Saturday, 30 July 2016

അക്കാദമി അധ്യക്ഷപദം എഴുത്തുകാരിക്ക്‌ നൽകണം

മലയാളഭാഷാ സാഹിത്യചരിത്രം സ്ത്രീവിരുദ്ധതയുടെ ചരിത്രം കൂടിയാണ്‌. ദളിതരോടെന്ന പോലെ സ്ത്രീകളോടും അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ കേരളത്തിലെ സവർണസമൂഹം ആജ്ഞാപിച്ചു. സവർണ സമൂഹത്തിൽപ്പെട്ട അപൂർവം വനിതകൾക്കുമാത്രമേ അക്ഷരം പഠിക്കുവാൻ കഴിഞ്ഞിട്ടുള്ളു.

മലയാളത്തിന്‌ എഴുത്തച്ഛൻ മാത്രമേയുള്ളു എഴുത്തമ്മയില്ല. ഔവയാറിനേയും അക്കമഹാദേവിയേയും പൊൻതൂവലായി നെറുകയിൽ തിരുകിയ അയൽഭാഷകൾ നമുക്കുണ്ട്‌. അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാൻ മലയാളത്തിനാകില്ല.

കടത്തനാട്ടുനിന്നും നമുക്കു ലഭിച്ചിട്ടുള്ള നീണ്ട പാട്ടുകളൊക്കെ അമ്മമനസിൽ പിറന്നതാണെങ്കിലും അവരുടെ പേരോ മറ്റു വിവരങ്ങളോ നമുക്ക്‌ അറിയില്ല. കുലത്തൊഴിൽ എന്ന പേരിൽ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുളള ഒരു ജീവിതരീതി അടിച്ചേൽപിച്ചതുകൊണ്ടാണ്‌ കടത്തനാടൻ വീരഗാഥകൾ പകർന്നുതന്നവരെ നമുക്കറിയാത്തത്‌.

കേരള സാഹിത്യ അക്കാദമിയുടെ പുതുതായി രൂപീകരിക്കാൻ പോകുന്ന ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്‌ ആദരണീയയായ ഒരു എഴുത്തുകാരിയെ അവരോധിക്കുന്ന കാര്യം പരിഗണിക്കേണ്ടിയിരിക്കുന്നു.
കേരള സാഹിത്യ അക്കാദമിക്ക്‌ ഇതുവരെ ഇരുപത്തൊന്ന്‌ പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്‌. അതിൽ ഏതാനും ദിവസങ്ങൾ ആ കസേരയിലിരുന്ന ലളിതാംബിക അന്തർജനവും ഒന്നേകാൽ വർഷം മാത്രം അവിടെ ഇരിക്കാൻ കഴിഞ്ഞ പി വത്സലയുമൊഴിച്ചാൽ മറ്റൊരു എഴുത്തുകാരിയും ഇല്ല.

ഇന്ദിരാഗാന്ധിക്കാലത്ത്‌ ദേവകാന്ത ബറുവ എന്ന ഒരു കോൺഗ്രസ്‌ പ്രസിഡന്റുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടുളള വിധേയത്വത്തിന്റെയും അനുസരണാശീലത്തിന്റെയും എവറസ്റ്റു കീഴടക്കിയ അദ്ദേഹം ഇന്ത്യയെന്നാൽ ഇന്ദിരയെന്നു പറഞ്ഞുകളഞ്ഞു. അങ്ങനെയുളള ഒരു എഴുത്താളിയെ അക്കാദമി അധ്യക്ഷസ്ഥാനത്തു കാണുന്നത്‌ അരോചകമാണ്‌.

അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ ജനറൽ കൗൺസിലിന്റെ അംഗീകാരം നേടേണ്ടതുണ്ട്‌. വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്താനായി മന്ത്രി പാഞ്ഞുവരുന്നുണ്ട്‌ എന്ന്‌ വിലപിച്ച്‌ ഇതൊന്ന്‌ അംഗീകരിച്ചുതരണേ എന്ന്‌ യാചിച്ച്‌ നിറകണ്ണും വിറകയ്യുമായി നിൽക്കുന്ന ഭാരവാഹികളുടെ ദൃശ്യം ഭംഗിയുള്ളതല്ല.

