Friday 27 December 2013

ചാർവാകൻ


അഗ്നിയും ഹിമവും 
മുഖാമുഖം കാണുന്ന സുപ്രഭാതം 


പുഷ്പവും പക്ഷിയും 
പ്രത്യക്ഷമാവുന്ന സുപ്രഭാതം 


ഉപ്പു കുമിഞ്ഞപോലദ്രി 
അതിനപ്പുറം 

അത്തിനന്തോം തക ച്ചോടു  വെച്ചങ്ങിനെ 
വിത്തിട്ടു പോകും കൃഷി സ്ഥലം 


വെണ്‍കരടി 
സ്വപ്നത്തിലെന്നപോൽ 
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം 


വൃദ്ധ താപസ്സർ പ്രാപിച്ചു വൃത്തികേടാക്കിയ 
വേദ കിടാത്തികൾ 
കത്തി നിവർന്ന വിളക്കു ചാർവാകൻ


ജടയിൽ കുരുങ്ങിയ ദർഭ ത്തുരുന്പുകൾ
പുഴയിലേക്കിട്ടു പുലർചയിലേക്കിട്ടു 
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ടു 
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ടു
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുന്പിൽ മുട്ടിച്ചു 
വിഷമക്കഷായം കൊടുത്തു 
വിഷക്കോളു പുറമേക്കെടുത്ത് 
എറിയുന്നു ചാർവാകൻ

ലക്‌ഷ്യം കുലച്ച ധനുസ്സ് ചാർവാകൻ

സിദ്ധ ബൃഹസ്പതി ഉത്തരം നല്കാതെ 
ചക്ഷുസ്സിനാലെ വിടർത്തിയ
മാനസ തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു 


ഉൽക്ക മഴയെന്തു തീ ത്താരമെന്തു 
ആകാശമൽഭുതകൂടാരമായതെന്ത്തിങ്ങനെ 
എന്താണു വായു ജലം ഭൂമി 
ചൈതന്യ ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം
അന്ധതയെന്തു തെളിച്ചമെന്തു
സ്നേഹഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്തു 
ബീജമെന്തു അണ്ഡമെന്തു 
ഉൾകാടു കത്തുന്ന ഞാനെന്തു നീയെന്തു 
പർവതം സാഗരം ഭാനുപ്രകാശം 
ജനിമൃതി ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ 
പ്രജ്ഞയിൽ ലാവ വർഷിക്കെ 
വളർന്നു ചാർവാകൻ


നേരെത് കാരണമരത്തിന്റെ നാരായ വേരേതു നാരേതു 
അരുളേതു പൊരുളേതു 
നെരിയാണിയെരിയുന്ന വെയിലത്ത് നിന്നൂ മഴയത്തിരുന്നൂ 
മണലിൽ നടന്നീറ്റുപുരയിൽ കടന്നു 
മരണക്കിടക്കതന്നരികത്തലഞ്ഞൂ
അന്വേഷണത്തിന്നനന്തയാമങ്ങളിൽ 
കണ്ണീരണിഞ്ഞു ചാർവാകൻ
ബോധം ചുരത്തിയ വാളു ചാർവാകൻ


ഇല്ല ദൈവം ദേവശാപങ്ങൾ മിഥ്യകൾ 
ഇല്ലില്ല ജാതിമതങ്ങൾ 
പരേതർക്കു ചെന്നിരിക്കാനില്ല സ്വർഗ്ഗവും നരകവും 
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും
മുജ്ജന്മമില്ല പുനർജന്മമില്ല 
ഒറ്റ ജന്മം നമുക്ക് 
ഈ ഒറ്റ ജീവിതം 


മുളകിലെരിവു പച്ച മാങ്ങയിൽ പുളിവു 
പാവലിൽ കയ്പ്പ് പഴത്തിൽ ഇനിപ്പു 
ഇതുപോലെ നൈസർഗികം മർത്യബോധം 
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം 
ചാരു വാക്കിന്റെ നെഞ്ചൂക്കു ചാർവാകൻ


വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട 
സുര വേണ്ട ദാസിമാരോടോത്ത് ദൈവീക സുരതവും വേണ്ട
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു 
പുണ്യം സ്ഘലിപ്പിക്കുമാഭസമേധവും 
അമ്മയെ കൊല്ലുന്ന ശൂരത്വവും വേണ്ട
ജീവികുലത്തെ മറന്നു ഹോമപ്പുക 
മാരിപെയിക്കുമെന്നോർത്തിരിക്കും 
വിഡ്ഡി രാജാവ് വേണ്ട രാജഋഷിയും വേണ്ട 
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

അച്ഛനോട് എന്തിത്ര ശത്രുത ?
മേലേക്ക് രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി 
പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം അയിത്തംപുലവ്രതം ഭസ്മം പുരട്ടൽ 
ലക്ഷാർച്ചന സ്ത്രോത്രങ്ങൾ 
തെറ്റാണു ജ്യോത്സ്യ പുലന്പലും തുള്ളലും 
അർതമില്ലത്തതീ ശ്രാദ്ധവും ഹോത്രവും 


പ്രാർഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ 
ഒറ്റമാത്രയും അത്രയ്ക്ക് ധന്യമീ ജീവിതം 
വേദനമുറ്റി തഴച്ചൊരീ വിസ്മയം 
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം പട്ടാങ്ങു 
ഉണർത്തി നടന്നൂ ചാർവാകൻ

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ 
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു 
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി 
കല്പ്പിച്ചു കൊല്ലുകീ ധിക്കാരരൂപിയെ
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ 
ദുർവിധി ചൊല്ലീ നദിയും ജനങ്ങളും 
കൊല്ലരുതേ തേങ്ങി വിത്തും കലപ്പയും 


സർപ്പവും സതിയും 
പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി 
അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി 
കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു 
ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ 


തീ നാന്പകറ്റി ഒരൂർജപ്രവാഹമായ് 
ലോകായത കാറ്റുടുത്തിറങ്ങികൊണ്ട്‌ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ

Friday 20 December 2013

കാവ്യകേളിയും മലയാള കവിതാദിനവും


   ലോകത്തെ വിവിധ ഭാഷകള്‍, ചില പ്രത്യേക ദിവസങ്ങള്‍ കാവ്യദിനങ്ങളായി ആചരിച്ചു വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഒക്‌ടോബര്‍ അഞ്ചാണ് കവിതാദിനം. അന്ന് ആ രാജ്യത്തെ കവിതാപ്രേമികള്‍ ഒന്നിച്ചുകൂടി പ്രസിദ്ധ കവികളുടെ സാന്നിധ്യത്തില്‍ കവിതകള്‍ ആലപിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നു. മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒക്‌ടോബര്‍ പതിനഞ്ചാണ് കാവ്യദിനം. റോമന്‍ ഇതിഹാസകവിയായ വെര്‍ജിലിന്റെ ജന്മദിനമാണന്ന്.

ജപ്പാനിലാണെങ്കില്‍ ഹൈക്കു കവിതാദിനം രചനാപരമായ ആഘോഷങ്ങളോടെ ആചരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ പതിനേഴിന്റെ ഹൈക്കു ദിനത്തിനായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയിലാണെങ്കില്‍ ദേശീയ കവിതാമാസം തന്നെ ഏപ്രിലില്‍ ആഘോഷിക്കുന്നുണ്ട്.

സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യുനെസ്‌കോ കവിതാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് മാര്‍ച്ച് ഇരുപത്തൊന്നാണ്. ഈ ദിവസം കവിത വായിക്കുക, എഴുതുക, പ്രസിദ്ധീകരിക്കുക, പഠിപ്പിക്കുക, പഠിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്.

മലയാളത്തിനുമുണ്ട് കവിതാദിനം. അത് ധനുമാസം ഒന്നാം തീയതിയാണ്. പ്രവാസി മലയാളികള്‍ ചിലപ്പോഴൊക്കെ കവിതാദിനം ആചരിക്കാറുണ്ട്. ഒരു വര്‍ഷം മുമ്പ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ നടത്തിയ കവിതാദിനാചരണം ഉദാഹരണം. 

എന്നാല്‍ ഫേസ്ബുക്കിലെ ഒരു സജീവചര്‍ച്ചാസംഘമായ കാവ്യകേളി എല്ലാ ഭൂഖണ്ഡങ്ങളിലെയും മലയാളിയുടെ പങ്കാളിത്തത്തോടെ ധനു ഒന്നിന് നടത്തുന്ന കവിതാദിനാചരണമാണ് ശ്രദ്ധേയം.

