Friday, 13 December 2013

മനുഷ്യസ്‌നേഹികളുടെ ശരീരദാനം


   വഴിയരികില്‍ ഒരു കാക്കക്കൂട്ടം. സമൂഹനിലവിളി. മണ്ണിലും പരിസരത്തുള്ള മരക്കൊമ്പുകളിലുമെല്ലാം കാക്കകളുണ്ട്. ചിലപ്പോള്‍ വൈദ്യുതി നിലച്ചതുപോലെ കരച്ചില്‍ നിലയ്ക്കും. മറ്റു ജീവികളോ കാറ്റോ അതുവഴി കടന്നുപോയാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കരച്ചില്‍ തുടങ്ങും. ആ പക്ഷിക്കൂട്ടം ഒരു ബന്ധുവിന്റെ മരണത്തില്‍ അനുശോചിക്കുകയാണ്. ഒരു കാക്ക മണ്ണില്‍ മരിച്ചു വീണിരിക്കുന്നു. രണ്ടു ദിവസത്തേക്കെങ്കിലും കാക്കകള്‍ പാഴാങ്കം പറച്ചിലുമായി ആ പരിസരത്തുണ്ടാകും.

ഒരു ജീവി മരിച്ചാലുടന്‍ സംസ്‌കാരനടപടികള്‍ പ്രകൃതി ആരംഭിക്കും. നഗ്നനേത്രം കൊണ്ട് കാണാവുന്നതും കാണാന്‍ കഴിയാത്തതുമായ ചെറുജീവികളാണ് കര്‍മ്മികള്‍. ദിവസങ്ങള്‍ക്കകം മാംസം നശിച്ചിരിക്കും. തൂവല്‍, അസ്ഥി തുടങ്ങിയവ കാലക്രമേണ പ്രകൃതിയില്‍ ലയിച്ചു ചേരും. ഇതാണ് ഏതു മൃതശരീരത്തിനും സംഭവിക്കുന്നത്.

വൈദ്യശാസ്ത്ര പഠനത്തില്‍ ഏറെ മുന്നോട്ട് പോയത് മനുഷ്യരാണ്. ബോധം നൈസര്‍ഗികമെന്ന ചാര്‍വാകദര്‍ശനം ശരിയെന്നു പറഞ്ഞുകൊണ്ട് ചില മൃഗങ്ങള്‍ സ്വയം ചികിത്സിക്കുന്നതു കാണാറുണ്ട്. ഭക്ഷണം ഉപേക്ഷിച്ചും ചില പ്രത്യേക സസ്യങ്ങള്‍ തെരഞ്ഞു പിടിച്ചു ഭക്ഷിച്ചും ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്നും ചില മൃഗങ്ങള്‍ സ്വയം രക്ഷപ്പെടാറുണ്ട്.

വിവിധതരം രോഗങ്ങള്‍ക്കിരയാവുന്ന മനുഷ്യര്‍ക്ക് രോഗവിമുക്തി വരുത്തണമെങ്കില്‍ ശരീരശാസ്ത്രപഠനം അത്യാവശ്യമാണ്. മൃതദേഹത്തെ പ്രാര്‍ഥനകളോടെ സംസ്‌ക്കരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന വിലക്കേര്‍പ്പെടുത്തിയത് മതങ്ങളാണ്. മതങ്ങള്‍ പ്രചരിപ്പിച്ച സുപ്രധാന അന്ധവിശ്വാസമാണ് പരലോകം. പുരോഹിത വര്‍ഗത്തിന് മെയ്യനങ്ങാതെ സുഖജീവിതം നയിക്കാനുള്ള തന്ത്രമായിരുന്നു പരലോകസിദ്ധാന്തം. ഭയപ്പെടുത്തി പണിയെടുപ്പിക്കാന്‍ വേണ്ടി നരകവും മരണാനന്തര സുഖജീവിതത്തിനായി സ്വര്‍ഗവും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കി. പുരുഷന്മാര്‍ക്കായി ഹൂറികളെയും സ്ത്രീകള്‍ക്കായി ഗന്ധര്‍വന്മാരെയും പരലോകത്ത് നിയമിച്ചു.