അഭിപ്രായദാർഢ്യവും ചിന്താശേഷിയും ഉള്ള ധാരാളം എഴുത്തുകാരികൾ നമുക്കുണ്ട്‌.

മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത സുഗതകുമാരി, കവിതാസാഹിത്യത്തെ ചരിത്രപ്പെടുത്തിയ എം ലീലാവതി, പോരാട്ട മനസുള്ള സാറാ ജോസഫ,്‌ ബർസയിലൂടെ മലയാള മനസിൽ കടന്നിരുന്ന ഡോ. ഖദീജാ മുംതാസ്‌, പുരാണസാഗരം മനസിലൊതുക്കിയ സുമംഗല, അത്യാകർഷകമായി കഥ പറയുന്ന കെ ആർ മീര, അങ്കത്തട്ടുകളിലെങ്ങും കാണാത്ത നാർമടിപ്പുടവയുടെ സാറാ തോമസ്‌…

കവിയും ഗ്രന്ഥശാലാ ശാസ്ത്രവിദഗ്ധയുമായ ലളിതാ ലെനിൻ, കഥയും കവിതയുമായി മനസിൽ നിവർന്നു കത്തുന്ന അഷിത, കഥാകാരികളായ ചന്ദ്രമതിയും മാനസിയും ഗ്രേസിയും. കവിതയുടെ കനൽ വഴിയിലൂടെ നടന്നുവന്ന വിജയലക്ഷ്മി, അനിതാ തമ്പി ,മുൻപാർലമെന്റംഗവും കവിയുമായ ടി എൻ സീമ ഉജ്ജ്വലപ്രസംഗകയും സാഹിത്യ നിരീക്ഷകയുമായ പ്രൊഫ. സുബൈദ, മേധാശക്തിയും കവിതയും ഒരുപോലെയുള്ള ഡോ.ബി സന്ധ്യ, അധ്യാപകരും സാഹിത്യതൽപരരുമായ എ ജി ഒലീനയും മിനിപ്രസാദും ഡോ. എസ്‌ ശാരദക്കുട്ടിയും…

മലയാള കവിതയിൽ ഇച്ഛാശക്തിക്ക്‌ ചിറകുമുളപ്പിച്ച മ്യൂസ്‌ മേരി, കവികളായ സുജാസൂസൻ ജോർജ്ജ്‌, കണിമോൾ, സീതാദേവി കര്യാട്ട്‌, എസ്‌ സരോജം, ശാന്താതുളസീധരൻ, ജാനമ്മാ കുഞ്ഞുണ്ണി, വി എസ്‌ ബിന്ദു… ഇങ്ങനെ എത്രയോ വനിതകളാണ്‌ അധ്യക്ഷ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ളവരായി കേരളത്തിലുള്ളത്‌.

വിമാനക്കൂലി കൊടുത്താൽ പറന്നിറങ്ങി അക്കാദമിയെ നയിച്ചുതരാൻ കെൽപുള്ള എഴുത്തുകാർ അഞ്ചു വർഷത്തേക്ക്‌ വനിത നയിക്കുന്ന അക്കാദമിയിൽ അംഗങ്ങളായിരിക്കട്ടെ.

നിരവധി വർഷങ്ങളായി പരിപാടികൾ സംഘടിപ്പിച്ചും അക്കാദമിയുടെ കൃത്യനിർവഹണത്തിൽ ജാഗ്രതയോടെ ജീവിച്ചും ന മ്മുടെ ആദരവു നേടിയ സാഹിത്യ അക്കാദമി ജീവനക്കാരുടെ ഒരു പ്രതിനിധിയെക്കൂടി നിർവാഹകസമിതിയിൽ ഉൾപ്പെടുത്തുന്നത്‌ നന്നായിരിക്കും.