രണ്ടായിരത്തിലധികം അംഗബലമുള്ള കാവ്യകേളി ഇതിനകം ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചിന്താവിഷ്ടയായ സീതയുടെ ഇംഗ്ലീഷ് പരിഭാഷയാണ്. ദശാബ്ദങ്ങളായി കാനഡയില്‍ താമസിക്കുന്ന വാരിയത്ത് മാധവന്‍കുട്ടിയാണ് ഈ പരിഭാഷ  നിര്‍വഹിച്ചത്. മഹാകവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ വിവര്‍ത്തനത്തിലാണ്. ദിവസം ഓരോ ശ്ലോകം മൊഴിമാറ്റി ഫേസ്ബുക്കിലെ കാവ്യകേളിയില്‍ പോസ്റ്റു ചെയ്യുകയാണ്.

കാവ്യകേളി, മലയാള കവിതാദിനം പ്രമാണിച്ച് തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ച് ഒരു സാഹിത്യകൂട്ടായ്മയും സംഘടിപ്പിച്ചു. ഒ വി ഉഷ, ശിഹാബുദീന്‍ പൊയ്ത്തും കടവ്, സച്ചിദാനന്ദന്‍ പുഴങ്കര, രാജന്‍ കൈലാസ്, രജീഷ് പാലവിള, എം എന്‍ പ്രസന്നകുമാര്‍, ലോപ, ആനന്ദി രാമചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെടെ കവിതയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അവിടെ സമ്മേളിച്ചു. ടി ടി ശ്രീകുമാറിന്റെയും ശ്രീകുമാര്‍ മുഖത്തലയുടെയും സംഭാഷണങ്ങളും പാലക്കാട്ടെ കാവ്യസാന്നിധ്യത്തെ അടയാളപ്പെടുത്തിയ ജ്യോതിഭായി പരിയാടത്തിന്റെ ഹ്രസ്വചലച്ചിത്രവും സരിതാ വര്‍മ്മയുടെ കാവ്യപ്രകാശനവും മലയാള കവിതാദിനാചരണത്തിന് തിളക്കം കൂട്ടി.

ഖത്തറിലുമുണ്ടായി മലയാള കവിതാദിനാചരണം. എം ഇ എസ് സ്‌കൂളിലെ അധ്യാപികയായ ഗീതാസൂര്യന്റെ മേല്‍നോട്ടത്തില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ഡി വിനയചന്ദ്രന്റെയും മറ്റും കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

കാവ്യസന്ദേശങ്ങള്‍ കൈമാറുകയായിരുന്നു മറ്റൊരു കവിതാദിന കൗതുകം. ഒ എന്‍ വി കുറുപ്പ്, മഹാകവി ജീയുടെ ഒരു കാവ്യശകലം ബാലചന്ദ്രന്‍ ചുള്ളിക്കാടിനയക്കുകയും ആശാന്‍ കവിതകൊണ്ട് അദ്ദേഹം പ്രതിവചിക്കുകയും ചെയ്തു. നിരവധി പേര്‍ ഫേസ്ബുക്കിലൂടെയും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും സന്ദേശങ്ങള്‍ കൈമാറുകയും അതൊരു ആഗോള കവിതാ ശൃംഖലയായി മാറുകയും ചെയ്തു.

കാവ്യക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കവിതാദിനത്തിന്റെ ആവശ്യമില്ല. എന്നാല്‍ വര്‍ഷത്തിലൊരു ദിവസം കവിതയ്ക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നത് സൗന്ദര്യാത്മകമായ ഒരു ആവശ്യമാണ്.

മലയാള കവിതാദിനാചരണം അവസാനിച്ചിട്ടില്ല. ധനു ഒന്ന് പ്രവൃത്തി ദിവസമായതിനാല്‍ സിംഗപ്പൂര്‍ മലയാളികള്‍ അടുത്ത ഞായറാഴ്ച മലയാള കവിതാദിനം ആചരിക്കുകയാണ്.
 

