Wednesday 27 December 2023

കമനീയം മഹനീയം കണ്ണൂര്‍

 കമനീയം മഹനീയം  കണ്ണൂര്‍ 

-----------------------------------------------
ഐക്യകേരളത്തിന്റെ അവിഭാജ്യ ഘടകമായ കണ്ണൂര്‍ എത്ര സുന്ദരമായ പ്രദേശമാണ്. സാംസ്ക്കാരിക- രാഷ്ട്രീയ ചരിത്ര  പുസ്തകത്തില്‍ രുധിരാക്ഷരങ്ങളാല്‍ അടയാളപ്പെട്ട  നാടാണ് കണ്ണൂര്. ധര്‍മ്മടം ദ്വീപിനെ ഇരുവശത്തുനിന്നും ആലിംഗനം ചെയ്യുന്ന അഞ്ചരക്കണ്ടിപ്പുഴയും കഥ പറഞ്ഞൊഴുകുന്ന വളപട്ടണം പുഴയും ആലക്കോട്ടെ ആദിമനിവാസികളുടെയും രാജാവിന്റെയും ജീവിതം കണ്ട കുപ്പം പുഴയും  മിത്തും ചരിത്രവും കൈകോര്‍ത്തുനിന്നു കാണുന്ന പയ്യന്നൂര്‍പ്പുഴയും കടലുകാണുന്ന ഏഴിമലയും കരകാണുന്ന പൈതല്‍മലയും എല്ലാം ചേര്‍ന്ന മനോഹരമായ പ്രദേശം.

കണ്ണൂര്‍കോട്ടയും അവിഭക്തകണ്ണൂരിലെ ബേക്കല്‍ കോട്ടയും പടയോട്ടങ്ങളുടെ തിരക്കഥ വായിക്കുമ്പോള്‍ കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും  കാവുമ്പായിയും പോരാട്ടങ്ങളുടെ വിപ്ലവഗാനം പാടുന്നു. എ കെ ജിയും എന്‍ ഇ ബലറാമും  കെ പി ആര്‍ ഗോപാലനും എ വി കുഞ്ഞമ്പുവും  വിമോചനപ്പോരാട്ടങ്ങളുടെ രക്തനക്ഷത്രങ്ങളായി തിളങ്ങുന്നു. മുത്തപ്പനും കതിവന്നൂര്‍ വീരനും മുച്ചിലോട്ടു ഭഗവതിയും കാടാങ്കോട്ടു മാക്കവും വയനാട്ടുകുലവനും പൊട്ടന്‍റെ വേഷത്തില്‍ ആദിദലിതനും ബാലിത്തെയ്യവും  പൂരക്കളിയും മംഗലംകളിയും  അടക്കം  ഭാവനയും വാസ്തവവും ചേര്‍ന്ന കൊളാഷായി വിസ്മയപ്പെടുത്തുന്നു.

അവിഭക്ത കണ്ണൂരിലെ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മലയാളത്തിലെ ആദ്യകഥ സമര്‍പ്പിച്ചു. കോലത്തുനാട്ടിലിരുന്നു താരാട്ടുപാട്ടിന്‍റെ ഈണത്തില്‍ ചെറുശ്ശേരി മലയാളത്തിന് തന്നത് കൃഷ്ണഗാഥ. പിന്നെ വി വി കെയും എ വി ശ്രീകണ്ഠപ്പൊതുവാളും  മുതല്‍ കുഞ്ഞപ്പ പട്ടാന്നൂരും മാധവന്‍ പുറച്ചേരിയും  ഉമേഷ് ബാബുവും കൈതപ്രവും എ സി ശ്രീഹരിയും മധു ആലപ്പടമ്പും പത്മനാഭന്‍ കാവുമ്പായിയും   കെ വി ജിജിലും കെ വി പ്രശാന്ത് കുമാറും സതീശന്‍ മോറായിയും സി. പി ശുഭയും  രജനി വെള്ളോറയും രേഖ മാതമംഗലവും അടക്കമുള്ള കവികളുടെ വന്‍നിര. പഴയകണ്ണൂരിന്റെ ഭൂപടം നിവര്‍ത്തിയിട്ടാല്‍ രാഷ്ട്രകവി ഗോവിന്ദപ്പൈയും മഹാകവികളായ കുട്ടമത്തും പിയും കൂടാതെ വിദ്വാന്‍ പി കേളുനായരും ടി. ഉബൈദും ടി എസ് തിരുമുമ്പും  തെളിഞ്ഞുവരും. കഥാഗോപുരത്തിന്റെ നെറുകയിലെത്തിയ ടി പത്മനാഭനും എന്‍.പ്രഭാകരനും സി വി ബാലകൃഷ്ണനും ടി എന്‍ പ്രകാശും സതീഷ് ബാബു പയ്യന്നൂരും കെ ജെ ബേബിയും   ടി പി വേണുഗോപാലനും വി എസ് അനില്‍ കുമാറും  ആര്‍.രാജശീയും വിനോയ് തോമസും ശിഹാബുദീന്‍ പൊയ്ത്തുംകടവും  കെ ടി ബാബുരാജും രമേശന്‍ ബ്ലാത്തൂരും    അടക്കം മലയാള കഥാരംഗത്തെ പ്രഭയുള്ള പ്രതിഭകള്‍ വെളിച്ചം വീശി വരും 