Thursday, 28 July 2016

പടിയിറക്കം

മറികടക്കുന്നു മണം
വെയിൽക്കുന്നിനെ
മറികടക്കുന്നു വെയിൽ
കടൽക്രോധത്തെ
മറികടക്കുന്നു കടൽ
കരക്കോട്ടയെ
മറികടക്കുന്നു കര
മഞ്ഞുനായ്ക്കളെ
മറികടക്കുന്നില്ല ഞാൻ
ആഗ്രഹങ്ങളെ
പടിയിറക്കത്തിന്റെ
മഴകനക്കുന്നു.

Tuesday, 26 July 2016

പോലീസ്.


റോന്തു ചുറ്റിത്തളര്‍ന്നപ്പോള്‍
കടല്‍ച്ചായക്കടയ്ക്കുള്ളില്‍ 
പാ വിരിച്ചു കിടക്കുന്നു
സൂര്യപ്പോലീസ്.
മയങ്ങുമ്പോള്‍ സ്വപ്നനായ്ക്കള്‍
കുരച്ചിട്ടും മോങ്ങിയിട്ടും
പാറുവലിച്ചുറങ്ങുന്നു.
സൂര്യപ്പോലീസ്.
മരം വന്നെ,ന്നടുക്കള
പൂട്ടിയില്ല പചിച്ചില്ല
ഉണരെന്നു കെഞ്ചിയിട്ടും
ഗൌനമില്ലാതെ
തുടയ്ക്കുള്ളില്‍ രശ്മിക്കൈകള്‍
കടത്തിക്കൂട്ടിപ്പിടിച്ച്
കൊടും ഹര്‍ത്താല്‍ ദിനം പോലെ
സൂര്യപ്പോലീസ്.
ഉറങ്ങൂ നീ ഉപ്പുകല്ലില്‍
നൂലുകെട്ടി ചുണ്ടില്‍ വച്ച്
ഉണര്‍ത്താന്‍ ഞാന്‍ വരുന്നുണ്ട്
വീര്യപ്പോലീസേ
കരിങ്കുപ്പായം ധരിച്ച്
ഉപ്പുനക്ഷത്രം പെറുക്കി
നിലാവിന്റെ നൂലു ചീന്തി
ഞാന്‍ വരുന്നുണ്ട്.

ജപ്തി


മുകില്‍ട്രാക്റ്റര്‍ ഓട്ടി വന്ന
പുലരിക്കാറ്റ്
ഒരു മണ്‍സൂണ്‍ പ്രസാദത്താല്‍
കുളിര്‍ത്തിരുന്നു.

മഴവിത്ത് വാരിവാരി
എറിഞ്ഞു പോകെ
നിറചിരി മിന്നലായി
പടര്‍ന്നിരുന്നു.

അടുത്ത കൊയ്ത്തു കാലത്തു
നരിബാങ്കുകള്‍
പ്രളയ ജപ്തിയുമായി
പക പോക്കുന്നു.

Sunday, 17 July 2016

ഭൗമംമരത്തില്‍ ഈര്‍ച്ചവാള്‍ തീര്‍ക്കും
കടും സംഗീതം 
കറണ്ട് കമ്പിയില്‍ കാറ്റിന്‍
കഠിന രാഗം
നഗര സൈറന്‍ വമിക്കും
ഭയത്തിന്‍ ഭാവം
വനത്തില്‍ നീരൊഴുക്കിന്റെ
നനുത്ത ഗീതം
എനിക്കിഷ്ടം നീ തരുന്ന
മൌനസംഗീതം
പ്രണയ ജീവിതത്തിന്‍റെ
ഭൗമ സംഗീതം

