Saturday, 30 July 2016

അക്കാദമി അധ്യക്ഷപദം എഴുത്തുകാരിക്ക്‌ നൽകണം

മലയാളഭാഷാ സാഹിത്യചരിത്രം സ്ത്രീവിരുദ്ധതയുടെ ചരിത്രം കൂടിയാണ്‌. ദളിതരോടെന്ന പോലെ സ്ത്രീകളോടും അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ കേരളത്തിലെ സവർണസമൂഹം ആജ്ഞാപിച്ചു. സവർണ സമൂഹത്തിൽപ്പെട്ട അപൂർവം വനിതകൾക്കുമാത്രമേ അക്ഷരം പഠിക്കുവാൻ കഴിഞ്ഞിട്ടുള്ളു.

മലയാളത്തിന്‌ എഴുത്തച്ഛൻ മാത്രമേയുള്ളു എഴുത്തമ്മയില്ല. ഔവയാറിനേയും അക്കമഹാദേവിയേയും പൊൻതൂവലായി നെറുകയിൽ തിരുകിയ അയൽഭാഷകൾ നമുക്കുണ്ട്‌. അങ്ങനെയൊരാളെ ചൂണ്ടിക്കാട്ടാൻ മലയാളത്തിനാകില്ല.

കടത്തനാട്ടുനിന്നും നമുക്കു ലഭിച്ചിട്ടുള്ള നീണ്ട പാട്ടുകളൊക്കെ അമ്മമനസിൽ പിറന്നതാണെങ്കിലും അവരുടെ പേരോ മറ്റു വിവരങ്ങളോ നമുക്ക്‌ അറിയില്ല. കുലത്തൊഴിൽ എന്ന പേരിൽ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുളള ഒരു ജീവിതരീതി അടിച്ചേൽപിച്ചതുകൊണ്ടാണ്‌ കടത്തനാടൻ വീരഗാഥകൾ പകർന്നുതന്നവരെ നമുക്കറിയാത്തത്‌.

കേരള സാഹിത്യ അക്കാദമിയുടെ പുതുതായി രൂപീകരിക്കാൻ പോകുന്ന ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്‌ ആദരണീയയായ ഒരു എഴുത്തുകാരിയെ അവരോധിക്കുന്ന കാര്യം പരിഗണിക്കേണ്ടിയിരിക്കുന്നു.
കേരള സാഹിത്യ അക്കാദമിക്ക്‌ ഇതുവരെ ഇരുപത്തൊന്ന്‌ പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്‌. അതിൽ ഏതാനും ദിവസങ്ങൾ ആ കസേരയിലിരുന്ന ലളിതാംബിക അന്തർജനവും ഒന്നേകാൽ വർഷം മാത്രം അവിടെ ഇരിക്കാൻ കഴിഞ്ഞ പി വത്സലയുമൊഴിച്ചാൽ മറ്റൊരു എഴുത്തുകാരിയും ഇല്ല.

ഇന്ദിരാഗാന്ധിക്കാലത്ത്‌ ദേവകാന്ത ബറുവ എന്ന ഒരു കോൺഗ്രസ്‌ പ്രസിഡന്റുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടുളള വിധേയത്വത്തിന്റെയും അനുസരണാശീലത്തിന്റെയും എവറസ്റ്റു കീഴടക്കിയ അദ്ദേഹം ഇന്ത്യയെന്നാൽ ഇന്ദിരയെന്നു പറഞ്ഞുകളഞ്ഞു. അങ്ങനെയുളള ഒരു എഴുത്താളിയെ അക്കാദമി അധ്യക്ഷസ്ഥാനത്തു കാണുന്നത്‌ അരോചകമാണ്‌.

അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ ജനറൽ കൗൺസിലിന്റെ അംഗീകാരം നേടേണ്ടതുണ്ട്‌. വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്താനായി മന്ത്രി പാഞ്ഞുവരുന്നുണ്ട്‌ എന്ന്‌ വിലപിച്ച്‌ ഇതൊന്ന്‌ അംഗീകരിച്ചുതരണേ എന്ന്‌ യാചിച്ച്‌ നിറകണ്ണും വിറകയ്യുമായി നിൽക്കുന്ന ഭാരവാഹികളുടെ ദൃശ്യം ഭംഗിയുള്ളതല്ല.

