Friday 23 October 2015

മതവും മാട്ടിറച്ചിയുമല്ല മനുഷ്യനാണ്‌ പ്രധാനം


        സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ സംഭവമായി ദാദ്രിയിലെ കൊലപാതകം. ആഹാരം കഴിച്ചതിന്‌ ഒരാളിനെ തല്ലിക്കൊല്ലുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്‌. ഹീനമായ അടയാളമായി അത്‌ വിശപ്പിന്റെ ചരിത്രത്തിൽ അവശേഷിക്കും.

  ദരിദ്രനാരായണന്മാർക്ക്‌ ഭൂരിപക്ഷമുളള ഇന്ത്യയിൽ ഏതെങ്കിലും ഭക്ഷണം കഴിക്കരുത്‌ എന്ന്‌ പറയുന്നതിനുപകരം നീ എന്തെങ്കിലും കഴിച്ചോ, നിന്റെ വയറ്റിലെ കത്തലടങ്ങിയോ എന്നാണ്‌ ഭരണകൂടവും അവരെ അനുകൂലിക്കുന്ന സംഘടനകളും ചോദിക്കേണ്ടത്‌.

  മാംസഭക്ഷണം പ്രത്യേകിച്ചും ഗോമാംസ ഭക്ഷണം പണ്ടുകാലംതൊട്ടേ ഇന്ത്യയിൽ ശീലിക്കപ്പെട്ടുപോന്നിരുന്നു. പശു എത്‌ നാട്ടിലേയും പ്രാചീന ജനസമൂഹത്തിന്റെ വളർത്തുമൃഗമായിരുന്നു. സ്ത്രീധനമായി നൽകിയിരുന്നത്‌ ഗോക്കളെയായിരുന്നു. ഗോമോഷണം മൂലം വലിയ യുദ്ധങ്ങൾ പോലും ഉണ്ടായിട്ടുണ്ട്‌ എന്നതിന്‌ പുരാണങ്ങൾ തെളിവ്‌. രാമായണമടക്കമുളള ഗ്രന്ഥങ്ങളിൽ ഗോമാംസത്തിന്റെ ഭക്ഷ്യോപയോഗത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അധ്യാത്മ രാമായണത്തിൽ പച്ചമാംസം ഭക്ഷണത്തിനുവേണ്ടി ഉണക്കിക്കൊണ്ടിരിക്കുന്ന സീതയെ ഇന്ദ്രന്റെ പുത്രനായ ജയന്തൻ ആക്രമിക്കുന്നതും ശ്രീരാമന്റെ പ്രതിരോധം മൂലം ജയന്തന്റെ ഒരു കണ്ണ്‌ നഷ്ടപ്പെടുന്നതും പ്രതിപാദിച്ചിട്ടുണ്ടല്ലോ. കാക്കയായി വന്നതിനാൽ ജയന്തന്റെ കണ്ണിനുണ്ടായ ക്രമക്കേട്‌ കാക്കയിൽ നിക്ഷിപ്തമായി എന്നും പറയുന്നുണ്ടല്ലോ. യാഗങ്ങളിൽ യാഗപശുവിനെ കൊല്ലുന്നത്‌ അന്നത്തെ നിയമവ്യവസ്ഥ ആയിരുന്നല്ലോ.

  ഇന്ത്യയിലെ ദളിതരുടെ പ്രധാനപ്പെട്ട ആഹാര പദാർഥങ്ങളിലൊന്ന്‌ ഗോമാംസമായിരുന്നു. ചത്ത പശുവിനുളള അവകാശം ദളിതർക്കായിരുന്നു. പാലെല്ലാം തമ്പുരാനും പശുമാംസം കീഴാളനും. മാംസം ഭുജിച്ചുവളർന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ രുചിബോധത്തെ ബലം പ്രയോഗിച്ച്‌ മാറ്റാമെന്ന്‌ കരുതരുത്‌.
ഇവിടെ പ്രശ്നം യാഗധേനുവും രാമകഥയും ഒന്നുമല്ല വിശപ്പാണ്‌. ഭക്ഷണം കഴിച്ചയാളിനെ നിഗ്രഹിക്കുന്നവർക്ക്‌ ഭരണകൂടത്തിന്റെ സംരക്ഷണം ഉണ്ട്‌ എന്നതാണ്‌ ഏറ്റവും വലിയ അപകട സൂചന.