കണ്ടല്‍മരങ്ങളുടെ വളര്‍ത്തഛന്‍ കല്ലേന്‍ പൊക്കുടനും 
വെള്ളരിനാടകത്തെ പൊതുമലയാളത്തിലെത്തിച്ക ഡോ ടി പി സുകുമാരനും നെയ്ത്തുകാരന്‍റെ നെയ്ത്തുകാരന്‍ എന്‍ ശശിധരനും പ്രഭാഷണവേദിയിലെ സിംഹഗര്‍ജ്ജനമായിരുന്ന സുകുമാര്‍ അഴിക്കോടും എന്‍ വി പി ഉണിത്തിരിയും പവനനും സഞ്ജയനും ഡോ.ആര്‍ സി കരിപ്പത്തും കെ.പാനൂരും   ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയരായ രജിതാ മധുവും സന്തോഷ് കീഴാറ്റൂരും നാടകവും കവിതയും പ്രഭാഷണവും ഒരുപോലെ വഴങ്ങുന്ന കരിവെള്ളൂര്‍ മുരളിയും പ്രൊഫഷണല്‍ നാടകവുമായി തെക്കന്‍ കേരളത്തില്‍ വാസമുറപ്പിച്ച വാസൂട്ടിയും നാടകം  ജീവിതമാക്കിയ  ബാബു അന്നൂരും പ്രദീപ് മണ്ടൂരും പി വി കെ പനയാലും   ഇബ്രാഹിം വേങ്ങരയും മഞ്ജുളനും ചിത്രകലയുടെ കുലപതിയായ എം വി ദേവനും കെ.കെ.ആര്‍ വെങ്ങരയും നാടന്‍  പാട്ടുകള്‍ സമാഹരിച്ച ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായരും   ശോഭനമാക്കുന്ന നാടാണ് കണ്ണൂര്. നാടന്‍ കലാ അക്കാദമിയുടെ ആസ്ഥാനവും കണ്ണൂരാണ്. കവിതകളെ ഈണപ്പെടുത്തി അവതരിപ്പിക്കുന്ന ബാബു മണ്ടൂര്‍ കണ്ണൂരിലെ അപൂര്‍വ പ്രതിഭയാണ്. ഗംഭീരമായ ഗ്രന്ഥശാലാശൃംഖല കണ്ണൂരിന്‍റെ ബൌദ്ധികസമ്പത്താണ്. ഗുണ്ടര്‍ട്ടിന്റെയും ബ്രണ്ണന്‍റെയും ചന്തുമേനോന്റെയും തട്ടകവും കണ്ണൂരായിരുന്നു..ബീവിയുടെ വിരല്‍ത്തുമ്പില്‍ ഐശ്വര്യം വിളയാടിയ അറയ്ക്കല്‍ രാജവംശം 
ചരിത്രത്തിലെ  അപൂര്‍വതയാണ്  വി.പി സത്യനും ജിമ്മിജോര്‍ജ്ജും അടക്കമുള്ള കായികതാരങ്ങളും ടി വി ചന്ദ്രനും ശ്രീനിവാസനും അടക്കമുള്ള സിനിമാസംവിധായകരും കണ്ണൂര്‍ മലയാളനാടിനു നല്കിയ പുരസ്ക്കാരങ്ങളാണ്.

ജാതിയും മതവും അസമത്വങ്ങളും കൊടിയുയര്‍ത്തിയ കേരളത്തില്‍ അതിനെതിരേ പോരാടിയ വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീര്‍ഥനും ഉഴുതു മറിച്ച നാടാണ് കണ്ണൂര്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത് കണ്ണൂരിലെ പാറപ്രത്തായിരുന്നു.മനുഷ്യ വിമോചനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍  കണ്ണൂരിലെത്തിയവരില്‍ പി. കൃഷ്ണപിള്ളയും  കെ.ദാമോദരനും എന്‍ സി ശേഖറും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കണ്ണൂരിന്‍റെ സംഭാവനയാണ് പഴശ്ശി രാജാവും മൊയ്യാരത്ത് ശങ്കരനും വിഷ്ണുഭാരതീയനും കെ എസ് കേരളീയനും  മറ്റ് നിരവധി പോരാളികളും. ഉപ്പുസത്യാഗ്രഹം നടന്ന പയ്യന്നൂരില്‍ത്തന്നെയാണ് കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ സമ്മേളനവും നടന്നത്. ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത ആ സമ്മേളനത്തിലാണ് പൂര്‍ണ്ണസ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസാനകാലവും എം എന്‍ വിജയന്‍റെ പ്രഭാഷണ മണ്ഡലവും  കണ്ണൂര്‍ ആയിരുന്നല്ലോ,

