Thursday 26 December 2019

എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍..


ഒരു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട ഭരണകൂടം ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുന്ന അസാധാരണവും അനഭിലഷണീയവുമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ.അതിനു ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതോ അമിത മതബോധവും. 

സ്വന്തം ദൈവത്തില്‍ വിശ്വസിക്കാത്തവരെ ശത്രുക്കളായി കാണുകയെന്നത് മതബോധത്തിന്റെ അടിസ്ഥാന അപകടങ്ങളില്‍ ഒന്നാണ്. എന്നെ വെറുത്താലും ജര്‍മ്മനിയെ വെറുക്കരുത് എന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ വചനത്തെ ഓര്‍മ്മിപ്പിക്കുന്നത് പോലെയുള്ള ഭരണാധികാരിയുടെ പ്രസംഗം കൂടിയായപ്പോള്‍ എരിതീയില്‍ പെട്രോള്‍ ഒഴിച്ചതിനു തുല്യമായി.

ഇന്ത്യയില്‍ പൗരത്വം സംബന്ധിച്ച അവിശ്വാസത്തിന്റെയും ഭയത്തിന്റെയും തീ കത്തുകയാണ്. അത് മതാതീത സംസ്ക്കാരത്തിന്‍റെ കൊടിചൂടിയ കേരളത്തിലേക്കും വ്യാപിച്ചു കഴിഞ്ഞു. സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥാകാരന്‍ എന്‍.എസ്.മാധവനും ജനകീയ സിനിമയുടെ വക്താവായ കമലും അടക്കം കേരളത്തിന്റെ സാംസ്കാരികരംഗവും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

എല്ലാവരെയും സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയുടെ ചരിത്രം.ആ വിശാലഹൃദയത്വം സിന്ധു നദീതീരത്തെ ദ്രാവിഡജനതതന്നെയാണ് ആദ്യം പ്രകടിപ്പിച്ചത്.  ചരിത്രം അങ്ങനെയാണെങ്കില്‍ പുരാണങ്ങളും അഭയാര്‍ഥിയെ പുറന്തള്ളിയിട്ടില്ല. 

രാജ്യം നഷ്ടപ്പെട്ടു  കാട്ടില്‍ പാര്‍ക്കേണ്ടി വരുന്ന യുധിഷ്ഠിരന്‍ തന്നെപോലെ ദുഃഖം അനുഭവിച്ചവരായി മറ്റാരെങ്കിലും ഉണ്ടോ എന്നു വിലപിക്കുമ്പോള്‍ ബൃഹദശ്വന്‍ എന്ന മഹര്‍ഷിയാണ് നളന്റെ ദുഃഖം വിവരിക്കുന്നത്. ഇത്  പൊലിപ്പിച്ച് എഴുതിയ ഉണ്ണായിവാര്യര്‍ അതിമനോഹര പദങ്ങളിലൂടെ നളവിഷാദം ജനഹൃദയങ്ങളില്‍ എത്തിച്ചു.

രാജ്യവും പ്രേയസിയും നഷ്ടപ്പെട്ട നളന്‍ ബാഹുകനായി അയോധ്യയിലെ രാജാവായ ഋതുപര്‍ണനോട് അഭയം തേടുന്നു. തേരോടിക്കുന്നതിലും പാചകകലയിലും മിടുക്കനായ ബാഹുകനെ രാജാവ് ഇക്കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ച് സംരക്ഷിക്കുന്നു. വസ വസ സൂതാ മമ നിലയെ സുഖം ബാഹുക സാധുമതേ എന്നാണു ഋതുപര്‍ണന്‍ പറയുന്നത്. എന്നെ രക്ഷിക്കയെന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്നോര്‍ എന്നുടെ കുലത്തില്‍ ഇല്ലെന്നും രാജാവ് പറയുന്നു.

ഭാര്യയെ കാട്ടിലെറിഞ്ഞ രാമന്‍ മാത്രമല്ല, ഭാര്യയും നാടും നഷ്ടപ്പെട്ട മനുഷ്യനെ സംരക്ഷിച്ച രാജാവും അയോദ്ധ്യയിലെ കവികല്‍പ്പിതമായ അധികാര പദവിയില്‍ ഉണ്ടായിരുന്നു. 

ചരിത്രവും പുരാണവുമൊക്കെ ഇങ്ങനെയാനെന്നിരിക്കെ ഭാരതത്തില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ചിട്ടുള്ള ഭീകരാന്തരീക്ഷം സാംസ്ക്കാരിക രംഗത്തുള്ളവരെയും പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

1 comment:

  1. ചരിത്രവും പുരാണവുമൊക്കെ ഇങ്ങനെയാനെന്നിരിക്കെ ഭാരതത്തില്‍ ഭരണകൂടം തന്നെ സൃഷ്ടിച്ചിട്ടുള്ള ഭീകരാന്തരീക്ഷം സാംസ്ക്കാരിക രംഗത്തുള്ളവരെയും പോരാടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

    ReplyDelete