  മാംസഭക്ഷണം ഇന്ത്യയിലൊരിടത്തും നിരോധിച്ചിട്ടില്ല. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇന്ത്യൻ പൗരന്മാർക്ക്‌ അവകാശമുളളതുപോലെ മാംസം ഭുജിക്കാനും ഭുജിക്കാതിരിക്കാനുമുളള അവകാശവും ഉണ്ട്‌. ദാരിദ്ര്യം നിർമാർജനം ചെയ്ത്‌ എല്ലാവർക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവും നൽകുക എന്ന പ്രാഥമികമായ കടമ നിറവേറ്റുവാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ മനുഷ്യന്റെ അന്നനാളത്തിൽ മതത്തിന്റെ കൈകൾകൊണ്ട്‌ ഇറുക്കിപ്പിടിക്കരുത്‌.

  ആഹാരം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പാവം മനുഷ്യന്റെ വീട്‌ പിന്നീട്‌ പരിശോധിച്ചപ്പോൾ അയാൾ കഴിച്ചിരുന്നത്‌ ബീഫായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞല്ലോ. ദാദ്രി വിട്ട്‌ ഓടിപ്പോയ ആ കുടുംബത്തെ ഇനി എങ്ങനെയാണ്‌ രക്ഷിക്കാൻ കഴിയുക?

  ഇന്ത്യയിൽ ജാതിവ്യവസ്ഥ പാലിച്ച്‌ മനുഷ്യനെ നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഹിന്ദുമതത്തിനാണ്‌. അവർ മനുഷ്യന്‌ കഴിക്കാവുന്ന ഭക്ഷണങ്ങളെയും വേർതിരിച്ചു. സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞു. മനുഷ്യനെ അപമാനിച്ചു. ഇപ്പോഴും ആ ചിന്ത മാറിയിട്ടില്ലെന്ന്‌ ദാദ്രി സംഭവം തെളിയിക്കുന്നു. മനുഷ്യരക്തം നുണയുന്നതിൽ നിന്നും മതങ്ങൾ മാറി നിൽക്കേണ്ടതാണ്‌.

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ

നീര്‍ത്ത കരിമ്പടമെന്നു ഞാന്‍
ടാറിട്ട റോഡെന്നു നീ

നാരകം പൂത്തതാണെന്നു ഞാന്‍
നക്ഷത്രമെന്നു നീ

പതയും ഷാമ്പെയ്ന്‍ മഴയെന്നു ഞാന്‍
ജലപാതമെന്നു നീ

സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവര്‍ നമ്മള്‍

പിന്നെ നാമൊന്നിച്ചനേരം
പൊൻപണക്കൂമ്പാരമെന്നു നീ

Monday 19 October 2015

പ്രഭാതച്ചോപ്പ്


കുഞ്ഞിക്കറുകയില്‍
ആനച്ചുവടിയില്‍
മഞ്ഞുമ്മ വയ്ക്കും പ്രഭാതം.

