Friday 18 December 2020

ഇപ്പോള്‍ അവർ

 

അവർ എന്തുചെയ്യുകയായിരിക്കും?
ഒരുവൾ
ബിയർ കുടിച്ചുൻമത്തയായ്
കടലിനെ നൂലിൽ കൊരുത്തെടുത്ത്
വിരലാൽ നിയന്ത്രിക്കയായിരിക്കാം
ഒരുവൾ
നിലാവിന്റെ പർദ്ദയിട്ട്
മരുഭൂവിലൊട്ടകക്കപ്പലേറി
കുടിനീരുതേടുകയായിരിക്കാം
ഒരുവൾ
ഖനിക്കുള്ളിൽ ജീവിതത്തിൻ
തരികൾ തിരയുകയായിരിക്കാം
ഒരുവൾ
ബഹുനിലക്കെട്ടിടത്തിൻ
നെറുകയിൽ കൂപ്പിയ കൈകളുമായ്
മതി മതിയെന്നു പ്രാർത്ഥിച്ചുറച്ച്
കുതികൊണ്ടൊടുങ്ങുകയായിരിക്കാം.
ഒരുവൾ
കൈക്കുഞ്ഞിനെ ചേർത്തുവെച്ച്
വിഷജലം മോന്തുകയായിരിക്കാം
ഒരുവൾ
കൈത്തോക്കിന്റെ മുമ്പിൽ നിന്ന്
ചിറകിനായ് യാചിക്കയായിരിക്കാം
ഇവിടെ നാം ചുണ്ടുകൾ പങ്കുവെയ്ക്കെ
അവർ എന്തുചെയ്യുകയായിരിക്കാം

Tuesday 15 December 2020

ശിശുക്കളുടെ ജീവിക്കാനുള്ള അവകാശം

ഒരു കുഞ്ഞിനെ സംബന്ധിച്ച് അടുത്തകാലത്ത് വായിക്കാനിടയായ ഒരു വാര്‍ത്ത വല്ലാതെ ഞെട്ടിച്ചു. കടുത്ത വയറു വേദനമൂലം ആശുപത്രിയിലെത്തിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വന്നു. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് നാലു സിഗററ്റ് ലൈറ്ററുകളും മറ്റു കുറെ ദഹിക്കാത്ത സാധനങ്ങളും!

എന്തായാലും ആ കുട്ടിയെ മരിക്കാതെ രക്ഷപ്പെടുത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

അവിശ്വസനീയ വലിപ്പമുള്ള മുടിക്കെട്ടുകളും പ്ലാസ്റ്റിക്ക് കൂടുകളും ഗോട്ടികളും  നാണയശേഖരവും മറ്റും ഇതുപോലെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. മുതിര്‍ന്നവരുടെ ശ്രദ്ധക്കുറവു മാത്രമാണു, ശിശുമരണം അടക്കമുള്ള അപകടങ്ങള്‍ക്കു കാരണം. സിഗരറ്റ് ലൈറ്ററുകള്‍ കുട്ടികളുടെ കയ്യെത്തുന്നിടത്ത് വയ്ക്കാതിരുന്നാല്‍ മതിയായിരുന്നല്ലോ. കുട്ടികളുള്ള വീട്ടിലിരുന്നു പുകവലിക്കുന്നത് കഠിന ശിക്ഷ നല്‍കുന്ന കുറ്റകൃത്യമാക്കിക്കൊണ്ടു നിയമം നിര്‍മ്മിക്കാവുന്നതാണ്.

പല ഔഷധങ്ങളുടെ കവറുകളിലും കുട്ടികളെടുക്കാത്ത സ്ഥലത്തു വയ്ക്കണമെന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. പുകവലി ആരോഗ്യത്തിനു ഹാനികരമെന്നത് പോലെ അതും ഒരു നിയമപരമായ മുന്നറിയിപ്പെന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയുകയാണ് പതിവ്. ഫലം, അപകടകരമായ ഔഷധങ്ങള്‍ കുട്ടികള്‍ കഴിച്ച് ആശുപത്രിയിലാകുന്നതാണ്. ഭാഷ വഴങ്ങിയിട്ടില്ലാത്ത കുട്ടികളാണ് അധികവും അപകടത്തില്‍ പെടുന്നത്. മുതിര്‍ന്നവരുടെ അശ്രദ്ധ മാത്രമാണു ഇതിന്‍റെ   കാരണം. അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങള്‍.

വാഹനത്തിന്‍റെ പിന്‍ ചക്രം  കയറി വിദ്യാലയത്തില്‍ പോലും കുട്ടികള്‍ മരിച്ച അനിഷ്ടസംഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്. വാഹനം  പിന്നിലേക്കെടുത്തപ്പോള്‍ വീട്ടുമുറ്റത്തു  പോലും കുഞ്ഞുങ്ങള്‍ അസ്തമിച്ചിട്ടുണ്ട്. ദൈവാരാധനയ്ക്ക് പോകാനായി വാഹനം പിന്നോട്ടെ ടുത്തപ്പോള്‍ ഇടിച്ചു തെറിച്ച   കുഞ്ഞുമക്കള്‍ ആറ്റില്‍  വീണു മരിച്ച സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ എന്തു പാഠം നമ്മള്‍ പഠിച്ചുവെന്ന് ആലോചിക്കേണ്ടതാണ്. ശ്രദ്ധയെ സംബന്ധിച്ച വലിയ പാഠങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടു. 

കുഞ്ഞുങ്ങളെ  കുത്തിനിറച്ച വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വളരെ വലുതാണ്. പരിശോധകരുടെ ഉദാസീനത ഇക്കാര്യത്തില്‍ കുറ്റകൃത്യമായി പരിഗണിക്കേണ്ടതാണ്.

വെള്ളം നിറച്ച ബക്കറ്റുകളില്‍ വീണു കുഞ്ഞുങ്ങള്‍ മരിച്ച നിരവധി വേദനിപ്പിച്ച സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. മൂടിയുള്ള ബക്കറ്റുപയോഗിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഈ ദുര്‍മ്മരണങ്ങള്‍. അശ്രദ്ധയാണ് ഇതിനും കാരണം. ഒന്നിലധികം വാര്‍ത്തകളുണ്ടായിട്ടും നമ്മള്‍ പഠിക്കുന്നില്ലെന്നുള്ളതാണ് ദു:ഖകരമായ കാര്യം.  കുഴല്‍ക്കിണറുകളില്‍ വീണു മരിച്ച കുഞ്ഞുങ്ങളും നമ്മുടെ ഓര്‍മ്മയിലെ നിലവിളികളാണ്.

ആള്‍മറയില്ലാത്ത കിണറുകള്‍ മറ്റൊരു കെണിയാണ്. ആള്‍മറമാത്രമല്ല, സൂര്യപ്രകാശവും കാറ്റും  മഴവെള്ളവും കടക്കുന്ന രീതിയില്‍ കിണറുകളെല്ലാം മൂടിവയ്പ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയേണ്ടതാണ്.

കുഞ്ഞുങ്ങളില്ലെങ്കില്‍ പോലും നമ്മള്‍ ശീലിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. പ്രാഥമിക വിദ്യാഭ്യാസകാലത്ത് തന്നെ അതു സംബന്ധിച്ച ബോധവല്‍ക്കരണം വേണം. സേഫ്റ്റി പിന്നുകള്‍ നിര്‍ബ്ബന്ധമായും മുന ഉള്ളിലാക്കി വയ്ക്കണം. പേനകളുടെ മൂടികള്‍ നിര്‍ബ്ബന്ധമായും ഉപയോഗിക്കണം. എഴുതിക്കഴിഞ്ഞാല്‍ മൂടിയില്ലാതെ പേന മേശപ്പുറത്ത് ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാന്‍ സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ശീലിപ്പിക്കണം.കണ്ണാടി കൊണ്ടുള്ള പാത്രങ്ങളും മറ്റും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുത്.

വൈദ്യുതിയുടെ പിന്‍പോയിന്റുകള്‍ ഒരു കാരണവശാലും കുഞ്ഞുങ്ങളുടെ കയ്യെത്തും ദൂരത്തായിരിക്കരുത്. മുതിര്‍ന്നവരുടെ സൌകര്യാര്‍ത്ഥം കിടക്കയ്ക്കരികില്‍ വിളക്കിന്‍റെയും പങ്കയുടെയും സ്വിച്ചുകള്‍ വയ്ക്കാറുണ്ട്. ഒപ്പം പിന്നുപയോഗിക്കാനുള്ള ദ്വാരങ്ങളും. ഈ സംവിധാനം ഇല്ലാതെതന്നെ ജീവിക്കാന്‍ കഴിയും.അല്ലെങ്കില്‍ മൂടിവയ്ക്കാവുന്ന രീതി അവലംബിക്കണം.

ശിശുമരണത്തില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയമുണ്ട്. നിസ്സഹായരും നിഷ്ക്കളങ്കരുമായ മനുഷ്യക്കുഞ്ഞുങ്ങളുടെ ജീവിതം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ പോലും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഗര്‍ഭിണികള്‍ക്ക് മുട്ടയും പാലും മറ്റും നല്കുന്നുണ്ട്. അമൃതം പൊടി തുടങ്ങിയവയും നല്കുന്നുണ്ട്. നഗര മാതാക്കള്‍ അനുസരിക്കുന്നില്ലെങ്കിലും മുലയൂട്ടലിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കുന്നുണ്ട്.

പോളിയോയ്ക്കും മറ്റുമുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കുന്ന കാര്യത്തിലും കേരളം ശ്രദ്ധിക്കുന്നുണ്ട്. എല്ലാ മേഖലകളിലും ശ്രദ്ധിച്ചു ശിശുമരണം സമ്പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയണം. 

ജീപ്പില്‍ നിന്നും വയനാട്ടുചുരത്തില്‍ തെറിച്ചു വീണ ഒരു കുഞ്ഞ് പോലീസ് കാവല്‍പ്പുരയിലേക്ക് ഇഴഞ്ഞു ചെന്ന സംഭവം മറക്കാറായിട്ടില്ല. ഒരമ്മയും അതു മനപ്പൂര്‍വ്വം ഉണ്ടാക്കിവയ്ക്കില്ല.ഇവിടെ വാഹനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പാലിച്ചില്ലെന്നതായിരുന്നല്ലോ കാരണം. ഭാവിയില്‍ ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ നമ്മളെന്തു ചെയ്തു എന്നുകൂടി നോക്കേണ്ടതാണ്.

ഇനി രൂപീകൃതമാകുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ ശിശുക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കട്ടെ.

Wednesday 25 November 2020

സാമൂഹ്യ മാധ്യമങ്ങളുടെ മേല്‍ക്കൈ


 സാംസ്ക്കാരിക രാഷ്ട്രീയ മേഖലകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമാണ്.
കോവിഡ് എന്ന മഹാരോഗമാണ് ഓണ്‍ലൈന്‍ മേല്‍ക്കൈക്ക്    കാരണമായത്.

അസംഖ്യം യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചിരിക്കുന്നു. ലഘു പ്രഭാഷണങ്ങള്‍ ചാനലുകളില്‍ നിറഞ്ഞൊഴുകുന്നു. എം.എന്‍.കാരശ്ശേരിയും സജീവന്‍ അന്തിക്കാടും മറ്റും നടത്തുന്ന 
ലളിതവും എന്നാല്‍ വിജ്ഞാനപ്രദവുമായ ലഘു പ്രഭാഷണങ്ങള്‍ നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

ഹ്രസ്വ ചിത്രങ്ങളുടെ വേലിയേറ്റം തന്നെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ബോറാണെങ്കില്‍ മാന്യതയ്ക്ക് വേണ്ടിയെങ്കില്‍ പോലും നമ്മള്‍ തിയേറ്ററില്‍ ഇരിക്കും. ഓണ്‍ ലൈന്‍ സ്ക്ക്റീനില്‍ ആണെങ്കില്‍ നമുക്ക് അപ്പോള്‍ നിറുത്താം.    ദൈര്‍ഘ്യം കുറവായതിനാല്‍ കാണാവുന്നതെയുള്ളൂ. നിറുത്താനുള്ള ബട്ടണ്‍ നമ്മുടെ വിരല്‍ത്തുമ്പിലാണ്. അതിനാല്‍ ബോറുപടങ്ങള്‍ ആദ്യദിവസം തന്നെ പിന്‍വലിക്കപ്പെടും.രാ പ്രസാദിന്‍റെ കുറ്റാന്വേഷണ ലഘുസിനിമകളും ഷിബു മുത്താട്ടിന്റെയും മറ്റും രചനകളും നന്നായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ലഘു നാടകങ്ങളും ഏകപാത്ര അവതരണങ്ങളും നമ്മുടെ ഏകാന്തതയിലേക്ക് എത്തിയിരിക്കുന്നു.. പ്രസിദ്ധിയുടെ അരങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന നല്ല പാട്ടുകാര്‍ക്ക് ഓണ്‍ ലൈന്‍ വേദികള്‍ വലിയ സാദ്ധ്യതയാണ്. നാടന്‍ പാട്ടുകളും കവിതകളും ധാരാളമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. പത്താം വര്‍ഷത്തിന്‍റെ അനുഭവ ചരിത്രമുള്ള ഇന്ന് വായിച്ച കവിത ഇപ്പൊഴും നന്നായി വായിക്കപ്പെടുന്നു.. ജനയുഗം വാരാന്തമടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ വരുന്ന കവിതകള്‍ ഇന്ന് വായിച്ച കവിതയില്‍ വായനക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇരുനൂറിലധികം വായനക്കാര്‍ പ്രതിദിനം കവിത  വായിക്കുന്നുണ്ട്. ഓരോ ദിവസവും കവിത പോസ്റ്റു ചെയ്യുന്ന നിരവധി കാവ്യ സ്നേഹികളുണ്ട്.എല്ലാ പോസ്റ്റിലും കൂടി എണ്ണൂറിലധികം ആളുകള്‍ കവിത വായിക്കുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സാഹിത്യ രൂപം കവിതയാണ്.

