Friday, 1 July 2016

നാടകാന്തം കവിത്വം കാവാലത്തിന്‌ സ്വന്തം


സഫല ജീവിതത്തിന്റെ പതാക താഴ്ത്തി കാവാലം നാരായണപ്പണിക്കർ യാത്രയായി. നാടകാന്തം കവിത്വം എന്ന സൂര്യപ്രയോഗം മലയാളത്തിൽ കാവാലം നാരായണപ്പണിക്കരുടെ തൊപ്പിയിൽ മാത്രം വയ്ക്കാവുന്ന തൂവലാണ്‌. മറ്റുചില കവികൾ നാടകങ്ങൾ കൂടി എഴുതിയിട്ടുണ്ട്‌ എങ്കിലും കാവാലത്തിന്‌ കിട്ടിയ സ്വീകാര്യത കവി, നാടകകൃത്ത്‌ എന്നീ നിലകളിൽ അവർക്കാർക്കും കിട്ടിയിട്ടില്ല.

സംസ്കൃത സാഹിത്യത്തിൽ കാളിദാസന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ഉജ്ജയിനിയിലെ കാളിദാസ നാടകോത്സവത്തിൽ സഹൃദയരുടെ പ്രശംസയ്ക്ക്‌ പാത്രമായ കാവാലം നാരായണപ്പണിക്കർക്ക്‌ മലയാളത്തിൽ ലഭിച്ചത്‌.
അദ്ദേഹത്തന്റെ കവിതകൾ എല്ലാം തന്നെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ ആവിഷ്ക്കരിച്ച താളവ്യവസ്ഥയുമായി ഇഴപ്പൊരുത്തമുള്ളവയാണ്‌. കാവാലം രംഭയും മറ്റും പൊതുവേദികളിൽ ആടിപ്പാടിയിരുന്ന കുട്ടനാടൻ പാട്ടുകളുടെ നിഴലും നിലാവും ആദിത്യ വെളിച്ചവും അദ്ദേഹത്തിന്റെ കവിതകളിലുണ്ട്‌.

കുട്ടനാടൻ പണിയാളപ്പാട്ടുകളുടെ ചന്തം ആദ്യം തിരിച്ചറിഞ്ഞത്‌ വള്ളുവനാട്ടിൽ നിന്നും അമ്പലപ്പുഴയിലെത്തിയ മഹാകവി കുഞ്ചൻ നമ്പ്യാരായിരുന്നു. അത്‌ അദ്ദേഹം ഫലപ്രദമായി പ്രയോഗിക്കുകയും വിവർത്തനം ചെയ്യാൻപോലും സാധിക്കാത്ത വിധത്തിൽ തനിമകൊണ്ട്‌ ശ്രദ്ധേയമാവുകയും ചെയ്തു. കാവാലം വിശ്വനാഥ കുറുപ്പും അയ്യപ്പപ്പണിക്കരും ഈ വഴിയേ ഏറെ സഞ്ചരിച്ചവരാണ്‌. എന്നാൽ നാടകത്തിലും കവിതയിലും ഒരുപോലെ കുട്ടനാടൻ തനിമ സൂക്ഷിച്ചുകൊണ്ട്‌ കലാസാഹിത്യ പ്രവർത്തനം നടത്തി ലോക ശ്രദ്ധയാകർഷിച്ച പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ.

അദ്ദേഹത്തിന്റെ ഗണപതിത്താളം, മണ്ണ്‌, ചൂട്ടുപടേണി, വേലൻ വേലു എല്ലാം കുട്ടനാടിന്റെ സൗന്ദര്യമാണെങ്കിൽ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള നാട്ടുരീതികളെ അദ്ദേഹം സ്വായത്തമാക്കിയതിന്റെ തെളിവാണ്‌ കോതാമൂരി, കുമ്മാട്ടിക്കഥയിലെ മുത്തശി തുടങ്ങിയ കവിതകൾ.

ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്‌ 1977 ൽ കേരള സാഹിത്യ അക്കാദമി നടത്തിയ യുവസാഹിത്യ ക്യാമ്പിൽ വച്ചായിരുന്നു. പി കേശവദേവും ഒഎൻവിയുമൊക്കെയായിരുന്നു സാരഥികൾ, ക്യാമ്പിന്റെ സമാപന ദിവസം കാവാലം, അവനവൻ കടമ്പ എന്ന നാടകം വൃക്ഷങ്ങൾ നിറഞ്ഞ തുറന്ന വേദിയിൽ അവതരിപ്പിച്ചു. സംവിധായകനായി ജി അരവിന്ദനും പാട്ടുപരിഷയ്ക്കും ആട്ടപ്പണ്ടാരത്തിനും നേതൃത്വം നൽകിക്കൊണ്ട്‌ നെടുമുടി വേണുവും ഗോപിയും. അവനവൻ കടമ്പ മുറിച്ച്‌ സംഘശക്തി വാലടിക്കാവിലെ പൂരം കാണാൻ ഒന്നിച്ച്‌ ഓടിപ്പോകുന്ന കൂട്ടത്തിൽ ഇലത്താളവുമായി കാണികൾക്കിടയിലേയ്ക്ക്‌ ഓടിയിറങ്ങിയവരിൽ വെളുത്തുനീണ്ടു മെലിഞ്ഞ കാവാലം നാരായണപ്പണിക്കരുമുണ്ടായിരുന്നു. അടുത്തിരുന്ന്‌ നാടകം കണ്ട നവാബ്‌ രാജേന്ദ്രൻ അവനവൻ കടമ്പയെക്കുറിച്ച്‌ അത്ഭുതത്തോടെ സംസാരിക്കുകയും ചെയ്തു.

