Friday, 23 October 2015

മതവും മാട്ടിറച്ചിയുമല്ല മനുഷ്യനാണ്‌ പ്രധാനം


        സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ സംഭവമായി ദാദ്രിയിലെ കൊലപാതകം. ആഹാരം കഴിച്ചതിന്‌ ഒരാളിനെ തല്ലിക്കൊല്ലുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്‌. ഹീനമായ അടയാളമായി അത്‌ വിശപ്പിന്റെ ചരിത്രത്തിൽ അവശേഷിക്കും.

  ദരിദ്രനാരായണന്മാർക്ക്‌ ഭൂരിപക്ഷമുളള ഇന്ത്യയിൽ ഏതെങ്കിലും ഭക്ഷണം കഴിക്കരുത്‌ എന്ന്‌ പറയുന്നതിനുപകരം നീ എന്തെങ്കിലും കഴിച്ചോ, നിന്റെ വയറ്റിലെ കത്തലടങ്ങിയോ എന്നാണ്‌ ഭരണകൂടവും അവരെ അനുകൂലിക്കുന്ന സംഘടനകളും ചോദിക്കേണ്ടത്‌.

  മാംസഭക്ഷണം പ്രത്യേകിച്ചും ഗോമാംസ ഭക്ഷണം പണ്ടുകാലംതൊട്ടേ ഇന്ത്യയിൽ ശീലിക്കപ്പെട്ടുപോന്നിരുന്നു. പശു എത്‌ നാട്ടിലേയും പ്രാചീന ജനസമൂഹത്തിന്റെ വളർത്തുമൃഗമായിരുന്നു. സ്ത്രീധനമായി നൽകിയിരുന്നത്‌ ഗോക്കളെയായിരുന്നു. ഗോമോഷണം മൂലം വലിയ യുദ്ധങ്ങൾ പോലും ഉണ്ടായിട്ടുണ്ട്‌ എന്നതിന്‌ പുരാണങ്ങൾ തെളിവ്‌. രാമായണമടക്കമുളള ഗ്രന്ഥങ്ങളിൽ ഗോമാംസത്തിന്റെ ഭക്ഷ്യോപയോഗത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. അധ്യാത്മ രാമായണത്തിൽ പച്ചമാംസം ഭക്ഷണത്തിനുവേണ്ടി ഉണക്കിക്കൊണ്ടിരിക്കുന്ന സീതയെ ഇന്ദ്രന്റെ പുത്രനായ ജയന്തൻ ആക്രമിക്കുന്നതും ശ്രീരാമന്റെ പ്രതിരോധം മൂലം ജയന്തന്റെ ഒരു കണ്ണ്‌ നഷ്ടപ്പെടുന്നതും പ്രതിപാദിച്ചിട്ടുണ്ടല്ലോ. കാക്കയായി വന്നതിനാൽ ജയന്തന്റെ കണ്ണിനുണ്ടായ ക്രമക്കേട്‌ കാക്കയിൽ നിക്ഷിപ്തമായി എന്നും പറയുന്നുണ്ടല്ലോ. യാഗങ്ങളിൽ യാഗപശുവിനെ കൊല്ലുന്നത്‌ അന്നത്തെ നിയമവ്യവസ്ഥ ആയിരുന്നല്ലോ.

  ഇന്ത്യയിലെ ദളിതരുടെ പ്രധാനപ്പെട്ട ആഹാര പദാർഥങ്ങളിലൊന്ന്‌ ഗോമാംസമായിരുന്നു. ചത്ത പശുവിനുളള അവകാശം ദളിതർക്കായിരുന്നു. പാലെല്ലാം തമ്പുരാനും പശുമാംസം കീഴാളനും. മാംസം ഭുജിച്ചുവളർന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെ രുചിബോധത്തെ ബലം പ്രയോഗിച്ച്‌ മാറ്റാമെന്ന്‌ കരുതരുത്‌.
ഇവിടെ പ്രശ്നം യാഗധേനുവും രാമകഥയും ഒന്നുമല്ല വിശപ്പാണ്‌. ഭക്ഷണം കഴിച്ചയാളിനെ നിഗ്രഹിക്കുന്നവർക്ക്‌ ഭരണകൂടത്തിന്റെ സംരക്ഷണം ഉണ്ട്‌ എന്നതാണ്‌ ഏറ്റവും വലിയ അപകട സൂചന.