കഴിഞ്ഞ കര്‍ക്കിടകത്തില്‍ യുവകലാസാഹിതി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു.രാമായണത്തിന്‍റെ ബഹുസ്വരതയായിരുന്നു വിഷയം.ഒന്നും രണ്ടുമല്ല അനവധിനിരവധി രാമകഥകളെ കുറിച്ചു ധാരണയുണ്ടാക്കാന്‍ ആ പ്രഭാഷണ പരമ്പര സഹായിച്ചു.രാമായണം കുറത്തിപ്പാട്ടും വയനാടന്‍ രാമായണവും മാപ്പിള രാമായണവും ബാലിരാമായണവുമൊക്കെ ആ വേദിയില്‍ പരാമര്‍ശിക്കപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രാചീന കാവ്യപഠന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഹിയുദ്ദീന്‍ മാല, മലയവിലാസം, മോയീന്‍കുട്ടി വൈദ്യരുടെ കൃതികള്‍ തുടങ്ങിയവയുടെ അവതരണവും പ്രഭാഷണവും പുതിയ തലമുറയ്ക്ക് പ്രയോജനപ്രദം ആയിരുന്നു.

വിവിധ ഓണ്‍ ലൈന്‍ ഗ്രൂപ്പുകള്‍ നടത്തിയ കവിതാചലഞ്ച് പരിപാടിയില്‍ പുതുകവികള്‍ സജീവമായി ഇടപെട്ടു. മുതിര്‍ന്ന കവികളില്‍ സച്ചിദാനന്ദനാണ് ഓണ്‍ ലൈന്‍ മേഖലയെ സാന്നിധ്യം കൊണ്ടു സമ്പുഷ്ടമാക്കുന്നത്.  

ഓണ്‍ ലൈന്‍ വേദി മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് സ്വന്തം പ്രതിച്ഛായ മിനുക്കുന്നതിനു വേണ്ടിയാണ്.അതില്‍ നിന്നും വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റ് പാര്ട്ടി നടത്തിയ ഓണ്‍ ലൈന്‍ മാര്‍ച്ച് വളരെ ശ്രദ്ധിക്കപ്പെട്ടു. 

കോവിഡിനെതിരെ നടന്ന ബോധവല്‍ക്കരണ പരിപാടികളില്‍ 
സമൂഹമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതു.

ജനങ്ങള്‍ ഉത്സവം പോലെ ആഘോഷിച്ചിരുന്ന തെരഞ്ഞെടുപ്പും ഇപ്പോള്‍  ഓണ്‍ലൈന്‍ മേഖലയില്‍ പ്രസരിച്ചു കഴിഞ്ഞു. കാണാമറയക്കാരുടെ  വ്യവസായക്കണ്ണ് ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥിക്കു പറയാനുള്ളതും മറ്റു പ്രചാരണ പരിപാടികളും മറ്റും ഒരു നിശ്ചിത തുക അടച്ചാല്‍ നിര്‍ദ്ദേശിക്കുന്ന പ്രദേശത്ത് അക്കൌണ്ട് ഉള്ളവരെ   അറിയിക്കും. ഒറ്റ ദിവസത്തെക്കാണ് ഈ 
പ്രതിഫലാഷ്ഠിത സേവനം ലഭിക്കുക. കൂടുതല്‍ ദിവസം വേണമെങ്കില്‍ കൂടുതല്‍ പണം കൈമാറണം.

സാംസ്ക്കാരിക രംഗത്തു കൂടി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഗീതാ നസീര്‍, ശാരദാ മോഹന്‍, ശ്രീനാദേവി,ഐ.സതീഷ് കുമാര്‍, കരിങ്ങന്നൂര്‍ സുഷമ തുടങ്ങിയവര്‍ ഇക്കുറി പ്രാദേശിക ഭരണകൂടങ്ങളിലേക്ക് ജനവിധി തേടുന്നുണ്ട്. അവരുടെ പ്രചാരണ പരിപാടികളും നവമാധ്യമങ്ങളില്‍ ഇടം നേടിയിടുണ്ട്.

പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നല്ലൊരു ശതമാനം  ഡിജിറ്റല്‍ ആയിട്ടുണ്ട്. ഇ ബുക്കുകളുടെ സാന്നിദ്ധ്യം മലയാളത്തിലും ഉണ്ടായിരിക്കുന്നു.ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങള്‍, പണം അടച്ചവര്‍ക്ക് മാത്രമേ വായിക്കാന്‍  വായിക്കാന്‍ കഴിയൂ. പകര്‍പ്പെടുക്കാനോ ഷെയര്‍ ചെയ്യാനോ സാധ്യമല്ല. യന്ത്രത്തിനു തിരിച്ചറിവില്ലാത്തതിനാല്‍ രചയിതാവിനും  പണം അടച്ചെങ്കില്‍ മാത്രമേ സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയൂ. മുതലാളിത്തം കയ്യടക്കിയാല്‍ യന്ത്രത്തിന്‍റെ മുദ്രാവാക്യം  
എല്ലാവരും അന്യരാണ് എന്നാണല്ലോ.മുതലാളിത്തത്തിനു ലാഭം വാങ്ങിക്കൊടുക്കുന്ന അനുസരണയുള്ള ഒരു ഭൂതമാണ് ഓണ്‍ ലൈന്‍ സംവിധാനം.

പ്രസിദ്ധീകരണങ്ങള്‍ പലതും, തപാല്‍ സാധ്യത മങ്ങിയതിനാല്‍ ഓണ്‍ലൈന്‍ നിരയിലായിട്ടുണ്ട്. അവയുടെ വായന ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കോവിഡ് നമ്മുടെ സാംസ്ക്കാരിക  സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്.

Thursday 12 November 2020

നന്നാക്കുക പകരം നിങ്ങടെ മുഖസൌന്ദര്യം പ്രിയരേ.


കണ്ണൂര്‍ നഗരത്തിലെ ചെറിയൊരു ഹോട്ടല്‍ മുറി.അതില്‍ സാക്ഷാല്‍ വെളിയം ഭാര്‍ഗ്ഗവന്‍. തന്നെ കാണാന്‍ വന്ന പഴയ സഖാക്കളുമായി സംസാരിക്കുകയാണ്. പാര്‍ട്ടി പിളരുന്നത് രണ്ടായിട്ടല്ല, മൂന്നായിട്ടാണ്.
ആ മൂന്നാം പക്ഷത്താണ് ശരിയെകുറിച്ചു സംശയമുള്ളവരും ഭിന്നിച്ചതില്‍ ദുഖിക്കുന്നവരും നിരാശപ്പെട്ടവരും  ഒക്കെയുള്ളത്

ശരിയാണല്ലോ. ഈ മൂന്നാം പക്ഷത്തില്‍ പെട്ടുപോയ കവിയാണ് കുരീപ്പുഴ നടരാജന്‍. .

അന്‍പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ്, ചുവന്ന കിനാക്കളുടെ വയലേലയായിരുന്നു. തിരുനല്ലൂരും പുതുശ്ശേരിയും ഓ എന്‍ വിയും പെരുമ്പുഴയും ഓ.മാധവനും  സാംബശിവനുമൊക്കെയുള്ള കാലം. അവര്‍ക്ക് ധൈഷണിക നേതൃത്വം നല്‍കാന്‍, പോലീസിന്‍റെ
ക്രൂരമര്‍ദനങ്ങള്‍ക്ക് മുന്നില്‍ തളരാതെ  പോരാടിയ വെളിയം ഭാര്‍ഗ്ഗവനും തെങ്ങമം ബാലകൃഷ്ണനും. അവര്‍ രൂപപ്പെടുത്തിയ
കോളജ് യൂണിയന്‍. അതില്‍ സാംബശിവന്‍ സ്പീക്കറും കുരീപ്പുഴ നടരാജന്‍ മാഗസിന്‍ എഡിറ്ററും. 

കേരളം ചുവന്ന സ്വപ്നങ്ങളുടെ വിത്തു വിതച്ച കാലമായിരുന്നു അത്. കവികളും കഥാകാരന്മാരും നാടകക്കാരും ഗായകരും കഥാപ്രസംഗകരും  ചേര്‍ന്ന് അസാധാരണമായ സാംസ്ക്കാരിക മുന്നണിയുണ്ടാക്കിയ കാലം.ടി.എസ്. തിരുമുമ്പും  കെടാമംഗലം പപ്പുക്കുട്ടിയും പി.ഭാസ്ക്കരനും കെ.പി.ജിയും   മുതല്‍ പുനലൂര്‍ ബാലനും ഇരവിപുരം ഭാസിയുംപി.കെ മേദിനിയും ടി.എം പ്രസാദുമൊക്കെ ഉണ്ടായിരുന്ന  സാംക്കാരിക മുന്നണി. പാട്ടബാക്കിയും കമ്മ്യൂണിസ്റ്റാക്കിയും ജനഹൃദയങ്ങളില്‍ ജീവിക്കാനുള്ള അവകാശം ബോധ്യപ്പെടുത്തിയ കാലം.

അന്നാണ് കുരീപ്പുഴ നടരാജന്‍ യത്നലാവണ്യബോധത്തിന്‍റെ പറവച്ചിറകിലേറി കാവ്യസഞ്ചാരം നടത്തിയത്.   മരണം മനുഷ്യനെ ജീവിപ്പിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

പൊന്നരിവാളമ്പിളിയിലെന്ന, അക്കാലത്തു പിറന്ന ഗാനത്തെ 
മറ്റു കവികളും ഏറ്റു പാടിയാണ് കവിസാഹോദര്യത്തിന്റെ  മലര്‍ച്ചങ്ങല സൃഷ്ടിച്ചത്.പകലിന്‍റെ പൂവുകളെന്ന സ്വന്തം കവിതയില്‍ പൊന്നരിവാള്‍പ്പാട്ടിന്‍റെ ഒരു രംഗം ഈ കവി സൃഷ്ടിക്കുന്നുണ്ട്.ചുണ്ടിലരിയൊരു പൊന്നരിവാളുമായ്/ തെന്നലിന്‍ തേരിലണയുകയായവന്‍ എന്നാണ് എഴുതിയിട്ടുള്ളത്.

കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകവിതയായിരുന്നു കളിത്തോഴി. കാര്‍ഷിക കേരളത്തിന്‍റെ വിശേഷമായിരുന്നല്ലോ കാര്‍ത്തിക. മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന ചേനയും ചേമ്പും കാച്ചിലും കിഴങ്ങുമെല്ലാം ചേര്‍ത്തു പുഴുങ്ങുന്ന ദിവസം. കൃഷിഭൂമിയുടെ നാലതിരുകളില്‍ പന്തം പോലെ കത്തിച്ചു കുത്തിയ അരിയോരക്കമ്പുകള്‍. മരോട്ടിത്തൊണ്ടിലോ കക്കായോട്ടിയിലോ തിരിയിട്ട് കത്തിക്കുന്ന   ദീപങ്ങള്‍. കുട്ടികള്‍ക്കെല്ലാം സന്തോഷം.ഈ രംഗം കവി രേഖപ്പെടുത്തിയത് 
ഇങ്ങനെയാണ്. ആകാശമലര്‍ക്കാവില്‍ സാന്ദ്ര നീലിമയ്ക്കുള്ളില്‍ / ആയിരം തങ്കപ്പൂക്കളങ്ങിങ്ങു വിടര്‍ന്ന പോല്‍ /   കാര്‍ത്തികത്തിരുമുറ്റത്തരിയോരക്കമ്പുമായ് / ആര്‍ത്തിരമ്പുമാ കൊച്ചു കുട്ടികള്‍... വര്‍ണ്ണനാ പടവത്തിലും ആശയ സംവേദനത്തിലും മുന്നിട്ടു നിന്നു ഈ കവി.

ജന്മിമാരുടെ ലൈംഗികാക്രമണം നിലനിന്നിരുന്ന കാലത്താണ് 
പിഴച്ച പെണ്ണ് എന്ന ദീര്‍ഘകവിത അദ്ദേഹം എഴുതിയത്. പുരോഗമന രാഷ്ട്രീയത്തിന്‍റെ സജീവശ്രദ്ധയുണ്ടായതിനാല്‍ ജന്മിമാരുടെ ബലാല്‍ഭോഗത്തില്‍ നിന്നും കര്‍ഷകത്തൊഴിലാളി സഹോദരിമാര്‍ കേരളത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആര്‍ഷഭാരതം
മൊത്തത്തില്‍ നോക്കിയാല്‍ സ്ഥിതി പാഞ്ചാലിക്കാലത്തേതു തന്നെ. 

ഈ കവിതയില്‍ ഒരു കര്‍ഷകത്തൊഴിലാളിസ്ത്രീയെ ജന്മി പ്രലോഭിപ്പിച്ചു ഗര്‍ഭവതിയാക്കുകയും കൊലപ്പെടുത്തുകയും അവളുടെ അച്ഛനെ പോലീസിലേല്‍പ്പിക്കുകയുമാണ്. ജന്മി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കവിത.ആത്മഹത്യയല്ല   
കൊലപാതമാണെന്ന് ഈ കവിതയില്‍ വെളിപ്പെടുത്തുന്നത് ഗ്രാമീണരുടെ വര്‍ത്തമാനങ്ങളിലൂടെയാണ്. നാടകീയസൌന്ദര്യം
തുളുമ്പി നില്‍ക്കുന്ന ഒരു സ്വാഭാവിക രംഗമാണിത്. വയല്‍ വരമ്പിലെ ജീവിതത്തെ  പോലെ കേരളം ഈ കവിതയെയും  ശ്രദ്ധയുടെ മതില്‍ക്കെട്ടിനു പുറത്താക്കി.

