Friday, 26 June 2015

ചെറി


തണലു പെയ്യാൻ പിറന്ന
ചെറിമരം
വെയിലു തിന്നു ചൊല്ലുന്നു
മനുഷ്യരേ,
ചതി പഠിക്കാത്ത
പക്ഷിജന്മങ്ങളേ
മൃദുലമാനസരാം
മൃഗങ്ങളേ
പൊടി വിഴുങ്ങും
പവിത്രനാഗങ്ങളേ
മലരു മലരിനെ പ്രാപിക്കുവാൻ
ചിത്രശലഭദൂതിയെ
സൽക്കരിക്കുന്ന നാൾ
വരികയെന്റെ തണലത്ത്
ലൈംഗിക സ്ഫുരണമാകുവാൻ
സംതൃപ്തരാകുവാൻ.

പ്രണയമെന്നാൽ
പരസ്പരം ചുംബിച്ചു
സമരകാഹളം കായ്ക്കുന്ന വിപ്ലവം.

പ്രണയമെന്നാൽ
മതാന്ധകാരത്തിന്റെ
തെരുവിൽ വയ്ക്കും വിളക്ക്.
നിഷേധികൾ
ധനവിചിത്രസാമ്രാജ്യം തകർക്കുവാൻ
കരുതി വച്ച കരുത്തിന്റെ തോക്ക്.

ചെറിമരത്തിന്റെ
ചില്ലയിലേക്കതാ
ചിറകു വീശിയടുക്കുന്നു കാമികൾ.

സിംലയിലെ രാത്രി


ആപ്പിൾ മരത്തിന്റെ ചില്ലയിൽ
തൂമഞ്ഞു പൂക്കൾ വിടർത്തിയ രാത്രി.

ശീതപതാകയും പേറി,ഹിമാലയ-
നാഭിയിൽ നിന്നും വരുന്ന കാറ്റ്
സത് ലജിനെ തൊട്ട്
സാനുക്കളെ തൊട്ട്
ദേവദാരുക്കളെ തൊട്ട്
ഹോട്ടൽ മുറിയെ
ചുഴന്നു വിഴുങ്ങുന്ന  രാത്രി.

ഹിമക്കരടി ജോഡികൾ
ഭോഗിച്ചുറങ്ങുന്ന രാത്രി.

ഉൾവസ്ത്രവിസ്കി ധരിച്ച്
ഉറങ്ങാനുള്ള വട്ടത്തിലാണ് ഞാൻ.

രാവായനക്കുള്ള പുസ്തകം
മെല്ലെ തുറന്നും അടച്ചും
അപ്പുറത്തുണ്ട് നിശാഗന്ധികൾ.

സ്വയം കത്തിച്ചു തന്നെ
തണുപ്പകറ്റും ചെറു സസ്യങ്ങൾ
മിന്നാമിനുങ്ങിന്റെ ചേച്ചിമാർ.

സൾഫറുടുപ്പിട്ട കുഞ്ഞിച്ച്ചെടികളിൽ
തുപ്പുമിരുട്ടിന്റെ ധാർഷ്ട്യം.

ഹോട്ടൽ മുറി
നെരിപ്പോടുകൾ നെഞ്ചകം
കാട്ടി,യുറങ്ങാതിരിക്കുന്ന പാതിര.
നീ ഉറങ്ങുന്നതേയില്ല.

വസ്ത്രങ്ങളൊന്നിനൊന്നോടു
തൊടുത്തു ഞാൻ
അഗ്നിയുണർത്താൻ
ശ്രമിച്ചു തോൽക്കുമ്പോൾ
പല്ലിളിക്കുന്നു, ഹിമപ്പാത താണ്ടിയ
കല്ലിന്നുറപ്പുള്ള രാത്രി.

തോറ്റു പോകുന്നു കരിമ്പടം,
ലഗ്ഗിൻസ്,കുർത്ത,ദുപ്പട്ട,
രോമത്തൊപ്പി,കയ്യുറ,
സോക്സ്‌,ഗൌണ്‍,ജീൻസ്,
മുഖംമൂടിയ കമ്പിളി...
നീ ഉറങ്ങുന്നതേയില്ല.

ഏറും തണുപ്പിന്റെ
വൈദ്യുതിയേറ്റു നീ
മാരകമായ് വിറയ്ക്കുന്നു.