Friday 13 December 2013

മനുഷ്യസ്‌നേഹികളുടെ ശരീരദാനം


   വഴിയരികില്‍ ഒരു കാക്കക്കൂട്ടം. സമൂഹനിലവിളി. മണ്ണിലും പരിസരത്തുള്ള മരക്കൊമ്പുകളിലുമെല്ലാം കാക്കകളുണ്ട്. ചിലപ്പോള്‍ വൈദ്യുതി നിലച്ചതുപോലെ കരച്ചില്‍ നിലയ്ക്കും. മറ്റു ജീവികളോ കാറ്റോ അതുവഴി കടന്നുപോയാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കരച്ചില്‍ തുടങ്ങും. ആ പക്ഷിക്കൂട്ടം ഒരു ബന്ധുവിന്റെ മരണത്തില്‍ അനുശോചിക്കുകയാണ്. ഒരു കാക്ക മണ്ണില്‍ മരിച്ചു വീണിരിക്കുന്നു. രണ്ടു ദിവസത്തേക്കെങ്കിലും കാക്കകള്‍ പാഴാങ്കം പറച്ചിലുമായി ആ പരിസരത്തുണ്ടാകും.

ഒരു ജീവി മരിച്ചാലുടന്‍ സംസ്‌കാരനടപടികള്‍ പ്രകൃതി ആരംഭിക്കും. നഗ്നനേത്രം കൊണ്ട് കാണാവുന്നതും കാണാന്‍ കഴിയാത്തതുമായ ചെറുജീവികളാണ് കര്‍മ്മികള്‍. ദിവസങ്ങള്‍ക്കകം മാംസം നശിച്ചിരിക്കും. തൂവല്‍, അസ്ഥി തുടങ്ങിയവ കാലക്രമേണ പ്രകൃതിയില്‍ ലയിച്ചു ചേരും. ഇതാണ് ഏതു മൃതശരീരത്തിനും സംഭവിക്കുന്നത്.

വൈദ്യശാസ്ത്ര പഠനത്തില്‍ ഏറെ മുന്നോട്ട് പോയത് മനുഷ്യരാണ്. ബോധം നൈസര്‍ഗികമെന്ന ചാര്‍വാകദര്‍ശനം ശരിയെന്നു പറഞ്ഞുകൊണ്ട് ചില മൃഗങ്ങള്‍ സ്വയം ചികിത്സിക്കുന്നതു കാണാറുണ്ട്. ഭക്ഷണം ഉപേക്ഷിച്ചും ചില പ്രത്യേക സസ്യങ്ങള്‍ തെരഞ്ഞു പിടിച്ചു ഭക്ഷിച്ചും ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്നും ചില മൃഗങ്ങള്‍ സ്വയം രക്ഷപ്പെടാറുണ്ട്.

വിവിധതരം രോഗങ്ങള്‍ക്കിരയാവുന്ന മനുഷ്യര്‍ക്ക് രോഗവിമുക്തി വരുത്തണമെങ്കില്‍ ശരീരശാസ്ത്രപഠനം അത്യാവശ്യമാണ്. മൃതദേഹത്തെ പ്രാര്‍ഥനകളോടെ സംസ്‌ക്കരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന വിലക്കേര്‍പ്പെടുത്തിയത് മതങ്ങളാണ്. മതങ്ങള്‍ പ്രചരിപ്പിച്ച സുപ്രധാന അന്ധവിശ്വാസമാണ് പരലോകം. പുരോഹിത വര്‍ഗത്തിന് മെയ്യനങ്ങാതെ സുഖജീവിതം നയിക്കാനുള്ള തന്ത്രമായിരുന്നു പരലോകസിദ്ധാന്തം. ഭയപ്പെടുത്തി പണിയെടുപ്പിക്കാന്‍ വേണ്ടി നരകവും മരണാനന്തര സുഖജീവിതത്തിനായി സ്വര്‍ഗവും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കി. പുരുഷന്മാര്‍ക്കായി ഹൂറികളെയും സ്ത്രീകള്‍ക്കായി ഗന്ധര്‍വന്മാരെയും പരലോകത്ത് നിയമിച്ചു.

