Monday, 5 October 2015

കൈപ്പത്തികൊണ്ടൊരു കിത്താബും തൊട്ടിട്ടില്ലഒരു വടക്കൻ സെൽഫി എന്ന ന്യൂജനറേഷൻ സിനിമയ്ക്കുവേണ്ടി വൈക്കം വിജയലക്ഷ്മി പാടിയ കൈക്കോട്ടും കണ്ടിട്ടില്ല, കയ്യിൽ തഴമ്പുമില്ല എന്ന പാട്ടിലെ രണ്ടാമത്തെ വരിയാണിത്‌. അച്ഛന്റെയും അമ്മയുടെയും മോഹങ്ങൾ രണ്ടാം സെമസ്റ്ററിൽ തീർത്തുകൊടുത്ത ഒരു മകനെയാണ്‌ പാട്ടിൽ വിവരിക്കുന്നതെങ്കിലും നമ്മുടെ യുവതയുടെ വായനാരീതിയെ കുറിച്ചുകൂടി ഈ പാട്ട്‌ ഓർമിപ്പിക്കുന്നു.

കേരളത്തിലെ വായനശാലകളിൽ ചെറുപ്പക്കാരെത്തുന്നില്ല. സ്റ്റേറ്റ്‌ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാരായും സർവകലാശാലാ ലൈബ്രറികളിൽ പാഠപുസ്തക വായനക്കാരായും യുവാക്കളെത്തുന്നുണ്ടെങ്കിലും അയ്യായിരത്തിലധികം വരുന്ന കേരളത്തിലെ പൊതുഗ്രന്ഥാലയങ്ങളിൽ യുവതയുടെ സാന്നിധ്യം കുറയുന്നു. നമ്മുടെ ചെറുപ്പക്കാർ പിന്നെവിടെയാണ്‌?

അവർ വായിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഒരു സങ്കീർത്തനം പോലെയും ആടുജീവിതവുമൊക്കെ ആരാണു വാങ്ങിവായിച്ചത്‌? നവമാധ്യമങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യം അറുപതു വയസിൽ താഴെയുള്ളവരുടേതാണല്ലോ. അവരവിടെ കവിതകളും മിനിക്കഥകളും വായിക്കുകയും രാഷ്ട്രീയ സാംസ്കാരിക സംവാദങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അപ്പോൾ ഗ്രന്ഥശാലകളിൽ നിന്നും അവർ വായനയുടെ കേന്ദ്രം ഇലക്ട്രോണിക്‌ മാധ്യമങ്ങളിലേക്കു മാറ്റിയോ?

മഹാകവി വൈലോപ്പിള്ളി പറഞ്ഞതുപോലെ, പൊരുളറിവീല. എന്നാൽ ഒരുകാര്യം വ്യക്തം. നമ്മുടെ വായനശാലകളിൽ പഴയതുപോലെ ചെറുപ്പക്കാരെ കാണുന്നില്ല. ഈ നിരീക്ഷണം പൂർണമായും ശരിയല്ലെങ്കിലും ഭൂരിപക്ഷം വായനശാലയുടേയും സ്ഥിതി അതാണ്‌. കെട്ടിടവും ഉപകരണങ്ങളുമുണ്ട്‌. ഫാനുണ്ട്‌, ടി വിയുണ്ട്‌, കമ്പ്യൂട്ടറുണ്ട്‌. എല്ലാ വായനശാലകളിലും വൈദ്യുത വിളക്കുകളുണ്ട്‌. വമ്പൻ പുസ്തകശേഖരമുണ്ട്‌. എന്നാൽ കൈപ്പത്തികൊണ്ടൊരു കിത്താബും തൊടുന്നില്ല.

വായനശാലാ മുറ്റങ്ങൾ ഒരുകാലത്ത്‌ സംവാദകേന്ദ്രങ്ങളായിരുന്നു. തീപ്പൊരി ചിതറിയ ആശയസംഘട്ടനങ്ങൾ. പുസ്തകവും സിനിമയും വൈകുന്നേരങ്ങളിൽ വായനശാലാ മുറ്റങ്ങളിൽ നിവർന്നുകിടന്നു. റാന്തൽവെളിച്ചത്തിൽ വാദപ്രതിവാദങ്ങൾ നിവർന്നുനിന്നു. ലൈബ്രറി സംവാദങ്ങൾ എവിടെപ്പോയി? എല്ലാവരും ചാനലുകളിലെ വാചകമേളകളിൽ കുടുങ്ങിയോ?