ആകെ കുഴങ്ങി ഞാൻ
എന്തു ചെയ്യാൻ,
ചീർത്ത രാവിൻ കരിമലക്കൂട്ടം
ദൂരെയും ചാരെയും മൗനക്കരിങ്കല്ല്
മൂടിത്തുറിച്ചു നിൽപ്പാണ്.

ഒറ്റ ഞൊടി
വസ്ത്രശേഖരം നീക്കി ഞാൻ
പൊത്തിപ്പിടിക്കുന്നു നിന്നെ.

കാൽനഖം തൊട്ടുച്ചിയോളം
തെരുതെരെ
തീയുമ്മ വയ്ക്കുന്നു.

നിന്റെ കോശങ്ങളിൽ
ജ്വാലകൾ
മെല്ലെ, ചുവന്ന സർപ്പങ്ങളായ്
ജീവൻ കൊളുത്തിയുണരുന്നു.

ഞാൻ നിൻ മനുഷ്യപ്പുതപ്പ്
നീയെന്റെ മാംസക്കുതിപ്പ്
ഞാൻ നിൻ ശിശിരയുടുപ്പ്
നീയെന്റെ സ്നേഹപ്പതിപ്പ്
നീ സുഖമായുറങ്ങുന്നു.

Friday, 19 June 2015

മരങ്ങളും പാവകളും ജോണി മിഖായേലും

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്‌ മറ്റൊരു സവിശേഷത കൂടി ഉണ്ടായിരുന്നു. പുതുസഹസ്രാബ്ദത്തിന്റെ ആരംഭം. ലോക വ്യാപകമായി പുതുസഹസ്രാബ്ദം വരവേൽക്കപ്പെട്ടു. ജോണി മിഖായേൽ എന്ന ചെറുപ്പക്കാരൻ അസാധാരണമായ ഒരു രീതിയിലാണ്‌ പുതു സഹസ്രാബ്ദത്തെ എതിരേറ്റത്‌. കുറെ യുവസുഹൃത്തുക്കളെയും കൂട്ടി കാട്ടിൽക്കയറി. കേരളത്തിന്റെ കിഴക്കൻമേഖലയിലുടനീളമുള്ള കാടുകൾ. തിരിച്ചു കാടിറങ്ങിയപ്പോൾ ജോണിയുടെ കയ്യിൽ ആയിരത്തോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മലകളുടെയും പുഴകളുടെയും പാറക്കൂട്ടങ്ങളുടെയും പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ഒന്നും ചിത്രങ്ങൾ അക്കൂട്ടത്തിലില്ലായിരുന്നു. എല്ലാം മരങ്ങളുടെ ചിത്രങ്ങൾ. രേഖപ്പെടാൻവേണ്ടി ജോണിക്കുമുന്നിൽ മരങ്ങൾ പോസ്ചെയ്തതുപോലെ.

വൃക്ഷ ചിത്രരചന, ജോണി മിഖായേലിന്റെ മാത്രം പ്രത്യേകതയായിരുന്നു. ഇതിനായി ജോണി ഒരു നോട്ടുബുക്ക്‌ എപ്പോഴും കരുതിയിരുന്നു. ഇഷ്ടപ്പെട്ട ഒരു മരം കണ്ടാൽ അതിനെ നോക്കിയിരുന്ന്‌ ജോണി ആ രൂപം ഒപ്പിയെടുക്കുമായിരുന്നു. വൃക്ഷ ചിത്രരചനയിൽ ശ്രദ്ധിച്ചതിനാൽ ജോണിയുടെ മരങ്ങളിൽ ഭാവങ്ങൾ സ്പഷ്ടമായിരുന്നു. ചിന്തിക്കുകയും ചിരിക്കുകയും കരയുകയും ക്ഷോഭിക്കുകയും ചെയ്യുന്ന മരങ്ങൾ.

വനയാത്രയിൽ കിട്ടിയ വൃക്ഷചിത്രങ്ങൾ കേരളത്തിലുടനീളം അദ്ദേഹം പ്രദർശിപ്പിച്ചു. അതിനായി നീണ്ട ക്യാൻവാസും ആനയെ അടക്കം ചെയ്യാവുന്ന പെട്ടിയും സംഘടിപ്പിച്ചു. കേരളം മുഴുവൻ അതും ചുമന്നുനടന്നു. വനത്തിലെ വൃക്ഷരാജകുമാരന്മാരെയും രാജകുമാരിമാരെയും നാട്ടിലുള്ളവർ ഇങ്ങനെയെങ്കിലും കാണട്ടെ എന്നാണ്‌ ജോണി മിഖായേൽ ഈ പ്രദർശനംകൊണ്ട്‌ ഉദ്ദേശിച്ചത്‌. തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആയിരത്തിലധികം ആളുകളാണ്‌ വൃക്ഷറാണിമാരെ കാണാനെത്തിയത്‌. കോവളത്ത്‌ നിരവധി വിദേശവിനോദ സഞ്ചാരികളും വനവൃക്ഷങ്ങളെ കണ്ടു.

ഒരുകാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയാൽ ജോണിയെ അതിൽ നിന്ന്‌ അകറ്റാൻ കഴിയില്ലായിരുന്നു. ഒരു വീണവാദകയെ പ്രണയിച്ചകാലത്ത്‌ വീണയെക്കുറിച്ച്‌ മാത്രമായിരുന്നു ജോണിയുടെ ചിന്ത. തഞ്ചാവൂരിന്‌ വണ്ടികയറി വീണയുമായി തിരിച്ചെത്തി. ദയയുടെ അടയാളമായാണ്‌ ജോണി വീണയെ കണ്ടത്‌. നിർദയത്വത്തിന്റെ ശബ്ദചിഹ്നമായി ചെണ്ടയേയും കണ്ടു. ദയനിർദ്ദയ ജുഗൽബന്ദി ആയാലോ ജോണി തീരുമാനിച്ചാൽ നടപ്പാക്കിയിട്ടേ ഉറങ്ങൂ. അങ്ങനെയാണ്‌ തിരുവനന്തപുരം സിറ്റിയിൽ ആദ്യമായി ചെണ്ടയും വീണയും ഒന്നിച്ചൊരു നാദവിസ്മയം ഉണ്ടാക്കിയത്‌. കാവാലം നാരായണപ്പണിക്കർ അടക്കമുള്ള ഗംഭീരസദസായിരുന്നു സാക്ഷി.

ഹിരോഷിമാദിനം എങ്ങനെ ആചരിക്കണം? ജോണി മിഖായേൽ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആ ഘടികാരം പുനഃസൃഷ്ടിച്ചു. പിന്നെ പാവകളിലായി ജോണിയുടെ ശ്രദ്ധ. കളിമണ്ണും ചിരട്ടയും തെങ്ങോലയും പാവകളായി. ഇതിനനുസൃതമായ നാടകപാഠവും അദ്ദേഹം രൂപപ്പെടുത്തി ദൂരദർശനും ഏഷ്യാനെറ്റിനും മറ്റുമായി ഈ ആകർഷകമായ പരിപാടി അദ്ദേഹം അവതരിപ്പിച്ചു. തെങ്ങോലകൊണ്ട്‌ നിരവധി കളിപ്പാട്ടങ്ങളുണ്ടാക്കാൻ ജോണി കുട്ടികളെ പഠിപ്പിച്ചു.
തിരുവല്ലയിൽ നടത്തിയ ടെറാഫെസ്റ്റ്‌ ജോണി മിഖായേലിന്റെ സാന്നിധ്യംകൊണ്ട്‌ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു തെരുവിലെ ചുമരുമുഴുവൻ ശിൽപങ്ങൾ. വൈകുന്നേരങ്ങളിൽ കവിതയും നാടൻപാട്ടും.

കെപിഎസിയുടെ ചില നാടകങ്ങൾക്കുവേണ്ടി ജോണി മിഖായേൽ ഒരുക്കിയ രംഗ ഉപകരണങ്ങളും ചണം ഉപയോഗിച്ച്‌ രൂപപ്പെടുത്തിയ ചില ദൃശ്യവസ്തുക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാലക്കുടിയിലെ തൂമ്പാക്കോട്ട്‌, സംഗീത വിദ്യാലയം നടത്തിയും ശബ്ദപ്രകാശ സജ്ജീകരണം നിർവഹിച്ചുമാണ്‌ ജോണി കലാരംഗത്ത്‌ വന്നത്‌. കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച പാവം മനുഷ്യനായിരുന്നു ജോണി മിഖായേൽ.

മറയൂർ വനമേഖലയിൽ അഞ്ചുനാടുകളുടെ ഐക്യശിൽപം നിർമ്മിച്ചു അപൂർണമാക്കേണ്ടിവന്നത്‌ ജോണിയുടെ ദുഃഖമായിരുന്നു.