ഈ അന്ധവിശ്വാസം ശരീരശാസ്ത്രപഠനത്തെ പുരോഗതിയിലേക്കുള്ള പാതയിലെത്തിക്കാന്‍ പരമാവധി വൈകിപ്പിച്ചു. രോഗവും ശാരീരികവൈകല്യവുമെല്ലാം ദൈവസമ്മാനമാണെന്നു സമാശ്വസിച്ചാല്‍ ആരോഗ്യകരമായ ജീവിതം സാധ്യമല്ലാതെ വരും. രക്തദാനം, അവയവദാനം തുടങ്ങിയ മഹത്തായ കാര്യങ്ങളിലൂടെ ദൈവവിധിയെ ലംഘിച്ചു. അങ്ങനെയാണ് പല ജീവിതങ്ങളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

കേരളത്തില്‍ കാണുന്ന ഒരു പ്രത്യേക ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍, ഈഴവ സമൂഹങ്ങളിലെ സമ്പന്ന സംഘടിത വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍കോളജ് ആവശ്യമുണ്ട് എന്നതാണ്. എന്നാല്‍ ഈ സമ്പന്ന സംഘടിത വിഭാഗങ്ങളിലെ ആരും തന്നെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം മരണാനന്തരം നല്‍കാന്‍ തയ്യാറല്ല!ശരീരദാനം ദൈവനിന്ദയാണെന്ന് അവര്‍ കരുതുന്നു. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ നിന്നും വമ്പന്‍ ഫീസ് ഈടാക്കുന്നത് ദൈവനിന്ദയായി കരുതുന്നുമില്ല.

അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാമെന്നു കണ്ടെത്തുന്നതിന് മുമ്പാണ് മതങ്ങള്‍ ഉണ്ടായത്. അതുകൊണ്ടാണ് മതങ്ങള്‍ ഇന്നും അപരിഷ്‌കൃത ചിന്താലോകത്ത് താമസിക്കുന്നത്. ശാസ്ത്രനന്മകളെല്ലാം ആസ്വദിക്കുമെങ്കിലും ആത്യന്തികമായി മതങ്ങള്‍ ശാസ്ത്രത്തിന്റെ എതിര്‍പക്ഷത്താണ്.

കേരളത്തില്‍ ഒരേയൊരു ക്രൈസ്തവ പുരോഹിതന്‍ മാത്രമാണ് സ്വന്തം മൃതശരീരം പാഠപുസ്തകമാക്കിയത്. അത് ക്രിസ്തുവിനെ അന്വേഷിച്ച് സ്‌നേഹത്തിന്റെ യുക്തിമേഖലയിലെത്തിയ ഫാ. അലോഷ്യസ് ഫെര്‍ണാന്റസ് ആണ്. ബാല്യകാല ഇസ്‌ലാം മതപരിസരം ഉപേക്ഷിച്ച് യുക്തിമേഖലയിലെത്തിയ വയനാട്ടിലെ സി കെ അബ്ദുള്ളകുട്ടിയും മൃതശരീരം പാഠപുസ്തകമാക്കിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ അനുയായികളാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കേണ്ടത്. 
കാരണം ചക്കിലിട്ടാട്ടിതെങ്ങിനു  വളമാക്കിയാലും മൃതദേഹത്തിന് നോവുകയില്ലെന്ന് സധൈര്യം പറഞ്ഞത് അദ്ദേഹമാണല്ലൊ. വൃക്കദാനത്തിനും മറ്റു ചില ക്രൈസ്തവപുരോഹിതന്മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നത് പ്രശംസനീയമാണ്.

കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറുപേരുടെ ശരീരദാന സമ്മതപത്രം, കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവിക്ക് ഈയിടെ കൈമാറുകയുണ്ടായി. വൃദ്ധരും യുവതീയുവാക്കളുമടങ്ങിയ ആ സംഘത്തെ കോന്നി മഠത്തില്‍ക്കാവ് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ വച്ച് വമ്പിച്ച ഒരു സദസ്സിനെ സാക്ഷിനിര്‍ത്തി പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ മറുവശത്ത് സ്‌നേഹത്തിലൂന്നിയ അന്ധവിശ്വാസ നിരാസവും വേരുപടര്‍ത്തുന്നുണ്ട്. ശരീരദാന സമ്മതപത്രം നല്‍കിയ കോന്നിയിലെ മനുഷ്യസ്‌നേഹികള്‍ക്ക് അഭിവാദ്യം.