ഏതോ പരീക്ഷണപേടകം
മാനത്ത്
നേര്‍വരയിട്ട പ്രഭാതം

ദൂരത്തെ കുന്നുമ്മല്‍ക്കോട്ടയില്‍
സൂര്യന്‍റെ
മോതിരം വീണ പ്രഭാതം

കൂടു വെടിഞ്ഞ കരിങ്കാക്ക
ജീവിതം
തേടിപ്പറക്കും പ്രഭാതം

രാവില്‍ രതിപ്പുഴ
നീന്തിക്കടന്നവര്‍
സ്നേഹിച്ചുറങ്ങും പ്രഭാതം

നമ്മള്‍ പരസ്പരം
ചുംബിച്ചതു കൊണ്ട്
നന്നായ് ചുവന്ന പ്രഭാതം, 

Monday 5 October 2015

കൈപ്പത്തികൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല



ഒരു വടക്കൻ സെൽഫി എന്ന ന്യൂജനറേഷൻ സിനിമയ്ക്കുവേണ്ടി വൈക്കം വിജയലക്ഷ്മി പാടിയ കൈക്കോട്ടും കണ്ടിട്ടില്ല, കയ്യിൽ തഴമ്പുമില്ല എന്ന പാട്ടിലെ രണ്ടാമത്തെ വരിയാണിത്‌. അച്ഛന്റെയും അമ്മയുടെയും മോഹങ്ങൾ രണ്ടാം സെമസ്റ്ററിൽ തീർത്തുകൊടുത്ത ഒരു മകനെയാണ്‌ പാട്ടിൽ വിവരിക്കുന്നതെങ്കിലും നമ്മുടെ യുവതയുടെ വായനാരീതിയെ കുറിച്ചുകൂടി ഈ പാട്ട്‌ ഓർമിപ്പിക്കുന്നു.

കേരളത്തിലെ വായനശാലകളിൽ ചെറുപ്പക്കാരെത്തുന്നില്ല. സ്റ്റേറ്റ്‌ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാരായും സർവകലാശാലാ ലൈബ്രറികളിൽ പാഠപുസ്തക വായനക്കാരായും യുവാക്കളെത്തുന്നുണ്ടെങ്കിലും അയ്യായിരത്തിലധികം വരുന്ന കേരളത്തിലെ പൊതുഗ്രന്ഥാലയങ്ങളിൽ യുവതയുടെ സാന്നിധ്യം കുറയുന്നു. നമ്മുടെ ചെറുപ്പക്കാർ പിന്നെവിടെയാണ്‌?

അവർ വായിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഒരു സങ്കീർത്തനം പോലെയും ആടുജീവിതവുമൊക്കെ ആരാണു വാങ്ങിവായിച്ചത്‌? നവമാധ്യമങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യം അറുപതു വയസിൽ താഴെയുള്ളവരുടേതാണല്ലോ. അവരവിടെ കവിതകളും മിനിക്കഥകളും വായിക്കുകയും രാഷ്ട്രീയ സാംസ്കാരിക സംവാദങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഗ്രന്ഥശാലകളിൽ നിന്നും അവർ വായനയുടെ കേന്ദ്രം ഇലക്ട്രോണിക്‌ മാധ്യമങ്ങളിലേക്കു മാറ്റിയോ?

മഹാകവി വൈലോപ്പിള്ളി പറഞ്ഞതുപോലെ, പൊരുളറിവീല. എന്നാൽ ഒരുകാര്യം വ്യക്തം. നമ്മുടെ വായനശാലകളിൽ പഴയതുപോലെ ചെറുപ്പക്കാരെ കാണുന്നില്ല. ഈ നിരീക്ഷണം പൂർണമായും ശരിയല്ലെങ്കിലും ഭൂരിപക്ഷം വായനശാലയുടേയും സ്ഥിതി അതാണ്‌. കെട്ടിടവും ഉപകരണങ്ങളുമുണ്ട്‌. ഫാനുണ്ട്‌, ടി വിയുണ്ട്‌, കമ്പ്യൂട്ടറുണ്ട്‌. എല്ലാ വായനശാലകളിലും വൈദ്യുത വിളക്കുകളുണ്ട്‌. വമ്പൻ പുസ്തകശേഖരമുണ്ട്‌. എന്നാൽ കൈപ്പത്തികൊണ്ടൊരു കിത്താബും തൊടുന്നില്ല.

