിക്കൊണ്ടു നിയമം നിര്‍മ്മിക്കാവുന്നതാണ്.

പല ഔഷധങ്ങളുടെ കവറുകളിലും കുട്ടികളെടുക്കാത്ത സ്ഥലത്തു വയ്ക്കണമെന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. പുകവലി ആരോഗ്യത്തിനു ഹാനികരമെന്നത് പോലെ അതും ഒരു നിയമപരമായ മുന്നറിയിപ്പെന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയുകയാണ് പതിവ്. ഫലം, അപകടകരമായ ഔഷധങ്ങള്‍ കുട്ടികള്‍ കഴിച്ച് ആശുപത്രിയിലാകുന്നതാണ്. ഭാഷ വഴങ്ങിയിട്ടില്ലാത്ത കുട്ടികളാണ് അധികവും അപകടത്തില്‍ പെടുന്നത്. മുതിര്‍ന്നവരുടെ അശ്രദ്ധ മാത്രമാണു ഇതിന്‍റെ   കാരണം. അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങള്‍.

വാഹനത്തിന്‍റെ പിന്‍ ചക്രം  കയറി വിദ്യാലയത്തില്‍ പോലും കുട്ടികള്‍ മരിച്ച അനിഷ്ടസംഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്. വാഹനം  പിന്നിലേക്കെടുത്തപ്പോള്‍ വീട്ടുമുറ്റത്തു  പോലും കുഞ്ഞുങ്ങള്‍ അസ്തമിച്ചിട്ടുണ്ട്. ദൈവാരാധനയ്ക്ക് പോകാനായി വാഹനം പിന്നോട്ടെ ടുത്തപ്പോള്‍ ഇടിച്ചു തെറിച്ച   കുഞ്ഞുമക്കള്‍ ആറ്റില്‍  വീണു മരിച്ച സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ എന്തു പാഠം നമ്മള്‍ പഠിച്ചുവെന്ന് ആലോചിക്കേണ്ടതാണ്. ശ്രദ്ധയെ സംബന്ധിച്ച വലിയ പാഠങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടു. 

കുഞ്ഞുങ്ങളെ  കുത്തിനിറച്ച വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വളരെ വലുതാണ്. പരിശോധകരുടെ ഉദാസീനത ഇക്കാര്യത്തില്‍ കുറ്റകൃത്യമായി പരിഗണിക്കേണ്ടതാണ്.

വെള്ളം നിറച്ച ബക്കറ്റുകളില്‍ വീണു കുഞ്ഞുങ്ങള്‍ മരിച്ച നിരവധി വേദനിപ്പിച്ച സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. മൂടിയുള്ള ബക്കറ്റുപയോഗിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ ദുര്‍മ്മരണങ്ങള്‍. അശ്രദ്ധയാണ് ഇതിനും കാരണം. ഒന്നിലധികം വാര്‍ത്തകളുണ്ടായിട്ടും നമ്മള്‍ പഠിക്കുന്നില്ലെന്നുള്ളതാണ് ദു:ഖകരമായ കാര്യം.  കുഴല്‍ക്കിണറുകളില്‍ വീണു മരിച്ച കുഞ്ഞുങ്ങളും നമ്മുടെ ഓര്‍മ്മയിലെ നിലവിളികളാണ്.

ആള്‍മറയില്ലാത്ത കിണറുകള്‍ മറ്റൊരു കെണിയാണ്. ആള്‍മറമാത്രമല്ല, സൂര്യപ്രകാശവും കാറ്റും  മഴവെള്ളവും കടക്കുന്ന രീതിയില്‍ കിണറുകളെല്ലാം മൂടിവയ്പ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയേണ്ടതാണ്.

കുഞ്ഞുങ്ങളില്ലെങ്കില്‍ പോലും നമ്മള്‍ ശീലിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസകാലത്ത് തന്നെ അതു സംബന്ധിച്ച ബോധവല്‍ക്കരണം വേണം. സേഫ്റ്റി പിന്നുകള്‍ നിര്‍ബ്ബന്ധമായും മുന ഉള്ളിലാക്കി വയ്ക്കണം. പേനകളുടെ മൂടികള്‍ നിര്‍ബ്ബന്ധമായും ഉപയോഗിക്കണം. എഴുതിക്കഴിഞ്ഞാല്‍ മൂടിയില്ലാതെ പേന മേശപ്പുറത്ത് ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാന്‍ സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ശീലിപ്പിക്കണം.കണ്ണാടി കൊണ്ടുള്ള പാത്രങ്ങളും മറ്റും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുത്.

വൈദ്യുതിയുടെ പിന്‍പോയിന്റുകള്‍ ഒരു കാരണവശാലും കുഞ്ഞുങ്ങളുടെ കയ്യെത്തും ദൂരത്തായിരിക്കരുത്. മുതിര്‍ന്നവരുടെ സൌകര്യാര്‍ത്ഥം കിടക്കയ്ക്കരികില്‍ വിളക്കിന്‍റെയും പങ്കയുടെയും സ്വിച്ചുകള്‍ വയ്ക്കാറുണ്ട്. ഒപ്പം പിന്നുപയോഗിക്കാനുള്ള ദ്വാരങ്ങളും. ഈ സംവിധാനം ഇല്ലാതെതന്നെ ജീവിക്കാന്‍ കഴിയും.അല്ലെങ്കില്‍ മൂടിവയ്ക്കാവുന്ന രീതി അവലംബിക്കണം.

ശിശുമരണത്തില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ട്. നിസ്സഹായരും നിഷ്ക്കളങ്കരുമായ മനുഷ്യക്കുഞ്ഞുങ്ങളുടെ ജീവിതം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ പോലും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഗര്‍ഭിണികള്‍ക്ക് മുട്ടയും പാലും മറ്റും നല്കുന്നുണ്ട്. അമൃതം പൊടി തുടങ്ങിയവയും നല്കുന്നുണ്ട്. നഗര മാതാക്കള്‍ അനുസരിക്കുന്നില്ലെങ്കിലും മുലയൂട്ടലിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കുന്നുണ്ട്.

പോളിയോയ്ക്കും മറ്റുമുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്ന കാര്യത്തിലും കേരളം ശ്രദ്ധിക്കുന്നുണ്ട്. എല്ലാ മേഖലകളിലും ശ്രദ്ധിച്ചു ശിശുമരണം സമ്പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയണം. 

ജീപ്പില്‍ നിന്നും വയനാട്ടുചുരത്തില്‍ തെറിച്ചു വീണ ഒരു കുഞ്ഞ് പോലീസ് കാവല്‍പ്പുരയിലേക്ക് ഇഴഞ്ഞു ചെന്ന സംഭവം മറക്കാറായിട്ടില്ല. ഒരമ്മയും അതു മനപ്പൂര്‍വ്വം ഉണ്ടാക്കിവയ്ക്കില്ല.ഇവിടെ വാഹനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പാലിച്ചില്ലെന്നതായിരുന്നല്ലോ കാരണം. ഭാവിയില്‍ ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ നമ്മളെന്തു ചെയ്തു എന്നുകൂടി നോക്കേണ്ടതാണ്.

ഇനി രൂപീകൃതമാകുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ ശിശുക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കട്ടെ.