അഭിപ്രായദാർഢ്യവും ചിന്താശേഷിയും ഉള്ള ധാരാളം എഴുത്തുകാരികൾ നമുക്കുണ്ട്‌.

മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത സുഗതകുമാരി, കവിതാസാഹിത്യത്തെ ചരിത്രപ്പെടുത്തിയ എം ലീലാവതി, പോരാട്ട മനസുള്ള സാറാ ജോസഫ,്‌ ബർസയിലൂടെ മലയാള മനസിൽ കടന്നിരുന്ന ഡോ. ഖദീജാ മുംതാസ്‌, പുരാണസാഗരം മനസിലൊതുക്കിയ സുമംഗല, അത്യാകർഷകമായി കഥ പറയുന്ന കെ ആർ മീര, അങ്കത്തട്ടുകളിലെങ്ങും കാണാത്ത നാർമടിപ്പുടവയുടെ സാറാ തോമസ്‌…

കവിയും ഗ്രന്ഥശാലാ ശാസ്ത്രവിദഗ്ധയുമായ ലളിതാ ലെനിൻ, കഥയും കവിതയുമായി മനസിൽ നിവർന്നു കത്തുന്ന അഷിത, കഥാകാരികളായ ചന്ദ്രമതിയും മാനസിയും ഗ്രേസിയും. കവിതയുടെ കനൽ വഴിയിലൂടെ നടന്നുവന്ന വിജയലക്ഷ്മി, അനിതാ തമ്പി ,മുൻപാർലമെന്റംഗവും കവിയുമായ ടി എൻ സീമ ഉജ്ജ്വലപ്രസംഗകയും സാഹിത്യ നിരീക്ഷകയുമായ പ്രൊഫ. സുബൈദ, മേധാശക്തിയും കവിതയും ഒരുപോലെയുള്ള ഡോ.ബി സന്ധ്യ, അധ്യാപകരും സാഹിത്യതൽപരരുമായ എ ജി ഒലീനയും മിനിപ്രസാദും ഡോ. എസ്‌ ശാരദക്കുട്ടിയും…

മലയാള കവിതയിൽ ഇച്ഛാശക്തിക്ക്‌ ചിറകുമുളപ്പിച്ച മ്യൂസ്‌ മേരി, കവികളായ സുജാസൂസൻ ജോർജ്ജ്‌, കണിമോൾ, സീതാദേവി കര്യാട്ട്‌, എസ്‌ സരോജം, ശാന്താതുളസീധരൻ, ജാനമ്മാ കുഞ്ഞുണ്ണി, വി എസ്‌ ബിന്ദു… ഇങ്ങനെ എത്രയോ വനിതകളാണ്‌ അധ്യക്ഷ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ളവരായി കേരളത്തിലുള്ളത്‌.

വിമാനക്കൂലി കൊടുത്താൽ പറന്നിറങ്ങി അക്കാദമിയെ നയിച്ചുതരാൻ കെൽപുള്ള എഴുത്തുകാർ അഞ്ചു വർഷത്തേക്ക്‌ വനിത നയിക്കുന്ന അക്കാദമിയിൽ അംഗങ്ങളായിരിക്കട്ടെ.

നിരവധി വർഷങ്ങളായി പരിപാടികൾ സംഘടിപ്പിച്ചും അക്കാദമിയുടെ കൃത്യനിർവഹണത്തിൽ ജാഗ്രതയോടെ ജീവിച്ചും ന മ്മുടെ ആദരവു നേടിയ സാഹിത്യ അക്കാദമി ജീവനക്കാരുടെ ഒരു പ്രതിനിധിയെക്കൂടി നിർവാഹകസമിതിയിൽ ഉൾപ്പെടുത്തുന്നത്‌ നന്നായിരിക്കും.

1 comment:

 1. കേരള സാഹിത്യ അക്കാദമിയുടെ
  പുതുതായി രൂപീകരിക്കാൻ പോകുന്ന
  ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്‌
  ആദരണീയയായ ഒരു എഴുത്തുകാരിയെ അവരോധിക്കുന്ന
  കാര്യം പരിഗണിക്കേണ്ടിയിരിക്കുന്നു.

  ReplyDelete