  മാംസഭക്ഷണം ഇന്ത്യയിലൊരിടത്തും നിരോധിച്ചിട്ടില്ല. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇന്ത്യൻ പൗരന്മാർക്ക്‌ അവകാശമുളളതുപോലെ മാംസം ഭുജിക്കാനും ഭുജിക്കാതിരിക്കാനുമുളള അവകാശവും ഉണ്ട്‌. ദാരിദ്ര്യം നിർമാർജനം ചെയ്ത്‌ എല്ലാവർക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവും നൽകുക എന്ന പ്രാഥമികമായ കടമ നിറവേറ്റുവാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിൽ മനുഷ്യന്റെ അന്നനാളത്തിൽ മതത്തിന്റെ കൈകൾകൊണ്ട്‌ ഇറുക്കിപ്പിടിക്കരുത്‌.

  ആഹാരം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പാവം മനുഷ്യന്റെ വീട്‌ പിന്നീട്‌ പരിശോധിച്ചപ്പോൾ അയാൾ കഴിച്ചിരുന്നത്‌ ബീഫായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞല്ലോ. ദാദ്രി വിട്ട്‌ ഓടിപ്പോയ ആ കുടുംബത്തെ ഇനി എങ്ങനെയാണ്‌ രക്ഷിക്കാൻ കഴിയുക?

  ഇന്ത്യയിൽ ജാതിവ്യവസ്ഥ പാലിച്ച്‌ മനുഷ്യനെ നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഹിന്ദുമതത്തിനാണ്‌. അവർ മനുഷ്യന്‌ കഴിക്കാവുന്ന ഭക്ഷണങ്ങളെയും വേർതിരിച്ചു. സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞു. മനുഷ്യനെ അപമാനിച്ചു. ഇപ്പോഴും ആ ചിന്ത മാറിയിട്ടില്ലെന്ന്‌ ദാദ്രി സംഭവം തെളിയിക്കുന്നു. മനുഷ്യരക്തം നുണയുന്നതിൽ നിന്നും മതങ്ങൾ മാറി നിൽക്കേണ്ടതാണ്‌.

4 comments:

 1. ദരിദ്രനാരായണന്മാർക്ക്‌
  ഭൂരിപക്ഷമുളള ഇന്ത്യയിൽ ഏതെങ്കിലും
  ഭക്ഷണം കഴിക്കരുത്‌ എന്ന്‌ പറയുന്നതിനുപകരം
  നീ എന്തെങ്കിലും കഴിച്ചോ, നിന്റെ വയറ്റിലെ കത്തലടങ്ങിയോ
  എന്നാണ്‌ ഭരണകൂടവും അവരെ അനുകൂലിക്കുന്ന സംഘടനകളും ചോദിക്കേണ്ടത്‌.

  ReplyDelete
 2. മനുഷ്യരക്തം നുണയുന്നതിൽ നിന്നും മതങ്ങൾ മാറി നിൽക്കേണ്ടതാണ്‌. ആരോട്' പറയാൻ , തലയിൽ ചാണകം ചുമക്കുന്നവരോടോ .?

  ReplyDelete
 3. ആടും പയ്യും പെരുക്കട്ടേ
  വിശപ്പേറുകയല്ലയോ......

  ReplyDelete
 4. സഹിഷ്ണുതയുടെ സ്ഥാനത്ത് സംഹാരത്മകത വളരുന്നു.
  മനുഷ്യസ്നേഹികളുടെ ജാഗ്രത അനിവാര്യമായ കാലം.

  ReplyDelete