വായനശാലാ മുറ്റങ്ങൾ ഒരുകാലത്ത്‌ സംവാദകേന്ദ്രങ്ങളായിരുന്നു. തീപ്പൊരി ചിതറിയ ആശയസംഘട്ടനങ്ങൾ. പുസ്തകവും സിനിമയും വൈകുന്നേരങ്ങളിൽ വായനശാലാ മുറ്റങ്ങളിൽ നിവർന്നുകിടന്നു. റാന്തൽവെളിച്ചത്തിൽ വാദപ്രതിവാദങ്ങൾ നിവർന്നുനിന്നു. ലൈബ്രറി സംവാദങ്ങൾ എവിടെപ്പോയി? എല്ലാവരും ചാനലുകളിലെ വാചകമേളകളിൽ കുടുങ്ങിയോ?

വായനശാലകൾ ശൂന്യമായെങ്കിലും മതചിഹ്നങ്ങൾ അണിഞ്ഞ ചെറുപ്പക്കാരെ കേരളത്തിലെമ്പാടും കാണാം. നവോത്ഥാന മൂല്യങ്ങളുപേക്ഷിച്ച്‌ യുവകേരളം മതാഭിമാനികളും ജാത്യാഭിമാനികളുമായതെങ്ങനെ?

മുൻപില്ലാത്ത വിധമുള്ള വളർച്ചയാണ്‌ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ കേരളത്തിലുണ്ടായിരിക്കുന്നത്‌. ജനങ്ങളിൽ നിന്ന്‌ പണം പിരിച്ച്‌ ഒരു പൊതു ആവശ്യമെന്ന നിലയിൽ കേരളത്തിൽ ഒരു ആരാധനാലയവും സ്ഥാപിക്കപ്പെടുന്നില്ല. എന്നാൽ ജാതിമത അടിസ്ഥാനത്തിലും കുടുംബാടിസ്ഥാനത്തിലും അന്ധവിശ്വാസത്തിന്റെ സഹകരണ ബാങ്കായ ആരാധനാലയങ്ങൾ വളർന്നുവരുന്നുണ്ട്‌. നമ്മുടെ ചെറുപ്പത്തെ ഇച്ഛാശക്തി തകർത്ത്‌, ആ വിഭാഗീയശാലകളിലേക്ക്‌ നയിക്കുന്നതാരാണ്‌?

വൈദ്യശാസ്ത്ര പഠനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമൊക്കെ അമിത പ്രാധാന്യം കൊടുത്ത കേരളം പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായനയിൽ നിന്നും ചിന്തയിൽ നിന്നും യുവതയെ മാറ്റിത്തെളിക്കുകയായിരുന്നു. പ്രിയപ്പെട്ട ചെറുപ്പക്കാരേ, അയ്യാ വൈകുണ്ഠർക്കും പിന്നിലുള്ള കാലത്തേക്കുമടങ്ങിപ്പോകരുത്‌. അവിടെ ഇരുട്ടുമാത്രമേയുള്ളു.

ച്ഛായാഗ്രഹണം


വെള്ളിമീന്‍ തുള്ളുന്ന
രാക്കായല്‍ കാണുന്നു
പുള്ളിയുടുപ്പിട്ട മാനം

മാനത്തു കായലും
കായലില്‍ മാനവും
കാണുന്നു തീരത്തെ കൈത

കൈതയ്ക്കു കാവലായ് മൂങ്ങ
ഇരുവരും
വൈകിട്ടേ കണ്ടതാണല്ലോ

മാനവും കായലും
കൈതയും മൂങ്ങയും
ഞാനും ത്രസിക്കുന്ന കാലം

ഫ്ലാഷിട്ടെടുത്തു
പൊടുന്നനെ മായുന്നു
മേഘപ്പുറത്തൊരജ്ഞാത.