കവിയുടെ കണ്ണാടിയെന്ന കവിതയിലാണ്  ശ്രദ്ധിക്കപ്പെട്ട രണ്ടു വരികളുള്ളത്. കണ്ണാടിയിതിന്നു തകര്‍ന്നെന്നാക്രോശിക്കുന്നവരേ / നന്നാക്കുക പകരം നിങ്ങടെ മുഖ സൌന്ദര്യം പ്രിയരേ.

കുരീപ്പുഴ നടരാജന്‍ മരിച്ചിട്ടു രണ്ടു വര്‍ഷം തികയുന്നു. കവിയുടെ മകള്‍   ഷൈനിരാജ് ഇങ്ങനെ ഓര്‍മ്മിക്കുന്നു.
"എന്നും ചുവന്ന പ്രഭാതം വിടരുവാന്‍ ആഗ്രഹിച്ചിരുന്ന കവിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച വിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു.പാര്‍ട്ടിയുടെ പിളര്‍പ്പ് ഒരു വലിയ ആഘാതം തന്നെ അദ്ദേഹത്തിനുണ്ടാക്കിയിരിക്കാം.അതുതന്നെയാവാം അദ്ദേഹത്തെ കവിതയില്‍ നിന്നും പിന്തിരിപ്പിച്ചതും"

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നതിന്റെ ഗുണഫലം നമ്മളിപ്പോള്‍ ബിഹാറില്‍ കാണുകയാണ്. പാര്‍ട്ടിയിലെ ഭിന്നിപ്പു കണ്ടു വേദനിച്ചവരായിരുന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കവികള്‍.അവര്‍ കൂടി ഉള്‍പ്പെട്ട മൂന്നാം പക്ഷത്തിനുള്ള ആശ്വാസസന്ദേശമാണ് കനയ്യകുമാറിന്റെ നാട്ടില്‍ നിന്നുള്ള മുന്നേറ്റസന്ദേശങ്ങള്‍.

Monday 2 November 2020

മുണ്ടുടുക്കുമ്പോള്‍

 

മൂടൽമഞ്ഞാൽ മുണ്ടുടുത്ത
മകരമാസം-ദൂരെ
മേഘമുണ്ടാൽ മാനം കാക്കും 
കറുമ്പന്‍ മാനം 

കേരളൻ ഞാൻ മുണ്ടുടുത്തു
സഞ്ചരിക്കുമ്പോള്‍ - എന്റെ
നേരിലേറി നിറയാറു-
ണ്ടാദി മലയാളം

വേട്ടയാടാൻ പിറന്നോരുടെ
കാലുറകൾക്ക്
നാട്ടിലെല്ലാം നല്ലകാലം
നടപ്പുദീനം

കേരളൻ ഞാൻ കോന്തലക്കൽ
കൈകൊളുത്തുമ്പോൾ-എന്റെ
കാൽ വിരലില്‍ തുടങ്ങുന്നൂ
വടക്കൻപാട്ട്

മുണ്ടുരിഞ്ഞു പുതയ്ക്കുമ്പോൾ
കണ്ടറിഞ്ഞു കിടക്കുമ്പോൾ
ചുണ്ടില്‍ വന്നു തുടിയ്ക്കാറു-
ണ്ടിടയ്ക്കക്കൂട്ട്-കാതിൽ
നെഞ്ചുടഞ്ഞ ഞെരളത്തിൻ
പ്രണയപ്പാട്ട്

മുണ്ടലക്കിവെളുപ്പിക്കെ
വെയിൽത്തോളത്തുലർപ്പിക്കേ
പണ്ടുതൊട്ടേ മലർക്കാറു-
ണ്ടരുമപ്പൂവ്-എങ്ങും
തുമ്പയും പാലയും പൂത്തു
മദിക്കും കാട്

കേരളൻ ഞാൻ മുണ്ടുമാടി-
ക്കുത്തിയങ്ങനെ വയൽതോറും
ഞാറുകുത്തി നിവരുമ്പോൾ
കാരിരുമ്പിലടിക്കുമ്പോൾ
ചോരപോലെയൊഴുകുന്നു
കബനിപ്പെണ്ണ്-മണ്ണിൻ
വേരുപൊട്ടാതോർത്തു നിൽപൂ
ശബരിക്കുന്ന്. 

മുണ്ടുടുത്തു കയർക്കുമ്പോൾ
മുന്നണിയിൽ നടക്കുമ്പോൾ
കണ്ണിലൂറിത്തെളിയുന്നു
കടത്തനാട്-ചുറ്റും
വെണ്ണിലാവിൻ വേഷ്ടിയിട്ട
വള്ളുവനാട്

കേരളൻ ഞാൻ മുണ്ടൊതുക്കി-
ചെത്തിയിപ്പെരുവഴിച്ചാലിൽ
കേവലനായ് നിന്നിടുമ്പോൾ
കാവലായ് റബ്ബർ നീളുമ്പോൾ
നോവിൽനിന്നും പിറക്കുന്നു
ഭരണിത്തോറ്റം-കാലം
കാലിടറി വീണിടുന്ന
കരിങ്കൽക്കൂട്ടം

Wednesday 28 October 2020

"എന്റെ.യല്ലീ മഹാക്ഷേത്രവും മക്കളേ"


ഇന്ത്യയിലെ എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ വ്യവസ്ഥാപിത ബഹുമതിയാണ് ജ്ഞാനപീഠം. അതേറ്റുവാങ്ങിയ മഹാകവി അക്കിത്തം രണ്ടു മഹാന്മാരെ അനുസ്മരിച്ചു. എഴുത്തച്ഛനെയോ പൂന്താനത്തെയോ അല്ല.മേല്‍പ്പത്തൂര്‍ ഭട്ടതിരിയെയുമല്ല. വി ടി ഭട്ടതിരിപ്പാടിനെയും ഇടശ്ശേരി ഗോവിന്ദന്‍ നായരെയുമാണ് അദ്ദേഹം അനുസ്മരിച്ചത്.

അമ്പലങ്ങള്‍ക്കു തീ കൊളുത്താനാഹ്വാനം ചെയ്ത വി.ടി. വിധവകള്‍ക്ക് ജീവിതം നല്കിയ വിപ്ലവകാരി.
മിശ്രവിവാഹത്തെയും ജാതിരഹിത സമൂഹത്തെയും അഭിവാദ്യം ചെയ്ത മനുഷ്യസ്നേഹി.വര്‍ഗ്ഗീയതയോട്,  വിശേഷിച്ചും മനുവാദികളുടെ വിധ്വംസക സംസ്ക്കാരത്തോട് തരിമ്പും 
പൊരുത്തപ്പെടാതെ ജീവിച്ച കേരളീയന്‍.

മഹാകവി ഇടശ്ശേരിയോ? കൃഷിക്കാരനായ കോമനോടൊപ്പം നിന്ന്, അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ 
പൊന്നാര്യനെന്നു ആഹ്വാനം ചെയ്ത വിപ്ലവകാരി.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ഈ കവിത എങ്ങനെയറിഞ്ഞു എന്നു നമുക്ക് അത്ഭുതം തോന്നും.കുറച്ചു കൂടിക്കടന്ന്, പട്ടിണിക്കുടുംബത്തിലെത്താന്‍ റേഷനരിയുമായി പോകുമ്പോള്‍ തിന്നാന്‍ വന്ന നരിയെ ബുദ്ധപ്രതിമ തള്ളിയിട്ടായാലും നിഗ്രഹിക്കാമെന്നു വാദിച്ച മനുഷ്യസ്നേഹി.

ആ പ്രസംഗത്തില്‍ അദ്ദേഹം മാതാപിതാക്കളെയും സഹധര്‍മ്മിണിയെയും അനുസ്മരിച്ചു. അദ്ദേഹം  പരാമര്‍ശിച്ച മറ്റുള്ളവര്‍ ജ്ഞാനപീഠ ജേതാക്കളായ അലി സര്‍ദാര്‍ ജാഫ്രി, അമൃതാപ്രീതം,അഖിലന്‍, യു.ആര്‍. അനന്തമൂര്‍ത്തി എന്നിവരും    അദ്ദേഹത്തോടൊപ്പം യോഗക്ഷേമസഭയ്ക്ക് നേതൃത്വം നല്‍കുകയും   കമ്യൂണിസത്തിന്റെ ഉദയസൂര്യത്വം പങ്കു വയ്ക്കുകയും ചെയ്ത ഈ എം എസ്സുമാണ്. ജാഫ്രി മുതല്‍ ഈ എം എസ്സു വരെയുള്ളവര്‍  മതേതര വാദികളായിരുന്നു എന്നത് ശ്രദ്ധേയം.

വാസ്തവത്തില്‍ മഹാകവിയുടെ ജീവിത വസന്തം വി.ടിയോടും ഇടശ്ശേരിയോടുമൊപ്പം പങ്കു വച്ച കാലമായിരുന്നു.പണ്ടത്തെ മേശാന്തിയിലെ ഒരു വരിയാണ് ഈ കുറിപ്പിന്‍റെ ശീര്‍ഷകം. പരമദരിദ്രനായ ശാന്തിക്കാരന് സംഘടനാ ബലമോ സര്‍ക്കാര്‍ സംരക്ഷണമോ ഒന്നുമില്ലായിരുന്ന ഒരു കാലത്തെയും ഈ വരിയില്‍ വായിച്ചെടുക്കാം.ദൈവരക്ഷ ഒരു വിശ്വാസം മാത്രമാണല്ലോ.

മഹാകവി അക്കിത്തത്തിന്റെ ജ്ഞാനപീഠ പ്രസംഗത്തില്‍ ഞെട്ടിച്ച ഒരു പരാമര്‍ശം കൂടിയുണ്ടായിരുന്നു.എല്ലാ  ഭാഷകളും ദേവനാഗരി ലിപിയിലെഴുതണമെന്ന അഭിപ്രായമായിരുന്നു അത്.
വിനോബ ഭാവെയുടെ ഒരു വിനോദഭാവനയായി മാത്രം  ആ അഭിപ്രായത്തെ   ആസ്വദിച്ചില്ലെങ്കില്‍ നമ്മുടെ മഴയും പുഴയും തഴയും തുഴയും   അടയാളപ്പെടുത്താന്‍ കഴിയാതെ പോകും. എഴുത്തച്ഛന്‍.ചങ്ങമ്പുഴ, ഏഴാച്ചേരി,   പഴവിള,എഴുമംഗലം, കുഴൂര്‍ വില്‍സണ്‍ മുതല്‍ മേഴത്തൂര്‍ അഗ്നിഹോത്രിയും മഴമംഗലവും വരെ ലിപിയില്ലാപ്പെട്ടിയില്‍ മൂടി വയ്ക്കപ്പെടും.  

നാസ്തികനായ എനിക്ക് ആസ്തികനായ മഹാകവിയെ ബഹുമാനമായിരുന്നു. കണ്ടപ്പോഴൊക്കെ അദ്ദേഹമെന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്നു.  രണ്ടാമത്തെ വൈലോപ്പിള്ളി പുരസ്ക്കാരം അദ്ദേഹത്തില്‍ നിന്നും വിനയപൂര്‍വം ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തുഞ്ചന്‍ സ്മാരകത്തിലും കുഞ്ചന്‍ സ്മാരകത്തിലും കലാമണ്ഡലത്തിലും  മറ്റും അദ്ദേഹത്തിന്റെ മഹനീയ   സാന്നിധ്യത്തില്‍ ചാര്‍വാകനും കീഴാളനും ചൊല്ലിയിട്ടുണ്ട്. യുവകവി അഭിലാഷ് എടപ്പാളിനൊപ്പം കുമരനല്ലൂരിലെ    വസതിയില്‍ പോയി കണ്ടിട്ടുണ്ട്. 

അടൂര്‍ ഗോപാലകൃഷ്ണനും എം. ടിയുമടക്കമുള്ള. സാംസ്ക്കാരിക പ്രവര്‍ത്തകര്‍ സംഘപരിവാറിനാല്‍  ആക്ഷേപിക്കപ്പെടുകയും  ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ മഹാകവി അനുഷ്ഠിച്ച മഹാമൌനമോര്‍ത്ത് വ്യസനിച്ചിട്ടുണ്ട്.

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന പതിരില്ലാ വരികള്‍ എക്കാലത്തേക്കുമുള്ളതാണ്. വീരവാദം എന്ന കൃതി ചങ്ങമ്പുഴ വായിച്ചു നോക്കി മംഗാളോദയം വഴി പുറത്തിറക്കിയതാണ്.  ദൈവത്തെ കാത്തിരിക്കുന്ന  ഭക്തന് നിന്നില്‍ത്തന്നെ കണ്ടെത്തണമെന്നു തോന്നിപ്പിക്കുന്ന ക്ഷേതദര്‍ശനാതീതമായ ഉള്‍ക്കാഴ്ചക്കു ചങ്ങമ്പുഴയുടെ  കീഴൊപ്പ് ഉണ്ടായിരുന്നിരിക്കാം.വിപ്ലവബോധത്തെ സ്വാഗതം ചെയ്യുന്ന എന്താവണം എന്ന കവിത അക്കാലത്തെ അടയാളപ്പെടുത്തുന്നുണ്ടാവാം. 

