Friday 27 December 2019

മഹാഭാരതം


ശത്രുപക്ഷത്തുനിന്നെത്തിയ യുയുത്സുവെ
കെട്ടിപ്പുണർന്നു വരിച്ചു യുധിഷ്ഠിരൻ
ഒപ്പം വിയർത്തു സുയോധനൻ, കർണ്ണന്റെ
രക്തം തിളച്ചു, ചിലച്ചു ദുശ്ശാസനൻ

കുന്തിയും ഗാന്ധാരിയും നടുക്കങ്ങളാൽ
നൊന്തുനൊന്തങ്ങനെ ജൻമപാപത്തിന്റെ
ശമ്പളം വാങ്ങി
കുരുക്ഷേത്രഭൂമിയിൽ
ശംഖോടുശംഖ് മുഴങ്ങീ വിളംബരം



അച്ഛൻ മുറിച്ചൂ മഹാഭാരതം
പിന്നെയെത്ര സത്രങ്ങളിൽ
രാത്രിക്കു കാവലായ്
ഭിത്തിയിൽ ചാരി ഞാൻ വച്ചൂ ദുരന്തങ്ങ-
ളുഗ്രാസ്ത്രമെയ്തു തുളച്ച മനസ്സിന്റെ
പ്രശ്നമായ്ത്തീർന്ന മഹാഭാരതം
രോഷതൃഷ്ണകൾപൂക്കുന്ന കൃഷ്ണയ്ക്കുവേണ്ടി ഞാൻ
മുക്കിയ ചോരയ്ക്കിതെന്റെ ഷർട്ടിൻനിറം

നെഞ്ചിലെ തോണിയിൽ മഞ്ഞിൻമറയ്ക്കുള്ളിൽ
നിന്നു കിതയ്ക്കും കറുത്തപെണ്ണിൽ നിന്ന്
കണ്ണെടുക്കുന്നു മഹർഷി യൊടുക്കമെൻ
കണ്ണിൽനിന്നൂർന്നിറങ്ങുന്നു
കനൽക്കട്ടയെന്നപോൽ വ്യാസൻ
വിഷക്കാറ്റുപോലെന്റെ
യുള്ളിൽ തറയ്ക്കുന്നു ഭീഷ്മപ്രതിജ്ഞകൾ

അംബതൻ കണ്ണീരു വീണുകുതിർന്നെന്റെ
ചിങ്ങപ്പുലർച്ചകൾ
പാണ്ഡുവും ദ്രോണരും അന്ധനും ശല്യരും
നെറ്റിയിൽ തൊട്ടന്നു
സന്ധ്യയാവോളമെൻ ചോരനുകർന്നുപോയ്
അർജ്ജുനജ്വാല പിറന്നൂ നഖത്തിൽനി-
ന്നസ്ഥിയിൽ ഭീമസേനന്റെയലർച്ചകൾ
സ്വപ്നംതൊടുത്ത് അഭിമന്യുവിൻ ധീരത
ദു:ഖം ധരിച്ചു വിശുദ്ധയാം ദുശ്ശള

കത്തുന്നു ജാതൂഗൃഹത്തിൽ അനാഥരാം
മക്കളും അമ്മയും
കള്ളക്കരുക്കളിൽ കത്തിയും പച്ചയും
യുദ്ധം തുടർന്നെന്റെ സന്ധിയും ഗ്രന്ഥിയും


കാതുകീറുന്നുണ്ടു ഗാന്ധാരിയമ്മതൻ
പ്രേതാവലോകനം


ഉത്തരം തേടുന്നു മജ്ജയിലുത്തര
ഉഷ്ണകാലംപോൽ സുഭദ്ര
മോഹത്തിന്റെ ദു:ഖം വിതച്ചു
കൊടുംദു:ഖവും കൊയ്തു
വസ്ത്രമില്ലാതെയകന്ന ജേതാക്കളിൽ
സ്വപ്നവും സ്വത്തും സ്വരാജ്യപ്രതീക്ഷയും
യുദ്ധാവസാനസ്സുഖങ്ങളും പൊള്ളുന്നു

അച്ഛൻ മരിച്ചതോഗസ്റ്റിൽ
പിന്നെത്രയോ സത്രങ്ങളിൽ
രാവുതോറും പുനർജ്ജനി-
ച്ചൊറ്റക്കിരിക്കുന്നൊരെന്റെ ത്രാസങ്ങളിൽ
കൊത്തിവെയ്ക്കുന്നൂ മഹാഭാരതം
ക്രൂരദു:ഖങ്ങൾ മേയുമിരുട്ടിന്റെ പുസ്തകം
രക്തം പുരണ്ട കാലത്തിന്റെ വല്ക്കലം

Thursday 26 December 2019

എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍..


ഒരു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട ഭരണകൂടം ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുന്ന അസാധാരണവും അനഭിലഷണീയവുമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ.അതിനു ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതോ അമിത മതബോധവും. 

സ്വന്തം ദൈവത്തില്‍ വിശ്വസിക്കാത്തവരെ ശത്രുക്കളായി കാണുകയെന്നത് മതബോധത്തിന്റെ അടിസ്ഥാന അപകടങ്ങളില്‍ ഒന്നാണ്. എന്നെ വെറുത്താലും ജര്‍മ്മനിയെ വെറുക്കരുത് എന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ വചനത്തെ ഓര്‍മ്മിപ്പിക്കുന്നത് പോലെയുള്ള ഭരണാധികാരിയുടെ പ്രസംഗം കൂടിയായപ്പോള്‍ എരിതീയില്‍ പെട്രോള്‍ ഒഴിച്ചതിനു തുല്യമായി.

ഇന്ത്യയില്‍ പൗരത്വം സംബന്ധിച്ച അവിശ്വാസത്തിന്റെയും ഭയത്തിന്റെയും തീ കത്തുകയാണ്. അത് മതാതീത സംസ്ക്കാരത്തിന്‍റെ കൊടിചൂടിയ കേരളത്തിലേക്കും വ്യാപിച്ചു കഴിഞ്ഞു. സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥാകാരന്‍ എന്‍.എസ്.മാധവനും ജനകീയ സിനിമയുടെ വക്താവായ കമലും അടക്കം കേരളത്തിന്റെ സാംസ്കാരികരംഗവും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

എല്ലാവരെയും സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം.ആ വിശാലഹൃദയത്വം സിന്ധു നദീതീരത്തെ ദ്രാവിഡജനതതന്നെയാണ് ആദ്യം പ്രകടിപ്പിച്ചത്.  ചരിത്രം അങ്ങനെയാണെങ്കില്‍ പുരാണങ്ങളും അഭയാര്‍ഥിയെ പുറന്തള്ളിയിട്ടില്ല. 

രാജ്യം നഷ്ടപ്പെട്ടു  കാട്ടില്‍ പാര്‍ക്കേണ്ടി വരുന്ന യുധിഷ്ഠിരന്‍ തന്നെപോലെ ദുഃഖം അനുഭവിച്ചവരായി മറ്റാരെങ്കിലും ഉണ്ടോ എന്നു വിലപിക്കുമ്പോള്‍ ബൃഹദശ്വന്‍ എന്ന മഹര്‍ഷിയാണ് നളന്റെ ദുഃഖം വിവരിക്കുന്നത്. ഇത്  പൊലിപ്പിച്ച് എഴുതിയ ഉണ്ണായിവാര്യര്‍ അതിമനോഹര പദങ്ങളിലൂടെ നളവിഷാദം ജനഹൃദയങ്ങളില്‍ എത്തിച്ചു.

രാജ്യവും പ്രേയസിയും നഷ്ടപ്പെട്ട നളന്‍ ബാഹുകനായി അയോധ്യയിലെ രാജാവായ ഋതുപര്‍ണനോട് അഭയം തേടുന്നു. തേരോടിക്കുന്നതിലും പാചകകലയിലും മിടുക്കനായ ബാഹുകനെ രാജാവ് ഇക്കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ച് സംരക്ഷിക്കുന്നു. വസ വസ സൂതാ മമ നിലയെ സുഖം ബാഹുക സാധുമതേ എന്നാണു ഋതുപര്‍ണന്‍ പറയുന്നത്. എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍ എന്നുടെ കുലത്തില്‍ ഇല്ലെന്നും രാജാവ് പറയുന്നു.

ഭാര്യയെ കാട്ടിലെറിഞ്ഞ രാമന്‍ മാത്രമല്ല, ഭാര്യയും നാടും നഷ്ടപ്പെട്ട മനുഷ്യനെ സംരക്ഷിച്ച രാജാവും അയോദ്ധ്യയിലെ കവികല്‍പ്പിതമായ അധികാര പദവിയില്‍ ഉണ്ടായിരുന്നു. 

ചരിത്രവും പുരാണവുമൊക്കെ ഇങ്ങനെയാനെന്നിരിക്കെ ഭാരതത്തില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ചിട്ടുള്ള ഭീകരാന്തരീക്ഷം സാംസ്ക്കാരിക രംഗത്തുള്ളവരെയും പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

Monday 23 December 2019

ഒഴിവാക്കേണ്ടത്



അച്ഛന്റെ മരണം
കവിതയാക്കരുത്
ആത്മാവിൽ ഒരു ചിതയുണ്ടല്ലോ

തൊണ്ടയിലെ അർബ്ബുദം
വേണ്ട
സഫലമീയാത്ര വായിക്കാം

ഉണ്ണിയുടെ മരണം
എഴുതരുത്
മാമ്പഴം ചൊല്ലാം

ദാരിദ്ര്യദു:ഖം
ഇല്ല
കുചേലവൃത്തം ഓർമ്മിക്കാം


എന്നാൽ പ്രണയമോ
ഇനിയുമിനിയുംമെഴുതേണ്ടത്.

Thursday 19 December 2019

ഉൾവാക്കുകൾ


ഞാനെൻ ശരീരം പരീക്ഷണശാലയിൽ
മേശപ്പുറത്തു കിടത്തി
വസ്ത്രങ്ങൾ നീക്കി, കൊടും കത്തിയാലതിൻ
ത്വക്കുടുപ്പും കൊത്തിമാറ്റി

നഗ്നം അതേ പൂർണനഗ്നം അകങ്ങളിൽ
അക്ഷരങ്ങൾ തെളിയുന്നു

അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല യാഥാർത്ഥ്യം

കയ്പുകുടിച്ചു ചുവന്ന മസ്തിഷ്ക്കത്തിൽ
ഒറ്റവാക്കേയുള്ളു സ്നേഹം
കണ്ണുകൾക്കുള്ളിൽ നിലാവ്
ചെവിക്കുള്ളിൽ
മങ്ങിയ നെൽകൃഷിപ്പാട്ട്
അന്നനാളത്തിൽ വിശപ്പ്
തോളസ്ഥിയിൽ
ഒന്നിറങ്ങൂ എന്ന വീർപ്പ്

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിതമഷിയിൽ പ്രണയം
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസം പുക എന്ന വാക്യം
രക്തനാളത്തിൽ സമരം
ആമാശയശല്ക്കത്തിൽ തീരാദുരിതം
വൃക്കയിൽ മോഹങ്ങൾ
വൻകുടലിൽ സൂര്യൻ
വൃഷണത്തിനുള്ളിൽ അശാന്തി
മാലിന്യസഞ്ചിയിൽ ജീവിതം
താരാട്ടുപോരെന്നു തൊണ്ടയും കൈയ്യും


കരളിൽ ബിയർ
വാരിയെല്ലിൽ, നാട്ടു-
വഴിയിലെ പുല്ലിന്റെ പേര്
കാലസ്ഥിയിൽ കാട്ടുപക്ഷി
പാദങ്ങളിൽ
ചൂടിൽ നടന്ന കഥകൾ
വാക്കുകൾ നാക്കുകൾ തോരുന്നതേയില്ല
വാക്കിന്റെ പേമാരിയുള്ളിൽ

