Monday, 25 November 2013

ജനയുഗം വാരാന്തംകുരീപ്പുഴ കവിതയിലെ കീഴാളന്‍'
അശോകന്‍ പുതുപ്പാടി 
 
'
ശ്രീ പത്മനാഭസ്വാമി സമ്മാനം നിരസിച്ചതിനെ തുടര്‍ന്നുള്ള അനുഭവങ്ങള്‍''?
മതേതര രാജ്യത്തെ ഭരണഘടന അനുസരിക്കേണ്ട പൊതുസ്ഥാപനമായ സാഹിത്യ അക്കാദമി, സവര്‍ണ ഹിന്ദുദൈവത്തിന്റെ പേരില്‍ സമ്മാനം നല്‍കുന്നതു ശരിയല്ലെന്ന തിരിച്ചറിവാണ് 'പെണങ്ങുണ്ണി'ക്ക് ആ സമ്മാനം കിട്ടിയപ്പോള്‍ നിരസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
അതൊരു വെറും എന്‍ഡോവ്‌മെന്റല്ലേ എന്നു പറഞ്ഞ് ആദരണീയനായ അഴീക്കോട് മാഷ് കൈ കഴുകി. ഒരു ഇടതുപക്ഷ കവി എന്നോടുള്ള സ്‌നേഹംകൊണ്ട്, ഇനി ഒരവാര്‍ഡിനും സാഹിത്യ അക്കാദമി പരിഗണിക്കുകയില്ലെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നും ഉപദേശിച്ചു.
എം മുകുന്ദന്‍ അധ്യക്ഷനായി സാഹിത്യ അക്കാദമിക്ക് പുതിയ ഭരണസമിതിയുണ്ടായപ്പോള്‍ എന്റെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ബാലസാഹിത്യത്തിന് പ്രധാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയും ശ്രീപത്മനാഭസ്വാമി സമ്മാനം ഒഴിവാക്കുകയും ചെയ്തു. ''അക്കാദമിയില്‍ നിന്ന് ജാതി സ്ഥാനം പടിയിറങ്ങുമ്പോള്‍'' എന്ന എന്റെ കുറിപ്പ് ജനയുഗം പ്രസിദ്ധീകരിച്ചു. അങ്ങനെ കേരളത്തിന്റെ സാംസ്‌ക്കാരിക ശിരസ്സില്‍ നിന്ന് സവര്‍ണ ഹിന്ദുദൈവത്തിന്റെ പേരിലുള്ള സമ്മാനം എന്ന തീക്കട്ട വലിച്ചെറിയപ്പെട്ടു.
(കുരീപ്പുഴയുമായുള്ള അഭിമുഖം, മാതൃഭൂമി വാരിക 2010 ജനുവരി 3-9)
2012 ഓഗസ്റ്റ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. ഉപദേശകരെ നിഷ്പ്രഭരാക്കി കവിതാപുരസ്‌ക്കാരം കുരീപ്പുഴയെത്തേടിയെത്തി. സാമൂഹിക ജീവിതത്തില്‍ നിന്നും ദലിതരുടെ ആത്മാവിനെ തൊട്ടറിഞ്ഞയാള്‍ക്ക് ആത്മസായൂജ്യം കൂടിയായി ഈ അവാര്‍ഡ്. പ്രത്യേകിച്ചും സാഹിത്യത്തിലെ ദലിതനെന്ന് സ്വയം പ്രഖ്യാപിച്ച കവിയുടെ 'കീഴാളന്‍' എന്ന കവിതാ സമാഹാരത്തിന് പുരസ്‌ക്കാരം ലഭിക്കുമ്പോള്‍.
വര്‍ണശബളമായ ലോകത്തെ സൃഷ്ടിക്കാന്‍ ഒട്ടും വര്‍ണമില്ലാത്ത ജീവിതത്തിന് നിയോഗിക്കപ്പെട്ടവനാണ് കീഴാളന്‍ എന്ന് കവി പറയുന്നു.
''ചേറു ചവിട്ടിക്കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിതിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുന്തൂണിന്റെ കാലാളര്‍''
(കീഴാളന്‍)
കുരീപ്പുഴയുടെ സാംസ്‌ക്കാരിക ഇടപെടലുകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ കവിത ചൊല്ലിയും അനുഭവം പങ്കിട്ടും കവി സഞ്ചരിച്ചു. സാംസ്‌ക്കാരിക കേരളത്തില്‍ കീഴാളന്റെ ശബ്ദമായി പിന്നെയും കവിതകള്‍ പിറന്നു. കോട്ടും ടൈയുമിട്ട് അലക്കിത്തേച്ച ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരം കൊണ്ടാടുന്നവര്‍ക്ക് നേരേ നഗ്നകവിതകളിലൂടെ കവി പ്രതികരിച്ചു.
''കണ്ഠരര് ഹാജ്യാര് കത്തനാര്
മൂന്നുമതങ്ങളും ഒന്നെന്ന്‌ര്
ആരു പറഞ്ഞെന്ന് പിള്ളാര്
മൂന്നാള്‍ക്കുമുള്ളില്‍ കടുംപോര്''.
 