ആസ്തികതയും ഒരാളുടെ അവകാശമാണ്. അത് മറ്റൊരാളുടെ ആസ്തികാവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ്  ഫാസിസമായി മാറുന്നത്. ഇന്ത്യയെ നടുക്കിയ ഈ അവകാശ  ധ്വംസനം കണ്ടത്, സമീപഭൂതകാലത്ത് ബാബറിപ്പള്ളി പൊളിച്ചപ്പോഴാണ്.ആ ആക്രമണത്തെ മൌനം കൊണ്ട് ആശീര്‍വദിച്ച, മഹാകവി, വി.ടി.ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരിയുടെയും ദര്‍ശനങ്ങളെ വിഗണിക്കുന്നതായാണ് വായനക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടത്.  സോമനാഥ് ഹോറിനെ പോലുള്ളവര്‍ കാളിദാസസമ്മാനം വരെ നിരസിച്ച കാലത്താണ്    ഇതെന്നോര്‍ക്കണം.

ഭാവികാലം അക്കിത്തത്തെ അടയാളപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കായ് പൊഴിക്കുന്ന കണ്ണീര്‍ക്കണത്തിലൂടെ ആയിരിക്കട്ടെ. മഹാകവിക്ക് ആദരാഞ്ജലികള്‍.


Saturday 24 October 2020

പൂന്താനം

 https://www.youtube.com/watch?v=pxxJk3nVmTg&feature=share&fbclid=IwAR2VUBSGu2qeFIQy8J3VmClpea4m3roLF9t5YOrbO6RBK_wuvgF8LpjH1jo

Wednesday 14 October 2020

മുതിര്‍ന്നവരുടെ പങ്കാളിത്തം മുപ്പത്തേഴ് കോടി


അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും 
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം, സര്‍ക്കാരിന്‍റെ 
ശമ്പളം വാങ്ങുന്ന ചില അദ്ധ്യാപകര്‍  ഒരു സര്‍ക്കാര്‌ ഉത്തരവ് 
കത്തിക്കുന്നതായിരുന്നു. കേരളത്തെ ഭീകരമായി 
വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാരോഗത്തെ
ചെറുക്കുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 
സര്ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 
ഒരു ചെറിയ തുക   താല്‍ക്കാലികമായി പിടിക്കാനുള്ള ഉത്തരവാണ്കത്തിച്ചത്. 

പുറത്തു നിന്നുള്ള  കടബാധ്യത വര്‍ധിപ്പിച്ചു കൊണ്ട്,   ശമ്പളം പിടിക്കുന്നില്ലെന്ന നിലപാട് 
ഇപ്പോള്‍ സര്ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട് ശമ്പളത്തില്‍ നിന്നും കടം പോലും കൊടുക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ജീവനക്കാരിലൊരു വിഭാഗം എടുത്തപ്പോഴാണ്, അത്രയ്ക്ക് വരുമാനമില്ലാത്ത, മുന്‍ ജീവനക്കാരുടെ സംഭാവന ശ്രദ്ധേയമായത്.   പെന്‍ഷന്‍ പറ്റിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന മുപ്പത്തേഴു കോടി എട്ടു ലക്ഷത്തി പതിമൂവായിരത്തി നൂറ്റി നാല്‍പ്പത്തി മൂന്നു 
രൂപ!

പെന്‍ഷന്‍കാരുടെ മുഖപത്രമായ സര്‍വീസ് പെന്‍ഷണറുടെ പുതിയ ലക്കത്തില്‍ ഈ തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 
പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെന്‍ഷന്‍കാരാണ് കൂടുതല്‍ തുക നല്‍കിയിട്ടുള്ളത്
നാലേ മുക്കാല്‍  കോടിയോളം  രൂപ. ഏറ്റവും കുറഞ്ഞ തുക, സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവേ കുറവായ വയനാട് ജില്ലയില്‍ നിന്നാണ്.മുപ്പത്തൊന്‍പതു ലക്ഷം രൂപ.

പെന്‍ഷന്‍ പറ്റിയവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മറ്റും എത്തിക്കുന്നത് അവര്‍ക്ക് സംഘടനാ രൂപം ഉണ്ടായതിന് ശേഷമാണ്. വരുമാനമില്ലാത്തവരോ വരുമാനം കുറഞ്ഞവരോ ആയ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായ പദ്ധതികളില്‍ പെടുത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.തൊഴിലില്ലായ്മാ വേതനം മുതല്‍ വാര്‍ദ്ധക്യകാല 
പെന്‍ഷന്‍ വരെ കേരളം നല്‍കിയിട്ടുണ്ട്. കേരളത്തിലൊന്നും നടക്കുന്നില്ലെങ്കില്‍ അതിനു കാരണം രാഷ്ട്രീയ അതിപ്രസരമാണെന്നു പ്രസംഗിക്കുന്നവര്‍ക്കുള്ള മറുപടിയാണ് 
കേരളീയര്‍ക്കുള്ള ഈ സുരക്ഷിതത്വം. 

അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നതിന്‍റെ ഒരു കാരണം കേരളത്തിലുള്ള ഈ സാമ്പത്തിക സുരക്ഷയാണ്.വഞ്ചിച്ചാല്‍ 
ചോദ്യം ചെയ്യാന്‍ കേരളത്തില്‍ രാഷ്ട്രീയ സംഘടനകളുണ്ട്.

പെന്‍ഷന്‍ പറ്റിയവര്‍ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മക്കളാണ് പലപ്പോഴും വില്ലന്‍മാരാകുന്നത്.
മക്കളുടെ സൌകര്യം വര്‍ദ്ധിപ്പിക്കാനായി പെന്‍ഷന്‍ തുക പലപ്പോഴും പിടിച്ചെടുക്കപ്പെടുന്നു. ഈ മക്കളില്‍ പലരും 
മാതാപിതാക്കളെ നട തള്ളുന്നതിനും  പട്ടിക്കൂട്ടില്‍ അടയ്ക്കുന്നതിനും ഒക്കെയുള്ള മാനസികാവസ്ഥയുള്ളവരാ  യിരിക്കുകയും ചെയ്യും.  

പെന്‍ഷന്‍ പറ്റിയതിനു ശേഷം ജീവിതം കൂടുതല്‍ ഫലവത്തായി വിനിയോഗിക്കുന്നവരും കേരളത്തിലുണ്ട്.പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലക്കാരായി മാറുന്ന ഇവര്‍, ഔദ്യോഗിക കാലത്തെ അനുഭവ സമ്പത്തുകൂടിയാണ് പ്രയോജനപ്പെടുത്തുന്നത്. ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന എം.കെ.സാനുവും ഓഡിറ്റ്‌ ഓഫീസറായിരുന്ന കടമ്മനിട്ട രാമകൃഷ്ണനും മറ്റും നിയമസഭാംഗങ്ങള്‍ ആയിരുന്നത് അടുത്ത കാലത്താണല്ലോ   

വാര്‍ദ്ധക്യ കാലത്ത് പലരും തീരെ ഒറ്റപ്പെട്ടു പോകാറുണ്ട്.ബലാല്‍
ഭോഗം, കൊലപാതകം തുടങ്ങിയ നീചകൃത്യങ്ങള്‍ക്കും ഇരയായിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്ന വീട്ടുകൂട്ടായ്മകള്‍ പോലെ പെന്‍ഷണേഴ്സ് കൂട്ടായ്മകളും സജീവമാകേണ്ടതുണ്ട്. അവസാന ദിവസങ്ങള്‍ ആഹ്ളാദ   
ഭരിതക്കാന്‍    ഈ കൂട്ടായ്മകള്‍   സഹായിക്കും. മുതിര്‍ന്ന പൌരന്മാരുടെ അനുഭവ സമ്പത്ത് സമൂഹത്തിനു പ്രയോജനപ്രദം
ആകേണ്ടതാണ്.  

പെന്‍ഷണേഴ്സ് യൂണിയന്‍റെ സംസ്ഥാന കേന്ദ്രത്തിനോടു ചേര്‍ന്ന് ദൂരെ നിന്നും ചികിത്സയ്ക്കും മറ്റുമായി എത്തുന്നവര്‍ക്ക്
താല്‍ക്കാലികമായി താമസിക്കാനും മറ്റുമുള്ള സൌകര്യമുണ്ട് 
താലൂക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പെന്‍ഷന്‍ ഭവനുകളില്‍ തരക്കേടില്ലാത്ത ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിലും  പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ സഹകരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.  

അര്‍ബ്ബുദരോഗം ബാധിച്ചവര്‍ക്കും മറ്റും പെന്‍ഷന്‍ തുക ഒന്നിച്ചു ലഭ്യമാക്കുന്നതും,   പേ വാര്‍ഡുകളിലെ കിഴിവു തുടങ്ങിയ കാര്യങ്ങളും   ഇപ്പോള്‍  ആനുകൂല്യങ്ങളായി പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നുണ്ട്.പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ കേരളത്തിന്റെ സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.  

പെന്‍ഷന്‍ പറ്റിയ ശേഷം ആദ്യപുസ്തകം  പ്രസിദ്ധീകരിച്ച നിരവധി ആളുകള്‍ കേരളത്തിലുണ്ട്. പ്രസാധനച്ചെലവ് കൂടിയ ഇക്കാലത്ത് 
ഒന്നിച്ചു കിട്ടുന്ന പണം ഉപയോഗിച്ചാണ് ഈ ആഗ്രഹം സഫലമാക്കുന്നത്. സര്‍വീസ് സ്റ്റോറി  അല്ലാതെയുള്ള ഇത്തരം പുസ്തകങ്ങളില്‍ ചിലത് നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.സംസ്കൃത അദ്ധ്യാപകനായി വിരമിച്ച സുരേന്ദ്രന്‍ കടയ്ക്കോടിന്റെ മനുഷ്യര്‍ ഒരു കുലം എന്ന ലേഖന സമാഹാരം ഈ ഗണത്തില്‍ ശ്രദ്ധേയമായതാണ്.

പെന്‍ഷന്‍ പണം അധികവും വിനിയോഗിക്കപ്പെടുന്നത് സര്‍വീസ് കാലം സമ്മാനിച്ച രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ്. 
അതിനിടയില്‍ മിച്ചം പിടിച്ച പണമാണവര്‍  ദുരിതാശ്വാസത്തിനായി വിനിയോഗിച്ചത്.


Wednesday 7 October 2020

കാക്കക്കുഞ്ഞ്


മുറിയുടെ അഞ്ചാം ചുമര്
ചുമരില്‍ പടമായ് എരുത് 
എരുതിന്‍ കൊമ്പില്‍
കാക്കക്കുഞ്ഞായ് 
ചിറകുമൊതുക്കി കാലം..

കാലത്തിന്‍റെ കരിന്തൂവല്‍ 
കാണാനെത്തിയ സൂര്യന്‍ 
സൂര്യമുഖത്തൊരു ചമ്മല്‍! 

കാക്കകുഞ്ഞിന്‍ കണ്ണില്‍ തിരിയും 
ഗോളം മാത്രം സൂര്യന്‍
കാക്കക്കാലില്‍ സൂര്യകുടുംബം 
കാക്കക്കൊക്കില്‍ മഹാ പ്രപഞ്ചം.

കാക്കേ കാക്കേ കൂടെവിടെ?

Wednesday 30 September 2020

ഉണ്ണിയാര്‍ച്ചമാരുടെ പ്രതികരണം


പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവരുടെ സഖാക്കളായ ദിയ, സന ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ചേര്‍ന്നു നടത്തിയ  സ്വാഭിമാന പ്രതികരണം    കൂടുതല്‍ കേസുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയായിരിക്കുകയാണല്ലോ. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതു സമൂഹത്തിന്‍റെ ആരോഗ്യത്തിനു പ്രയോജനപ്പെടുമെന്നാണ് തോന്നുന്നത്.

സിനിമയിലഭിനയിച്ചതിന് ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട രാജമ്മയെന്ന റോസമ്മയുടെ നാടാണ് കേരളം.അരങ്ങിലേക്ക് പാഞ്ഞു വന്ന വെടിയുണ്ടയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിലമ്പൂര്‍ ആയിഷയുടെ നാടാണ് കേരളം.ആ രംഗത്തേക്ക് ആളിക്കത്തിയ അഗ്നിജീവിതത്തില്‍ നിന്നും എത്തിയ പ്രതിഭയാണ് ഭാഗ്യലക്ഷ്മി.  

സിനിമയില്‍ കാണാമറയത്തിരുന്നു അവര്‍ തേങ്ങിയപ്പോള്‍ കേരളവും തേങ്ങി. അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ കേരളവും ചിരിച്ചു. അവര്‍ ശബ്ദം കൊണ്ടു പ്രണയിച്ചപ്പോള്‍ കേരളവും പ്രണയിച്ചു.   തീര്‍ച്ചയായും ഭാഗ്യലക്ഷ്മിയെ  കേരളീയര്‍ക്ക് വിശ്വാസമാണ്. അവരാണ്,  അപമാനിതരായ യുവതികള്‍ക്കൊപ്പം തെറ്റു ചെയ്ത പുരുഷനെതിരെ പ്രതികരിച്ചത്.