നാരായണഗുരുവിനോടെങ്കിലും ജാതി ചോദിക്കരുത്‌
തൈക്കാട്‌ അയ്യാസ്വാമികൾ അയ്യാവൈകുണ്ഠരുടെ മഹത്വം മനസിലാക്കിയ ആളായിരുന്നു. സ്വാമിമാർഗം തേടുന്നതിനു മുമ്പ്‌ അദ്ദേഹം രാജാവുമായി അടുപ്പമുണ്ടായിരുന്ന റസിഡന്റ്‌ സൂപ്രണ്ട്‌ സുബ്ബരായൻ ആയിരുന്നു. അയ്യാസ്വാമികളുടെ സ്വാധീന പ്രഭാവലയത്തിൽപ്പെട്ടവരിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും പീരുമുഹമ്മദും ഒക്കെ ഉൾപ്പെടും. ജാതി-മത അന്ധവിശ്വാസങ്ങളെ നിരാകരിച്ച മഹാഗുരുവായിരുന്നു അദ്ദേഹം.

തൈക്കാട്‌ അയ്യാസ്വാമികളുടെ ജാതിയെ സംബന്ധിച്ച്‌ ഒരു രസകരമായ സംവാദം സാംസ്കാരിക മേഖലയിൽ നടക്കുന്നുണ്ട്‌. കേരളം ബഹുമാനിക്കുന്ന സാംസ്കാരിക പ്രവർത്തകരിൽ ചിലരൊക്കെയാണ്‌ ഈ ജാതി കണ്ടെത്തൽ സംവാദത്തിൽ പങ്കെടുത്തിട്ടുള്ളത്‌.

അയ്യാസ്വാമികൾ ബ്രാഹ്മണനാണെന്നും പാണ്ടിപ്പറയനോ വെള്ളാളച്ചെട്ടിയോ മലയാളപ്പറയനോ ആണെന്നും തർക്കമുണ്ടായിരിക്കുന്നു. ജാതിയും മതവും ഉപേക്ഷിച്ച ചരിത്ര പുരുഷന്മാരുടെ പിന്നാലെ കൂടി അവർ വലിച്ചെറിഞ്ഞ ജാതിമാലിന്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിത്‌.

പയ്യന്നൂരെ ആനന്ദതീർത്ഥനോട്‌ ജാതിയേതെന്ന്‌ മഹാത്മാഗാന്ധി ചോദിച്ചപ്പോൾ ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല എന്നാണ്‌ ഉത്തരം പറഞ്ഞത്‌. ഈ വിഷയം ഒരു യോഗത്തിൽ പറഞ്ഞപ്പോൾ നാരായണ ഗുരുശിഷ്യനായ ഒരു സ്വാമി ആനന്ദതീർത്ഥന്റെ ജാതി വെളിപ്പെടുത്തിക്കൊണ്ടാണ്‌ അതിന്‌ മറുപടി പറഞ്ഞത്‌. മഹാപ്രതിഭകൾ ഉപേക്ഷിച്ച ജാതി തിരിച്ചുപിടിക്കേണ്ടതുണ്ടോ?
ഈഴവശിവൻ എന്ന പ്രയോഗം നാരായണഗുരുവിന്റേതല്ലെന്ന്‌ നിത്യചൈതന്യയതി പറഞ്ഞിട്ടുണ്ടല്ലോ. നാരായണഗുരുതന്നെ ചുട്ടെരിച്ച സ്വന്തം ജാതി നമ്മൾ ഊതിത്തെളിക്കേണ്ടതുണ്ടോ?

പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കുന്ന ഒരു പ്രതിഭാസംഗമത്തിൽ പങ്കെടുത്തപ്പോൾ അവിടെ എസ്‌എൻഡിപി യോഗവുമായി ബന്ധപ്പെട്ട രക്ഷകർത്താക്കളുടെ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത്‌ എന്നെ അത്ഭുതപ്പെടുത്തി. അതായത്‌ സ്കൂൾ രേഖകളിൽ ഈഴവ എന്ന്‌ എഴുതിയിട്ടുള്ള കുട്ടികളിൽ മികച്ച മാർക്ക്‌ വാങ്ങിയവർക്കു മാത്രമേ സമ്മാനമുണ്ടായിരുന്നുള്ളൂ. ഇത്‌ ശ്രീനാരായണ ധർമ്മത്തിന്‌ വിരുദ്ധമാണ്‌ എന്ന്‌ വിനയപൂർവം സൂചിപ്പിക്കേണ്ടിവന്നു. കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിയുടെ മകനായിരുന്നു അധ്യക്ഷൻ. ഗുരുമന്ദിരങ്ങളിൽ ആരാധിക്കുവാനെത്തുന്നത്‌ ഈഴവ സുമദായത്തിലുള്ളവർ മാത്രമാണെന്നും അതിനാൽ ഗുരുവിനെ ഈഴവ സമുദായത്തിൽ നിന്നും വേർപെടുത്തിക്കാണാൻ കഴിയില്ലെന്നുമുള്ള രീതിയിലാണ്‌ പ്രസംഗങ്ങൾ വികസിച്ചത്‌.

ജാതിക്കെതിരെ പോരാടിയ മഹാഗുരുവായ ശ്രീനാരായണൻ അദ്ദേഹത്തിന്റെ പക്വതയാർന്ന അവസാനകാലത്ത്‌ നമുക്ക്‌ ജാതിയില്ല എന്ന്‌ പറഞ്ഞിരുന്നല്ലോ. പറയുക മാത്രമല്ല, നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല എന്ന്‌ എഴുതി ഒപ്പിട്ട്‌ പ്രബുദ്ധ കേരളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. മനുഷ്യ ജ്ഞാനസ്നാനം നടത്തി ജാതിമത മാലിന്യങ്ങളെ അകറ്റി മനസും ശരീരവും ശുദ്ധമാക്കിയ നാരായണഗുരുവിനോടെങ്കിലും ജാതിയേതെന്നു ചോദിക്കാതിരിക്കാൻ നമുക്ക്‌ കഴിയണം.
ജാതി ചോദിച്ചവരോട്‌ കണ്ടാലറിയില്ലേ എന്നും കണ്ടിട്ടുമറിയില്ലെങ്കിൽ കേട്ടാലെങ്ങനെ അറിയുമെന്നുമാണ്‌ ഗുരു ചോദിച്ചത്‌.

നാരായണഗുരുവിനും മുമ്പേ സഞ്ചരിച്ച അയ്യാ വൈകുണ്ഠർ ആണെങ്കിൽ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ലോകം, ഒരു മൊഴി, ഒരു നീതി എന്നാണ്‌ പറഞ്ഞത്‌. യോഗാസനത്തിന്റെയോ ക്ഷേത്രസ്ഥാപനങ്ങളുടെയോ പിന്നാലെ പോകാതിരുന്ന അയ്യങ്കാളിയാണെങ്കിൽ പാവപ്പെട്ടവരുടെ മുഴുവൻ ഉന്നമനത്തെ ലക്ഷ്യമാക്കി സാധുജന പരിപാലന സംഘമാണ്‌ സ്ഥാപിച്ചത്‌. ബ്രഹ്മാനന്ദ ശിവയോഗിയാണെങ്കിൽ ജയിലായി സങ്കൽപ്പിച്ച ജാതിയിൽ നിന്നും പുറത്തുവരാൻ പഠിപ്പിക്കുകയായിരുന്നു.

ഇവരുടെയൊക്കെ അനുയായികളാകാൻ കഴിഞ്ഞില്ലെങ്കിലും ഇവരുടെ ജാതി ചോദിക്കാതിരിക്കാനെങ്കിലും നമുക്ക്‌ കഴിയണം.