മതമില്ലാത്ത ജീവന്‍
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ വേനല്‍ക്കളരിയില്‍ സ്ഥിര സാന്നിധ്യമാണ് കുരീപ്പുഴ. പ്രൗഢഗംഭീര സദസ്സില്‍ ഒരു ഉദ്ഘാടനവേള. 'ഈശ്വരപ്രാര്‍ത്ഥന' - അധ്യക്ഷന്റെ അനൗണ്‍സ്‌മെന്റ്. ഒരാളൊഴികെ എല്ലാവരും എഴുന്നേറ്റു നിന്നു. കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ ആചാരങ്ങളെ തട്ടിക്കളഞ്ഞത് മറ്റാരുമല്ല അത് നമ്മുടെ കവിയായിരുന്നു.
വിശപ്പിനും പട്ടിണിക്കും ജാതിയില്ലാത്തതുപോലെ മനുഷ്യനെയും ജാതീയമായും ആചാരപരമായും വേര്‍തിരിക്കേണ്ട കാര്യമില്ല. ഒരിക്കലും കാണാനോ അനുഭവിക്കാനോ കഴിയാത്ത ദൈവമെന്ന മിഥ്യയെ നാമെന്തിനു ചുമക്കണം? ദൈവത്തിന്റെ മഹത്വം പാടുന്നവര്‍ തന്നെയാണ് ജാതീയത കൊണ്ടാടുന്നതും. സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് എത്രയോ കാതമകലെയാണ് സമൂഹത്തില്‍ ദലിതന്റെ സ്ഥാനം. ദലിത് ക്രിസ്ത്യാനികളും മുസ്‌ലീങ്ങളിലെ ഒസ്സാന്‍/മുക്കുവ വിഭാഗങ്ങളും ഇതേ അവസ്ഥ അനുഭവിക്കുന്നു. ജാതീയത ഇന്ന് വന്‍വിഷമായാണ് സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്.
കേരളീയത, ദേശീയത തുടങ്ങി നാം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകളിലും ആചാരങ്ങളിലും ജാതീയതയുടേയും മതത്തിന്റേയും ദുര്‍ഭൂതങ്ങള്‍ കുടിയിരിക്കുന്നുണ്ട്. ഞായറാഴ്ചകളിലും വെള്ളി, ശനി ദിവസങ്ങളും മറ്റു ദിവസങ്ങളുമെല്ലാം ദേവാലയങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്നവര്‍ തന്നെയാണ് തൊഴില്‍തേടി പശ്ചിമബംഗാളില്‍ നിന്ന് വന്നവരെ അടിച്ചോടിക്കുന്നതും.
 