ആ വനിതാ സംഘത്തെ പ്രകോപിതരാക്കിയ സംഭവം പ്രബുദ്ധ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. സ്ത്രീകളെ ലൈംഗികമായി ആക്ഷേപിക്കുകയും അതിനായി ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സാമൂഹ്യമാധ്യമത്തെ ദുരുപയോഗപ്പെടുത്തുകയുമാണല്ലോ കുറ്റവാളികള്‍ ചെയ്തിരിക്കുന്നത്. ഡോ.വിജയ് പി നായരെന്ന  ആളിനെയാണ് വനിതാസംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്തവര്‍ ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമധ്യത്തിലെത്തിക്കുകയും ചെയ്തു.

ഒളിഞ്ഞുള്ള ഒരു ആക്രമണം ആയിരുന്നില്ല അതെന്നര്‍ത്ഥം  ബോംബെറിഞ്ഞിട്ടു മതഭീകരരെ പോലെ   ഒളിച്ചോടാതെ ഭഗത്സിങ്ങിനെ പോലെ അവര്‍ നിന്നു.  കാരണങ്ങള്‍ ജനങ്ങളോട് വിശദീകരിച്ചു.

പോലീസില്‍ പരാതി കൊടുത്താല്‍, ശക്തമായ വനിതാ പോലീസ് സംഘം പോലുമുള്ള കേരളത്തില്‍ അത് പരിഗണിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ട്? 

 അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനികളായ  യുവസഖാക്കളെ രാത്രിയിലും വിടാഞ്ഞതിനാല്‍    ഒരു രക്ഷകര്‍ത്താവിന്റെ ഉത്തരവാദിത്വത്തോടു കൂടി തമ്പാന്നൂര്‍ സ്റ്റേഷനില്‍ പോയി കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ മോചിപ്പിച്ച സംഭവം ഓര്‍മ്മ വരുന്നു. അക്കാലം പോയെന്നല്ലേ കരുതിയത്..

വണ്ടിക്കൂലിയും ഫീസും വര്‍ദ്ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് 
തെരുവിലിറങ്ങേണ്ടി വന്നിട്ടുള്ളതു പോലെ നീതി ലഭിക്കുന്നില്ലെന്നു കാണുമ്പോള്‍ സ്ത്രീകള്‍ക്ക് വിചാരണ നടത്തേണ്ടി വരും. മണിപ്പൂരിലെ അമ്മമാര്‍ ചെയ്തതു പോലെ. പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ പാട്ടു കേട്ടു വളര്‍ന്ന  കേരളമാണല്ലോ ഇത്.

ഇത്തരം സംഭവങ്ങള്‍ പൊതു സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്.
സിനിമാ ജേര്‍ണലിസത്തെ കുറിച്ചു പണ്ടേ ഇത്തരം പരാതികളുണ്ട്. സീരിയസ്സായ ഒരു സിനിമാ പ്രസിദ്ധീകരണം നമുക്കില്ലല്ലോ. 

നമ്മുടെ സിനിമാ മേഖല എന്താണ് ഇങ്ങനെയായിപ്പോകുന്നത്?
നടി ആക്രമിക്കപ്പെടുന്നു. മയക്കു മരുന്നു കേസുകളില്‍ നടിമാര്‍ പ്രതികളാവുന്നു, പേരിനോടൊപ്പം നവോത്ഥാന വിരുദ്ധമായ ജാതിവാല്‍ ചുമ്മുന്നതില്‍     നടികള്‍ ഉത്സുകരാവുന്നു. ഒരു വശത്ത് ഈ സീനുകളും മറുവശത്ത് നികുതി വെട്ടിപ്പ്, അക്രമ ഗൂഡാലോചന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു നടന്മാരും കലയെ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടതരമാക്കുന്നു. 

സ്ത്രീകളെ പൊതു സമൂഹത്തില്‍ കരി തേച്ചു കാണിക്കുന്ന പ്രവണത അന്തസ്സുള്ള പുരുഷ സമൂഹത്തിനു നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ നീതി യുക്തമായ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക്   നമുക്ക് വിശ്വസിക്കാം.

Thursday 24 September 2020

കടല്‍ക്കണ്ണ്


കാട്ടെരിക്കു പൂത്തുലഞ്ഞ 
ഡിസംബര്‍ മാനം
നോക്കിനില്‍ക്കേ രാക്കടലിന്‍
മനസ്സിലൂടെ 
പണ്ടു താഴ്ന്ന കപ്പലിലെ
കറുത്ത പെണ്ണിന്‍
കണ്ണു രണ്ടും തിളങ്ങുന്ന 
രത്നമായ് നീങ്ങി  
ഉഷ്ണവെള്ള പ്രവാഹത്തില്‍
മുങ്ങി  നീര്‍ന്നപ്പോള്‍
കണ്ണൊരെണ്ണം തെളിമാന-
ചന്ദ്രനായ് മാറി 
മറ്റൊരെണ്ണം സൂര്യനായി 
കുട നീര്‍ത്തപ്പോള്‍ 
കാട്ടെരിക്കിന്‍ പൂക്കളെല്ലാം 
ഭൂമിയിലെത്തി.

Wednesday 23 September 2020

നാടകം


ദ്രവിച്ച വടവൃക്ഷം
വറ്റുന്ന ജലാശയം
ഹൃദയം വരണ്ടപ്പോൾ
എത്തിയ തന്തച്ചെന്നായ്
തൊട്ടടുത്താട്ടിൻകുട്ടി
ധിക്കാരി
രാപ്പാതയിൽ ഒറ്റയ്ക്കു കാടും നാടും
കണ്ടുകണ്ടലഞ്ഞവൻ
പണ്ടത്തെ അതേ ചോദ്യം
ഉത്തരം:തയ്യാർ
എന്നെ തിന്നുകൊള്ളുക
വിശപ്പിത്തിരിയടങ്ങട്ടെ
തെറ്റുന്നു സംഭാഷണം
നാടകം തുടരുവാൻ
ഒക്കാതെ ചെന്നായ്
കർട്ടനിടുവാനാജ്ഞാപിക്കെ
ബുദ്ധവൃക്ഷത്തിൽ
തളിർനാക്കു പൊന്തുന്നു
ദാഹം വറ്റിയ തടാകത്തിൽ
വിസ്മയം നിറയുന്നു
ഒറ്റയാൾ മാത്രം
രംഗം വഷളായപ്പോൾ കൂവി
ഒറ്റയാൾ, ഒരേയൊരു കുറുക്കൻ
നിരൂപകൻ

Tuesday 15 September 2020

ഗംഗാതീരത്തെ പൂച്ചസന്യാസി


കോവിഡ് കാലം ബൃഹദ് ഗ്രന്ഥങ്ങളുടെ വായനക്കാലം കൂടിയാണല്ലോ. ഇന്ത്യന്‍ പുസ്തകങ്ങളില്‍ വായിക്കാനെടുക്കാവുന്ന വലിയ പുസ്തകം മഹാഭാരതം തന്നെയാണ്.

മഹാഭാരതം ഒരു മതഗ്രന്ഥമല്ല ഒരു മതപ്പേരും അതിലില്ല. .  അന്നു നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥയും ജാതി ലംഘനങ്ങളും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. യുദ്ധം നടക്കുന്ന കുരുക്ഷേത്രം ഒരു ക്ഷേതമേയല്ല. അവിടെ ഭജനയും പൂജാരിയുന്നുമില്ല. വലിയൊരു ആള്‍ക്കൂട്ടത്തിനു നില്‍ക്കാന്‍ പാകത്തിലുള്ള ഒരു മൈതാനമാണത് വ്യാസന്‍റെ അതി വിപുലമായ സൈന്യസങ്കല്‍പ്പത്തെ ഗണിതശാസ്ത്രപരമായി ഉള്‍ക്കൊള്ളാനുള്ള 
വ്യാപ്തിയും ആ മൈതാനത്തിനില്ല. ക്ഷേത്രരഹിതമായ  ആ ചെറു മൈതാനം കുരു മഹാരാജാവ് ഉഴുതുമറിക്കുന്നതുപോലുമുണ്ട്.

മഹാഭാരതം മനുഷ്യരുടെ മാത്രം കഥയല്ല. ഗരുഡ സങ്കല്‍പ്പം പോലെയുള്ള പടുകൂറ്റന്‍ പക്ഷികളും പരുന്തും കുരുവിയും തത്തയും  ശാര്‍ങ്ങകക്കിളികളെ പോലെയുള്ള കുഞ്ഞിക്കിളികളും എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകളും ചേരയും   ആനയും കുതിരയും കാളയും പശുവും കൂറ്റന്‍ ഓന്തും കീരിയും കുരങ്ങും പുഴുവും    മീനുകളും എല്ലാം ഉണ്ട്. ഇലവും  ആലും കണിക്കൊന്നയുമടക്കം നിരവധി മരങ്ങളുമുണ്ട്.

കൃഷ്ണനെ ഒരു വനവേടനെ കൊണ്ടു കൊല്ലിക്കാനും ഗാന്ധാരിയെക്കൊണ്ടു വിമര്‍ശിപ്പിക്കാനും  സ്വന്തം മകനായ സാംബനെ അഗമ്യഗമനത്തിന്റെ പേരില്‍ കൃഷ്ണനെ കൊണ്ടു ശപിപ്പിക്കാനും ധീരനായ വ്യാസ മഹാകവിക്കു കഴിയുന്നുണ്ട്. പില്‍ക്കാല കവികളുടെ മഹാ പാഠശാലയാണ് മഹാഭാരതം.  

കൊല,ഭവനഭേദനം., ബലാല്‍ഭോഗം, മോഷണം, ചതി തുടങ്ങിയ ഇരുണ്ട ഇടങ്ങളും ത്യാഗം, സ്നേഹം, കരുണ,പ്രണയം,രക്ഷാ പ്രവര്‍ത്തനം തുടങ്ങിയ തെളിഞ്ഞ   ഇടങ്ങളും മഹാഭാരതത്തിലുണ്ട്. 

മഹാഭാരതത്തില്‍, മനുഷ്യരറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉപ കഥകളായി മഹാകവി പറയുന്നുണ്ട്. രാമായണവും ശാകുന്തളവും നളചരിതവുമൊക്കെ അത്തരത്തിലുള്ള കേവലം ഉപകഥകള്‍ മാത്രമാണ്. വ്യാസനും മാര്‍ക്കണ്ഡേയനും ലോമശനും ഭീഷ്മരുമൊക്കെയാണ് ഈ സാരോപദേശ കഥകള്‍ പറയുന്നതു.

അതില്‍ രസകരമായ രണ്ടു കഥകള്‍ ഗംഗാതീരത്തെത്തിയ പൂച്ച സന്യാസിയെയും  വലയറുത്ത എലിയെയും കുറിച്ചുള്ളതാണ്
നാരദന്‍ ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞു കൊടുത്ത ഈ കഥ ദൂതുമായി പോകുന്ന ഉലൂകനോടു ദുര്യോധനന്‍ ആവര്‍ത്തിക്കുന്നതാണ്.

ഒരു പൂച്ച ഒരിക്കല്‍ ഗംഗാ തീരത്ത് വന്നു രണ്ടു കയ്യും പൊക്കി തപസ്സു തുടങ്ങി. ഇന്ന് ആള്‍ദൈവത്തിനു മുന്നില്‍ ആളുകൂടുന്നതു
പോലെ ജീവികളൊക്കെ പൂച്ച സന്യാസിയുടെ അനുഗ്രഹത്തിനായി എത്തിത്തുടങ്ങി. എലിക്കൂട്ടം വന്നപ്പോള്‍ പൂച്ച സന്യാസി ഒരു പ്രധാനകാര്യം അരുളിച്ചെയ്തു.   ആത്മീയവും
ഭൌതികവുമായ കാര്യങ്ങള്‍  ഒന്നിച്ചു നോക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ നിങ്ങളുടെ ആത്മീയ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. എന്‍റെ ചില   ഭൌതിക കാര്യങ്ങള്‍  
നിങ്ങള്‍ ശ്രദ്ധിക്കണം. സ്നാനത്തിനായി എന്നെ ഗംഗയില്‍ കൊണ്ടു പോകണം. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓരോ ദിവസവും ഓരോ എലി സന്യാസിയെ നീരാടിക്കാന്‍ കൊണ്ടുപോയി. പൂച്ചസന്യാസി മാത്രം തിരിച്ചു വന്നു.

മൂഷികസംഖ്യ കുറഞ്ഞു വരുന്നതില്‍ സംശയം തോന്നിയ ഡിണ്ടികന്‍ എന്ന എലി, കൂട്ടരോടു പറഞ്ഞിട്ട് ഒരു ദിവസം  പൂച്ചയ്ക്ക് എസ്കോര്‍ട്ട് പോയി.
ആ ധീരന്‍ മടങ്ങി വന്നില്ല. മറ്റു എലികള്‍ സന്യാസിയുടെ മല പരിശോധന നടത്തുകയും എലിരോമം കണ്ടെത്തുകയും ചെയ്തതിനാല്‍ ആരാധന അവസാനിപ്പിച്ചു. കോകിലന്‍ എലിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ഈ തീരുമാനം നടപ്പിലാക്കി.   പട്ടിണിയില്‍ പെട്ട പൂച്ചസന്യാസി അങ്ങനെ ഗംഗാതീരം വിട്ടുപോയി യുധിഷ്ഠിരനെ പൂച്ചസന്യാസിയോട് ഉപമിക്കുകയായിരുന്നു ദുര്യോധനന്‍.

മറ്റൊരു പൂച്ചക്കഥ ശരാശയ്യാവലംബിയായ ഭീഷ്മര്‍ യുധിഷ്ഠിരന് പറഞ്ഞു കൊടുക്കുന്നതാണ്. 