Tuesday, 12 July 2016

ചെർഗീസ്


വൈതരണിക്കരയിൽ
വൈകുന്നേരത്തൊരു നാളിൽ
രണ്ടു സഖാക്കൾ ആശ്ളേഷിച്ചത്
കണ്ടതു മിന്നൽപെൺകൊടികൾ

ചില്ലു തറച്ച ശരീരം തമ്മിൽ
കല്ലിനു ജീവൻ വച്ചതുപോലെ
പുണരുമ്പോൾ
നരകമരങ്ങൾ പൊടുന്നനെ പൂത്തു
തിരികളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു
നിലവിളിയുജ്വല സിംഫണിയായി
ഫണികൾ മലർക്കൂമ്പായി

ചുമലിൽ തട്ടിയൊരാൾ പറയുന്നു
തിരുനെല്ലിയിലൊരു പകൽ ഞാൻ വന്നു
പെരുമനെയോർത്തു കലങ്ങിയ മിഴികൾ
നിരവധി കണ്ടു
കദനാദ്രികളിൽ
സിരയായൊഴുകിയ ചുടുകണ്ണീരിൻ
കവിതകൾ കേട്ടു
കിനാവും നാവും
പ്രണയിച്ചെഴുതിയ വെയിലും വയലും
ഒരുമിച്ചങ്ങനെ ചോന്നതറിഞ്ഞു

വിരലിൽ സ്പർശിച്ചപരൻ ചൊല്ലി
അരികിലിരുന്നു ബൊളീവിയയിൽ ഞാൻ
മലകളിറങ്ങിയിരമ്പിവരുമ്പോൾ
പണിയരെയനവധി കണ്ടു

കണ്ണിൽ കൊടിയും തുടിയും
തുരുതുരെയുടയും ഉടലും
തുടലും വെടിയൊച്ചകളും
പടയുമറിഞ്ഞു നിറഞ്ഞു
ജീവിതസമരത്തിൻ
മഴയാണ്ടു നനഞ്ഞു

രണ്ടു സഖാക്കളുമപ്രത്യക്ഷം
കണ്ടതു പിന്നൊരു കിരണം മാത്രം
ഒറ്റമനസ്സൊരു ദേഹം
ചൊല്ലിയതൊറ്റമൊഴി
ഒരു സാക്ഷ്യം രക്തം

Friday, 1 July 2016

നാടകാന്തം കവിത്വം കാവാലത്തിന്‌ സ്വന്തം


സഫല ജീവിതത്തിന്റെ പതാക താഴ്ത്തി കാവാലം നാരായണപ്പണിക്കർ യാത്രയായി. നാടകാന്തം കവിത്വം എന്ന സൂര്യപ്രയോഗം മലയാളത്തിൽ കാവാലം നാരായണപ്പണിക്കരുടെ തൊപ്പിയിൽ മാത്രം വയ്ക്കാവുന്ന തൂവലാണ്‌. മറ്റുചില കവികൾ നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്‌ എങ്കിലും കാവാലത്തിന്‌ കിട്ടിയ സ്വീകാര്യത കവി, നാടകകൃത്ത്‌ എന്നീ നിലകളിൽ അവർക്കാർക്കും കിട്ടിയിട്ടില്ല.

സംസ്കൃത സാഹിത്യത്തിൽ കാളിദാസന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ഉജ്ജയിനിയിലെ കാളിദാസ നാടകോത്സവത്തിൽ സഹൃദയരുടെ പ്രശംസയ്ക്ക്‌ പാത്രമായ കാവാലം നാരായണപ്പണിക്കർക്ക്‌ മലയാളത്തിൽ ലഭിച്ചത്‌.
അദ്ദേഹത്തന്റെ കവിതകൾ എല്ലാം തന്നെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ ആവിഷ്ക്കരിച്ച താളവ്യവസ്ഥയുമായി ഇഴപ്പൊരുത്തമുള്ളവയാണ്‌. കാവാലം രംഭയും മറ്റും പൊതുവേദികളിൽ ആടിപ്പാടിയിരുന്ന കുട്ടനാടൻ പാട്ടുകളുടെ നിഴലും നിലാവും ആദിത്യ വെളിച്ചവും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്‌.