നഗ്നജീവിതങ്ങള്‍

കുളിച്ച് കുറിയിട്ട് കഴുകി വൃത്തിയാക്കിയ വസ്ത്രമണിഞ്ഞ് നടക്കുന്നവരുടെ ജീവിതത്തിലെ നഗ്നത ഭീകരമായിരിക്കും. 'നഗ്നകവിതകള്‍' എന്ന കവിതാസമാഹാരത്തിലൂടെ മനുഷ്യന്റേയും സമൂഹത്തിന്റേയും നഗ്നതയെ കവി തുറന്നുകാട്ടുന്നു. സാമ്പത്തിക/സാമൂഹിക അസമത്വം കൂടുതല്‍ ദൃശ്യമാകുന്നത് വിവാഹ കമ്പോളത്തിലാണ്. ധാരാളം പണമുള്ളവര്‍ കല്യാണം ആഘോഷമാക്കുമ്പോള്‍ കിടപ്പാടം വിറ്റാണ് മറ്റുചിലര്‍ മാനം കാക്കാന്‍ പാടുപെടുന്നത്. ഒന്നുമില്ലാത്തവരോ സഹനത്തിന്റെ അവസാനക്കയത്തിലേയ്ക്ക് സ്വന്തം കുട്ടികളെ പിടിച്ചുകൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാമിനയെ കാണാന്‍ ഒട്ടകവിയര്‍പ്പിന്റെ സുഗന്ധമുള്ള ഒരാള്‍ വന്നു. ഉമ്മയും ഉപ്പയും 'പുയ്യാപ്ല' എന്നു പറയുമ്പോള്‍ കുഞ്ഞാമിനയുടെ കുഞ്ഞുമനസ്സു മന്ത്രിക്കുന്നത് 'ഉപ്പുപ്പ' എന്നാണ്. ബാല്യത്തിന്റെ നിഷ്‌ക്കളങ്കതയേയും അവരനുഭവിക്കുന്ന ദുരന്തത്തേയും വിദഗ്ധമായാണ് കവി സമന്വയിപ്പിക്കുന്നത്.
ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ് ചിത്രങ്ങള്‍ എന്ന കവിത. സ്വര്‍ണംകെട്ടിയ കല്യാണപ്പന്തലില്‍ ആഘോഷമായിക്കഴിഞ്ഞ കല്യാണത്തിനൊടുവില്‍ നവദമ്പതികളെ കവി കണ്ടത് കുടുംബകോടതിയുടെ വരാന്തയിലാണ്.
വടക്കന്‍ കേരളത്തിലെ അറബി/ഗുജറാത്ത് മാതൃകയിലെ കല്യാണങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ കവിതകള്‍.
ചതിയും വഞ്ചനയും ജാടയുമെല്ലാം ഇഴുകിച്ചേര്‍ന്ന ജീവിതത്തിന്റെ ദുഃഖസത്യങ്ങള്‍ നഗ്നകവിതകളില്‍ നിറയുന്നു.
സര്‍വീസില്‍ നിന്നും വിരമിച്ചശേഷം സ്‌പോര്‍ട്‌സില്‍ കമ്പം കയറിയ ആളെ കവി പരിചയപ്പെടുത്തുന്നു.
''കാല്‍ മുട്ടുകളെ ഭയന്ന്
ഗ്രൗണ്ടിലിറങ്ങിയില്ല.
വെളുക്കുവോളം കണ്ടിരുന്നു-
സ്‌പോര്‍ട്‌സ് ചാനല്‍,
ഏറ്റവും പ്രിയം
വനിതകളുടെ ടെന്നീസ്''.
 
പ്രണയം തന്നെ ജീവിതം
''ഒരൊറ്റ മതമുണ്ടുലകിന്നുയിരാം 
പ്രേമമതൊന്നല്ലോ?
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം''.
(പ്രേമസംഗീതം - ഉള്ളൂര്‍)
 