പലിതന്‍ എന്ന  എലി കാട്ടിലൂടെ പോകുമ്പോള്‍ വലയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പൂച്ചയെ കണ്ടു. ലോമശന്‍ എന്ന പൂച്ച. ചരിത്രപരമായ ശത്രുത അവര്‍ക്കുണ്ടല്ലോ.പക്ഷേ എലി നോക്കിയപ്പോള്‍ ആ കാട്ടുപാതയ്ക്കരികില്‍ ഒരു കീരിയെയും മരക്കൊമ്പില്‍ ഒരു മൂങ്ങയെയും കണ്ടു. ഹരിതന്‍ കീരിയും ചന്ദ്രകന്‍ മൂങ്ങയും. രണ്ടുപേരും എലിയെ നോട്ടമിട്ടിരിക്കുകയാണ്. പൂച്ച വലയിലാണെങ്കില്‍ മറ്റു രണ്ടു ശത്രുക്കളും സ്വതന്ത്രരാണ്. തന്ത്രജ്ഞനായ എലി പൂച്ചയുടെ വല അല്‍പ്പം മുറിക്കുകയും അതിനുള്ളില്‍ കയറി പൂച്ചയ്ക്കടുത്ത് സുരക്ഷിതനായി ഇരിക്കുകയും ചെയ്തു. ബാക്കി വല കൂടി മുറിക്കുന്നതുവരെ പൂച്ച എലിയെ കൊല്ലുകയില്ല.

കുറച്ചു കഴിഞ്ഞു വേട്ടക്കാരന്‍ വന്നു. അയാളുടെ അമ്പും വില്ലും കണ്ട മൂങ്ങയും കീരിയും   പൊടുന്നനെ രക്ഷപ്പെട്ടു.  എലി ഉടന്‍ തന്നെ മറ്റ് ചരടുകള്‍ കൂടി അറുത്തു ഓടി രക്ഷപ്പെട്ടു. പൂച്ചയും രക്ഷപ്പെട്ടു.

മൂന്നു ശത്രുക്കളെ ഒന്നിച്ചു നേരിടാനുള്ള ഒരു തന്ത്രമാണ് ഭീഷ്മര്‍ പറയുന്നതു. ഒരു ശത്രുവുമായി താല്‍ക്കാലിക സഖ്യമുണ്ടാക്കുക.

ഗംഗാതീരത്തെ പീഡിതരായ മൂഷികസമൂഹത്തോട് എന്തായിരിക്കാം കോകിലന്‍ എന്ന പുതിയ നേതാവ് പറഞ്ഞത്?
ഇങ്ങനെയാവാം.
"മൂഷികരാജന്റെ കല്‍പ്പന കേള്‍ക്കൂ 

പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍ 

കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു

രാമനാമങ്ങളുരുവിട്ടു കൊണ്ട് 

നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-

സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം"


പിന്നൊരിക്കല്‍ എലിക്കു മന്ത്രിപദം വച്ചുനീട്ടുകയും എലി അതു നിരസിക്കുകയും ചെയ്യുന്നുണ്ട്.


മഹാഭാരതം ഉത്തമ സാഹിത്യകൃതി എന്ന നിലയില്‍ വീണ്ടും വായിക്കാവുന്നതാണ്.

Friday 11 September 2020

അവന്‍

 വേദന ജ്വലിക്കുന്ന 

കണ്ണുകളോടൊരാള്‍ 

റാസയ്ക്കു മുന്നിലെത്തുന്നു 


പൊന്‍ കുരിശു

ബലമായ് പിടിച്ചു വാങ്ങുന്നു 

പെണ്ണിനും കുഷ്ഠരോഗിക്കും കൊടുക്കുന്നു.


ഭക്തരുടെ കല്ലേറു കൊണ്ടു വീഴുന്നു 

ഹസ്തത്തിലാണിപ്പഴുതില്‍ നിന്നും 

രക്തമിറ്റിറ്റു വീഴുന്നു.

Tuesday 8 September 2020

രാത്രികാലത്തെ ചാനൽചന്തകൾ


രാത്രി എട്ടു മണിക്ക് വിവിധ ചാനലുകളിൽ, പല ശീർഷകങ്ങളിൽ
അരങ്ങേറുന്ന ചർച്ചകൾ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.
എന്നാൽ ചില പ്രേക്ഷകരാകട്ടെ റിമോട്ട് കയ്യിലെടുത്തു
ചർച്ചയില്ലാ ചാനലുകൾ തേടിപ്പോവുകയോ ഓഫാക്കുകയോ
ചെയ്യാറുണ്ട്. അത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒഴിവാകുന്നവർ
കൃത്യമായി വോട്ടു ചെയ്യുന്നവരും മാസ്ക്ക് ധരിക്കുന്നവരുമൊക്കെയാണല്ലോ.

ചാനൽ ചർച്ചയുടെ അവതാരകർ വിഷയങ്ങൾ പഠിച്ചു
അവതരിപ്പിക്കുന്നവരും നല്ല ഓർമ്മശക്തിയുള്ളവരും
ഒക്കെയാണ്. ചാനൽ ഉടമസ്ഥരുടെ താല്പര്യമനുസരിച്ച്
ചിലപ്പോഴെങ്കിലും അവർക്ക് അവരുടെ കഴിവുകളെ
വഴി തിരിച്ചു വിടേണ്ടിവരും. സ്വദേശാഭിമാനി രാമകൃഷ്ണ
പിള്ളയ്ക്ക് ഒത്ത ഒരു വക്കം അബ്ദുൽ ഖാദർ മൗലവിയെ
എപ്പോഴും കിട്ടണമെന്നില്ലല്ലോ.

അപ്പോൾ ചർച്ചകളെ ചന്തകളാക്കുന്നത് അവതാരകരല്ല.
പങ്കെടുക്കുന്നവർ തന്നെയാണ്.ചാനൽ ചർച്ചയെന്നാൽ ഒരു
ഇടിപ്പടത്തിൽ നടിക്കാൻ കിട്ടുന്ന ചാൻസാണെന്നു കരുതുകയും
ആ ബോധത്തോടെ അരങ്ങുതകർത്താടുകയും ചെയ്യുന്ന 
രാഷ്ട്രീയ പാർട്ടിപ്രതിനിധികളുണ്ട്. അവരാണ് പ്രശ്നമുണ്ടാക്കുന്നത്.

വില്ലന്മാരും കവലചട്ടമ്പിമാരും തിണ്ണമിടുക്കുകാരുമൊക്കെ
ആത്യന്തികമായി പിൻതള്ളപ്പെടുമെന്ന് അവർ മറന്നുപോകുന്നു.

പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ പോലും വെല്ലുവിളിക്കുന്ന
ഗുസ്തിക്കാരെ അവിടെ കാണാൻ കഴിയും. ഓരോ രാഷ്ട്രീയക്കാരും
എന്ത് പറയും എന്ന കാര്യം പ്രേക്ഷകർക്ക് നന്നായറിയാമെന്നവർ
മറന്നു പോകുന്നു. പ്രേക്ഷകരെല്ലാം മറവിരോഗം ബാധിച്ചവരാണെന്നു കരുതുന്നവരാണധികവും. സരിത-സ്വപ്ന കേസുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ
പ്രേക്ഷകമനസ്സിലുണ്ട്.

സാംസ്ക്കാരിക വിഷയങ്ങൾ അപൂർവമായേ ഈ ഗുസ്തിത്തറകളിൽ എത്താറുള്ളൂ. ഇല്ലാഞ്ഞിട്ടാണോ? അല്ല. 

വരവരറാവു എന്ന കവി എത്രയോ നാളായി ജയിലിലാണ്. ജയിലിൽ വച്ച് അദ്ദേഹം രോഗബാധിതനാവുകയും തീർത്തും ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എറിയപ്പെടുകയും ചെയ്തു. ബലാൽസംഗം കൊലപാതകം, കള്ളക്കടത്ത് തുടങ്ങിയവയ്ക്ക് നൽകുന്ന പ്രാധാന്യമൊന്നും ഈ കവിയോട് കാട്ടുന്ന ക്രൂരതയ്ക്ക്
ചാനൽക്കമ്പോളം നൽകിയിട്ടില്ല.

ആദിവാസി ദളിത് പ്രശ്നങ്ങൾക്കും അർഹിക്കുന്ന
പ്രാധാന്യം നൽകാറില്ല. എപ്പോഴെങ്കിലും പരിഗണിച്ചാൽ
തന്നെ ആ മേഖലയിൽ പെട്ടവർക്ക് പകരം സ്ഥിരം
നാടകക്കാരാണ് രംഗം കയ്യടക്കുന്നത്.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദ്യാഭ്യാസ നയത്തെ
സംബന്ധിച്ച് എന്തിനെക്കുറിച്ചും പാർട്ടിനോക്കി
അഭിപ്രായം പറയുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള
ചർച്ചയാണാവശ്യം. സിലബസിൽ വരുത്തിയിട്ടുള്ള
വലിയമാറ്റങ്ങൾ ആ വിഷയത്തിൽ പ്രാഗലഭ്യമുള്ളവരെ
അണിനിരത്തി ചർച്ച ചെയ്യേണ്ടതുണ്ട്.വിമാനത്താവളം
വിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ തിരുത്തുന്ന രീതിയിലുള്ള
ചർച്ച ആവശ്യമാണ്.

കേരളത്തില്‍ പുതിയൊരു സര്‍വകലാശാല വരാന്‍ പോകുന്നു. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍  നിന്നും ഈ സര്‍വകലാശാല എങ്ങനെ വ്യത്യസ്ഥമാകണം? ഈ സര്‍വ്വകലാശാലയില്‍ നിന്നും 

യോഗ്യത നേടുന്ന ഒരാള്‍  നാരായണഗുരുവിന്‍റെ പക്വാവസ്ഥയിലുള്ള ചിന്തയായ മതരഹിതമനുഷ്യജീവിതം എന്ന ആശയം ഉള്‍ക്കൊള്ളുന്ന  രീതിയിലുള്ള പാഠ്യപദ്ധതിയുണ്ടാകുമോ? തൊഴില്‍ പരിശീലനം എന്ന ഗുരുചിന്തയെ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കും?  ഒരു വിദഗ്ദ്ധ സംവാദത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ സര്‍ക്കാരിന്‍റെ  ശ്രദ്ധയില്‍ പെടുത്താന്‍ ഏതെങ്കിലും ഒരു ചാനലിനു  സാധിക്കുമോ? സര്‍ക്കാരിനെ സ്ഥിരമായി എതിര്‍ക്കുന്ന ചാനലുകള്‍ ഇക്കാര്യത്തില്‍ പോലും പഴയ രീതി തുടര്‍ന്നാല്‍ സമൂഹത്തിന് എന്താണ് പ്രയോജനം?  


ചാനല്‍ ചന്തകളില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തരാകാറുള്ളത്   സംഘപരിവാർ സംസ്‌ക്കാരമുള്ളവരാണ്.രാമ ക്ഷേത്ര നിർമ്മിതിക്കു ഇഷ്ടികയും ഇഷ്ടവും നൽകിയതോടെപള്ളിപൊളിക്കാൻ കൂട്ടു നിന്ന കോൺഗ്രസ്സും ആ സംഘത്തിൽ എത്തിയിട്ടുണ്ട്. അവരും ചാനൽത്തറയിൽ ഗോഗ്വാ വിളിച്ചു കത്തി വേഷം ആടാറുണ്ട്. ജനങ്ങള്‍ ഈ അസംബന്ധ നാടകം മനസ്സില്‍ കുറിക്കുന്നുണ്ടാകും. 

ചാനൽ മാറ്റാനോ ഓഫാക്കാനോ ഉള്ള സൗകര്യം പ്രേക്ഷകർ
ഉപയോഗിക്കുകയെന്ന പോംവഴി മാത്രമേ ഇനി അവശേഷിക്കുന്നുള്ളു.

Sunday 6 September 2020

വീശുപാള

 വീശാം ദേഹക്ലമമകലെയാക്കാ, മുറക്കം മുടക്കി 

ക്ലേശിപ്പിക്കും കൊതുകിനെയകറ്റാം, കുരുട്ടീച്ച മാറ്റാം 

പാശോച്ഛിന്നം പരമൃഗമശേഷം വിരട്ടിത്തുരത്താം 

പാശാബദ്ധം പശുവിനു വിശേഷിച്ചു കൈത്തീറ്റ നല്കാം 


താളം മൂളുന്നളവിലൊരു കൈത്താളമായിപ്പിടിക്കാം 

നീളം നോക്കുന്നതിന്നളവുകോലായ് പിടിക്കാം ചിലപ്പോള്‍ 

കാളക്കുട്ടിയ്ക്കനുദിനമെറായത്തു പുല്ലൂട്ടി കെട്ടാം

മേളം കേള്‍ക്കാന്‍ പലര്‍ വരികിലപ്പോള്‍ മുറുക്കാനെടുക്കാം 


സത്രം തോറും ചരസരണിയില്‍ കേറിയാലൊന്നിരിക്കാം

പാത്രം കൂടാതിലയിലമരും ഭോജനം വാങ്ങിയുണ്ണാം

മൂത്താന്‍മാര്‍ക്കും മുതുകു ചൊറിയാം മുണ്ടു തെല്ലൊന്നു മാറ്റാം 

മൂത്രം വീഴ്ത്തുന്നതിനു മറയായ് പാളയൂന്നിപ്പിടിച്ചാല്‍.