ജോണിയുടെ ആശ്രയം അമ്മയായിരുന്നു. അമ്മയുടെ മരണം ജോണിയെ തീർത്തും അനാഥനാക്കി. അരാജക ജീവിതത്തിന്റെ മലമുകളിലേയ്ക്ക്‌ വലിഞ്ഞുകയറിയ ജോണി മിഖായേൽ അമ്പതാം വയസിൽ ജീവനൊടുക്കി. പാവങ്ങളും മരങ്ങളും തെങ്ങോലകളും കളിമണ്ണും ജോണിയെ കാത്തിരിക്കുന്നുണ്ടാകാം. ആ സ്നേഹിതന്റെ ഓർമ്മകൾക്ക്‌ മുന്നിൽ തലകുനിക്കുന്നു.

Saturday, 6 June 2015

നക്ഷത്രത്തുളയുള്ള ആകാശവും അസ്മോ പുത്തൻചിറയും


പുറമേ ശാന്തനും സൌമ്യനും ആയിരുന്നു ഈയിടെ അന്തരിച്ച
അസ്മോ പുത്തൻചിറ.അകമേ കവിതയുടെ അശാന്തസമുദ്രം
ആഴവും പരപ്പുമായി നിലകൊണ്ടിരുന്നു.എഴുത്തിൽ ശ്രദ്ധയും
മിതത്വവും പാലിച്ച കവി.

ദീർഘകാലം അസ്മോ അബുദാബിയിൽ ആയിരുന്നു.അവിടെയുള്ള
സാംസ്കാരിക പരിപാടികളിലെല്ലാം അസ്മോയുടെ സജീവസാന്നിധ്യം
ഉണ്ടായിരുന്നു.കോലായ എന്ന പേരിൽ ഒരു സാഹിത്യ സംവാദ വേദി
തന്നെ അസ്മോയുടെ ഉത്സാഹത്തിൽ അവിടെ പ്രവർത്തിച്ചിരുന്നു.

മതവിശ്വാസവും ഞാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായിത്തന്നെ
ഞാൻ അസ്മോയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കാലുറപ്പിച്ചു നിന്ന
മണ്ണിന്നടിയിൽ  അറേബ്യയെ മുഴുവൻ രക്ഷപ്പെടുത്താൻ ഉതകുന്ന
പെട്രോൾ ഉണ്ടെന്നുപോലും പ്രവചിക്കാൻ കഴിയാത്ത ചരിത്രപുരുഷന്മാരെ
കുറിച്ചുള്ള എന്റെ സന്ദേഹങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ അവതരിപ്പിച്ചിരുന്നു.
പെട്രോൾ കണ്ടെത്താൻ അന്യമതസ്ഥനായ വെള്ളക്കാരൻ വേണ്ടി വന്നല്ലോ
എന്നുപോലും ഞാൻ പറഞ്ഞിട്ടും മതതീവ്രവാദത്തിന്റെ കണിക പോലുമില്ലാത്ത
ശുദ്ധമനസ്കനായ അസ്മോ അതെല്ലാം കേട്ടിരുന്ന് ശ്രദ്ധയോടെ കാറോടിച്ചു.
മത വിമർശനങ്ങളെ സഹിഷ്ണുതയോടെ കേട്ടിരിക്കാൻ കഴിയുന്ന ഒരു മാതൃകാ
മതവിശ്വാസി കൂടി ആയിരുന്നു അസ്മോ പുത്തൻചിറ.

കവിതയിൽ അസ്മോ സൂക്ഷ്മതയുടെ മറുവാക്കായിരുന്നു, അധികമൊന്നും
എഴുതിയില്ല.എഴുത്തിന്  അർഹിക്കുന്ന അംഗീകാരം ലഭിച്ചതുമില്ല.
അംഗീകാരമൊന്നും അസ്മോക്ക് പ്രശ്നം ആയിരുന്നില്ല.ഹൈക്കു മുതൽ
മുന്നോട്ട് അസ്മോ എഴുതിക്കൊണ്ടിരുന്നു.അസ്മോ നമുക്ക് തന്ന പുസ്തകമാണ്
ചിരിക്കുരുതി.