Saturday 14 December 2019

കവിയുടെ രാഷ്ട്രീയബോധവും ഭക്തിയും


By: Web Desk | Wednesday 11 December 2019 9:48 PM IST

 കുരീപ്പുഴ ശ്രീകുമാർ
കന്യാസ്ത്രീകൾ ഹൈക്കോടതിയുടെ സമീപം നടത്തിയ സമരത്തെ ഭക്തി തീരെയില്ലാത്തവർ പോലും അനുകൂലിച്ചു. അഭയക്കേസിൽ ശരിയായ അന്വേഷണവും വിധിയും ഉണ്ടാകണമെന്ന കാര്യത്തിൽ ഭക്തിയില്ലാത്തവർക്ക് ഒരു സംശയവും ഇല്ല. ശബരിമലയിൽ പോയി പ്രാർഥിക്കണമെന്ന് സന്താനോല്പാദന ശേഷിയുള്ള ഒരു വനിതയ്ക്ക് തോന്നിയാൽ തീരെ ഭക്തിയില്ലാത്തവരും അതിനെ അനുകൂലിക്കുന്നു. ബാബറിപ്പള്ളി പൊളിച്ചതിനെ ഭക്തിയില്ലാത്തവർ എതിർത്തു. ഇത് എന്തുകൊണ്ടാണ്? ഭക്തിയില്ലാത്തവർ, ഭക്തിയുള്ളവരെക്കാൾ കൂടുതൽ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ടാണ്. 
എന്നാൽ സ്വന്തം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലെങ്കിലും അന്യമതസ്ഥകൾക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്.
അവരാണ് കന്യാസ്ത്രീ സമരത്തെ അനുകൂലിക്കുകയും ശബരിമലയിൽ സഹോദരിമാരെ തടയാൻ അണിനിരക്കുകയും ചെയ്തത്. രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ഭക്തി അർഥശൂന്യമെന്ന് അറിയാമെങ്കിലും അവിടെയുള്ള ജീവിതത്തെ കാണാതിരിക്കാൻ കഴിയുന്നില്ല. ദൈവങ്ങൾക്കിടയിൽ ജന്മിമാരും പാവങ്ങൾക്കിടയിൽ ദൈവങ്ങളും ഉണ്ടെന്നു വയലാർ ഒരു സിനിമാപ്പാട്ടിൽ സിദ്ധാന്തിക്കുന്നുണ്ട്. ആലുവാപ്പുഴയ്ക്ക് അക്കരെയുള്ള ഒരു അമ്പലം പൊന്നമ്പലം. ഇക്കരെയുള്ള ദരിദ്രകൃഷ്ണന് കല്ലമ്പലം. അക്കരെ കൃഷ്ണന് നൃത്തമാടാൻ ആയിരം ഗോപികമാർ. ഇക്കരെ കൃഷ്ണന് ചന്ദനം ചാർത്താൻ എല്ലുപോലെ ഒരു എമ്പ്രാന്തിരി. ഇത്തരം ചിത്രീകരണങ്ങ­ൾക്ക് ശേഷമാണ്, ദൈവങ്ങൾക്കിടയിലും ജന്മികൾ, പാവങ്ങൾക്കിടയിലും ദൈവങ്ങൾ എന്ന് വയലാർ എഴുതുന്നത്. ഭക്തി അന്ധവിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴും ആ മേഖലയിലെ ജീവിതവേദനകൾ കാണാതിരുന്നുകൂടാ. ഇഐഎസ് തിലകന്റെ അഞ്ജനം എന്ന കവിത മുഖപുസ്തകത്തിൽ ചേർക്കാനായി വായിച്ചപ്പോഴാണ് ഈ ചിന്തകൾ ഉണ്ടായത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിക്കുകയും ആ പ്രത്യയശാസ്ത്രത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന കവിയാണ് തിലകൻ. അമ്പതു വർഷത്തിലധികമായി അദ്ദേഹം മുംബൈ നഗരത്തിൽ ജീവിക്കുന്നു. അഞ്ജനം എന്ന കവിത ഒരു ക്ഷേത്രം അഗ്നിക്ക് ഇരയാവുന്നതിനെ കുറിച്ചാണ്. ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവനെയും ഗുരുവായൂർ അമ്പലം കത്തിയപ്പോൾ തീയണയ്ക്കാൻ ഓടിയെത്തിയവരിൽ ഉണ്ടായിരുന്ന അഹിന്ദുവായ എ വി ജോസിനെയും ഒക്കെ ഈ കവിത ഓർമ്മയിൽ കൊണ്ടുവരും. ഊട്ടുപുരയിൽ മനുഷ്യർക്ക് തിന്നേണ്ട ആഹാരമാണ് ആദ്യം തീ തിന്നുന്നത്. ആക്രാന്തം തീരാതെ ചുറ്റമ്പലത്തിലേക്ക് കയറി. ശ്രീകോവിലിലേക്ക് കയറാൻ അഗ്നിദേവനു ധൈര്യം വരില്ലെന്നു മേൽശാന്തി ആണയിട്ടു.
അഗ്നിക്ക് ധൈര്യം വന്നു. ശ്രീകോവിലിനു തീപിടിച്ചു. മേൽശാന്തി, അഞ്ജനശിലയിലുള്ള വിഗ്രഹം ഇളക്കിയെടുത്ത് വീട്ടിലേക്കു നടന്നു. ദൈവത്തെ രക്ഷിക്കാനാണോ ഇങ്ങനെ ചെയ്തത്? കവി പറയുന്നത്, അമിത ചൂടിൽ അഞ്ജനവിഗ്രഹം ഉരുകിപ്പോയാൽ മേൽശാന്തിയുടെയും മറ്റു പല പാവങ്ങളുടെയും കഞ്ഞികുടി മുട്ടും എന്നാണ്. 
അതെ, രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ദൈവത്തെക്കാൾ പ്രധാനം ശാന്തിക്കാരന്റെയും മറ്റു പാവങ്ങളുടെയും വിശപ്പാണ്. ദൈവത്തിന്റെ അപ്രസക്തി ചൂണ്ടിക്കാണിക്കുമ്പോഴും വിശപ്പ് മറക്കാൻ കഴിയില്ല. അത് അടയാളപ്പെടുത്താതെ വയ്യ.

Sunday 1 December 2019

മാമ്പഴക്കവി എവിടെയാണ്?



1975 ലെ ഒരു മധ്യാഹ്നം.
തൃശ്ശിവപേരൂരിൽ ബസ്സിറങ്ങുമ്പോൾ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളൂ. ഹൃദയത്തിൽ മുനവച്ചുനിന്ന ഒറ്റ ആഗ്രഹം. മാമ്പഴക്കവിയെ കാണണം. വെറുതെ കുറച്ചുനേരം കണ്ടു കൊണ്ടിരിക്കണം. കാലത്തിന്റെ കൈതവം കണ്ടു കണ്ണുനീർത്തടാകമായ എന്റെ കണ്ണുകൾ കൊണ്ടു നാരുനാരായ് നരച്ച തലമുടിക്കാരനെ കാണണം. ഹൃദയത്തിൽ വിരൽതൊട്ടു കവിത വിളയിച്ച മഹാകവിയോട് ഒന്നും പറയാനില്ല. കേട്ടിരിക്കാനേയുള്ളൂ.
പൂരപ്പറമ്പ് പകുതിചുറ്റി. എന്നെപ്പോലെയുള്ള യുവ കവികൾക്ക് അന്യംനിന്നുപോയ തറവാടായ സാഹിത്യഅക്കാദമിയുടെ മുന്നിലൂടെ ഇടത്തോട്ട്. ഇനി ചോദിക്കാം മലയാളമെങ്ങും നിറഞ്ഞു നിൽക്കുന്ന കവിയുടെ ആശ്രമം കൈചൂണ്ടിത്തരാൻ ആയിരം വിരലുകൾ ഉണ്ടായിരിക്കും .കറുകയും തെങ്ങോലയും കാണിച്ചുതരുന്നത് സഹ്യന്റെ മകൻ ഗംഭീരമൗനം നിറഞ്ഞുനിൽക്കുന്ന വനഗേഹം ആയിരിക്കാം.
"വൈലോപ്പിള്ളിയുടെ വീടേതാണ് ?"
"ആരുടെ വീട് ?"
"മഹാകവി വൈലോപ്പിള്ളിയുടെ വീട്?"
" അറീല്ല്യ. ഇവിടെയെങ്ങും അല്ല."
ഞെട്ടിപ്പോയി. ഇവിടെയെവിടെയോ ആണല്ലോ .
അടുത്ത ആളിനോട് ചോദിച്ചു.
" കുറി നടത്തുന്ന മെലിഞ്ഞ ഒരാളാണോ?"
എനിക്ക് നാവിൻ തുമ്പത്തൊരു തെറിപ്പു തുറിച്ചു വന്നു.
" ഇടതുവശത്തെ ഇറയത്തിരുന്ന് പുസ്തകം വായിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു. ആ കുട്ടി അവിടെ നിന്നും അകത്തേക്ക് ഓടിപ്പോയി. ഒരു മധ്യവയസ്കൻ പ്രത്യക്ഷപ്പെട്ടു.
" നിങ്ങൾ എവിടെ നിന്നാണ്?"
" കൊല്ലത്തുനിന്ന് "
"എന്താ കാര്യം?"
"കവിതയെഴുതുന്ന വൈലോപ്പിള്ളി മാഷെ അന്വേഷിച്ചു വന്നതാണ്."
മധ്യവയസ്കൻ കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു:
"ഇവിടെന്തായാലും അങ്ങനെയൊരാളില്ല."
എനിക്ക് പൊട്ടിത്തെറിക്കാൻ തോന്നി .കാക്കകളേ, കയ്പവല്ലരികളേ നമ്മുടെ പ്രിയകവി താമസിക്കുന്നത് എവിടെയാണ് എന്ന് അലറിച്ചോദിക്കാൻ തോന്നി.
ഇനിയെന്തു ചെയ്യും? അക്കാദമിയിലേക്ക് തിരിച്ചുനടന്നു .ആരോടോ ചോദിച്ചു മനസ്സിലാക്കി. പിന്നെയും നടന്നു. എനിക്ക് വഴികാട്ടിത്തരാൻ അറിയാത്ത ആളുകളുടെ ഇടയിലൂടെ അവരുടെ വീടിനടുത്തുള്ള കവിഭവനം ഞാൻ ഒറ്റയ്ക്ക് കണ്ടുപിടിച്ചു.
മഞ്ഞിൽ നനഞ്ഞ പവിഴമുല്ലപ്പൂക്കളൂം മടങ്ങിക്കിടക്കുന്ന പത്രവും. വീട് പുറത്തുനിന്ന് പൂട്ടിയിരുന്നു. കവി യാത്രയിലാണ്.
നൈരാശ്യത്തിന്റെ പതാകയും പിടിച്ച് ഞാൻ തിരിച്ചുപോന്നു.
വർഷങ്ങൾക്കുശേഷം ഒരു കൂട്ടുകാരനോടൊപ്പം ഞാൻ അവിടെയെത്തി. വാതിലിൽ മുട്ടി .
"ആരാ ?"
"ഞങ്ങളാ .കൊല്ലത്തുനിന്നാ"
"എന്താ കാര്യം?"
"കവിയെ കാണാനാ?"
" കവിയെ കാണാൻ കൊല്ലത്തുനിന്നോ?"
വാതിൽ തുറക്കപ്പെട്ടു.
സാക്ഷാൽ വൈലോപ്പിള്ളി ശ്രീധരമേനോൻ .എല്ലാ അമ്മമാരെയും മാമ്പഴം പഠിപ്പിച്ച കണ്ണീർപ്പാടത്തിന്റെ ജന്മി. തലയിൽ വെളിച്ചം ചൂടി വരുന്ന തലമുറയ്ക്ക് താലോലം
ആദരവ് കൊണ്ടും ആഹ്ലാദം കൊണ്ടും തളർന്നുവീഴാതിരിക്കാൻ ഞാന് അഷ്ടമുടിക്കായലിന്റെ കല്ലൊതുക്കുകളിൽ പിടിച്ചുനിന്നു.
കവിയുടെ തോരാത്ത ശൈശവവാക്കുകൾ. കാപ്പിയിടാന് കവി വെള്ളം തിളപ്പിച്ചു. തിളച്ചവെള്ളത്തിൽ കാപ്പിപ്പൊടിയും ചായപ്പൊടിയും ഒന്നിച്ച് തെറ്റിച്ചിട്ടു .ഞങ്ങളെ സൽക്കരിച്ചു .
ഞാനവിടെയിരുന്ന് എന്നെ അഗ്നിക്കിരയാക്കിയ 'കൊറിയയിൽ സിയൂളില്' ചൊല്ലി .അഗ്നിശിഖ പോലെ നീണ്ടുതെളിഞ്ഞ കൊറിയയിലെ പ്രണയ ദേവത .കടലിലും കൊള്ളാത്ത കണ്ണുനീര്. ചെറിപ്പൂള്വിലൊതുങ്ങുന്ന ചിരി നിസ്തബ്ധ നിമിഷം. അലറുന്ന കുഞ്ഞിനെ ചെന്നേറ്റെടുക്കുന്ന കവി.
എൻറെ രണ്ടു കണ്ണുകളും നിറഞ്ഞു .തൊഴുതു നിന്നു.
പുറത്തൊരു വാഹനം. ഒളപ്പമണ്ണയും അക്കിത്തവും അതാ ഇറങ്ങുന്നു .
'ഈ കവിത പ്രസിദ്ധീകരിച്ച കാലത്ത് പി ഭാസ്കരൻ നല്ല അഭിപ്രായം പറഞ്ഞിരുന്നു .പിന്നെ ഞാൻ ഇപ്പോഴാണ് ഈ കവിതയെക്കുറിച്ച് പറഞ്ഞു കേൾക്കുന്നത്.'
നിറഞ്ഞ ഹൃദയവുമായി ഞാൻ പൂരപ്പറമ്പിലേക്ക് നടന്നു. ഞാനന്ന് ആരോടും ഒന്നും മിണ്ടിയില്ല. എൻറെ മനസ്സു നിറയെ കൊന്നപ്പൂക്കൾ ആയിരുന്നു.
(മലയാളനാട് വാരിക-1995)

Wednesday 27 November 2019

മക്കളെ മനുഷ്യരായി വളര്‍ത്തിയാലെന്താ?