അങ്ങിങ്ങു മുറ്റത്തു നടന്നിടുമ്പോള്‍ 

ഇങ്ങങ്ങു ചാറുന്നൊരു ചാറ്റവെള്ളം 

ചങ്ങാതിയാകും വെയിലും ശിരസ്സില്‍-

ത്തങ്ങാതെ കാക്കും കുടയായ് പിടിക്കാം 


കാറ്റാവശ്യം വീശുപാളയ്ക്കു വീശി-

ക്കാറ്റുണ്ടാക്കാം വീട്ടിലുള്ളോര്‍ക്കശേഷം

കാറ്റാടിക്കായ് കാശു വാരിക്കൊടുത്തേ

കാറ്റുണ്ടാവെന്നില്ല നല്ലോര്‍ സഹായം.

( ഈ കവിത സ്ക്കൂളില്‍ പഠിക്കുമ്പോള്‍അപ്പൂപ്പന്‍ എനിക്കു പറഞ്ഞു തന്നതാണ്. ഞാനിതു കൊച്ചുമാമനു-കുരീപ്പുഴ നടരാജന്‍- കൊടുത്തു. അദ്ദേഹം താഴെ അപ്പൂപ്പന്‍റെ പേരെഴുതി സൂക്ഷിച്ചു. അക്കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന അട്യ്ക്കാമരപ്പാള മുറിച്ചുണ്ടാക്കുന്ന വീശുപാളയാണ് പ്രമേയം. അപ്പൂപ്പന്‍ എപ്പോഴും ഈ വീശുപാള ഉപയോഗിക്കുമായിരുന്നു.

ഭഗവദ് ഗീതാ വിവര്‍ത്തനത്തില്‍ അദ്ദേഹം വിദ്വാന്‍ കെ.വിശ്വനാഥനാചാരി എന്നാണ് പേരുവച്ചിട്ടുള്ളത്. എന്നാല്‍ കേരളശബ്ദത്തില്‍ മാണ്ഡൂക്യോപനിഷത്ത്  മൊഴിമാറ്റി പ്രസിദ്ധീകരിച്ചപ്പോള്‍ കുരീപ്പുഴ വിശ്വനാഥന്‍ എന്നാണ് പേരു വച്ചിരുന്നത്.)

Wednesday 2 September 2020

ഇന്ന് വായിച്ച കവിതയോടൊപ്പം


ഒന്‍പതു വര്‍ഷം മുന്‍പാണ് വടകരയിലെ അദ്ധ്യാപിക കെ.പി.സീനയുടെ കുറച്ചു കവിതകള്‍ വായിക്കാന്‍ ഇടയായത്.  
ആശയത്തിനു പ്രാധാന്യമുള്ള രചനകള്‍. ഹ്രസ്വ രചനകള്‍.

കവിതകളെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നു തോന്നി. കുറച്ചു പേര്‍ക്കു കൂടി ഈ കവിതകള്‍ വായിക്കാന്‍ കൊടുക്കണം.

അങ്ങനെയാണ് ഫേസ് ബുക്കില്‍ ഇന്ന് വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍ ഒരു കവിത പോസ്റ്റു ചെയ്തത്. ചില സാങ്കേതിക പ്രയാസങ്ങളുണ്ടായിരുന്നു. മലയാളം ടൈപ്പ് ചെയ്യാനാറിയില്ല. ഒറ്റ വിരലുപയോഗിച്ചു മംഗ്ലീഷില്‍ ശ്രമിക്കണം.
ശ്രമങ്ങള്‍ ജീവിതത്തില്‍ വേണ്ടതാണല്ലോ.അങ്ങനെതന്നെ ചെയ്തു.ഒരാള്‍ കൂടി വായിച്ചു. ഒരാളെങ്കിലും വായിച്ചല്ലോ.


ഇന്ന് വായിച്ച കവിത.
----------------------------------
ചരിത്രം.
-------------
ചരിത്രത്തിന്‍റെ
താളുകള്‍
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്‍
അധ്യാപകന്‍
വികാരാധീനനായി.

അറ്റുവീണ കാലുകള്‍
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.

ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള്‍ സജലങ്ങളായി.

മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന്‍ അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.

****
സീന.കെ.പി.

കുട്ടിക്കാലം മുതലേ എല്ലാ ദിവസവും വായിക്കുമായിരുന്നു.

പുസ്തകങ്ങള്‍ പൂജവയ്ക്കുന്ന ദിവസവും വായന മുടക്കിയിരുന്നില്ല.പത്രം വായന തീരെ  മുടങ്ങിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം ആയിരുന്നതിനാല്‍ ആദ്യം കണ്ട പത്രം ജനയുഗം തന്നെ.

2011 സെപ്തംബര്‍ മൂന്നിനു ശേഷം,  വായിക്കുന്നതില്‍ ഒരു കവിത എല്ലാ ദിവസവും പോസ്റ്റു ചെയ്തു തുടങ്ങി.  വളരെ ലളിതമായ ഒരു ചിന്ത ഈ പ്രവൃത്തിയില്‍ എന്നെ നയിച്ചിരുന്നു. അത് നമ്മള്‍ ഒരു നല്ല ചായ കുടിച്ചാല്‍ ഒരു സുഹൃത്തിനു കൂടി വാങ്ങിക്കൊടുക്കുക എന്ന ചിന്തയായിരുന്നു അത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടുകാര്‍ എനിക്കുള്ളതിനാല്‍ ധാരാളം ചായ ഞാന്‍ കുടിച്ചിട്ടുമുണ്ട്.

വായനക്കാരുടെ ശ്രദ്ധ കൂടുതലായി ഈ പംക്തിയില്‍ പതിയാന്‍  തുടങ്ങി. രാവിലെ നാലുമണിക്ക് ഉണരണം. കവിത കണ്ടെത്തി ഒറ്റവിരല്‍ കൊണ്ട് ടൈപ്പ് ചെയ്തു പോസ്റ്റു ചെയ്യണം.

യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ ബര്‍ത്തില്‍ കിടന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യേണ്ടി വരും.


ഇന്ന് ഒന്‍പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‍ മറ്റ് പലരും ഈ വഴി തുടരുന്നുണ്ട്.അത്രയും സന്തോഷം.

ചെറു മാസികകളില്‍ വരുന്ന കവിതകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇന്നു വായിച്ച കവിതയുടെ വായനക്കാര്‍ കേരളത്തില്‍ മാത്രം ഉള്ളവരല്ല. വിവിധ രാജ്യങ്ങളിലുള്ളവര്‍ ഈ പോസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. കാര്യകാരണസഹിതമുള്ള വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതുസസ്യങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന കംസചിന്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുണ്ട്.


മൂവായിരത്തഞ്ഞൂറോളം. കവിതകള്‍ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. അറുനൂറിലധികം വായനക്കാര്‍ പ്രതിദിനം ശ്രദ്ധിച്ചിരുന്ന ഈ പംക്തി ഫേസ്ബുക്ക് അധികൃതരുടെ പുതിയ നോട്ടിഫിക്കേഷന്‍ സമ്പ്രദായം മൂലം ഇരുനൂറില്‍ 

താഴെയായി ചുരുങ്ങിയിട്ടുണ്ട്. കടപ്പുറത്ത് ഒറ്റയ്ക്കിരുന്നും ഒറ്റ ശ്രോതാവിനു വേണ്ടിയുമൊക്കെ കവിത ചൊല്ലി പരിചയമുള്ളതിനാല്‍ ഫേസ്ബുക്കിന്‍റെ ഈ പുതിയ നിലപാട് എന്നെ നിരാശപ്പെടുത്തിയിട്ടുമില്ല. 


നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റിലെത്തുകയെന്ന ഒരു ദുശ്ശീലത്തിലേക്ക്  ഫേസ്ബുക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്. പോസ്റ്റ് സ്വയം തേടി പോവുകയെന്ന അന്വേഷണ പാതയിലേക്ക് നമ്മള്‍ തിരിയേണ്ടതുണ്ട്. എങ്കിലേ പുതിയ ഭൂഖണ്ഡങ്ങള്‍ കണ്ടെത്താന്‍ കഴിയൂ.പുതിയ പൂക്കളും പക്ഷികളും മൃഗങ്ങളും മനുഷ്യരും അവിടെയാണ് ഉണ്ടാവുക. 


മണ്‍മറഞ്ഞു പോയവരുടെ കവിതകളാണ് ഞായറാഴ്ചകളില്‍  പോസ്റ്റ് ചെയ്യുന്നത്. നാട്ടു കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണം കുറത്തിപ്പാട്ട്, മാപ്പിള രാമായണം, ഉണ്ണിയാര്‍ച്ചപ്പാട്ട് അടക്കമുള്ള  കടത്തനാട്ടു പാട്ടുകള്‍ തുടങ്ങിയവയും ഈ പംക്തിയിലൂടെ വായിച്ചിട്ടുണ്ട്. അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാന, മോയിന്‍ കുട്ടി വൈദ്യര്‍,  പുലിക്കോട്ടില്‍  ഹൈദര്‍, കമ്പളത്തു ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ കെ.കെ.വാദ്ധ്യാര്‍, ഓ എന്‍ നാണുഉപാദ്ധ്യായന്‍ തുടങ്ങിയവരുടെ നാട്ടു രചനകള്‍ ഛന്ദോമുക്ത കവിതയുടെ ആദ്യകിരണങ്ങളായ തേവാടി നാരായണക്കുറുപ്പിന്റെയും മറ്റും രചനകള്‍, ഹൈക്കു സ്വഭാവമുള്ള എം.ആര്‍.ബിയുടെ രചനകള്‍  തുടങ്ങിയവ ഈ പംക്തിയിലൂടെ പുതിയ കാലത്തെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്


കണ്ണശ്ശകവികള്‍ മുതല്‍ സമീപകാലത്ത് അന്തരിച്ച ലൂയിസ് പീറ്റര്‍ വരെയുള്ളവരുടെ കവിതകള്‍ ഞായറാഴ്ചയിലെ ഇന്നും വായിച്ച കവിത എന്ന പംക്തിയിലൂടെ കൂട്ടുവായന നടത്തിയിട്ടുണ്ട്.ചെറുപ്പത്തില്‍ തന്നെ വേര്‍പ്പെട്ടുപോയ സാംബശിവന്‍ മുത്താന, ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,  നീലാംബരി തുടങ്ങിയവരുടെ കവിതകള്‍ ഞായറാഴ്‌ചത്തെ ഇന്നും വായിച്ച കവിതയ്ക്ക് വേണ്ടി കീബോര്‍ഡില്‍ വിരല്‍ വയ്ക്കുമ്പോള്‍ കണ്ണു നിറഞ്ഞിട്ടുണ്ട്. 


തിങ്കളാഴ്ചകളില്‍ മലയാളത്തിലേക്കു മൊഴിമാറ്റപ്പെട്ട കവിതകളാണ് വായനക്കായി സമര്‍പ്പിക്കാറുള്ളത്.ഇംഗ്ലിഷ്, 

സ്പാനിഷ്, അറേബ്യന്‍, ഗ്രീക്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ആഫ്രിക്കന്‍

കവിതകളൊക്കെ മലയാളത്തില്‍ ധാരാളമായി വായിക്കാന്‍ കിട്ടുന്നുണ്ട്. അതിനാല്‍ നമുക്ക് അത്ര പരിചയം ഇല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ കവിതകളും ചുറ്റുവട്ടത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കവിതകളുമാണ് തിങ്കളാഴ്ചകളില്‍ തെരഞ്ഞെടുക്കാറുള്ളത്. ഗോത്രമൊഴികളില്‍ നിന്നുള്ള കവിതകളടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള കവിതകള്‍ ഈ പംക്തിയില്‍ വായിച്ചിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളായി തുടരുമ്പോഴും കവിത ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്ന ഇറോം

ശര്‍മ്മിള, വരവര റാവു, ഗദ്ദര്‍ ശ്രീലങ്കന്‍ തമിഴ് കവികള്‍, രോഹിങ്ക്യന്‍ കവികള്‍ തുടങ്ങിയവരെ തിങ്കളാഴ്ചകളില്‍ വായിച്ചിട്ടുണ്ട്.


ശ്രീലങ്ക, ബംഗ്ലാദേശ്.മ്യാന്‍മര്‍,ഭൂട്ടാന്‍, നേപ്പാള്‍,ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കവികള്‍ക്കാണ് മലയാളമൊഴിച്ചുള്ള ഇന്ത്യന്‍ ഭാഷകളിലെ കവികളെപ്പോലെ ശ്രദ്ധ നല്‍കിയിട്ടുള്ളത്

ഇപ്പോള്‍ ധാരാളം ഡിജിറ്റല്‍ മാഗസിനുകള്‍ പുറത്ത് വരുന്നുണ്ട്. . അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍  കൂടാതെ ഈ മാഗസിനുകളില്‍ നിന്നും ഫേസ്ബുക്ക് പേജുകളില്‍ നിന്നും കവിതകള്‍ സ്വീകരിക്കാറുണ്ട്. കവിയരങ്ങുകളില്‍ ചൊല്ലിക്കേള്‍ക്കുന്ന ചില കവിതകളും ഫേസ്ബുക്ക് വഴി സുഹൃത്തുക്കള്‍ക്ക് പങ്ക് വയ്ക്കാറുണ്ട്. 

കാസര്‍കോട്ടെ കാരവലും ഉത്തരദേശവും മുതല്‍ തിരുവനതപുരത്തെ ജനയുഗവും  കേരളകൌമുദിയും  വരെയുള്ള പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളും കവിത കണ്ടെത്താനായി ശ്രദ്ധിക്കാറുണ്ട്.