ഉള്ളൂരിനെപ്പോലെ പല കവികളും പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്താണ് പ്രണയം? ജാതിക്കും മതത്തിനും പ്രണയത്തില്‍ എന്താണ് സ്ഥാനം? ജാതിയും മതവും വര്‍ണവും വര്‍ഗവുമെല്ലാമൊഴിവാക്കി ആത്മാര്‍ഥമായി പ്രണയിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക? അവരാണ് ഭാഗ്യവാന്മാരെന്ന് കുരീപ്പുഴ പറയുന്നു. ഓരോ വിവാഹങ്ങളും കെട്ടുകാഴ്ചകളും സാമൂഹിക തിന്മകള്‍ പടരുന്ന സ്ഥാപനങ്ങളുമാകുമ്പോള്‍ അതിനെ പൂര്‍ണമായി തുടച്ചുനീക്കേണ്ടത് അനിവാര്യതയാകുന്നു. അതിനായി ലാഭം സ്വപ്‌നം കാണാത്ത വിപ്ലവകരമായ പ്രണയം ഉണ്ടാകേണ്ടിയിരിക്കുന്നു. സമൂഹമെന്ന ആശയത്തിലധിഷ്ഠിതമായ പ്രണയബന്ധങ്ങളും ജീവിതവുമാണ് നാം ആഗ്രഹിക്കേണ്ടതും സഫലമാക്കേണ്ടതും.
 
കാവ്യജീവിതം
''മുടിയെട്ടും കോര്‍ത്തുകെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ
കിടക്കുന്നോള് - എന്റെ
തുഴത്തണ്ടില്‍ താളമിട്ട്
തുടിക്കുന്നോള്''
(ഇഷ്ടമുടിക്കായല്‍)
മഷിയിട്ടു നോക്കാന്‍പോലും പുഴയുടെ സാന്നിധ്യമില്ലാത്ത (കായലുകളുടെ നിറസാന്നിധ്യമുള്ള) കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്താണ് 1955 ഏപ്രില്‍ 10 ന് കുരീപ്പുഴ ശ്രീകുമാര്‍ ജനിച്ചത്. അഷ്ടമുടിക്കായലിനെ തന്റെ ഇഷ്ടമുടിക്കായലായികണ്ട് കവിത രചിച്ചത് രണ്ടായിരത്തിലാണ്. 'ഇഷ്ടമുടിക്കായ'ലിന്റെ പൂവയറ്റില്‍ പിറവികൊണ്ട തൊഴില്‍ തേടിപ്പടയ്‌ക്കെല്ലാം പോര്‍വിളിക്കാന്‍ ഞണ്ടും കൂന്തലും വേണമെന്ന് കവി പറയുന്നു.
കൂലിപ്പണിക്കാരുടെ പരമ്പരയില്‍പ്പെടുന്ന ഒരാളാണ് താനെന്നു പറയാനാണ് കുരീപ്പുഴ ആഗ്രഹിക്കുന്നത്. മുത്തച്ഛന്‍ അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തിന് കൂലിപ്പണിക്കാരന്റേതായ പൂര്‍വകാലമുണ്ട്. ബാഹ്യമായ എല്ലാവിധ ജാതിചിന്തകള്‍ക്കുമപ്പുറത്ത് കൂലിപ്പണിക്കാരന്‍ ദലിതനാണ്. ഏതവസ്ഥയിലും മുതലാളി ഫാസിസ്റ്റാണ്. മുതലാളി ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നുണ്ടെങ്കില്‍ അതയാള്‍ക്കുവേണ്ടി മാത്രമാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുരീപ്പുഴ ആദ്യകവിതയെഴുതുന്നത്. കോളജ് വിദ്യാര്‍ഥിയായപ്പോള്‍ യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനംകിട്ടി. ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, അമ്മ മലയാളം, യക്ഷിയുടെ ചുരിദാര്‍, നഗ്നകവിതകള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, കീഴാളന്‍ തുടങ്ങി ഒട്ടേറെ സമാഹാരങ്ങള്‍ കുരീപ്പുഴയുടേതായി പുറത്തിറങ്ങി. ആറു സമാഹാരങ്ങളിലായി പ്രസിദ്ധീകരിച്ച കവിതകളെല്ലാം 'കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍' എന്ന ഒറ്റസമാഹാരമായും പ്രസിദ്ധപ്പെടുത്തി.
ആഫ്രോ - ഏഷ്യന്‍ യങ് റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കുരീപ്പുഴയായിരുന്നു. വൈലോപ്പിള്ളി പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ് എന്നിവയാണ് കുരീപ്പുഴയ്ക്ക് ലഭിച്ച മറ്റു പ്രധാന പുരസ്‌ക്കാരങ്ങള്‍.
 