വായനശാലകൾ ശൂന്യമായെങ്കിലും മതചിഹ്നങ്ങൾ അണിഞ്ഞ ചെറുപ്പക്കാരെ കേരളത്തിലെമ്പാടും കാണാം. നവോത്ഥാന മൂല്യങ്ങളുപേക്ഷിച്ച്‌ യുവകേരളം മതാഭിമാനികളും ജാത്യാഭിമാനികളുമായതെങ്ങനെ?

മുൻപില്ലാത്ത വിധമുള്ള വളർച്ചയാണ്‌ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ കേരളത്തിലുണ്ടായിരിക്കുന്നത്‌. ജനങ്ങളിൽ നിന്ന്‌ പണം പിരിച്ച്‌ ഒരു പൊതു ആവശ്യമെന്ന നിലയിൽ കേരളത്തിൽ ഒരു ആരാധനാലയവും സ്ഥാപിക്കപ്പെടുന്നില്ല. എന്നാൽ ജാതിമത അടിസ്ഥാനത്തിലും കുടുംബാടിസ്ഥാനത്തിലും അന്ധവിശ്വാസത്തിന്റെ സഹകരണ ബാങ്കായ ആരാധനാലയങ്ങൾ വളർന്നുവരുന്നുണ്ട്‌. നമ്മുടെ ചെറുപ്പത്തെ ഇച്ഛാശക്തി തകർത്ത്‌, ആ വിഭാഗീയശാലകളിലേക്ക്‌ നയിക്കുന്നതാരാണ്‌?

വൈദ്യശാസ്ത്ര പഠനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമൊക്കെ അമിത പ്രാധാന്യം കൊടുത്ത കേരളം പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായനയിൽ നിന്നും ചിന്തയിൽ നിന്നും യുവതയെ മാറ്റിത്തെളിക്കുകയായിരുന്നു. പ്രിയപ്പെട്ട ചെറുപ്പക്കാരേ, അയ്യാ വൈകുണ്ഠർക്കും പിന്നിലുള്ള കാലത്തേക്കുമടങ്ങിപ്പോകരുത്‌. അവിടെ ഇരുട്ടുമാത്രമേയുള്ളു.

4 comments:

 1. വായിക്കാന്‍ വായനശാല മാത്രം ഒരു സങ്കേതമായിരുന്ന കാലത്ത് വായനശാലകളില്‍ ആള്‍ത്തിരക്കുണ്ടായിരുന്നു. ഇന്ന് വായിക്കാന്‍ പല മാര്‍ഗങ്ങളും തെരഞ്ഞെടുക്കാന്‍ പല ഉല്പന്നങ്ങളും സുലഭമായിരിക്കെ വായനശാലയില്‍ ഇനിയും ആ പഴയ സന്ദര്‍ശകത്തിരക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ. മാത്രമല്ല, നേരമ്പോക്കുള്ള പല വിനോദോപാധികളും ഉള്ളപ്പോള്‍ വായനയെ കൈവിടാനാവും എല്ലാര്‍ക്കും തിടുക്കം

  ReplyDelete
 2. വളരെ ശക്തമായ ചോദ്യങ്ങളാണ് ഭായ് ഉരുവിട്ടിരിക്കുന്നത്..
  വൈദ്യശാസ്ത്ര പഠനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമൊക്കെ
  അമിത പ്രാധാന്യം കൊടുത്ത കേരളം പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വായനയിൽ
  നിന്നും ചിന്തയിൽ നിന്നും യുവതയെ മാറ്റിത്തെളിക്കുകയായിരുന്നു. പ്രിയപ്പെട്ട ചെറുപ്പക്കാരേ,
  അയ്യാ വൈകുണ്ഠർക്കും പിന്നിലുള്ള കാലത്തേക്കുമടങ്ങിപ്പോകരുത്‌. അവിടെ ഇരുട്ടുമാത്രമേയുള്ളു....

  ReplyDelete
 3. പ്രിയപ്പെട്ട ചെറുപ്പക്കാരേ, അയ്യാ വൈകുണ്ഠർക്കും പിന്നിലുള്ള കാലത്തേക്കുമടങ്ങിപ്പോകരുത്‌. അവിടെ ഇരുട്ടുമാത്രമേയുള്ളു.

  ReplyDelete
 4. കാലം കറുത്തതായ്‌ത്തീരുന്നു, ലോകം-
  കരുത്തുകാട്ടാനുളളുപാധിയായ് മാറുന്നു
  വെറുത്തുപോകന്നതെന്തുപരി,യൗവ്വനം;
  ചെറുത്തുനില്‍ക്കാന്‍പഠപ്പിച്ച-പുസ്തകം?
  -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
  9846703746

  ReplyDelete