ഫേസ്ബുക്ക് എന്ന നവമാധ്യമം  സമൂഹത്തിനു 

പ്രയോജനപ്രദമായ രീതിയില്‍ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും സഹായിക്കുന്നുണ്ട്. അതെ, നവമാധ്യമങ്ങള്‍

ഉപയോഗിക്കേണ്ടത് മതസ്പര്‍ദ്ധയും   അന്ധവിശ്വാസവും 

വളര്‍ത്താന്‍ വേണ്ടിയല്ല. നല്ല ചിന്തയും നല്ല സംസ്ക്കാരവും അടയാളപ്പെടുത്താനാണ്. ഇന്ന് വായിച്ച കവിത പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നൂറു പൂക്കള്‍ വിരിയട്ടെ എന്ന ലോകപ്രസിദ്ധ വാചകമാണ് മനസ്സിലുള്ളത് 

Wednesday 26 August 2020

കരടിപ്പാട്ട്

 ഇന്നും വായിച്ച കവിത 2015 ജൂണ്‍ 15

-----------------------------------
കരടിപ്പാട്ട് / നാടൻ പാട്ട്‌‌
-------------------------------
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനിന്നെ തന്നാന്നാ
താനിന്നെ താനിന്നെ തന്നാന്നാ തന
താനിന്നെ താനായി തന്നാന്നാ...
പട്ടികടിക്കല്ലേ വീട്ടുകാരേ ഞങ്ങൾ
പട്ടാണിമാരായ പിള്ളാരല്ലേ
ഓണം കളിക്കുവാൻ വന്നതാണെ തിരു-
വോണം കളിക്കുവാൻ വന്നതാണേ.
ഈയാണ്ടിൽ കരടിയെ വേണ്ടാന്നു വച്ചപ്പോൾ
അഞ്ചാറു ബാലന്മാർ കേറിക്കെട്ടി
മാവേലി മന്നനെഴുന്നള്ളും നേരത്ത്‌
ആടിത്തിമിർത്തു കളിച്ചിടാനായ്‌
കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
പാട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നേ
ഓണം കളിക്കുവാനെല്ലാരും ചേർന്നപ്പോൾ
വേട്ടക്കാരനും വന്നു കൂടി.
ശർ എന്നും കുർ എന്നും ചാടിക്കളിച്ചിട്ട്‌
സമ്മാനം വാങ്ങെടാ ആൺകരടീ
തത്തിന്നത്തരികിട ഓടിക്കളിച്ചിട്ട്‌
പണമൊന്നു വാങ്ങെടാ വേട്ടക്കാരാ.
ഇവിടുത്തെ അമ്മാവൻ പെട്ടിതുറന്നോട്ടെ
നൂറിന്റെ നോട്ടു പൊലിച്ചിടേണേ
ഉണ്ട കിട്ടും പിന്നെ അവിലുകിട്ടും പിന്നെ
വെള്ളിപ്പണത്തിന്റെ തുട്ടു കിട്ടും.
പാട്ടത്തിൽ ചങ്കരൻ പത്തുരൂപയ്ക്കൊരു
നോട്ടു ചോദിച്ചല്ലോ നാരായണാ
അപ്പനേ ഇപ്പോൾ അരക്കശുമില്ലെടാ
കൊപ്പിറാ വിറ്റു പണം തരാം ഞാൻ.
ചേരിപ്പുറത്തുന്നു ചേർത്തെണ്ണായിരം
ചേരീ പപ്പൂന്റെ ആറായിരം
പാണയ്യം വീടിന്റെ തേങ്ങാ നാലായിരം
പാണന്റെ തേങ്ങാ പതിനായിരം.
ആൺ കരടീയിവൻ കള്ളനാണേ ഇവൻ
ഇന്നലെ കൈവിട്ടു പോന്നതാണേ
കടപുഴക്കടവിനും മധ്യത്തിട്ടു ഞങ്ങൾ
ബദ്ധപ്പെട്ടോടിപ്പിടിച്ചതാണേ.
വാഴത്തോട്ടത്തിലും ചെന്നു കേറീകരടി
വാഴകളൊക്കെ തകർത്തിടുന്നേ
ഓമനത്തോടനും പാളയൻ കോടനും
കണ്ണനും നല്ല കദളിവാഴ.
കരടിക്കു പാരം വിശപ്പു തട്ടീ മൃഗം
ഞങ്ങളെ തിന്നാനടുത്തിടുന്നേ
തക്കം പിഴയ്ക്കാതെ ഉന്നം പിഴയ്ക്കാതെ
വെടിയൊന്നു വയ്ക്കെടാ വേട്ടക്കാരാ..
പാലമെങ്കിൽ പാലം
നീണ്ടകരപ്പാലം
വെക്കെടാ വെടി വെക്കെടാ
ലാക്കു നോക്കി വെക്കെടാ...
ഠോ......
-------------------
കരടിപ്പാട്ടുകൾ
ജവഹർ ലൈബ്രറി,അരിനല്ലൂർ

Thursday 20 August 2020

ഗോതമ്പപ്പം


ആരോ ചുട്ടു
ചുഴറ്റിയെറിഞ്ഞൊരു 
ഗോതമ്പപ്പം 

ആകാശത്തങ്ങനിരുന്നു 
കൊതിപ്പിക്കുമ്പോള്‍ 

ഞാനും പെണ്ണും 
ഞങ്ങടെ പൂച്ചക്കുട്ടീം 
താഴെയിരുന്നു ദ്രവിക്കുമ്പോള്‍ 

പുഴ പഴയതു പോലൊഴുകുന്നു 
വഴി പഴയതു പോല്‍ നീളുന്നു 
മുകിലിന്‍റെമുനമ്പത്താരോ 
വിരലൊപ്പിനു കനലൂതുന്നു.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday 19 August 2020

ഇല്ലാ ജാതികള്‍ ഭേദ വിചാരം....


കോവിഡ് അപകടകരമായ രീതിയില്‍ വ്യാപിക്കുകയാണ്.
ഭേദവിചാരങ്ങള്‍ ഇല്ലാതെ. അമേരിക്കയെയും ആഫ്രിക്കയെയും  തുല്ല്യമായി കണ്ടുകൊണ്ട് മനുഷ്യരാശിക്കു ഭീഷണിയായി അതിന്‍റെ വിഷത്തൂവലുകളുള്ള ചിറകുകള്‍ വീശുകയാണ്.

ശാസ്ത്രം പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. എല്ലാ    കണ്ണുകളും പരീക്ഷണശാലകളിലേക്ക് 
ഉറ്റു നോക്കുകയാണ്. ഞങ്ങളില്‍ പരീക്ഷിക്കൂ എന്നു പറഞ്ഞു മനുഷ്യസ്നേഹികള്‍ ലോകമെമ്പാടും സന്നദ്ധരാവുകയാണ്.
അപരിചിതമായ ഒരു ഔഷധം സ്വന്തം ശരീരത്തില്‍ പരീക്ഷിക്കാന്‍ നിന്നു കൊടുക്കുന്നത് അവിശ്വസനീയമായ മനുഷ്യസ്നേഹം കൊണ്ടാണ്. ഒരു പക്ഷേ മരണമായിരിക്കും പ്രതിഫലമായി കിട്ടുന്നത്. സ്വയം മരണത്തിന് തയ്യാറാകുന്നത് മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത ഉള്ളതുകൊണ്ടാണല്ലോ.

അതിനിടയിലാണ് അന്ധവിശ്വാസികള്‍ കൊയ്യാനിറങ്ങുന്നത്.
ചില വാര്‍ത്തകള്‍ നമ്മളെ കഠിനമായി ഞെട്ടിക്കുന്നു. അതിലൊന്ന്    അയോദ്ധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്
നേതൃത്വം നല്‍കുന്ന മഹന്ത്  നൃത്യ ഗോപാല്‍ ദാസിനെ 
രോഗം പിടികൂടിയതാണ്.

രാമക്ഷേത്രം യാഥാര്‍ഥ്യം ആകുന്നതോടു   കൂടി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന പ്രചാരണത്തെ വിശ്വസിക്കുന്നവര്‍ ഈ രോഗബാധ ശ്രദ്ധിക്കേണ്ടതാണ്
അദ്ദേഹത്തിന് രോഗം ബാധിച്ചതില്‍ എല്ലാവര്ക്കും മനുഷ്യ സഹജമായ  പ്രയാസമുണ്ട്. എണ്‍പത്തിരണ്ടു വയസ്സുള്ള അദ്ദേഹത്തെ മുഖാവരണം ധരിപ്പിച്ചു സുരക്ഷിതനായി
ഇരുത്താന്‍ മുഖാവരണം ധരിച്ചു മാതൃകയായ ബഹുമാന്യനായ പ്രധാനമന്ത്രിയെങ്കിലും നിര്‍ദ്ദേശിക്കണമായിരുന്നു.

അതല്ല, രാമന്‍റെ ഏറ്റവും     അടുത്ത ആളായി പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയില്ല എന്നായിരുന്നു ധാരണയെങ്കില്‍, രാമന്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞെന്നോ രോഗാണുക്കള്‍ക്ക് രാമഭയം ഇല്ലെന്നോ വേണം കണക്കാക്കാന്‍ . പൊതുസമൂഹം ഇതില്‍ നിന്നും പഠിക്കേണ്ടത് ഏതു പരമഭക്തനും രോഗം വരാതിരിക്കണമെങ്കില്‍ തികച്ചും ഭൌതികമായ കരുതലുകള്‍ വേണം എന്നാണ്. കഠിനരോഗം ബാധിച്ചു  ഉച്ചത്തില്‍ വിളിച്ചു മരിച്ച രാമകൃഷ്ണ പരമഹംസന്‍, രമണ മഹര്‍ഷി, നാരായണഗുരു തുടങ്ങിയവരെക്കുറിച്ചെങ്കിലും ആദ്ധ്യാത്മിക സിംഹങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നാരായണഗുരുവിന്‍റെ ഉച്ചത്തിലുള്ള വിളിയെക്കുറിച്ച് കുറ്റിപ്പുഴ കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയും മന്ത്രിമാര്‍ ഈ രോഗം ബാധിച്ചു മരിച്ചു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ രോഗബാധിതരായി. എസ്.പി. ബാലസുബ്രഹ്മണ്യവും അമിതാഭ് ബച്ചനുമടക്കം . സിനിമാ രംഗത്തെ രാജാക്കളെ രോഗം ചുംബിച്ചു. മുന്‍ രാഷ്ട്രപതിയെ കോവിഡ് ആശ്ലേഷിച്ചു. ഇതെല്ലാം നമ്മളെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്.

നിരവധി സാധാരണ പൌരന്‍മാര്‍ മരിച്ചു.ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര പലായനങ്ങള്‍ ഉണ്ടായി.ഈ നിസ്സഹായ മുഖങ്ങള്‍ മനസ്സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നു.

ഭയവും അവിശ്വാസ്യതയും രോഗത്തോടൊപ്പം സമൂഹത്തില്‍ വ്യാപിച്ചു. ആളുകള്‍ അകലം പാലിച്ചു.ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടു  മുറികളിലേക്ക് മാറി. കുഞ്ഞുമക്കളെ ഉറക്കിയകറ്റി. 

കലാപ്രകടനങ്ങള്‍ പ്രതിഫലമില്ലാതെ ഓണ്‍ ലൈനിലേക്ക് മാറി.
കലാ പ്രവര്‍ത്തകരുടെ വീട്ടില്‍ പട്ടിണി കുടിയേറി. അതിജീവനത്തിനായി കെ.പി.എ സിയിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ മുഖാവരണങ്ങള്‍ നിര്‍മ്മിക്കുകയെന്ന സാമൂഹ്യസേവനത്തില്‍ ശ്രദ്ധിക്കേണ്ടിവന്നു. 

ഈ വൈഷമ്യങ്ങള്‍ മാറിക്കിട്ടാനായി നമ്മള്‍ ശാസ്ത്രജ്ഞരെ നോക്കുമ്പോഴും രോഗമുക്തി നേടിയ ചിലരെങ്കിലും   പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയുന്നുണ്ട്. പ്രാര്‍ഥന കൊണ്ട് രോഗം മാറുകയില്ലെന്നറിഞ്ഞു കൊണ്ടാണ് ദൈവീക രോഗാശുശ്രൂഷക്കാര്‍ മൈക്ക് ഓഫ് ചെയ്തിരിക്കുന്നത്.
വരുമാനമില്ലെന്ന വിലാപം ആരാധനാലയങ്ങളില്‍ നിന്നും പ്രവഹിക്കുകയാണ്. ദൈവങ്ങളും മുഖാവരണം തേടുന്ന കാലം.

കോവിഡ് എന്ന മഹാരോഗം ലോകജീവിതത്തെ തകിടം മറിച്ചു.
കൊറോണക്കാലത്തില്‍ ഒരു ഓണക്കാലവുമുണ്ട്. പരിമിതികള്‍ക്കുളില്‍ നിന്നുകൊണ്ടു ലോകമെമ്പാടുമുള്ള മലയാളികള്‍ മഹാബലിയെ വരവേല്‍ക്കാന്‍ ശ്രമിക്കുകയാണ്.
ആരോഗ്യപൂര്‍ണ്ണമായ ഒരു  കാലം കൂടിയാണ് മാവേലിനാട് എന്ന 
സങ്കല്‍പ്പത്തിലുള്ളത്.പഴയൊരു ഓണപ്പാട്ട് പാടുവാന്‍ ഇതാണ് സന്ദര്‍ഭം.
"മുറ്റമടിച്ചില്ല ചെത്തിപ്പറിച്ചില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അച്ഛനും വന്നില്ല ആടകള്‍ തന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.
അമ്മാവന്‍ വന്നില്ല സമ്മാനം തന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ.  
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നില്ല 
എന്തെന്‍റെ മാവേലീ ഓണം വന്നൂ."