മത പ്രസംഗ വേദികളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പല്ലവിയാണ് മക്കളെ മതബോധം ഉള്ളവരായി വളര്‍ത്തണമെന്നത്. കേരളത്തില്‍ പ്രചാരത്തിലുള്ള മൂന്നു മതക്കാര്‍ക്കും ഇതില്‍ അഭിപ്രായവ്യത്യാസമില്ല.

ഏതുമതം എന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസം ഇല്ല.അവരവരുടെ മതം. ഒരു കുട്ടി,ഏതു മതവിശ്വാസികളുടെ കുഞ്ഞായിട്ടാണോ ജനിക്കുന്നത്, ആ മതബോധത്തില്‍ വളര്‍ത്തണം.

മതം മാറണമെന്നു തോന്നിയാലോ? അതിനെ എല്ലാമതക്കാരും സ്വാഗതം ചെയ്യുന്നുമുണ്ട്. അപ്പോള്‍ തെരഞ്ഞെടുക്കേണ്ട മതം ഏതാണ്? ഇസ്ലാം മതത്തില്‍ ജനിച്ച ഒരാള്‍ ഹിന്ദുമതം സ്വീകരിച്ചാല്‍ ഹിന്ദുമതക്കാര്‍ക്ക് ഇഷ്ടവും ഇസ്ലാം മതക്കാര്‍ക്ക് അനിഷ്ടവുമാണ്. ക്രിസ്തുമതത്തില്‍ പെട്ട ഒരാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ ക്രിസ്തുമതക്കാര്‍ക്ക് അനിഷ്ടവും ഇസ്ലാം മതക്കാര്‍ക്ക് ഇഷ്ടവുമാണ്. 

സ്നേഹത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മതങ്ങള്‍ മതാതീത വിവാഹങ്ങളെയോ പ്രണയത്തെയൊ അംഗീകരിക്കുന്നുമില്ല. അപ്പോള്‍ മതത്തിന്റെ നിഘണ്ടുവില്‍ സ്നേഹത്തിന്‍റെ അര്‍ത്ഥം എന്താണ്? അവരവരുടെ മതം എന്നത് മാത്രമാണ്. 

ദൈവത്തെ കുറിച്ചും ഇതേ കാഴ്ചപ്പാടാണ് മതങ്ങള്‍ക്ക് ഉള്ളത്. അവരവരുടെ മതമാണ്‌ ശരി. നാരായണഗുരുവിന്റെ മിക്ക സൂക്തങ്ങളും ശരിയെന്നു സമ്മതിക്കുന്ന മതങ്ങള്‍, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന കാഴ്ചപ്പാട് അംഗീകരിക്കുകയില്ല. അവരവരുടെ മതത്തില്‍ കൂടിമാത്രമേ നന്നാവൂ.അതുകൊണ്ടാണ്, ആളുകൊള്ളാം എങ്കിലും ഗാന്ധിക്ക് മതങ്ങള്‍  നരകം അലോട്ട് ചെയ്തിട്ടുള്ളത്.

അവരവരുടെ മത ഗ്രന്ഥങ്ങളില്‍ എല്ലാം ഉള്ളതിനാല്‍ മറ്റൊരു ഗ്രന്ഥവും വായിക്കരുതെന്നു നിര്‍ബ്ബന്ധിക്കുന്നവര്‍ പോലുമുണ്ട്.
മനുഷ്യന്റെ വായനാസക്തിക്ക് മതങ്ങള്‍ വിലങ്ങു വയ്ക്കുന്നു.
ശാസ്ത്ര ഗ്രന്ഥങ്ങള്‍ മതബോധനത്തിന് പുറത്താണ്. മതഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കാനുള്ള അച്ചടിവിദ്യ പോലും ശാസ്ത്രത്തിന്‍റെ സംഭാവനയാണെന്ന കാര്യം അവര്‍ ബോധപൂര്‍വം മറക്കുന്നു.

മതബോധം കുത്തിവച്ചു വളര്‍ത്തപ്പെടുന്ന ഒരു കുട്ടി, മതമൌലികവാദത്തിലേക്ക് എത്തപ്പെടും. മത തീവ്രവാദത്തിന്റെ മണ്ണ് അതാണ്‌. സൂക്ഷിച്ചില്ലെങ്കില്‍ അതിവേഗം മതതീവ്രവാദത്തില്‍ എത്താം.ഏതു മതതീവ്രവാദവും മനുഷ്യനും സമാധാനത്തിനും എതിരാണ്.സ്വര്‍ഗ്ഗപ്രാപ്തി എന്ന മൂഢവിശ്വാസത്തിനു അടിമയാകുന്ന തീവ്രവാദി, കൊല്ലാനും കൊല്ലപ്പെടാനും മടിക്കില്ല.

അവിശ്വാസിയെ കൊല്ലുന്നതിനു കാരണമായി തീവ്രവാദികള്‍ പറയുന്നത് അവിശ്വാസികള്‍ മദ്യപാനികളും സ്ത്രീതല്‍പ്പരരും ആണ് എന്നൊക്കെയാണല്ലോ. കൊല്ലുന്ന തീവ്രവാദിക്ക് സ്വര്‍ഗ്ഗം ഉറപ്പ്. അവിടെ എന്തുണ്ട്? ഇഷ്ടം പോലെ മദ്യവും സുന്ദരിമാരും. ഇതില്‍പ്പരം ഫലിതം വേറെന്തുണ്ട്‌!

ഭാരതത്തില്‍ ഒരു കുട്ടിയെ മതരഹിതമനുഷ്യനായി വളര്‍ത്തുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.രേഖകളില്‍ ജാതിയും മതവും വേണമെന്ന് ഒരു നിര്‍ബ്ബന്ധവും ഇല്ല. രക്ഷാകര്‍ത്താക്കളുടെ മനസ്സു മാത്രമാണ് പ്രശ്നം.

കേരളത്തിലെ പല സമുന്നത രാഷ്ട്രീയ നേതാക്കളും സാഹിത്യപ്രവര്‍ത്തകരും അധ്യാപകരും തൊഴിലാളികളും ഒക്കെ കുഞ്ഞുങ്ങളെ മനുഷ്യരായി വളര്‍ത്തുന്നുണ്ട്. അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കുന്നു. ഇതില്‍ വിവിധ മതവിദ്യാഭ്യാസം പോലുമുണ്ട്.ഏകമത വിദ്യാഭ്യാസത്തിന്റെ ഇടുങ്ങിയ കള്ളികള്‍ക്ക് ഈ കുഞ്ഞുങ്ങളുടെ വിശാല വിദ്യാഭ്യാസം വഴങ്ങുന്നതല്ല.

ഈ കുട്ടികള്‍ ഒരിക്കലും  ഒരു മതതീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യപ്പെടില്ല. ഈ കുട്ടികള്‍ ഒരിക്കലും സമത്വം ആഗ്രഹിക്കുന്ന സ്ത്രീയെ കുരുമുളക് പൊടി സ്പ്രേ ചെയ്യില്ല.. കര്‍ത്താവു പോലും  ഇടപെടാത്ത പള്ളിവസ്തു തര്‍ക്കത്തില്‍ ഇടപെട്ടു ഗതാഗത തടസ്സം ഉണ്ടാക്കില്ല.അവര്‍ ഉത്തമ ഇന്ത്യന്‍ പൌരരായി വളരുകതന്നെ ചെയ്യും.

നമുക്ക് ആ വഴിക്കൊന്നു ആലോചിച്ചാലെന്താ?

Saturday 16 November 2019

മനുഷ്യരാണ് നമ്മളേവരും

മനുഷ്യരാണ് നമ്മളേവരും
മനുഷ്യരക്തമാണ് സിരകളില്‍ 
മനുഷ്യരായ് കഴിഞ്ഞു കൂടുവാന്‍ 
മതവിമുക്ത രമ്യകേരളം.

ജാതികള്‍ മതങ്ങളൊക്കെയും
സ്നേഹരഹിത നീചരീതികള്‍
സ്നേഹമാരിയേറ്റുനില്‍ക്കുവാന്‍ 
മതവിമുക്ത ധന്യകേരളം 

യത്നമാണ് ജീവനം ധനം 
ഏതു യത്നവും മഹത്തരം 
നന്മയാണ് മുദ്രവാചകം 
 മതവിമുക്ത നവ്യകേരളം 