അഞ്ചു മുഖ്യമന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അവിഭക്ത കണ്ണൂരിലെ നീലേശ്വരം മണ്ഡലത്തില്‍ നിന്നും അരിവാളും ധാന്യക്കതിരും അടയാളത്തില്‍  വിജയിച്ച ഇ എം എസ്,ഇ.കെ നായനാര്‍, പിണറായി വിജയന്‍, കൊല്ലം സ്വദേശിയാണെങ്കിലും കണ്ണൂരില്‍  നിന്നും വിജയിച്ച ആര്‍.ശങ്കര്‍,  തൃശൂര്‍ ജില്ലയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ കണ്ണൂര് സ്വദേശി കെ കരുണാകരന്‍.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത സവിശേഷതകളുള്ള നാടാണ് കണ്ണൂര്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂരിന്‍റെ നന്മകള്‍ അസാധുവാകുന്നില്ല. സവര്‍ണര്‍ പറഞ്ഞാലും ഗവര്‍ണ്ണര്‍ പറഞ്ഞാലും ബ്ലഡി എന്ന വിശേഷണം കണ്ണൂരിന് ചേരില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം അത് തള്ളി ക്കളയും. ഞങ്ങളുടെ കണ്ണൂര് എത്ര സുന്ദരമാണ്! ബ്യൂട്ടിഫുള്‍ കണ്ണൂര്.

Wednesday 6 December 2023

ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍

 ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ 

----------------------------------------------------------------------------------
സ്വയം അവസാനിപ്പിച്ചെങ്കിലും ഡോ.എം. കുഞ്ഞാമന്‍റെ ജീവിതം അവശേഷിപ്പിച്ച ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. അത് ഉമിത്തീപോലെ സമൂഹത്തില്‍ നീറിപ്പിടിച്ചു കൊണ്ടിരിക്കുന്നു.

എം. കുഞ്ഞാമന്‍റെ ജീവിതം ആരംഭിക്കുന്നത് സ്വാമി വിവേകാനന്ദന്‍ മലബാറിലൂടെ സഞ്ചരിച്ച കാലത്തൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയില്‍! നവോത്ഥാനപരിശ്രമങ്ങള്‍ സഫലമായിയെന്നു നമ്മള്‍ കരുതുന്ന കേരളത്തില്‍. ജാതിമത ചിന്തകളെ സമ്പൂര്‍ണ്ണമായി നിരസിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം ആളിക്കത്തിയ പാലക്കാട്ട്. നായാടി മക്കള്‍ക്ക് ആടയും അന്നവുംകൊടുത്തു  മനുഷ്യരാക്കിയ സ്വാമി ആനന്ദ തീര്‍ഥന്റെ പ്രവര്‍ത്തന പരിധിയില്‍. ഹിന്ദുമതത്തിന്റെ പല്ലും നഖവുമേറ്റ് ഇഴഞ്ഞു നീങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ഇരുട്ടും ഭയവും മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം.

കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപകര്‍ഷതാബോധത്തില്‍ നിന്നു മരണം വരെയും മോചനമുണ്ടാവില്ലെന്ന തിരിച്ചറിവിലൂടെ അപകര്‍ഷതയില്ലാതെ 
വളരേണ്ടുന്ന ഒരു കുട്ടിക്കാലത്തെ കുറിച്ച് ലോകത്തോട് സംസാരിച്ച അനുഭവസ്ഥനായിരുന്നു കുഞ്ഞാമന്‍.കെ.ആര്‍. നാരായണനുശേഷം ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദ പരീക്ഷയില്‍ ദലിത് സമൂഹത്തില്‍ നിന്നും  ഒന്നാം  റാങ്ക് നേടിയ  ഈ പ്രഗത്ഭനെ വേണ്ടവിധം വിനിയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞോ? ആസൂത്രണ ബോര്‍ഡിന്‍റെയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെയോ നേതൃത്വം ഏല്‍പ്പിക്കുകവഴി ആ ഉജ്ജ്വലമലയാളി പ്രതിഭയെ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ല. ഡോ.പല്‍പ്പുവിന്റെ അനുഭവം രാജഭരണകാലത്തു ആയിരുന്നെങ്കില്‍ കുഞ്ഞാമന്‍റെ അനുഭവം ഐക്യകേരള സൃഷ്ടിക്കു ശേഷമായിരുന്നു. അതേ. ഒറ്റക്കുഴിയില്‍ നിന്നും നായയുടെ കടിയേറ്റുകൊണ്ട് കഞ്ഞി വാരിക്കുടിച്ചപ്പോള്‍ നായയെ കുറിച്ച് സ്നേഹത്തോടെ ഓര്‍ത്ത ആ വലിയ മനസ്സ് കേരളത്തിന് മനസ്സിലായില്ല. ദ്രൌപദി മൂര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍, ഭാരതഭരണകക്ഷിയുടെ മുഖത്തുനോക്കി, വ്യക്തികളെ സ്വീകരിക്കുകയും സമൂഹത്തെ തിരസ്ക്കരിക്കുകയും ചെയ്യുന്നവര്‍ എന്ന കുഞ്ഞാമന്‍റെ പ്രതികരണം, പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയ സമയത്തുപോലും നമുക്ക് മനസ്സിലായില്ല.