കുട്ടനാടൻ പണിയാളപ്പാട്ടുകളുടെ ചന്തം ആദ്യം തിരിച്ചറിഞ്ഞത്‌ വള്ളുവനാട്ടിൽ നിന്നും അമ്പലപ്പുഴയിലെത്തിയ മഹാകവി കുഞ്ചൻ നമ്പ്യാരായിരുന്നു. അത്‌ അദ്ദേഹം ഫലപ്രദമായി പ്രയോഗിക്കുകയും വിവർത്തനം ചെയ്യാൻപോലും സാധിക്കാത്ത വിധത്തിൽ തനിമകൊണ്ട്‌ ശ്രദ്ധേയമാവുകയും ചെയ്തു. കാവാലം വിശ്വനാഥ കുറുപ്പും അയ്യപ്പപ്പണിക്കരും ഈ വഴിയേ ഏറെ സഞ്ചരിച്ചവരാണ്‌. എന്നാൽ നാടകത്തിലും കവിതയിലും ഒരുപോലെ കുട്ടനാടൻ തനിമ സൂക്ഷിച്ചുകൊണ്ട്‌ കലാസാഹിത്യ പ്രവർത്തനം നടത്തി ലോക ശ്രദ്ധയാകർഷിച്ച പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ.

അദ്ദേഹത്തിന്റെ ഗണപതിത്താളം, മണ്ണ്‌, ചൂട്ടുപടേണി, വേലൻ വേലു എല്ലാം കുട്ടനാടിന്റെ സൗന്ദര്യമാണെങ്കിൽ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള നാട്ടുരീതികളെ അദ്ദേഹം സ്വായത്തമാക്കിയതിന്റെ തെളിവാണ്‌ കോതാമൂരി, കുമ്മാട്ടിക്കഥയിലെ മുത്തശി തുടങ്ങിയ കവിതകൾ.

ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്‌ 1977 ൽ കേരള സാഹിത്യ അക്കാദമി നടത്തിയ യുവസാഹിത്യ ക്യാമ്പിൽ വച്ചായിരുന്നു. പി കേശവദേവും ഒഎൻവിയുമൊക്കെയായിരുന്നു സാരഥികൾ, ക്യാമ്പിന്റെ സമാപന ദിവസം കാവാലം, അവനവൻ കടമ്പ എന്ന നാടകം വൃക്ഷങ്ങൾ നിറഞ്ഞ തുറന്ന വേദിയിൽ അവതരിപ്പിച്ചു. സംവിധായകനായി ജി അരവിന്ദനും പാട്ടുപരിഷയ്ക്കും ആട്ടപ്പണ്ടാരത്തിനും നേതൃത്വം നൽകിക്കൊണ്ട്‌ നെടുമുടി വേണുവും ഗോപിയും. അവനവൻ കടമ്പ മുറിച്ച്‌ സംഘശക്തി വാലടിക്കാവിലെ പൂരം കാണാൻ ഒന്നിച്ച്‌ ഓടിപ്പോകുന്ന കൂട്ടത്തിൽ ഇലത്താളവുമായി കാണികൾക്കിടയിലേയ്ക്ക്‌ ഓടിയിറങ്ങിയവരിൽ വെളുത്തുനീണ്ടു മെലിഞ്ഞ കാവാലം നാരായണപ്പണിക്കരുമുണ്ടായിരുന്നു. അടുത്തിരുന്ന്‌ നാടകം കണ്ട നവാബ്‌ രാജേന്ദ്രൻ അവനവൻ കടമ്പയെക്കുറിച്ച്‌ അത്ഭുതത്തോടെ സംസാരിക്കുകയും ചെയ്തു.