കലാപത്തിന്റെ കവിത
കുരീപ്പുഴ കലാപകാരിയാണ്. വര്‍ത്തമാനവും ഭാവിയും തമ്മില്‍ അമ്മാനമാടുന്ന കാടത്തത്തിന്റെ കിന്നരിത്തലപ്പാവുകളെ കവി വെറുക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം 'നെറ്റില്‍' 'സെര്‍ച്ച്' ചെയ്ത് ജീവിതം തീര്‍ക്കുന്നവരെ ശരിക്കും തിരിച്ചറിയണമെങ്കില്‍ നാം 'കലപ്പ ഡോട്ട് കോം'' തന്നെ വായിക്കണം.
''ഏതു സൈറ്റില്‍ ക്ലിക്കിയേറി
തിരഞ്ഞിട്ടും തിരിഞ്ഞില്ല
കാലിലെങ്ങോ കുരുങ്ങിയ
പ്രാകൃത ശില്‍പം..........
...................................................
..................................................
ഇടിവെട്ടികത്തിടുന്നു തിരശ്ശീല
സൈറ്റിലിപ്പോള്‍
കറുമ്പന്റെ ശവംപോലെ
വിശപ്പിന്‍ ശില്‍പം''.
എന്താണ് കവിത എന്ന് വിവരിക്കുന്ന പുസ്തകങ്ങള്‍ ഒരുപാടുണ്ട്. ഓരോ പുസ്തകങ്ങളും വിശദീകരിക്കുന്നതിന്റെ അപ്പുറത്തുള്ള നേരറിവാണ് കുരീപ്പുഴയുടെ കവിതകള്‍. കവിത വായിക്കാനിഷ്ടപ്പെടാത്തവര്‍ക്കും കൂടിയുള്ളതാണ് കവിയുടെ ശീര്‍ഷകങ്ങള്‍. മഞ്ഞക്കുതിര, കങ്കാരു, മനുഷ്യപ്രദര്‍ശനം, വാര്‍ത്താകുമാരി, കാണ്ടാമനുഷ്യന്‍, രാപ്പനി, കീഴാളന്‍, ഫ്രീ, പെന്‍ഗ്വിന്‍, ദമയന്തീബീഗം തുടങ്ങി സാമൂഹിക കാഴ്ചയുടെ തീപ്പൊരികള്‍ കുരീപ്പുഴയുടെ ശീര്‍ഷകങ്ങളില്‍ നിറയുന്നു.
 

5 comments:

 1. യുക്ത കവിയുടെ നിയുക്ത കവിതകൾക്ക് ആശംസകൾ

  ReplyDelete
 2. കവിതകള്‍ പിറന്നുകൊണ്ടിരിക്കട്ടെ.

  ReplyDelete
 3. എന്റെ പ്രിയകവിയ്ക്ക് സ്നേഹാശംസകള്‍

  ReplyDelete
 4. ''ഏതു സൈറ്റില്‍ ക്ലിക്കിയേറി
  തിരഞ്ഞിട്ടും തിരിഞ്ഞില്ല
  കാലിലെങ്ങോ കുരുങ്ങിയ
  പ്രാകൃത ശില്‍പം..........
  ...................................................
  ..................................................
  ഇടിവെട്ടികത്തിടുന്നു തിരശ്ശീല
  സൈറ്റിലിപ്പോള്‍
  കറുമ്പന്റെ ശവംപോലെ
  വിശപ്പിന്‍ ശില്‍പം''.

  ReplyDelete
 5. സാമന്യബോധമുള്ളവരെല്ലാം യുക്തിവാദികളാണു ..
  ഇതൊന്നു നോക്കു ഒരൽപ്പന്റെ യുക്തി ....
  http://rajeevmahadev.blogspot.com/2011/03/blog-post.html

  ReplyDelete