ജാതിപ്പേരു വിളിക്കരുതെന്നും സ്വന്തം പേരുവിളിക്കണമെന്നും  ആവശ്യപ്പെട്ടപ്പോള്‍ അദ്ധ്യാപകന്റെ കൈ കുഞ്ഞാമന്‍റെ ചെകിട്ടത്ത് വീണത്  സ്വതന്ത്ര ഭാരതത്തിലായിരുന്നു. പുസ്തകവും കുപ്പായവും കൂടാതെ, കഞ്ഞിയോ ഉപ്പുമാവോ കഴിക്കാന്‍ വേണ്ടിമാത്രം സ്ക്കൂളില്‍ പോയിരുന്ന ഒരു ബാല്യം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു എന്ന വാസ്തവനാളമെങ്കിലും മലയാളി മറക്കാതിരിക്കണം. 
 
മറ്റൊരു കേരളം സാധ്യമാണ് എന്ന അന്വേഷണപരമ്പരയില്‍ സ്വന്തം ചിന്തകളെ കൂട്ടിയിണക്കിയ കുഞ്ഞാമന്‍. ഒരു അപകര്‍ഷതയുമില്ലാതെ എതിര് കുറിച്ചിട്ട കുഞ്ഞാമന്‍. അതിനു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചപ്പോള്‍, അത് പുരസ്ക്കാരത്തിനായി എഴുതിയതല്ലെന്ന് പറഞ്ഞ് സത്യസന്ധമായി നിരസിച്ച വലിയ പ്രതിഭയായിരുന്നു..
എതിര് എന്ന ജീവിതരേഖ, ചെറോണയുടെയും അയ്യപ്പന്റെയും മകന്‍റെ ജീവിതസമരമാണെന്നും അത് പരാജിതന്റെ കഥയാണെന്നും ചോരകൊണ്ടു കുറിക്കുമ്പോള്‍ , കോവിഡു കാലം കഴിഞ്ഞിട്ടുപോലും മാസ്ക് ഉപേക്ഷിക്കാന്‍ മടിക്കുന്ന മലയാളിയുടെ മനസ്സാണ് കുഞ്ഞാമന്‍ ലക്ഷ്യമാക്കിയത്.

വിമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ദൈവമൊന്നുമല്ലല്ലോ എന്ന് ഇ. എം എസ്സിനെക്കൊണ്ട് പറയിപ്പിച്ച കുഞ്ഞാമന്‍. വ്യക്തിദു:ഖങ്ങളെ ഉള്ളിലൊതുക്കി, കേരളത്തിന്റെ ധനഘടനയെക്കുറിച്ച് വിശകലനം ചെയ്ത കുഞ്ഞാമന്‍. പൂനയിലെ ദലിത് ഹോട്ടല്‍ ശൃംഖലയെ പ്രതിപാദിക്കുകവഴി, സഹോദരന്‍ അയ്യപ്പന് ശേഷവും കേരളത്തില്‍ ദലിത് ഹോട്ടലുകള്‍ ഉണ്ടായില്ലെന്ന ജാതിദുര്‍മുഖത്തെ വെളിപ്പെടുത്തിയ കുഞ്ഞാമന്‍. 

പാലക്കാട്ടെ വാടാനാം കുറിശിയില്‍ നിന്നും ധനതത്വശാസ്ത്രത്തിന്റെ നെറുകയിലേക്ക് പോരാടിക്കയറിയ കേരളത്തിന്റെ സ്വന്തം അമര്‍ത്യസെന്‍ ആയിരുന്നു ഡോ.എം. കുഞ്ഞാമന്‍.