കുട്ടനാട്‌ ഗവൺമെന്റ്‌ യുപിഎസിൽ കവിത ചൊല്ലാൻ പോയപ്പോൾ ചാലയിൽ തറവാട്ടിലും അയ്യപ്പപ്പണിക്കരെ സംസ്കരിച്ച സ്ഥലത്തും ഞാൻ പോയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ കാവാലം സുരേഷ്ബാബുവായിരുന്നു വഴികാട്ടി. ചാലയിൽ തറവാട്ടിലേയ്ക്ക്‌ എന്നെ നയിച്ചത്‌ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷനായ സർദാർ കെ എം പണിക്കരുടെ വീട്‌ എന്നതായിരുന്നില്ല. കാവാലം നാരായണപ്പണിക്കരുടെ വിൽക്കുന്നില്ലിവിടം എന്ന കവിതയാണ്‌ എന്നെ അങ്ങോട്ട്‌ നയിച്ചത്‌. എന്തുകൊണ്ട്‌ തറവാട്‌ വിൽക്കുന്നില്ല എന്ന്‌ ഹൃദയ കോടതിയിലെ സർഗവിചാരണയിൽ വാദിക്കുന്നതാണല്ലോ ആ കവിത.

മലയാളത്തിലെ ഗാന രചയിതാക്കളിൽ ചങ്ങമ്പുഴ സ്പർശമില്ലാത്ത ഏക പ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കർ. എം ജി രാധാകൃഷ്ണനുമായി ചേർന്ന്‌ ആകാശവാണിയിലൂടെ അദ്ദേഹം പിറവികൊടുത്ത ഗാനങ്ങൾ മലയാള ഗാനശാഖയിലെ സുവർണ അധ്യായമാണ്‌. ഘനശ്യാമ സന്ധ്യാഹൃദയവും അക്കരെ നിന്നിക്കരെയ്ക്കൊരു പാലവും മുത്തുകൊണ്ട്‌ നിറഞ്ഞ മുറവും പൂക്കൈതയാറും പുതുപുത്തൻ പൂമാരനും ശ്രീഗണപതിയും ആർക്കാണ്‌ മറക്കാൻ കഴിയുക. അവസാനം ഞാനദ്ദേഹത്തെ കണ്ടത്‌ തീവണ്ടിയിലെ വാതിലിനടുത്തുള്ള ഇടനാഴിയിൽ വച്ചായിരുന്നു. അന്ന്‌ ശാകുന്തളം അടക്കമുള്ള പുതിയ ആവിഷ്ക്കാര പരിശ്രമങ്ങളെ കുറിച്ച്‌ അദ്ദേഹം പറയുകയും ഒറ്റയാൾക്കുവേണ്ടിയും ഞങ്ങൾ നാടകം കളിക്കാറുണ്ട്‌ അതിനാൽ സോപാനത്തിലേയ്ക്ക്‌ വരണമെന്ന്‌ ക്ഷണിക്കുകയും ചെയ്തു. എനിക്കൊരിക്കലും സോപാനത്തിൽ പോകാൻ കഴിഞ്ഞതേയില്ല.

കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം രാവിലെ കാവാലം നാരായണപ്പണിക്കർ ഫോൺ ചെയ്തു. വയ്യ എന്നും ശ്രീകുമാറിനെ ഓർത്തപ്പോൾ വിളിക്കണമെന്നു തോന്നി വിളിച്ചതാണെന്നും പറഞ്ഞ്‌ ഫോൺ വച്ചു. പ്രമുഖരുടെ കുശലാന്വേഷണങ്ങൾക്ക്‌ ഒരിക്കലും വിധേയനായിട്ടില്ലാത്ത എന്നെ ഉന്നത ശീർഷനായ കാവാലം വെറുതെ വിളിച്ചതിലുള്ള അമ്പരപ്പ്‌ എന്റെ കണ്ണു നിറച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലായിരുന്നല്ലോ എല്ലാക്കാലത്തും കാവാലത്തിന്റെ ശ്രദ്ധ.

കവിതയുടെ പതാക പകുതി താഴ്ത്തി നിറകണ്ണുകളോടെ തലകുനിച്ചു നിൽക്കുന്നു. കാവാലം നാരായണപ്പണിക്കർ എന്ന മഹാ പ്രതിഭയ്ക്ക്‌ പ്രണാമം.

1 comment:

  1. കവിതയുടെ പതാക പകുതി
    താഴ്ത്തി നിറകണ്ണുകളോടെ തലകുനിച്ചു
    നിൽക്കുന്നു. കാവാലം നാരായണപ്പണിക്കർ
    എന്ന മഹാ പ്രതിഭയ്ക്ക്‌ പ്രണാമം.

    ReplyDelete