കേരളം കേരളം 

Thursday 14 November 2019

ചിന്താവിഷ്ടയായ സീതയും ആയിഷയും


നൂറു വയസായ ചിന്താവിഷ്ടയായ സീതയും വയലാറിന്റെ അറുപത്തഞ്ചു വയസായ ആയിഷയും വർത്തമാനകാലത്തെ കലുഷാന്തരീക്ഷത്തിൽ വീണ്ടും വായിക്കേണ്ട കൃതികളാണ്. ഈ രണ്ടുകൃതികളും തമ്മിലുള്ള ചില ആശ്ലേഷങ്ങളും കുതറിമാറലുകളും പ്രത്യേക പഠനം അർഹിക്കുന്നുണ്ട്.
ആശ്ലേഷങ്ങളിൽ പ്രധാനം രണ്ടുകൃതികളും പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ കുറിച്ചുള്ളതാണ് എന്നതാണ്. സീതയുടെ സൃഷ്ടാവായ വാല്മീകിയും ആയിഷയുടെ കവിയും രണ്ടു കവിതകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ സംരക്ഷിക്കുന്ന മ­ഹാകവിയാണ് വാല്മീകി. ദുരന്തനായികയായ ആയിഷയോടൊപ്പം നിൽക്കുന്ന കവിയാണ് വ­യലാർ. രണ്ടുകൃതികളും കരുണയില്ലാതെ പെ­രുമാറിയ ഭർത്താക്കന്മാരെ പ്രതിക്കൂട്ടിൽ നിറുത്തുന്നുണ്ട്. ആശാന്റെ സീത ഒരു വ്യവസ്ഥാപി­ത കുലസ്ത്രീക്ക് ഇണങ്ങുന്ന മട്ടിൽ രാമനെ ബഹുമാനപൂർവ്വം വിമർശിക്കുകയാണെങ്കിൽ ആയിഷ, ഭർത്താവിനെ കുത്തിക്കൊല്ലുകയാണ്.സീതയും ആയിഷയും പെറ്റമ്മയുടെ വാത്സല്യം നുകരാൻ കഴിയാതെ വളർന്നവരുമാണ്.
വർത്തമാനകാലത്തുപോലും രാമനെ മാതൃകാരാജാവായി ഉയർത്തിക്കാട്ടുന്നുണ്ട്. അതിനു തെളിവായി രാമരാജഭക്തർ പറയുന്നത്, സീതയെ കാട്ടിൽ ഉപേക്ഷിച്ച കാര്യം തന്നെയാണ്. പ്രജകളുടെ അഭിപ്രായത്തെ മാനിക്കുന്ന ഭരണാധികാരി ആയിരുന്നത് കൊണ്ടാണ് സ്വന്തം ഭാര്യയെ പ്രജകളുടെ അഭിപ്രായം മാനിച്ചു വന്യമൃഗങ്ങൾക്ക് തിന്നാനെറിഞ്ഞുകൊടുത്തത്. സീത ആ ഭൂതകാലത്തിരുന്നുകൊണ്ട് ഈ വർത്തമാനകാല വകതിരിവില്ലായ്മയെ തിരുത്തുന്നുണ്ട്. കാട്ടിലേക്ക് പോകാനിറങ്ങിയ രാമനെയും സീതയേയും ലക്ഷ്മണനെയും പ്രജകൾ പിന്തുടരുന്നുണ്ടല്ലോ. പോകരുതെയെന്നു പ്രജകൾ കേണപേക്ഷിക്കുന്നുണ്ട്. പ്രജകളുടെ ആ അപേക്ഷ നിരസിച്ചുകൊണ്ടാണ് രാമൻ കാടുകയറുന്നത്. വൃദ്ധനായ ദശരഥമഹാ­രാജാവിന്റെ കാര്യപ്രാപ്തിയുള്ള പുത്രൻ പ്രജകളുടെ അഭ്യർത്ഥന മാനിച്ചതെയില്ല. അയോധ്യ ഭരിച്ചത് ചെരിപ്പുകൾ ആയിരുന്നു. മാത്രമല്ല പ്രജകൾ പറയുന്നതിലെ ശരിതെറ്റുകൾ അറിഞ്ഞൊരു തീരുമാനമെടുക്കാൻ രാമൻ പരാജയപ്പെട്ടു.
നാട്ടുവർത്തമാനങ്ങൾ കേട്ടു ഭാര്യയെ ഉപേക്ഷിച്ചതുമൂലം നാട്ടുകാരിൽ ചിലർ സീതയിൽ ആരോപിച്ച കളങ്കം ശരിയാണെന്നു വരുത്തിത്തീർക്കുക കൂടി ചെയ്തു ഈ മാതൃകാ പുരുഷൻ. രാമൻ പല സന്ദർഭങ്ങളിലായി ചെയ്ത കൊടും പാതകങ്ങളെയും സീത ഓർമ്മിക്കുന്നുണ്ട്. അതിൽ പ്രധാനം ശംബൂകനെന്ന കീഴാളമുനിയെ കൊന്നതാണ്. കീഴാളരോടും സ്ത്രീകളോടും ഒരുപോലെ നിന്ദ ചെയ്യുന്ന ആളായി അധപ്പതിച്ചല്ലോ രാമൻ എന്ന ചിന്തയും സീത പങ്കിടുന്നു. ഒരു കവി, സ്വന്തം കവിതാപാത്രങ്ങളെ കൊണ്ട് പറയിപ്പിക്കുന്നത് പലപ്പോഴും കവിക്ക് പറയാനുള്ള അഭിപ്രായം. കീഴാളരോടും സ്ത്രീകളോടും ഒരു ഭരണകൂടവും മോശമായി പെരുമാറരുത് എന്ന സ്വന്തം അഭിപ്രായം മഹാകവി സീതയെക്കൊണ്ടും ആലോചിപ്പിക്കുന്നുണ്ട്. ചിന്താവിഷ്ടയായ സീതയിൽ, എല്ലാ വിമർശനങ്ങളും ചിന്തിക്കുമ്പോഴും വളരെ ബഹുമാനവും വിധേയത്വവും സീത പുലർത്തുന്നുണ്ട്. അന്നത്തെ കുലസ്ത്രീ സങ്കൽപ്പത്തിന് നിരക്കുന്ന വിധത്തിലാണ് കൃതി രചിച്ചിട്ടുള്ളത്.
രാമൻ ദൈവത്തിന്റെ അവതാരമാണ്. രാജാവും ഭർത്താവുമാണ്. ഇതെല്ലാം ഓർമ്മിച്ചുകൊണ്ടാണ് സീത രാമവിചാരണ നടത്തുന്നത്. വിയോജിപ്പിന്റെ പാരമ്യതയായി കണക്കാക്കാവുന്നത് സീതയുടെ വിയോഗമാണ്. അവിശ്വസിക്കുകയും മാനസികമായും ശാരീരികമായും മുറിവേൽപ്പിക്കുകയും ചെയ്ത ആളോടൊപ്പം ഇനിയുമൊരു ജീവിതം വേണ്ടെന്നു തന്നെ സീത തീരുമാനിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ദുഃഖപാത്രമാണ് സീത. വാല്മീകിയും ആശാനും എല്ലാ കാലത്തെയും കവികളോടു ചെയ്യുന്ന ആ­ഹ്വാനം തിരസ്കൃതയായ സ്ത്രീയോടൊപ്പം നിൽക്കണമെന്നും ഒന്നിച്ചുള്ള ജീവിതംപോലും വേണ്ടിവന്നാൽ നിരസിച്ച് ഏറ്റവും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ സ്ത്രീകവിതാ പാത്രത്തെ സജ്ജമാക്കണമെന്നുമാണ്.
നിഷ്ക്കളങ്കയായ ഒരു ബാലികയായിരുന്നു സീതയെ പോലെ ആയിഷ. അവളുടെ പിതാവ് ആയിഷയെ ഒരു സമ്പന്നനു വിറ്റു. ഇറച്ചിവെട്ടുകാരനായ അദ്രമാന്റെ നിസഹായത ശ്രദ്ധേയമാണ്. ആയിഷയെ ആസ്വദിച്ച ഭർത്താവ്, മറ്റു ഭാര്യമാരോട് പെരുമാറിയതുപോലെ അവളെയും മൊഴി ചൊല്ലി.
അക്ഷരാർത്ഥത്തിൽ ആ­യിഷ തെരുവാധാരമായി. തെരുവിലെ ലൈംഗിക തൊഴിലാളികളാണ് അവളെ ഏറ്റെടുക്കുന്നത്. അവൾക്കു പിറന്ന ചോരക്കുഞ്ഞിനെ അവർ എറിഞ്ഞു കളഞ്ഞു. പട്ടികൾ കടിച്ചു പറിച്ച നിലയിൽ ആയിഷയുടെ കുഞ്ഞിന്റെ മൃതദേഹം കിട്ടി. ആയിഷ ജയിലിലായി. തടവറ വിട്ടുവരുമ്പോൾ അവൾ വീണ്ടും ഗർഭിണിയായിരുന്നു. ആ കുഞ്ഞിനെ അവൾ കൊന്നില്ല. റഹീം എന്നുപേരിട്ടു വിളിച്ചു. അവൻ ആയിഷയുമ്മാടെ പൊന്നുമോനായി പാട്ടും പാടി തെരുവിൽ തെണ്ടി വളർന്നു. ആയിഷയെ മൊഴിചൊല്ലിയ ഭർത്താവ് ഒരിക്കൽ അവളുടെ കൂരയിലെത്തി. സ്ത്രീലമ്പടനായ അയാൾ നഗരത്തിലെ ഏതെങ്കിലും വേശ്യയെ തേടിവന്നതായിരുന്നു. ആയിഷയെ തിരിച്ചറിഞ്ഞപ്പോൾ കൊല്ലാൻ ശ്രമിച്ചു. ആയിഷ അയാളെ കുത്തിക്കൊന്നു.
അഭിസാരികകളെ കൊണ്ടാടിയ ഒരു ഭൂതകാലം മലയാളകവിതയ്ക്ക് ഉണ്ട്. അച്ചീചരിതങ്ങളും മേദിനീവെണ്ണിലാവിന്റെ ചന്ദ്രോത്സവവും എല്ലാം ബഹുമാന്യകളായ അഭിസാരികകളെ ആഘോഷിച്ച കൃതികളാണ്.
കവിതയി­ൽ, തെ­രുവിലെ ലൈംഗിക തൊഴിലാളികളോടൊപ്പം നിൽക്കുകയും അവരുടെ കണ്ണീരിൽ കു­തിർന്ന ജീവിതം പകർത്തുകയും ചെയ്തത് വയലാറാണ്. ആയിഷ എന്ന കൃതിയിലൂടെ.
ഒരു തെരുവു ലൈംഗികത്തൊഴിലാളി എങ്ങനെയുണ്ടാകുന്നു? നളിനി ജമീലയുടെ ജീവിതകഥ നമ്മുടെ മുന്നിലുണ്ട്. ആയിഷയിൽ മതം അനുശാസിക്കുന്ന സ്ത്രീ വിരുദ്ധതയാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടാൻ കാരണമാകുന്നത്. ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തികമായ പിന്നാക്കാവസ്ഥയും വിദ്യാരാഹിത്യവും മറ്റൊരു കാരണം. ആയിഷ വേശ്യാവൃത്തി സ്വീകരിക്കാതെ ഭിക്ഷാടനത്തിന് ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. കൈ നീട്ടിയാൽ കാലണ കിട്ടില്ല എന്നാൽ ക­ട­ക്കണ്ണ് അനക്കിയാൽ നാലണ കിട്ടും. ഈ സാ­മൂഹ്യാവസ്ഥയാണ് ആയിഷയെ വിശപ്പ് മാറ്റുവാനായി ലൈഗികതൊഴിലിലേക്ക് തള്ളിയിടുന്നത്. ഈ മാരകമായ സാമൂഹ്യാവസ്ഥ വയലാർ വെളിച്ചത്തു കൊണ്ടുവരുന്നു. റഹീം പാടുന്ന മാപ്പിളപ്പാട്ടിന് ഗംഭീരമായ ഒരു അർത്ഥമുണ്ട്. അമ്പിളിപ്പെണ്ണിനെ മൊത്തുവാൻ മാനത്ത് പൊൻപണം തൂകിയോരെ, നിങ്ങടെ കൊമ്പൻ തലപ്പാവു തട്ടിക്കളയുന്ന ചെമ്പൻ പുലരി കണ്ടാ എന്നാണു റഹീമിന്റെ പാട്ട്.
തെരുവുജീവിതങ്ങളിൽ സ്വപ്നങ്ങൾ വിതച്ച ഒരു പ്രത്യയശാസ്ത്രത്തിൻറെ സാന്നിദ്ധ്യം റഹീമിന്റെ പാട്ടിലുണ്ട്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആയിഷ പിതാവിനെ കാണാൻ പോകുന്നുണ്ട്. പക്ഷെ അദ്രമാൻ പന്നിമാംസം വിൽക്കാനുണ്ടോ എന്ന് ചോദിച്ച ഒരാളെ കത്തിയുമായി നേരിട്ടു. കവി പറയുന്നത്, രക്തമാംസങ്ങൾക്കുള്ളിൽ ക്രൂരമാം മതത്തിന്റെ ചിത്തരോഗാണുക്കളുമായവർ തമ്മി­ൽ തല്ലി എന്നാണ്. അദ്രമാൻ ജയിലിലായി. ആയിഷ, പിതാവിന്റെ കട നിന്നേടത്ത് ഒരു ഓയിൽമില്ല് അഹങ്കരിച്ച് അലറുന്നത് കേട്ടു. അങ്ങനെയൊരു അഭയം ഇനിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവൾക്കു തെരുവു മാത്രമായി ശരണം. ഇങ്ങനെ നിരവധി അഭയരാഹിത്യങ്ങളാണ് ഒരു സ്ത്രീയെ തെരുവിൽ എത്തിക്കുന്നത്. ഈ ദുരവസ്ഥ വയലാർ വ്യക്തമാക്കുന്നുണ്ട്.
ആയിഷ നൽകുന്ന സന്ദേശം സ്ത്രീ വിമോചനമാണ്. സ്ത്രീയുടെ രക്ഷാമാർഗം. സീത തേടിയതും പുരുഷാധിപത്യത്തിന് അതീതമായ ര­ക്ഷാമാർഗമാണ്

Friday 8 November 2019

കപ്പലിലെ മജിഷ്യൻ



കണ്ണുപുളിപ്പിക്കുന്ന
വെള്ളിവെളിച്ചത്തിൽ
വാനരവാൽ തലപ്പാവും
ധരിച്ചുവന്ന്
ആമുഖ വാചകമേള

സദസ്യരുടെ കണ്ണുകെട്ടി
കൈകൈട്ടി
ഓരോകൈയ്യും നിവർത്തൂ
ഓരോലക്ഷം രൂപ
കൈയ്യിലിരുന്നു ചിരിക്കും

നോട്ട് ചീട്ടാക്കി
ചീട്ട് നോട്ടാക്കി
നോട്ടുകൾ വിമാനടിക്കറ്റാക്കി

ഇതിനിടെ
എല്ലാ സദസ്യരുടേയും
പോക്കറ്റടിച്ചു
കപ്പലും കാണാതായി. 
മാജിക്ക്..... മാജിക്ക്