ഈ അന്ധവിശ്വാസം ശരീരശാസ്ത്രപഠനത്തെ പുരോഗതിയിലേക്കുള്ള പാതയിലെത്തിക്കാന്‍ പരമാവധി വൈകിപ്പിച്ചു. രോഗവും ശാരീരികവൈകല്യവുമെല്ലാം ദൈവസമ്മാനമാണെന്നു സമാശ്വസിച്ചാല്‍ ആരോഗ്യകരമായ ജീവിതം സാധ്യമല്ലാതെ വരും. രക്തദാനം, അവയവദാനം തുടങ്ങിയ മഹത്തായ കാര്യങ്ങളിലൂടെ ദൈവവിധിയെ ലംഘിച്ചു. അങ്ങനെയാണ് പല ജീവിതങ്ങളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

കേരളത്തില്‍ കാണുന്ന ഒരു പ്രത്യേക ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍, ഈഴവ സമൂഹങ്ങളിലെ സമ്പന്ന സംഘടിത വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍കോളജ് ആവശ്യമുണ്ട് എന്നതാണ്. എന്നാല്‍ ഈ സമ്പന്ന സംഘടിത വിഭാഗങ്ങളിലെ ആരും തന്നെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം മരണാനന്തരം നല്‍കാന്‍ തയ്യാറല്ല!ശരീരദാനം ദൈവനിന്ദയാണെന്ന് അവര്‍ കരുതുന്നു. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ നിന്നും വമ്പന്‍ ഫീസ് ഈടാക്കുന്നത് ദൈവനിന്ദയായി കരുതുന്നുമില്ല.

അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാമെന്നു കണ്ടെത്തുന്നതിന് മുമ്പാണ് മതങ്ങള്‍ ഉണ്ടായത്. അതുകൊണ്ടാണ് മതങ്ങള്‍ ഇന്നും അപരിഷ്‌കൃത ചിന്താലോകത്ത് താമസിക്കുന്നത്. ശാസ്ത്രനന്മകളെല്ലാം ആസ്വദിക്കുമെങ്കിലും ആത്യന്തികമായി മതങ്ങള്‍ ശാസ്ത്രത്തിന്റെ എതിര്‍പക്ഷത്താണ്.

കേരളത്തില്‍ ഒരേയൊരു ക്രൈസ്തവ പുരോഹിതന്‍ മാത്രമാണ് സ്വന്തം മൃതശരീരം പാഠപുസ്തകമാക്കിയത്. അത് ക്രിസ്തുവിനെ അന്വേഷിച്ച് സ്‌നേഹത്തിന്റെ യുക്തിമേഖലയിലെത്തിയ ഫാ. അലോഷ്യസ് ഫെര്‍ണാന്റസ് ആണ്. ബാല്യകാല ഇസ്‌ലാം മതപരിസരം ഉപേക്ഷിച്ച് യുക്തിമേഖലയിലെത്തിയ വയനാട്ടിലെ സി കെ അബ്ദുള്ളകുട്ടിയും മൃതശരീരം പാഠപുസ്തകമാക്കിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ അനുയായികളാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കേണ്ടത്. 
കാരണം ചക്കിലിട്ടാട്ടിതെങ്ങിനു  വളമാക്കിയാലും മൃതദേഹത്തിന് നോവുകയില്ലെന്ന് സധൈര്യം പറഞ്ഞത് അദ്ദേഹമാണല്ലൊ. വൃക്കദാനത്തിനും മറ്റു ചില ക്രൈസ്തവപുരോഹിതന്മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നത് പ്രശംസനീയമാണ്.

കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറുപേരുടെ ശരീരദാന സമ്മതപത്രം, കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവിക്ക് ഈയിടെ കൈമാറുകയുണ്ടായി. വൃദ്ധരും യുവതീയുവാക്കളുമടങ്ങിയ ആ സംഘത്തെ കോന്നി മഠത്തില്‍ക്കാവ് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ വച്ച് വമ്പിച്ച ഒരു സദസ്സിനെ സാക്ഷിനിര്‍ത്തി പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ മറുവശത്ത് സ്‌നേഹത്തിലൂന്നിയ അന്ധവിശ്വാസ നിരാസവും വേരുപടര്‍ത്തുന്നുണ്ട്. ശരീരദാന സമ്മതപത്രം നല്‍കിയ കോന്നിയിലെ മനുഷ്യസ്‌നേഹികള്‍ക്ക് അഭിവാദ്യം.