5 comments:

 1. തീര്‍ച്ചയായും ശരീരദാനവും പ്രോല്‍സാഹിപ്പിക്കപ്പെടണം..

  ReplyDelete
 2. ഞാന്‍ ദാനം ചെയ്യും. അതിന് വേണ്ട സകല സമ്മതപത്രങ്ങളിലും ഒപ്പ് വയ്ക്കാന്‍ തയ്യാര്‍. പരോപകാ‍രാര്‍ത്ഥമിദം ശരീരം!

  ReplyDelete
 3. മതമില്ലാത്തവരുടെ ശരീരങ്ങൾ അല്ലേ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ സംസ്കരിക്കാതെ ആർക്കും പ്രയോജനമില്ലാതെ വെറുതെ ഓരോ ലായനികളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു പക്ഷെ മതങ്ങൾ കൃത്യമായ സംസ്കരണ മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നില്ലെങ്കിൽ പലർക്കും പ്രിയപ്പെട്ടവരുടെ ശരീരത്തെ തിരികെ ഭൂമിക്ക് വിട്ട്കൊടുക്കാൻ സാധിക്കുമായിരുന്നോ എന്നതും ചിന്തനീയം തന്നെ.മതപരമായ സംസ്കാരം അനുശാസിക്കാത്ത വീട്ട് മൃഗങ്ങളെ സ്റ്റ്ഫ് ചെയ്തും മറ്റും അനശ്വരമാക്കി കൊടുക്കുന്നത് അമേരിക്കയിൽ വലിയ ബിസിനസ്സ് ആണെന്ന് ഈയിടെ വായിച്ചിരുന്നു. പ്രിയപ്പെട്ടവരെ പെട്ടന്നു വേർപിരിയുമ്പോൾ ആദർശം പറഞ്ഞ് മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കാൻ എത്രപേർക്ക് സാധിക്കും

  ReplyDelete
 4. സാധിക്കുമെന്നു പറയുന്നു കോന്നിയിലെ ഇ എം എസ് ചാരിറ്റബിള്‍ ട്രസ്റ്റ്‌.കണ്ണും കരളും വൃക്കയും മറ്റും ചിലരുടെ ജീവിതത്തെ എങ്കിലും പ്രകാശിപ്പിച്ചിട്ട് ലേശം വൈകി ഭൂമിക്കു കൊടുക്കാമെന്നു അവര്‍ പറയുന്നു.ശരീരദാന സമ്മത പത്രം നല്‍കിയവര്‍ക്ക് ഒരു മെഡിക്കല്‍ വിദ്യാര്‍ഥി വേദിയില്‍ കയറി നന്ദിയും പറഞ്ഞു.പഠനാവശ്യത്തിനു ഉപകരിക്കും എന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്,

  ReplyDelete
 5. മതങ്ങള്‍ പ്രചരിപ്പിച്ച സുപ്രധാന അന്ധവിശ്വാസമാണ് പരലോകം. പുരോഹിത വര്‍ഗത്തിന് മെയ്യനങ്ങാതെ സുഖജീവിതം നയിക്കാനുള്ള തന്ത്രമായിരുന്നു പരലോകസിദ്ധാന്തം. ഭയപ്പെടുത്തി പണിയെടുപ്പിക്കാന്‍ വേണ്ടി നരകവും മരണാനന്തര സുഖജീവിതത്തിനായി സ്വര്‍ഗവും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കി. പുരുഷന്മാര്‍ക്കായി ഹൂറികളെയും സ്ത്രീകള്‍ക്കായി ഗന്ധര്‍വന്മാരെയും പരലോകത്ത് നിയമിച്ചു.

  ReplyDelete