Wednesday 6 November 2019

ഒരാൾ


മനസ്സിൽനിന്നൊരാ-
ളിറങ്ങിയങ്ങനെ
ഇരുട്ടിലേയ്ക്കതാ
നടന്നുപോകുന്നു

ഇടംകൈയ്യിൽ കുറേ
ചുവന്നപൂക്കളും
വലംകൈയിൽ ആണി-
പ്പഴുതിൽ കോർത്തിട്ട
പരുന്തിൻ തൂവലും
പകൽക്കിനാവിന്റെ
ശവസ്മരണയും
പതഞ്ഞുപൊങ്ങുന്ന
കറുത്ത ദു:ഖവും
കിനിഞ്ഞ ഞാറ്റുപാ-
ട്ടൊഴിഞ്ഞ നെഞ്ചുമായ്
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

അടുത്തിരുന്നിനി
കുടവും വീണയും
അലർച്ചയും ചേർത്തൊ-
രരങ്ങൊരുങ്ങുവാൻ
നിറഞ്ഞ കണ്ണിലൂ-
ടൊരു കിനാവിന്റെ
കസവുനൂലിഴ
കൊരുത്തെടുക്കുവാൻ
അവൻ വരില്ലിനി
അകന്നകന്നതാ
വരണ്ടകാറ്റുപോൽ
പിടഞ്ഞുപോകുന്നു
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

ഇരിക്കുവാനൊട്ടും
ഇടമില്ലാത്തവൻ
ഇണക്കിളിയുടെ
കരച്ചിൽ കേട്ടവൻ
പുറത്തു പേമഴ
തകർത്തുപെയ്തപ്പോൾ
അകത്തിരുന്നതു
നനഞ്ഞു തീർത്തവൻ
അടഞ്ഞവാതിലിൽ
മടങ്ങിവീഴുന്ന
ദിനവൃത്താന്തങ്ങൾ
കുടിച്ചുവെന്തവൻ
അകലെയാഴികൾ-
ക്കകലെയമ്മമാർ
കരഞ്ഞതു കേട്ടു
കരളുകത്തിയോൻ
മനസ്സിൽ നിന്നവൻ
ഇറങ്ങിപ്പോകുന്നു
ഇരുട്ടിലേക്കതാ
നടന്നുപോകുന്നു

Tuesday 29 October 2019

ദൈവങ്ങളുടെ പേരില്‍ വോട്ടു ചോദിച്ചാല്‍...


ആദരണീയനായ ശ്രീകുമാരന്‍ തമ്പി ആത്മകഥ എഴുതുകയാണ്.
ഇനിയൊരിക്കലും തിരിച്ചു വരരുതേയെന്ന് ആരും ആഗ്രഹിച്ചു
പോവുന്ന ഒരു ക്ഷുദ്രകാലത്ത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടിയാണ്
അദ്ദേഹത്തിന്റെ ബാല്യകാല ചിത്രീകരണത്തിലൂടെ അനാവൃതമാകുന്നത്.

ആത്മകഥയുടെ തുടക്കത്തില്‍, ഹരിപ്പാട്ടു നടന്ന ഒരു തെരഞ്ഞെടുപ്പിനെ
കുറിച്ച് പറയുന്നുണ്ട്. രാജഭരണകാലമാണ്. കണ്ട അണ്ടനും അടകോടനു.
മൊന്നും വോട്ടില്ല.സമ്മതിദാനാവകാശം അക്ഷരാര്‍ത്ഥത്തില്‍
വിലയേറിയതു തന്നെയാണ്. നികുതിയടയ്ക്കാന്‍ ത്രാണി
ഉള്ളവര്‍ക്ക് മാത്രമേ വോട്ടുണ്ടായിരുന്നുള്ളൂ. നികുതി അടയ്ക്കാനുള്ള
അര്‍ഹത ഭൂമിയുടെ ഉടമസ്ഥതയാണല്ലോ.

ശ്രീകുമാരന്‍ തമ്പിയുടെ തറവാട്ടു കാരണവര്‍ മത്സരിക്കുന്നുണ്ട്.
അദ്ദേഹത്തെ എതിര്‍ക്കുന്നത് മണ്ണാറശാല ക്ഷേത്രത്തിലെ
പൂജാരി. തമ്പുരാക്കന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
മണ്ണാറശാല, കേരളത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍
പ്രധാനപ്പെട്ടതാണല്ലോ. വോട്ടര്‍മാര്‍ അവിടത്തെ വിശ്വാസികളുമാണ്.
നാഗദൈവങ്ങളെ ഭയപ്പെട്ടിരുന്ന കാലം.

പൂജാരിയുടെ ആളുകള്‍ ഒരു ഗംഭീരപ്രചരണം അഴിച്ചുവിട്ടു.
പൂജാരിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നാഗകോപം വരും.
വോട്ടു ചെയ്യാത്തവരെ പാമ്പ് കടിക്കും. തെരഞ്ഞെടുപ്പു ഫലം
വന്നപ്പോള്‍ പൂജാരി തോറ്റു. പൂജാരിക്ക് വോട്ടു ചെയ്യാത്തതിന്റെ
പേരില്‍ ആരെയും പാമ്പു കടിച്ചതുമില്ല. പാമ്പുകള്‍
ഇങ്ങനെയൊരു പ്രചാരണം കണക്കാക്കിയതുമില്ല.

എതിര്‍പക്ഷം, തങ്ങള്‍ക്കു ഗരുഡാരാധനയുണ്ടെന്നും  ഒന്നും
സംഭവിക്കില്ലെന്നും പറഞ്ഞിരുന്നു. ഗരുഡന്‍ ആരാധകരെയല്ലേ
രക്ഷിക്കൂ. ഗരുഡാരാധനയില്ലാത്തവരും വോട്ടു ചെയ്തുകാണുമല്ലോ.
അവരെയും പാമ്പുകള്‍ വെറുതെവിട്ടു.

കേരളത്തില്‍ അക്കാലത്തുപോലും ദൈവങ്ങളെ മുന്‍നിര്‍ത്തി
വോട്ടുപിടിച്ചാല്‍ ജയിക്കില്ലായിരുന്നു. കേരളത്തില്‍ ഇക്കാലത്തും
ആ പരിപ്പ് വേവുകയില്ലെന്നു കഴിഞ്ഞു ഉപതെരഞ്ഞെടുപ്പുകള്‍
തെളിയിച്ചു.

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ ഭക്തിഗാനതിന്റെ
പാരഡികളാണ് തെരഞ്ഞെടുപ്പു ഗാനങ്ങളായി ഉപയോഗിച്ചത്.
കറുപ്പുടുത്തു പരമഭക്തന്റെ ഭക്തന്റെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി,
അക്രമികളെ അറസ്റ്റു ചെയ്തകൂട്ടത്തില്‍ പോലീസ് സ്റ്റേഷനിളും
പോയ ആളായിരുന്നു സ്ഥാനാര്‍ഥി. അയ്യപ്പന്‍റെ ഒരു കൃപാകടാക്ഷവും
അവര്‍ക്കുണ്ടായില്ല.

കോടതിവിധി ലംഘിച്ചുകൊണ്ട് ശബരിമലയില്‍ തുടരുന്ന
സ്ത്രീവിവേചനം, ആചാരത്തിന്റെ മറവില്‍ തുടരുകതന്നെ
വേണമെന്ന് മഞ്ചേശ്വരത്ത് വാദിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിയും
തോറ്റു. അയ്യപ്പന്‍, സ്ത്രീ വിവേചനം അവസാനിപ്പിക്കണം
എന്ന പക്ഷത്താണെന്നു കവിടിക്കാരെ സമീപിക്കതെതന്നെ
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭക്തജനങ്ങള്‍ക്ക്
കണക്കാക്കാവുന്നതാണ്.

തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയും
മതത്തെയും അതിന്‍റെ ഉല്‍പ്പന്നമായ അന്ധവിശ്വാസങ്ങളെയും
മാറ്റി നിര്‍ത്തേണ്ടതാണ്. ദേശസ്നേഹമുള്ള ഭരണകൂടം സ്വതന്ത്ര
ഭാരതത്തിന്റെ  ദേശീയപതാകയെ തിരിച്ചും മറിച്ചുമിട്ടു മറ്റൊരു
പതാകയുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയേയും  അനുവദിക്കരുത്.

ദേശീയ പുഷ്പം, ദേശീയ മൃഗം,ദേശീയ പക്ഷി തുടങ്ങിയവ
തെരഞ്ഞെടുപ്പു ചിഹ്നവും കൊടിയടയാളവും ആക്കുന്നതും
അനൗചിത്യമാണ്. തെരഞ്ഞെടുപ്പു കമ്മീഷനെങ്കിലും
ഇത്തരം മുതലെടുപ്പുകളെ പ്രോത്സാഹിപ്പിക്കരുത്.

അന്ധവിശ്വാസത്തെ മുതലെടുത്ത്‌ കമ്മ്യൂനിസ്റ്റ് സ്ഥാനാര്‍ഥിയെ
തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കുന്ന ഒരു കഥ വി.കെ.എന്‍.
എഴുതിയിട്ടുള്ളത് കമ്മ്യൂനിസ്റ്റ്കാരെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
ഒരു വിശേഷാല്‍പ്രതിയില്‍ വന്ന ആ കഥയുടെ പേര് വാവര്
എന്നായിരുന്നു.

പൂതലമണ്ണ്‍ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ്
ആലങ്ങാട്ട് മനയ്ക്കല്‍ അതിശര്‍ക്കരന്‍ നമ്പൂതിരിപ്പാട് .
മരക്കച്ചവടക്കാരന്‍ മായിന്‍കുട്ടി ഹാജി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.
പൂതലമണ്ണു കാവിലെ ദൈവം അയ്യപ്പന്‍. കാവിലെ വെളിച്ചപ്പാട്
കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ നായരുടെ സ്വാധീനത്തില്‍ പെട്ടു.
തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു പൂരം. വെളിച്ചപ്പാട് തുള്ളിയുറഞ്ഞു
വന്നു പറഞ്ഞു, ഇക്കുറി അയ്യപ്പനല്ല, വാവരാണ്  വോട്ടിനു നില്‍ക്കുന്നത്‌.
ഓരോ വോട്ടുദക്ഷിണയും വാവരുടെ പെട്ടീല്. മായീന്‍...ഹൂ...ഹാജീ...ഹൂ..
വാവര്.. വാവരുക്ക് ... വോട്ടുകൊടുത്തില്ലെങ്കില്.. ഹൂശ്... വിത്തു
വിതയ്ക്കും..ഞാന്‍...!! വിത്തു വിതയ്ക്കുമെന്നാല്‍ മസൂരിരോഗം
വരുത്തുമെന്ന് അര്‍ത്ഥം. പതിനേഴായിരം വോട്ടിനു അവിടെ
ഇടതുപക്ഷം തോറ്റു!!!

അതെ, അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയാണ്
ബോധവല്‍ക്കരണം വേണ്ടത്. അതുമായി സന്ധി ചെയ്‌താല്‍ അത്,
നവോത്ഥാനപരിശ്രമങ്ങളെ പിന്നോട്ട് വലിക്കുകയെയുള്ളൂ. അത്
രാഷ്ട്രീയ പരാജയമല്ല, ഏറ്റവും വലിയ സാംസ്ക്കാരിക പരാജയമായിരിക്കും.

Monday 14 October 2019

കേമമാക്കണം കേരളപ്പിറവി


മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പ്രകടനങ്ങള്‍
കേരളത്തില്‍ സാധാരണമാണ്.കുട്ടികളില്‍ ജാതി മത ചിന്തകളും
അന്ധവിശ്വാസങ്ങളും മുളപ്പിച്ചെടുക്കുവാന്‍ ഈ പ്രകടനങ്ങള്‍
സഹായിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ മൂവര്‍ണ്ണക്കൊടിയുമേന്തി കുഞ്ഞുമക്കള്‍
നടത്തുന്ന പ്രകടനങ്ങള്‍ ദേശീയബോധം വളര്‍ത്താന്‍ ഉപകരിക്കും.
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പരേഡുകളിലും മിട്ടായിവിതരണത്തിലും
ഒതുങ്ങിയിട്ടുണ്ട്. കുട്ടികളുടെ മതഘോഷയാത്രകള്‍ക്ക് ഒരു കുറവും
വന്നിട്ടുമില്ല.

കുട്ടികളില്‍ കേരളീയതയും മലയാണ്മയും ഊട്ടി വളര്‍ത്താന്‍ ഉതകുന്ന
നല്ലൊരു സന്ദര്‍ഭമാണ് കേരളപ്പിറവിദിനാഘോഷം.