കുട്ടനാട്‌ ഗവൺമെന്റ്‌ യുപിഎസിൽ കവിത ചൊല്ലാൻ പോയപ്പോൾ ചാലയിൽ തറവാട്ടിലും അയ്യപ്പപ്പണിക്കരെ സംസ്കരിച്ച സ്ഥലത്തും ഞാൻ പോയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ കാവാലം സുരേഷ്ബാബുവായിരുന്നു വഴികാട്ടി. ചാലയിൽ തറവാട്ടിലേയ്ക്ക്‌ എന്നെ നയിച്ചത്‌ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷനായ സർദാർ കെ എം പണിക്കരുടെ വീട്‌ എന്നതായിരുന്നില്ല. കാവാലം നാരായണപ്പണിക്കരുടെ വിൽക്കുന്നില്ലിവിടം എന്ന കവിതയാണ്‌ എന്നെ അങ്ങോട്ട്‌ നയിച്ചത്‌. എന്തുകൊണ്ട്‌ തറവാട്‌ വിൽക്കുന്നില്ല എന്ന്‌ ഹൃദയ കോടതിയിലെ സർഗവിചാരണയിൽ വാദിക്കുന്നതാണല്ലോ ആ കവിത.

മലയാളത്തിലെ ഗാന രചയിതാക്കളിൽ ചങ്ങമ്പുഴ സ്പർശമില്ലാത്ത ഏക പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ. എം ജി രാധാകൃഷ്ണനുമായി ചേർന്ന്‌ ആകാശവാണിയിലൂടെ അദ്ദേഹം പിറവികൊടുത്ത ഗാനങ്ങൾ മലയാള ഗാനശാഖയിലെ സുവർണ അധ്യായമാണ്‌. ഘനശ്യാമ സന്ധ്യാഹൃദയവും അക്കരെ നിന്നിക്കരെയ്ക്കൊരു പാലവും മുത്തുകൊണ്ട്‌ നിറഞ്ഞ മുറവും പൂക്കൈതയാറും പുതുപുത്തൻ പൂമാരനും ശ്രീഗണപതിയും ആർക്കാണ്‌ മറക്കാൻ കഴിയുക. അവസാനം ഞാനദ്ദേഹത്തെ കണ്ടത്‌ തീവണ്ടിയിലെ വാതിലിനടുത്തുള്ള ഇടനാഴിയിൽ വച്ചായിരുന്നു. അന്ന്‌ ശാകുന്തളം അടക്കമുള്ള പുതിയ ആവിഷ്ക്കാര പരിശ്രമങ്ങളെ കുറിച്ച്‌ അദ്ദേഹം പറയുകയും ഒറ്റയാൾക്കുവേണ്ടിയും ഞങ്ങൾ നാടകം കളിക്കാറുണ്ട്‌ അതിനാൽ സോപാനത്തിലേയ്ക്ക്‌ വരണമെന്ന്‌ ക്ഷണിക്കുകയും ചെയ്തു. എനിക്കൊരിക്കലും സോപാനത്തിൽ പോകാൻ കഴിഞ്ഞതേയില്ല.

കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം രാവിലെ കാവാലം നാരായണപ്പണിക്കർ ഫോൺ ചെയ്തു. വയ്യ എന്നും ശ്രീകുമാറിനെ ഓർത്തപ്പോൾ വിളിക്കണമെന്നു തോന്നി വിളിച്ചതാണെന്നും പറഞ്ഞ്‌ ഫോൺ വച്ചു. പ്രമുഖരുടെ കുശലാന്വേഷണങ്ങൾക്ക്‌ ഒരിക്കലും വിധേയനായിട്ടില്ലാത്ത എന്നെ ഉന്നത ശീർഷനായ കാവാലം വെറുതെ വിളിച്ചതിലുള്ള അമ്പരപ്പ്‌ എന്റെ കണ്ണു നിറച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലായിരുന്നല്ലോ എല്ലാക്കാലത്തും കാവാലത്തിന്റെ ശ്രദ്ധ.

കവിതയുടെ പതാക പകുതി താഴ്ത്തി നിറകണ്ണുകളോടെ തലകുനിച്ചു നിൽക്കുന്നു. കാവാലം നാരായണപ്പണിക്കർ എന്ന മഹാ പ്രതിഭയ്ക്ക്‌ പ്രണാമം.