ചിരിക്കുരുതി എന്ന കവിതയിൽ തന്നെയാണ് നക്ഷത്രത്തുളയുള്ള ആകാശത്തമ്പ്
എന്ന പ്രയോഗമുള്ളത്. പ്രവാസിയുടെ ജീവിതമാണ് ഈ കവിതയിൽ
വരച്ചിട്ടിട്ടുള്ളത്.ചിരിയുടെ കുടമണി ചുണ്ടിൽ ചാർത്തി കുരുതിക്ക് തലനീട്ടി
നില്ക്കുന്ന ജീവിതം അസ്മോക്ക് പരിചിതമായിരുന്നു.

മൂന്നും നാലും വരികളടക്കമുള്ള അദീർഘകവിതകളിലാണ് അസ്മോയുടെ
സൂക്ഷ്മത കൃത്യമായി ദർശിക്കാൻ കഴിയുന്നത്. വാഗ്മീകം എന്ന കവിത
അമിതപ്രസംഗത്തിന്റെ കാലത്തേക്ക് നിറയൊഴിക്കുന്നുണ്ട്.
"എന്റെ വേദി
എന്റെ മൈക്ക്
എന്റെ നാക്ക്
പാവം സദസ്സ്."

പ്രസംഗം എന്ന കവിതയും ഇതേവഴിക്കു തന്നെ സഞ്ചരിക്കുന്നു.

" ഉള്ളിന്റെയുള്ളിൽ
മുനിഞ്ഞു കത്തേണ്ട
സ്നേഹം
നാവിന്റെ തുമ്പിൽ
കരിന്തിരിയാകുന്നു."

പിൻഗാമിയെന്ന കവിത അസ്മോ ദുഖത്തിന് മുകളിൽ പുരട്ടിയ
പുഞ്ചിരിയാണ്.

" ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞു ജനിച്ചിട്ടില്ല.
കവി പ്രതികരിച്ചു.
നമുക്കല്ലാതെ
ഈ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടില്ല."

അസ്മോയുടെ മൂന്നു ഹൈക്കുകളിൽ ഒന്നാം ഹൈക്കു ഇങ്ങനെയാണ്.
" അവൾ മരുന്നു കഴിച്ചു തുടങ്ങുന്നു
രോഗം അവളോട്
കലഹിച്ചു പടിയിറങ്ങുന്നു."

മൌനം എന്ന കവിത ഇങ്ങനെയാണ്.
" എല്ലാരെയും
മിത്രങ്ങളാക്കാൻ
കഴിയില്ലെങ്കിലും
ആരെയും
ശത്രുക്കളാക്കാതിരിക്കാൻ
മൌനം കുടിക്കുക."

അകാലത്തിൽ അന്തരിച്ച ടി.വി.കൊച്ചുബാവയെ കവിതയിൽ അസ്മോ
അടയാളപ്പെടുത്തിയിട്ടുണ്ട്.
" പിണങ്ങാൻ കാരണം
തേടിയെത്തുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്തു സൌഹൃദമെന്ന്
ചോദിക്കുന്നവർക്ക്
ഉത്തരം തന്നെ കൊച്ചുബാവ."

ഒരു പിടി കവിതകൾ മാത്രമാണ് അസ്മോ പുത്തൻചിറ മലയാളത്തിനു
തന്നത്. ആ കവിതകൾ ഓർമ്മയുടെ അടയാളങ്ങളായി രൂപപ്പെടുത്തിയിരിക്കുന്നു.
ഓരോ കവിതയും അസ്മോയിലെ, അശാന്തതക്കെതിരെ പോരാടുന്ന കവിയെ
കാട്ടിത്തരുന്നു.

ഇളംതലമുറയിലെ കവികളോടു വലിയ സ്നേഹമായിരുന്നു അസ്മോക്ക്.
മരിക്കുന്ന ദിവസം പോലും അദ്ദേഹം പലരുമായും സംസാരിച്ചു.
അസ്മോയുടെ പേരിൽ വന്ന അജ്ഞാത വൈറസ്സിനെ കുറിച്ചാണ് എന്നോടു ഒടുവിൽ
പറഞ്ഞത്. അത് മരിക്കുന്ന ദിവസം രാവിലെ ആയിരുന്നു.
തുറന്നാൽ സിസ്റ്റം മരിച്ചു പോകാവുന്ന വൈറസ്. അത് തുറക്കരുത്
എന്ന് എന്നോടു അസ്മോ പറഞ്ഞു.

അസ്മോ ആ ലിങ്ക് താങ്കൾ തുറന്നോ?

അസ്മോ പുത്തൻചിറയുടെ ഓർമ്മയ്ക്ക്‌ മുന്നിൽ തല കുനിക്കുന്നു.