കാസര്‍കോട്ടെ ടി.ഉബൈദ് മുതല്‍ തിരുവനന്തപുരത്തെ ബോധേശ്വരന്‍
വരെ ഒറ്റക്കവിയായി നിന്ന് ആവശ്യപ്പെട്ട കാര്യമാണ് ഐക്യ കേരളം.
മലയാളം സംസാരിക്കുന്ന മൂന്നുരാജ്യങ്ങളാണ് അന്നുണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ മലബാറും  കൊച്ചി, തിരുവിതാംകൂര്‍ എന്നീ
സ്വതന്ത്രരാജ്യങ്ങളും. ഐക്യകേരളത്തിനു വേണ്ടി എഴുതപ്പെട്ട കവിതകളുടെ ഒരു സമാഹാരം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏക അഭിപ്രായവും
ആയിരുന്നു. മൂന്നു പ്രദേശങ്ങളെയും ഒരു പോലെ പരിഗണിക്കാനും
ആദരണീയരായ നേതാക്കള്‍ മടികാട്ടിയില്ല. പാര്‍ട്ടി സെക്രട്ടറി തിരുവിതാംകൂറില്‍ നിന്നാണെങ്കില്‍ മുഖ്യമന്ത്രി മലബാറില്‍
 നിന്ന് എന്നായിരുന്നല്ലോ കേരളപ്പിറവിക്കു ശേഷമുണ്ടായ ആദ്യത്തെ
 മന്ത്രിസഭയുടെ പിന്നിലെ ചിന്ത. ഐക്യകേരളം എന്ന ആശയം
 നടപ്പിലാക്കുവാന്‍ സമരമാര്‍ഗങ്ങള്‍ പോലും അവലംബിക്കെണ്ടിവന്നു.

മലയാളം സംസാരിക്കുന്ന ജനതയുടെ വലിയ ആഗ്രഹം ആയിരുന്നു
മലയാളനാട് എന്ന കേരളം. ആദ്യകാലത്തൊക്കെ കേരളപ്പിറവി കെങ്കേമമായി ആഘോഷിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ മാറ്റ്
കുറഞ്ഞു.നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ പരേഡും മിട്ടായി വിതരണവും
ഉണ്ടെങ്കില്‍ കേരളപ്പിറവി ദിനത്തില്‍ ഇതൊന്നും ഇല്ലാതായി. ഇംഗ്ലീഷും
അമേരിക്കയുമാണ് മോചനമാര്‍ഗ്ഗം എന്നു ചിന്തിക്കുന്ന മലയാളികളും
 ഉണ്ടായി.

കേരളപ്പിറവിദിനം സമുചിതമായി ആഘോഷിക്കേണ്ടതുണ്ട്. അന്ന് കുട്ടികളുടെ ഘോഷയാത്രകള്‍ ഉണ്ടാകണം. ആ യാത്രകളില്‍ അവര്‍
 കെ.കേളപ്പന്‍,വക്കം ഖാദര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കെ.പി.കേശവമേനോന്‍,
 പി.കൃഷ്ണപിള്ള,ഏ, കെ.ജി, കേളുനായര്‍, കെ.മാധവന്‍  തുടങ്ങി
ഭാരതസ്വാതന്ത്ര്യസമരപ്പോരാളികളുടെ വേഷങ്ങള്‍ അവതരിപ്പിക്കണം.
മതപരമായ ആരാധനകള്‍ ഒന്നുമില്ലാത്ത ഐതിഹ്യ കഥാപാത്രമായ
 മഹാബലിയുടെ വേഷവും അവതരിപ്പിക്കാം. അയ്യാ വൈകുണ്ഠരും
നാരായണഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ബ്രഹ്മാനന്ദ
ശിവയോഗിയും വാഗ്ഭടാനന്ദനും പി.കെ.റോസിയും നങ്ങേലിയും ഒക്കെ
കുട്ടികളിലൂടെ പുനര്‍ജ്ജനിക്കുന്നത് നന്നായിരിക്കും. ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും രാമപുരത്തുവാര്യരും മോയീന്‍കുട്ടി വൈദ്യരും
അടക്കമുള്ള കവികളും വേങ്ങയില്‍ കുഞ്ഞിരാമന്‍ നയനാരും
 ഓ ചന്തുമേനോനും സി, വി രാമന്‍പിള്ളയും, എസ്.കെ പൊറ്റെക്കാട്ടും
 അടക്കമുള്ള കഥാകാരന്മാരെയും അവതരിപ്പിക്കണം.

വാഗണ്‍ ട്രാജഡി, പുന്നപ്രവയലാര്‍ കയ്യൂര്‍ സമരങ്ങള്‍, മേല്‍മുണ്ട് സമരം,
പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശനം, കര്‍ഷകത്തൊഴിലാളി സമരം, പെരിനാട്ട്
സമരം, പയ്യന്നൂരെ ഉപ്പു കുറുക്കല്‍ തുടങ്ങിയ കേരളീയമായ ചെറുത്തുനില്‍പ്പുകളുടെ  ദൃശ്യങ്ങള്‍ അവതരിപ്പിച്ചു പുതിയ തലമുറയ്ക്ക്
ചരിത്രാവബോധം ഉണ്ടാക്കുകയും വേണം.

ഐക്യകേരളം ഒരു ജനതയുടെ സ്വപ്നം ആയിരുന്നു. അതിലേക്കു
നമ്മള്‍ നടന്നടുത്ത വഴികള്‍ മറവിയുടെ പാറമടയിലേക്ക് എറിഞ്ഞു കളയരുത്.

സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന ഗ്രന്ഥശാലകള്‍ക്ക് ഈ
ഓര്‍മ്മപ്പെരുന്നാള്‍ ഗംഭീരമാക്കാനുള്ള എല്ലാ സംവിധാനവും ഉണ്ട്.
അവരത് വിനിയോഗിക്കണം.

മലയാളപത്രങ്ങളും കേരളപ്പിറവിദിനം പ്രാധാന്യത്തോടെതന്നെ വായനക്കാരുടെ മനസ്സില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്‌.




ഹിന്ദി പഠിപ്പിക്കും സാറെന്നുകേൾക്കുമ്പോൾ....




ഹിന്ദി വിരോധം ആർക്കാണ്? അത് നിരാലയും മുക്തിബോധും കേദാർ നാഥ് സിങ്ങും
അരുൺ കമലും മുൻഷി പ്രേംചന്ദും മുൽക്കുരാജ് ആനന്ദും ഭീഷ്മ സാഹ്നിയും
ഒക്കെ എഴുതിയ ഭാഷയാണ്. നല്ല കഥകളും കവിതകളും സിനിമാപ്പാട്ടുകളും ഉള്ള
ഭാഷ. ആ ഭാഷയോട് ആർക്കും ഒരു വിരോധവും ഇല്ല. ഇംഗ്ലീഷിനോട് ഒരു വിരോധവും
ഇല്ലാത്തതു പോലെ.
ദേശീയസ്വാതന്ത്ര്യ സമരകാലത്ത് സഖാവ് കൃഷ്ണപിള്ള പോലും ഹിന്ദി പഠിപ്പിക്കാൻ
താൽപ്പര്യം കാണിച്ചു. ചങ്ങമ്പുഴ ഒരു സ്വകാര്യകവിതയിൽ ഹിന്ദി പഠിപ്പിക്കുന്ന 
മാഷിനോടുള്ള വിദ്യാർത്ഥിനിയുടെ താൽപ്പര്യം പോലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോൾ ഇന്ദുമതിയുടെ പാരവശ്യം എന്നാണു
ചങ്ങമ്പുഴ എഴുതിയത്. ഡൽഹി വഴി സഞ്ചരിച്ചിട്ടുള്ള എല്ലാ മലയാളികളും പിന്നീട്
എന്തു പറഞ്ഞാലും അച്ഛാ എന്ന് മന്ത്രം പോലെ ഉരുവിടാറുമുണ്ട്. ദീർഘകാലം 
ഇന്ദ്രപ്രസ്ഥത്തിൽ കഴിഞ്ഞിട്ടും അച്ഛാ എന്ന് അറിയാതെ പോലും പറയാത്ത
ഒ. വി.വിജയനെ പോലുള്ള എഴുത്തുകാരും ഉണ്ട്.
പ്രശ്നം ഭാഷാവിരോധമേയല്ല. പിന്നെയോ ഒരു ഭാഷ പൊതുസമൂഹത്തെ 
അടിച്ചേൽപ്പിക്കാനുള്ള കുടിലതന്ത്രത്തോടുള്ള വിയോജിപ്പ് മാത്രം. അധികാരിക്ക് 
പ്രജകളുടെ ഭാഷ അറിയില്ലെങ്കിൽ അധികാരിക്ക് അറിയാവുന്ന ഭാഷ പ്രജകൾ
പഠിക്കണമെന്നുള്ള ധാർഷ്ട്യത്തോടുള്ള എതിർപ്പു മാത്രം. അത് കേവലം ഒരു 
ഭാഷാപ്രശ്നമല്ല. സ്വാഭിമാനത്തിന്റെ അഗ്നിവിഷയമാണ്.
ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നത് അപഹാസ്യമായ ഒരു 
വാദമാണ്. ഭാഷാപരമായ വൈവിധ്യം ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയാണ്.
ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളെ കൂടാതെ ലിപിയുള്ളതും ഇല്ലാത്തതുമായ 
നൂറുകണക്കിനു ഭാഷകളുള്ള ഉപഭൂഖണ്ഡമാണ് ഇന്ത്യ. മലയാളനാട്ടിലെ 
ഗോത്രഭാഷകളില്, മലയാളം ലിപി ഉപയോഗിച്ചു കവിതയെഴുതുന്നവര് ഇപ്പോള് 
ധാരാളമായി ഉണ്ട്. അവരടക്കം ഇന്ത്യയിലെ ഗോത്രഭാഷകള്കൈകാര്യം ചെയ്യുന്നവരുടെ 
അഭിമാനത്തെ കേന്ദ്രസര്ക്കാര് മാനിക്കേണ്ടതായിട്ടുണ്ട്.
ഭൂരിപക്ഷത്തിന്റെ സംസാരഭാഷ എന്ന പുകമറ സൃഷ്ടിച്ചു ഭരണാധികാരികള് 
താലോലിക്കുന്ന ഒരു ഭാഷയായ ഹിന്ദി അടിച്ചേല്പ്പിക്കുന്നത് 
മിതമായ ഭാഷയില് ജനാധിപത്യ വിരുദ്ധമാണ്. തമിഴ് നാട്ടിലെ മുന് മുഖ്യമന്ത്രി സി.എന്.
അണ്ണാദുരെ ഇതിനു നല്കിയ മറുപടി ഇന്നും പസക്തമാണ്. ഇന്ത്യയുടെ 
ദേശീയ മൃഗം കടുവ ആണല്ലോ.( കടുവയുടെ തമിഴ് പുലിയെന്നാണ്. വിടുതലൈ 
പുലികളുടെ പരിഭാഷ ലിബറേഷന് ടൈഗേഴ്സ് എന്നാണല്ലോ.) കടുവ, മൃഗങ്ങളുടെ 
കൂട്ടത്തില് ന്യൂനപക്ഷമാണ്. ഭൂരിപക്ഷം വരുന്ന ജീവി എലിയാണ്. കടുവയ്ക്കു 
പകരം എലിയെ ദേശീയ മൃഗമാക്കുമോ എന്നാണു അദ്ദേഹം ചോദിച്ചത്.
തമിഴനാട്ടില് ഹിന്ദിവിരുദ്ധപ്രക്ഷോഭം ആളിക്കത്തി. സ്കൂളുകളില് നിന്നും
ഹിന്ദിയെ തുരത്തി. ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റെഷനുകളും ആകാശവാണി 
എന്നുപയോഗിക്കുംപോള് തമിഴ് ജനത വാനൊലിനിലയം എന്നുപയോഗിച്ചു.
കേരളീയരുടെ സ്ഥിതി അതല്ല. ഇവിടെ ഹിന്ദി പഠിപ്പിക്കുന്നുണ്ട്.
സ്ക്കൂളില് പോയവര്ക്കെല്ലാം ഹിന്ദി വായിക്കാനറിയാം. സ്ക്കൂളില് 
പോകാത്തവര് കേരളത്തില് ഇല്ലാതാനും.എന്നാല് ഹിന്ദിയില്എഴുത്തുകുത്തുകള് 
നടത്താനുള്ള കഴിവ് നമുക്കില്ല. അതിന്റെ ആവശ്യവും ഇല്ല.
ഒരു ദേശം ഒരു ഭാഷ എന്ന് പറയുന്നവര് സോവിയറ്റ് യൂനിയന്റെ തകര്ച്ച 
പാഠമാക്കേണ്ടാതാണ്. വിവിധ ചെറുരാജ്യങ്ങളുടെ ഏകീകൃത രൂപമായിരുന്നു 
സോവിയറ്റ് യൂണിയന്. ഒറ്റപ്പത്രം. പ്രവ്ദ. ഒറ്റഭാഷ റഷ്യന്. ഓരോ ചെറുരാജ്യവും
അവരുടെ ഭാഷയും സംസ്ക്കാരവും സംരക്ഷിച്ചുകൊണ്ട് പുറത്തുപോയി.
ഭാഷാപരമായ കടുംപിടുത്തം തുടങ്ങിയാല്പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റുമൊക്കെ 
ഇന്ത്യലും ചര്ച്ച ചെയ്യപ്പെട്ടേക്കാം.
ഇപ്പോള്തന്നെ നാഗാകലാപകാരികള് പറയുന്നത് അവര്ക്ക് പ്രത്യേക
ഭരണഘടനയും പതാകയും വേണമെന്നാണ്.
തമിഴ്നാടിനും കര്ണ്ണാടകത്തിനും പ്രത്യേക സംസ്ഥാനഗീതങ്ങള്ഉണ്ട്.
കര്ണ്ണാടകത്തിനു ചുവപ്പും മഞ്ഞയും നിറമുള്ള പതാകയും ഉണ്ട്. കൂടുതല് 
കുഴപ്പങ്ങള്ക്ക് വഴി വയ്ക്കാനേ ഭാഷാധിപത്യഭ്രാന്ത്‌ ഉപകരിക്കൂ.
നമ്മുടെ ദേശീയഗാനം മിക്ക പ്രവിശ്യകളെയും സ്പര്ശിക്കുന്നതാണ്.
അത് ഹിന്ദിഗാനവുമല്ല. കര്ണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രി തന്നെ 
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഹിന്ദിവാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.
സൂക്ഷ്മതയും ശ്രദ്ധയുമുള്ള, സജീവമായി പ്രവര്ത്തിക്കുന്ന പരിഭാഷാവകുപ്പുകള്
ഉണ്ടെങ്കില് പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതല്ലേയുള്ളൂ. അതിനു പകരം 
എനിക്കറിയാവുന്ന ഭാഷ നിങ്ങളെല്ലാം പഠിക്കണം എന്നു നിര്ബ്ബന്ധിക്കുന്നത്
ശരിയല്ല.
നോക്കൂ, കേരളത്തിന്റെ നവോത്ഥാനനായകരാരും തന്നെ ഹിന്ദിയോ 
ഇംഗ്ലീഷോ അറിയാവുന്നവര് ആയിരുന്നില്ല.അതുകൊണ്ട് കേരളത്തിന്‌ 
ഒരു കുഴപ്പവും സംഭവിച്ചില്ല. ഭാഷാടിസ്ഥാനത്തില്രൂപപ്പെടുത്തിയിട്ടുള്ള 
സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മിതമായ ആവശ്യം അവരുടെ ഭാഷയും 
സംസ്ക്കാരവും സംരക്ഷിക്കണം എന്നുള്ളതാണ്.
ശക്തമായ ഹിന്ദിപ്രക്ഷോഭങ്ങളെ തുടര്ന്നു പഴയ കോണ്ഗ്രസ് സര്ക്കാര് 
വടക്കോട്ട്‌ എടുത്തെറിഞ്ഞ പഴങ്കഞ്ഞിയാണ് ഇപ്പോള് വിളമ്പാന് 
ശ്രമിക്കുന്ന ഹിന്ദിവിഭവം.

Saturday 28 September 2019

ആരാണ് നിങ്ങള്‍?



ബദ്ധശത്രുക്കളോ നാട്യക്കാരോ 
ഭര്‍ത്താവും ഭാര്യയുമെന്ന പോലെ 
സ്വപ്നങ്ങളോ കട്ട യാഥാര്‍ത്ഥ്യമോ
സത്യസങ്കല്‍പ്പങ്ങളെന്ന പോലെ 
ശത്രുക്കളോ ദൃഢമിത്രങ്ങളോ 
അഗ്നിയും വെള്ളവുമെന്നപോലെ
ബുദ്ധിമാന്മാരാണോ വിഡ്ഢികളോ 
വെട്ടനിഴലുകളെന്ന പോലെ 
ആര്‍ട്ടറിയാണോ അയോര്‍ട്ടയാണോ
കാമുകീകാമുകരെന്ന പോലെ 
ആരാണു നിങ്ങള്‍?

Thursday 19 September 2019

കണ്ണൂര്‍


കണ്ണൂരെനിക്കേറെ ഇഷ്ടം

വിണ്ണില്‍ നിന്നും വീണ
നക്ഷത്രമുത്തു പോല്‍
മണ്ണില്‍ വേരോടിച്ച
കുങ്കുമച്ചാമ്പ പോല്‍
കണ്ണൂരെനിക്കേറെ ഇഷ്ടം

പൈതല്‍മല പോല്‍ കുമിഞ്ഞ സ്നേഹം
പയ്യന്നൂര്‍പ്പുഴ പോലെ വശ്യം
പയ്യാമ്പലത്തെ സ്മൃതിക്കടല്‍ ഗര്‍ജ്ജനം
കൃഷ്ണപ്പാട്ടായി പടര്‍ന്ന താരാട്ട്
ഏ വി നടന്ന വരമ്പ്
ഏ കെ ജിപ്പൂമരം
വീരപഴശ്ശി പറന്ന പോര്‍വീഥികള്‍
രക്തസാക്ഷിച്ചൂരുറഞ്ഞ തെയ്യങ്ങള്‍
ഏഴിമലക്കാറ്റ്, വേങ്ങക്കഥ
കല്ലൂക്കഫേ, വാഗ്ഭടാനന്ദമാടിയ
ചിന്തയും വാക്കും ജ്വലിച്ച മുറ്റങ്ങള്‍
കണ്ണൂരെനിക്കേറെ ഇഷ്ടം

ബ്രണ്ണന്‍, നിലാവിലെ മാടായിപ്പാറ
കണ്ണായ വെള്ളൂരെ ജവഹര്‍
കോത്തായിക്കഥകള്‍ തളിപ്പറമ്പില്‍ കേട്ട 
പാട്ടുകള്‍, ചക്കരക്കല്ല്
പുഷ്പനില്‍ പൂക്കുന്ന ചെമ്പരത്തി
കാവുമ്പായിയിലെ വെടിക്കുന്ന്
കേളപ്പനുപ്പു കുറുക്കിയ സാഗര-
തീരം, കെ.കെ.ആര്‍ ശില്‍പ്പം
ഗാന്ധിമാവ്,ബീഡി വിളയുന്ന വായന
അറയ്ക്കല്‍ ചിറക്കല്‍ പെരുമ
കണ്ണൂരെനിക്കേറെ ഇഷ്ടം

നഷ്ടജന്മങ്ങള്‍ വിലാപങ്ങളായ് വന്നു
ചുറ്റി നില്‍ക്കുമ്പൊഴും
കണ്ണൂരെനിക്കേറെ ഇഷ്ടം.

അമ്മമലയാളം – സമരം തുടരണം


കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ എല്ലാ ചോദ്യങ്ങളും മലയാളത്തില്‍ കൂടി നല്‍കണമെന്ന ആവശ്യവുമായി തലസ്ഥാനത്തു നടന്ന ഉപവാസസമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഉറപ്പുകള്‍ മാനിച്ചാണ് സമരം അവസാനിപ്പിച്ചത്. രണ്ടു വിദ്യാര്‍ഥികളും രണ്ടു വിദ്യാര്‍ഥിനികളും ഒരു അധ്യാപകനുമാണ് നിശ്ചയതീവ്രതയോടെ നിരാഹാരം കിടന്നത്.
കേരളം കണ്ട ഏറ്റവും ലജ്ജാകരമായ സമരമായിരുന്നു അത്. മലയാളം മാതൃഭാഷയായുള്ള മന്ത്രിസഭയും സര്‍ക്കാര്‍ തൊഴില്‍ദായക കേന്ദ്രമേധാവികളും ഉള്ളപ്പോള്‍ അവരുടെ മുന്നില്‍ മലയാളത്തിനു വേണ്ടി മലയാളികള്‍ക്ക് സമരം ചെയ്യേണ്ടി വന്നു. ഭരണഭാഷയും ശ്രേഷ്ഠഭാഷയും ഒക്കെയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളം ഇപ്പോഴും പടിക്കുപുറത്ത് അരുതരുതുമക്കളേയെന്നു കേണപേക്ഷിക്കുകയാണ്. കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷാവിധി അനുഭവിച്ചു നില്‍ക്കുകയാണ്. മലയാള ഐക്യ പ്രസ്ഥാനത്തിന്റെ സമരം ഇനി സമൂഹത്തിലേക്കും അതിന്റെ പ്രാഥമിക ഘടകമായ വീടുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
വാസ്തവത്തില്‍ പിഎസ്‌സിയുടെ ഒരു മനോഭാവപ്രശ്‌നം മാത്രമാണോ ഇത്? അല്ല. കൂറ്റന്‍നൗകകളെ പോലും തകര്‍ക്കാന്‍ കഴിവുള്ള മഞ്ഞുമലകളുടെ അഗ്രം മാത്രമാണ് പിഎസ്‌സി. തടസ്സമല വിപുലമായി കടലാഴങ്ങളില്‍ ഉണ്ട്.
നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന്റെയും മക്കള്‍ പഠിക്കുന്നത് മലയാളം പറഞ്ഞാല്‍ പിഴയൊടുക്കേണ്ടിവരുന്ന ബ്രോയിലര്‍ സ്‌കൂളുകളില്‍ ആണ്. 
കൊല്ലം ജില്ലയിലെ പൂവത്തൂരില്‍ കുറേക്കാലം മുന്‍പ് വിചിത്രമായ ഒരു വിദ്യാര്‍ഥിസമരം നടന്നു. അവിടെയുള്ള സ്‌കൂളിലെ അധ്യാപകരുടെ മക്കളെ അവിടെത്തന്നെ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. 
അധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പ്രവാസികള്‍, രാഷ്ട്രീയക്കാര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ അങ്ങനെ സമൂഹത്തിലെ മാന്യകുടുംബങ്ങളിലെ കുഞ്ഞുങ്ങളെല്ലാം നിര്‍ബ്ബന്ധിതമായി മലയാളവിരുദ്ധ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അവരുടെ കീശകളില്‍ പിഴയൊടുക്കാനുള്ള പണം ഉറപ്പ്. അവര്‍ വളര്‍ന്നു വരുമ്പോള്‍ നേരെചൊവ്വെയുള്ള ഇംഗ്ലീഷോ മാതൃഭാഷയായ അമ്മമലയാളമോ അറിയാത്തവര്‍ ആയി രൂപപ്പെട്ടു കഴിഞ്ഞിരിക്കും. അവര്‍ക്ക് ഇംഗ്ലീഷിലുള്ള ചോദ്യവും ഉത്തരമെഴുതാനുള്ള അവസരവും അവരുടെ രക്ഷകര്‍ത്താക്കള്‍ ഉണ്ടാക്കിക്കൊടുക്കും. അവര്‍ക്ക് മലയാളം പഠിച്ച കുട്ടികളോട് മത്സരിക്കാന്‍ കഴിയില്ല. അവിടെയാണ് പ്രശ്‌നത്തിന്റെ പ്രഭവസ്ഥാനം.
ഇടപെടാനുള്ള ഇംഗ്ലീഷിനാണ് ഇവിടെ പ്രാധാന്യം. സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ വ്യാകരണം വില്‍പവര്‍ ആണ്. വില്ലും ഷാലുമല്ല. ഉദ്യോഗസ്ഥര്‍ ആയിക്കഴിഞ്ഞാല്‍ ഇടപെടേണ്ടത് പാവം മലയാളികളോടാണ്. മദാമ്മമാരോടും സായിപ്പുമാരോടും അല്ലല്ലോ.  
ദളിതര്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം കൂടിയാണ് കേരളം. പേരാമ്പ്രയിലും പത്തനാപുരത്തുമൊക്കെ അത്തരം സ്‌കൂളുകള്‍ ഉണ്ട്. പറപ്പള്ളിയും പുലപ്പള്ളിയും മാത്രമല്ല അങ്ങനെ വിശേഷിപ്പിക്കാവുന്ന പള്ളിക്കൂടങ്ങളും ഉണ്ട്. ലക്ഷം വീടുകളില്‍ നിന്നും പോകുന്ന കുഞ്ഞുങ്ങള്‍ പൊതു വിദ്യാലയത്തിലെ ഭക്ഷണവും പുസ്തകവും പ്രതീക്ഷിക്കുന്നവരാണ്. അവരെ മനുസ്മൃതിയുടെ കാലത്തേക്ക് മാറ്റി നിര്‍ത്താനുള്ള ഗൂഢതന്ത്രമാണ് ഈ മലയാള വിദ്വേഷത്തിനു പിന്നില്‍ ഉള്ളത്. 
സാങ്കേതിക പദങ്ങള്‍ ഇല്ലെന്നുള്ളതും മറ്റും മുട്ടാത്തര്‍ക്കങ്ങളാണ്. സിറിഞ്ചു മുതല്‍ കമ്പ്യൂട്ടര്‍ വരെ നമ്മള്‍ മലയാളം ലിപിയില്‍ എഴുതി ഉപയോഗിക്കുന്നുണ്ടല്ലോ. ഇംഗ്ലീഷുകാര്‍ കയറും കൊപ്രയും ഉപയോഗിക്കുന്നത് പോലെ.
സി കെ ജാനുവും ഗോത്രമഹാസഭക്കാരും പണ്ട് തലസ്ഥാനത്തു നടത്തിയ സമരം മനോഹരമായി ഒത്തുതീര്‍പ്പാക്കിയതിനു ശേഷം വീണ്ടും നടത്തേണ്ടി വന്നതുപോലെയുള്ള ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ. അതിനാല്‍ ഇനി സമരം മലയാളിയുടെ ദുരഭിമാനത്തിന്റെ നേര്‍ക്കും ഭാഷാപരമായ അപകര്‍ഷതയുടെ നേര്‍ക്കും കൂടി നടത്തേണ്ടതുണ്ട്.

Sunday 15 September 2019

ആദ്യരതി






ആ നിഴല്‍പ്പാടില്‍
ഇരുണ്ട മണ്ണില്‍, ചൂടു
കാറ്റേല്ക്കവേ,ദ്രുത-
ത്താളത്തില്‍ ഹൃല്‍-
സ്പന്ദനങ്ങള്‍ കൈകോര്‍ക്കവേ
ഓരോ സിരയു-
മെരിതിരിയായ് വേര്‍പ്പു-
തോരണം കെട്ടീ-
യുടുക്കു കൊട്ടീ മനം.
നാഗമായ്,
നഗ്നഫണമുള്ള നാഗമായ്
നൂറു ശിഖയുള്ളോരാഗ്നേയ രൂപമാ-
യൊന്നായൊരുജ്ജ്വല
സ്ഫോടനത്തില്‍ ശക്തി-
യൊന്നായ് മരിച്ചു
മരവിച്ചു വീണു നാം!

ആദ്യരതി,-
വിഭ്രാന്ത തീക്ഷ്ണ മുഹൂത്തത്തി-
ലാര്‍ത്തരയമാര്‍ന്ന ലയ-
മിപ്പോഴോരര്‍മ്മിക്കവേ
ചുണ്ടിലല്‍ നിന്നെന്തേ
തുടച്ചു മാറ്റുന്നു നാം
പുഞ്ചിരി,
നെഞ്ചില്‍പ്പടര്‍ന്നൊരാ
പ്പൂത്തിരി.
-------------------------------------------
1983 മെയ് 22 മലയാളനാട്

Monday 9 September 2019

ഒറ്റവാക്ക്


ഒറ്റവാക്കാല്‍ നരകമാക്കുന്നു നാം
പുഷ്പഗന്ധം പുണര്‍ന്ന വള്ളിക്കുടില്‍
ഒറ്റവാക്കാല്‍ മലിനമാക്കുന്നു നാം
വൃത്തിയായി കരുതിയ വീടകം.

ഒറ്റവാക്കാല്‍ ശിഥിലമാക്കുന്നു നാം
മജ്ജ കൊണ്ടു വരിഞ്ഞ സ്വജീവിതം
ഒറ്റവാക്കാല്‍ വിഷം പുരട്ടുന്നു നാം
ഇത്തിരിപ്പോന്ന ജീവിതറൊട്ടിയില്‍

സ്വപ്നമെന്നു പേരിട്ടുള്ള നൗകയില്‍
ഒറ്റവാക്കാല്‍ മരിച്ചു വീഴുന്നു നാം
ഒറ്റവാക്കേ മനസ്സിന്നരീനയില്‍
മുത്തമിട്ട വൈരൂപ്യമേ തോറ്റു ഞാന്‍.

Thursday 5 September 2019

മനുഷ്യപക്ഷത്തു നിന്ന ദൈവാലയങ്ങള്‍



മനുഷ്യപക്ഷത്തു നിന്ന ദൈവാലയങ്ങള്‍


kureeppuzha














എല്ലാ ആരാധനാലയങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണ്. പ്രകൃതി ദുരന്തങ്ങള്‍ ആരാധനാലയങ്ങളെ വെറുതെ വിട്ടില്ല. പ്രളയത്തിനു വിവേചനമില്ല. 
കഴിഞ്ഞ പ്രളയകാലത്ത് ആലുവാ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങിപ്പോയി. പമ്പയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. ശബരിമലയ്ക്ക് മുകളിലുള്ള കുന്നാര്‍ ഡാം നികന്നുപോയി. സന്നിധാനത്തിലേക്ക് ജലം എടുത്തിരുന്നത് ഈ ഡാമില്‍ നിന്നായിരുന്നു. 
വെള്ളമിറങ്ങിയപ്പോള്‍ മനുഷ്യര്‍ ചെളി വാരിമാറ്റി കാര്യങ്ങള്‍ പഴയതുപോലെയാക്കുകയും ഭിന്നിച്ചു നിന്ന് ആര്‍ത്തവലഹള നടത്തി അപഹാസ്യരാവുകയും ചെയ്തു. 
മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പിനെതിരെ പാവങ്ങളെ തെരുവിലിറക്കിയവര്‍ കെട്ടിപ്പൊക്കിയ പള്ളിക്കും പ്രളയം പണികൊടുത്തു. നാട്ടിലെ ഉത്സവങ്ങളെയും യാഗങ്ങളെയും വെടിക്കെട്ടുകളെയും ഇവയോടനുബന്ധിച്ചുള്ള വമ്പന്‍ പണപ്പിരിവുകളെയും പ്രളയം ബാധിച്ചില്ല.
അന്യമതസ്ഥരെ അകറ്റിനിര്‍ത്തുന്ന ദൈവപ്പുരകളില്‍ ചിലതെങ്കിലും മനുഷ്യപക്ഷത്തു നിന്ന കാഴ്ചയും കാണാതിരുന്നുകൂടാ. മലബാറിലെ ഒരു പള്ളിയോടു ചേര്‍ന്നുള്ള മദ്രസ പൊതുവിദ്യാലയമായി. സ്‌കൂള്‍ കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ വരുകയും കുട്ടികള്‍ വഴിയാധാരമാവുകയും ചെയ്തപ്പോള്‍ മദ്രസയില്‍ ലോവര്‍ പ്രൈമറി സ്‌കൂളിനു ഇടം കൊടുത്തു. വെറുതെ സ്ഥലം കൊടുക്കുക മാത്രമല്ല ചെയ്തത്. ചുമരുകളില്‍ ജീവികളുടെയും പൂവിട്ട ചെടികളുടെയും ചിത്രം വരച്ച് ആകര്‍ഷകമാക്കിയാണ് കുഞ്ഞുമക്കളെ മതഭേദം കൂടാതെ അവിടെയിരുത്തി പഠിപ്പിച്ചത്. മതാലയം മനുഷ്യാലയമായി. 
കുട്ടനാട്ടെ ക്ഷേത്രങ്ങളുടെ ഊട്ടുപുരകള്‍ തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാകുന്നതിനു മുന്‍പ് എല്ലാ വര്‍ഷവും ഉണ്ടാകുമായിരുന്ന പ്രളയത്തെ കൂടി കണക്കിലെടുത്ത് ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇങ്ങനെയൊരു വെള്ളപ്പൊക്കക്കാലത്തെ രസകരമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ് നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെ ഒഴുക്കത്തുവന്ന വീട് എന്ന നോവല്‍. അമ്പലത്തിന്റെ ഊട്ടുപുരയില്‍ അഭയം പ്രാപിച്ച ആള്‍ക്കൂട്ടത്തിലെ ചീട്ടുകളി വിദഗ്ധരിലൂടെയാണ് ആ നോവല്‍ വികസിക്കുന്നത്. വീണന്‍ വേലു, ഗുലാംപെരിശു വാസു, മരംകേറി കേശവന്‍ എന്നിവര്‍ ചീട്ടുകളി മടുത്തപ്പോള്‍ അകലെ മലവെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഒരു വീടിനെ പിന്തുടരുന്നതാണ് കഥ. വെളളം ഇറങ്ങുമ്പോഴാണ് കഥ അവസാനിക്കുന്നത്.
ഇക്കൊല്ലത്തെ പ്രളയം വടകരയിലെ ഒരു കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന്റെ കണ്ണുതുറപ്പിച്ചു. ആയഞ്ചേരിയിലെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തു. കുട്ടിച്ചാത്തനെ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം കേരളീയര്‍ക്ക് ഉണ്ടായല്ലോ. ചികിത്സാസഹായം, വിദ്യാഭ്യാസസഹായം തുടങ്ങി നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ആ ക്ഷേത്രക്കമ്മിറ്റി ചെയ്യുന്നുണ്ട്. വീടിനു കല്ലെറിയുക, ആഹാരത്തില്‍ മാലിന്യമിടുക തുടങ്ങിയ പഴയ പരിപാടികള്‍ കുട്ടിച്ചാത്തന്‍ അവസാനിപ്പിക്കുകയും ജനങ്ങളെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇക്കാലത്ത് ആയിരുന്നുവെങ്കില്‍ നാരായണഗുരുവിന് ചാത്തനെ അഭിസംബോധന ചെയ്തു കത്തെഴുതുകയോ ഡോ. എ ടി കോവൂരിന് ചാത്തനെ പിടിക്കാന്‍ പോവുകയോ വേണ്ടിവരില്ലായിരുന്നു. ആ ക്ഷേത്ര ഭാരവാഹികളുടെ മനുഷ്യപക്ഷ നിലപാടിനെ അഭിനന്ദിക്കുന്നു.
ആവുന്നത്ര ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും സുമനസുകളുടെ സഹായത്തോടെ ശേഖരിച്ച് ഞാനും കൂട്ടുകാരും പോയ ഇടിഞ്ഞില്ലം ദുരിതാശ്വാസ ക്യാമ്പ്, ദേവമാതാ പള്ളിയോട് അനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തില്‍ ആയിരുന്നു. അറുപതിലധികം ദളിത് കുടുംബങ്ങള്‍ക്ക് തലചായ്ക്കാനാണ് പള്ളിയുടെ സൗകര്യങ്ങള്‍ തുറന്നു കൊടുത്തത്. 
ഏറ്റവും ശ്രദ്ധേയമായ സംഭവം, മലപ്പുറത്തെ പോത്തുകല്ല് അങ്ങാടിയിലെ മുസ്‌ലിം പള്ളിയില്‍ നടന്നതാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള സൗകര്യം അവര്‍ ചെയ്തുകൊടുത്തു. കവളപ്പാറ ദുരന്തത്തില്‍പെട്ട അലക്‌സ് മാനുവല്‍, രാഗിണി, പ്രിയദര്‍ശന്‍, ചക്കി, അനഘ തുടങ്ങി മുപ്പതോളം നിരപരാധികളുടെ മൃതശരീരങ്ങളാണ് പള്ളിയില്‍ വച്ച് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചത്.
മതസ്‌നേഹം പോഷിപ്പിച്ചു മനുഷ്യകുലവിരോധത്തിന്റെ പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളാകാതെ മനുഷ്യപക്ഷത്ത് നിന്ന എല്ലാ മതസ്ഥാപനങ്ങളുടെയും നടത്തിപ്പുകാരെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.